Home/Encounter/Article

ആഗ 21, 2020 1839 0 Rev. Dr Varghese Chakalakkal
Encounter

കുമ്പസാരക്കൂടിന്‍റെ കഥ

അടുത്തകാലത്ത് എന്നെക്കാണാന്‍ വന്ന ഒരു വ്യക്തി പറഞ്ഞ അനുഭവം പങ്കുവെക്കുന്നു: “ആ രാത്രി ഒരു കാളരാത്രിയായിരുന്നു. എനിക്കുറക്കം വന്നില്ല. ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ചെയ്ത തെറ്റുകളെക്കുറിച്ചുള്ള ചിന്ത എന്നെ വേട്ടയാടി. ഞാനൊരു കത്തോലിക്കനാണ്. എങ്കിലും കുമ്പസാരക്കൂട് കണ്ടിട്ട് 10 വര്‍ഷമായി. അതിന് കാരണമുണ്ട്. ആ അലിവിന്‍റെ കൂടാരത്തിലേക്ക് ഞാനൊരിക്കല്‍ ചെന്നു. കുമ്പസാരിച്ചിട്ട് അഞ്ചു വര്‍ഷമായെന്ന് പറഞ്ഞു. കുമ്പസാരക്കൂടിന്‍റെ ഹൃദയം ഇല്ലാതിരുന്ന വൈദികന്‍ എന്നോട് പൊട്ടിത്തെറിച്ചു. ചോദ്യങ്ങളുടെ ഒരു പ്രവാഹമായിരുന്നു. കോപം തണുത്തുറഞ്ഞപ്പോള്‍ അച്ചന്‍ ചോദിച്ചു, എന്താണ് ഇത്രയും നാള്‍ കുമ്പസാരിക്കാതിരുന്നത്? വളരെ എളിമയോടുകൂടി ഞാന്‍ പറഞ്ഞു, അച്ചനെപ്പോലെയുള്ള ഒരാളുടെ അടുത്താണ് കഴിഞ്ഞ പ്രാവശ്യം കുമ്പസാരിച്ചത്. അദ്ദേഹം ഇതുപോലെ ഒച്ചവെച്ചപ്പോള്‍ ഈ കൂടാരം ഇനിയൊരിക്കലും കാണില്ലെന്ന് പ്രതിജ്ഞയെടുത്തു.

“വീണ്ടും 10 വര്‍ഷം കഴിഞ്ഞിരിക്കുന്നു. തെറ്റുകള്‍ അനവധി ചെയ്തു. കുറ്റബോധംകൊണ്ട് ഉറങ്ങാന്‍ കഴിയുന്നില്ല. ഒരുദിവസം ഞാന്‍ ദൈവാലയത്തിലെത്തി കനിവിന്‍റെ കൂടാരത്തെ സമീപിച്ചു. കുമ്പസാരക്കൂടിന്‍റെ ഹൃദയമുള്ള ഒരു പുരോഹിതനായിരിക്കണേ അതില്‍ ഇരിക്കുന്നതെന്ന് ഞാന്‍ ആഗ്രഹിച്ചു, പ്രാര്‍ത്ഥനയോടെ പാപങ്ങള്‍ ഏറ്റുപറഞ്ഞു. ആ നല്ല വൈദികന്‍, വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ ഈശോയുടെ അടുക്കല്‍ കൊണ്ടുവരുന്ന ഭാഗം എന്നെ വായിച്ചു കേള്‍പ്പിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു, നീ സമാധാനത്തില്‍ പോകുക. നിന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു. ഇനി മേലില്‍ പാപം ചെയ്യരുത്. പ്രായശ്ചിത്തമായി കുറച്ച് ചെറിയ കാര്യ ങ്ങള്‍ ചെയ്യാനും അദ്ദേഹം ഉപദേശിച്ചു.

“എന്‍റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ആ ദൈവാലയത്തിന്‍റെ ഒരു കോണിലിരുന്ന് ഞാന്‍ കരഞ്ഞു. സന്തോഷത്തിന്‍റെ കണ്ണീരായിരുന്നു അത്. എന്‍റെ അനവധി പാപങ്ങള്‍ ഈശോ ക്ഷമിച്ചിരിക്കുന്നു. എനിക്കെന്തു സമാധാനമായി. ഞാന്‍ യേശുവിന്‍റെ സ്നേഹമറിഞ്ഞു. യേശുവിനെ ഞാന്‍ ആ കനിവിന്‍റെ കൂടാരത്തില്‍ കണ്ടുമുട്ടി. കൂദാശകളിലൂടെ ക്രിസ്തുവിനെ കണ്ടുമുട്ടുന്നുവെന്ന് ഞാന്‍ മനസ്സിലാക്കി. ഇനി പാപം ചെയ്യില്ലെന്ന് പ്രതിജ്ഞയെടുത്തു.”

ഈ സംഭവം വായിക്കുന്ന പുരോഹിതാ, നീ നിന്‍റെ മഹത്വം അറിയണം. കുമ്പസാരക്കൂട് കനിവിന്‍റെ കൂടാരമാണ്. കൃപയുടെ സ്രോതസാണ്. കുമ്പസാരക്കൂടിന്‍റെ മനസ്സ് നിനക്ക് ഉണ്ടാകണം. നിന്‍റെ ഓരോ വാക്കും സാന്ത്വനത്തിന്‍റേതാകണം. നീ ഇരിക്കുന്നത് ഈശോയുടെ സ്ഥാനത്താണ്. ഈശോയുടെ കാരുണ്യം പാപികള്‍ മനസ്സിലാക്കുന്നത് നിന്‍റെ വാക്കുകളിലൂടെയാണ്. നിന്‍റെ മനസ്സും വാക്കും നൈര്‍മല്യം തുളുമ്പുന്നതാകട്ടെ.

ഈ സംഭവം വായിക്കുന്ന സഹോദരരേ, നീ കുറ്റബോധത്തിലാണോ? എങ്കില്‍ പോകൂ, അലിവിന്‍റെ കൂടാരത്തിലേക്ക്. ദൈവത്തിന്‍റെ കാരുണ്യം അണമുറിഞ്ഞൊഴുകുന്ന കൂദാശയാണത്. ദൈവവരപ്രസാദം കൊണ്ട് നീ നിറ യുന്നു. നീ ദൈവത്തോടും മനുഷ്യരോടും അനു രഞ്ജനപ്പെടുന്നു. കരുണയില്‍ സമ്പന്നനായ യേശുക്രിസ്തുവിനെ കണ്ടുമുട്ടുന്ന ഈ കൂ ദാശ നീ സ്വീകരിക്കാന്‍ ഒട്ടും മടിക്കരുത്.

Share:

Rev. Dr Varghese Chakalakkal

Rev. Dr Varghese Chakalakkal

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles