Home/Encounter/Article

സെപ് 28, 2019 1975 0 സ്റ്റെല്ല ബെന്നി
Encounter

പകയുടെ വേര് വളര്‍ന്നാല്‍…

കൃപ ചോരുന്ന വഴികള്‍

‘അയല്‍ക്കാരനോടു പക വച്ചുപുലര്‍ത്തുന്നവന് കര്‍ത്താവില്‍ നിന്നു കരുണ പ്രതീക്ഷിക്കാമോ? തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുന്നതെങ്ങനെ? മര്‍ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അവന്‍റെ പാപങ്ങള്‍ക്ക് ആര് പരിഹാരം ചെയ്യും? ജീവിതാന്തം ഓര്‍ത്ത് ശത്രുത അവസാനിപ്പിക്കുക; നാശത്തെയും മരണത്തെയും ഓര്‍ത്ത് കല്‍പനകള്‍ പാലിക്കുക. കല്‍പനകളനുസരിച്ച് അയല്‍ക്കാരനോടു കോപിക്കാതിരിക്കുക; അത്യുന്നതന്‍റെ ഉടമ്പടി അനുസ്മരിച്ച് മറ്റുള്ളവരുടെ കുറ്റങ്ങള്‍ അവഗണിക്കുക” (പ്രഭാഷകന്‍ 28:3-7). പകയുടെ വേരുകള്‍ കൃപ ചോര്‍ത്തുന്ന ദുഷ്ടന്‍റെ വഴികളാണെന്ന് അനേകരുടെ ജീവിതാനുഭവങ്ങള്‍ താഴെ കുറിക്കാം.

സ്വപ്നയുടെ തകര്‍ന്ന സ്വപ്നം

സ്വപ്നയുടെ വലിയ സ്വപ്നമായിരുന്നു മാലാഖപോലുള്ള ഒരു നഴ്സ് ആകുക എന്നത്. 95 ശതമാനം മാര്‍ക്കോടുകൂടിയാണ് അവള്‍ പ്രീഡിഗ്രി പാസായത്. അക്കാലത്ത് മെറിറ്റില്‍ത്തന്നെ മെഡിസിന് പ്രവേശനം കിട്ടുവാനുള്ള മാര്‍ക്ക് അവള്‍ക്കുണ്ടായിട്ടും അവള്‍ നഴ്സാകാനുള്ള തന്‍റെ ആഗ്രഹത്തിന്‍റെ തീവ്രതകൊണ്ട് ബി.എസ്.സി നഴ്സിങ്ങ് തിരഞ്ഞെടുത്തു. സ്വപ്ന കാഴ്ചയ്ക്ക് അതീവ സുന്ദരിയും സുന്ദരമായ പെരുമാറ്റവും സല്‍സ്വഭാവവും ഉള്ളവളും ആയിരുന്നു. അധികാരികളുടെയും ടീച്ചേഴ്സിന്‍റെയും കണ്ണിലുണ്ണി ആയിട്ടാണ് ആദ്യത്തെ മൂന്നു വര്‍ഷങ്ങള്‍ നഴ്സിങ്ങ് കോളേജിലും ആശുപത്രിയിലും അവള്‍ വളര്‍ന്നുവന്നത്.

നാലാമത്തെ വര്‍ഷമായപ്പോഴേക്കും സ്ഥിതിഗതികള്‍ ആകെ മാറി. നാലാം വര്‍ഷം ആരംഭത്തില്‍ത്തന്നെ പുതിയൊരു പ്രിന്‍സിപ്പല്‍ ചാര്‍ജെടുത്തു. ആ പ്രിന്‍സിപ്പലിന് സ്വപ്നയെ തീരെ ഇഷ്ടമായില്ല. കവികള്‍ വര്‍ണിക്കുന്ന രീതിയിലുള്ള മുഖസൗന്ദര്യവും ആരെയും ആകര്‍ഷിക്കുന്ന നല്ല പെരുമാറ്റവും രോഗികളോടുള്ള കാരുണ്യവും പഠനത്തിലുള്ള അതീവ സാമര്‍ത്ഥ്യവുമെല്ലാം ഒത്തിണങ്ങിയ സ്വപ്നയെ കാണുന്നതുതന്നെ അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. കാരണം അവര്‍ക്ക് അവളോട് കടുത്ത അസൂയയായിരുന്നു. അവളെ അംഗീകരിക്കുവാന്‍ ബുദ്ധിമുട്ടും ആയിരുന്നു. സ്വപ്നയുടെ സഹപാഠികളില്‍ ചിലര്‍ക്കും അവളോട് കടുത്ത അസൂയയുണ്ടായിരുന്നു.

അങ്ങനെയിരിക്കെ ആയിടയ്ക്ക് സമര്‍ത്ഥനായ ഒരു ജൂനിയര്‍ ഡോക്ടര്‍ ആശുപത്രിയില്‍ ചാര്‍ജെടുത്തു. സ്വപ്നയുടെ പ്രസരിപ്പും നന്മകളും കണ്ട് ഇഷ്ടപ്പെട്ട ആ ഡോക്ടര്‍ സ്വപ്നയുടെ മാതാപിതാക്കളോട് സ്വപ്നയ്ക്കുവേണ്ടി വിവാഹാഭ്യര്‍ത്ഥന നടത്തി. എന്തുപറയേണ്ടൂ, ഈ സംഗതി അറിഞ്ഞപ്പോള്‍ അസൂയക്കാരായ സഹപ്രവര്‍ത്തകരും അസൂയ മൂത്ത പ്രിന്‍സിപ്പലിന്‍റെ ഒത്താശയോടെ സ്വപ്നയെക്കുറിച്ച് നുണക്കഥകള്‍ പറഞ്ഞുപരത്തി.

സന്മാര്‍ഗ നിലവാരം മോശമാണെന്നും പല ഡോക്ടേഴ്സുമായി അവള്‍ക്ക് നിലവിട്ടുള്ള ബന്ധങ്ങള്‍ ഉണ്ടെന്നും പുരുഷന്മാരായ രോഗികളുടെ അടുത്ത് അവള്‍ കൊഞ്ചിക്കുഴഞ്ഞ് വശീകരിക്കാറുണ്ടെന്നുമെല്ലാം അവര്‍ എല്ലാവരോടും പറഞ്ഞുപരത്തി. പ്രിന്‍സിപ്പല്‍ സ്വപ്നയുടെ മാതാപിതാക്കളെ വിളിപ്പിച്ച് ഇവയെല്ലാം പറഞ്ഞുകൊടുത്തു. മോളെ നല്ല വഴിക്ക് നടത്താന്‍ ഉപദേശിച്ചില്ലെങ്കില്‍ അവളെ നഴ്സിങ്ങ് കോളജില്‍നിന്നും പുറത്താക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. മാതാപിതാക്കള്‍ പ്രിന്‍സിപ്പലിന്‍റെ വാക്കുകേട്ട് സ്വപ്നയെ അവിശ്വസിച്ചു. അവര്‍ അവളെ കഠിനമായി ശാസിക്കുകയും പ്രഹരിക്കുകയും ചെയ്തു.

സ്വപ്നയെക്കുറിച്ചുള്ള തെറ്റായ വാര്‍ത്തകള്‍ കേട്ട ജൂനിയര്‍ ഡോക്ടര്‍ വിവാഹാഭ്യര്‍ത്ഥനയില്‍നിന്നും പിന്‍വലിഞ്ഞു. തന്‍റെ മാതാപിതാക്കളില്‍നിന്നും ഈ വാര്‍ത്തകളെല്ലാം അറിഞ്ഞ സ്വപ്ന വല്ലാതെ തളര്‍ന്നുപോയി. എല്ലാവരും പ്രിന്‍സിപ്പലിന്‍റെ വാക്കുകള്‍ക്ക് വിലകൊടുത്തു. തനിക്കുവേണ്ടി നിലകൊള്ളാന്‍ ആരുമില്ലെന്ന് മനസിലാക്കിയ അവള്‍ ആകെ തകര്‍ന്നുപോയി. വലിയ മനഃസംഘര്‍ഷത്തോടും ദുഃഖത്തോടുംകൂടെ ഒരു ദിവസം ഉറങ്ങാന്‍ കിടന്ന അവള്‍ക്ക് പ്രഭാതത്തില്‍ എഴുന്നേല്ക്കുവാനോ തന്‍റെ ശരീരം ചലിപ്പിക്കുവാനോ കഴിഞ്ഞില്ല. അവളുടെ ഒരു വശം പാടേ തളര്‍ന്നുപോയിരുന്നു.

ചികിത്സകള്‍ക്കുശേഷം ധ്യാനം

പിന്നീടങ്ങോട്ട് നടന്നത് ചികിത്സകളുടെ ഒരു നീണ്ട പരമ്പരയാണ്. നിലവിലുള്ള എല്ലാ ചികിത്സാരീതികളും മാറിമാറി പരീക്ഷിച്ചിട്ടും സ്വപ്നയ്ക്ക് എഴുന്നേല്ക്കുവാനോ തന്‍റെ ചെറുവിരലെങ്കിലും ചലിപ്പിക്കുവാനോ കഴിഞ്ഞില്ല. അവസാനം മിക്കവരും ചെയ്യുന്നതുപോലെ സ്വപ്നയെയുംകൂട്ടി അവളുടെ മാതാപിതാക്കള്‍ ഡിവൈന്‍ ധ്യാനമന്ദിരത്തിലെത്തി. വചനം കേള്‍ക്കുന്നതിനിടയില്‍ അവളുടെ ശരീരം വെട്ടിവിയര്‍ക്കുവാന്‍ തുടങ്ങി. ക്ഷമയെക്കുറിച്ചുള്ള ക്ലാസ് കേട്ടുകൊണ്ടിരുന്നപ്പോള്‍ അവള്‍ ആകെ അസ്വസ്ഥയായി.

ധ്യാനഗുരുവിന്‍റെ നിര്‍ദേശപ്രകാരം ഒരു കൗണ്‍സിലര്‍ അവളെ സഹായിച്ചു. തന്നെക്കുറിച്ച് അപഖ്യാതികള്‍ പറഞ്ഞുപരത്തിയ തന്‍റെ നഴ്സിങ്ങ് പ്രിന്‍സിപ്പലിനോടും അസൂയാലുക്കളായ സഹപാഠികളോടും പ്രിന്‍സിപ്പലിന്‍റെ വാക്കുകള്‍ വിശ്വസിച്ച് വിവാഹാഭ്യര്‍ത്ഥനയില്‍നിന്നും പിന്‍വലിഞ്ഞ ജൂനിയര്‍ ഡോക്ടറോടുമെല്ലാം കടുത്ത വിദ്വേഷവും പകയുമായിരുന്നു സ്വപ്നയുടെ മനസില്‍. പ്രിന്‍സിപ്പലിന്‍റെ വാക്കുകേട്ട് തന്നെ അവിശ്വസിച്ച തന്‍റെ മാതാപിതാക്കളോടും അവള്‍ക്ക് പകയുണ്ടായിരുന്നു. ഈ പകയെല്ലാംകൂടി ഒന്നിച്ചു ചേര്‍ന്നാണ് അവളിലെ ദൈവകൃപയെ ചോര്‍ത്തിക്കളഞ്ഞത്. കൗണ്‍സിലറുടെ സഹായത്തോടെ സത്യം തിരിച്ചറിഞ്ഞ അവള്‍ തന്നെ ദ്രോഹിച്ച എല്ലാവരോടും ക്ഷമിക്കുവാന്‍ തയാറായി.

യേശുവിന്‍റെ നാമത്തില്‍ ഞാന്‍ അവരോടെല്ലാം ക്ഷമിക്കുന്നുവെന്ന് പരിശുദ്ധാത്മാവിന്‍റെ സഹായത്താല്‍ ആദ്യമായി അവള്‍ ഏറ്റുപറഞ്ഞപ്പോള്‍ത്തന്നെ ഒരു മിന്നല്‍പ്പിണര്‍ അവളുടെ ശരീരത്തിലൂടെ കടന്നുപോയതവള്‍ അനുഭവിച്ചു. അവള്‍ കിടക്കയില്‍നിന്നും ചാടിയെഴുന്നേറ്റ് കൈകളുയര്‍ത്തി കര്‍ത്താവിനെ സ്തുതിച്ച് മഹത്വപ്പെടുത്തി. മാലാഖപോലുള്ള ഒരു നഴ്സാകുക എന്ന സ്വപ്നയുടെ സ്വപ്നം പൂവണിഞ്ഞില്ലെങ്കിലും മാലാഖപോലുള്ള ഒരു ശുശ്രൂഷകയായി അവള്‍ ഇന്ന് യേശുവിനെ സാക്ഷ്യപ്പെടുത്തുന്ന ജീവിതം നയിക്കുന്നു.

ഒരു കര്‍ഷകന്‍റെ കഥ

വക്കച്ചനെന്നാണ് ആ കര്‍ഷകന്‍റെ പേര്. ലോനപ്പന്‍ ചേട്ടന്‍റെ ഏഴുമക്കളില്‍ ഒന്നാമന്‍. അപ്പന്‍റെ അനാരോഗ്യം കാരണം വളരെ ചെറുപ്പത്തിലെ വലിയ കുടുംബത്തിന്‍റെ ഭാരം തോളില്‍ വഹിക്കേണ്ടിവന്നു വക്കച്ചന്. തന്നില്‍ ഇളയതുങ്ങളെ പഠിപ്പിച്ച് ഒരു നിലയിലെത്തിക്കുവാന്‍വേണ്ടി തന്‍റെ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടിവന്നു വക്കച്ചന്. പത്താംക്ലാസുപോലും പാസാകുന്നതിനുമുമ്പ് തൂമ്പയും വെട്ടുകത്തിയുമായി കൃഷിഭൂമിയോട് മല്ലടിക്കേണ്ടിവന്നു അദ്ദേഹത്തിന്. ഭാര്യയുടെ സ്വര്‍ണാഭരണങ്ങളും സ്ത്രീധനവും പങ്കുവച്ചുകൊടുത്താണ് ഇളയ രണ്ട് പെങ്ങന്മാരെ കെട്ടിച്ചയച്ചത്. വക്കച്ചനും ഭാര്യയും തങ്ങളുടെ ചോരയും നീരും കുടുംബാംഗങ്ങളുടെ രക്ഷയ്ക്കും വളര്‍ച്ചയ്ക്കുംവേണ്ടി ചെലവഴിച്ചു. മാത്രമല്ല, വൈക്കോല്‍പ്പുരയായിരുന്ന തറവാടുവീട് തന്‍റെതന്നെ അധ്വാനംകൊണ്ട് പുതുക്കിപ്പണിത് സാമാന്യം ഭേദപ്പെട്ട കോണ്‍ക്രീറ്റ് വീടാക്കി.

പഠിക്കന്‍ മിടുക്കരായിരുന്ന അനുജന്മാരെയെല്ലാം പഠിപ്പിച്ച് വിദേശത്ത് ജോലിയാക്കിക്കൊടുത്തു. പക്ഷേ, ഭാഗ ഉടമ്പടി വന്നപ്പോള്‍ വക്കച്ചനെ അവര്‍ കറിവേപ്പിലപോലെ പുറത്തുകളഞ്ഞു. ലോനപ്പന്‍ചേട്ടന്‍ കണ്ണില്‍ ചോരയില്ലാതെ പ്രവര്‍ത്തിച്ചു. വക്കച്ചന്‍ പണി കഴിപ്പിച്ച തറവാടുവീടും അതിനു ചുറ്റുമുള്ള സ്ഥലവും അപ്പന്‍ ഇളയമകന് എഴുതിക്കൊടുത്തു. ഏഴുമക്കളും അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തില്‍ ഒമ്പതായി ഭാഗിച്ചതില്‍ ഒരു ഭാഗം മാത്രമാണ് വക്കച്ചനും ഭാര്യയ്ക്കുമായി കൊടുത്തത്. കരഞ്ഞുകൊണ്ടാണ് വക്കച്ചനും ഭാര്യയും മക്കളും പടിയിറങ്ങി വാടക വീട്ടിലേക്ക് പോയത്.

ഈ സംഭവം വക്കച്ചന്‍റെ ജീവിതത്തെ മാറ്റിമറിച്ചു. തന്നോട് ക്രൂരത കാട്ടിയ അപ്പനോടും അനീതി പ്രവര്‍ത്തിച്ച സഹോദരങ്ങളോടും അടങ്ങാത്ത വെറുപ്പും പകയുമായിട്ടാണ് വക്കച്ചന്‍ തന്‍റെ വാടകവീട്ടില്‍ താമസം തുടങ്ങിയത്. വെറുപ്പോടും പകയോടുംകൂടി കൃഷി ചെയ്തപ്പോള്‍ ഭൂമി ഫലം കൊടുക്കാതെയായി. കൃഷിയില്‍ കനത്ത നഷ്ടം നേരിട്ടു. ഭാര്യവീട്ടുകാര്‍ സഹായിച്ച് ഒരു ബിനിനസ് തുടങ്ങി. അതും പൊളിഞ്ഞുപോയി. ഇതിനിടെ വക്കച്ചന്‍ വലിവുരോഗിയായിത്തീര്‍ന്നു. പലരും പറഞ്ഞു, വക്കച്ചന് കഷ്ടകാലമാണ്. ഭാര്യവീട്ടുകാരുടെ നിര്‍ബന്ധപ്രകാരം കഷ്ടകാലം മാറാന്‍ ഡിവൈനില്‍ പോയി ധ്യാനം കൂടി. ഒന്നല്ല, ഒന്നിനു പുറമേ ഒന്നായി മൂന്നു ധ്യാനം.
മൂന്നാമത്തെ ധ്യാനത്തില്‍വച്ചാണ് വക്കച്ചന് അപ്പനോടും മറ്റു കുടുംബാംഗങ്ങളോടും ക്ഷമിക്കുവാന്‍ കൃപ കിട്ടിയത്. ആ ധ്യാനത്തില്‍വച്ച് വക്കച്ചന്‍റെ വലിവുരോഗം പൂര്‍ണമായും സുഖപ്പെട്ടു. മൂത്തമകന് അമേരിക്കയില്‍ വലിയൊരു കമ്പനിയില്‍ നല്ല ജോലി കിട്ടി. നഷ്ടത്തിലോടിയ ബിസിനസ് നല്ല ലാഭത്തിലോടാന്‍ തുടങ്ങി. നെല്‍വയലുകള്‍ വീണ്ടും വക്കച്ചനെ നോക്കി പുഞ്ചിരിക്കാന്‍ തുടങ്ങി. കൃഷിയിടങ്ങള്‍ സമൃദ്ധമായ വിളവു നല്കാന്‍ തുടങ്ങി. വക്കച്ചന്‍ വീണ്ടും ഒരു വീടു പണിയിപ്പിച്ചു. തറവാടുവീടിന്‍റെ രണ്ടിരട്ടിയുള്ള ഒരു രണ്ടുനില വീട്. ഇളയ മകന്‍റെ കൂടെയുള്ള വാസം മതിയാക്കി അപ്പനും അമ്മയും വീണ്ടും വക്കച്ചന്‍റെകൂടെ പാര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാശിച്ചു. ഇതറിഞ്ഞ വക്കച്ചന്‍ അവരെ രണ്ടുപേരെയും സ്വഭവനത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് പരിചരിച്ചു. അങ്ങനെ വക്കച്ചന്‍റെ ഭവനം ക്രിസ്തുസാക്ഷ്യത്തിന്‍റെ കൂടാരമായി മാറി.

അനുഭവം നല്കുന്ന പാഠം

നമ്മള്‍ മുകളില്‍ കണ്ട സംഭവങ്ങളില്‍ തെറ്റു ചെയ്തവര്‍ മറ്റുള്ളവരാണ്. പക്ഷേ തെറ്റിന്‍റെ ഫലമനുഭവിക്കേണ്ടവന്ന നിരപരാധികള്‍ വീണ്ടും വീണ്ടും സഹനത്തിലേക്ക് തള്ളിയിടപ്പെടുന്നു. ഈ അവസ്ഥയില്‍ അവരെ ആക്കിത്തീര്‍ക്കുന്നത് അവരില്‍ വേരൂന്നിയ വിദ്വേഷമാണ്. ഈ വിദ്വേഷം അവരെ അശുദ്ധരും രോഗികളും കൃപ ചോര്‍ന്നുപോയവരും ആക്കിത്തീര്‍ക്കുന്നു. എന്നാല്‍ യേശുവിന്‍റെ നാമത്തിലുള്ള ക്ഷമ അവരെ ഇരട്ടിപ്പങ്ക് അഭിഷേകത്തിലേക്കും നാലിരട്ടിപ്പങ്ക് കൃപയിലേക്കും എത്തിച്ചുചേര്‍ക്കുന്നു. അതുകൊണ്ടാണ് പൗലോസ് ശ്ലീഹ ഇപ്രകാരം പറയുന്നത് “വിദ്വേഷത്തിന്‍റെ വേരു വളര്‍ന്ന് ഉപദ്രവം ചെയ്യാതിരിക്കുവാന്‍ സൂക്ഷിക്കുവിന്‍. വിദ്വേഷംമൂലം പലരും അശുദ്ധരായിത്തീരുന്നു” (ഹെബ്രായര്‍ 12:15) എന്ന്.

മുന്‍കണ്ട സംഭവങ്ങളിലെപ്പോലെ ഭൗതികതലങ്ങളില്‍ മാത്രമല്ല ആത്മീയ ശുശ്രൂഷകരുടെ മേഖലയില്‍പ്പോലും അസൂയയുടെയും പകയുടെയും വിദ്വേഷത്തിന്‍റെയും പരദൂഷണത്തിന്‍റെയും ബന്ധനങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരുണ്ട്. അധികാരികള്‍ക്ക് വിധേയപ്പെടാനും അനുസരിക്കാനുമുള്ള എതിര്‍പ്പുനിമിത്തം വിദ്വേഷത്തിന്‍റെ ബന്ധനത്തിലായിരിക്കുന്നവര്‍ തങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന ദൈവകൃപ ചോര്‍ത്തിക്കളയുകയും തങ്ങള്‍ക്കുതന്നെ നാശം വരുത്തിവയ്ക്കുകയും ചെയ്യുന്നു.

അസൂയ നിറഞ്ഞ സാവൂളും ആസക്തി നിറഞ്ഞ ദാവീദും ദൈവാലയം പണിത കൈകൊണ്ടുതന്നെ വിഗ്രഹാലയം പണിയിച്ച സോളമനും ലോകാരൂപി നിറഞ്ഞ ദേമാസും പരദൂഷണവും വ്യര്‍ത്ഥഭാഷണവും നിമിത്തം സ്വയം മലിനരായിത്തീരുന്നവരും എല്ലാം നമ്മുടെ ഇടയിലും നമ്മുടെ ഉള്ളിലും ഉണ്ട്. അത് ഞാനാണോ എന്ന് ഓരോരുത്തരും തിരിച്ചറിയുന്നിടത്തും തിരുത്തുന്നിടത്തുമാണ് നമ്മുടെ വിജയം. ‘കൃപ ചോരുന്ന വഴികള്‍’ ഇവിടെ അവസാനിക്കുന്നു. ഈ ലേഖനക്കുറിപ്പുകള്‍ മറ്റുള്ളവരെ വിധിക്കാനും അവരിലെ തെറ്റ് ചൂണ്ടിക്കാണിക്കാനുമുള്ള ചൂണ്ടുപലകയായിത്തീരാതിരിക്കട്ടെ എന്ന് ഞാന്‍ ആശിക്കുന്നു. ഇവ നമ്മെത്തന്നെ തിരുത്തട്ടെ.

Share:

സ്റ്റെല്ല ബെന്നി

സ്റ്റെല്ല ബെന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles