Home/Engage/Article

ഫെബ്രു 23, 2024 273 0 സ്റ്റെല്ല ബെന്നി
Engage

കരിഞ്ഞുപോയ റോസച്ചെടി!

നമ്മുടെ ജീവിതത്തിലും കാണും ഇങ്ങനെ ചില ‘റോസാച്ചെടികള്‍’.അവ ദീര്‍ഘകാലം പൂത്തുലഞ്ഞ് നില്‍ക്കാന്‍ നാമെന്താണ് ചെയ്യേണ്ടത്?

എന്‍റെ ചെറുപ്പകാലത്ത് പൂക്കളും പൂന്തോട്ടം വച്ചുപിടിപ്പിക്കലും എനിക്ക് ഏറ്റവും പ്രിയങ്കരമായ സംഗതികളായിരുന്നു. ഒരിക്കല്‍ ഞങ്ങളുടെ അടുത്തുള്ള മഠത്തില്‍നിന്ന് എനിക്ക് നല്ലൊരു റോസക്കമ്പു കിട്ടി. ഞാനത് ചോദിച്ചു മേടിച്ചതാണ്. അടിഭാഗം തുളഞ്ഞുപോയ ഒരു ഇരുമ്പുബക്കറ്റില്‍ ചാണകവും മണ്ണും എല്ലാം നിറച്ച് ഞാനത് പാകിവച്ചു. കമ്പു കിളിര്‍ത്തപ്പോള്‍ എന്‍റെ പൂന്തോട്ടത്തിന്‍റെ നടുക്ക് കുഴിയുണ്ടാക്കി ബക്കറ്റോടുകൂടി ആ കുഴിയില്‍ ഇറക്കിവച്ചു. വെള്ളവും വളവും എല്ലാം കൊടുത്ത് ഓരോ ദിവസവും പരിചരിച്ചു. റോസച്ചെടി വേഗത്തില്‍ വലുതായി. ആദ്യത്തെ മൊട്ടിട്ടു. ആ മൊട്ട് വിടരുന്നതും കാത്തുകാത്ത് ഞാനിരുന്നു. അങ്ങനെ ഒരു ദിവസം മൊട്ടു വിടര്‍ന്നു. മനോഹരമായ ഒരു ചുവന്ന കട്ടറോസാപ്പൂവ്. ആ പൂവ് എല്ലാവരുടെയും ശ്രദ്ധയെ ആകര്‍ഷിച്ചു. റോസച്ചെടി തുടരെത്തുടരെ മൊട്ടിടാനും പൂക്കാനും തുടങ്ങി. ഞാനാ പൂക്കള്‍ പറിച്ച് ഈശോയ്ക്കും മാതാവിനും യൗസേപ്പിതാവിനുമൊക്കെ കൊടുക്കാനും തുടങ്ങി. ഒന്നുപോലും പറിച്ച് തലയില്‍ ചൂടിയില്ല. തലയില്‍ ചൂടണമെന്ന് ഒരിക്കലും തോന്നിപോലുമില്ല.

അപ്പോഴതാ പിശാചിന്‍റെ ഒരു ഇടപെടല്‍. എന്നെക്കാള്‍ ഏതാനും വയസുമാത്രം മൂപ്പുള്ള ഒരു ബന്ധു അന്ന് ഞങ്ങള്‍ താമസിച്ചിരുന്ന തറവാടുവീട്ടിലുണ്ടായിരുന്നു. അദ്ദേഹത്തെ നമുക്ക് തത്കാലം ജോളിചാച്ചന്‍ എന്ന് വിളിക്കാം. നിറയെ മൊട്ടിട്ട് പൂത്തുലഞ്ഞു നില്‍ക്കുന്ന റോസച്ചെടി കണ്ടപ്പോള്‍ ജോളിചാച്ചന് ഒരു മോഹം. ആ റോസച്ചെടിയുടെ ഉടമസ്ഥാവകാശം ജോളിചാച്ചനു കിട്ടണം. ജോളിചാച്ചന്‍ എന്നോടു പറഞ്ഞു, “ഞാന്‍ നിനക്ക് പത്തുരൂപ തന്നേക്കാം. പക്ഷേ ഈ റോസച്ചെടി എന്‍റേതാണ്.” ഞാന്‍ പറഞ്ഞു ‘ഒരിക്കലും പറ്റില്ല, പത്തല്ല ആയിരം രൂപ തന്നാലും ഞാനീ റോസച്ചെടി ആര്‍ക്കും കൊടുക്കുകയില്ല. ഇത് എന്‍റേതാണ്. ഞാന്‍ കുഴിച്ചുവച്ച് വെള്ളവും വളവും നല്‍കി വളര്‍ത്തിയ റോസച്ചെടിയെങ്ങനെയാണ് ജോളിചാച്ചന്‍റേതാവുക. അത് എന്‍റേതുമാത്രമാണ്.’ ജോളിചാച്ചന്‍ പറഞ്ഞു: ‘അല്ല അത് എന്‍റേതാണ്. ഞാനാണ് കുഴിച്ചിട്ടത്. വെള്ളമൊഴിച്ചു വളര്‍ത്തിയത്. മര്യാദക്ക് വിട്ടുതന്നോളൂ. അല്ലെങ്കില്‍ ഞാനത് കരിച്ചുകളയും.’

ഞങ്ങള്‍ തമ്മില്‍ വഴക്കായി. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു. എന്‍റെ നിലവിളി കേട്ട് വല്യപ്പച്ചനും വല്യമ്മച്ചിയും ഇറങ്ങിവന്നു. അവര്‍ പ്രശ്നത്തില്‍ ഇടപെട്ടു. ജോളിചാച്ചനെ താക്കീതു ചെയ്തു. ഞാന്‍ നട്ടുനനച്ച് പൂത്തുനില്‍ക്കുന്ന ആ റോസച്ചെടി എന്‍റേതാണെന്നും ജോളിചാച്ചന് അതിന്മേല്‍ അവകാശമില്ലെന്നും അതിന്മേല്‍ തൊട്ടുപോലും നോക്കാന്‍ പാടില്ലെന്നും വല്യപ്പച്ചന്‍ താക്കീതു ചെയ്തു. എനിക്ക് സമാധാനമായി. ഞാനോര്‍ത്തു പ്രശ്നം തീര്‍ന്നു എന്ന്.

പക്ഷേ രണ്ടുദിവസം കഴിഞ്ഞ് ഞാന്‍ സ്കൂളില്‍ പോയി തിരിച്ചു വന്നപ്പോഴതാ എന്‍റെ റോസച്ചെടി പൂന്തോട്ടത്തിന്‍റെ വേറൊരു ഭാഗത്തുനില്‍ക്കുന്നു. ജോളിചാച്ചന്‍ അതിനെ വേറൊരു ഭാഗത്തേക്ക് ബക്കറ്റോടെ പിഴുതുകൊണ്ടുപോയി കുഴിച്ചിട്ടിരിക്കുന്നു. വലിയൊരു വീരകൃത്യം ചെയ്ത ഭാവത്തില്‍ ജോളിചാച്ചന്‍ പറഞ്ഞു, “ഈ റോസച്ചെടി ഇപ്പോള്‍ എന്‍റേതാണ്. നീ നട്ട റോസച്ചെടി ദാ അവിടെ ഉണ്ടായിരുന്ന റോസച്ചെടിയാ. ആ റോസച്ചെടിയല്ല ഈ റോസച്ചെടി. ഇത് ഞാന്‍ നട്ട റോസച്ചെടിയാ. കണ്ടില്ലേ, ഞാനതിന്‍റെ ചുവട്ടില്‍ വെള്ളവും വളവും ഒക്കെ കൊടുത്തിരിക്കുന്നത്. മേലില്‍ ഇത് നിന്‍റേതാണെന്ന് മിണ്ടിപ്പോകരുത്.” ഞങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ശണ്ഠയായി. പലവട്ടം വല്യപ്പച്ചന്‍ ഇടപെട്ടിട്ടും പ്രശ്നം തീര്‍ന്നില്ല.

ജോളിചാച്ചന്‍ വീട്ടിലില്ലാത്ത സമയം നോക്കി ഞാന്‍ ആ റോസച്ചെടി ബക്കറ്റോടെ പിഴുതെടുത്ത് ഞാനാദ്യം നട്ടിരുന്നിടത്തുകൊണ്ടുപോയി നട്ടു. പിറ്റേദിവസം ജോളിചാച്ചനത് ജോളിചാച്ചന്‍ കുഴിച്ച കുഴിയില്‍ നട്ടു. അടുത്തദിവസം വീണ്ടും ഞാനത് എന്‍റെ കുഴിയിലേക്ക് പറിച്ചു മാറ്റിനടാന്‍ തുടങ്ങിയപ്പോള്‍ ആന്‍റി ഇടപെട്ടു. ആന്‍റി വളരെ സ്നേഹത്തോടെ എന്നെ ഉപദേശിച്ചു. “മോളേ, നീയെങ്കിലും ഒന്നടങ്ങ്. അവനോ പറഞ്ഞാല്‍ കേള്‍ക്കില്ല. ഇങ്ങനെ കുഴി മാറ്റി മാറ്റി പറിച്ചു നട്ടുകൊണ്ടിരുന്നാല്‍ അത് എവിടെയും വേരുറയ്ക്കാതെ കരിഞ്ഞുപോകും. അത് അവിടെത്തന്നെ നിന്നാല്‍ കുറെക്കാലം കഴിയുമ്പോള്‍ അത് നിനക്ക് തിരിച്ചുകിട്ടും.” പക്ഷേ ആന്‍റിയുടെ ഉപദേശം എനിക്ക് സ്വീകാര്യമായിരുന്നില്ല. ഞാന്‍ ഉറച്ച സ്വരത്തില്‍ പറഞ്ഞു, “പറ്റില്ല. ഞാന്‍ നട്ടുവളര്‍ത്തിയ റോസച്ചെടി എന്‍റേതാണ്. കരിഞ്ഞുപോയാലും ശരി, ഞാനിത് ജോളിചാച്ചന് വിട്ടുകൊടുക്കുകയില്ല.” അവസാനം ആന്‍റി പറഞ്ഞതുതന്നെ സംഭവിച്ചു. വീണ്ടും വീണ്ടും സ്ഥലം മാറിമാറി എവിടെയും വേരുറയ്ക്കാനാവാതെ ആ റോസച്ചെടി ആദ്യം വാടി, പിന്നീട് കരിഞ്ഞുപോയി…!

അത് അന്തകാലം ഇത് ഇന്തകാലം

“മോളേ, നീയെങ്കിലും ഒന്നടങ്ങ്. അല്ലെങ്കില്‍ ആ റോസച്ചെടി കരിഞ്ഞുപോകും” എന്ന ആന്‍റിയുടെ ഉപദേശം സ്വീകരിക്കാന്‍ അക്കാലത്ത് എനിക്കു കഴിഞ്ഞില്ല. ഞാന്‍ എന്തിനടങ്ങണം? എന്‍റെ ഭാഗത്തല്ലേ ന്യായം എന്നതായിരുന്നു എന്‍റെ ചിന്ത. തികച്ചും ന്യായമായ ആ പിടിവാശിയാണ് നിറയെ പൂക്കള്‍ ചൂടി നിന്ന ആ റോസച്ചെടിയെ കരിച്ചുകളഞ്ഞത്. ഞാനൊന്നു വിട്ടുകൊടുത്തിരുന്നെങ്കില്‍, വിവേകത്തോടെ ഒന്നു നിശബ്ദത പാലിച്ചിരുന്നെങ്കില്‍ ആ റോസച്ചെടി നിറയെ പൂക്കള്‍ചൂടി കാണുന്നവര്‍ക്കെല്ലാം കണ്ണിനും കരളിനും സന്തോഷമേകി ദീര്‍ഘകാലം ആ മുറ്റത്തുതന്നെ നില്‍ക്കുമായിരുന്നു. എന്‍റെ റോസച്ചെടിയെ കരിച്ചുകളഞ്ഞ എന്‍റെ അന്നത്തെ വിവേകശൂന്യതയെ ഓര്‍ത്ത് ഇന്നു ഞാന്‍ ദുഃഖിക്കുന്നു. പക്ഷേ എന്തുചെയ്യാം, പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചു കിട്ടുകയില്ലല്ലോ.

എന്നാല്‍ കാലങ്ങള്‍ പിന്നിട്ടപ്പോള്‍ ഞാനൊരമ്മയായിത്തീര്‍ന്നപ്പോള്‍ എന്‍റെ വീക്ഷണങ്ങളും ഹൃദയഭാവങ്ങളും മാറി. മാതൃത്വം കയ്യാളുന്ന ത്യാഗങ്ങളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോയപ്പോള്‍ പലതും വിട്ടുകൊടുക്കുവാനും പലതിനെക്കുറിച്ചും നിശബ്ദത പാലിക്കുവാനും ഞാന്‍ പഠിച്ചു. തികച്ചും ന്യായമെന്നും നീതിയുക്തമെന്നും എനിക്കവകാശപ്പെട്ടതെന്നും കരുതിയിരുന്നതു പലതും നിരുപാധികം വിട്ടുകൊടുക്കുവാന്‍ എന്നിലെ അമ്മത്വം എനിക്ക് കരുത്തേകി. ‘മോളേ, നീയെങ്കിലുമൊന്നടങ്ങ്’ എന്ന് പണ്ട് ആന്‍റി ഉപദേശിച്ചപ്പോള്‍ എനിക്ക് തീരെ കഴിയാതിരുന്നത് പലതും അമ്മയുടെ ഹൃദയം സ്വന്തമായപ്പോള്‍ എനിക്ക് സാധ്യമായിത്തീര്‍ന്നു. അതാണ് മാതൃത്വം ഒരു സ്ത്രീയില്‍ വരുത്തുന്ന മാറ്റം!

ഇതെങ്ങനെ കഴിഞ്ഞു?

ശുശ്രൂഷാജീവിതത്തിനിടയില്‍ കണ്ടുമുട്ടിയ നല്ല അമ്മമാരില്‍ ചിലരോടെങ്കിലും ഞാന്‍ ചോദിച്ചുപോയിട്ടുണ്ട്. എന്‍റെ പൊന്നമ്മച്ചി, അമ്മച്ചിക്ക് എങ്ങനെയാണ് ഇത്രത്തോളം സഹിച്ച് ഇവിടംവരെ ഓടിയെത്താന്‍ കഴിഞ്ഞത്’ എന്ന്. എന്തായിരുന്നു ഇതിനു പിന്നിലെ പ്രേരകശക്തി എന്ന് ഞാനവരോടു തിരക്കി. മിക്ക അമ്മച്ചിമാരുടെയും ഉത്തരം ഒന്നുതന്നെയായിരുന്നു. “കുഞ്ഞേ, അതെന്‍റെ മക്കളെപ്രതിയാ… അടിവയറുപൊട്ടി ഞാന്‍ പ്രസവിച്ച എന്‍റെ പൊന്നുമക്കളുടെ ജീവനെപ്രതി. അവരുടെ ഭാവിയെപ്രതി, അവരെയൊരു സ്ഥാനത്തെത്തിക്കേണ്ടേ. ഞാന്‍ ഏറെ സഹിച്ചാലെന്താ മോളേ, എന്‍റെ മക്കളെല്ലാം ഇന്നു നല്ല നല്ല സ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നില്ലേ. ഞാന്‍ പിടിവാശി പിടിച്ച് വാദിച്ചു നടന്നിരുന്നെങ്കില്‍ ഇതുവല്ലതും നടക്കുമായിരുന്നോ? ഇതാണ് തമ്പുരാന്‍റെ ഓരോ വഴികള്.”

വിട്ടുകൊടുക്കുവാനും പിന്‍വാങ്ങാനും

സ്ത്രീപുരുഷസമത്വം ദൈവത്തിന്‍റെ പദ്ധതിതന്നെയാണ്. ആദ്യത്തെ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്‍റെ വാക്കുകളിലൂടെ പരിശുദ്ധാത്മാവ് അതു സഭയെ പഠിപ്പിക്കുന്നുമുണ്ട്. അവിടുന്നു പറയുന്നു “സ്ത്രീ ബലഹീനപാത്രമാണെങ്കിലും ജീവദായകമായ കൃപയ്ക്ക് തുല്യഅവകാശിനി എന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍” (1 പത്രോസ് 3/7) എന്ന്.

അന്നത്തെ സ്ത്രീ ഒരു ബലഹീനപാത്രമായിരിക്കാം. പക്ഷേ ഇന്നത്തെ സ്ത്രീ വെറുമൊരു ബലഹീനപാത്രമല്ല. പുരുഷനോടൊപ്പവും പുരുഷനെക്കാള്‍ ഇരട്ടിയായും കുടുംബത്തിനുവേണ്ടിയും സമൂഹത്തിനുവേണ്ടിയും നിലകൊള്ളുന്നവളും ഓടുന്നവളുമാണ്. അതുകൊണ്ട് തുല്യതയെന്നത് ദൈവപദ്ധതിയില്‍ സ്ത്രീക്ക് അര്‍ഹതപ്പെട്ടതുതന്നെയാണ്.

പക്ഷേ ഒരു പ്രശ്നത്തോടും പ്രതിസന്ധിയോടും മടുക്കുമ്പോള്‍ വിട്ടുകൊടുക്കാനും പിന്‍വാങ്ങി നിശബ്ദത പാലിക്കാനുമുള്ള ശക്തി പുരുഷനെക്കാള്‍ നാലിരട്ടിയായി സ്ത്രീയില്‍ത്തന്നെയാണ് ദൈവം നിക്ഷേപിച്ചിരിക്കുന്നത്. ഇതൊരു ശക്തിയാണ്, ബലഹീനതയല്ല. വിജയമാണ്, പരാജയമല്ല. കൃപയാണ്, പ്രവൃത്തികളുടെ ഫലമല്ല. അതുകൊണ്ടാണ് പരിശുദ്ധ അമ്മയെ കൃപ നിറഞ്ഞവളേ എന്ന് ഗബ്രിയേല്‍ ദൂതന്‍ അഭിസംബോധന ചെയ്തത്. തീര്‍ച്ചയായും ഓരോ സ്ത്രീയും ഇതില്‍ അഭിമാനിക്കുകതന്നെ വേണം. നമ്മുടെയൊക്കെ പൂര്‍വതലമുറകളെ പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. എവിടെയൊക്കെ സ്ത്രീ സഹിക്കുവാനും വിട്ടുകൊടുക്കുവാനും പ്രാര്‍ത്ഥിക്കുവാനും തയാറായോ അവിടെയൊക്കെ കുടുംബം രക്ഷപെട്ടിട്ടുണ്ട്. തലമുറകള്‍ രക്ഷപെട്ടിട്ടുണ്ട്. മക്കള്‍ എത്തേണ്ടിടത്ത് എത്തിയിട്ടുണ്ട്. എവിടെയൊക്കെ പോരാട്ടത്തിന്‍റെ നിറതോക്കുമായി സ്ത്രീ രംഗത്തിറങ്ങിയിട്ടുണ്ടോ അവിടെയൊക്കെ മക്കളും തലമുറകളും ബലിയാടുകളായിത്തീര്‍ന്നിട്ടുണ്ട്. പ്രിയപ്പെട്ടവരെ, സഭ വിശുദ്ധയായി പ്രഖ്യാപിച്ച ഒരു മോനിക്കയെക്കുറിച്ചേ നമുക്കറിവുള്ളൂ. എന്നാല്‍ വിശുദ്ധരായി പ്രഖ്യാപിക്കപ്പെടാത്ത അനേകായിരം മോനിക്കമാര്‍ ഇന്നലെയും ഇന്നും സഭയിലുണ്ടായിട്ടുണ്ട്.

ഇതു വായിക്കുന്ന പ്രിയപ്പെട്ട സഹോദരിമാരേ, ഞാനൊരിക്കലും നിങ്ങള്‍ക്ക് എതിരല്ല. നിങ്ങളുടെ പക്ഷത്തുതന്നെയാണ്. ന്യായം പൂര്‍ണമായും നിങ്ങളുടെ ഭാഗത്തുതന്നെ ആയിരിക്കാം. അന്യായവാദത്തിന് നമ്മുടെ കുടുംബങ്ങളെയും തലമുറകളെയും രക്ഷപ്പെടുത്താനാവില്ല. ഇതാ സകല സമാനതാബോധങ്ങളും അര്‍ഹതാബോധങ്ങളും വെടിഞ്ഞ് തന്‍റെ ഒരു സൃഷ്ടിമാത്രമായ മനുഷ്യനെപ്പോലെ ആയിത്തീര്‍ന്ന്, പാപികളോടൊപ്പം എണ്ണപ്പെട്ട് തന്നെത്തന്നെ താഴ്ത്തിയവനായ യേശുകര്‍ത്താവ് നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. അവിടുത്തെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. “ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായിട്ടുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കി ദാസന്‍റെ രൂപം സ്വീകരിച്ച്, മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ അതേ കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവം അവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു” (ഫിലിപ്പി 2/6-10).

ഏശയ്യായുടെ പുസ്തകം 53/10-11 ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. “പാപപരിഹാരബലിയായി തന്നെത്തന്നെ സമര്‍പ്പിക്കുമ്പോള്‍ അവന്‍ തന്‍റെ സന്തതിപരമ്പരയെ കാണുകയും ദീര്‍ഘായുസ് പ്രാപിക്കുകയും ചെയ്യും. കര്‍ത്താവിന്‍റെ ഹിതം അവനിലൂടെ നിറവേറുകയും ചെയ്യും. തന്‍റെ കഠിനവേദനയുടെ ഫലം കണ്ട് അവന്‍ സംതൃപ്തനാകും.”

പ്രിയപ്പെട്ട സഹോദരിമാരേ, നമ്മുടെ സഹനങ്ങള്‍ വരുംതലമുറകളെ പടുത്തുയര്‍ത്തുന്നതായി മാറട്ടെ. പല ന്യായങ്ങളും നമുക്ക് നിഷേധിക്കപ്പെട്ടേക്കാം. പക്ഷേ സഹനങ്ങള്‍ക്ക് പ്രതിഫലം നല്‍കുന്ന ദൈവം നമ്മുടെ സന്തതിപരമ്പരകളെ അനുഗ്രഹിക്കും.

പ്രിയപ്പെട്ട സഹോദരന്മാരേ, സ്ത്രീയോട് എന്തും ചെയ്യും എങ്ങനെയുമാകാം എന്ത് അനീതിയും പ്രവര്‍ത്തിക്കാം എന്ന ഹൃദയഭാവത്തിലേക്ക് നിങ്ങള്‍ നയിക്കപ്പെടരുതേ. അതിനുള്ള അവകാശപത്രമായി ഈ ലേഖനത്തെ കാണുകയുമരുത്. നിങ്ങളോട് ഞാനല്ല സഭ പറയുന്നത് എന്താണെന്ന് നിങ്ങള്‍ നന്നായി ഗ്രഹിക്കുക. “ജീവദായകമായ കൃപയ്ക്ക് തുല്യഅവകാശിനി എന്ന നിലയില്‍ അവളോട് ബഹുമാനം കാണിക്കുവിന്‍” (1 പത്രോസ് 3/7). ആവേ മരിയ.

Share:

സ്റ്റെല്ല ബെന്നി

സ്റ്റെല്ല ബെന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles