Home/Encounter/Article

ജുലാ 30, 2019 1907 0 Shalom Tidings
Encounter

അവര്‍ കാരണമാണ് ഞാനങ്ങനെ…

ഭരണങ്ങാനം പള്ളിയുടെ മുൻപിലൂടെ യാത്രചെയ്യുമ്പോൾ ഡ്രെെവര്‍ വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം ചൂണ്ടിക്കാണിച്ചുകൊണ്ട് മകളോട് ചോദിച്ചു,

“നമുക്കും ഇതുപോലെ നില്‍ക്കണ്ടേ?” അവള്‍ പറഞ്ഞു , ”

ഒരു ചേട്ടൻ എനിക്ക് ഉള്ളതുകൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല.”

അവള്‍ അങ്ങനെ പറയാൻ കാരണമുണ്ട്. അവളുടെ കുഞ്ഞുമനസ്സ് ചിന്തിച്ചത് അവളുടെ 95 ശതമാനം പാപങ്ങള്‍ക്കും കാരണം അവളുടെ ചേട്ടൻ ആണെന്നായിരുന്നു. ഉദാഹരണത്തിന് ചേട്ടൻ അവളെ കളിയാക്കുമ്പോൾ അവള്‍ക്ക് ദേഷ്യം വരുന്നു, ചീത്ത പറയുന്നു, വഴക്കുകൂടുന്നു. ഈ മൂന്ന് പാപങ്ങള്‍ക്കും കാരണമായത് അവളുടെ ചേട്ടൻ ആണല്ലോ. സത്യത്തില്‍ എന്‍റെ വിചാരവും അങ്ങനെതന്നെയായിരുന്നു, എന്‍റെ പാപങ്ങള്‍ക്ക് കാരണം മറ്റുള്ളവരാണെന്ന്. ഒരിക്കല്‍ പള്ളിയില്‍ വച്ച് ഞാൻ ഈശോയോട് ഇങ്ങനെ പറഞ്ഞു, “ഏതെങ്കിലും കാട്ടില്‍ പോയി താമസിക്കുകയാണെങ്കില്‍ ഇത്രയും പാപം ഞാൻ ചെയ്യുകയില്ലായിരുന്നു.” പെട്ടെന്ന് എന്‍റെ ചുറ്റിലുമുള്ള ആളുകള്‍ അപ്രത്യക്ഷമായി!

എല്ലാവരും എവിടെപ്പോയി എന്ന് ചിന്തിച്ച് ചുറ്റും നോക്കിയപ്പോൾ യേശു പറഞ്ഞു, “എല്ലാവരും സ്വര്‍ഗ്ഗത്തില്‍ ഉണ്ട്. നീ മാത്രമേ ഇപ്പോൾ ഇവിടെയുള്ളൂ. പക്ഷേ നിനക്ക് ഒരിക്കലും തനിയെ സ്വര്‍ഗ്ഗത്തില്‍ കയറാൻ സാധിക്കുകയില്ല.അതിനാല്‍ നിനക്ക് വേണ്ടി മാത്രം, നിന്നെ സ്വര്‍ഗ്ഗത്തില്‍ കയറ്റാൻ വേണ്ടി മാത്രം, എല്ലാവരെയും തിരിച്ചു താഴെ ഇറക്കുന്നു. കുറച്ചുപേരെ നിനക്ക് കുരിശുതരുന്നവരായിട്ടും കുറച്ചുപേരെ നിന്‍റെ കുരിശു താങ്ങുന്നവരായിട്ടും. അതുകൊണ്ട് നിനക്ക് ആരെയും പഴി പറയാൻ അവകാശമില്ല. നിന്നെ സ്വര്‍ഗ്ഗത്തില്‍ കയറ്റാൻ വേണ്ടിമാത്രമാണ് അവര്‍ നിനക്ക് കുരിശു തരുന്നത്. നീ എങ്ങനെ പെരുമാറുന്നു എന്നുമാത്രം നോക്കിയാല്‍ മതി.

ഉദാഹരണത്തിന് സാധാരണ രീതിയില്‍ നിനക്ക് ഇഷ്ട്ടപ്പെടാത്ത രീതിയില്‍ നിന്‍റെ ഭര്‍ത്താവോ മക്കളോ പെരുമാറിയാല്‍ നീ അവരെക്കാള്‍ മോശമായി പ്രതികരിക്കും. എന്നിട്ട് എന്‍റെ അടുത്ത വന്ന് നീ പരാതിപ്പെടും. അവര്‍ കുറച്ചുകൂടി നല്ലവരായിരുന്നെങ്കില്‍ എനിക്ക് ഇങ്ങനെ പെരുമാറേണ്ടി വരില്ലായിരുന്നു.അങ്ങാണ് അവരെ എനിക്ക് നല്‍കിയത്. എനിക്ക് അപ്പോൾ ഓർമ്മ വരുന്നത് ഏതൻ തോട്ടത്തില്‍ സംഭവിച്ച കാര്യമാണ്. ഞങ്ങള്‍ക്ക് തെറ്റ് പറ്റിപ്പോയി. ഞങ്ങളോട് ക്ഷമിക്കണമേ എന്ന് അവര്‍ പറഞ്ഞില്ല . പകരം പഴിചാരുകയാണ് ചെയ്തത്.

അതിനാല്‍ ഞാൻ നിന്നോടു പറയുന്നു, നിന്‍റെ കൂടെയുള്ളവര്‍ നല്ലവരോ ശാന്തരോ ദുഷ്ടരോ ആരായിരുന്നാലും എല്ലാ ആദരവോടുംകൂടെ അവര്‍ക്ക് വിധേയമായിരിക്കുവിൻ. അന്യായമായി പീഡിപ്പിക്കപ്പെടുമ്പോൾ ദൈവചിന്തയോടെ വേദനകള്‍ ക്ഷമാപൂര്‍വം സഹിച്ചാല്‍ അത് അനുഗ്രഹകാരണമാകും….നിങ്ങള്‍ നന്മ ചെയ്തിട്ട് പീഡനങ്ങള്‍ സഹിക്കേണ്ടി വന്നാല്‍ അത് ദൈവസന്നിധിയില്‍ പ്രീതികരമാണ്. അതിനായിട്ടാണ് നിങ്ങള്‍ വിളിക്കെപ്പട്ടിരിക്കുന്നത്. എന്തെന്നാൽ ക്രിസ്തു നിങ്ങള്‍ക്ക് വേണ്ടി സഹിക്കുകയും നിങ്ങള്‍ അനുകരിക്കുന്നതിനുവേണ്ടി നിങ്ങള്‍ക്ക് മാതൃക നല്‍കുകയും ചെയ്തിരിക്കുന്നു. അവൻ പാപം ചെയ്തിട്ടില്ല. അവന്‍റെ അധരത്തില്‍ വഞ്ചന കാണപ്പെടുമില്ല. നിന്ദിക്കപ്പെട്ടപ്പോൾ അവൻ പകരം നിന്ദിച്ചില്ല; പീഡനമേറ്റപ്പോൾ അവൻ ഭീഷണിപ്പെടുത്തിയില്ല ; പിന്നെയോ, നീതിയോടെ വിധിക്കുന്നവനു തന്നെ ത്തന്നെ ഭരമേല്‍പിക്കുകയാണു ചെയ്തത്. നമ്മുടെ പാപങ്ങള്‍ സ്വന്തം ശരീരത്തില്‍ വഹിച്ചുകൊണ്ട് അവൻ കുരിശിലേറി. അത് നാം പാപത്തിനു മരിച്ചു നീതിക്കായി ജീവിക്കേണ്ടതിനാണ്. അവന്‍റെ മുറിവിനാല്‍ നിങ്ങള്‍ സൗഖ്യമുള്ളവരാക്കപ്പെട്ടിരിക്കുന്നു.(1 പത്രോസ് 2:18-24)” .

ഞാൻ പറഞ്ഞു, “ഈശോയേ ഞങ്ങളോടു ക്ഷമിക്കണമേ.” യേശു എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു, “ഇവിടെ നീ നിന്‍റെ  പാപങ്ങള്‍ക്കുവേണ്ടി മാത്രമല്ല, മറ്റുള്ളവരുടെ പാപങ്ങള്‍ക്കുവേണ്ടി കൂടി മാധ്യസ്ഥ്യം വഹിച്ചിരിക്കുന്നു. നിന്‍റെ തെറ്റുകള്‍ സൂക്ഷ്മതയോടെ നിരീക്ഷിക്കുക. മറ്റുള്ളവരുടെ തെറ്റുകള്‍ അവഗണിക്കുക.”

പ്രാര്‍ത്ഥന

നിത്യപിതാവേ, എന്നോട് തെറ്റു ചെയ്തിട്ടുള്ള എല്ലാവരെയും യേശുവിന്‍റെ തിരുഹൃദയത്തിലെ മുറിവില്‍ ഞാൻ സമര്‍പ്പിക്കുന്നു. അതുമായി ബന്ധപ്പെട്ട സംഭവവും അതിന്‍റെ ഓർമ്മകളും എന്‍റെ ഭാഗം നീതിയാണെന്നുള്ള ചിന്തയും പാടേ ഉപേക്ഷിക്കുന്നതിനുള്ള കൃപ ഞാൻ യാചിക്കുന്നു. മാത്രമല്ല, ഞാൻ വേദനിപ്പിച്ചവര്‍ക്ക് എന്നോട് ക്ഷമിക്കുന്നതിനുള്ള കൃപയും നല്കണമേ. കുരിശില്‍ കിടന്നുകൊണ്ട് തന്‍റെ ശത്രുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ച യേശുവിന്‍റെ പ്രാര്‍ത്ഥനയോട് ചേര്‍ന്ന് ഞാനും പ്രാര്‍ത്ഥിക്കുന്നു, പിതാവേ ഞങ്ങളോട് ക്ഷമിക്കണമേ. ആമേൻ.

 

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles