Home/Encounter/Article

ഒക്ട് 09, 2019 1968 0 Fr. P.Jose O.S.H
Encounter

നാവിനെ നിയന്ത്രിക്കുന്ന മരുന്ന്

“സംസാരത്തില്‍ തെറ്റ് വരുത്താത്ത ഏവനും പൂര്‍ണ്ണനാണ്. തന്‍റെ ശരീരത്തെ മുഴുവൻ നിയന്ത്രിക്കാൻ അവന് കഴിയും.” (യാക്കോബ് 3:2)
ഒരു കാറപകടത്തിൽപ്പെട്ടു പ ത്ത് ദിവസത്തോളം ആശുപത്രിയില്‍ കിടന്ന സമയം. ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം റൗണ്ട്സിനു വന്ന പ്രധാന ഡോക്ടര്‍ എന്‍റെ കണ്ണിന്‍റെ അടിഭാഗം താഴേക്ക് വലിച്ച് പരിശോധി ച്ചു. നാവ് നീട്ടാൻ പറഞ്ഞു. എന്നിട്ട് സംതൃപ്തിയോടെ തല കുലുക്കി എനിക്ക് ഡിസ്ചാര്‍ജ് നല്കി. അധികം പ്രാര്‍ത്ഥിക്കാനോ വായിക്കാനോ കഴിയാതിരുന്ന ആ നാളുകളില്‍ ഒരു കാര്യം തിരിച്ചറിഞ്ഞു. കണ്ണിലും നാവിലും ശുദ്ധിയുണ്ടെങ്കിലേ ആത്മീയാരോഗ്യം ലഭിക്കൂ.

നാവിന്‍റെ വിശുദ്ധീകരണത്തിനായി ആത്മാര്‍ത്ഥമായി ശ്രമിക്കുകയും തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ ഹൃദയത്തിലെ ദുരാശകളും തിന്മകളും പതുക്കെപ്പതുക്കെ കെട്ടടങ്ങുമെന്ന് ആത്മീയപിതാക്കന്മാർ പഠിപ്പിക്കുന്നു. മിസ്റ്റിക്കല്‍ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു മകളോട് ഈശോ ഇങ്ങനെ പറഞ്ഞുവത്രേയ , “വചനവും വചനംപോലെയുള്ള വാക്കുകളും മാത്രമേ ശുശ്രൂഷകരുടെ അധരങ്ങളില്‍നിന്ന് വീഴാവൂ.”

നാവിന്‍റെ അഭിഷേകം വചനപ്രഘോഷകര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ആവശ്യമാണ്. മാതാപിതാക്കള്‍ മക്കള്‍ക്ക് നന്മയുടെ വഴികള്‍ പറഞ്ഞുകൊടുക്കുമ്പോൾ , മതാധ്യാപകര്‍ കുട്ടികളെ പഠിപ്പിക്കുമ്പോൾ കൗണ്‍സലിംഗ് നടത്തി പ്രാർത്ഥിക്കുമ്പോൾ ….എല്ലാ അവസരങ്ങളിലും നാവില്‍ അഭിഷേകമുണ്ടാകണം. ബലിപീഠ ത്തിലെ തീക്കട്ട കൊണ്ട് അധരങ്ങള്‍ വിശുദ്ധീകരിച്ചശേഷമാണ് കര്‍ത്താവ് ഏശയ്യായെ ദൗത്യം നല്കി അയക്കുന്നത്. എസെക്കിയേലിന് അവിടുന്ന് ചുരുള്‍ ഭക്ഷിക്കാൻ നല്കുന്നു.

നാവിനെ നിയന്ത്രിക്കുന്നതനുസരി ച്ച് ആത്മീയജീവിതത്തില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടാകും. നുണ, ഏഷണി, വ്യര്‍ത്ഥഭാഷണം, കുറ്റംപറച്ചില്‍, മുഖസ്തുതി എന്നിവയില്‍നിന്ന് ബോധപൂര്‍വം അകന്നുനില്ക്കണം. ദൈവവചനവും യേശുനാമവും  ആത്മീയഗീതങ്ങളുമെല്ലാം ഉരുവിട്ടുകൊണ്ടിരിക്കാൻ നാവിനെ ശീലിപ്പിക്കണം.

നാവില്‍ അഭിഷേകം നിറയാനുള്ള ഒരു കുറുക്കുവഴിയുണ്ട്, വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരുമ്പോൾ മാലാഖവൃന്ദത്തോട് ചേര്‍ന്ന് ഓശാനഗീതം ഈ നിയോഗത്തോടെ ഹൃദയംകൊണ്ട് ആലപിക്കുക. ദൈവജനം ഈ ഓശാനഗീതം ആലപിക്കുമ്പോൾ ഏശയ്യാ 6:1-7ല്‍ പറയുന്ന ദര്‍ശനമനുസരി ച്ച് തന്‍റെയും ആരാധനാസമൂഹത്തിന്‍റെയും അശുദ്ധമായ അധരങ്ങളെ പവിത്രീകരിക്കണമേയെന്ന് പുരോഹിതൻ പ്രാര്‍ത്ഥിക്കുന്നുമുണ്ട്. അതോടനുബന്ധിച്ച്, പരിശുദ്ധ കുര്‍ബാന നാവില്‍ സ്വീകരിക്കുമ്പോൾ ഇങ്ങനെ ചിന്തിക്കുക, ‘അടുത്ത കുര്‍ബാന സ്വീകരണംവരെ നാവ് എന്‍റെകൂടെ സഞ്ചരിക്കുന്ന ചാപ്പലാണ്. ചാപ്പല്‍ മലിനമാകാതിരിക്കാൻ ശ്രമം പുലര്‍ത്തണം.’ സങ്കീര്‍ത്തകനോട് ചേര്‍ന്ന് പ്രാര്‍ത്ഥിക്കാം: “നാവുകൊണ്ട് പാപം ചെയ്യാതിരിക്കാൻ ഞാൻ എന്‍റെ വഴികള്‍ ശ്രമിക്കും; എന്‍റെ മുൻപിൽ ദുഷ്ടര്‍ ഉള്ളിടത്തോളം കാലം നാവിന് ഞാൻ കടിഞ്ഞാണിടും” (സങ്കീര്‍ ത്തനങ്ങള്‍ 39:1).

 

 

Share:

Fr. P.Jose O.S.H

Fr. P.Jose O.S.H

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles