Home/Encounter/Article

ജനു 30, 2020 1869 0 Francis Assisi
Encounter

ന്യൂ ഇയര്‍ ഹാപ്പിയാക്കിയ ‘മിന്നാമിനുങ്ങ്’

സന്തോഷവും അഭിമാനവും നിറഞ്ഞ മനസോടെ ഞാന്‍ ആ ക്ഷണപത്രികയിലേക്ക് വീണ്ടും നോക്കി. കരാട്ടെയിലെ ഉയര്‍ന്ന ബിരുദമായ 3rd Dan ബ്ലാക്ക് ബെല്‍റ്റ് നേടിയ ഞാന്‍ അഞ്ച് വര്‍ഷം സംസ്ഥാന ചാംപ്യനും ഒരു വര്‍ഷം അന്താരാഷ്ട്ര ചാംപ്യനുമായിരുന്നു എന്നതിനാലാണ് കേരളത്തില്‍ നടക്കുന്ന ഇന്‍റര്‍നാഷനല്‍ കരാട്ടെ ടൂര്‍ണമെന്‍റിലേക്ക് പ്രത്യേക ക്ഷണം. സൗദി കോണ്‍സുലേറ്റ് ജനറലിന്‍റെ പേഴ്സണല്‍ സെക്യൂരിറ്റി ചീഫ് ആയ എന്നെ അഭിമാനാര്‍ത്ഥം കോണ്‍സുലേറ്റിന്‍റെ സ്പോണ്‍സര്‍ഷിപ്പില്‍ ടൂര്‍ണമെന്‍റിനായി അയച്ചു. അങ്ങനെ തൃശൂരിലുള്ള എന്‍റെ വീട്ടിലെത്തി. ഉടനെതന്നെ തകൃതിയായി പരിശീലനം ആരംഭിച്ചു. എന്നാല്‍ ഒരു വിശ്രമവേളയില്‍ എന്‍റെ കാതുകളില്‍ ഒരു സ്വരം കേള്‍ക്കുകയാണ്, “നീ ഈ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ പോകുന്നില്ല.” ഈ അനുഭവം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.

അതിനാല്‍ ഞങ്ങളുടെ ഡോക്ടര്‍ സംഘത്തെ സമീപിച്ച് സമഗ്രമായ മെഡിക്കല്‍ ചെക്കപ്പുകള്‍ ചെയ്തു. ഞാന്‍ പൂര്‍ണ ആരോഗ്യവാനാണെന്നാണ് അവര്‍ സാക്ഷ്യപ്പെടുത്തിയത്. എന്നാല്‍ എന്‍റെ കാതുകളില്‍ കേള്‍ക്കുന്ന സ്വരത്തിന് മാറ്റമൊന്നും ഉണ്ടായില്ല. വീണ്ടും ഞാന്‍ മറ്റൊരു ഡോക്ടറെ സമീപിച്ചു. അദ്ദേഹം പറഞ്ഞതുപ്രകാരം ഹെമറ്റോളജി ടെസ്റ്റുകള്‍ക്കായി വെല്ലൂര്‍ മെഡിക്കല്‍ കോളേജിലെത്തി. അവിടത്തെ പ്രാഥമിക പരിശോധനകള്‍ നടത്തി, എനിക്കൊരു കുഴപ്പവുമില്ല! എങ്കിലും വീണ്ടും എന്‍റെ നിര്‍ബന്ധം നിമിത്തം കൂടുതല്‍ ടെസ്റ്റുകളും ചെയ്തു. അപ്പോഴും എനിക്ക് ഒരു പ്രശ്നവുമില്ല! പക്ഷേ ഞാന്‍ കാതില്‍ കേട്ട സ്വരം മായുന്നില്ല.

“ഇനിയെന്തെങ്കിലും ടെസ്റ്റ് ബാക്കിയുണ്ടോ?” ഞാന്‍ ഡോക്ടറോട് ചോദിച്ചു.

“ഉണ്ട്, പക്ഷേ അതിന്‍റെ ആവശ്യമുണ്ടോ? എല്ലില്‍നിന്ന് മജ്ജ ഡ്രില്‍ ചെയ്തെടുത്താണ് ടെസ്റ്റ് ചെയ്യേണ്ടത്. കടുത്ത വേദനയുണ്ടാകും.” അദ്ദേഹം പറഞ്ഞു.

“സാരമില്ല, അതും ചെയ്യണം. എന്നാലേ എനിക്ക് ആത്മവിശ്വാസം ലഭിക്കൂ.”

അങ്ങനെ ആ ടെസ്റ്റ് ചെയ്തു. പിന്നെ റിസല്‍റ്റിനായുള്ള ആകാംക്ഷാഭരിതമായ കാത്തിരിപ്പ്. ഒടുവില്‍ റിസല്‍റ്റ് തയാറായി എന്നുപറഞ്ഞ് എന്നെ ഡോക്ടറുടെ മുറിയിലേക്ക് കൊണ്ടുപോയി. അവിടെ ഒരു സംഘം ഡോക്ടര്‍മാര്‍ ഇരിക്കുന്നു. “എന്താണ് റിസല്‍റ്റ്?” ഞാന്‍ അക്ഷമനായി.

കാതുകളില്‍ കേട്ട സ്വരത്തിന്‍റെ അര്‍ത്ഥം

പ്രധാനഡോക്ടറായ ഡോ. മാമ്മന്‍ ചാണ്ടി സാവധാനം എന്നോട് പറഞ്ഞു, “നിങ്ങള്‍ക്ക് എ.എല്‍.എല്‍ എന്ന രോഗമാണ്.”

“എന്താണ് ഡോക്ടര്‍ എ.എല്‍.എല്‍?”

ഡോക്ടര്‍ സൗമ്യതയോടെ അതിന് മറുപടി തന്നു, “അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ!” ലുക്കീമിയ എന്ന വാക്ക് ഞാന്‍ ഏതോ സയന്‍സ് ജേര്‍ണലില്‍ വായിച്ചിട്ടുണ്ട്. “ലുക്കീമിയ എന്നാല്‍ ബ്ലഡ് കാന്‍സറല്ലേ” പെട്ടെന്ന് ഞാന്‍ ചോദിച്ചു.

അതെ എന്നദ്ദേഹം മറുപടി നല്കിയതോടെ, എന്‍റെ കാതുകളില്‍ കേട്ട സ്വരത്തിന്‍റെ അര്‍ത്ഥം മനസ്സിലായി. ഞാന്‍ പുറത്തിറങ്ങി. ചിന്തകള്‍ക്ക് അഗ്നിപര്‍വതംപോലെ ചൂട് പിടിക്കുന്നു…
കുറച്ചുനേരം കഴിഞ്ഞ് വീണ്ടും ഡോക്ടറിനടുത്തെത്തി ഞാന്‍ ചോദിച്ചു, “ഡോക്ടര്‍, ഞാനിതുവരെ മദ്യപിച്ചിട്ടില്ല. സിഗരറ്റുപോലും വലിച്ചിട്ടില്ല. ഏറ്റവും നല്ല ഭക്ഷണം കഴിച്ചാണ് ജീവിച്ചത്. കായികമായി എന്‍റെ ശരീരം നന്നായി പരിപാലിച്ചതാണ്. പിന്നെന്തുകൊണ്ടാണ് എനിക്ക് ഈ രോഗം വന്നത്?” ഡോക്ടര്‍ എന്‍റെ കണ്ണുകളിലേക്ക് നോക്കി. പതിയെ എന്‍റെ തോളില്‍ പിടിച്ചുകൊണ്ട് പറഞ്ഞു, “നോ റീസണ്‍! ദൈവത്തോട് ചോദിക്കണം!” എനിക്ക് ആ വാക്കുകള്‍ കേട്ട് കൂടുതല്‍ അസ്വസ്ഥത. അതിന് കാരണമുണ്ട്. ദൈവം മരിച്ചുപോയി എന്ന ഫ്രെഡറിക് നീഷേയുടെ പുസ്തകം വായിച്ച് കടുത്ത നിരീശ്വരവാദിയായി മാറിയ ആളാണ് ഞാന്‍. അതിനാല്‍ പരുക്കന്‍മട്ടില്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞു, “എനിക്ക് അറിയേണ്ടത് ദൈവത്തെക്കുറിച്ചല്ല. ഈ രോഗത്തിന് ചികിത്സയുണ്ടോ എന്നാണ്.”

ദൈവവിശ്വാസിയായ ആ ഡോക്ടര്‍ പുഞ്ചിരിയോടെ തോളില്‍ തട്ടിക്കൊണ്ട് സൗമ്യമായി എന്നോട് പറഞ്ഞു, “ദൈവകൃപയാല്‍, ചികിത്സിക്കുകയാണ് നല്ലത്.”

1997 ജനുവരി ഒന്നാം തിയതിയായിരുന്നു ആ ദിവസം. ഞാന്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഒരു യുവഡോക്ടര്‍ എന്നോട് പുഞ്ചിരിയോടെ ഹാപ്പി ന്യൂ ഇയര്‍ ആശംസിച്ചു. ഞാന്‍ തിരിച്ച് ഒന്നും പറഞ്ഞില്ല. ആ പുതുവര്‍ഷത്തില്‍ എനിക്ക് എങ്ങനെ സന്തോഷിക്കാന്‍ കഴിയും?

കീമോതെറാപ്പി ആരംഭിച്ചതോടെ മുടിയെല്ലാം കൊഴിഞ്ഞു. ചര്‍മം കരുവാളിച്ചു. പല്ലുകളും നഖങ്ങളും കറുത്തു. ശരീരവും ശോഷിച്ചു. അതിവേഗമായിരുന്നു ഇതെല്ലാം.

അങ്ങനെ ഒരു മാസം കഴിഞ്ഞ് ഒരു ദിനം. ഒരു ജൂനിയര്‍ ഡോക്ടര്‍ എന്നെ സമീപിച്ചു. കഴിയാവുന്നത്ര സൗമ്യമായും സാന്ത്വനിപ്പിക്കുന്ന മട്ടിലും അദ്ദേഹം ഒരു കാര്യം എന്നോട് അവതരിപ്പിക്കുകയാണ്… “ഏറ്റവും വിലകൂടിയ മരുന്നുകളാണ് നിങ്ങള്‍ക്ക് നല്കിക്കൊണ്ടിരുന്നത്….. പക്ഷേ…. നിങ്ങളുടെ ശരീരം അതിനോട് പ്രതികരിക്കുന്നില്ല. അതിനാല്‍…. ഇനി…. 72 മണിക്കൂര്‍ കഴിഞ്ഞിട്ടേ എന്തെങ്കിലും പറയാനാകൂ.”

എനിക്ക് പെട്ടെന്ന് ഒന്നും മനസിലായില്ല. തിരിഞ്ഞ് നടക്കുന്ന ഡോക്ടറുടെ പിന്നാലെ ഞാന്‍ ചെന്നു, “ഡോക്ടര്‍, എന്താണ് ഈ 72 മണിക്കൂര്‍?”

അദ്ദേഹം പറഞ്ഞു, “നാട്ടില്‍നിന്നെത്തിയിരിക്കുന്ന നിങ്ങളുടെ ബന്ധുക്കളോട് മാമ്മന്‍ ചാണ്ടി സാര്‍ എല്ലാം പറഞ്ഞിട്ടുണ്ട്.” എന്തോ പന്തികേടുണ്ടെന്ന് എനിക്ക് മനസിലായി. ഞാന്‍ പുറത്തിറങ്ങി.

എന്നെ കാത്തിരിക്കുന്ന ഉറ്റവരുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു. അത് കണ്ടപ്പോള്‍ 72 മണിക്കൂര്‍ എന്നതിന്‍റെ അര്‍ത്ഥം എനിക്ക് മനസിലായി. ഞാന്‍ പോയി എന്‍റെ ബെഡില്‍ കിടന്നു. ആ സമയത്ത് അപ്പുറത്ത് കിടന്നിരുന്ന ആള്‍ എന്‍റെ ഷര്‍ട്ടില്‍ പിടിച്ച് വലിക്കുന്നു, “നിങ്ങള്‍ക്ക് എന്താണ് പറ്റിയത്?” ആ അന്വേഷണം എനിക്ക് ഇഷ്ടപ്പെട്ടില്ല. ദേഷ്യത്തോടെ, നിശബ്ദനായിരിക്കാന്‍ പറഞ്ഞുകൊണ്ട് അയാളുടെ കൈ പിടിച്ചുനീക്കിയിട്ട് ഞാന്‍ തിരിഞ്ഞുകിടന്നു. എന്നാല്‍ അയാള്‍ വീണ്ടും ഞങ്ങള്‍ക്കിടയിലെ കര്‍ട്ടന്‍ നീക്കി എന്‍റെ ഷര്‍ട്ടില്‍ പിടിച്ചുവലിച്ചുകൊണ്ട് പറയുന്നു, “എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണേ.”

ഞാന്‍ ദേഷ്യത്തോടെ അയാളോട് പറഞ്ഞു, “ഞാന്‍ പ്രാര്‍ത്ഥിക്കാത്ത ആളാണ്. നീ വേണമെങ്കില്‍ പ്രാര്‍ത്ഥിച്ചോ.” എന്നിട്ട് ഞാന്‍ തിരിഞ്ഞുകിടന്നു. പെട്ടെന്ന് അദ്ദേഹത്തിന്‍റെ കട്ടില്‍ കുലുങ്ങുന്നതായി അനുഭവപ്പെട്ടു. അദ്ദേഹം ശ്വാസം കിട്ടാതെ പിടയുന്നു. ഞാന്‍ വേഗം അടുത്തുചെന്നപ്പോള്‍ വെപ്രാളത്തോടെ എന്‍റെ കോളറില്‍ പിടിച്ചുകൊണ്ട് പറയുന്നു, “എനിക്കായി പ്രാര്‍ത്ഥിക്കണേ…” പെട്ടെന്ന് ഡോക്ടര്‍മാര്‍ ഓടിവരുന്നത് ഞാന്‍ കണ്ടു. അദ്ദേഹത്തിന്‍റെ അന്ത്യനിമിഷങ്ങള്‍ക്ക് ഞാന്‍ സാക്ഷിയാവുകയായിരുന്നു. 72 മണിക്കൂര്‍ ആയുസ് നിശ്ചയിക്കപ്പെട്ട ഒരാള്‍ മറ്റൊരു മരണം കാണേണ്ടിവരുന്നത് എത്ര സങ്കടകരം!

വൈകാതെ നാട്ടില്‍നിന്ന് അമ്മ എന്നെ കാണാനെത്തി. അമ്മയ്ക്കുപോലും പെട്ടെന്ന് മനസ്സിലാകാത്തവിധം എന്‍റെ രൂപം മാറിപ്പോയിരുന്നു. എന്നെ കാണുമ്പോള്‍ കരയരുത്, ചിരിക്കണം, എന്നെ ആശ്വസിപ്പിക്കണം എന്നൊക്കെ പറഞ്ഞാണ് എല്ലാവരും അമ്മയെ പറഞ്ഞയച്ചിരിക്കുന്നത്. പക്ഷേ പെറ്റമ്മയ്ക്ക് അത് സാധിക്കുമോ? ‘നിനക്കെന്ത് പറ്റി മോനേ’ എന്ന ചോദ്യത്തോടെ എന്നെ ചുംബിക്കാനാഞ്ഞ അമ്മ തലചുറ്റി വീണു. അമ്മയെ മറ്റുള്ളവര്‍ പിടിച്ച് നീക്കുമ്പോള്‍ ഞാന്‍ വായ് പൊത്തി കരഞ്ഞു. പിന്നാലെ സുഹൃത്തുക്കള്‍ എന്നെ കാണാനെത്തി. അവര്‍ എന്‍റെ മുമ്പില്‍ ചിരിക്കാന്‍ ശ്രമിച്ചെങ്കിലും തിരിഞ്ഞുനിന്ന് കണ്ണ് തുടയ്ക്കുന്നത് ഞാന്‍ കണ്ടു.

ജീവിതം മാറ്റിമറിക്കാന്‍ വന്ന മിന്നാമിനുങ്ങ്

വീണ്ടും എന്‍റെ മുറിയില്‍ തനിച്ചായ സമയം. വാച്ചില്‍ നോക്കിയപ്പോള്‍ ഭീതിദമായ ചിന്ത…. ഞാന്‍ ആ വാച്ച് ഊരിവച്ചു. മുറിയിലെ ലൈറ്റുകളെല്ലാം അണച്ചു. ആ ഇരുട്ടത്ത് ഇരിക്കുമ്പോള്‍ ചുവരില്‍ ഒരു മിന്നാമിനുങ്ങ് മിന്നുന്നതുപോലെ…

കൗതുകത്തോടെ അടുത്തുചെന്ന് നോക്കി. അത് മിന്നാമിനുങ്ങല്ല, ചുവരില്‍ വച്ചിരിക്കുന്ന ഒരു ചിത്രത്തില്‍നിന്നാണ് വെളിച്ചം വരുന്നത്! അത് യേശുക്രിസ്തുവിന്‍റെ ഒരു ചിത്രമാണ്! പൊടിപിടിച്ചിരിക്കുന്നതുപോലെ തോന്നിയതുകൊണ്ട് തുടയ്ക്കാന്‍ ഞാന്‍ കൈയുയര്‍ത്തി. പെട്ടെന്ന് കണ്ണുകള്‍ക്ക് വിശ്വസിക്കാനാവാത്ത ഒരു കാഴ്ച! യേശു എന്നെ നോക്കി അതിമനോഹരമായി പുഞ്ചിരിക്കുന്നു!!! എന്‍റെ കണ്ണുകള്‍ നിറയാന്‍ തുടങ്ങി. എന്തൊക്കെയോ പറയണമെന്നുണ്ട്. പക്ഷേ ഒന്നും പറയാനാവുന്നില്ല…. ഒടുവില്‍ നെഞ്ചില്‍ കൈയമര്‍ത്തിക്കൊണ്ട് ഞാന്‍ ഇങ്ങനെ പറഞ്ഞു, “എനിക്ക് ജീവിക്കണമെന്ന് ആഗ്രഹമുണ്ട്… എന്നെയൊന്ന് സഹായിക്കുമോ?”

പിന്നെ പെട്ടെന്ന്, ‘എന്നെയൊന്ന് സഹായിക്കുമോ’ എന്ന് ചോദിച്ച് ഞാന്‍ അലറിക്കരഞ്ഞു. കുറേ നേരം കരഞ്ഞിട്ട് ബെഡില്‍ കയറിക്കിടന്നു. അല്പം കഴിഞ്ഞപ്പോഴേക്കും ഒരു ഡോക്ടര്‍ എത്തി. എന്താണ് കരയുന്നത് എന്നെല്ലാം ചോദിച്ച് ആശ്വസിപ്പിക്കാന്‍ ശ്രമിച്ചിട്ട് എന്നോട് ഭക്ഷണം കഴിച്ചോ എന്നദ്ദേഹം അന്വേഷിച്ചു. അമ്മയെ കണ്ടപ്പോഴത്തെ സങ്കടം നിമിത്തം ഒന്നും കഴിക്കാന്‍ തോന്നുന്നില്ല എന്നായിരുന്നു എന്‍റെ മറുപടി. അതുകേട്ടിട്ട് ‘എന്‍റെ ബ്ലഡ് കൗണ്ട് വളരെ കുറവാണ്, ഭക്ഷണം കഴിക്കണം’ എന്നുപറഞ്ഞ് അദ്ദേഹം എന്‍റെ റിപ്പോര്‍ട്ട് കാണിച്ചുതന്നു. ബ്ലഡ് കൗണ്ട് 6.6. എന്നാല്‍ അതിനെക്കാള്‍ ഉപരി എന്‍റെ ശ്രദ്ധയില്‍പ്പെട്ടത് അതിനു മുകളില്‍ ചുവന്ന മഷിയില്‍ അടയാളപ്പെടുത്തിയിരുന്ന വാക്കുകളാണ്, ‘സിങ്കിംഗ് സ്റ്റേജ്’- മരണത്തിലേക്ക് മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുന്നു എന്നതിന്‍റെ മെഡിക്കല്‍ ഭാഷ. ഞാന്‍ ആ ഫയല്‍ അടച്ച് തിരികെ കൊടുത്തു.

മൂന്ന് കുപ്പി രക്തം കയറ്റണം എന്ന് ഡോക്ടര്‍ അറിയിച്ചു. അതിനായി ബ്ലഡ് കൗണ്ട് ഒന്നുകൂടി പരിശോധിക്കാന്‍വേണ്ടി എന്‍റെ അവശേഷിച്ച രക്തത്തില്‍നിന്ന് അല്പം എടുത്ത് അദ്ദേഹം പോയി. അസ്വസ്ഥതയോടെ ഞാന്‍ ചരിഞ്ഞുകിടന്നു. അങ്ങനെ കിടക്കുമ്പോള്‍ ക്രിസ്തുവിന്‍റെ ചിത്രം കാണാം. അറിയാതെ ഞാന്‍ മയങ്ങിപ്പോയി.
വാതിലില്‍ ഒരു മുട്ട് കേട്ടാണ് ഉണര്‍ന്നത്. ഡോക്ടര്‍ റിസല്‍റ്റുമായി വന്നിരിക്കുന്നു. ഭക്ഷണം കഴിച്ചോ എന്ന അന്വേഷണത്തിനുപിന്നാലെ അദ്ദേഹം ആകാംക്ഷയോടെ എന്നോട് മറ്റൊരു ചോദ്യം, “അമ്മ വന്നപ്പോള്‍ നിനക്ക് പുതിയ മരുന്നുകള്‍ എന്തെങ്കിലും കൊണ്ടുവന്ന് തന്നോ?”

“ഇല്ല” ഞാന്‍ പറഞ്ഞു.
“പുതിയ മരുന്നെന്തെങ്കിലും നിനക്ക് കയറ്റിയിരുന്നോ?”
“ഇല്ല. ഇനി 72 മണിക്കൂര്‍ കഴിഞ്ഞേ മരുന്ന് തരുകയുള്ളൂ എന്ന് സാര്‍ പറഞ്ഞതല്ലേ. മാത്രവുമല്ല, എന്തെങ്കിലും മരുന്നോ ഭക്ഷണമോ കഴിച്ചാല്‍ അത് ഫയലില്‍ രേഖപ്പെടുത്തുമല്ലോ.”

അതുകേട്ടപ്പോള്‍ ഒരു പുഞ്ചിരിയോടെ അദ്ദേഹം എനിക്ക് എന്‍റെ ഫയല്‍ കാണിച്ചുതന്നു. എന്‍റെ രക്തത്തിന്‍റെ അളവ് 9.8 ആയി ഉയര്‍ന്നിരിക്കുന്നു!!! യേശുക്രിസ്തുവിന്‍റെ പുഞ്ചിരി കാണുന്നതിന് മുമ്പ് 6.6 ആയിരുന്ന ബ്ലഡ് കൗണ്ട് ഇപ്പോള്‍ 9.8!!!

അതൊരു തുടക്കമായിരുന്നു. അതിനുശേഷം അവിടത്തെ ഹെമറ്റോളജി, ഓണ്‍കോളജി, എന്‍ഡോക്രൈനോളജി വിഭാഗങ്ങളിലെല്ലാം എന്‍റെ ശരീരത്തിന്‍റെ വിദഗ്ധ പരിശോധനകള്‍ നടത്തി. കാന്‍സറിന്‍റെ ഒരംശംപോലും പിന്നീട് എന്‍റെ ശരീരത്തില്‍ കണ്ടെത്താനായില്ല. ഞാന്‍ തിരികെ വീട്ടിലെത്തി.

അന്വേഷണത്തിലേക്ക്…

ആ അനുഭവത്തിനുശേഷം, യേശു ആരാണെന്നും യേശു എന്തിനാണ് ഇസ്ലാം മതത്തില്‍ ജനിച്ച അബ്ദുള്‍ അസീസ് എന്ന എന്നെ തേടിവന്നതെന്നും ഞാന്‍ അന്വേഷിക്കാന്‍ തുടങ്ങി. പലരോടും ഈ ചോദ്യം ചോദിച്ചു. അങ്ങനെയിരിക്കേ ഒരു സഹോദരി എനിക്കായി പ്രാര്‍ത്ഥിച്ചിട്ട് എന്‍റെ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി ഒരു ബൈബിള്‍ തന്നു. അതില്‍നിന്ന് ലൂക്കാ രണ്ടാം അധ്യായമാണ് എനിക്ക് ലഭിച്ചത്. 2:10- “ദൂതന്‍ അവരോട് പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനുംവേണ്ടിയുള്ള സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു” അത് എന്‍റെ ആദ്യചോദ്യത്തിനുള്ള ഉത്തരമായിരുന്നു. രണ്ടാമത്തെ ചോദ്യത്തിന് ഉത്തരം കിട്ടിയത് ഏശയ്യാ 43:1-ല്‍നിന്നാണ്. “യാക്കോബേ, നിന്നെ സൃഷ്ടിക്കുകയും ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തുകയും ചെയ്ത കര്‍ത്താവ് അരുളിച്ചെയ്യുന്നു; ഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ രക്ഷിച്ചിരിക്കുന്നു; നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു. നീ എന്‍റേതാണ്.”

വിശുദ്ധഗ്രന്ധം ഒരു നിധിയാണെന്ന് എനിക്ക് മനസിലായി. പരിശുദ്ധാത്മാവ് വചനത്തിലൂടെ എനിക്ക് അനേകം കാര്യങ്ങള്‍ വെളിപ്പെടുത്തിത്തന്നു. അനേകരെ അത് പഠിപ്പിക്കാന്‍ അവസരവും തന്നു. അന്ന് തൃശൂര്‍ മൈനര്‍ സെമിനാരി റെക്ടറായിരുന്ന മാര്‍ റാഫേല്‍ തട്ടിലിനെ അതുവഴി പരിചയപ്പെട്ടു. അദ്ദേഹത്തില്‍നിന്നാണ് പരിശുദ്ധ കുര്‍ബായെക്കുറിച്ച് അറിഞ്ഞത്. അതോടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും പരിശുദ്ധ കുര്‍ബാന സ്വീകരിക്കണം എന്ന് എനിക്ക് ആഗ്രഹമായി.

ആഗ്രഹിച്ച് പ്രാര്‍ത്ഥിച്ച് കാത്തിരുന്നതിന് അവസാനമായി 1998 ഏപ്രില്‍ 11-ന് ഫ്രാന്‍സിസ് അസ്സീസ്സി എന്ന പേരില്‍ മാമ്മോദീസ സ്വീകരിച്ച് വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ കൃപ ലഭിച്ചു. ഇന്ന് രോഗികള്‍ക്കിടയില്‍ ശുശ്രൂഷ ചെയ്ത് ഞാന്‍ അവിടുത്തെ സേവിക്കുന്നു. വചനപ്രഘോഷണം, വിധപഠനപരിശീലനക്ലാസുകള്‍, ഗാനരചന, സംഗീതം തുടങ്ങി വ്യത്യസ്ത മേഖലകളില്‍ അവിടുന്നെന്നെ ഉപയോഗിക്കുന്നു. എന്‍റെ ജീവിതത്തെ മാറ്റിമറിച്ചത് ഇന്നും ജീവിക്കുന്ന യേശുവാണ്.

Share:

Francis Assisi

Francis Assisi

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles