Home/Encounter/Article

ഫെബ്രു 21, 2024 273 0 Tessy Sunny
Encounter

ഉത്തരേന്ത്യന്‍ പ്രേമചിന്തകളും വചനവും

വചനത്തിലൂടെ ദൈവം സംസാരിക്കുമെന്നതിന് ലേഖികയുടെ വേറിട്ടൊരു ഉത്തരം.

കുറച്ചുനാള്‍ മുമ്പ് ഞാന്‍ ഒരു ചേച്ചിയെ പരിചയപ്പെട്ടു. ഏതാണ്ട് 65 വയസ് പ്രായമുണ്ട് അവര്‍ക്ക്. അവര്‍ പറഞ്ഞു, “തിന്മയില്‍ വീഴാനുള്ള സാഹചര്യങ്ങളാണ് ചുറ്റും. എന്നാല്‍ അനുദിനവചനവായനയിലൂടെ ദൈവം എന്നോട് സംസാരിക്കുന്നതുകൊണ്ടാണ് പാപങ്ങളില്‍ വീഴാതെ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നത്.”

ഇത് കേട്ടപ്പോള്‍ ഞാന്‍ കരുതി, “എന്നോടുമാത്രമെന്താ ദൈവം വചനത്തിലൂടെ സംസാരിക്കാത്തത്?”

ഈ ചിന്ത എന്‍റെ മനസിലൂടെ കടന്നുപോയി ഏറെനേരം കഴിയുംമുമ്പേ യൗവനകാലത്തെ ചില ഓര്‍മകളിലേക്ക് ഈശോ എന്നെ കൂട്ടിക്കൊണ്ടുപോയി. അന്ന് ഞാന്‍ ഉത്തരേന്ത്യയിലായിരുന്നു പഠിച്ചിരുന്നത്. തലപ്പാവ് അണിഞ്ഞ, അരോഗദൃഢഗാത്രരായ സിഖ് യുവാക്കള്‍ എന്‍റെ ശ്രദ്ധ കവര്‍ന്നു. അവരുടെ രൂപത്തിലും വേഷത്തിലും എന്തോ ഒരു പ്രത്യേക ആകര്‍ഷണം അനുഭവപ്പെട്ടു.

അങ്ങനെയിരിക്കെ, കൂടെയുള്ള ഒരു മലയാളി ചേച്ചി അവരുടെ സഹോദരിയുടെ വിവാഹചിത്രങ്ങള്‍ കാണിച്ചു. ആ സഹോദരി ഒരു സര്‍ദാര്‍ജിയെയാണ് വിവാഹം ചെയ്തിരിക്കുന്നത്. അതുംകൂടി കണ്ടപ്പോള്‍ യൗവനത്തിന്‍റെ തിളപ്പില്‍ ഞാന്‍ ഇങ്ങനെ ചിന്തിക്കാന്‍ തുടങ്ങി, “പ്രേമിക്കുകയാണെങ്കില്‍ ഒരു സര്‍ദാര്‍ജിയെത്തന്നെ പ്രേമിക്കണം. പ്രേമിച്ചാല്‍ എന്തായാലും നാട്ടിലും വീട്ടിലും സംസാരവിഷയമാകും. എങ്കില്‍പ്പിന്നെ എല്ലാവരും കണ്ടാല്‍ അല്പം അതിശയത്തോടെയും ബഹുമാനത്തോടെയും നോക്കുന്ന സര്‍ദാര്‍ജിതന്നെ ആവട്ടെ.”

ഈ ചിന്തയുമായി നടക്കുന്ന കാലത്ത് വ്യത്യസ്തമായൊരു പ്രേരണ കര്‍ത്താവ് തന്നു. ബൈബിള്‍ വായിക്കുക എന്നതായിരുന്നു അത്. അതിനാല്‍ ഒരു കഥപുസ്തകം വായിക്കുന്നതുപോലെ ഞാന്‍ ബൈബിള്‍ വായിക്കാന്‍ തുടങ്ങി. രാജാക്കന്‍മാരുടെ പുസ്തകം വായിച്ചപ്പോള്‍ സോളമന്‍ രാജാവിന്‍റെ പതനത്തിന് കാരണം വിജാതീയസ്ത്രീകളെ വിവാഹം കഴിച്ചതാണ് എന്ന് മനസിലായി (1 രാജാക്കന്‍മാര്‍ 11/1-12). ഇത് വായിച്ചപ്പോള്‍ എന്‍റെ കാഴ്ചപ്പാടില്‍ ഒരു മാറ്റം. അന്യമതസ്ഥരെ വിവാഹം കഴിച്ചാല്‍ പല ഭവിഷ്യത്തുകളും അതോടൊപ്പം ഏകദൈവത്തില്‍നിന്ന് അകലുന്ന സാഹചര്യങ്ങളും ഉണ്ടാകുമെന്ന് എനിക്ക് ബോധ്യപ്പെട്ടു. പിന്നീട് ഒരിക്കലും എനിക്ക് മുമ്പ് തോന്നിയ തെറ്റായ ആകര്‍ഷണം വളരാന്‍ അനുവദിച്ചില്ല.

ദൈവം പ്രത്യക്ഷത്തില്‍ വചനത്തിലൂടെ നമ്മോട് സംസാരിക്കുന്നതായി തോന്നിയില്ലെങ്കിലും വചനം നമ്മുടെ കണ്‍മുന്നിലൂടെ കടന്നുപോകുമ്പോള്‍ ഉള്ളിലിരുന്ന് പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയത്തോട് പാപത്തിന്‍റെയും തിന്മയുടെയും ചായ്വുകളെപ്പറ്റി സംസാരിക്കുന്നുണ്ട്. ആ ദൈവികമന്ത്രണത്തോട് പ്രത്യുത്തരിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചാല്‍ ബാക്കി കര്‍ത്താവ് നോക്കിക്കൊള്ളും.

Share:

Tessy Sunny

Tessy Sunny

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles