Trending Articles
സീദോന്‍കാരിയായ ഒരു സ്ത്രീ ഒരിക്കല്‍ ഹൃദയം പിളരുന്ന വേദനയോടെ ഈശോയെ സമീപിച്ചു. പ്രധാനമായും രണ്ട് ദുഃഖങ്ങളാണ് ആ സ്ത്രീയെ അലട്ടിയിരുന്നത്. കൂടെയുള്ള ഏകപുത്രന് കാഴ്ചയില്ലെന്ന് മാത്രമല്ല കണ്ണുപോലും ഉണ്ടായിരുന്നില്ല. കണ്‍പോളകള്‍ക്കിടയില്‍ രണ്ട് കുഴികളല്ലാതെ മറ്റൊന്നുമില്ലായിരുന്നു എന്നതാണ് ഒന്നാമത്തെ ദുഃഖം. അന്ധനായ കുട്ടിക്ക് ഭാര്യ ജന്മം കൊടുത്തുവെന്ന കാരണത്താല്‍ ഭര്‍ത്താവ് വീടുവിട്ടുപോയി. ഭാര്യയെ ഉപേക്ഷിക്കുവാന്‍ തയാറെടുക്കുന്ന അയാളുടെ സ്നേഹരാഹിത്യവും ഹൃദയകാഠിന്യവുമായിരുന്നു രണ്ടാമത്തെ ദുഃഖം. നിറഞ്ഞൊഴുകുന്ന കണ്ണുനീരോടെ ആഴമായ തന്‍റെ വിശ്വാസം ഏറ്റുപറഞ്ഞുകൊണ്ട് അവള്‍ ഈശോയോട് പറഞ്ഞു: “രക്ഷകനായ ദൈവമേ, നിന്‍റെ പിതാവ് ലോകങ്ങള്‍ സൃഷ്ടിച്ചു. നിനക്ക് എല്ലാം ചെയ്യാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. രണ്ട് കണ്ണുകള്‍ എന്‍റെ കുഞ്ഞിനുവേണ്ടി ഉണ്ടാക്കിത്തരണമേ…” അവളുടെ നിര്‍മലമായ വിശ്വാസത്തില്‍ സംപ്രീതനായ ഈശോ കരങ്ങള്‍ രണ്ടും ബാലന്‍റെ തലയില്‍ വച്ചു. തള്ളവിരലുകള്‍ കണ്‍കുഴികളുടെ മീതെയാക്കി. തല ഉയര്‍ത്തി പ്രാര്‍ത്ഥിച്ചുകൊണ്ട് പറഞ്ഞു: “കാണുക, ഞാന്‍ ഇതാവശ്യപ്പെടുന്നു. ദൈവത്തെ സ്തുതിക്കുവിന്‍.” ദൈവിക വിരലുകള്‍ മാറിയപ്പോള്‍ കണ്‍കുഴികളില്‍നിന്ന് രണ്ട് സുന്ദരമായ കടുംനീല കണ്ണുകള്‍ വിസ്മയവും സന്തോഷവും പൂണ്ട് അമ്മയെ നോക്കുന്നു.!!” വീണ്ടും ഈശോ ഒരു അത്ഭുതംകൂടി പ്രവര്‍ത്തിച്ചു. ആ സ്ത്രീയുടെ ഭര്‍ത്താവിന്‍റെ ഹൃദയത്തെ സ്പര്‍ശിച്ചുകൊണ്ട് അതിന് സൗഖ്യം നല്കി. തുടര്‍ന്ന് ഈശോ അവളോട് പറഞ്ഞു: “നിന്‍റെ മകനെ ഭര്‍ത്താവിന് കാണിച്ചു കൊടുക്കുക. അവന്‍ നിന്നെ വീണ്ടും സ്നേഹിക്കും. നിന്‍റെ ഭവനം കൂടുതല്‍ സന്തോഷമുള്ളതായിത്തീരും.” കുട്ടിയുടെ അന്ധതയും ഭര്‍ത്താവിന്‍റെ സ്നേഹരാഹിത്യവും സുഖപ്പെടുത്തിയ ഈശോയുടെ കാല്ക്കല്‍വീണ് അവള്‍ അവിടുത്തെ സ്തുതിച്ചാരാധിച്ച് മഹത്വപ്പെടുത്തി.
പിന്നീട് ഈശോ ശിഷ്യന്മാരോട് പറഞ്ഞു: “ഇന്ന് ചെയ്ത രണ്ട് അത്ഭുതങ്ങളില്‍ ഏതാണ് എളുപ്പം എന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? സ്രഷ്ടാവും കര്‍ത്താവും ആയവന് കണ്ണില്ലാതെ ജനിച്ച ഒരാള്‍ക്ക് കണ്ണ് കൊടുക്കുന്നതും മൃതശരീരത്തിന് ശ്വാസം കൊടുക്കുന്നതും വളരെ ലളിതമായ കാര്യമാണ്. കാരണം അത് പൂര്‍ണമായും അവന്‍റെ ശക്തിയെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാല്‍ ഭര്‍ത്താവിനെയും ഭാര്യയെയും രമ്യതപ്പെടുത്തുക എന്ന രണ്ടാമത്തെ അത്ഭുതം ചെയ്യുന്നത് അത്ര എളുപ്പമല്ല. കാരണം മനുഷ്യര്‍ തമ്മിലുള്ള യോജിപ്പിന്‍റെ കാര്യമാകുമ്പോള്‍ ദൈവത്തിന്‍റെ ആഗ്രഹത്തോടുകൂടെ മനുഷ്യരുടെ സമ്മതവുംകൂടി വേണം. മനുഷ്യരുടെ സ്വാതന്ത്ര്യത്തോട് വളരെ അപൂര്‍വമായി മാത്രമേ ദൈവം ബലം പ്രയോഗിക്കുകയുള്ളൂ. സാധാരണയായി നിങ്ങള്‍ ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിക്കുവാന്‍ ദൈവം അനുവദിക്കുന്നു. ദൈവികദാനങ്ങള്‍ സ്വീകരിക്കുവാന്‍ അവിടുന്ന് ആരെയും നിര്‍ബന്ധിക്കുന്നില്ല” (ദൈവമനുഷ്യന്‍റെ സ്നേഹഗീത-Vol. XI).
കാരുണ്യവാനായ ദൈവം മനുഷ്യന് നല്കിയിരിക്കുന്ന മഹാദാനമാണ് സ്വതന്ത്രമനസ്. ശരിയും തെറ്റും തിരിച്ചറിയുവാന്‍ കഴിയുന്ന ബുദ്ധിയും ചിന്തിക്കുവാനും തീരുമാനങ്ങള്‍ എടുക്കുവാനുമുള്ള സ്വാതന്ത്ര്യവും മനുഷ്യന് നല്കിയിട്ടുണ്ട്. അതോടൊപ്പം ദൈവികദാനങ്ങളെക്കുറിച്ച് വ്യക്തമായ അറിവും നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ ഉപദേശങ്ങളും കല്പനകളോടുകൂടി നല്കിയിരിക്കുന്നു. “അഗ്നിയും ജലവും അവിടുന്ന് നിന്‍റെ മുന്‍പില്‍ വച്ചിരിക്കുന്നു; ഇഷ്ടമുള്ളത് എടുക്കാം. ജീവനും മരണവും മനുഷ്യന്‍റെ മുമ്പിലുണ്ട്; ഇഷ്ടമുള്ളത് അവന് ലഭിക്കും.” (പ്രഭാഷകന്‍ 15:16-17). സ്വന്തം ബുദ്ധിയും ദൈവം തന്ന സ്വാതന്ത്ര്യവും ശരിയായി ഉപയോഗിച്ച് നിത്യജീവന്‍ പ്രാപിക്കുക എന്നതാണ് മനുഷ്യധര്‍മം. പൗലോസ് ശ്ലീഹ ഓര്‍മിപ്പിക്കുന്നു: “എന്‍റെ സഹോദരരേ, സ്വാതന്ത്ര്യത്തിലേക്കാണ് നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത്; ഭൗതികസുഖത്തിനുള്ള സ്വാതന്ത്ര്യമായി അതിനെ ഗണിക്കരുതെന്നുമാത്രം” (ഗലാത്തിയ 5:13).
വഴി എങ്ങനെ അറിയും?
“ഞാന്‍ നിന്നെ ഉപദേശിക്കാം. നീ നടക്കേണ്ട വഴി കാണിച്ചുതരാം; ഞാന്‍ നിന്‍റെമേല്‍ ദൃഷ്ടിയുറപ്പിച്ച് നിന്നെ ഉപദേശിക്കാം” (സങ്കീര്‍ത്തനങ്ങള്‍ 32:8). ആത്മജ്ഞാനം പകര്‍ന്നുതന്ന് യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിലേക്ക് നമ്മെ നയിക്കുവാന്‍ ദൈവാത്മാവിന് മാത്രമേ കഴിയൂ. പക്ഷേ മനുഷ്യന്‍ സഹകരിച്ചില്ലെങ്കില്‍ ദൈവത്തിന്‍റെ ശ്രമം നിഷ്ഫലമാണ്. നാം നമ്മെത്തന്നെ അവിടുത്തേക്ക് പൂര്‍ണമായി സമര്‍പ്പിക്കുമെങ്കില്‍ അവിടുത്തെ കൃപ നമ്മുടെ മാര്‍ഗത്തിലെ എല്ലാ തടസങ്ങളും നീക്കും. വിശുദ്ധ അഗസ്റ്റിന്‍ അറിയിക്കുന്നു: “ദൈവത്തിന്‍റെ മടിയിലേക്ക് മനുഷ്യന്‍ തളര്‍ന്നു വീഴണം. എങ്കില്‍മാത്രമേ താന്‍ എഴുന്നേല്‍ക്കുമ്പോള്‍ അവരെക്കൂടി എഴുന്നേല്പ്പിക്കുവാന്‍ ദൈവത്തിന് സാധിക്കുകയുള്ളൂ.” അതിനാണ് ദൈവം മനുഷ്യനായത്. ദൈവാത്മാവ് ജ്ഞാനത്തിലൂടെ നമ്മെ നയിക്കുന്നത് രക്ഷയിലേക്കാണ്. “ജ്ഞാനം ഭൂവാസികളുടെ പാത നേരെയാക്കി. അങ്ങേക്ക് പ്രസാദമുള്ളവ അവരെ പഠിപ്പിച്ചു; അവര്‍ രക്ഷിക്കപ്പെടുകയും ചെയ്തു” ജ്ഞാനം 9:18).
സ്വന്തം സ്വാതന്ത്ര്യം ബലിയായി നല്കിയ പരിശുദ്ധ അമ്മ, ദൈവത്തിന്‍റെ ദാസിയായി സ്വയം സമര്‍പ്പിച്ചതിനാലാണ് ദൈവമാതാവായി ഉയര്‍ത്തപ്പെട്ടത്. നമ്മുടെ സ്വാതന്ത്ര്യവും പൂര്‍ണമായി ദൈവത്തിന് സമര്‍പ്പിച്ച് അവിടുത്തേക്ക് നമ്മില്‍ പ്രവര്‍ത്തിക്കുവാന്‍ അവസരം കൊടുക്കാം. സ്വതന്ത്ര മനസാകുന്ന വൃക്ഷത്തില്‍നിന്ന് നല്ല ഫലങ്ങള്‍ സ്വീകരിക്കുവാനുള്ള കൃപയ്ക്കായി യാചിക്കാം. നമുക്ക് പ്രാര്‍ത്ഥിക്കാം:
“വിശുദ്ധ സ്വര്‍ഗത്തില്‍നിന്ന്, അവിടുത്തെ മഹത്വത്തിന്‍റെ സിംഹാസനത്തില്‍നിന്ന്, ജ്ഞാനത്തെ അയച്ചുതരണമേ. അവള്‍ എന്നോടൊത്ത് വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ അങ്ങയുടെ ഹിതം ഞാന്‍ മനസിലാക്കട്ടെ! സകലതും അറിയുന്ന അവള്‍ എന്‍റെ പ്രവൃത്തികളില്‍ എന്നെ ബുദ്ധിപൂര്‍വം നയിക്കും. തന്‍റെ മഹത്വത്താല്‍ അവള്‍ എന്നെ പരിപാലിക്കും. അപ്പോള്‍ എന്‍റെ പ്രവൃത്തികള്‍ സ്വീകാര്യമാകും” (ജ്ഞാനം 9:10-12). ډ
Rosamma Naduthottiyil
Want to be in the loop?
Get the latest updates from Tidings!