Home/Encounter/Article

ഏപ്രി 25, 2019 1683 0 Tony Kattakayam
Encounter

ചെറിയ കാര്യങ്ങള്‍ ചെയ്താല്‍ മതി!

“ദൈവപുരുഷന്റെ വാക്കനുസരിച്ച് അവന്‍ ജോര്‍ദാനിലിറങ്ങി ഏഴു പ്രാവശ്യം മുങ്ങി. അവന്‍ സുഖം പ്രാപിച്ചു; ശരീരം ശിശുവിന്റേതുപോലെയായി”
(2 രാജാക്കന്‍മാര്‍ 5:14)

സിറിയാ രാജാവിന്റെ സൈന്യാധിപനായിരുന്ന നാമാന് കുഷ്ഠരോഗമായിരുന്നു. സിറിയാസൈന്യം ഇസ്രായേലിനെ ആക്രമിച്ച സമയത്ത് അവിടെനിന്ന് അടിമയാക്കി
യ ഒരു പെണ്‍കുട്ടി നാമാന്റെ ഭാര്യയുടെ പരിചാരികയായി. അവള്‍ യജമാനത്തിയോട് പറഞ്ഞതുവഴി ഇസ്രായേലിലെ പ്രവാചകന് തന്റെ കുഷ്ഠം മാറ്റാന്‍ സാധിക്കുമെന്ന് നാമാന്‍ അറിഞ്ഞു. അതുപ്രകാരം അദ്ദേഹം പരിവാരങ്ങളുമൊത്ത് എലീഷാ പ്രവാചകന്റെയടുത്തേക്ക് നയിക്കപ്പെട്ടു. എന്നാല്‍ നാമാന്‍ തന്റെ വീട്ടു പടിക്കല്‍ എത്തിയപ്പോഴേ എലീഷാ തന്റെ ദൂതനെ അയച്ച് നാമാനോടു പറഞ്ഞ വചനമാണ് ധ്യാനവിഷയം.

ജോര്‍ദാനിലിറങ്ങി ഏഴു പ്രാവശ്യം കുളിക്കാനാണ് പ്രവാചകന്‍ നാമാനോട് ആവശ്യപ്പെട്ടത്. എന്നാല്‍ അതുകേട്ട നാമാന്‍ കുപിതനായി. ദൈവപുരുഷന്‍ കൈവീശി തന്റെ കുഷ്ഠം സുഖപ്പെടുത്തുമെന്നാണ് നാ മാന്‍ കരുതിയത്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട ഭൃത്യന്‍മാര്‍ ”പ്രവാചകന്‍ ഭാരിച്ച ഒരു കാര്യമാണ് പറഞ്ഞിരുന്നതെങ്കില്‍ അങ്ങ് ചെയ്യുമായിരുന്നില്ലേ? അപ്പോള്‍ കുളിച്ചു ശുദ്ധനാകുക എന്നു പറയുമ്പോള്‍ എത്രയോ കൂടുതല്‍ താത്പര്യത്തോടെ അങ്ങ് അതു ചെയ്യേണ്ടതാണ്” എന്നെല്ലാം പറഞ്ഞുകൊണ്ട് പ്രവാചകനെ അനുസരിക്കാന്‍ നാമാനെ പ്രേരിപ്പിച്ചു. അതു കേട്ട് ജോര്‍ദാനില്‍ ഏഴു പ്രാവശ്യം മുങ്ങിയ നാമാന്‍ പൂര്‍ണ സൗഖ്യം പ്രാപിച്ചു.

ഇത്തരത്തില്‍ നമ്മുടെ ജീവിതത്തിലും ദൈവം നമ്മോട് ചെയ്യാനാവശ്യപ്പെടുന്നത് ചെറിയ കാര്യങ്ങളാണ്. അത് നാം ചെയ്യുമ്പോള്‍ വലിയ കാര്യങ്ങള്‍ ദൈവം ചെയ്യും. കാഹളമൂതി ജറീക്കോ കോട്ടക്കു ചുറ്റും ദൈവാരാധന നടത്താനാണ് ദൈവം ഇസ്രയേല്‍ ജനത്തോട് ആവശ്യപ്പെട്ടത്. അത് അവര്‍ ചെയ്തപ്പോള്‍ അവര്‍ക്കായി കോട്ട തകര്‍ക്കുക എന്ന ജോലി ദൈവം ചെയ്തു. വിശുദ്ധ കുമ്പസാരത്തില്‍ പാപങ്ങള്‍ യഥാര്‍ത്ഥ പശ്ചാത്താപത്തോടെ ഏറ്റുപറയുമ്പോള്‍ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ പാപം മോചിക്കുന്നു എന്ന് വൈദികന്‍ നമ്മോട് ഉച്ചരിക്കുന്നു. നമ്മുടെ ഭാഗത്തുനിന്നുള്ള പ്രവൃത്തിക്ക് പകരമായി പാപം മോചിക്കുക എന്ന ദൈവികമായ പ്രവൃത്തി കര്‍ത്താവ് നമുക്കായി ചെയ്തുതരുന്നു. അതിനാല്‍ കര്‍ത്താവ് പറയുന്ന ചെറിയ കാര്യങ്ങള്‍ ചെയ്തുകൊണ്ട് വലിയ അനുഗ്രഹങ്ങള്‍ നമുക്ക് സ്വന്തമാക്കാം.

Share:

Tony Kattakayam

Tony Kattakayam

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles