Home/Encounter/Article

മേയ് 23, 2024 31 0 Shalom Tidings
Encounter

ഏഴാം ക്ലാസുകാരന്‍ കുട്ടികപ്യാര്‍

എന്നും രാവിലെ ആറരയ്ക്കുമുമ്പ് ദൈവാലയത്തിലെത്തുക, വിശുദ്ധബലിക്കായി അള്‍ത്താര ഒരുക്കുക, വിശുദ്ധബലിയില്‍ ശുശ്രൂഷിയാകുക, വേണമെങ്കില്‍ ഗായകനുമാകുക- ഇതെല്ലാം ചെയ്യുന്നത് ദൈവാലയത്തിലെ കപ്യാര്‍ ആണെന്ന് കരുതാന്‍ സാധ്യതയുണ്ട് പക്ഷേ, അല്ല. ഇരിട്ടി എം.സി.ബി.എസ് ആശ്രമദൈവാലയത്തില്‍ അനുദിനബലിക്കെത്തുന്ന ലിയോ എന്ന ബാലന്‍റെ പ്രഭാതങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഏഴാം ക്ലാസുകാരനാണ് ലിയോ. ലിയോയുടെ വീടിനടുത്തുള്ള ആശ്രമദൈവാലയത്തിലാണ് ലിയോയുടെ ഈ ശുശ്രൂഷ. ലിയോയെ ഈ ശീലത്തിലേക്ക് നയിച്ചത് മാതാപിതാക്കളുടെ പ്രചോദനവും പ്രോത്സാഹനവുമാണ്.

ലിയോയുടെ അമ്മ പറയുന്നു, ”നഴ്‌സിംഗ് പഠനകാലത്ത് എസ്.എ.ബി.എസ് സന്യാസിനികളുടെ മേല്‍നോട്ടത്തിലുള്ള ഹോസ്റ്റലിലായിരുന്നു എന്‍റെ താമസം. അവിടെ എപ്പോഴും പ്രാര്‍ത്ഥനയുടെ അന്തരീക്ഷമായിരുന്നു. ആദ്യം എനിക്കത്ര താത്പര്യം തോന്നിയില്ലെങ്കിലും പിന്നീട് ഞാന്‍ കുറെയൊക്കെ അതിനോടുചേര്‍ന്നു.
പില്ക്കാലത്ത്, പ്രാര്‍ത്ഥനയില്‍ കൂടുതല്‍ താത്പര്യം കാണിച്ചിരുന്നവരുടെ ജീവിതം കൂടുതല്‍ ഐശ്വര്യപൂര്‍ണമാകുന്നത് എന്‍റെ ശ്രദ്ധയാകര്‍ഷിച്ചു. അതോടെ എന്‍റെ മക്കളെയും ഇതുപോലെ പ്രാര്‍ത്ഥനയോടും കൂദാശകളോടും പ്രത്യേകിച്ച് വിശുദ്ധ കുര്‍ബാനയോടും ചേര്‍ത്തുനിര്‍ത്തണമെന്ന് ചിന്തിക്കാന്‍ തുടങ്ങി.

മൂത്ത മകനാണ് ലിയോ. ഇളയ രണ്ട് മക്കള്‍കൂടിയുണ്ട്. കുടുംബത്തിലെല്ലാവര്‍ക്കും എല്ലാ ദിവസവും ദിവ്യബലിക്ക് പോകാന്‍ സാധിക്കുകയില്ല. എന്നാല്‍ ലിയോയെ ദിവ്യബലിക്ക് അയക്കാന്‍ സാധിക്കും. അതിനാല്‍ അനുദിനം ദിവ്യബലിക്ക് പോകണമെന്നും എല്ലാവര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അവന് പറഞ്ഞുകൊടുത്തു. അവനത് താത്പര്യത്തോടെ ചെയ്യാനും തുടങ്ങി. അതിന്‍റെ വ്യത്യാസം അവന്‍റെ ജീവിതത്തില്‍ കാണാനും കഴിയുന്നുണ്ട്.”
ലിയോയുടെ പിതാവ് മകനെക്കുറിച്ച് പറയുന്നതിങ്ങനെ: ”ലിയോയെ ആദ്യം കുറച്ച് ദിവസങ്ങളില്‍മാത്രമേ നിര്‍ബന്ധിച്ച് രാവിലെ വിളിച്ചെഴുന്നേല്‍പിക്കേണ്ടിവന്നിട്ടുള്ളൂ. പിന്നെ അവന്‍ വിശുദ്ധ കുര്‍ബാനയ്ക്കായി താത്പര്യത്തോടെ എഴുന്നേല്‍ക്കാന്‍ തുടങ്ങി.

ഇപ്പോള്‍ ഞങ്ങള്‍ അവനെ വിളിക്കാന്‍ താമസിച്ചാല്‍ എന്താണ് വിളിക്കാതിരുന്നത് എന്ന് ഇങ്ങോട്ട് ചോദിക്കും. എഴുന്നേറ്റാല്‍ പെട്ടെന്ന് തയാറായി ദൈവാലയത്തിലേക്ക് പോകും. ആറരയ്ക്കുള്ള വിശുദ്ധബലിയില്‍ സജീവമായി പങ്കെടുക്കും. തിരിച്ചുവന്നാല്‍ ഞങ്ങള്‍ ഒന്നിച്ച് പ്രാതല്‍ കഴിക്കും. ദൈവാലയത്തിലെ അന്നത്തെ വിശേഷങ്ങള്‍ എന്നോടും അവന്‍റെ അമ്മയോടുമെല്ലാം പറയും. ഇന്ന വൈദികനാണ് ബലിയര്‍പ്പിച്ചത്, ഞാന്‍ പാട്ടുപാടി എന്നിങ്ങനെ… പിന്നെ പഠിക്കാനുണ്ടെങ്കില്‍ പഠിച്ച് ഒരുങ്ങി സ്‌കൂളിലേക്ക് പോകും. സാധാരണയായി വൈകിട്ടാണ് ലിയോയുടെ പഠനം. എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍മാത്രം പിറ്റേന്ന് രാവിലെ ചെയ്യും. മിടുക്കനായി പഠിക്കാനും അവന് കഴിയുന്നുണ്ട്.”

മാതാപിതാക്കള്‍ പിന്തുണ നല്കിയതോടെ വിശുദ്ധബലി അനുദിനം അര്‍പ്പിച്ച് അനുഗ്രഹം നേടുന്ന ലിയോയ്ക്ക് ഭാവിയില്‍ പൈലറ്റാകണമെന്നാണ് ആഗ്രഹം. അതിനെക്കുറിച്ച് ലിയോ പറയുന്നത് അവന് ആദ്യം പൈലറ്റാകണമെന്നേ ആഗ്രഹമുണ്ടായിരുന്നുള്ളൂ, എന്നാല്‍ പിന്നീട് വിശുദ്ധനായ പൈലറ്റാകണം എന്ന് ആഗ്രഹം തോന്നിത്തുടങ്ങി എന്നാണ്. അന്നുമുതല്‍ താന്‍ ബലിയര്‍പ്പണം മുടക്കിയിട്ടില്ല എന്നും ലിയോ പങ്കുവയ്ക്കുന്നു. ദൈവാലയത്തില്‍ പോകുന്നതുകൊണ്ട് കൂട്ടുകാര്‍ക്കൊപ്പം പഠിക്കാനും കളിക്കാനും എല്ലാം ആവശ്യത്തിന് സമയം ലഭിക്കുന്നുണ്ടെന്നാണ് ലിയോയുടെ വാക്കുകള്‍.

ലിയോ പോകുന്ന ആശ്രമദൈവാലയത്തിലെ വൈദികര്‍ക്കും ലിയോയുടെ ഈ വിശുദ്ധബലിയോട് ചേര്‍ന്നുള്ള ജീവിതത്തെക്കുറിച്ച് പറയാന്‍ നൂറുനാവാണ്. വിശുദ്ധ കുര്‍ബാനയ്ക്കായി വിശുദ്ധവസ്തുക്കള്‍ അള്‍ത്താരയില്‍ എടുത്തുവയ്ക്കുന്നതും ബലി കഴിഞ്ഞാല്‍ തിരികെ കൊണ്ടുപോയി വയ്ക്കുന്നതുമെല്ലാം ലിയോ ആണെന്ന് അവര്‍ വാത്സല്യത്തോടെ പങ്കുവയ്ക്കുന്നു. ലേഖനം വായിക്കാനും പ്രാര്‍ത്ഥനകള്‍ ചൊല്ലാനും, ആവശ്യമെങ്കില്‍, ഗാനങ്ങള്‍ ആലപിക്കാനും അവന്‍ തയാര്‍. വൈദികര്‍ക്ക് അണിയാനുള്ള തിരുവസ്ത്രങ്ങള്‍ എടുത്തുകൊടുക്കാനും അവന്‍ ഏറെ തത്പരനാണത്രേ. ‘കുട്ടിക്കപ്യാര്‍’ എന്നാണ് ആ വൈദികര്‍ അവനെ സ്‌നേഹപൂര്‍വം വിശേഷിപ്പിക്കുന്നത്.

കുട്ടികള്‍ വിശുദ്ധിയില്‍ വളരുന്നതിന് ഏറെ തടസങ്ങളുള്ള ഈ കാലഘട്ടത്തില്‍ ദൈവാലയത്തോടും വിശുദ്ധബലിയോടും ചേര്‍ത്തുനിര്‍ത്തി വളര്‍ത്തിയാല്‍ അത് കുട്ടികള്‍ക്ക് ഏറെ അനുഗ്രഹമാകുമെന്ന് ലിയോയുടെ മാതാപിതാക്കള്‍ ഓര്‍മ്മിപ്പിക്കുന്നു. അത് പഠനമികവിനും സഹായകമാകുമെന്നാണ് അവരുടെ സാക്ഷ്യം.

തലശേരി അതിരൂപതയിലെ വട്ടിയറ ഇടവകയിലുള്ള തറയില്‍ റോയ് ഫിലിപ്- ജോയിസ് റോയ് ദമ്പതികളുടെ മകനാണ് ലിയോ. ലിയോണ, ലിന്‍സ്റ്റണ്‍ എന്നിവരാണ് സഹോദരങ്ങള്‍.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles