Home/Evangelize/Article

സെപ് 09, 2023 337 0 Lisa Denny
Evangelize

സങ്കടനേരത്തെ ഈശോയുടെ ചോദ്യങ്ങള്‍

സഹനങ്ങളെ വ്യത്യസ്തമായി നേരിടാന്‍ ഈശോ പറഞ്ഞുകൊടുത്ത രഹസ്യങ്ങള്‍

വര്‍ഷങ്ങള്‍ക്കുമുമ്പ് ഏറെ സങ്കടകരമായ അവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു ഞാന്‍. പല രാത്രികളിലും ഉറക്കമില്ലാതെ ജപമാല ചൊല്ലിയും എത്രയും ദയയുള്ള മാതാവേ ജപം ചൊല്ലിയും വിശ്വാസപ്രമാണം ചൊല്ലിയും ഉറക്കം വരാന്‍വേണ്ടി കാത്തിരിക്കും. അങ്ങനെ എപ്പോഴോ ഒന്ന് മയങ്ങിയപ്പോള്‍ എനിക്ക് ഒരു അനുഭവം ഉണ്ടായി.

എന്നെ ആരോ ഒരു കുന്നിന്‍ചെരുവില്‍ കൊണ്ടുപോയി നിര്‍ത്തി. ഒരു മിന്നല്‍പോലെയാണ് അവിടെയെത്തിച്ചത്. മുന്നില്‍ ഒരു വഴിയുണ്ട്. ആ വഴിയിലാണ് ഞാന്‍ നില്‍ക്കുന്നത്. എന്‍റെകൂടെ ആരോ ഉണ്ടെന്ന് എനിക്ക് അനുഭവപ്പെട്ടു, പക്ഷേ ആളെ കാണാനാകുന്നില്ല. കുന്നിന്‍ചെരുവിലേക്ക് നോക്കിയപ്പോള്‍ കുറെയധികം കുരിശുകള്‍ നാട്ടിയിരിക്കുന്നു. അവയിലെല്ലാം ഓരോ വ്യക്തികള്‍ തൂങ്ങിക്കിടക്കുന്നുണ്ട്. അതില്‍ ഒരു കുരിശ് ചൂണ്ടിക്കാണിച്ച് ഉറച്ച ഒരു സ്വരം ഇങ്ങനെ പറഞ്ഞു, “അത് നീയാണ്!” ഞാന്‍ നോക്കി, അവിടെ മുഴുവന്‍ കുരിശില്‍ തൂങ്ങപ്പെട്ടവരാണ്. ഏറ്റവും മുന്നില്‍ ഒരു വലിയ കുരിശുണ്ട്. അതിന്‍റെ വശങ്ങളിലും പിറകിലുമായാണ് ക്രൂശിതര്‍ കിടക്കുന്നത്. അനക്കമൊന്നുമില്ല.

പെട്ടെന്ന് ഞാന്‍ ഉണര്‍ന്നു. ആ സ്വരം അത്ര ഗാംഭീര്യമുള്ളതായിരുന്നു.

പിറ്റേന്ന് കുട്ടികളെല്ലാം സ്കൂളില്‍ പോയപ്പോള്‍ ഈ സംഭവം വീണ്ടും മനസില്‍ പൊങ്ങിവന്നു. വീട്ടില്‍ മറ്റാരുമില്ല. മൂന്നരവരെ സര്‍വത്ര നിശബ്ദതയാണ്. പലപ്പോഴും ഈശോയോട് സംസാരിക്കുന്നത് വീട്ടുപണികള്‍ക്കിടയിലുള്ള ആ സമയത്താണ്. ഈശോയ്ക്കും അതാണ് ഇഷ്ടമെന്ന് തോന്നാറുണ്ട്.

ഈ സംഭവം മനസില്‍ വന്നപ്പോള്‍ ഞാന്‍ ഉള്ളില്‍ പറഞ്ഞു, “സമാധാനമായി, എന്തായാലും കുരിശിലാണല്ലോ കിടക്കുന്നത്. പത്രോസ് ശ്ലീഹാ പറഞ്ഞിരിക്കുന്നത് നിങ്ങള്‍ ആരും കൊലപാതകിയോ മോഷ്ടാവോ ആയിട്ടല്ല നന്മ ചെയ്തിട്ടാണ് ദുരിതമനുഭവിക്കുന്നതെങ്കില്‍ അത് ദൈവാനുഗ്രഹത്തിന് കാരണമാകും എന്നല്ലേ.” അങ്ങനെ ചിന്തിച്ചപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. ഈശോയോടൊപ്പമാണല്ലോ ക്രൂശിക്കപ്പെട്ടിരിക്കുന്നത്.

ആ സന്തോഷവും സമാധാനവും അധികനേരം നീണ്ടുനിന്നില്ല. ഈശോ എന്നോട് ചോദിച്ചു,
“നീ ഏത് വശത്താണ് കിടക്കുന്നത്? ഇപ്പോള്‍ നിന്‍റെ കുരിശിലെ കിടപ്പ് എങ്ങനെയാണ്?”

അതുകേട്ട് ഞാനൊന്ന് ആലോചിച്ചുനോക്കി, “ഇപ്പോഴത്തെ എന്‍റെ കിടപ്പ് അതിഭീകരമാണ്. ശപിച്ചും ശകാരിച്ചും നിന്ദിച്ചും കുറ്റപ്പെടുത്തിയുമാണ് ഞാന്‍ കിടക്കുന്നത്. കഴുകനോ മലങ്കാക്കകള്‍ക്കോപോലും എന്‍റെയടുത്ത് വരാന്‍ കഴിയുമെന്ന് തോന്നുന്നില്ല, അവപോലും പേടിച്ചോടും. അപ്പോള്‍ എനിക്കൊരു കാര്യം മനസിലായി. ഈ കിടപ്പ് അധികനേരം കിടന്നാല്‍ പടയാളികള്‍ വന്ന് എന്‍റെ കണങ്കാല്‍ തകര്‍ത്തുകളയും, പെട്ടെന്ന് മരിച്ച് എന്‍റെ ശല്യമൊഴിയാന്‍. അതിനുമുമ്പ് വശം മാറണം.

അതുകൊണ്ട് ഞാന്‍ ചോദിച്ചു, “ഈശോയേ, ഞാനെന്ത് ചെയ്യണം?”
ഈശോ പറഞ്ഞു, “നീ സഹനങ്ങളെല്ലാം എന്‍റെ കൈയില്‍നിന്ന് സ്വീകരിക്കണം. എല്ലാ സഹനങ്ങളും ഞാന്‍ നിനക്ക് തന്നതല്ല. വചനം അറിയാത്തതുമൂലം നീ എടുത്ത തെറ്റായ തീരുമാനങ്ങളും തിന്മയുടെസ്വാധീനത്താല്‍ ചെയ്ത പാപങ്ങളുമൊക്കെയുണ്ട് നിന്‍റെ ഈ കിടപ്പിനുപിന്നില്‍. നിന്നെത്തന്നെ വിശുദ്ധീകരിക്കാന്‍ തയാറാവുക. എന്‍റെ വീഴ്ചക്ക് കാരണം കര്‍ത്താവാണെന്നോ മറ്റാരെങ്കിലും ആണെന്നോ നീ പറയരുത്. നിന്‍റെ മുമ്പില്‍ ജീവനും മരണവും വച്ചിരിക്കുന്നു. ഇഷ്ടമുള്ളത് എടുത്തുകൊള്ളുക.

യോഹന്നാന്‍റെ സുവിശേഷത്തില്‍ എന്‍റെ പ്രാര്‍ത്ഥന നീ ഓര്‍ക്കുന്നില്ലേ? ഞാന്‍ അവര്‍ക്കുവേണ്ടി എന്നെത്തന്നെ വിശുദ്ധീകരിച്ചു. നിന്‍റെ ജീവിതപങ്കാളിക്കുവേണ്ടി, മക്കള്‍ക്കുവേണ്ടി, നീ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി, സഭയ്ക്കുവേണ്ടി, നിന്‍റെ സഹനങ്ങള്‍ എന്‍റെ കുരിശിലെ ബലിയോട് ചേര്‍ത്തുവച്ച് നിന്നെ ഏല്‍പ്പിച്ചവര്‍ക്ക് ജീവന്‍ പകരുക. അപ്പോള്‍ നീ തലമുറകളുടെ കേടുപോക്കുന്നവള്‍(ഏശയ്യാ 58/12) എന്ന് വിളിക്കപ്പെടും. അല്ലാതെ നീ സഹനത്തിന്‍റെ കാരണക്കാരെ ശപിക്കരുത്. നീ ഇപ്പോള്‍ കിടക്കുന്നത് എന്‍റെ ഇടതുവശത്താണ്, അവിടെനിന്നും മാറി എന്‍റെ വലതുവശത്തേക്ക് വരുക. അതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിന്‍റെ ഞെരുക്കങ്ങള്‍ ഞാനറിയുന്നു. ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്. അല്പകാലത്തെ സഹനത്തിനുശേഷം ഞാന്‍ നിന്നെ സ്ഥിരീകരിക്കും.”

ഞാന്‍ ഒട്ടും പ്രതീക്ഷിക്കാത്ത ഉത്തരമാണ് അവിടുന്ന് എനിക്ക് തന്നത്. എന്നോട് ആവശ്യപ്പെടുന്നത് ഇടതുഭാഗത്തെ കള്ളന്‍റെ സ്ഥാനത്തുനിന്ന് വലതുഭാഗത്തെ കള്ളന്‍റെ സ്ഥാനത്തേക്കുള്ള മാറ്റമാണ്. അതാണ് മാനസാന്തരം. അവിടുത്തെ വാക്കുകള്‍ ഹൃദയത്തില്‍ സ്വീകരിച്ച് എളിമയോടെയും അനുതാപത്തോടെയും മുന്നോട്ടുപോകാനുള്ള ആഗ്രഹത്തോടെ ഞാന്‍ പ്രാര്‍ത്ഥിച്ചു.

“ആത്മാവില്‍ എളിമയും അനുതാപവും ഉണ്ടായിരിക്കുകയും എന്‍റെ വചനം ശ്രവിക്കുമ്പോള്‍ വിറയ്ക്കുകയും ചെയ്യുന്നവനെയാണ് ഞാന്‍ കടാക്ഷിക്കുക” (ഏശയ്യാ 66/2).

Share:

Lisa Denny

Lisa Denny

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles