Home/Enjoy/Article

ജൂണ്‍ 08, 2020 1709 0 Shalom Tidings
Enjoy

ജോണുക്കുട്ടന്‍റെയും ജോയല്‍മോന്‍റെയും റോസാപ്പൂക്കള്‍

പപ്പ ജോലികഴിഞ്ഞുവന്ന് ചായയൊക്കെ കുടിച്ചശേഷം പതിയെ കസേരയിലിരുന്ന് പത്രം വായന ആരംഭിച്ചു. ആ സമയത്താണ് ജൂണിമോള്‍ അടുത്തു ചെന്നത്. “ജോണുച്ചേട്ടനും ജോയല്‍മോനും തമ്മില്‍ വഴക്കുകൂടി പപ്പാ” അവള്‍ പറഞ്ഞു. “ഉവ്വോ, എന്തിനാ വഴക്കുകൂടിയത്. അവരെയിങ്ങു വിളിച്ചേ, ഞാന്‍ ചോദിക്കട്ടെ.” ജൂണിമോള്‍ വേഗം കാര്യം പറഞ്ഞ് അവരെ വിളിച്ചുകൊണ്ടുവന്നു. ജോണുക്കുട്ടന്‍ തലതാഴ്ത്തി നിന്നു. പപ്പ അവന്‍റെ മുഖം പിടിച്ചുയര്‍ത്തിയപ്പോഴതാ മുഖത്ത് വിരല്‍പാടുകള്‍. അതുകണ്ടതേ പപ്പക്ക് കാര്യം മനസ്സിലായി. പപ്പ ചോദിച്ചു, “എന്തിനാണ് ജോയല്‍ നീ ജോണുക്കുട്ടനെ തല്ലിയത്?”

“ചേട്ടന്‍ മറ്റുള്ളവരുടെ മുന്‍പില്‍വച്ച് എന്‍റെ കുറ്റങ്ങള്‍ പറഞ്ഞപ്പോള്‍ എനിക്ക് ദേഷ്യം വന്നു. അതുകൊണ്ടാണ് ഞാന്‍ തല്ലിയത്.”

അതുകേട്ട ജോണുക്കുട്ടന്‍ പെട്ടെന്ന് പറഞ്ഞു, “ഞാന്‍ അവന്‍ നല്ലതാവാന്‍ വേണ്ടിയാണ് അവന്‍റെ കുറ്റങ്ങള്‍ പറഞ്ഞുകൊടുത്തത്, പക്ഷേ അവന് ദേഷ്യം വന്നു.”

രണ്ടുപേരും കരച്ചിലിന്‍റെ വക്കിലാണ് നില്‍ക്കുന്നത്. ചെയ്തുപോയതില്‍ രണ്ടുപേര്‍ക്കും വിഷമമുണ്ടെന്നു പപ്പക്ക് മനസ്സിലായി. പപ്പ രണ്ടുപേരെയും ചേര്‍ത്തുപിടിച്ചിട്ട് പറഞ്ഞു, “സാരമില്ല, പോട്ടെ. ജോണുക്കുട്ടന്‍ ജോയല്‍മോന്‍റെ കുറവുകള്‍ ചൂണ്ടിക്കാണിച്ചത് ഒരു തെറ്റല്ല. പക്ഷേ അത് മറ്റുള്ളവരുടെ മുന്‍പില്‍ വച്ച് അവനെ അപമാനിച്ചുകൊണ്ടായിപ്പോയി. അവിടെയാണ് കുഴപ്പമായത്. ജോയല്‍മോന്‍ ജോണുച്ചേട്ടനെ അടിച്ചതാണ് അവന് പറ്റിയ തെറ്റ്.” പപ്പയുടെ വാക്കുകള്‍ കേട്ടപ്പോള്‍ രണ്ടുപേര്‍ക്കും ചെറിയൊരാശ്വാസമായി.

“എന്തായാലും സാരമില്ല, രണ്ടുപേരും പരസ്പരം ക്ഷമിച്ചേക്ക്. അപ്പോള്‍ ഈശോ അത് നിങ്ങളുടെ റോസാപ്പൂക്കളായി സ്വീകരിക്കും. പപ്പ അത് മുമ്പ് പറഞ്ഞുതന്നിട്ടില്ലേ?” ഇതുകേട്ടതേ രണ്ടുപേരുടെയും മുഖം റോസാപ്പൂപോലെ വിടര്‍ന്നു. ജൂണിമോളുടെ മുഖത്തും സന്തോഷം.

ജോണുക്കുട്ടനും ജോയല്‍മോനും കെട്ടിപ്പിടിച്ചു പരസ്പരം സോറി പറഞ്ഞു. പിന്നെ പരസ്പരം നോക്കി ചിരിച്ചു. തങ്ങളുടെ റോസാപ്പൂക്കള്‍ കൈയിലെടുത്ത് ഈശോയും ചിരിക്കുന്നതായി അവര്‍ക്ക് തോന്നി.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles