Home/Encounter/Article

മാര്‍ 28, 2020 1873 0 George Muringoor
Encounter

ട്രെയിന്‍ ബര്‍ത്തിലുമുണ്ട് ഒരു സത്രം!

ഞങ്ങളുടെ ഇടവകയിലെ യുവവൈദികന്‍ പങ്കുവച്ച അനുഭവം വളരെ ചിന്തോദ്ദീപകമായി തോന്നി. അദ്ദേഹം ഉത്തരേന്ത്യയില്‍നിന്ന് നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നു. ട്രെയിനിലാണ് യാത്ര. രാത്രിനേരം താഴത്തെ തട്ടിലുള്ള തന്‍റെ ബര്‍ത്തില്‍ അച്ചന്‍ വിശ്രമിക്കുന്നു. അപ്പോള്‍ പാന്‍റ്സും ഷര്‍ട്ടും ധരിച്ച ഒരാള്‍ അദ്ദേഹത്തെ സമീപിച്ചു. കാഴ്ചയില്‍ അറുപത്തിയഞ്ചിലേറെ പ്രായം തോന്നും. അയാള്‍ പറഞ്ഞു: “എനിക്ക് മുകളിലെ ബര്‍ത്താണ് കിട്ടിയിരിക്കുന്നത്. മുകളില്‍ കയറാന്‍ ബുദ്ധിമുട്ടുണ്ട്. താങ്കളുടെ ഈ ബര്‍ത്ത് തന്നാല്‍ എനിക്ക് വലിയൊരു സഹായമായിരിക്കും.” അപ്പോള്‍ അച്ചന്‍ പറഞ്ഞു: “എന്‍റെ കാലിന് വേദനയുണ്ട്. മുകളില്‍ കയറി കിടക്കാന്‍ സാധിക്കുകയില്ല.”

അച്ചന് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അയാള്‍ ബുദ്ധിമുട്ടിയിട്ടാണെങ്കിലും മുകളില്‍ കയറിക്കിടന്നു. അല്പനേരം കഴിഞ്ഞപ്പോള്‍ അച്ചന്‍ കണ്ട കാഴ്ച അച്ചനെ വേദനിപ്പിച്ചു. ആ ബര്‍ത്തിന്‍റെ ഒരു മൂലയില്‍ ഒരു കൃത്രിമകാല്‍ തൂക്കിയിട്ടിരിക്കുന്നു! അത് തന്നോട് ബര്‍ത്ത് ചോദിച്ച വ്യക്തിയുടെ കൃത്രിമ കാലാണെന്ന് അച്ചന് മനസിലായി.

“എന്‍റെ കാലിന് ചെറിയൊരു വേദന മാത്രമേയുള്ളൂ. സഹിക്കാവുന്ന വേദന മാത്രം. എനിക്ക് മുകളില്‍ കയറി കിടക്കാമായിരുന്നു. അദ്ദേഹം ഒരു കാല്‍ നഷ്ടപ്പെട്ട മനുഷ്യനാണ്. ഞാന്‍ ചെയ്തത് വലിയ ക്രൂരതയായിപ്പോയല്ലോ…” അച്ചന്‍ ആത്മഗതം ചെയ്തു.

ആ സഹയാത്രികന് താഴത്തെ ബര്‍ത്ത് നല്കാന്‍ വിസമ്മതിച്ചത് ശപിക്കപ്പെട്ട ഒരു നിമിഷത്തിലാണെന്ന് അച്ചന് തോന്നി. “മേലങ്കി എടുക്കുന്നവനെ കുപ്പായംകൂടി എടുക്കുന്നതില്‍നിന്ന് തടയരുത്. നിന്നോട് ചോദിക്കുന്ന ഏതൊരുവനും കൊടുക്കുക. നിന്‍റെ വസ്തുക്കള്‍ എടുത്തുകൊണ്ടുപോകുന്നവനോട് തിരികെ ചോദിക്കരുത്” എന്ന് കല്പിച്ചരുളിയ യേശുക്രിസ്തുവിന്‍റെ ശിഷ്യനാകാന്‍ തനിക്ക് എന്ത് യോഗ്യതയുണ്ട്? നിസഹായനായ ആ സഹയാത്രികന് തന്‍റെ ബര്‍ത്ത് നല്കാന്‍ കഴിയാതിരുന്നതിനെയോര്‍ത്ത് അച്ചന്‍ ഏറെ വേദനിച്ചു.

അച്ചന്‍ ക്രിസ്മസ് രാത്രി കുര്‍ബാനമധ്യേ ഇക്കാര്യങ്ങള്‍ പറഞ്ഞു. ഹൃദയത്തില്‍ ഇടം കൊടുക്കാന്‍ മനസില്ലാതിരുന്നതുകൊണ്ടാണ് ബര്‍ത്ത് നല്‍കാന്‍ കഴിയാതിരുന്നത് എന്ന് സ്വയം വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം വിശദീകരിച്ചു, ഹൃദയത്തില്‍ ഇടം കൊടുക്കാന്‍ മനസില്ലാത്തവരാണ് കന്യകാമറിയത്തിന് പ്രസവിക്കാന്‍ ഒരിടം നല്‍കാതിരുന്നത്. എല്ലാ മനുഷ്യരും ദൈവത്തിന്‍റെ സൃഷ്ടികളാണ്. അതുകൊണ്ട് പരസ്പരം സഹോദരങ്ങളുമാണ്.

അതിനാല്‍ സ്നേഹിക്കണം, ഹൃദയത്തില്‍ ഇടം നല്കണം. കൂടെ ജീവിക്കുന്ന ജീവിതപങ്കാളിക്ക് ഹൃദയത്തില്‍ ഇടം നല്കാത്തവരുണ്ട്. വളര്‍ത്തി വലുതാക്കിയ മാതാപിതാക്കള്‍ക്ക് ഹൃദയത്തില്‍ ഇടം നല്കാത്ത മക്കളുണ്ട്. അയല്‍ക്കാര്‍ക്കും ബന്ധുക്കള്‍ക്കും ഹൃദയത്തില്‍ ഇടം കൊടുക്കാത്തവരുണ്ട്. എല്ലാവരെയും നമുക്ക് സ്നേഹിക്കാം. എല്ലാവര്‍ക്കും ഇടം നല്കാം. യേശു പലരുടെയും രൂപത്തില്‍ ഇന്നും നമ്മുടെ ഹൃദയത്തില്‍ പിറക്കാന്‍ ഇടം തേടിയെത്തുമ്പോള്‍ അവിടുത്തേക്ക് ഇടം നല്കുന്നവരായി നമുക്ക് മാറാം.

Share:

George Muringoor

George Muringoor

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles