Trending Articles
ദിവ്യബലി അര്‍പ്പണത്തിനിടയില്‍ സംഭവിച്ച ഒരു മാനസാന്തരം.
പരമപരിശുദ്ധനായ ദൈവപുത്രന്‍ വിശുദ്ധ കുര്‍ബാനയില്‍ സത്യമായും സന്നിഹിതനായിരിക്കുന്നു. അന്ത്യ അത്താഴസമയത്ത് അവിടുന്ന് അപ്പമെടുത്ത് കൃതജ്ഞതാസ്തോത്രം ചെയ്ത് ശിഷ്യന്മാര്‍ക്ക് കൊടുത്തുകൊണ്ട് അരുളിച്ചെയ്തത് ഇപ്രകാരമാണല്ലോ: “ഇത് നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്‍റെ ശരീരമാണ്” (ലൂക്കാ 22:19). തുടര്‍ന്ന് അവിടുന്ന് അരുളിച്ചെയ്തു: “എന്‍റെ ഓര്‍മയ്ക്കായി ഇത് ചെയ്യുവിന്‍.” അതിനാല്‍ അര്‍പ്പിക്കപ്പെടുന്ന ഓരോ ദിവ്യബലിയിലും ബഹുമാനപ്പെട്ട വൈദികന്‍ അപ്പമെടുത്ത് വാഴ്ത്തുമ്പോള്‍ അത് യഥാര്‍ത്ഥത്തില്‍ യേശുവായി രൂപാന്തരപ്പെടുന്നു. വിശ്വാസത്തിന്‍റെയും സ്നേഹത്തിന്‍റെയും കണ്ണുകളിലൂടെയാണ് ഈ കാഴ്ച കാണുവാന്‍ കഴിയുന്നത്. അതുകൊണ്ടുതന്നെ ഓരോ വിശ്വാസിക്കും യേശു സ്നേഹിച്ചിരുന്ന ശിഷ്യന്‍ ഉദ്ഘോഷിച്ചതുപോലെ ഇപ്രകാരം പറയുവാന്‍ സാധിക്കണം: ‘അത് കര്‍ത്താവാണ്.’
ഇക്കാര്യം മനസില്‍ വച്ചുകൊണ്ടാണ് അതീവ ജാഗ്രതയോടും ആദരവോടും യോഗ്യതയോടുംകൂടെ വിശുദ്ധ കുര്‍ബാന സ്വീകരിക്കണമെന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മിപ്പിക്കുന്നത്. അയോഗ്യമായ വിശുദ്ധ കുര്‍ബാന സ്വീകരണം ആത്മീയമായ മരണത്തിന് കാരണമാകുമെന്ന് അദ്ദേഹം താക്കീത് ചെയ്യുന്നുണ്ട്.
ഈ സന്ദേശം ഇപ്പോള്‍ ഓര്‍മയില്‍വരാന്‍ കാരണം ഒരു കാലികസംഭവം വായിച്ചതാണ്. റീത്ത ക്ലെയര്‍ ആണ് കഥാപാത്രം. പ്രശസ്തയായ അമേരിക്കന്‍ ഫുട്ബോള്‍ താരമായിരുന്നു റീത്ത. പരമ്പരാഗത കത്തോലിക്ക കുടുംബത്തില്‍ ജനിച്ചവളും കത്തോലിക്ക സ്കൂളില്‍ പരിശീലനം നേടിയവളുമായിരുന്നു റീത്ത. എങ്കിലും ആഴമായ വിശ്വാസം അവള്‍ക്കുണ്ടായിരുന്നില്ല. എല്ലാവരെയുംപോലെ ദിവ്യബലിയില്‍ സംബന്ധിക്കുകയും അശ്രദ്ധമായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്തിരുന്നു റീത്ത. ഒരു ദിനചര്യ എന്നോണം യാന്ത്രികമായി അവള്‍ അങ്ങനെ ചെയ്തുപോന്നു. അവളില്‍ വിശുദ്ധ പൗലോസിന്‍റെ മുന്നറിയിപ്പ് അന്വര്‍ത്ഥമാകുകയായിരുന്നു. ഒരു ആത്മീയ മരണത്തിലേക്ക് അവളുടെ ആത്മാവ് കൂപ്പുകുത്തി. കുത്തഴിഞ്ഞ ഒരു ജീവിതമാണ് അവള്‍ നയിച്ചിരുന്നത്. വാരാന്ത്യങ്ങളില്‍ യുവസുഹൃത്തുക്കള്‍ക്കൊപ്പം അവള്‍ രാത്രികാലങ്ങള്‍ ചെലവഴിച്ചിരുന്നു. എങ്കിലും ദിവ്യബലി അവള്‍ മുടക്കിയിരുന്നില്ല.
നഷ്ടപ്പെട്ട ആടിനെ എല്ലാക്കാലത്തും നേടുന്ന നല്ല ഇടയന്‍ ഒരിക്കല്‍ അവളെയും തേടിയെത്തി. 2007-ല്‍ ആണ് അത് സംഭവിച്ചത്. ഒരു ദിവ്യബലിമധ്യേ വൈദികന്‍ നല്‍കിയ വചനസന്ദേശം വിശുദ്ധ പൗലോസിന്‍റെ ലേഖനത്തെ ആ സ്പദമാക്കിയായിരുന്നു. അയോഗ്യമായി വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നവര്‍ യേശുവിനെ നിന്ദിക്കുകയാണ് എന്ന വൈദികന്‍റെ വാക്കുകള്‍ അവളുടെ ഹൃദയത്തെ കീറിമുറിച്ചു. ഇരുതല വാളിനെക്കാള്‍ മൂര്‍ച്ചയുള്ളതാണല്ലോ കര്‍ത്താവിന്‍റെ വചനം. ആഴമായ പാപബോധം അവള്‍ക്കുണ്ടായി. ഒരു നല്ല കുമ്പസാരം നടത്തണമെന്ന് ആരോ അവളുടെ മനസില്‍ മന്ത്രിക്കുന്നതായി അവള്‍ക്കനുഭവപ്പെട്ടു.
എല്ലാ പാപങ്ങളും ഓര്‍ത്തെടുത്ത് കണ്ണീരോടെ അവള്‍ പാപസങ്കീര്‍ത്തനം നടത്തി. “നിങ്ങളുടെ പാപങ്ങള്‍ കടും ചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും” (ഏശയ്യാ 1:18) എന്ന് അരുളിച്ചെയ്ത കര്‍ത്താവ് റീത്തയ്ക്കും ഒരു പുതുമയുള്ള വെണ്മവസ്ത്രം നല്‍കി.
ഒരു ആത്മീയ നവോത്ഥാനത്തിന്‍റെ പാതയിലായി റീത്ത. അവളുടെ ഇടവകവികാരി അവള്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശം നല്‍കി. പഴയ ജീവിതം എന്തെന്നില്ലാത്ത ഒരു മടുപ്പ് അവളിലുണ്ടാക്കിയിരുന്നു. പുതിയ എന്തിനോവേണ്ടി അവളുടെ മനസ് കേഴുവാന്‍ തുടങ്ങി. അവസാനം അവള്‍ അത് കണ്ടെത്തി. തന്‍റെ വിളി പാപപങ്കിലമായ ഈ ലോകത്തില്‍ ഒരു തുഷാരബിന്ദുപോലെ ശോഭിക്കുക എന്നതാണ്. വ്യത്യസ്തമായ ഒരു വഴിയാണ് റീത്ത തിരഞ്ഞെടുത്തത്. ഫ്രാന്‍സിസ്കന്‍ സഭയില്‍ ചേര്‍ന്ന് ഒരു സന്യാസിനിയായി ശിഷ്ടജീവിതം യേശുവിനായി സമര്‍പ്പിക്കാന്‍ അവള്‍ തീരുമാനിച്ചു.
‘ഫ്രാന്‍സിസ്കന്‍ സിസ്റ്റേഴ്സ് ഓഫ് പെനന്‍സ് ഓഫ് സോറോഫുള്‍ മദര്‍’ എന്ന സന്യാസ സഭയിലാണ് റീത്ത ചേര്‍ന്നത്. ദീര്‍ഘനാളത്തെ പരിശീലനത്തിനും പ്രാര്‍ത്ഥനയ്ക്കും കാത്തിരിപ്പിനും ഒടുവില്‍ ഇക്കഴിഞ്ഞ ജൂണ്‍ 30-ന് സിസ്റ്റര്‍ റീത്ത ക്ലെയര്‍ നിത്യവ്രതവാഗ്ദാ നം നടത്തി.
സിസ്റ്ററിന്‍റെ ജീവിതം നമുക്കെല്ലാവര്‍ക്കും ഒരു ചൂണ്ടുപലകയാണ്. നാം നടക്കേണ്ട അനുഗ്രഹത്തിന്‍റെ വഴി സിസ്റ്റര്‍ റീത്ത നമ്മെ കാണിച്ചുതരുന്നു. അനുദിനമുള്ള വിശുദ്ധ കുര്‍ബാന സ്വീകരണം സഭ അനുവദിക്കുമ്പോഴും അത് ഒരു യാന്ത്രിക പ്രവൃത്തിയാകാന്‍ പാടില്ല. ഏറ്റവും ചെറിയ പാപത്തെക്കുറിച്ചുപോലും പശ്ചാത്തപിച്ച് മനഃസ്താപ പ്രകരണം ഏറ്റുചൊല്ലി, അയോഗ്യത ഏറ്റുപറഞ്ഞ് അതീവ ശ്രദ്ധയോടും സ്നേഹത്തോടും കൂടെ വേണം ദൈവപുത്രനെ സ്വീകരിക്കാന്‍ അണയേണ്ടത്. അങ്ങനെ ചെയ്യുന്ന ഓരോ ദിവ്യകാരുണ്യ സ്വീകരണവും ഒരു ആത്മീയ ഉത്ഥാനത്തിന് നിദാനമാകുമെന്നതില്‍ സംശയമില്ല. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.
കര്‍ത്താവായ യേശുവേ, അവിടുന്ന് സത്യമായും വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതനാണെന്ന് ഞാന്‍ വിശ്വസിക്കുകയും ഇപ്പോള്‍ എന്‍റെ അധരങ്ങള്‍ കൊണ്ട് ഏറ്റുപറയുകയും ചെയ്യുന്നു. അങ്ങയെ അയോഗ്യമായി സ്വീകരിച്ച നിമിഷങ്ങളെയോര്‍ത്ത് ഞാന്‍ ലജ്ജിക്കുകയും പശ്ചാത്താപത്തോടെ മാപ്പു ചോദിക്കുകയും ചെയ്യുന്നു. ആഴമായ ദിവ്യകാരുണ്യഭക്തിയാല്‍ എന്‍റെ ഹൃദയത്തെ നിറയ്ക്കണമേ. അങ്ങുതന്നെ എന്‍റെ കരങ്ങള്‍ പിടിച്ച് എന്നെ മുമ്പോട്ട് നയിച്ചാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ദിവ്യകാരുണ്യനാഥന്‍റെ സ്നേഹത്തിന് യോഗ്യമായ ഒരു ജീവിതം നയിക്കാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ – ആമ്മേന്‍.
K J Mathew
Want to be in the loop?
Get the latest updates from Tidings!