Home/Engage/Article

സെപ് 06, 2023 250 0 Jose Kappen
Engage

ദൈവസ്വരം കേട്ടപ്പോള്‍ കിട്ടിയ സുഹൃത്തുക്കള്‍

വിഷമിച്ച് പ്രാര്‍ത്ഥിച്ച ഒരു രാത്രിയില്‍ ഈശോ നല്കിയ സന്ദേശം

ഞാന്‍ നവീകരണധ്യാനത്തില്‍ പങ്കെടുത്തതിനുശേഷമുള്ള ആദ്യനാളുകളില്‍ ഞങ്ങള്‍ വീട്ടില്‍ വളര്‍ത്തിയിരുന്ന ഒരു കറവപ്പശു രോഗത്തില്‍പ്പെട്ടു. ഡോക്ടര്‍ വന്ന് ഇന്‍ജക്ഷന്‍ എടുത്തു. മരുന്നുകള്‍ മാറിമാറി കൊടുത്തു. പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല. പശുവിന്‍റെ രോഗവും ക്ഷീണവും വര്‍ധിച്ചുവന്നു. അതുകൊണ്ട് ആയുര്‍വേദചികിത്സകള്‍ ആരംഭിച്ചു. കഷായം, കിഴി, കുഴമ്പ് എന്നിങ്ങനെയുള്ള ചികിത്സകളും നടത്തി. യാതൊരു മെച്ചവും ഉണ്ടായില്ല. ഇങ്ങനെ വിഷമിച്ച് ഒരു രാത്രി വ്യക്തിപരമായ പ്രാര്‍ത്ഥനയില്‍ ഈശോയോട് പരാതി പറഞ്ഞ് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ലഭിച്ച സന്ദേശം: ‘വിശുദ്ധ അന്തോനീസിന്‍റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുക.’

ജീവിതത്തില്‍ അന്നുവരെ ഞാന്‍ വിശുദ്ധ അന്തോനീസിന്‍റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചിട്ടില്ല. എന്നിരുന്നാലും സന്ദേശത്തില്‍ വിശ്വസിച്ചുകൊണ്ട് ഒരു സ്വര്‍ഗസ്ഥനായ പിതാവേ, ഒരു നന്മനിറഞ്ഞ മറിയമേ, ഒരു ത്രിത്വസ്തുതി എന്നീ പ്രാര്‍ത്ഥനകള്‍ ചൊല്ലി വിശുദ്ധ അന്തോനീസിന്‍റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിച്ചു, പശുവിന്‍റെ സൗഖ്യപ്രാപ്തിക്കായി. കൂടെ ഒരു നിബന്ധനയും വച്ചു, “ഞാന്‍ ഇപ്പോള്‍ അന്തോനീസ് പുണ്യവാന്‍റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ നാളെ രാവിലെ ഞാന്‍ പശുത്തൊഴുത്തില്‍ ചെന്ന് നോക്കുമ്പോള്‍ പശുവിന്‍റെ രോഗം പൂര്‍ണമായി മാറിയിരിക്കണം. എങ്കില്‍ ഞാന്‍ എന്‍റെ ജീവിതത്തില്‍ എന്നും വിശുദ്ധ അന്തോനീസിന്‍റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുന്നതും ഈ ഭക്തി പ്രചരിപ്പിക്കുന്നതുമാണ്.” ഇപ്രകാരം കര്‍ത്താവിനോട് പറഞ്ഞതിനുശേഷം കിടന്നുറങ്ങി. രാവിലെ എഴുന്നേറ്റ് തൊഴുത്തില്‍പ്പോയി നോക്കിയപ്പോള്‍ പശുവിന് ഇങ്ങനെയൊരു രോഗം ഉണ്ടായിട്ടുള്ളതിന്‍റെ ലക്ഷണംപോലും ഇല്ലാതെ സുഖമായി തൊഴുത്തില്‍ നില്‍ക്കുന്നു! ദൈവത്തിന് സ്തുതി. അന്നുമുതല്‍ ഇന്നുവരെ ഞാന്‍ വിശുദ്ധ അന്തോനീസിന്‍റെ മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുന്നു.

അതുപോലെതന്നെ എന്‍റെ വ്യക്തിജീവിതത്തില്‍ ഒരിക്കല്‍ ഒരു അനുഗ്രഹത്തിനായി പ്രാര്‍ത്ഥിക്കുന്ന സമയത്ത്, പരിശുദ്ധാരൂപി ഒരു സന്ദേശം തന്നു, ഈ അനുഗ്രഹം ലഭിക്കാനായി വിശുദ്ധ റീത്തായോട് 14 ദിവസം മാധ്യസ്ഥ്യം പ്രാര്‍ത്ഥിക്കുക.

റീത്താ പുണ്യവതി എന്ന് എനിക്ക് കേട്ടുകേള്‍വിമാത്രമാണ് ഉണ്ടായിരുന്നത്. ഏതായാലും അന്നുമുതല്‍ റീത്താ പുണ്യവതിയോട് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. 14-ാം ദിവസം ആ ദൈവാനുഗ്രഹം ലഭിച്ചു. ദൈവത്തിന് സ്തുതി.

വിശുദ്ധരോടുള്ള ഭക്തിയും മാധ്യസ്ഥ്യവുംവഴി ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ കഴിയും എന്ന് തിരുസഭാമാതാവ് നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ. ഇങ്ങനെ പ്രാപിച്ച ഏറെ പ്രാര്‍ത്ഥനാനുഭവങ്ങള്‍ ദീര്‍ഘസമയം പങ്കുവയ്ക്കാവുന്നതരത്തില്‍ എനിക്കുണ്ടായിട്ടുണ്ട്.

“നാലു ജീവികളും ഇരുപത്തിനാല് ശ്രേഷ്ഠന്‍മാരും കുഞ്ഞാടിന്‍റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചു. ഓരോരുത്തരും വീണയും വിശുദ്ധരുടെ പ്രാര്‍ത്ഥനകളാകുന്ന പരിമളദ്രവ്യം നിറഞ്ഞ സ്വര്‍ണക്കലശങ്ങളും കൈയിലേന്തിയിരുന്നു” (വെളിപാട് 5/8).

Share:

Jose Kappen

Jose Kappen

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles