Trending Articles
ശരീരത്തിനും മനസിനും ഒരുപോലെ സൗഖ്യം ലഭിക്കുന്ന ഇടമാണ് കുമ്പസാരം. അവിടെ നടക്കുന്ന അത്ഭുതങ്ങള്‍ നമ്മെ വിസ്മയിപ്പിക്കേണ്ടതാണ്. ഒരു സാധാരണ വൈദികനിലൂടെ ഈശോയ്ക്ക് മറഞ്ഞിരുന്ന് ഇങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് നമ്മെ അത്ഭുതപ്പെടുത്തേണ്ടേ? ആ നിമിഷംവരെ സംസാരിച്ചും കൂട്ടു കൂടിയും നടന്ന വൈദികനില്‍ ഈശോയുടെ പ്രത്യേക സാന്നിധ്യമൊന്നും പ്രത്യക്ഷത്തില്‍ പ്രകടമല്ലെങ്കിലും എങ്ങനെ ഈശോ വൈദികനെ പൊതിഞ്ഞുപിടിച്ച് ഈ അത്ഭുതകര്‍മം നിര്‍വഹിക്കുന്നു!
ധ്യാനത്തില്‍ സംബന്ധിക്കാനായിരുന്നു ആ വ്യക്തി വന്നത്. ദൈവവചനം സ്പര്‍ശിച്ചപ്പോള്‍ ജീവിതത്തെ വെട്ടിയൊരുക്കി. അനുതാപക്കണ്ണീരോടെ കുമ്പസാരവേദിയിലേക്ക് അണഞ്ഞു. തന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടു എന്നതിന് ഒരു പ്രത്യേക അടയാളം നല്കണമേ എന്ന് പ്രാര്‍ത്ഥിച്ചു. അത്ഭുതമെന്നു പറയട്ടെ, വൈദികന്‍റെ ആശീര്‍വാദം സ്വീകരിച്ച് കുമ്പസാരവേദിയില്‍നിന്നും കടന്നുവന്ന ആ സഹോദരന്‍റെ കാലിലെ വര്‍ഷങ്ങളായി മരവിച്ചിരുന്ന ഒരു വിരല്‍ കര്‍ത്താവ് അപ്പോള്‍ സുഖപ്പെടുത്തി. ദൈവമേ എല്ലാത്തിനും നന്ദി എന്ന് പറഞ്ഞ് പ്രാര്‍ത്ഥിക്കുമ്പോള്‍ ആത്മാവ് ശുദ്ധമാകുക മാത്രമല്ല, ശാരീരിക അസ്വസ്ഥതകളും ഈശോ സുഖപ്പെടുത്തും.
മറ്റൊരാള്‍ ജീവിതത്തിന്‍റെ എല്ലാ പൊടിപടലങ്ങളും കണ്ടെത്താന്‍ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് പാപസങ്കീര്‍ത്തനത്തിന് അണഞ്ഞത്. സ്വന്ത ജീവിതത്തിലെ വിനകളുടെ ഭാരങ്ങള്‍ ഈശോ കുമ്പസാരവേദിയില്‍ ഏറ്റെടുത്തപ്പോള്‍, അതിന്‍റെ ആനന്ദം ആത്മാവിലും മനസിലും മാത്രമല്ല ശരീരത്തിലും അനുഭവപ്പെട്ടു. നാളുകളായി ഹാര്‍ട്ടിന് അല്പം അസ്വസ്ഥതകള്‍ ഇ.സി.ജിയില്‍ കണ്ടിരുന്നു. ഒരു ധ്യാനത്തില്‍ ഈശോയോടൊപ്പം ചെലവഴിച്ച് വചനം ശ്രവിച്ച് ആത്മീയ ഡോക്ടറെ കണ്ടതിനുശേഷം ശാരീരിക ഡോക്ടറെ കാണാനായിരുന്നു പദ്ധതി. പക്ഷേ പാപഭാരം പോയതോടുകൂടെ ഹൃദയത്തിന്‍റെ ഭാരവും ഈശോ കൊണ്ടുപോയി. എന്തൊരത്ഭുതമാണ് ഇത്. ഈശോ ഇന്നും ജീവിക്കുന്നു, പ്രവര്‍ത്തിക്കുന്നു. കൊടുങ്കാറ്റിന്‍റെ ആരവത്തിലല്ല, നിശബ്ദതയുടെ ഏകാന്തതയുടെ തീരത്തിരുന്ന് ഈശോ എല്ലാം കഴുകി വെടിപ്പാക്കുന്നു.
ആദിമ ക്രൈസ്തവ സമൂഹത്തില്‍ സാധാരണയായി കണ്ടിരുന്ന ആത്മീയവരദാനങ്ങളിലൂടെ സഭയെ പരിശുദ്ധാത്മാവ് ഈ കാലഘട്ടത്തിലും നയിക്കുന്നുണ്ട്. വലിയ സുകൃതങ്ങളൊന്നും അവകാശപ്പെടാന്‍ ഇല്ലാതെയാണ് ഒരു വ്യക്തി ധ്യാനത്തിനായി കടന്നുവന്നത്. പരിശുദ്ധാത്മാവിന്‍റെ കൃപാദാനങ്ങള്‍ക്കായി തീക്ഷ്ണതയോടെ ആഗ്രഹിക്കാനേ സാധിച്ചിരുന്നുള്ളൂ. ആത്മാവിന്‍റെ പ്രവര്‍ത്തനങ്ങള്‍ പരിശുദ്ധമായ ഹൃദയത്തിലാണ് സംഭവിക്കുന്നത് എന്ന് ബോധ്യപ്പെട്ടപ്പോള്‍ ബന്ധങ്ങളില്‍ വന്ന വിള്ളലുകളെല്ലാം ക്ഷമയോടെ പ്രാര്‍ത്ഥിച്ച് കണ്ടെത്തി. അങ്ങനെ ലഘുപാപങ്ങള്‍പോലും ഏറ്റുപറഞ്ഞാണ് കുമ്പസാരിച്ചത്. കാല്‍വരിയില്‍ എനിക്കായി രക്തം ചിന്തി പാപകടങ്ങള്‍ മോചിച്ച ഈശോയുടെ സ്നേഹം അവിടെ അനുഭവിച്ചു എന്നായിരുന്നു അദ്ദേഹം സാക്ഷ്യപ്പെടുത്തിയത്. നിന്‍റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞ് വൈദികന്‍ കരങ്ങള്‍ ഉയര്‍ത്തി ആശീര്‍വദിച്ചപ്പോള്‍ ഉള്ളില്‍ സ്തുതിക്കണമെന്ന് തോന്നി. പക്ഷേ സ്തുതിക്കാനായി വാക്കുകള്‍ തേടിയപ്പോഴേക്കും ഉള്ളിന്‍റെ ഉള്ളില്‍നിന്ന് ആത്മാവിന്‍റെ സ്തുതിഗീതങ്ങളാണ് പുറത്തേക്ക് വന്നത്. അങ്ങനെ അദ്ദേഹത്തിന് ഭാഷാവരത്തില്‍ സ്തുതിക്കുവാന്‍ സാധിച്ചു.
കുമ്പസാരവേദിയിലെ സൗഖ്യവും അത്ഭുതങ്ങളും രുചിച്ചറിഞ്ഞവരാണ് വിശുദ്ധാത്മാക്കള്‍. നമുക്കും അവ അനുഭവിക്കാം. വൈദികനും അപ്പുറത്ത് എല്ലാ അധികാരവും നിങ്ങള്‍ക്ക് ഞാന്‍ നല്കുന്നു എന്ന ഈശോയുടെ വാക്കുകള്‍ ഓര്‍ക്കാം. നാഥാ, ഒരുക്കത്തോടെ പാവനമായ കുമ്പസാരവേദിയില്‍ മുട്ടുകുത്താന്‍ എന്നെ പഠിപ്പിക്കണേ. അങ്ങ് കുരിശില്‍ നേടിത്തന്ന രക്ഷ ഞങ്ങള്‍ക്ക് നല്കാന്‍ കുമ്പസാരവേദിയില്‍ ഞങ്ങള്‍ക്കായി കാത്തിരിക്കുന്ന കര്‍ത്താവേ, ഒരായിരം നന്ദി. ആദ്യകുമ്പസാരം തുടങ്ങി ഇന്നുവരെ ഞങ്ങളെ ഈ ദിവ്യകൂദാശയിലൂടെ അനുഗ്രഹിച്ച എല്ലാ വന്ദ്യവൈദികര്‍ക്കും ഒരായിരം നന്ദി.
Sr Elsis Mathew MSMI
Want to be in the loop?
Get the latest updates from Tidings!