Home/Encounter/Article

സെപ് 30, 2024 41 0 ഫാ. ഏലിയാസ് എടൂക്കുന്നേല്‍
Encounter

അമ്മ ഉയര്‍ത്തിയ ഇരുപത്തിയൊന്നാമന്‍

ഏഴാം ക്ലാസിലെ അവധിക്കാലത്ത് ഞാന്‍ ഒരു ബന്ധുവീട്ടില്‍ പോയി. അവിടെ പോകാന്‍ എനിക്ക് വലിയ താത്പര്യമായിരുന്നു. കാരണം അവിടെ എന്‍റെ പ്രായത്തിലുള്ള കുറെ കുട്ടികളുണ്ട്. ഞങ്ങളുടെ അവധിക്കാലത്തെ പ്രധാന വിനോദങ്ങളിലൊന്നാണ് പുഴയില്‍ കുളിക്കാന്‍ പോകല്‍. വീട്ടില്‍നിന്ന് അധികം ദൂരെയല്ലാതെയാണ് പുഴ. ഒരു ദിവസം ഞങ്ങള്‍ പുഴയിലിറങ്ങിയ സമയം. എനിക്കന്ന് നീന്തല്‍ അത്ര വശമില്ല. കുളിക്കുന്നതിനിടയില്‍ ഞാന്‍ അല്പം ദൂരേക്ക് നീങ്ങി.

എങ്ങനെയാണെന്നറിയില്ല, താമസിയാതെ ഒരു കയത്തില്‍പെട്ടു. വെപ്രാളപ്പെട്ട് വിളിച്ചെങ്കിലും കളിയുടെ ബഹളത്തിലായതുകൊണ്ട് കൂട്ടുകാരൊന്നും കേട്ടില്ല. ശ്വാസം കിട്ടാത്ത അവസ്ഥ. ഞാന്‍ വല്ലാതെ പേടിച്ചു. വെള്ളത്തില്‍ മുങ്ങിപ്പോയിക്കൊണ്ടിരുന്നു. മരണം മുന്നില്‍ കണ്ടു. ആ സമയത്ത് കഴുത്തില്‍ ഉണ്ടായിരുന്ന ജപമാല മുറുകെ പിടിച്ചതായി ഓര്‍മ്മയുണ്ട്. പെട്ടെന്ന് ഒരു വേരില്‍ പിടുത്തം കിട്ടി. അതില്‍ ഒരു വിധത്തില്‍ പിടിച്ചുകയറി കരയിലെത്തി. എനിക്കുറപ്പാണ് ആ നിമിഷങ്ങളില്‍ എന്‍റെ നല്ല ദൈവം പരിശുദ്ധ അമ്മയുടെ യാചന കേട്ട് എന്നെ മരണത്തില്‍നിന്ന് രക്ഷിച്ചതാണെന്ന്.

ഞങ്ങളുടെ ഇടവകദൈവാലയത്തില്‍ മാതാവിന്‍റെ ഒരു രൂപമുണ്ട്. ചെറുപ്പത്തില്‍ എന്നും സ്‌കൂളില്‍ പോകുമ്പോള്‍ ആ രൂപത്തിനു മുന്‍പില്‍ കുറച്ചു പൂക്കള്‍ കൊണ്ട് പോയി വയ്ക്കുക എന്‍റെ ശീലമായിരുന്നു. ദൈവസ്മരണയോടെ ചെയ്യുന്ന കുഞ്ഞുപ്രവൃത്തികള്‍ക്ക് പോലും അവിടുത്തെ മുന്‍പില്‍ കൃത്യമായ കണക്കുണ്ട് എന്നത് സത്യമാണ്. പൂക്കള്‍ വച്ചിട്ട് വൈദികനാക്കണമെന്നു പ്രാര്‍ത്ഥിച്ചിരുന്നോ എന്ന് ഓര്‍മ്മയില്ല. പക്ഷേ ചെറുപ്പം മുതല്‍ അള്‍ത്താരയില്‍ ശുശ്രൂഷിക്കാന്‍ അവസരം കിട്ടിയതുകൊണ്ട് അന്നേതന്നെ അല്പംകൂടി അള്‍ത്താരയോട് ചേര്‍ന്നുനിന്ന് വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് പരിശുദ്ധ അമ്മ മനസിലാക്കിയിട്ടുണ്ടാകണം.

കണ്ണ് നിറയ്ക്കുന്ന വാത്സല്യം
കുട്ടിയായിരുന്നപ്പോഴേ പത്ത് മണികളുള്ള ഒരു ചെറിയ കൊന്ത എപ്പോഴും കയ്യില്‍ കരുതുകയും സാധിക്കുമ്പോഴൊക്കെ ചൊല്ലുകയും ചെയ്യുമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞ് സെമിനാരിയില്‍ പോകാന്‍ അപേക്ഷ കൊടുത്ത സമയം. സെലക്ഷന്‍ ക്യാംപെല്ലാം കഴിഞ്ഞ് ആര്‍ച്ച്ബിഷപ്പിന്‍റെ അടുത്ത് ഇന്റര്‍വ്യൂവിന് ചെന്നിരിക്കുകയാണ്. നാല്പത്തിനാലോളം കുട്ടികള്‍ സെമിനാരി പ്രവേശനത്തിനായി ഇന്റ്റര്‍വ്യൂവിനു വന്നിട്ടുണ്ട്. ഞാന്‍ തിരഞ്ഞെടുക്കപ്പെടുമെന്ന് ഒരു പ്രതീക്ഷയും ഇല്ല. കാരണം ഇരുപതു പേരെയാണ് തിരഞ്ഞെടുക്കാന്‍ പോകുന്നത്. എന്നാല്‍ ഇന്റര്‍വ്യൂവിന്‍റെ സമയത്തു മാതാവ് തോന്നിപ്പിച്ചതുപാലെ ഞാന്‍ ഒരു കാര്യം പിതാവിനോട് (ആര്‍ച്ച്ബിഷപ്പിനോട്) പറഞ്ഞു, ”എനിക്ക് പത്തു മണികളുള്ള ഒരു ചെറിയ കൊന്തയുണ്ട്, അതുപയോഗിച്ച് ഏറെ കൊന്ത ചൊല്ലാറുണ്ട്. ഏറ്റവും പ്രധാന നിയോഗം അച്ചനാക്കണേ എന്നതാണ്!” പിതാവ് അത് കേട്ട് പുഞ്ചിരിച്ചതുമാത്രമേ ഉള്ളൂ.

പക്ഷേ തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക വന്നപ്പോള്‍ അതില്‍ ഇരുപത്തിയൊന്ന് പേര്‍! അവസാനത്തെ പേരാകട്ടെ എന്റേതും!! പിന്നീടൊരിക്കല്‍ സെമിനാരിയിലെ ആദ്ധ്യാത്മിക പിതാവായ വൈദികന്‍ എന്നോട് ഒരു രഹസ്യം പറഞ്ഞു. ആദ്യം തയ്യാറാക്കിയ ഇരുപത് പേരുടെ പട്ടികയില്‍ എന്‍റെ പേര് ഇല്ലായിരുന്നു. പക്ഷേ പിന്നീട് പിതാവ് റെക്ടറച്ചനോട് പറഞ്ഞുവത്രേ, ”കൊന്ത ചൊല്ലാറുണ്ട് എന്ന് പറഞ്ഞ കുട്ടിയുടെ പേരും കൂടി ചേര്‍ത്തുകൊള്ളുക!” അങ്ങനെയാണ് എനിക്ക് സെമിനാരിയില്‍ ചേരാന്‍ കഴിഞ്ഞത്. ഇന്ന് ഒരു പുരോഹിതനായിരുന്നുകൊണ്ട് ഈ വരികള്‍ കുറിക്കുമ്പോള്‍ എന്‍റെ കണ്ണ് നിറയുന്നുണ്ട് മാതാവിന്‍റെ വാത്സല്യമോര്‍ത്ത്.

സെമിനാരി ജീവിതത്തില്‍ പരിശീലനത്തിന്‍റെ വഴികളിലൂടെ കടന്നു പോയപ്പോള്‍ ഏറെ അഗ്‌നിപരീക്ഷകള്‍ നേരിടേണ്ടി വന്നു. ആ സമയത്തൊക്കെ പിടിച്ചു നില്ക്കാന്‍ എന്നെ സഹായിച്ചത് നമ്മുടെ അമ്മയുടെ ജപമാലയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്കിപ്പുറം ഞാന്‍ കര്‍ത്താവിന്‍റെ പുരോഹിതനായി.

വൈദികനായപ്പോഴത്തെ തീരുമാനം
വൈദികനായ അന്ന് എടുത്ത ഒരു തീരുമാനമായിരുന്നു എന്‍റെ അജപാലനത്തിനുകീഴില്‍ വരുന്ന ജനങ്ങളില്‍ പരിശുദ്ധ അമ്മയോടുള്ള ഭക്തി വര്‍ധിപ്പിക്കാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്ന്. പുരോഹിതനായി രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം എന്നെ തലശേരി രൂപതയിലെ വിളമന ദൈവാലയവികാരിയായി പിതാവ് നിയോഗിച്ചു.

കൊവിഡ് കാലത്താണ് ഞാന്‍ അങ്ങോട്ട് എത്തിയത്. കുറച്ചു നാളുകള്‍ക്കു ശേഷം വിമല ഹൃദയ പ്രതിഷ്ഠ നടത്തണമെന്ന് ഒരു പ്രചോദനം കിട്ടി. ഞാന്‍ ഇടവകക്കാരോട് അത് സംബന്ധിച്ച് കാര്യങ്ങളൊക്കെ പറഞ്ഞു. തന്‍റെ വിമല ഹൃദയത്തിനു പ്രതിഷ്ഠിക്കുന്ന ആത്മാക്കള്‍ നിത്യ നരകാഗ്‌നിയില്‍ പതിക്കാതെ സംരക്ഷിക്കപ്പെടും എന്നത് മാതാവിന്‍റെ വാഗ്ദാനം ആണല്ലോ.

മുപ്പത്തി മൂന്ന് ദിവസം ഒരുങ്ങി അടുത്ത ദിവസമുള്ള മാതാവിന്‍റെ തിരുനാളിനാണ് നമ്മുടെ ആത്മാക്കളെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കേണ്ടത്. ഇടവകക്കാരെ മുഴുവന്‍ ഇതിനായി പറഞ്ഞ് ഒരുക്കി. 2023 ഏപ്രില്‍ മാസത്തിലും മെയ് മാസത്തിലുമായി മുപ്പത്തിമൂന്നു ദിവസങ്ങള്‍ ഇടവകാംഗങ്ങള്‍ മുഴുവനും പ്രാര്‍ത്ഥിച്ചു ഒരുങ്ങി. ദൈവാലയത്തില്‍ വരാന്‍ സാധിക്കുന്നവര്‍ ദൈവാലയത്തിലും അല്ലാത്തവര്‍ ഓണ്‍ലൈന്‍ ആയും പ്രാര്‍ത്ഥനയില്‍ സ്ഥിരമായി പങ്കെടുത്ത് തങ്ങളെത്തന്നെ ഒരുക്കി.

ഒരുക്കത്തിന്‍റെ അവസാനം മെയ് മാസം പതിമൂന്നിന് ഫാത്തിമ മാതാവിന്‍റെ തിരുനാള്‍ ദിവസം ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഞങ്ങള്‍ എല്ലാവരും ഞങ്ങളെത്തന്നെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചു. ഒരു ഇടവകയിലെ വിശ്വാസികള്‍ ഒന്നിച്ച് വിമലഹൃദയപ്രതിഷ്ഠ ചെയ്യുന്നത് ആദ്യമായിട്ടായിരിക്കുമെന്ന് തോന്നുന്നു. പിന്നീടങ്ങോട്ട് അത്ഭുതങ്ങളുടെ പെരുമഴയ്ക്കാണ് ഞാന്‍ സാക്ഷ്യം വഹിച്ചത്. അതില്‍ ഏറ്റവും അധികം സന്തോഷം നല്‍കുന്നത് ജനത്തിന് സംഭവിച്ച ആധ്യാത്മിക മുന്നേറ്റമാണ്. ജനത്തിന്‍റെ ആത്മരക്ഷ ഉറപ്പ് കിട്ടുന്നതാണ് പൗരോഹിത്യത്തിന്‍റെ ഏറ്റവും വലിയ സന്തോഷം. തനിക്ക് പ്രതിഷ്ഠിക്കപ്പെട്ട ആത്മാക്കളുടെ ആത്മീയകാര്യങ്ങളില്‍മാത്രമല്ല ഭൗതിക ആവശ്യങ്ങളിലും പരിശുദ്ധ അമ്മ ശ്രദ്ധാലുവാണ് എന്നതും അനുഭവങ്ങളിലൂടെ വ്യക്തമായി.

ഈ കുറിപ്പ് വായിക്കുമ്പോള്‍ നമുക്ക് തീരുമാനമെടുക്കാം അമ്മയോട് ചേര്‍ന്ന് എന്നും ജീവിക്കുമെന്ന്. മാതാവിന്‍റെ ജപമാല എന്നും നമുക്ക് കോട്ടയാവട്ടെ. നമ്മുടെ ആത്മാക്കളെ അമ്മയുടെ വിമലഹൃദയത്തിനു സമര്‍പ്പിച്ചും ആ സമര്‍പ്പണം ഇടയ്ക്കിടെ നവീകരിച്ചും അവളുടെ കരം പിടിച്ചു നമുക്ക് പിതാവിന്‍റെ ഭവനത്തിലേക്കുള്ള യാത്രയില്‍ മുന്നേറാം. വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയോട് ഈശോ പറഞ്ഞു, ”എന്‍റെ അമ്മയുടെ ഒരു ചെറിയ നെടുവീര്‍പ്പ് മറ്റെല്ലാ വിശുദ്ധരുടെയും പ്രാര്‍ത്ഥനകളെക്കാള്‍ എന്‍റെ മുന്‍പില്‍ വിലപ്പെട്ടതാണ്.” ആ അമ്മ എന്നും നമ്മുടെ കൂടെയുണ്ടാവട്ടെ.

Share:

ഫാ. ഏലിയാസ് എടൂക്കുന്നേല്‍

ഫാ. ഏലിയാസ് എടൂക്കുന്നേല്‍

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles