Home/Encounter/Article

ആഗ 14, 2020 1793 0 Josepheena Emmanuel Kothamangalam
Encounter

ഉത്തരം ആ നിമിഷം തന്നെ

കുറച്ചുനാള്‍ മുമ്പ് ഞാന്‍ ഒരു വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേര്‍ന്നു. വര്‍ഷങ്ങളായി വായിക്കാന്‍ ആഗ്രഹിച്ചിരുന്ന ‘എന്‍റെ അന്തരാത്മാവിലേക്ക് ഒഴുകിയിറങ്ങിയ ദൈവകരുണ’ എന്ന വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകള്‍ ദിവസേന കേള്‍ക്കാന്‍ പാകത്തിന് ഓഡിയോ ക്ലിപ്സ് ആയി അയച്ചുതരും എന്നു കേട്ടതിനാലാണ് ആ ഗ്രൂപ്പില്‍ ചേര്‍ന്നത്. അതുവഴി ഓരോ ദിനവും ദൈവകരുണയെക്കുറിച്ചു കൂടുതല്‍ പഠിച്ചു.

ആയിടയ്ക്കാണ് എന്‍റെ അമ്മ വാര്‍ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയില്‍ പ്രവേശിക്കുന്നത്. ഓരോ ദിവസവും പുതിയ പുതിയ രോഗാവസ്ഥകള്‍. ഇതിനെല്ലാം പുറമെ കാരണം കണ്ടുപിടിക്കാന്‍ കഴിയാത്ത ഒരു ദേഹാസ്വസ്ഥതയും. ഉണര്‍ന്നു കിടക്കുന്ന അവസരങ്ങളിലൊക്കെ കിടന്ന് ഞെളിഞ്ഞുപിരിയും. ഈ അസ്വസ്ഥത മാറ്റാന്‍ ഒന്നും ചെയ്യാന്‍ ഡോക്ടേഴ്സിനും കഴിഞ്ഞില്ല. ഈ അവസരത്തില്‍ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിക്കുറിപ്പുകളില്‍ കേട്ടത് എന്‍റെ ഓര്‍മയില്‍ വന്നു. “മരണാസന്നര്‍ക്ക് കരുണയുടെ ജപമാല വലിയ സഹായമാണ്.”

ഇതനുസരിച്ച് ഞാന്‍ അമ്മയുടെ അടുത്തല്ലാത്തപ്പോള്‍ സ്പീക്കര്‍ ഫോണില്‍ക്കൂടിയും അമ്മയുടെ അടുത്തായിരുന്നപ്പോള്‍ കട്ടിലിനരികെ ഇരുന്നും കരുണക്കൊന്ത ചൊല്ലിക്കൊടുത്തു. ഇങ്ങനെ കരുണക്കൊന്തയോ മാതാവിന്‍റെ ജപമാലയോ സങ്കീര്‍ത്തനങ്ങളോ ചൊല്ലിത്തുടങ്ങുമ്പോള്‍ത്തന്നെ തീര്‍ത്തും അസ്വസ്ഥയായിരിക്കുന്ന അമ്മ ഉറങ്ങിപ്പോകുന്നത് ഞാന്‍ ശ്രദ്ധിച്ചു. ഇങ്ങനെ പോകവേ ഒരിക്കല്‍ അമ്മ മുപ്പത്തിയാറു മണിക്കൂറോളം ഉറങ്ങാതെ അസ്വസ്ഥയായി കിടന്നു. ചൊല്ലിക്കൊടുത്ത ഒരു പ്രാര്‍ത്ഥനയും അമ്മയുടെമേല്‍ ഒരു സ്വാധീനവും ചെലുത്തിയില്ല.

അതുകഴിഞ്ഞ് ഞാന്‍ വീട്ടിലായിരുന്ന സമയത്ത് അമ്മ വല്ലാതെ ഛര്‍ദിക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയില്‍ കൂടെ നിന്നിരുന്നവര്‍ എന്നെ വിളിച്ചു. തലേ ദിവസങ്ങളില്‍ കേട്ട ഡയറിക്കുറിപ്പാണ് പെട്ടെന്ന് ഓര്‍മ വന്നത്. വളരെയധികം മരണവേദന അനുഭവിച്ചിരുന്ന ഒരു ആത്മാവിനുവേണ്ടി വിശുദ്ധ മൂന്നുമണിക്കൂര്‍ തുടര്‍ച്ചയായി കരുണയ്ക്കുവേണ്ടി അപേക്ഷിച്ചുവെന്നായിരുന്നു അതില്‍ പറഞ്ഞിരുന്നത്. രാത്രി 12.45-നാണ് എനിക്ക് ഫോണ്‍കോള്‍ കിട്ടിയത്. 3.45 വരെ ഉണര്‍ന്നിരുന്ന് കരുണക്കൊന്ത ചൊല്ലി. അതിനുശേഷം വിളിച്ചുനോക്കിയപ്പോള്‍ അമ്മ സ്വസ്ഥമായി ഉറങ്ങുകയാണെന്നു കേട്ടു.

പിറ്റേന്ന് രാവിലെ അമ്മയുമായി ഫോണില്‍ സംസാരിച്ചു. അമ്മ വളരെ ശാന്തയായി ഇരിക്കുന്നതായി തോന്നി. രണ്ടു മണിക്കൂറുകള്‍ക്കുശേഷം മകളെ സണ്‍ഡേ ക്ലാ
സില്‍നിന്ന് തിരികെ കൂട്ടിക്കൊണ്ടുവരാനായി പോയി വാഹനത്തില്‍ ഇരിക്കുന്ന നേരത്ത് ഞാന്‍ അന്നത്തെ ഡയറിക്കുറിപ്പുകള്‍ കേട്ടു.: “ഒരു വ്യക്തി മരണാസന്നയായി കിടക്കുന്നു…. പെട്ടെന്ന് ഞാന്‍ കര്‍ത്താവിനോട് പറഞ്ഞു, ഈശോയേ ഞാന്‍ ചെയ്യുന്നതെല്ലാം അങ്ങേക്ക് പ്രീതിജനകമാണെന്നുള്ളതിന്‍റെ തെളിവായി ഇക്കാര്യം ഞാന്‍ അപേക്ഷിക്കുകയാണ്. ആ ആത്മാവിന്‍റെ സഹനങ്ങളെല്ലാം അവസാനിച്ച് നിത്യസന്തോഷത്തിലേക്ക് അവള്‍ ഉടന്‍ കടന്നു പോകണം.
കുറച്ചു നിമിഷങ്ങള്‍ക്കുശേഷം ആ ആത്മാവ് പെട്ടെന്ന് ശാന്തമായി മരിച്ചെന്നും ഞാന്‍ കേട്ടു.” ഇതു കേട്ടപാടെ ഞാനും അതുപോലെതന്നെ പ്രാര്‍ത്ഥിച്ചു. പത്തുമിനിറ്റിനുള്ളില്‍ എനിക്കൊരു ഫോണ്‍കോള്‍. ഞാന്‍ പ്രാര്‍ത്ഥിച്ച നിമിഷംതന്നെ അമ്മ രണ്ട് വലി വലിച്ച് ശാന്തമായി മരിച്ചു എന്നതായിരുന്നു ആ കോള്‍. അതിനുമുമ്പ് അമ്മ അസ്വസ്ഥതകളുമായി മല്ലിടുകയായിരുന്നു എന്നും ഞാന്‍ പിന്നീട് അറിഞ്ഞു. നല്ല മരണത്തിനുവേണ്ടിയുള്ള എന്‍റെ അമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിതമാതൃക എന്നെ സഹായിച്ചു.

നമ്മുടെ കാര്യസാധ്യത്തിനായുള്ള ഇടനിലക്കാര്‍മാത്രമല്ല, നമ്മെ വിശുദ്ധിയില്‍ എത്താന്‍ സഹായിക്കുന്ന പാഠപുസ്തകങ്ങളാണ് ഓരോ വിശുദ്ധരും. ഇന്നും ജീവിക്കുന്ന യേശു അവരിലൂടെ നമ്മോട് സംസാരിക്കുന്നു.

Share:

Josepheena Emmanuel Kothamangalam

Josepheena Emmanuel Kothamangalam

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles