Home/Encounter/Article

ഡിസം 26, 2019 1814 0 K J Mathew
Encounter

കൊഞ്ചീത്തായ്ക്ക് ചില രഹസ്യങ്ങളുണ്ടായിരുന്നു…

വിവാഹം കഴിഞ്ഞ് പതിനാറ് വര്‍ഷങ്ങള്‍ തികയുന്നതിനുമുമ്പേ പ്രിയതമന്‍ വിട പറഞ്ഞു. ആ വിവാഹബന്ധത്തിലെ ഒമ്പത് കുട്ടികളില്‍ നാലുപേരും അകാലത്തില്‍ മരണമടഞ്ഞു. കുടുംബജീവിതത്തെ കടപുഴക്കിയെറിയുന്ന വിനാശത്തിന്‍റെ കൊടുങ്കാറ്റ് ആഞ്ഞുവീശിയ ഒരു കുടുംബം. പക്ഷേ ആ കുടുംബത്തിലെ അമ്മയെക്കുറിച്ച് കുട്ടികള്‍ ഇപ്രകാരമാണ് പറയുന്നത്: ‘അമ്മ എപ്പോഴും പുഞ്ചിരിക്കുന്നവളായിട്ടാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്.’ വിലാപവും നെടുവീര്‍പ്പും പരാതികളും സ്ഥിരമായി ഉയരേണ്ട ആ ഭവനാന്തരീക്ഷത്തില്‍ അലയടിച്ചിരുന്നത് ആനന്ദതരംഗങ്ങളായിരുന്നുവത്രേ. ആരാണ് ഈ അസാധാരണ കുടുംബനാഥ എന്നറിയുവാന്‍ നിങ്ങള്‍ക്ക് ആകാംക്ഷ ഉണ്ടായിരിക്കുമല്ലേ.

ഇത് കൊഞ്ചീത്ത – സുഹൃത്തുക്കളും ബന്ധുക്കളും അങ്ങനെയാണ് സ്നേഹപൂര്‍വം അവരെ വിളിച്ചിരുന്നത്. മെക്സിക്കോയില്‍ ഒരു സാധാരണ കുടുംബജീവിതം അസാധാരണമാംവിധം നയിച്ചിരുന്ന അവര്‍ കുടുംബജീവിതം നയിക്കുന്നവര്‍ക്ക് മാത്രമല്ല, സമര്‍പ്പിതര്‍ക്കും ആവേശവും പ്രചോദനവും നല്കുന്ന ഒരു സ്ത്രീരത്നമാണ്.

ഒരു വീട്ടമ്മയും വിധവയുമായി ഒതുങ്ങിക്കഴിയേണ്ടിയിരുന്ന അവരുടെ ജീവിതത്തെ ദൈവം എടുത്തുയര്‍ത്തി. അഞ്ച് സന്യാസസ്ഥാപനങ്ങള്‍ ആരംഭിക്കുവാന്‍ ദൈവം അവരെ ഉപകരണമാക്കി എന്ന് പറയുമ്പോള്‍ അവര്‍ കൈവരിച്ച ഔന്നത്യം ഊഹിക്കാമല്ലോ. ദൈവത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞ ആ ജീവിതവിശുദ്ധിക്ക് കഴിഞ്ഞ മെയ് നാലിന് (2019) സഭ ഔദ്യോഗിക അംഗീകാര മുദ്ര ചാര്‍ത്തി. കൊഞ്ചീത്തായെ മെക്സിക്കോ സിറ്റിയില്‍ വച്ചുതന്നെ ആഘോഷപൂര്‍വമായ ദിവ്യബലിമധ്യേ ധന്യയായി സഭ പ്രഖ്യാപിച്ചു.

എന്തായിരുന്നു കൊഞ്ചീത്തായുടെ വിശുദ്ധിയുടെ രഹസ്യം? അവര്‍ മനസില്‍ സൂക്ഷിച്ച തീവ്രമായ ഒരു അഭിലാഷമുണ്ടായിരുന്നു: ഈ ലോകത്തില്‍ ജീവിക്കുമ്പോഴും ഈ ലോകത്തിന്‍റെ മോഹങ്ങളില്‍പ്പെടാതെ ജീവിക്കുക. എല്ലാ അറിവിനെയും ഉല്ലംഘിക്കുന്ന ക്രിസ്തുവിന്‍റെ സ്നേഹത്താല്‍ നിറയപ്പെടുവാന്‍ അവര്‍ അനുനിമിഷം പ്രാര്‍ത്ഥിച്ചിരുന്നു. ക്രിസ്തുവിന്‍റെ ആ രൂപാന്തരപ്പെടുത്തുന്ന സ്നേഹം അവളെ ആവരണം ചെയ്തിരുന്നതുകൊണ്ട് ക്രിസ്തുവിന്‍റെ പരിമളം പരത്തുവാന്‍ അവര്‍ക്ക് സാധിച്ചു. അതുകൊണ്ടാണ് കുഞ്ഞുങ്ങള്‍ക്ക് സഹനങ്ങളുടെ കൊടുംവേനലില്‍ ഒട്ടും വാടാത്ത ഒരു മനോഹര റോസാപ്പുഷ്പത്തെ വീട്ടില്‍ കാണുവാന്‍ കഴിഞ്ഞത്.

ജീവിതത്തില്‍ ക്രിസ്തുവിനെ ധരിച്ചിരുന്ന അവര്‍ എല്ലാക്കാര്യത്തിലും ക്രിസ്തുവിന്‍റെ ഹിതം അന്വേഷിച്ചിരുന്നു. തന്‍റെ ആഗ്രഹങ്ങള്‍ – അവ എത്ര വിശുദ്ധമാണെന്ന് തോന്നിയാലും – അവര്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ദൈവഹിതത്തിന് അനുരൂപമായ ഒരു ആഗ്രഹത്തെ മാത്രമേ കൊഞ്ചീത്ത പ്രവൃത്തിപഥത്തില്‍ എത്തിച്ചിരുന്നുള്ളൂ എന്നര്‍ത്ഥം.

ദൈവസാന്നിധ്യത്തിനായി അവര്‍ തീവ്രമായി ആഗ്രഹിച്ചിരുന്നു, വരണ്ട ഭൂമി മഴയ്ക്കുവേണ്ടി എന്നതുപോലെ. അതിനായി മണിക്കൂറുകള്‍ അവര്‍ പ്രാര്‍ത്ഥനയില്‍ ചെലവഴിച്ചിരുന്നു. വിശുദ്ധ കുര്‍ബാനയില്‍ സത്യമായും സന്നിഹിതനായിരിക്കുന്ന യേശുവിന്‍റെ മുമ്പില്‍ ആയിരിക്കുന്നത് തികച്ചും ആനന്ദകരമായ ഒരു അനുഭവമായിരുന്നു അവര്‍ക്ക്.

‘വീട്ടുജോലികളുടെ തിരക്കുള്ളതുകൊണ്ട് പ്രാര്‍ത്ഥിക്കുവാന്‍ എനിക്ക് സമയമില്ല’ എന്ന ഒഴിവുകഴിവ് പറയുന്നവരുടെ മുമ്പില്‍ ഒരു വെല്ലുവിളിയാണ് കൊഞ്ചീത്ത. ഭര്‍ത്താവില്ലാത്ത, കുടുംബനാഥനില്ലാത്ത ആ വലിയ ഭവനത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്ന തിരക്കിനിടയിലും ദൈവത്തിനുള്ളത് ദൈവത്തിന് നല്കുവാന്‍ അവര്‍ സമയം കണ്ടെത്തിയിരുന്നു. പ്രാര്‍ത്ഥനയുടെയും പ്രവൃത്തിയുടെയും ഒരു സമ്യക്കായ ലയനം അവരുടെ ജീവിതത്തില്‍ കാണുവാന്‍ സാധിക്കും. സുവിശേഷത്തില്‍ വിവരിക്കുന്ന മര്‍ത്തായും മറിയവും ഒരാളില്‍ ഉള്‍ച്ചേര്‍ന്നാല്‍ എത്ര മനോഹരമായിരിക്കും! അതായിരുന്നു കൊഞ്ചീത്താ.

പ്രാര്‍ത്ഥനയില്‍നിന്നും ആര്‍ജിച്ചെടുത്ത ഈ ശക്തിയാണ് കൊടിയ സഹനങ്ങളെ ശാന്തതയോടെ നേരിടുവാന്‍ അവര്‍ക്ക് ഊര്‍ജം നല്കിയത്. ഏതൊരു മനുഷ്യനും വേദന, വേദന തന്നെ. അതിന് മാറ്റമില്ല. ഭര്‍ത്താവ് മരിച്ച ആ നാളുകളില്‍ ഒരു കത്തി മനസിനെ കീറിമുറിച്ചിരുന്നുവെന്ന് അവര്‍ ഓര്‍മിക്കുന്നു. പക്ഷേ ദൈവത്തിന്‍റെ ശക്തിയാല്‍ അവര്‍ ആ വേദനയെയും തുടര്‍ന്നുണ്ടായ എല്ലാ വേദനകളെയും അതിജീവിച്ചു.

അവരിലേക്ക് ചൊരിയപ്പെട്ട ദൈവസ്നേഹം പരസ്നേഹമായി രൂപാന്തരപ്പെട്ടിരുന്നു. രോഗികളെയും മരണാസന്നരെയും സന്ദര്‍ശിക്കുന്നതും ശുശ്രൂഷിക്കുന്നതും അവര്‍ ഒരു ജീവിതക്രമമാക്കി. പാവപ്പെട്ടവരുടെ ഇടയില്‍ പാവപ്പെട്ടവളായി കൊഞ്ചീത്ത ജീവിച്ചു.

ഇന്ന് നമുക്ക് അനുകരിക്കാവുന്ന മറ്റൊരു മാതൃകയും അവര്‍ നല്കുന്നുണ്ട്. അത് പുരോഹിതരുടെ വിശുദ്ധിയ്ക്കുവേണ്ടിയുള്ള അവരുടെ തീക്ഷ്ണമായ ആഗ്രഹവും പ്രാര്‍ത്ഥനയും ആയിരുന്നു. അത് വിട്ടുമാറാത്ത ഒരു ചിന്തയായിരുന്നു കൊഞ്ചീത്തായ്ക്ക്. സഭ ഇന്ന് പീഡനങ്ങളിലൂടെ കടന്നുപോകുമ്പോള്‍ സമര്‍പ്പിതര്‍ക്കുവേണ്ടി പ്രാര്‍ത്ഥനയുടെ കരങ്ങളുയര്‍ത്തുവാന്‍ ഓരോ ദൈവസ്നേഹിക്കും ബാധ്യതയുണ്ടെന്നും അവരുടെ ജീവിതം നമ്മെ ഓര്‍മിപ്പിക്കുന്നു.

ഈ മഹതിയുടെ ജീവിതം ഒരു കാര്യംകൂടി നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട് – നമുക്കും നമ്മുടെ ജീവിതത്തെ മഹത്തരമാക്കാം. അങ്ങനെ കാലമാം കടല്‍ത്തീരത്ത് നമ്മുടേതായ പാദമുദ്രകള്‍ അവശേഷിപ്പിച്ച് കടന്നുപോകാം. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.

കര്‍ത്താവായ ദൈവമേ, അങ്ങയെ ധരിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ. അങ്ങനെ മറ്റുള്ളവര്‍ ഞങ്ങളില്‍ അങ്ങയെ കാണട്ടെ. അങ്ങയുടെ ആനന്ദവും സ്നേഹവും പ്രസരിപ്പിക്കുന്ന ജീവിതങ്ങളായി ഞങ്ങളുടെ ജീവിതങ്ങള്‍ രൂപാന്തരപ്പെടട്ടെ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കണമേ – ആമ്മേന്‍.

Share:

K J Mathew

K J Mathew

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles