Home/Enjoy/Article

സെപ് 09, 2023 356 0 Shalom Tidings
Enjoy

അമ്മയിലൂടെ ആവശ്യപ്പെട്ട ചുംബനം…

ദൗര്‍ഭാഗ്യവാനായ ഒരു പാപി ഭാര്യയുടെ സ്നേഹപൂര്‍ണമായ നിര്‍ദേശം അനുസരിച്ചപ്പോള്‍….

ദൈവദൃഷ്ടിയില്‍ പാപത്തില്‍ ജീവിച്ചിരുന്ന വിവാഹിതനായ ഒരു മനുഷ്യനുണ്ടായിരുന്നു. പുണ്യം നിറഞ്ഞ ഒരു സ്ത്രീയായിരുന്നു അയാളുടെ ഭാര്യ. അയാളുടെ പാപകരമായ ജീവിതം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കാതിരിക്കാന്‍ അവള്‍ക്ക് കഴിയില്ലായിരുന്നു. അതിനാല്‍ ചുരുങ്ങിയ പക്ഷം മാതാവിന്‍റെ നാമത്തിലുള്ള അള്‍ത്താരക്കുമുന്നിലൂടെ കടന്നുപോകുമ്പോഴൊക്കെ ഒരു ‘നന്മനിറഞ്ഞ മറിയമേ’ ചൊല്ലി കാഴ്ചവയ്ക്കാന്‍ അവള്‍ അയാളോട് അഭ്യര്‍ത്ഥിച്ചു. അതനുസരിച്ച് അയാള്‍ ഈ ഭക്തി പരിശീലിക്കാന്‍ തുടങ്ങി. ഒരു രാത്രി അയാള്‍ ഒരു പാപം ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ അയാള്‍ ഒരു വെളിച്ചം കണ്ടു. സൂക്ഷിച്ചുനോക്കിയപ്പോള്‍, പരിശുദ്ധ കന്യകയുടെ തിരുസ്വരൂപത്തിന് മുമ്പില്‍ കത്തിക്കൊണ്ടിരുന്ന ഒരു വിളക്കാണെന്ന് മനസിലായി. പരിശുദ്ധ കന്യക കരങ്ങളില്‍ ഉണ്ണീശോയെ പിടിച്ചിരുന്നു. പതിവുപോലെ അയാള്‍ ഒരു നന്മനിറഞ്ഞ മറിയമേ ചൊല്ലി. ആ സമയത്ത് ഉണ്ണിയേശുവിന്‍റെ ശരീരം മുറിവുകളാല്‍ ആവരണം ചെയ്തിരിക്കുന്നതായും അവയില്‍നിന്നും പുതുരക്തം ഒഴുകുന്നതായും അയാള്‍ കണ്ടു. ഇത് അയാളെ ഭയപ്പെടുത്തി. അയാള്‍ വികാരഭരിതനായിത്തീര്‍ന്നു. താന്‍തന്നെയും സ്വന്തം പാപങ്ങളാല്‍ തന്‍റെ രക്ഷകനെ മുറിവേല്‍പിച്ചിട്ടുണ്ടെന്ന് അയാള്‍ ഓര്‍ത്തു. എന്നാല്‍ ദിവ്യശിശു തന്നില്‍നിന്നും മഖം തിരിച്ചുവെന്ന കാര്യം അയാള്‍ ശ്രദ്ധിച്ചു. ആഴമേറിയ ആശങ്കയോടെ അയാള്‍ ഇപ്രകാരം പറഞ്ഞുകൊണ്ട്, എത്രയും പരിശുദ്ധ കന്യകയില്‍ അഭയം തേടി. ‘കരുണയുള്ള മാതാവേ, അങ്ങേ പുത്രന്‍ എന്നെ നിരാകരിക്കുന്നു. അങ്ങയെക്കാള്‍ കൂടുതല്‍ അലിവുള്ള, ശക്തയായ മറ്റൊരു മധ്യസ്ഥയെയും ഞാന്‍ കാണുന്നില്ല. അവിടുത്തെ മാതാവും എന്‍റെ രാജ്ഞിയുമായ അങ്ങ് എന്നെ സഹായിക്കുകയും എനിക്കുവേണ്ടി അവിടുത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.’ ആ രൂപത്തില്‍നിന്നും സ്വര്‍ഗീയമാതാവ് അയാളോട് ഇങ്ങനെ മറുപടി പറഞ്ഞു, ‘നിങ്ങള്‍ എന്നെ കരുണയുടെ മാതാവെന്ന് വിളിക്കുന്നു. പക്ഷേ എന്‍റെ മകന്‍റെ പീഡാനുഭവത്തെയും എന്‍റെ വ്യാകുലങ്ങളെയും വര്‍ധിപ്പിിച്ചുകൊണ്ട് എന്നെ വ്യാകുലമാതാവാക്കുന്നത് നിങ്ങള്‍ അവസാനിപ്പിക്കുന്നില്ല.’

പക്ഷേ സ്വയം തന്‍റെ പാദത്തില്‍ സമര്‍പ്പിക്കുന്നവരെ മറിയം ഒരിക്കലും സാന്ത്വനിപ്പിക്കാതെ പറഞ്ഞയക്കുന്നില്ല. ദുര്‍ഭഗനായ ആ പാപിയോട് ക്ഷമിക്കണമെന്ന് അവള്‍ തന്‍റെ പുത്രനോട് അപേക്ഷിക്കാന്‍ തുടങ്ങി. യേശുവാകട്ടെ അത്തരമൊരു പാപപ്പൊറുതി അനുവദിക്കുന്നതില്‍ വിസമ്മതം കാണിക്കാന്‍ തുടങ്ങി. പക്ഷേ പരിശുദ്ധ കന്യക, ഉണ്ണിയെ ഭിത്തിയിലെ ഒരു ചെറിയ രൂപക്കൂട്ടില്‍ വച്ചുകൊണ്ട് അവിടുത്തെ മുമ്പില്‍ സാഷ്ടാംഗം വീണുകിടന്ന് പറഞ്ഞു, “എന്‍റെ മകനേ, ഈ പാപിയോട് ക്ഷമിക്കുന്നതുവരെ ഞാന്‍ നിന്‍റെ പാദം വിട്ടുപേക്ഷിക്കുകയില്ല.”

യേശു പ്രതിവചിച്ചു, “എന്‍റെ അമ്മേ! യാതൊന്നും അങ്ങേക്ക് നിഷേധിക്കാന്‍ എനിക്കാവില്ല. അങ്ങ് അവന്‍റെ പാപമോചനം ആഗ്രഹിക്കുന്നുവോ? അങ്ങയോടുള്ള സ്നേഹത്തെപ്രതി ഞാന്‍ അയാളോട് ക്ഷമിക്കും. അയാള്‍ വന്ന് എന്‍റെ മുറിവുകള്‍ ചുംബിക്കട്ടെ.”

തേങ്ങിക്കരഞ്ഞുകൊണ്ട് ആ പാപി യേശുവിനെ സമീപിച്ചു. അയാള്‍ ചുംബിച്ചുകൊണ്ടിരിക്കേ ഉണ്ണിയേശുവിന്‍റെ മുറിവുകള്‍ സുഖപ്പെട്ടു. പാപപ്പൊറുതിയുടെ അടയാളമായി യേശു അയാളെ ആശ്ലേഷിച്ചു. അയാള്‍ തന്‍റെ സ്വഭാവത്തിന് മാറ്റം വരുത്തി. പരിശുദ്ധമായ ഒരു ജീവിതം നയിച്ചു. അയാള്‍ക്കുവേണ്ടി ഇത്ര മഹത്തായ അനുഗ്രഹം നേടിയെടുത്ത പരിശുദ്ധ കന്യാകാമാതാവിനോട് അയാള്‍ എക്കാലവും സ്നേഹപൂര്‍ണനായിരുന്നു.

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles