Home/Encounter/Article

സെപ് 28, 2019 1960 0 Fr Biju Vallipparambil V C
Encounter

ക്ഷമിച്ചതിന്‍റെ രഹസ്യം

തന്നെ പീഡിപ്പിച്ചവര്‍ക്കായുള്ള യേശുവിന്‍റെ പ്രാര്‍ത്ഥന തീര്‍ച്ചയായും നമ്മെ അത്ഭുതപ്പെടുത്തും. ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ നമുക്ക് കഴിയില്ല എന്ന് നാം ചിന്തിച്ചിട്ടുമുണ്ടായിരിക്കാം. അവിടുന്ന് തന്‍റെ പരസ്യജീവിതകാലത്ത് ഇപ്രകാരം പ്രബോധിപ്പിച്ചു, “ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവിന്‍” (മത്തായി 5:44). തന്‍റെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ നിറവേറ്റിക്കൊണ്ട് സാക്ഷ്യം നല്കുകയാണ് കുരിശിലെ യേശു ചെയ്യുന്നത്. ക്രൂശിതനായ യേശുവിനെ അനുഗമിക്കുന്നവരും ഇതേ വഴിയിലൂടെ നടക്കുന്നു. വിശുദ്ധ കുര്‍ബാനയില്‍ ഇന്നും ജീവിക്കുന്ന യേശു അതിന് അവരെ ശക്തിപ്പെടുത്തുന്നു. ഒരു യഥാര്‍ത്ഥ സംഭവത്തിലൂടെ ഇത് വ്യക്തമാക്കാം.

ആഫ്രിക്കന്‍ ഗ്രാമത്തിലെ ഒരിടവകയില്‍ ധ്യാനശുശ്രൂഷക്കായി ചെന്നപ്പോള്‍ അവിടെ മുറ്റം അടിച്ചുവാരിക്കൊണ്ടിരുന്ന സ്ത്രീയെ കണ്ടു. അവരാണ് ഞങ്ങളെ വികാരിയച്ചന്‍റെ അടുത്തേക്ക് ആനയിച്ചത്. അവരുടെ മുഖത്തും ശരീരത്തിലുമെല്ലാം പൊള്ളലേറ്റിട്ടുണ്ടെന്ന കാര്യം ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. വികാരിയച്ചന്‍ ആ സത്രീയെക്കുറിച്ച് വിവരിച്ചു. ഭര്‍തൃമതിയും മൂന്ന് മക്കളുടെ അമ്മയുമാണ് അവള്‍. ദൈവാലയത്തില്‍വച്ച് വിവാഹിതയായതാണ്. പക്ഷേ ഭര്‍ത്താവിന് ജോലിസ്ഥലത്തുള്ള ഒരു യുവതിയുമായി അരുതാത്ത ബന്ധം. ഒടുവില്‍ ആ സ്ത്രീയെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിച്ചു. ഭാര്യയോടും മക്കളോടും അവര്‍ക്കിനി ആ വീട്ടില്‍ സ്ഥാനമില്ല എന്നു പറഞ്ഞ് ഇറക്കിവിട്ടു.

ഇവര്‍ മൂന്ന് മക്കളുമായി പന്നികളെ മേയ്ക്കുന്ന പുറംപോക്കില്‍ താമസമാക്കി. എങ്കിലും ഭര്‍ത്താവിനുള്ള ഭക്ഷണം ഈ സ്ത്രീയാണ് പാചകം ചെയ്തുകൊണ്ടിരുന്നത്. ചോളംകൊണ്ടുള്ള ഒരു തരം കുറുക്കാണ് അവിടത്തെ പ്രധാനഭക്ഷണം. അത് തയാറാക്കാനായി വെള്ളം തിളപ്പിച്ചുകൊണ്ടിരിക്കേ ഭര്‍ത്താവിന്‍റെ രണ്ടാം ഭാര്യയെന്ന് വിളിക്കപ്പെടുന്ന സ്ത്രീ വന്ന് ‘നീ ആരാ എന്‍റെ ഭര്‍ത്താവിന് ഭക്ഷണമുണ്ടാക്കാന്‍’ എന്ന ആക്രോശത്തോടെ തിളച്ച വെള്ളം ഈ സ്ത്രീയുടെ മുഖത്തേക്കൊഴിച്ചു. ഭര്‍ത്താവും ഉപദ്രവിക്കാനെത്തി, അവരെ അവിടെനിന്നും ഓടിച്ചു. അങ്ങനെ ഈ സ്ത്രീ ഇപ്പോള്‍ പള്ളിവക സ്ഥലത്ത് താമസിക്കുന്നു.

ഞാന്‍ അവരോടു ചോദിച്ചു, “പിണക്കമുണ്ടോ? വെറുപ്പുണ്ടോ?”
അവര്‍ പറഞ്ഞു, “ഉണ്ടായിരുന്നു, ഇപ്പോള്‍ ഇല്ല! വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തപ്പോള്‍ ക്രൂശിതനായ ഈശോയെ കണ്ടു. ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്ന് അവിടുന്ന് പറഞ്ഞു. അതോടെ എന്‍റെ ഉള്ളിലെ വെറുപ്പും ദേഷ്യവും പോയി. സ്നേഹം നിറഞ്ഞു. അവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.”

 

Share:

Fr Biju Vallipparambil V C

Fr Biju Vallipparambil V C

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles