Home/Encounter/Article

സെപ് 28, 2019 1759 0 Anitha Joji
Encounter

ഒന്നു മയങ്ങിപ്പോയ നേരത്ത്….

ചിരിപ്പിക്കുന്ന  സ്വപ്നവ്യാഖ്യാനവും  ചില ആനന്ദ സത്യങ്ങളും

അതൊരു സന്ധ്യാസമയമായിരുന്നു. കോളേജ് വിദ്യാര്‍ത്ഥിനിയായ ഞാന്‍ വീട്ടില്‍ പഠനത്തിലാണ്. പെട്ടെന്ന് കറന്‍റ് പോയി. അതോടെ പഠനം നിന്നുവെങ്കിലും അവിടെത്തന്നെ ഇരിപ്പ് തുടര്‍ന്ന ഞാന്‍ പതിയെ ഒരു മയക്കത്തിലേക്ക് വഴുതിവീണു.

ഞാന്‍ മരിച്ചിരിക്കുന്നു! വെള്ളനിറത്തിലുള്ള മനോഹരമായ ഒരു ഉടുപ്പ് ധരിച്ച് ശവമഞ്ചത്തില്‍ കിടക്കുകയാണ്. മുഖത്ത് മനോഹരമായ ഒരു പുഞ്ചിരി കാണാം. കാണാന്‍ വരുന്ന പലരും അതേക്കുറിച്ച് പറയുന്നുണ്ട്, ചിരിച്ചുകൊണ്ട് കിടക്കുകയാണല്ലോ എന്നൊക്കെയാണ് ആ വാക്കുകള്‍. അച്ഛനും അമ്മയും പ്രിയപ്പെട്ടവരുമൊക്കെ സങ്കടത്തോടെ എനിക്കടുത്ത് ഇരിക്കുന്നു.

പിന്നെ കാണുന്നത് മാലാഖമാര്‍ എന്നെ എടുത്തുകൊണ്ട് പോകുന്നതാണ്. കുറേ ദൂരം പോയപ്പോള്‍ ഭീകരരൂപികള്‍ അടുത്തേക്കു വന്നു. ‘ഇവള്‍ ഞങ്ങള്‍ക്കുള്ളതാണ്’- അവരുടെ പേടിപ്പെടുത്തുന്ന സ്വരം! മാലാഖമാര്‍ ഉടനെ നല്കി മറുപടി, “അല്ല, ഇവള്‍ ഈശോയുടേതാണ്.”

എന്നാല്‍ ഭീകരരൂപികളായ പിശാചുക്കള്‍ അത് സമ്മതിക്കാന്‍ തയാറായില്ല. ഞാന്‍ കുഞ്ഞുനാള്‍ മുതല്‍ ചെയ്ത പാപങ്ങള്‍ അവര്‍ പറയാന്‍ തുടങ്ങി. അതുകേട്ട ഞാന്‍ നടുങ്ങിപ്പോയി, എല്ലാം ശരിയാണ്! പാപങ്ങള്‍ ചെയ്തതിനാല്‍ ഇവള്‍ ഞങ്ങളുടേതാണ് എന്ന് അവര്‍ പറയാന്‍ ശ്രമിച്ചപ്പോള്‍ മാലാഖമാര്‍ പറഞ്ഞത് മറ്റൊന്നാണ്.

“പക്ഷേ ഇവള്‍ അനുതപിച്ചിട്ടുണ്ട്. ഇവളുടെ പാപങ്ങള്‍ക്ക് യേശു പരിഹാരം ചെയ്തുകഴിഞ്ഞതാണ്.”

പിന്നെ അവിടെ ഭയാനകമായ യുദ്ധമാണ് നടന്നത്. മിഖായേല്‍ മാലാഖ ഇറങ്ങിവന്ന് പൊരുതുന്നത് ഞാന്‍ കണ്ടു. വിജയം മാലാഖമാര്‍ക്കൊപ്പമായിരുന്നു. അവര്‍ വീണ്ടും എന്നെയുംകൊണ്ട് യാത്രചെയ്തു. ചിന്തിക്കാനാവാത്തവിധം വലുപ്പമുള്ള മനോഹരമായ ഒരു കവാടംപോലെ ഒന്ന് ഞാന്‍ കണ്ടു. അത് സ്വര്‍ഗ്ഗകവാടമാണെന്ന് ആരും പറയാതെതന്നെ മനസ്സിലാക്കാമായിരുന്നു. അകത്തേക്ക് പ്രവേശിച്ചപ്പോള്‍ നരച്ച താടിയുള്ള അതീവതേജസ്വിയായ ഒരാളെ ഞാന്‍ ശ്രദ്ധിച്ചു. അത് ദൈവപിതാവാണെന്ന് എനിക്ക് തോന്നി.

അവിടെ നിറയെ പൂക്കളുണ്ടായിരുന്നു. സിംഹവും പശുവും മാനും പല തരത്തിലുള്ള മൃഗങ്ങളും പക്ഷികളുമെല്ലാം അവിടെ അതിമനോഹരമായി കാണപ്പെട്ടു. സിംഹത്തിന്‍റെ കാലിനിടയിലൂടെ ഒരു മാന്‍കിടാവ് കടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. വളരെ ആനന്ദം നിറഞ്ഞ അന്തരീക്ഷമായിരുന്നു അവിടംമുഴുവന്‍.

വര്‍ണിക്കാനാവാത്ത വിധം മനോഹരിയായ പരിശുദ്ധ മാതാവിനെ ഞാന്‍ അവിടെ കണ്ടു. മാതാവ് എന്നോട് പുഞ്ചിരി തൂകി. പക്ഷേ ഞാന്‍ മാതാവിനരികിലേക്ക് പോയില്ല. സന്തോഷത്തോടെതന്നെ മുന്നോട്ടു നീങ്ങുകയാണ് ചെയ്തത്. അല്പം കഴിഞ്ഞപ്പോഴതാ സന്തോഷംകൊണ്ട് ഞാന്‍ തരിച്ചുപോകുന്ന കാഴ്ച, പുഞ്ചിരിച്ചുകൊണ്ട് നില്ക്കുന്ന യേശു! ഞാന്‍ ഓടിച്ചെന്ന് യേശുവിനെ കെട്ടിപ്പുണര്‍ന്നു. യേശു എന്നെയും നെഞ്ചോടു ചേര്‍ത്തു പിടിച്ചു.

ആനന്ദത്തിന്‍റെ നിറവിലായിരുന്ന ഞാന്‍ പെട്ടെന്നാണ് മയക്കത്തില്‍നിന്നുണര്‍ന്നത്. കണ്ടത് സ്വപ്നമായിരുന്നു എന്നെനിക്ക് വിശ്വസിക്കാന്‍ കഴിയുമായിരുന്നില്ല. കാഴ്ചകളും അനുഭവങ്ങളുമെല്ലാം അത്രമാത്രം വ്യക്തമായിരുന്നു. പരിശുദ്ധ മാതാവിനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഞാന്‍ അമ്മയ്ക്കരികിലേക്ക് പോയില്ലല്ലോ എന്നോര്‍ത്ത് ഖേദം തോന്നി. പക്ഷേ സ്വപ്നമല്ലേ, കണ്ടത് മാറ്റാനാവില്ലല്ലോ. എന്തായാലും ആ സ്വപ്നത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് മനസ്സിലാക്കാന്‍ ഞാന്‍ ശ്രമിച്ചു. ഒടുവില്‍ സ്വയം ഇങ്ങനെ വ്യാഖ്യാനിച്ചെടുത്തു, ഞാന്‍ മരിക്കാന്‍ പോകുകയായിരിക്കാം. പെട്ടെന്ന് ഒരു കാര്യം ഓര്‍ത്ത് ആശ്വാസം തോന്നി, ‘സ്റ്റാറ്റിസ്റ്റിക്സും അക്കൗണ്ടന്‍സിയുമൊന്നും പഠിക്കേണ്ടല്ലോ!’ അന്ന് ബി.കോം വിദ്യാര്‍ത്ഥിനിയാണ് ഞാന്‍. സ്റ്റാറ്റിസ്റ്റിക്സും അക്കൗണ്ടന്‍സിയും എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. പിന്നെ ആലോചിച്ചപ്പോള്‍ അമ്മയും അച്ഛനുമെല്ലാം സങ്കടപ്പെടുമല്ലോ എന്നോര്‍ത്ത് അല്പം വിഷമം തോന്നി.

അന്ന് ഞാന്‍ മാമ്മോദീസ സ്വീകരിച്ചിട്ടില്ലെങ്കിലും യേശുവിനെ അറിഞ്ഞിട്ടുണ്ട്. ജീസസ് യൂത്ത് മുന്നേറ്റത്തില്‍ അംഗവുമാണ്. എങ്കിലും ബൈബിള്‍സംബന്ധമായോ സഭാസംബന്ധമായോ വലിയ അറിവൊന്നും ഉണ്ടായിരുന്നില്ല. എന്തായാലും മരിക്കാന്‍ പോകുന്ന കാര്യം പുറത്തു പറയാന്‍ കഴിയാത്തതുകൊണ്ട് ആരോടും എന്‍റെ അവസ്ഥ പങ്കുവച്ചില്ല. ദിവസങ്ങള്‍ അങ്ങനെ കടന്നുപോയി. ഞാന്‍ പഠനമൊക്കെ നിര്‍ത്തിവച്ചിരിക്കുകയാണ്; മരിക്കാന്‍ പോകുന്ന ആള്‍ പഠിച്ചിട്ട് കാര്യമൊന്നുമില്ലല്ലോ!

ഓരോ ദിവസവും ഞാന്‍ മരണം കാത്തിരുന്നു. ഇടയ്ക്ക് ഒരു ദിവസം കോളേജിലേക്ക് യാത്ര ചെയ്യുമ്പോള്‍ എനിക്ക് ചങ്കുവേദന അനുഭവപ്പെട്ടു. ചങ്കുവേദന കൂടി മരിക്കാന്‍ പോകുകയാണ് എന്നുതന്നെ ഞാന്‍ ഉറപ്പിച്ചു. പക്ഷേ അല്പനേരം കഴിഞ്ഞപ്പോള്‍ അത് മാറുകയാണ് ഉണ്ടായത്. പിന്നെയും കാത്തിരിപ്പ് തുടര്‍ന്നു. ഒരു മാസത്തോളം കഴിഞ്ഞിട്ടും മരണം സംഭവിക്കുന്നില്ല. പഠിക്കാനുള്ളതെല്ലാം കുന്നുകൂടിയിരിക്കുന്നു. ജീവിതമാകെ താളം തെറ്റിത്തുടങ്ങി എന്നെനിക്ക് മനസ്സിലായി. അതോടെ മാര്‍ഗ്ഗനിര്‍ദ്ദേശം ലഭിക്കാനായി പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങളുപയോഗിച്ച് പ്രാര്‍ത്ഥിക്കുന്ന, ഗുരുസ്ഥാനത്തുള്ള, ഒരു സഹോദരന്‍റെ അടുത്ത് ചെന്നു. അദ്ദേഹം എനിക്കായി പ്രാര്‍ത്ഥിച്ചിട്ട് എന്നോടു ചോദിച്ചു, “മോള്‍ക്ക് മരണശേഷമുള്ള ആനന്ദകരമായ നിത്യജീവിതത്തെപ്പറ്റി ബോധ്യമുണ്ടായിരുന്നോ?”

അദ്ദേഹത്തിന്‍റെ വാക്കുകളില്‍നിന്ന് എനിക്ക് ഒരു കാര്യം ബോധ്യപ്പെട്ടു, ഈ ഭൂമിയിലെ നമ്മുടെ ജീവിതം കുറച്ചു നാള്‍മാത്രമേയുള്ളൂ. നമ്മുടെ യഥാര്‍ത്ഥ പൗരത്വം സ്വര്‍ഗ്ഗത്തിലാണ്. അവിടെ സന്തോഷകരമായ ഒരു നിത്യജീവിതം നമ്മെ കാത്തിരിക്കുന്നുണ്ട്. സ്വപ്നത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം മനസ്സിലായപ്പോള്‍ എന്‍റെതന്നെ സ്വപ്നവ്യാഖ്യാനമോര്‍ത്ത് ഞാന്‍ ചിരിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മരണത്തെക്കുറിച്ചും മരണാനന്തരജീവിതത്തെക്കുറിച്ചും സ്വര്‍ഗ്ഗത്തെക്കുറിച്ചുമെല്ലാം തിരുവചനവും തിരുസഭയും പഠിപ്പിക്കുന്നതെന്താണെന്ന് ഞാന്‍ കൂടുതല്‍ അറിയാനിടയായി.

“ചെന്നായും ആട്ടിന്‍കുട്ടിയും ഒന്നിച്ചു വസിക്കും. പുള്ളിപ്പുലി കോലാട്ടിന്‍കുട്ടിയോടുകൂടെ കിടക്കും. പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും… എന്‍റെ വിശുദ്ധഗിരിയില്‍ ആരും ദ്രോഹമോ നാശമോ ചെയ്യുകയില്ല. സമുദ്രം ജലംകൊണ്ടെന്നപോലെ ഭൂമി കര്‍ത്താവിനെക്കുറിച്ചുള്ള ജ്ഞാനംകൊണ്ട് നിറയും”(ഏശയ്യാ 11: 6-9) എന്ന വചനഭാഗം ഇന്ന് എനിക്ക് പരിചിതമാണ്. ഇതെല്ലാം അറിഞ്ഞപ്പോഴാണ് പണ്ട് കണ്ട സ്വപ്നം ഇതുമായി ചേര്‍ന്നുപോകുന്നതാണല്ലോ എന്ന് ഓര്‍ത്തത്. പക്ഷേ ഇതൊന്നും ഒട്ടും അറിയാതിരുന്ന നാളില്‍ കണ്ട ആ സ്വപ്നം ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു.

ആ സ്വപ്നത്തില്‍ ഞാന്‍ മാതാവിനരികിലേക്ക് പോയില്ലല്ലോ എന്ന ഖേദം എന്നും എന്‍റെ ഉള്ളിലുണ്ടായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നിത്യജീവിതത്തെക്കുറിച്ച് സംസാരിക്കവേ ഈ സ്വപ്നത്തെക്കുറിച്ച് ഒരു സുഹൃത്തിനോട് പങ്കുവച്ചു. കേട്ടുകഴിഞ്ഞപ്പോള്‍ അവള്‍ എന്നോട് പറഞ്ഞു, “സ്വപ്നത്തില്‍ എല്ലാ വിശദാംശങ്ങളും ശരിയാണല്ലോ. മാതാവ് ഒരിക്കലും ആരെയും തന്നിലേക്കല്ല ആകര്‍ഷിക്കുന്നത്, ഈശോയിലേക്കാണ്!” സ്വപ്നത്തില്‍ ഞാന്‍ മാതാവിനരികിലേക്ക് പോകാതിരുന്നതിന്‍റെ കാരണമറിഞ്ഞതോടെ എന്‍റെ ഖേദം സന്തോഷമായി മാറി. മനോഹരമായ ആ സ്വപ്നം ഈശോ തന്ന സ്നേഹസമ്മാനമാണ് എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

Share:

Anitha Joji

Anitha Joji

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles