Home/Encounter/Article

ജനു 08, 2020 2067 0 K J Mathew
Encounter

അവള്‍ക്ക് എവിടെനിന്ന് ലഭിച്ചു ആ ശക്തി?

ദൈവത്തിനുവേണ്ടി വലിയ കാര്യങ്ങള്‍ ചെയ്യുവാന്‍ ദൈവം എല്ലാക്കാലത്തും ദുര്‍ബലരും സാധാരണക്കാരുമായ മനുഷ്യരെയാണ് തെരഞ്ഞെടുക്കുന്നത്. ഇത് തന്‍റെ പ്രവൃത്തികളില്‍ അവന്‍ അഹങ്കരിക്കാതിരിക്കുവാന്‍വേണ്ടിയത്രേ. ബലഹീനനായ മനുഷ്യനെ ദൈവം ബലപ്പെടുത്തുന്നത് തന്‍റെ പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടാണ്. അതിനാല്‍ പരിശുദ്ധാത്മാവിന്‍റെ പര്യായമായി ഉപയോഗിക്കുന്ന ഒരു വാക്കാണ് ശക്തി. വിശുദ്ധ ഗ്രന്ഥത്തില്‍ പല സ്ഥലങ്ങളിലും ഈ വാക്ക് ഉപയോഗിക്കുന്നതായി നാം കാണുന്നുണ്ട്. ഗബ്രിയേല്‍ ദൂതന്‍ പരിശുദ്ധ അമ്മയോട് ഇപ്രകാരം പറയുന്നു: “അത്യുന്നതന്‍റെ ശക്തി നിന്‍റെമേല്‍ ആവസിക്കും” (ലൂക്കാ 1:35). ഉയിര്‍ത്തെഴുന്നേറ്റ യേശു ശിഷ്യന്മാരോട് ഇങ്ങനെ നിര്‍ദേശം നല്കുന്നതായി നാം വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ വായിക്കുന്നു: “ഉന്നതത്തില്‍നിന്ന് ശക്തി ധരിക്കുന്നതുവരെ നഗരത്തില്‍ത്തന്നെ വസിക്കുവിന്‍.” വീണ്ടും ഇതേ ആശയം അപ്പസ്തോല പ്രവര്‍ത്തനങ്ങളില്‍ ആവര്‍ത്തിക്കുന്നതായി നാം കാണുന്നു: “എന്നാല്‍ പരിശുദ്ധാത്മാവ് നിങ്ങളുടെമേല്‍ വന്നു കഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും” (അപ്പ. പ്രവ. 1:8).

പ്രശ്ന സങ്കീര്‍ണമായ ഒരു കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. മനുഷ്യന് പരിഹരിക്കുവാന്‍ സാധിക്കാത്ത വലിയ പ്രതിസന്ധികളുടെ മുമ്പില്‍ അവന്‍ പകച്ചുനിന്നുപോകുന്നു. എന്നാല്‍ നാം ചെയ്യേണ്ടത് ഒരു കാര്യം മാത്രമേയുള്ളൂ. ദൈവത്തിലേക്ക് തിരിയുക, ശക്തി ലഭിക്കുവാനായി നിലവിളിച്ച്, ദാഹിച്ച് പ്രാര്‍ത്ഥിക്കുക. എന്തെന്നാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും ദൈവസന്നിധിയില്‍ ഉത്തരമുണ്ട്, തീര്‍ച്ച.

ഒരു ഉദാഹരണം നിങ്ങളുടെ മുമ്പില്‍ വയ്ക്കട്ടെ. ശത്രുവിന്‍റെ കെണിയില്‍പ്പെട്ട ഒരു രാജ്യത്തെ രക്ഷിക്കുവാന്‍ ഒരു സാധാരണക്കാരിയായ സ്ത്രീയെ ദൈവം ഉപയോഗിക്കുന്നു. പഴയ നിയമത്തില്‍ വിവരിക്കുന്ന യൂദിത്താണ് കഥാപാത്രം. അസീറിയാ രാജാവായ നബുക്കദ്നേസര്‍ യൂദാരാജ്യം കീഴ്പ്പെടുത്തുവാന്‍ വലിയൊരു സൈന്യത്തെ അയക്കുകയാണ്. ഹോളോഫര്‍ണസാണ് സൈന്യാധിപന്‍. ഇതറിഞ്ഞ ഇസ്രായേല്‍ജനം അത്യന്തം ഭയപ്പെട്ടു. അവര്‍ കൂടുതല്‍ ഉല്‍കണ്ഠപ്പെട്ടത് ദൈവത്തിന്‍റെ ആലയത്തെക്കുറിച്ചാണ്. ശത്രു വന്ന് ദൈവാലയം ആക്രമിച്ച് അശുദ്ധമാക്കുമോ എന്നതായിരുന്നു അവരുടെ പരിഭ്രമകാരണം. ദൈവജനം എല്ലാ നാളുകളിലും ഏറെ ജാഗ്രതയോടെ ചിന്തിക്കേണ്ടത് ദൈവാലയത്തെക്കുറിച്ചും ദൈവത്തിന്‍റെ സഭയെക്കുറിച്ചുമാണ്. പ്രത്യേകമായും സഭ ഏറെ സഹനങ്ങളിലൂടെ കടന്നുപോകുന്ന നാളുകളില്‍ ഈ ബൈബിള്‍ പരാമര്‍ശത്തിന് വലിയ പ്രസക്തിയുണ്ട്.

അവര്‍ ചെയ്ത ഏറ്റവും പ്രധാന കാര്യം ശക്തിയുടെ ഉറവിടമായ ദൈവത്തിങ്കലേക്ക് തിരിയുക എന്നതാണ്. “ഇസ്രായേലിലെ ഓരോരുത്തരും തീക്ഷ്ണതയോടെ ദൈവത്തെ വിളിച്ചപേക്ഷിക്കുകയും കഠിനമായി ഉപവസിച്ച് തങ്ങളെത്തന്നെ എളിമപ്പെടുത്തുകയും ചെയ്തു” (യൂദിത്ത് 4:9). നിലവിളിച്ച് പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും ഇവിടെ ഇതാ ഒരു സദ്വാര്‍ത്ത: “കര്‍ത്താവ് അവരുടെ പ്രാര്‍ത്ഥന കേട്ടു. അവരുടെ ക്ലേശങ്ങള്‍ കാണുകയും ചെയ്തു.

“ഇവിടെ നാം പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. ദൈവം അവരുടെ പ്രാര്‍ത്ഥന കേട്ടെങ്കിലും അന്നുതന്നെ അതിന് മറുപടി നല്കിയില്ല. ദൈവത്തിന് ഒരു സമയമുണ്ട്. അതിനുവേണ്ടി കാത്തിരിക്കുവാന്‍ തയാറാകുന്നവര്‍ക്കേ ദൈവത്തിന്‍റെ അത്ഭുതപ്രവൃത്തികള്‍ കാണാന്‍ കൃപ ലഭിക്കുകയുള്ളൂ.

യുദ്ധതന്ത്ര ശാസ്ത്രജ്ഞനായ ഹോളോഫര്‍ണസ് ചെയ്തത് ഇസ്രായേല്‍ക്കാരുടെ അരുവികളും ചാലുകളും കൈവശപ്പെടുത്തുക എന്നതായിരുന്നു. ഇപ്രകാരം അവരുടെ ജലസ്രോതസുകള്‍ ഉപരോധിച്ചാല്‍ ദാഹിച്ചുവലയുന്ന ജനം എളുപ്പത്തില്‍ കീഴടങ്ങും എന്ന് അദ്ദേഹം കരുതി. ശത്രു ഇന്നും ചെയ്യുന്നത് ഇതാണ് – ദൈവജനത്തിന്‍റെ ജീവജലത്തിന്‍റെ അരുവിയെ ഉപരോധിക്കുക. പരിശുദ്ധാത്മാവിനെ മറക്കുവാന്‍, വിളിച്ച് പ്രാര്‍ത്ഥിക്കാതിരിക്കുവാന്‍ ദൈവജനത്തെ ശത്രു പ്രേരിപ്പിക്കുന്നു. ഫലമോ ദൈവജനം ദുര്‍ബലരായിത്തീരുകയും വേഗത്തില്‍ ശത്രുവിന്‍റെ തന്ത്രങ്ങള്‍ക്ക് കീഴടങ്ങുവാന്‍ നിര്‍ബന്ധിതരായിത്തീരുകയും ചെയ്യുന്നു.

ഈ ഉപരോധം മുപ്പത്തിനാല് ദിവസങ്ങള്‍ നീണ്ടു. ദാഹിച്ചു വലഞ്ഞ ജനം അക്ഷമരായി, കീഴടങ്ങുവാന്‍ അവര്‍ നേതാക്കന്മാരെ നിര്‍ബന്ധിച്ചു. പക്ഷേ നേതാവായ ഉസിയാ പറഞ്ഞു: അഞ്ചുദിവസംകൂടെ നമുക്ക് കാത്തുനില്ക്കാം. എന്നിട്ടും ദൈവം ഇടപെട്ടില്ലെങ്കില്‍ നമുക്ക് കീഴടങ്ങാം.

ഈ പ്രതിസന്ധിഘട്ടത്തിലാണ് ദൈവം യൂദിത്തിന്‍റെ ആത്മാവിനെ പ്രചോദിപ്പിക്കുന്നത്. ദൈവനാമത്തില്‍ ജനത്തിന്‍റെ രക്ഷകയായി അവള്‍ കടന്നുവരുന്നു. ആദ്യം അവള്‍ ചെയ്യുന്നത് ദൈവവിരുദ്ധമായ അവരുടെ തീരുമാനത്തെ തിരുത്തുക എന്നതാണ്. നിര്‍ദിഷ്ട ദിവസത്തിനുള്ളില്‍ ദൈവം പരിഹാരം നല്കിയില്ലെങ്കില്‍ കീഴടങ്ങാം എന്നത് ദൈവത്തിന്‍റെ പദ്ധതിക്ക് എതിരായ ഒരു തീരുമാനമാണ്. ദൈവത്തിന് നാം പരിധി വയ്ക്കരുത്. തനിക്കിഷ്ടമുള്ള ഏത് സമയത്തും നമ്മെ രക്ഷിക്കുവാനോ നമ്മെ നശിപ്പിക്കുവാനോ അവിടുത്തേക്ക് കഴിയും. അന്തിമമായ തീരുമാനം ദൈവത്തിന്‍റേതാണ്. മറ്റൊരു കാര്യവുംകൂടി യൂദിത്ത് അവരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നുണ്ട്: “തന്നോട് അടുപ്പമുള്ളവരെ അവിടുന്ന് പ്രഹരിക്കുന്നത് ശാസന എന്ന നിലയിലാണ്” (യൂദിത്ത് 8:27). ദൈവമക്കളെ സംബന്ധിച്ചിടത്തോളം പരീക്ഷയുടെ കാലങ്ങള്‍ പിതാവിന്‍റെ സ്നേഹശാസനയുടെ കാലങ്ങളാണ്. ദൈവത്തിന്‍റെ തിരുത്തലുകള്‍ നാം എളിമയോടെ സ്വീകരിക്കുമ്പോള്‍ കൂടുതല്‍ ഉയര്‍ന്ന കൃപകളും വിജയങ്ങളും സ്വന്തമാക്കുവാന്‍ സാധിക്കും.

തന്‍റെ ജനത്തെ രക്ഷിക്കുവാനുള്ള ദൈവികദൗത്യം ഏറ്റെടുത്ത യൂദിത്ത് ആദ്യം ചെയ്യുന്നത് ദൈവികശക്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുക എന്നതാണ്. അവള്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു: “ദൈവമേ, എന്‍റെ ദൈവമേ വിധവയായ എന്‍റെ പ്രാര്‍ത്ഥന കേള്‍ക്കണമേ.” “അവിടുത്തെ ശക്തിയാല്‍ അവരുടെ കരുത്ത് തകര്‍ക്കണമേ.” “വിധവയായ എനിക്ക് ലക്ഷ്യപ്രാപ്തിക്കുവേണ്ട ശക്തി നല്കണമേ.”

ദൈവികശക്തിയാല്‍ നിറഞ്ഞ യൂദിത്ത് ശത്രുപാളയത്തിലേക്ക് ധൈര്യസമേതം പോകുന്നു. അവള്‍ ഹോളോഫര്‍ണസിന്‍റെ കൂടാരത്തില്‍ പ്രവേശിച്ച് അയാളെ വധിക്കുന്നു. സൈന്യാധിപന്‍ വധിക്കപ്പെട്ടു എന്നറിഞ്ഞ സൈന്യം ഭയന്ന് തിരിച്ചോടി. വലിയൊരു വിജയം, അതും യുദ്ധം ചെയ്യാതെ നേടുവാന്‍ ഇസ്രായേല്‍ക്കാര്‍ക്ക് കഴിഞ്ഞു.

യൂദിത്ത് നല്കുന്ന ഒരു വലിയ പാഠമുണ്ട്. ശത്രു എത്ര പ്രബലനായാലും നാം ഭയപ്പെടേണ്ട ആവശ്യമില്ല. എത്ര വലിയ പ്രതിസന്ധിയിലാണ് നാം അകപ്പെട്ടിരിക്കുന്നത് എങ്കിലും നഷ്ടധൈര്യരാകേണ്ട കാര്യമില്ല. ദൈവത്തില്‍ ശരണപ്പെടുകയും ദൈവത്തിന് കീഴടങ്ങുകയും ചെയ്യുക. വ്യവസ്ഥകളൊന്നും വയ്ക്കണ്ട. ദൈവതിരുമനസ് നടക്കട്ടെ. അപ്പോള്‍ യുദ്ധം ദൈവം ഏറ്റെടുക്കും. ആത്യന്തികവിജയം നമുക്കുതന്നെ ആയിരിക്കുകയും ചെയ്യും. അതിനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കാം.

ഓ, സ്നേഹപിതാവേ, പലപ്പോഴും അങ്ങയുടെ ശക്തിക്കുവേണ്ടി ഞങ്ങള്‍ ആഗ്രഹിക്കുകയോ ചോദിക്കുകയോ ചെയ്യുന്നില്ല. അതാണ് ഞങ്ങളുടെ പരാജയകാരണം എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. അങ്ങയുടെ പരിശുദ്ധാത്മാവിനായി നിരന്തരം പ്രാര്‍ത്ഥിക്കുവാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവാത്മാവിനാല്‍ നിറഞ്ഞ ഒരു ജീവിതം നയിച്ച പരി
ശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.

Share:

K J Mathew

K J Mathew

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles