Trending Articles
‘എന്‍റെ ദൈവത്തിന്‍റെ സഹായത്താല്‍ ഞാന്‍ കോട്ട ചാടിക്കടക്കും.” കീഴടങ്ങാന്‍ ആഗ്രഹിക്കാത്ത ഒരു വ്യക്തിയുടെ വിജയപ്രഖ്യാപനമാണിത്. ഒട്ടേറെ കയ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണദ്ദേഹം. പക്ഷേ അവയെല്ലാം ദൈവസഹായത്താല്‍ മധുരമേറിയ സങ്കീര്‍ത്തനഗീതങ്ങളാക്കി മാറ്റുവാന്‍ സാധിച്ച ഒരാള്‍. സ്വന്തം മകന്‍ അദ്ദേഹത്തെ ചതിച്ചു, ശത്രുക്കളോട് കൂട്ടുചേര്‍ന്ന് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി. എല്ലാം നഷ്ടപ്പെട്ട് വനത്തില്‍ കഴിയേണ്ടി വന്നപ്പോഴും തന്‍റെ ദൈവത്തെ അദ്ദേഹം മറന്നില്ല. സങ്കീര്‍ത്തകനായ ദാവീദ് രാജാവിന്‍റെ ജീവിതവിജയത്തിന്‍റെ മാനിഫെസ്റ്റോ ആണ് നാം വായിച്ചത്.
പ്രതിസന്ധികളാകുന്ന കോട്ടമതിലുകള്‍ ജീവിതത്തില്‍ ഉയരുന്നത് സ്വാഭാവികംതന്നെ. അവയോട് രണ്ട് വിധത്തില്‍ ഒരാള്‍ക്ക് പ്രതികരിക്കാം. ഒന്ന്: ഒരു പോര്‍വിളിയോടെ ആ കോട്ടയെ വെല്ലുവിളിക്കുക. അങ്ങനെ വിജയത്തിന്‍റെ കാഹളധ്വനി മുഴക്കുക. രണ്ടാമത്തേത്, പരാജിതന്‍റെ വഴിയാണ്. അയാള്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പുതന്നെ ആയുധംവച്ച് കീഴടങ്ങാന്‍ തയാറാകുന്നു. കോട്ടയുടെ മുമ്പില്‍ പരിഭ്രാന്തനും നിസഹായനുമായിട്ടാണ് അയാളുടെ നില്‍പ്. നിരാശയുടെ പടുകുഴിയില്‍ അയാള്‍ വീണില്ലെങ്കിലേ അത്ഭുതമുള്ളൂ! ആദ്യത്തെ മാര്‍ഗം വളരെ അഭികാമ്യമാണെങ്കിലും അത് എല്ലാവര്‍ക്കുമുള്ളതല്ല. അല്ലെങ്കില്‍ ആ വഴി തെരഞ്ഞെടുക്കുന്നതില്‍ മിക്കവരും പരാജയപ്പെടുന്നു.
ഈ തെരഞ്ഞെടുപ്പിന് ഒരുവനെ സഹായിക്കുന്ന ചില നിര്‍ണായക ഗുണങ്ങളുണ്ട്. അവ സ്വായത്തമാക്കുന്നവനേ വിജയവീഥിയിലൂടെ നടക്കാന്‍ സാധിക്കൂ. അതിന് ദാവീദിന്‍റെ മാനിഫെസ്റ്റോ നാമൊന്ന് കീറിമുറിച്ച് പഠിക്കേണ്ടതായിട്ടുണ്ട്.
ആത്മവിശ്വാസം സ്ഫുരിക്കുന്ന ഒന്നാണ് അദ്ദേഹത്തിന്‍റെ പ്രഖ്യാപനം. ‘ഞാന്‍ കോട്ട ചാടിക്കടക്കും’ എന്ന് ഉറക്കെ പറയുന്നതില്‍ ഒരു ഉറച്ച ബോധ്യമുണ്ട്. എന്തുവന്നാലും ഞാന്‍ അത് ചെയ്തിരിക്കും എന്ന ഒരു നിശ്ചയദാര്‍ഢ്യമുണ്ട്. കാറ്റത്ത് ആടുന്ന ഞാങ്ങണപോലെ ചാഞ്ചാടുന്നവനുള്ളതല്ല വിജയം. കാറ്റ് വരികയും പോവുകയും ചെയ്യും. അതിന്‍റെ ഗതി ചിലപ്പോള്‍ അനുകൂലവും മറ്റു ചിലപ്പോള്‍ പ്രതികൂലവും ആകാം. ഏത് സാഹചര്യത്തിലും പാറപോലെ ഉറച്ചുനില്‍ക്കുന്നവനെ കീഴ്പ്പെടുത്താന്‍ ഒരു ചീറിയടിക്കുന്ന കാറ്റിനും സാധിക്കുകയില്ലതന്നെ. അവന്‍ എപ്പോഴും ലെബനോനിലെ ദേവദാരുവിനെപ്പോലെ തലയുയര്‍ത്തി നില്‍ക്കും.
ദാവീദിന്‍റെ വിജയപ്രഖ്യാപനത്തില്‍ കാണുന്ന മറ്റൊന്ന് നിറഞ്ഞുനില്‍ക്കുന്ന ശുഭാപ്തിവിശ്വാസമാണ്. പോസിറ്റീവായ കാര്യങ്ങളേ അദ്ദേഹം പറയുന്നുള്ളൂ. കാരണം അക്കാര്യങ്ങള്‍ മാത്രമേ അദ്ദേഹം ചിന്തിക്കുന്നുള്ളൂ. ഒരു വിജയിയുടെ മനസ് എപ്പോഴും പ്രകാശപൂര്‍ണമായ ചിന്തകള്‍കൊണ്ട് നിറഞ്ഞിരിക്കും. കോട്ട ചാടിക്കടക്കുന്നതിനെക്കുറിച്ച് മാത്രമാണ് അയാളുടെ മനസ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരുവന്‍റെ ചിന്തയിലാണ് വിജയവും പരാജയവും ആരംഭിക്കുന്നത്. പ്രകാശം നിറഞ്ഞ ആലോചനകള്‍ പ്രഭാപൂര്‍ണമായ സംസാരത്തിലേക്കാണ് നയിക്കുന്നത്. അത് ചുറ്റും നില്‍ക്കുന്നവരെക്കൂടെ പ്രകാശിപ്പിക്കും. അത് ഒരു സമൂഹത്തെയൊന്നാകെ കര്‍മോത്സുകരാക്കും. എന്നാല്‍ നിഷേധാത്മകമായ ചിന്തകള്‍, ഇരുട്ട് നിറഞ്ഞ വാക്കുകള്‍ പുറപ്പെടുവിക്കുന്നു. അവ അയാളുടെ മാത്രമല്ല, ചുറ്റുമുള്ളവരുടെ ക്രിയാത്മകശേഷിയെയും ചോര്‍ത്തിക്കളയുവാന്‍ പര്യാപ്തമത്രേ.
ശക്തിരഹസ്യം
എന്നാല്‍ ഇവിടെ ശ്രദ്ധിക്കേണ്ട ഒരു സംഗതിയുണ്ട്. ദാവീദിന്‍റെ ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവും ഏതെങ്കിലും ടെക്നിക്ക് കൊണ്ടോ പരിശീലനംകൊണ്ടോ നേടിയെടുത്തതല്ല. അത് ശക്തിയുടെ ഉറവിടമായ ദൈവത്തോട് ചേര്‍ന്നുനില്ക്കുന്നതുകൊണ്ട് ലഭിച്ചതാണ്. ഭയപ്പെടുക, തളര്‍ന്നുപോകുക എന്നത് മനുഷ്യസഹജമാണ്. അതുകൊണ്ടാണല്ലോ ‘ഭയപ്പെടേണ്ടാ’ എന്ന് അനേക പ്രാവശ്യം വിശുദ്ധ ബൈബിള്‍ ആവര്‍ത്തിക്കുന്നത്. ഭയചകിതനായ മനുഷ്യന് ദൈവം നല്കുന്ന ഒരു ആശ്വാസദൂതാണത്. ഒരുവന്‍റെ മനക്കരുത്തുകൊണ്ട് ഒരു പ്രതിസന്ധിയെ അധികനാള്‍ നേരിടുവാന്‍ സാധിക്കുകയില്ല. മനസിന് ഉണ്ട് എന്ന് അയാള്‍ വിചാരിക്കുന്ന ശക്തി കുറച്ചുനാള്‍ കഴിയുമ്പോള്‍ ചോര്‍ന്നുപോകും, ഒരു മൊബൈല്‍ ഫോണിന്‍റെ ചാര്‍ജ് തീരുന്നതുപോലെ. ഉറവിടത്തില്‍ ചാര്‍ജ് ചെയ്തില്ലെങ്കില്‍ അത് പ്രവര്‍ത്തനരഹിതമാകും. മനസ് ശക്തിയറ്റ് പോകും.
എന്നാല്‍ ദൈവത്തില്‍ ശക്തി കണ്ടെത്തിയവരുടെ മനസ് എപ്പോഴും ബലമുള്ളതായിരിക്കും. അത് തളരുമ്പോള്‍ ദൈവം ചാര്‍ജ് ചെയ്തുകൊണ്ടിരിക്കും, ഊര്‍ജം പകര്‍ന്നുകൊണ്ടിരിക്കും. അതിനാല്‍ അവര്‍ എപ്പോഴും ഉന്മേഷവാന്മാരും പ്രത്യാശയുള്ളവരും ആയിരിക്കും. കോട്ടമതിലുകള്‍ അവരുടെ മുമ്പില്‍ നിഷ്പ്രഭമാവുകയേയുള്ളൂ. മരണത്തിന് മുമ്പില്‍ മനസുകൊണ്ട് ശിരസ് ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നവരും തടവറയില്‍ അനേക വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്
പതറാത്തവരും നമ്മുടെ കാലഘട്ടത്തില്‍ത്തന്നെയുണ്ടല്ലോ. ദൈവം ദുര്‍ബലനായ മനുഷ്യന് പകര്‍ന്നു നല്‍കുന്ന അജയ്യശക്തിയുടെ ജീവിക്കുന്ന സാക്ഷികളല്ലേ അവരൊക്കെ!
ദാവീദിന്‍റെ മാനിഫെസ്റ്റോയില്‍നിന്ന് നമുക്ക് മനസിലാകുന്ന മറ്റൊരു കാര്യം ദൈവത്തിന്‍റെ സഹായത്തെക്കുറിച്ചാണ്: ‘എന്‍റെ ദൈവത്തിന്‍റെ സഹായത്താല്‍’ എന്നാണല്ലോ അദ്ദേഹം പ്രഘോഷിക്കുന്നത്. ഈ ലോകത്തില്‍ കഷ്ടപ്പെടുന്ന മനുഷ്യനെ നിസഹായനായി നോക്കിനില്‍ക്കുന്ന ഒരാളല്ല ദൈവം. മനുഷ്യനെ സഹായിക്കാന്‍ അവിടുന്ന് സദാ സന്നദ്ധനാണ്. ഈ സഹായം അമൂര്‍ത്തമായ ഒരു ആശയമോ അചേതനമായ ഒരു വസ്തുവോ അല്ല, പ്രത്യുത ജീവനുള്ള ഒരു വ്യക്തിയാണ് എന്നതാണ് നമ്മെ വിസ്മയിപ്പിക്കുന്ന കാര്യം. ഇക്കാര്യം നമുക്ക് വെളിപ്പെടുത്തിയത് പ്രവചനങ്ങളുടെ പൂര്‍ത്തീകരണമായ ക്രിസ്തുതന്നെയാണ്.
മനുഷ്യനെ സഹായിക്കുന്ന ഒരു സഹായകന്‍ ഉണ്ട് എന്നാണ് ക്രിസ്തു പഠിപ്പിച്ചത്.
ഈ ലോകത്തില്‍നിന്ന് പിതാവിന്‍റെ പക്കലക്ക് വിട വാങ്ങുന്ന സമയത്താണ് യേശു ഇക്കാര്യം പറഞ്ഞത്. തന്‍റെ വേര്‍പാടില്‍ ദുഃഖിതരായിരിക്കുന്ന ശിഷ്യരോട് യേശു പറഞ്ഞത് താന്‍ പോകുന്നത് അവരുടെ നന്മയ്ക്കുവേണ്ടിയാണ് എന്നാണ്. കാരണം താന്‍ പോയാല്‍മാത്രമേ സഹായകനെ അയക്കുവാന്‍ സാധിക്കുകയുള്ളൂ. “ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുക്കലേക്ക് വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്ക് ഞാന്‍ അയയ്ക്കും” (യോഹന്നാന്‍ 16:7). ഈ സഹായകന്‍ പരിശുദ്ധാത്മാവാണ്. യേശു ലോകത്തിന് നല്‍കിയ സുവിശേഷത്തിന്‍റെ -സദ്വാര്‍ത്തയുടെ- കാതല്‍ ഇതാണ്. മനുഷ്യനെ അവന്‍റെ നിസഹായാവസ്ഥയില്‍ ദൈവം കൈവിടുന്നില്ല. അവനെ രക്ഷിക്കാന്‍ ദൈവം തന്നെ മനുഷ്യരൂപം പ്രാപിച്ച് ഭൂമിയില്‍ അവതീര്‍ണനായി. ആ രക്ഷ തുടര്‍ന്നുകൊണ്ടുപോകാന്‍, ഈ ഭൂമിയില്‍ വിജയാളിയായി ജീവിക്കാന്‍ ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് നിരന്തരം അവന്‍റെ കൂടെയുണ്ട്. ആ ദൈവാത്മാവിന്‍റെ സഹായം സ്വീകരിച്ച്, ദൈവാത്മാവിനോട് ഒത്ത് യാത്ര ചെയ്യുന്ന ഒരാളുടെ ജീവിതം കൊടുങ്കാറ്റിന് നടുവിലും ശാന്തത അനുഭവിക്കുന്നതായിരിക്കും. മാറായിലെ കയ്പുവെള്ളത്തെ ആ പരിശുദ്ധാത്മാവ് അവന് മധുരമുള്ളതായി പകര്‍ന്നു നല്‍കും.
ദുഃഖത്തിന്‍റെയും നിരാശയുടെയും പടഹധ്വനികള്‍ മുഴങ്ങുന്ന ഇക്കാലത്ത് ദാവീദിന്‍റെ ഈ വിജയപ്രഘോഷണം ഏറെ പ്രസക്തിയുള്ളതത്രേ. ആ വഴി തെരഞ്ഞെടുക്കാനുള്ള കൃപയ്ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം:
പിതാവായ ദൈവമേ, അങ്ങയുടെ പുത്രനായ യേശുവിനെ ഈ ലോകത്തിലേക്ക് അയച്ചത് ഞാന്‍ യേശുവിനോട് ചേര്‍ന്ന് വിജയത്തിന്‍റെ, രക്ഷയുടെ വഴിയിലൂടെ നടക്കുവാനാണല്ലോ. എന്നെ സഹായിക്കാന്‍, ബലപ്പെടുത്താന്‍ അങ്ങ് പരിശുദ്ധാത്മാവിനെ അയച്ചതിനും നന്ദി പറയുന്നു. പലപ്പോഴും ഞാന്‍ പരിശുദ്ധാത്മാവിനെ ശ്രദ്ധിക്കാറുണ്ടായിരുന്നില്ല. എന്‍റെ ജീവിതവഴിയില്‍ എന്നെ സഹായിക്കുന്ന പരിശുദ്ധാത്മാവിനായി ദാഹിച്ച് പ്രാര്‍ത്ഥിക്കാന്‍ എന്നെ അനുഗ്രഹിച്ചാലും. അങ്ങനെ ഞാന്‍ എപ്പോഴും അങ്ങയുടെ സാന്നിധ്യം അനുഭവിച്ചറിഞ്ഞ് ശക്തനും ധീരനുമായി ജീവിക്കട്ടെ. പരിശുദ്ധ ദൈവമാതാവേ, വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തിന്‍റെ സഹായത്താല്‍ കോട്ടകള്‍ ചാടിക്കടക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
K J Mathew
Want to be in the loop?
Get the latest updates from Tidings!