Trending Articles
ദരിദ്രര്‍ക്ക് വേണ്ടി പ്രത്യേകമായി എന്തെങ്കിലും ചെയ്യണമെന്ന് ഈശോയുടെ വിശുദ്ധ യോഹന്നാന്‍ ആഗ്രഹിച്ചിരുന്നു. ഗ്രാനാഡയിലെ സമ്പന്നരും ഉദാരമതികളുമായ ചില വ്യക്തികളുടെ സഹായത്തോടെ അദ്ദേഹം ഒരു ഭവനം വാടകയ്ക്ക് എടുത്തു. നഗരത്തില്‍ കണ്ടെത്തിയ ദരിദ്രരെയും അംഗവിഹീനരെയും ഉപേക്ഷിക്കപ്പെട്ട രോഗികളെയും അദ്ദേഹം അവിടേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. അവര്‍ക്ക് കിടക്കാന്‍ പായ്കളും പുതയ്ക്കാന്‍ പുതപ്പുകളും അദ്ദേഹം നല്‍കി. എന്നാല്‍ ഇതെല്ലാം കഴിഞ്ഞപ്പോഴേയ്ക്കും അവര്‍ക്ക് മരുന്ന് വാങ്ങാന്‍ അദ്ദേഹത്തിന്റെ കയ്യില്‍ പണമൊന്നും അവശേഷിച്ചിരുന്നില്ല.
ഇത് മനസിലാക്കിയ ജോണ്‍ തന്റെ ഭവനത്തിലുണ്ടായിരുന്നവരെ വിളിച്ചുകൂട്ടി ഇപ്രകാരം പറഞ്ഞു -‘സഹോദരരേ, ദൈവം നിങ്ങള്‍ക്ക് നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുവാന്‍ ദൈവത്തെ എത്ര അധികമായി കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ വേദനിപ്പിച്ചിട്ടുണ്ട് എന്ന് ഓര്‍മിക്കുവിന്‍. അതുകൊണ്ട്, നിങ്ങളുടെ ആത്മാക്കളെ സുഖപ്പെടുത്തുന്നതിനുള്ള മരുന്ന് ആദ്യമായി നിങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. അതിന് ശേഷം നിങ്ങളുടെ ശരീരത്തിന്റെ രോഗം മാറുന്നതിനുള്ള മരുന്ന് കിട്ടും. എല്ലാം തരുന്ന ദൈവത്തില്‍ പൂര്‍ണമായി ശരണപ്പെടുക.’
തുടര്‍ന്ന് അദ്ദേഹം അവരെ ഒരോരുത്തരെയും കുമ്പസാരിപ്പിക്കുന്നതിനായി വൈദികനെ കണ്ടെത്തി. വൈദികന്റെ മുമ്പില്‍ തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറയാന്‍ അവരെല്ലാവരും സന്നദ്ധരായി. ഇതുകണ്ട് സന്തോഷത്തോടുകൂടി വലിയൊരു സഞ്ചിയും പുറകില്‍ തൂക്കി ജോണ്‍ തെരുവിലേക്ക് ഇറങ്ങി. ‘സഹോദരങ്ങളേ, ആര്‍ക്കാണ് അനുഗ്രഹം വേണ്ടത്? ദൈവസ്‌നേഹത്തെപ്രതി അനുഗ്രഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ ആരൊക്കെയാണ്?’ – ഇങ്ങനെ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ജോണ്‍ തെരുവുകള്‍ തോറും സഞ്ചരിച്ചു. വ്യത്യസ്തമായ രീതിയിലുള്ള യാചന കേട്ട് ജനങ്ങള്‍ തങ്ങളുടെ ഭവനങ്ങളുടെ വാതിലില്‍ നിന്ന് എത്തി നോക്കി.
മനസ്സലിവ് തോന്നിയ പലരും അദ്ദേഹത്തിന് ഉദാരമായി സംഭാവന നല്‍കി. ചിലര്‍ ബ്രഡിന്റെ കഷണങ്ങള്‍ നല്‍കിയപ്പോള്‍ മറ്റ് ചിലര്‍ തങ്ങളുടെ ഭവനങ്ങളില്‍ മിച്ചമുണ്ടായിരുന്ന ഭക്ഷണം നല്‍കി. ഇവയെല്ലാം ശേഖരിച്ച് വിശുദ്ധന്‍ വാടകയ്ക്ക് എടുത്ത ഭവനത്തില്‍ തിരിച്ചെത്തി. തങ്ങള്‍ക്ക് സംഭാവന നല്‍കിയവര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് ശേഷം ലഭിച്ച ഭക്ഷണം ചൂടാക്കി ഭവനത്തിലുള്ള എല്ലാവര്‍ക്കുമായി വീതിച്ചു നല്‍കി. ഭക്ഷണത്തിന് ശേഷം അദ്ദേഹം തന്നെ പാത്രങ്ങളെല്ലാം കഴുകി വീട് അടിച്ചു വാരി വൃത്തിയാക്കി. സെന്റ ് ജോണ്‍ ഓഫ് ഗോഡ് സ്ഥാപിച്ച ബ്രദര്‍ ഹോസ്പിറ്റലാര്‍സ് ഓഫ് സെന്റ് ജോണ്‍ ഓഫ് ഗോഡ് എന്ന സന്യാസ സമൂഹത്തിന്റെ ആദ്യ ആശുപത്രിയുടെ ആരംഭമായിരുന്നു അത്.
തട്ടിക്കൊണ്ടുപോകപ്പെട്ട ബാല്യം
മറ്റാരും സഞ്ചരിക്കാത്ത പാതകളിലൂടെയാണ് വിശുദ്ധിയുടെ ഔന്നത്യത്തിലേക്ക് സെന്റ ് ജോണ്‍ ഓഫ് ഗോഡ് ഉയര്‍ന്നത്. 1495-ല്‍ പോര്‍ച്ചുഗലിലെ ഇടത്തരം കത്തോലിക്ക കുടുംബത്തിലാണ് ജോണിന്റെ ജനനം. മാതാപിതാക്കളുടെ സ്‌നേഹപരിലാളനകളേറ്റു വളര്‍ന്ന ജോണിനെ എട്ടാം വയസില്‍ ആരോ തട്ടിക്കൊണ്ടുപോയി. പിന്നീട് 22-ാം വയസില്‍ സ്‌പെയിനില്‍ ആടുകളെ മേയ്ക്കുന്ന ആട്ടിടയനായാണ് ജോണിനെ കണ്ടുമുട്ടുന്നത്. ഇതിനിടയിലുള്ള കാലത്തെക്കുറിച്ച് ജോണിന്റെ ജീവചരിത്രത്തില്‍ കാര്യമായ വിവരണങ്ങളൊന്നുമില്ല. 22-ാം വയസില്‍ സ്‌പെയിനിലെ ചാള്‍സ് അഞ്ചാമന്‍ രാജാവിന്റെ സൈന്യത്തിലെ ഒരംഗമായി ജോണ്‍ ചേര്‍ന്നു.
ദൈവവിശ്വാസവും പ്രാര്‍ത്ഥനയും അദ്ദേഹത്തിന് വഴിയിലെവിടെയോ കൈമോശം വരുകയും ചെയ്തു. എങ്കിലും ചെറുപ്പത്തില്‍ മാതാപിതാക്കളോടൊത്ത് ആയിരുന്ന കാലത്തും കാസ്റ്റില്ലെ മലഞ്ചെരുവുകളില്‍ ആടുകളെ മേയിച്ചിരുന്ന കാലത്തും അദ്ദേഹത്തില്‍ നിറഞ്ഞുനിന്നിരുന്ന ദൈവികചൈതന്യം അപ്പോഴും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.
സൈനികസേവനത്തിന് ശേഷം കമ്പോസ്റ്റയിലെ വിശുദ്ധ ജയിംസിന്റെ തീര്‍ത്ഥാടനകേന്ദ്രം സന്ദര്‍ശിച്ച് അദ്ദേഹം കുമ്പസാരം നടത്തി. ഇതിനെ തുടര്‍ന്ന് എട്ടാം വയസിന് ശേഷം ഇതുവരെ കാണാതിരുന്ന തന്റെ മാതാപിതാക്കളെ കാണണമെന്ന ആഗ്രഹം അദ്ദേഹത്തില്‍ ജനിച്ചു. എന്നാല്‍ മാതാവും പിതാവും നേരത്തേതന്നെ മരിച്ചു പോയിരുന്നു എന്ന വാര്‍ത്തയാണ് പോര്‍ച്ചുഗലില്‍ അദ്ദേഹത്തെ കാത്തിരുന്നത്. മകനെ നഷ്ടപ്പെട്ട ദുഃഖം ഇരുവരെയും മരണം വരെ അലട്ടിയിരുന്നു എന്ന തിരിച്ചറിവ് അദ്ദേഹത്തെ വേദനിപ്പിച്ചു. സൈന്യത്തിലായിരുന്ന കാലത്തും അതിനു മുമ്പും താന്‍ നിരവധിപേരുടെ ദുഃഖത്തിന് കാരണമായി എന്ന തിരിച്ചറിവ് അദ്ദേഹത്തിന്റെ ഹൃദയത്തില്‍ പാപബോധത്തിന്റെ തീക്കനലുകള്‍ കോരിയിട്ടു. ശിഷ്ടജീവിതകാലം താന്‍ ചെയ്ത പാപങ്ങളെ മായ്ക്കുന്നതിനായി നന്‍മപ്രവൃത്തികള്‍ ചെയ്തു ജീവിക്കാനുള്ള തീരുമാനത്തിലേക്കാണ് ആ പശ്ചാത്താപം ജോണിനെ നയിച്ചത്.
ഗ്രാനാഡായിലെത്തിയപ്പോള്‍
തിരികെ സ്‌പെയിനിലെത്തിയ ജോണ്‍ വിശുദ്ധ വസ്തുക്കളും പുസ്തകങ്ങളും വില്‍ക്കുന്നതിനായി നാടെങ്ങും ചുറ്റി സഞ്ചരിക്കാന്‍ ആരംഭിച്ചു. അങ്ങനെയാണ് അദ്ദേഹം ഗ്രാനാഡായിലെത്തുന്നത്. അവിടെവച്ച് അദ്ദേഹം പരിചപ്പെട്ട ഒരു ബാലനാണ് അദ്ദേഹത്തെ ആദ്യമായി ഈശോയുടെ യോഹന്നാന്‍ (ജോണ്‍ ഓഫ് ഗോഡ്) എന്ന് വിളിക്കുന്നത്. ഗ്രാനാഡയായിരിക്കും നിന്റെ കുരിശ് എന്നും പറഞ്ഞതിന് ശേഷം ആ ബാലന്‍ അപ്രത്യക്ഷനായി. ആവിലായിലെ വാഴ്ത്തപ്പെട്ട ജോണ്‍ ഗ്രാനാഡായില്‍ പ്രസംഗങ്ങള്‍ നടത്തിയിരുന്ന കാലഘട്ടമായിരുന്നു അത്. ഒരിക്കല്‍ അദ്ദേഹത്തിന്റെ പ്രസംഗം കേട്ട ജോണ്‍ തന്റെ പാപങ്ങള്‍ക്ക് പരിഹാരമായി ജനങ്ങളുടെ പരിഹാസം ഏറ്റുവാങ്ങണമെന്ന് തീരുമാനിച്ചു. പ്രസംഗം അവസാനിച്ച ഉടനെ അദ്ദേഹം ഭ്രാന്തനെപ്പോലെ പെരുമാറാന്‍ ആരംഭിച്ചു. വസ്ത്രങ്ങള്‍ വലിച്ചു കീറുകയും നിലത്ത് കിടന്ന് ഉരുളുകയും സ്വന്തം മുഖത്തും ശരീരത്തിലും അടിക്കുകയും ചെയ്ത ജോണിനെ നാട്ടുകാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. എന്നാല്‍ തന്റെ പാപങ്ങള്‍ക്ക് തക്ക പരിഹാരം ചെയ്യാന്‍ കിട്ടിയ അവസരമായാണ് ജോണ്‍ ഇതിനെ കണ്ടത്. ജോണിനെ അന്നത്തെ ചികിത്സാരീതിയുടെ ഭാഗമായി ക്രൂരമായ പ്രഹരങ്ങള്‍ക്ക് വിധേയനാക്കി. ജോണിന്റെ അവസ്ഥയെക്കുറിച്ച് കേട്ടറിഞ്ഞ ആവിലായിലെ വാഴ്ത്തപ്പെട്ട ജോണ്‍ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി അദ്ദേഹത്തെ കണ്ടു. ജോണിന് മാനസിക പ്രശ്‌നമൊന്നുമില്ലെന്ന് മനസിലാക്കിയ ആവിലായിലെ വാഴ്ത്തപ്പെട്ട ജോണ്‍ അദ്ദേഹത്തെ ശാസിച്ചതിന് ശേഷം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്ത് എത്തിച്ചു. തുടര്‍ന്നാണ് സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെ ശുശ്രൂഷിക്കുന്നതിനായുള്ള ആദ്യ ആശുപത്രി അദ്ദേഹം ആരംഭിച്ചത്.
സന്യാസിയോ ഡോക്ടറോ ഒന്നുമല്ലാത്ത ഒരു സാധാരണക്കാരന് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ കണ്ട് ഗ്രാനാഡായിലെ ജനങ്ങള്‍ അമ്പരന്നു. നടക്കാന്‍ സാധിക്കാതിരുന്ന രോഗികളെ ചുമലില്‍ വഹിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സംരക്ഷണകേന്ദ്രത്തില്‍ എത്തിച്ചത്. ധനാഡ്യരായ നിരവധി പേര്‍ സംഭാവനകള്‍ നല്‍കാന്‍ ആരംഭിച്ചതോടെ ജോണിന്റെ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുകയും കൂടുതല്‍ വോളന്റിയര്‍മാര്‍ ജോണിനെ സഹായിക്കാന്‍ എത്തുകയും ചെയ്തു. ജോണിന്റെ പ്രവര്‍ത്തനങ്ങള്‍ കേട്ടറിഞ്ഞ ബിഷപ് അദ്ദേഹത്തെ അരമനയിലേക്ക് വിളിപ്പിച്ചു. ഗ്രാനാഡായില്‍ എത്തിയ ഉടനെ തന്നെ ഒരു കുട്ടി ഈശോയുടെ ജോണ്‍ എന്ന് വിളിച്ച സംഭവം ജോണ്‍ ബിഷപ്പിനോട് പറഞ്ഞു. എന്നാല്‍ ഇനിമുതല്‍ അങ്ങനെ തന്നെയായിരിക്കും നിന്റെ പേര് എന്ന് പറഞ്ഞുകൊണ്ട് ഈശോയുടെ ജോണ്‍ എന്ന പേരിന് ബിഷപ് അംഗീകാരം നല്‍കി. ഒരു യാചകനുമായി വച്ചുമാറിയ വസ്ത്രങ്ങളാണ് അപ്പോള്‍ ജോണ്‍ ധരിച്ചിരുന്നത്. ബിഷപ്പിന്റെ അംഗീകാരത്തോടുകൂടെയാണ് തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നതിന്റെ സൂചനയായി സന്യാസവസ്ത്രം ധരിക്കണമെന്ന് ബിഷപ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു.
ചെറിയ തോതില്‍ തുടങ്ങി വളര്‍ന്നു പന്തലിച്ച ഒരു ശുശ്രൂഷാ സന്യാസ സമൂഹത്തിന്റെ അമരക്കാരന്‍ എന്നതില്‍ ഉപരിയായി സമൂഹത്തില്‍ നിന്നും, അദ്ദേഹംതന്നെ രക്ഷിച്ച രോഗികളില്‍നിന്നു പോലും നേരിടേണ്ടി വന്ന നിരവധി അപമാനങ്ങളോട് വിശുദ്ധ ജോണ്‍ പ്രതികരിച്ച വിധമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. ആരെങ്കിലും തന്നെ കുറ്റം പറയുകയോ പരസ്യമായി പരിഹസിക്കുകയോ ചെയ്താല്‍ അവരെ എതിര്‍ക്കുകയോ ഖണ്ഡിക്കാന്‍ ശ്രമിക്കുകയോ ചെയ്യാതെ ക്ഷമാപൂര്‍വം അത് കേള്‍ക്കുകയായിരുന്നു വിശുദ്ധന്റെ ശൈലി. മാത്രമല്ല, അവരെ തടയാന്‍ ശ്രമിക്കുന്ന തന്റെ സഹായികളെപ്പോലും ജോണ്‍ അതില്‍ നിന്ന് വിലക്കിയ സംഭവങ്ങള്‍ അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
1550 മാര്‍ച്ച് മാസത്തില്‍ മരണാസന്നനായ ജോണ്‍ കൂടെ ഉള്ളവരോട് തന്നെ ഒറ്റയ്ക്ക് ആയിരിക്കുവാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ എഴുന്നേറ്റ് കുരിശു രൂപത്തിന്റെ മുമ്പില്‍ പോയി അദ്ദേഹം മുട്ടുകുത്തി. മാര്‍ച്ച് എട്ടിന് അര്‍ദ്ധരാത്രി കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ മുറിയിലെത്തിയ നഴ്‌സുമാര്‍ ക്രൂശിത രൂപത്തിന്റെ കാല്‍പ്പാദത്തില്‍ മുഖം അമര്‍ത്തി മുട്ടുകുത്തി നില്‍ക്കുന്ന ജോണിന്റെ ശരീരമാണ് കണ്ടത്. തന്റെ പ്രാണനാഥന്റെ പക്കലേക്ക് ജോണിന്റെ ആത്മാവ് യാത്രയായിരുന്നു. •
Renjith Lawrence
Want to be in the loop?
Get the latest updates from Tidings!