Home/Encounter/Article

ഫെബ്രു 23, 2024 317 0 Brother Anson Jose
Encounter

എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകല്ലേടാ…

ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാന്‍…

ഒരു ആശ്രമദൈവാലയത്തില്‍ വാര്‍ഷികധ്യാനം നടക്കുകയായിരുന്നു. ദൈവാലയത്തിനു പുറത്ത് സ്റ്റേജിലാണ് ധ്യാനം. ഞാന്‍ കുമ്പസാരം കഴിഞ്ഞ് ദൈവാലയത്തിനുള്ളില്‍ ഇരിക്കുകയായിരുന്നു. പുറത്ത് സ്തുതിപ്പും പാട്ടുമൊക്കെ നടക്കുന്നുണ്ടെങ്കിലും അതൊന്നും ആ ദൈവാലയത്തിനുള്ളിലെ നിശബ്ദതയെ ഭേദിക്കാത്തത് എന്നെ ആശ്ചര്യപ്പെടുത്തി. ആ നിശബ്ദതയില്‍ മനസിലേക്കുവന്ന ഒരു ചോദ്യം ഞാന്‍ വ്യക്തമായി കേട്ടു.

“എന്തുകൊണ്ട് നിനക്കും ഒരു വൈദികനായിക്കൂടാ…?”
ആ ചോദ്യത്തോടുകൂടിയാണ് എന്‍റെ ദൈവവിളി ആരംഭിക്കുന്നത്.

മനസില്‍നിന്നുയര്‍ന്ന ചോദ്യം സക്രാരിക്കുള്ളിലെ ദിവ്യകാരുണ്യനാഥനില്‍നിന്നുമാണ് വന്നതെന്ന് ഞാന്‍ മനസിലാക്കി. അന്നുമുതല്‍ ദിവ്യകാരുണ്യ ഈശോയോട് ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങി. അതിനുശേഷം ദിവ്യകാരുണ്യത്തെക്കുറിച്ച് കൂടുതലായി അറിയാനുള്ള ആഗ്രഹമായി.

ആന്‍റണി നെറ്റിക്കാട്ടച്ചന്‍റെ ‘ദിവ്യകാരുണ്യ അത്ഭുതങ്ങള്‍’ എന്ന പുസ്തകം പലയാവര്‍ത്തി വായിച്ച് ദിവ്യകാരുണ്യനാഥന്‍റെ സ്നേഹത്തില്‍ ആഴ്ന്നുപോവുകയും കൂടുതല്‍ അറിയാനുള്ള ആഗ്രഹം വളരുകയും ചെയ്തുകൊണ്ടിരുന്നു. കൂടാതെ വിശുദ്ധ പാദ്രേ പിയോയുടെ വിശുദ്ധ കുര്‍ബാനയോടുള്ള അതീവമായ ഭക്തിയും സ്നേഹവും നിരന്തരം എന്നെ ദിവ്യകാരുണ്യത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു.

പക്ഷേ, ആ നാളുകളില്‍ ഒരിക്കല്‍പ്പോലും വിശുദ്ധ കുര്‍ബാനയ്ക്കുമുന്നില്‍ സമയം ചെലവഴിക്കുന്നതിനെക്കുറിച്ചോ ഏകാന്ത പ്രാര്‍ത്ഥനകളുടെ ശക്തിയെക്കുറിച്ചോ എനിക്കറിവില്ലായിരുന്നു. സെമിനാരിയില്‍ ചേര്‍ന്നതിനുശേഷമാണ് ഏകാന്ത പ്രാര്‍ത്ഥനയിലേക്ക് കടക്കുന്നത്. സെമിനാരിയിലെ ആദ്യത്തെ ദിവസംതന്നെ എനിക്ക് അതിനുള്ള പ്രേരണ ഉണ്ടായി.

നിശാപ്രാര്‍ത്ഥനയ്ക്കുശേഷം എല്ലാവരും എഴുന്നേറ്റുപോകുമ്പോള്‍ ദൈവാലയത്തിനുള്ളില്‍ ഈശോ തനിച്ചാകുമല്ലോ എന്ന ചിന്ത എന്‍റെയുള്ളില്‍ നിറഞ്ഞു. അന്നുമുതല്‍ എല്ലാ ദിവസവും അരമണിക്കൂറെങ്കിലും ദിവ്യകാരുണ്യത്തിന്‍റെ മുന്നില്‍ നിശബ്ദനായിരിക്കുന്നത് ശീലമാക്കി.

ഒരു ദിവസം ചാപ്പലില്‍ ഇരിക്കുമ്പോള്‍ ശക്തമായൊരു പ്രലോഭനം ഉണ്ടായി. ഉള്ളിലിരുന്നാരോ എഴുന്നേറ്റു പോകാന്‍ പറയുന്നതുപോലെ. ഞാന്‍ എഴുന്നേറ്റു മുട്ടുകുത്തി കുരിശുവരയ്ക്കാനാരംഭിച്ചു. അപ്പോള്‍ ഉള്ളില്‍നിന്ന് മറ്റൊരു സ്വരം ഞാന്‍ കേട്ടു. “എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകല്ലേടാ.”

ഞാന്‍ ഞെട്ടിപ്പോയി. വീണ്ടും ചാപ്പലില്‍ത്തന്നെ ഇരുന്നു. ഏകാന്തവും നിശബ്ദവുമായ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ഇത്തരത്തില്‍ എഴുന്നേറ്റു പോകാന്‍ തോന്നുമ്പോള്‍ ഇപ്പോഴും ഇങ്ങനെയൊരു തേങ്ങല്‍ കേള്‍ക്കാറുണ്ട്.

അന്നുമുതല്‍ ഞാന്‍ മറ്റൊരു കാര്യവുംകൂടി മനസിലാക്കിത്തുടങ്ങി. ഓരോ മനുഷ്യനോടും ഈശോയ്ക്ക് ഒരുപാടൊരുപാട് സംസാരിക്കാനുണ്ട്. ഏറെ കളിതമാശകള്‍ പറയുവാനുണ്ട്. നമ്മുടെ ജീവിതത്തിനാവശ്യമായ തിരുത്തലുകള്‍ അവിടുത്തേക്ക് നല്‍കാനുണ്ട്. പക്ഷേ, നമ്മുടെ ഉച്ചസ്ഥായിയിലുള്ള പ്രാര്‍ത്ഥനകള്‍ക്കും അപേക്ഷകള്‍ക്കുമിടയില്‍ അവിടുത്തെ സ്വരം നാം ശ്രവിക്കാതെ പോകുന്നു. അവിടുത്തേക്ക് പറയുവാനുള്ളതൊന്നും നാം കേള്‍ക്കുന്നില്ല.

19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സോറെന്‍ കീര്‍ക്കെഗോറിന്‍റെ അഭിപ്രായത്തില്‍ പ്രാര്‍ത്ഥന എന്നത് ദൈവസന്നിധിയില്‍ പ്രശാന്തതയോടെ നിശ്ചലനായിരിക്കുക എന്നതും ദൈവം സംസാരിക്കുന്നത് കേള്‍ക്കുവോളം കാത്തിരിക്കുക എന്നതുമാണ്. വിശുദ്ധ കുര്‍ബാനയിലെ ഈശോയുടെ ശാന്തമായ സ്വരം ശ്രവിക്കണമെങ്കില്‍ നമ്മുടെ ജീവിതത്തില്‍ നിശബ്ദത അനിവാര്യമാണ്. ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ മണിക്കൂറുകള്‍ മുട്ടിന്മേല്‍ നിന്നതിന്‍റെ ഫലമാണ് കര്‍മലീത്താസഭയുടെ നവീകരണവും ‘സുകൃതസരണി’ എന്ന ഗ്രന്ഥവുമൊക്കെ. സാന്‍ ഡാമിയാനോ ദൈവാലയത്തിലെ നിശബ്ദതയില്‍കേട്ട യേശുവിന്‍റെ സ്വരത്തില്‍നിന്നാണ് ഫ്രാന്‍സിസ് അസീസി രണ്ടാം ക്രിസ്തുവിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഈശോപോലും നിശബ്ദതയില്‍ പിതാവിനോ ട് പ്രാര്‍ത്ഥിക്കുന്നതായി വചനത്തില്‍ നാം കാണുന്നു. “അതിരാവിലെ അവന്‍ ഉണര്‍ന്ന് ഒരു വിജനസ്ഥലത്തേക്ക് പോയി. അവിടെ അവന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു” (മര്‍ക്കോസ് 1/35).

ഏറെ ആശങ്കകളും നെടുവീര്‍പ്പുകളും ഓട്ടപ്പാച്ചിലുകളും ശബ്ദമുണ്ടാക്കുന്ന ഈ ലോകത്ത് എല്ലാം മറന്ന് അല്പസമയം ദിവ്യകാരുണ്യനാഥന് കൊടുക്കാന്‍ തീരുമാനിച്ചാല്‍ അതുതന്നെ മതിയാകും നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാന്‍. ദിവ്യകാരുണ്യത്തിന്‍റെ മുമ്പിലിരിക്കുമ്പോള്‍ അവിടുത്തെ സ്നേഹത്തില്‍ നാം അലിഞ്ഞുചേരും. ഉത്തരം കിട്ടാതെ മനസില്‍ കൊണ്ടുനടക്കുന്ന ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടും. പ്രതിസന്ധികളെ മറികടക്കാനുള്ള ഊര്‍ജം അവിടുന്ന് നമുക്ക് തരും. “അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നത് കൂടുതല്‍ അഭികാമ്യമാണ്” (സങ്കീര്‍ത്തനങ്ങള്‍ 84/10).

Share:

Brother Anson Jose

Brother Anson Jose

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles