Home/Encounter/Article

ജൂണ്‍ 05, 2024 44 0 Tom Hoopes
Encounter

നിങ്ങളുടെ കുട്ടി കൗമാരത്തിലെത്തിയോ

ഒരു കാര്യം എട്ട് തവണ ചെയ്താല്‍ അതില്‍ അല്പം വൈദഗ്ധ്യം നേടാമെന്നാണ് പൊതുവേ നാം കരുതുക. എന്നാല്‍ എട്ടു തവണ കൗമാരക്കാരായ മക്കളെ കൈകാര്യം ചെയ്തിട്ടും ഞാനതില്‍ വൈദഗ്ധ്യം നേടിയിട്ടില്ല. പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല, കൗമാരപ്രായത്തിലുള്ള ഒരു കുട്ടിയെ വളര്‍ത്തുക എന്നത് എത്ര ശ്രമകരമായ കാര്യമാണെന്ന് മനസിലാകാനാണ്. എങ്കിലും കൗമാരക്കാരുടെ മാതാപിതാക്കള്‍ക്ക് സഹായകമാകുന്ന ചില കാര്യങ്ങള്‍ പങ്കുവയ്ക്കട്ടെ.

ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യങ്ങള്‍ അവരെ അറിയിക്കുക.

തങ്ങളുടെ ആണ്‍മക്കളോട് ലൈംഗികതയെക്കുറിച്ച് സംസാരിക്കുന്നതില്‍ പിതാക്കന്‍മാര്‍ എത്ര പിന്നിലാണ് എന്നതിനെക്കുറിച്ച് എന്‍റെ മൂത്ത മകന്‍ ഒരു പ്രസംഗംതന്നെ നടത്തിയപ്പോഴാണ് ഞാന്‍ അതേക്കുറിച്ച് ബോധവാനായത്. ഇപ്പോള്‍ അവന്‍തന്നെ ഇളയ സഹോദരങ്ങള്‍ക്ക് ജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നുണ്ട്.

അതെനിക്ക് വലിയ അനുഗ്രഹമാണെങ്കിലും എന്‍റെ ഉത്തരവാദിത്വത്തില്‍നിന്ന് മാറാനാവില്ല. അശ്ലീലചിത്രങ്ങള്‍, സ്വയംഭോഗം, സ്വവര്‍ഗലൈംഗികത തുടങ്ങിയ തിന്മകളെക്കുറിച്ചും അവരോട് പറഞ്ഞുകൊടുത്തേ മതിയാവൂ. ഇതൊന്നും ഒരു നീണ്ട യാത്രയ്ക്കിടയിലോ പാത്രം കഴുകുന്നതിനിടയിലോ വീട് വൃത്തിയാക്കുന്നതിനിടയിലോ വെറുതെ സംസാരിക്കാവുന്നതല്ല. അവര്‍ക്ക് ശ്രദ്ധിച്ചുകേള്‍ക്കാന്‍ സാധിക്കുന്ന സ്ഥലവും സമയവും നോക്കി സംസാരിക്കേണ്ടതാണ്.

അവരോട് ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകഴിയുമ്പോള്‍ അവരുടെ ചോദ്യങ്ങള്‍ കേള്‍ക്കണം. അവര്‍ പൂര്‍ണമനസോടെ നാം പറയുന്നത് കേള്‍ക്കാന്‍ സമ്മതിക്കുമോ ഇല്ലയോ എന്നത് അത്ര കാര്യമാക്കേണ്ടതില്ല. കാരണം അവര്‍ അറിഞ്ഞിരിക്കേണ്ടത് അറിയുകതന്നെ വേണം.
നിയന്ത്രിക്കാനാവുന്നതും സാധിക്കാത്തതുമായ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കണം
എന്‍റെയൊരു സുഹൃത്ത് മക്കള്‍ക്ക് കൗമാരക്കാരുടെ ഹോര്‍മോണ്‍ വ്യതിയാനങ്ങളെക്കുറിച്ച് പറഞ്ഞുകൊടുത്തത് നല്ലതായി തോന്നി. അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, ”ഈ പ്രായത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം നിങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ പലതും വളരെ നാടകീയമായി തോന്നിയേക്കാം. പക്ഷേ നിങ്ങള്‍ തോറ്റുകൊടുക്കരുത്. നിങ്ങളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നിങ്ങളെ വിഷാദത്തിലാക്കിയേക്കാം, ദേഷ്യം പിടിപ്പിച്ചേക്കാം, എല്ലാത്തിനോടും എതിര്‍ക്കാന്‍ തോന്നിപ്പിച്ചേക്കാം… പക്ഷേ അതെല്ലാം അതേപടി ചെയ്യണമെന്നില്ല. നിങ്ങള്‍ എങ്ങനെ പെരുമാറണമെന്ന് തീരുമാനിക്കേണ്ടത് നിങ്ങളാണ്.”

അവര്‍ തീരുമാനിക്കുന്നതനുസരിച്ചാണ് അവര്‍ക്ക് പെരുമാറാന്‍ കഴിയുക എന്ന് അവരെ ബോധ്യപ്പെടുത്തുക. ശീലങ്ങളെല്ലാം ഒറ്റ രാത്രികൊണ്ട് മാറ്റിയെടുക്കാനാവില്ല. തലയിലേക്ക് കയറിവരുന്ന ചിന്തകള്‍ ഏതൊക്കെയായിരിക്കണം എന്ന് തിരഞ്ഞെടുക്കാനുമാവില്ല. അതിനാല്‍ത്തന്നെ നമ്മുടെ കൗമാരക്കാരോട് അത് പറഞ്ഞുകൊടുക്കണം. അതിനുമുമ്പൊരിക്കലും ചിന്തിച്ചിട്ടില്ലാത്തവിധത്തില്‍ ചിന്തിക്കാന്‍ അവരുടെ ശരീരം അവരെ പ്രേരിപ്പിച്ചെന്നിരിക്കും. പക്ഷേ അതല്ല അവരുടെ വ്യക്തിത്വത്തെ നിര്‍വചിക്കുന്ന കാര്യം. കയറിവരുന്ന അശുദ്ധചിന്തകളെ നിയന്ത്രിക്കാന്‍ അവര്‍ക്ക് പലപ്പോഴും കഴിഞ്ഞില്ലെന്നുവരാം. പക്ഷേ ആ ചിന്തകളുമല്ല അവരെ നിര്‍വചിക്കേണ്ടത് എന്ന് അവരോട് പറഞ്ഞുമനസിലാക്കുക.

ദൈവം അവരെ സ്‌നേഹിക്കുന്നുണ്ട്, അശുദ്ധചിന്തകളില്‍നിന്ന് രക്ഷപ്പെടാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹം അവിടുന്ന് വിലമതിക്കുന്നുമുണ്ടെന്നത് അവരെ ഓര്‍മിപ്പിക്കുക. അവര്‍ യഥാര്‍ത്ഥത്തില്‍ ആരാണെന്നത് ദൈവം അറിയുന്നുണ്ട്, അവരുടെ നിഷ്‌കളങ്കത വിശുദ്ധ കുമ്പസാരത്തിലൂടെ പുനഃസ്ഥാപിക്കാന്‍ അവിടുത്തേക്ക് കഴിയും, അവിടുന്ന് അത് ചെയ്യുകയും ചെയ്യും. അവിടുന്ന് ആഗ്രഹിക്കുന്നത് ആത്മാര്‍ത്ഥമായ പരിശ്രമമാണ്, പരിപൂര്‍ണമായ പ്രവൃത്തികളല്ല.

ഒത്തുതീര്‍പ്പിന് തയാറാകരുത്

അനുസരിക്കാന്‍ വിഷമമുള്ള നിയമങ്ങളാണെങ്കിലും നല്ലതാണെന്ന് ഉറപ്പുള്ളവയില്‍ ഉറച്ചുനില്‍ക്കുക. സായാഹ്നങ്ങളിലും വാരാന്ത്യങ്ങളിലുമുള്ള സിനിമാകാണല്‍, ട്രിപ്പുകള്‍ തുടങ്ങിയ വിലക്കുകളില്‍ ഭാര്യയുടെ ജ്ഞാനംനിമിത്തം ഞങ്ങള്‍ ഉറച്ചുനിന്നു. അതൊരിക്കലും മാറ്റാന്‍ തയാറായില്ല. അത് പലപ്പോഴും മക്കള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ പില്ക്കാലത്ത് അവര്‍തന്നെ ഞങ്ങളോട് നന്ദി പറഞ്ഞു.
അവര്‍ സംസാരിക്കാന്‍ തയാറാകാത്തപ്പോള്‍ അസ്വസ്ഥരാകരുത്, എന്നാല്‍ അവര്‍ സംസാരിക്കാന്‍ വരുമ്പോള്‍ അതിന് ചെവികൊടുക്കാന്‍ പൂര്‍ണമായും തയാറാകുക

നേരത്തേ പറഞ്ഞതുപോലെ മക്കള്‍ താത്പര്യം കാണിച്ചില്ലെങ്കിലും അവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അറിയിക്കുക, അവര്‍ നിങ്ങളോട് സംസാരിക്കാന്‍ തയാറായില്ലെങ്കിലും. പക്ഷേ, അവര്‍ നിങ്ങളോട് സംസാരിക്കാന്‍ താത്പര്യമെടുക്കുന്ന ചില അപൂര്‍വസമയങ്ങളുണ്ട്. അത് മിക്കവാറും രാത്രി വൈകിയ നേരത്തായിരിക്കാം, പക്ഷേ അത് സംഭവിക്കുമ്പോള്‍ ഉറങ്ങാന്‍ പോകുന്നതിനെക്കുറിച്ച് വേവലാതിപ്പെടരുത്. പിറ്റേന്ന് എന്തുതന്നെ ചെയ്യാനുണ്ടായിരുന്നാലും അത് അപൂര്‍വ അവസരമാണെന്ന് മനസിലാക്കി പ്രതികരിക്കുക.
അവരോടൊപ്പം പ്രാര്‍ത്ഥിക്കുക

ഞങ്ങള്‍ എന്നും മക്കളോടൊപ്പം രാത്രി ഒരു ജപമാല ചൊല്ലും. ചിലപ്പോള്‍ അവര്‍ക്കതില്‍ അത്ര താത്പര്യം കാണില്ല. ചിലപ്പോഴാകട്ടെ ആ പതിവിനെ കളിയാക്കി സംസാരിച്ചെന്നിരിക്കും. പക്ഷേ ഞങ്ങള്‍ പിന്‍മാറിയിട്ടില്ല. മക്കള്‍തന്നെ പിന്നീട് ആ പ്രാര്‍ത്ഥനയെക്കുറിച്ച് നല്ലത് പറഞ്ഞിട്ടുണ്ട്. അത് അവരെ ഏറെ സഹായിച്ചെന്നും ദൈവത്തോട് ചേര്‍ന്നുനില്‍ക്കാന്‍ ഉപകരിച്ചെന്നും അവര്‍തന്നെ പങ്കുവച്ചിട്ടുണ്ട്.

അവസാനമായി, കര്‍ത്താവാണ് നിങ്ങളുടെ കുട്ടിയുടെ യഥാര്‍ത്ഥ രക്ഷിതാവ്. വീടിനെക്കുറിച്ചുള്ള ഓര്‍മകള്‍ അവരില്‍നിന്ന് മാഞ്ഞുപോയാലും അവിടുന്ന് അവരോടൊത്ത് ഉണ്ടാകും. അത് അവര്‍ക്ക് തുടക്കംമുതലേ വ്യക്തമാക്കിക്കൊടുക്കണം. നിങ്ങളെക്കാള്‍ മനോഹരമായി അവിടുന്ന് അവരെ വളര്‍ത്തിക്കൊള്ളും.
”കര്‍ത്താവ് നിന്‍റെ പുത്രരെ പഠിപ്പിക്കും;
അവര്‍ ശ്രേയസാര്‍ജിക്കും” (ഏശയ്യാ 54/13).

Share:

Tom Hoopes

Tom Hoopes

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles