Home/Encounter/Article

മേയ് 21, 2019 1714 0 Father Jinson Joseph
Encounter

ധീരന്‍മാര്‍ക്കു മാത്രമുള്ള വഴി

അധികദൂരം നടക്കേണ്ടതെങ്ങനെയെന്ന് എനിക്ക് കാണിച്ചുതന്നത് ഒരു ചേച്ചിയാണ.് അവര്‍ എന്നോട് പറഞ്ഞു, ”കഴിഞ്ഞ 20 വര്‍ഷമായി ഞാന്‍ എന്റെ അമ്മായിയമ്മയെ നോക്കുന്നു.. ഞാന്‍ ഒരിക്കല്‍ പോലും അവരോട് ദേഷ്യപ്പെട്ടിട്ടില്ല.. വേണ്ടതെല്ലാം ചെയ്തു കൊടുത്തു. എന്നാലും കാരുണ്യത്തോടെ ഒരു വാക്ക് എനിക്ക് ലഭിച്ചിട്ടില്ല”

ഞാന്‍ ആ ചേച്ചിയോട് പറഞ്ഞു, ”അതെല്ലാം ശരിയാണ് ചേച്ചീ. എന്നാല്‍ ഒരു കാര്യം. ചേച്ചി അമ്മയെ സ്‌നേഹിക്കുന്നുണ്ടോ? സ്‌നേഹത്തില്‍ പരാതികള്‍ ഇല്ല.”

അധിക ദൂരത്തിലെ അടിസ്ഥാനം സ്‌നേഹമാണ്. ഇല്ലെങ്കില്‍ അധികദൂരം നടന്നിട്ട് കാല് കഴച്ചതിനെപ്പറ്റി നമ്മള്‍ പരാതിപറയും. ഭാര്യയെ ഒന്ന് പ്രശംസിക്കുമ്പോള്‍, അത്താഴത്തിന് ഒരു കറി കൂടി ഉാക്കുമ്പോള്‍, അയല്‍പക്കത്തുള്ളവരെ പരിചയപ്പെടുമ്പോള്‍, പത്രക്കടലാസുകള്‍ അടുക്കി വയ്ക്കുമ്പോള്‍, ഒരു മരം നടുമ്പോള്‍, ഒരു കൊച്ചുകുഞ്ഞിന്റെകൂടെ കളിക്കുമ്പോള്‍, എല്ലാം നാം അധികം ദൂരം നടക്കും.

അധികദൂരം സഞ്ചരിക്കുന്നവര്‍ വാതിലുകള്‍ തുറന്നിടുന്നവരാണ്. പാതിരാത്രിയും നട്ടുച്ചവെയിലും മകരമഞ്ഞും ഇടവപ്പാതിയും നന്മ ചെയ്യുന്നതില്‍ നിന്ന് അവരെ വിലക്കുന്നില്ല. വിശുദ്ധ കൊച്ചുത്രേസ്യാ പറഞ്ഞതുപോലെ എന്റെ ദൈവവിളി സ്‌നേഹം ആകുന്നു എന്ന് നിരന്തരം പറയുന്നവരാണ് അവര്‍.

അധികദൂരത്തിന്റെ മറ്റൊരു മാതൃക എന്റെ അനുജനില്‍നിന്ന് പഠിച്ചിട്ടുണ്ട്. ബാല്യകാലത്തിന്റെ നിഷ്‌കളങ്കതയില്‍ ഓടിച്ചാടി നടന്നിരുന്ന അനിയന്റെ ഇളം തുടയില്‍ ഒരു ദിവസം പേരക്കമ്പുകൊണ്ട് അപ്പന്‍ അടിച്ചപ്പോള്‍ അവനത് അര്‍ഹിച്ചു എന്നു തോന്നി. എന്നാല്‍ പിന്നീട് അവന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റം തെറ്റാണെന്ന് തെളിഞ്ഞു.

ഒരു രൂപ എന്റെ ബോക്‌സില്‍ നിന്നും എടുത്തു എന്നതായിരുന്നു കുറ്റം.. പിന്നീട് നോക്കിയപ്പോള്‍ ഒരു രൂപ കോമ്പസിനും മട്ടകോണിനും ഇടയിലുണ്ടായിരുന്നു… പേരക്കമ്പ് എന്റെ കാലില്‍ പതിച്ചില്ല… വീട്ടുകാരും ഒന്നും പറഞ്ഞില്ല.. അനുജന്‍മാത്രം ഒരു ചോദ്യം ചോദിച്ചു, ”എല്ലാവരുടെയും മുന്‍പില്‍ നീ എന്തിനെന്നെ കള്ളനാക്കി?”

ആ ചോദ്യത്തിനു മുന്‍പില്‍ എന്റെ മനസ്സാക്ഷി വേകുന്നതായി അവന് തോന്നി. അപ്പോള്‍ അവന്‍തന്നെ പറഞ്ഞു, ”സാരമില്ല പോട്ടെ!”

ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്നത് വളരെ വലിയ വേദനയാണെന്ന് നമുക്കറിയാം. എന്നിട്ടും എന്നോട് ക്ഷമിച്ചുകൊണ്ട് അധികദൂരം സഞ്ചരിക്കുകയായിരുന്നു അവന്‍. ആ വാക്കുകള്‍ക്കൊപ്പം എത്താന്‍ ഇനിയും എത്ര കാതം സഞ്ചരിക്കേണ്ടിയിരിക്കുന്നു! ഒരുപാട് അധിക ദൂരങ്ങള്‍… ഈ വഴി ധീരന്മാര്‍ക്ക് ഉള്ളതാണ്. •

Share:

Father Jinson Joseph

Father Jinson Joseph

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles