Home/Encounter/Article

ജനു 30, 2020 3061 0 സ്റ്റെല്ല ബെന്നി
Encounter

രണ്ട് വഞ്ചിയില്‍ കാല്‍ ചവിട്ടിയാല്‍

2020-ന്‍റെ ദിവസങ്ങളിലേക്ക് നാം കാലെടുത്ത് വച്ചിരിക്കുന്നു. ഈ പുതുവത്സരത്തില്‍ യാത്ര ആരംഭിക്കുംമുമ്പ് നമുക്ക് നമ്മെത്തന്നെ ഒന്നു പരിശോധിച്ചു നോക്കാം. ആരുടെ വഞ്ചിയിലേക്കാണ് നാമിപ്പോള്‍ കാലെടുത്തുവച്ചിരിക്കുന്നത്? യേശു തുഴയുന്ന വഞ്ചിയിലോ അതോ സാത്താന്‍റെയും ലോകത്തിന്‍റെയും വഞ്ചിയിലോ?

ഒരുപക്ഷേ നമ്മള്‍ ആഗ്രഹിച്ചത് യേശുവിന്‍റെ വഞ്ചിയില്‍ത്തന്നെ കാലുകള്‍ ചവിട്ടണം എന്നായിരിക്കാം. നമ്മള്‍ വിശ്വസിച്ചിരുന്നതും നമ്മുടെ കാലുകള്‍ യേശുവിന്‍റെ വഞ്ചിയില്‍ത്തന്നെ ആണ് എന്നും ആയിരിക്കാം. യേശുവിന്‍റെ വഞ്ചിയില്‍ എന്നോര്‍ത്ത് നാം കാലെടുത്തു വച്ചിരിക്കുന്നത് സാത്താന്‍റെ വഞ്ചിയിലാണോ? അതോ നമ്മുടെയെല്ലാം ഒരു കാല്‍ യേശുവിന്‍റെ വഞ്ചിയിലും മറ്റേ കാല്‍ സാത്താന്‍റെ (ലോകത്തിന്‍റെ) വഞ്ചിയിലും ആണോ? ഇരുവഞ്ചിയില്‍ കാല്‍ ചവിട്ടിയാല്‍ എന്തു സംഭവിക്കും? എതിര്‍ദിശയില്‍ വഞ്ചികള്‍ നീങ്ങാന്‍ തുടങ്ങുമ്പോള്‍ ഒന്നിലും നിലയുറപ്പിക്കാന്‍ കഴിയാതെ നമ്മള്‍ നിലയില്ലാത്ത നീര്‍ക്കയത്തിലേക്ക് മറിഞ്ഞുവീഴുകയും ആരും രക്ഷിക്കാനില്ലാതെ മുങ്ങിച്ചാകുകയും ചെയ്യും. ഇന്നത്തെ വലിയൊരു പങ്ക് ക്രിസ്ത്യാനികളുടെയും അവസ്ഥ ഇതുതന്നെ ആണെന്ന് പറയാതിരിക്കാന്‍ വയ്യ.

കര്‍ത്താവിന്‍റെ വചനം നമ്മോട് ഇപ്രകാരം ചോദിക്കുന്നു: “നിങ്ങള്‍ എത്രനാള്‍ രണ്ടു വഞ്ചിയില്‍ കാല്‍ വയ്ക്കും. കര്‍ത്താവാണ് ദൈവമെങ്കില്‍ അവിടുത്തെ അനുഗമിക്കുവിന്‍. ബാലാണ് ദൈവമെങ്കില്‍ അവന്‍റെ പിന്നാലെ പോകുവിന്‍” (1 രാജാക്കന്മാര്‍ 18:21). ലോകത്തെയും അതേസമയം ദൈവത്തെയും ഒരേ അളവില്‍ പ്രീതിപ്പെടുത്തുവാന്‍ ശ്രമിക്കുന്ന ക്രിസ്ത്യാനി ഏറ്റവും ഹതഭാഗ്യനാണ് എന്ന് തിരുവചനങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നു. “ഈ ലോക ജീവിതത്തിനായി മാത്രം ക്രിസ്തുവില്‍ പ്രത്യാശ വച്ചവരാണ് നാമെങ്കില്‍ മറ്റെല്ലാ മനുഷ്യരെയുംകാള്‍ നാം നിര്‍ഭാഗ്യരാണ്” (1 കോറിന്തോസ് 15:19).

രണ്ടും വേണം എനിക്ക്

ലോകവും വേണം, ദൈവവും വേണം എനിക്ക് എന്നതാണ് ഇന്ന് ഏറെപ്പേരുടെയും നിലപാട്. നമ്മള്‍ ഈ ലോകത്തില്‍ ജീവിക്കുമ്പോള്‍ ഈ ലോകത്തിന്‍റെ കാര്യങ്ങള്‍ അറിയേണ്ടേ എന്നതാണ് ഇന്ന് പലരുടെയും ചോദ്യം. അറിയുന്നതിലല്ല അഡിക്റ്റാകുന്നതില്‍ (അടിമത്തം) ആണ് പ്രശ്നം. ലോകത്തില്‍ ജീവിക്കുന്നതിലല്ല, ലോകത്തെയും അതിന്‍റെ വസ്തുക്കളെയും സ്നേഹിച്ച് അവയ്ക്ക് അടിമപ്പെടുന്നതിലാണ്. “ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്നേഹിച്ചാല്‍ പിതാവിന്‍റെ (ദൈവത്തിന്‍റെ) സ്നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല. എന്തെന്നാല്‍ ജഡത്തിന്‍റെ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്‍റെ അഹന്ത എന്നിങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്‍റേതല്ല. പ്രത്യുത ലോകത്തിന്‍റേതാണ്” (1 യോഹന്നാന്‍ 2:15-16).

തിരുവചനങ്ങളിലൂടെ ദൈവം നമ്മെ തിരുത്തുന്നത് നമുക്ക് ശ്രവിക്കാം. “വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്‍റെ മിത്രമാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്‍റെ ശത്രുവാക്കുന്നു” (യാക്കോബ് 4:4).

ഹൈറേഞ്ചിലെ അമ്മച്ചി

താല്‍ക്കാലിക നിയമനങ്ങളില്‍ ഞാന്‍ ഹൈറേഞ്ചിലെ മലമടക്കുകളില്‍ അധ്യാപികയായി ജോലി ചെയ്യുന്ന കാലം. പള്ളിയോടും പട്ടക്കാരനോടും വിശുദ്ധ കുര്‍ബാനയോടുമെല്ലാം വലിയ ഭക്തി പുലര്‍ത്തുന്ന ഒരമ്മച്ചിയെ കണ്ടുമുട്ടുവാനും പരിചയപ്പെടാനും ഇടയായി. അമ്മച്ചി രാവിലെ നാലര മണിക്ക് ഉണരും. പല്ലുതേച്ച് മുഖം കഴുകി കട്ടന്‍ കാപ്പിയും റസ്ക്കും കഴിച്ച് ഉടന്‍തന്നെ വസ്ത്രം മാറി ടോര്‍ച്ചും തെളിച്ച് പള്ളിയിലേക്ക് ഒരൊറ്റ പോരലാണ്. അവിടെ വന്ന് മാതാവിന്‍റെ മുറ്റമടിക്കും. ആ പള്ളി മാതാവിന്‍റെ നാമധേയത്തില്‍ സ്ഥാപിതമായതായിരുന്നു. അതു കഴിഞ്ഞ് കുര്‍ബാന. കുര്‍ബാനയ്ക്ക് ഭക്തിയോടെ ഏറ്റവും മുന്‍നിരയില്‍ അമ്മച്ചിയുണ്ട്. ഏറ്റവും ആദ്യം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതും അമ്മച്ചിയാണ്. ആഴ്ചയിലൊന്ന് കുമ്പസാരിക്കും. ധര്‍മക്കാരെ കണ്ടാല്‍ ദാനധര്‍മവും ചെയ്യും. പക്ഷേ ഇതുകഴിഞ്ഞാല്‍ അമ്മച്ചി വേറൊരാളാകും.

പോകുന്ന വഴിക്ക് സമപ്രായക്കാരായ മറ്റമ്മച്ചിമാരും ഉണ്ട് കൂട്ടിന്. മരുമകളുടെ കുറ്റവും ഇന്നത്തെ തലമുറയുടെ പള്ളീം പട്ടക്കാരുമില്ലാത്ത ജീവിതവും എല്ലാം കണ്ണീരോടും വിലാപത്തോടുംകൂടി അമ്മച്ചിയുടെ നേതൃത്വത്തില്‍ മറ്റ് അമ്മച്ചിമാരെല്ലാവരുംകൂടി ചര്‍ച്ച ചെയ്യും. അങ്ങനെ വീട്ടുകാര്യവും നാട്ടു
കാര്യവുമെല്ലാം ചര്‍ച്ച ചെയ്ത് കുറ്റം വിധിക്കാവുന്നവരെയെല്ലാം വിധിച്ച് വീട്ടിലെത്തിയാലുടന്‍തന്നെ അമ്മച്ചിക്ക് ചൂടുള്ള പാല്‍കാപ്പിയും പലഹാരങ്ങളും മേശപ്പുറത്ത് വേണം. അല്പം വൈകിപ്പോയാല്‍ മരുമകളെ ചീത്ത പറയും. ഞാന്‍ ഇങ്ങനെയൊന്നുമല്ല കാരണവന്മാരെ നോക്കിയതെന്നും കാരണവന്മാരെ (അമ്മച്ചിയെ) വേണ്ടവിധത്തില്‍ നോക്കിയില്ലെങ്കില്‍ ഒന്നിനും ഗുണം പിടിക്കുകയില്ല എന്നും പറയും.

പാവം മരുമകള്‍. പ്രായവ്യത്യാസം അധികമില്ലാത്ത നാല് ആണ്‍കുട്ടികളെ ഹോംവര്‍ക്ക് ചെയ്യാന്‍ സഹായിച്ച്, രാവിലെ ഭക്ഷണവും ടിഫിനും ഒരുക്കി, അവര്‍ തമ്മിലുള്ള വഴക്കും തീര്‍ത്ത്, ഭര്‍ത്താവിനെയും ശുശ്രൂഷിച്ച് കര്‍ത്തവ്യങ്ങളെല്ലാം തീര്‍ത്ത് നിലംതൊടാതെ ഓടുന്ന ഓട്ടത്തില്‍ ചിലപ്പോള്‍ അമ്മച്ചിയുടെ പ്രഭാതഭക്ഷണം മേശപ്പുറത്തെത്തിക്കുന്നത് അല്പമൊന്ന് വൈകിയാല്‍ പിന്നെ അതിന്‍റെ പേരില്‍ കലഹമായി. ഞാനും പെറ്റുവളര്‍ത്തിയതാണ് ആറേഴെണ്ണത്തിനെ. ഇതിനിടയ്ക്ക് ഞാനെന്‍റെ കാരണവന്മാരെ പൊന്നുപോലെ നോക്കി. ചുമ്മാതല്ല, അതിന്‍റെ ഐശ്വര്യമാണ് ഇന്നിവളൊക്കെ അനുഭവിക്കുന്നത്. ഇന്നിപ്പോള്‍ എന്‍റെ കാലമായപ്പോള്‍ രാവിലെ പള്ളീല്‍ പോയി മാതാവിന്‍റെ മുറ്റമടിച്ച് കുടുംബത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച് തിരിച്ചുവരുന്ന എനിക്ക് സമയത്ത് ഒരിറ്റു ചൂടുവെള്ളം എടുത്തുതരാന്‍പോലും ഇവിടെ ആരുമില്ല. ഇതാണ് അമ്മച്ചിയുടെ പരാതി.”എന്‍റെ പൊന്നമ്മച്ചീ, ഞാനിപ്പോള്‍ത്തന്നെ കാപ്പി എടുത്തുവയ്ക്കാം. എനിക്കും രണ്ട് കൈയല്ലേ ഉള്ളൂ ഇതെല്ലാം ചെയ്യാന്‍” എന്നൊന്നു പറഞ്ഞുപോയാല്‍ “കണ്ടില്ലേ, ഇവളെന്നോട് മുന്നോട്ടുവയ്ക്കുന്നത്. ഞാന്‍ എന്‍റെ അമ്മായിയമ്മയുടെ നേരെ നിന്ന് ഒരു വാക്ക് എതിരു പറഞ്ഞിട്ടില്ല” എന്നാകും അമ്മച്ചി.

കാപ്പികുടി കഴിഞ്ഞാല്‍ പിന്നെ അമ്മച്ചി ബൈബിള്‍ വായിക്കും. ഒരധ്യായം കൃത്യമായും ഉറക്കെത്തന്നെ വായിക്കും. അതിന്‍റെകൂടെ മുടക്കം കൂടാതെ പൈങ്കിളി പ്രസിദ്ധീകരണങ്ങളും സിനിമാവാരികയും കൃത്യമായി വായിക്കും. ഇതിനമ്മച്ചി കൊടുക്കുന്ന വിശദീകരണം ഇതാണ്. ലോകമൊക്കെ എവിടെയാ നില്ക്കുന്നതെന്ന് നമ്മളറിയേണ്ടേ. അതൊക്കെ വായിച്ചില്ലെങ്കില്‍ അതൊരു നഷ്ടം തന്നെയാ. കണ്ടില്ലേ, ലോകമെന്താണെന്നറിയാതെ ഓരോ പെമ്പിള്ളാര് ഓരോ കെണികളില്‍ ചെന്നു വീഴുന്നത്.

ഇതെല്ലാം വായിച്ച് ഉച്ചയ്ക്ക് ഒരു മണിക്കുതന്നെ അമ്മച്ചി ഉണ്ണാനിരിക്കും. കൃത്യസമയത്തുതന്നെ ഊണ് മേശപ്പുറത്തുവേണം. ഊണിന് പച്ചമീന്‍ പുളിയിട്ടുവച്ചത് നിര്‍ബന്ധം. എന്തെങ്കിലും കാരണവശാല്‍ മീന്‍കറി കിട്ടാതെ പോയാല്‍ അന്ന് എന്തെല്ലാം കറികള്‍ സ്പെഷ്യലായി ഉണ്ടാക്കിക്കൊടുത്താലും അമ്മച്ചിക്ക് തൃപ്തികേടാണ്. അതെക്കുറിച്ച് ഒരിക്കല്‍ കൂട്ടുകാരിയായ റോസക്കുട്ടിയമ്മച്ചി ചോദിച്ചു. “അല്ല മാമി, ഒരു ദിവസം ഇത്തിരി മീനില്ലെന്നു പറഞ്ഞ് ഇത്രമാത്രം ബഹളം കൂട്ടാനുണ്ടോ? നമ്മള് പെണ്ണുങ്ങള് ഇത്തിരി ആശയടക്കമൊക്കെ ചെയ്യേണ്ടവരല്ലേ. ഒരു ദിവസം മീനില്ലാതെ ചോറുണ്ണാന്‍ നിനക്ക് പറ്റുകയില്ലെങ്കില്‍ നോമ്പുകാലത്ത് നീ എന്തുചെയ്യും?”

മാമിച്ചേടത്തി അതിന് പറഞ്ഞ മറുപടി ഇതാണ്. “അതേ റോസക്കുട്ടീ, ഇത്തിരി പച്ചമീനിന്‍റെ ഉളുമ്പില്ലെങ്കില്‍ എന്‍റെ തൊണ്ടേന്ന് ചോറ് താഴേക്കിറങ്ങത്തില്ലെടീ. നോമ്പുകാലത്തും ഞാന്‍ മീന്‍ ഒഴിവാക്കാറില്ലെടീ. വലിയ ആളുകള്‍പോലും അതൊന്നും ചെയ്യുന്നില്ലെന്നാ പറയുന്നത്!”

റോസക്കുട്ടിയമ്മച്ചി തിരിച്ചുപറഞ്ഞു, “നിന്‍റെ വിശ്വാസം നിന്നെ പൊറുപ്പിക്കട്ടെ. പക്ഷേ എനിക്കതിനോട് യോജിക്കാന്‍ പറ്റില്ല. കാരണവന്മാര് മണ്ണിനോട് മല്ലിടാനാ
യി ഈ ഹൈറേഞ്ചില്‍ വന്നപ്പോള്‍ ഒരു കാന്താരിമുളക് കടിച്ചുകൂട്ടി നോമ്പുകാലത്ത് ചോറുണ്ടത് ഞാനോര്‍ക്കുന്നു. ഞങ്ങളെയും അങ്ങനെതന്നെയാ ഞങ്ങളുടെ അപ്പനും അമ്മയും പരിശീലിപ്പിച്ചത്. ഞങ്ങളുടെ വലിയപ്പന്‍ പാല്‍ചായ പോലും ഉപേക്ഷിച്ച് വലിയ നോമ്പെടുക്കുന്നത് ഞാനിന്നുമോര്‍ക്കുന്നെടീ. നോമ്പുകാലത്ത് ഇറച്ചിയും മീനും മൊട്ടയുമൊക്കെ വീടിന്‍റെ പരിസരത്ത് കേറ്റുകപോലുമില്ലായിരുന്നു. പള്ളി ഏറെ ദൂരെയായിരുന്നതുകൊണ്ട് എല്ലാ ദിവസവും പള്ളിയില്‍ പോകാന്‍ കഴിഞ്ഞില്ലെങ്കിലും രാവിലെ നാലുമണിക്കെഴുന്നേറ്റ് മുഴുവന്‍കൊന്ത ചൊല്ലിയിട്ടേ കുടുംബാംഗങ്ങള്‍ അവരവരുടെ ജോലിക്ക് പോകുമായിരുന്നുള്ളൂ. അതിന്‍റെയൊക്കെ ഫലമാടീ മാമി ഞങ്ങളുടെ മക്കള്‍ക്ക് കിട്ടിയ ഭാഗ്യങ്ങള്‍. മക്കള്‍ പലരും അച്ചന്മാരും കന്യാസ്ത്രീകളും ആയിത്തീര്‍ന്നതും വലിയൊരു ദൈവാനുഗ്രഹംതന്നെ.

എന്നാലും ഒരു കാര്യത്തില്‍ ഞാനും നിന്നോട് യോജിക്കുന്നു. കുറച്ചുകാലങ്ങളായി ഞാന്‍ മക്കളെ ശ്രദ്ധിക്കുന്നുണ്ട്. അവര്‍ക്ക് പണ്ടത്തെപ്പോലെ പ്രാര്‍ത്ഥന
യിലും നോയമ്പിലും ഒന്നും വലിയ താല്പര്യമില്ല. നോയമ്പൊന്നും അധികം വേണ്ട, അതിന്‍റെ ചൈതന്യം ഉള്‍ക്കൊണ്ടാല്‍ മതി എന്നാണവര്‍ പറയുന്നത്. അവരോട് തര്‍ക്കിച്ചുനേടാനുള്ള വൈഭവം എനിക്കില്ലാത്തതുകൊണ്ട് ഞാനൊന്നും പറഞ്ഞില്ല മാമീ. അവരൊക്കെ വലിയ വലിയ പഠിപ്പുള്ളവരല്ലേ. എന്‍റെ ജയിംസുകുഞ്ഞിനാണെങ്കില്‍ രണ്ടാണ് ഡോക്ടറേറ്റ്. വലിയ പഠിപ്പുള്ളോരു പറയുമ്പോള്‍ പഠിപ്പില്ലാത്തവര് കേള്‍ക്കുക, അത്രതന്നെ. എന്നാലും ഞാനെന്‍റെ നോമ്പും പ്രാര്‍ത്ഥനയുമൊന്നും ഉപേക്ഷിച്ചിട്ടില്ല മാമി. എല്ലാ നോമ്പും ഞാന്‍ നോക്കും. എന്‍റെ കൊച്ചുമക്കളെയും ഞാനത് പഠിപ്പിക്കുന്നുണ്ട്. അവര്‍ അനുസരിക്കുന്നുമുണ്ട്.”

“അല്ലാടീ റോസക്കുട്ടി, ഒരു കാര്യത്തില്‍ നീയൊരു ഭാഗ്യവതിയാണ്. ഇത്രേം കന്യാസ്ത്രീകളും അച്ചന്മാരും നിന്‍റെ കുടുംബത്തിലുണ്ടായല്ലോ.” “എന്‍റെ മാമീ, നിനക്കും കിട്ടും അതിലും വലിയ ഭാഗ്യം. നിന്‍റെ സിനിമാമാസിക വായനയും ഏഴുമണി മുതലുള്ള സീരിയലു കാണലും സിനിമ കാണലുമൊക്കെ നിര്‍ത്തി ആ സമയത്ത് നീ മക്കള്‍ക്കും ചെറുമക്കള്‍ക്കുംവേണ്ടി കൊന്ത ചൊല്ലി പ്രാര്‍ത്ഥിക്ക്. അവരെ അടുത്തിരുത്തി നമസ്കാരങ്ങളും നല്ല കാര്യങ്ങളും പഠിപ്പിക്ക്. അപ്പോള്‍ നിന്‍റെ മക്കള്‍ നിന്നെ സന്തോഷിപ്പിക്കും. ഉപവാസത്തോടും പ്രാര്‍ത്ഥനയോടും പ്രായശ്ചിത്തത്തോടുംകൂടി അവര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്ക്. നിന്‍റെ കുടുംബ
ത്തിലും ദൈവം അനുഗ്രഹം ചൊരിയും. രണ്ടു വഞ്ചിയില്‍ കാല്‍വച്ചുള്ള നിന്‍റെ ജീവിതം അവസാനിപ്പിച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവനും മാതാവിന്‍റെ മുറ്റം അടിച്ചാലും മാതാവിനുപോലും നിന്നെ രക്ഷിക്കാനാവില്ല എന്നോര്‍മ്മവേണം. പോട്ടെടി മാമീ, ഞാനിത്തിരി കടുപ്പത്തില്‍ പറഞ്ഞു. നിന്നോടുള്ള ഇഷ്ടംകൊണ്ടാട്ടോ. വിഷമം തോന്നിയാല്‍ ക്ഷമിക്ക്.”

നല്ല രണ്ട് മോഡലുകള്‍

ഈ രണ്ട് അമ്മച്ചിമാരും നമുക്കിടയില്‍ത്തന്നെയുണ്ട്. ദൈവത്തെയും ലോകത്തെയും ഒരുപോലെ സ്നേഹിക്കുന്ന മാമി അമ്മച്ചിമാര്‍ 90 ശതമാനമാണെങ്കില്‍ ദൈവത്തോടുമാത്രം ചേര്‍ന്നു നില്ക്കുന്ന, ഉപവാസത്തിലും പ്രാര്‍ത്ഥനയിലും പ്രായശ്ചിത്ത പ്രവൃത്തികളിലും അടിയുറച്ചു നില്ക്കുന്ന, ലോകത്തോട് കൂട്ടുചേരാന്‍ തയാറാകാത്ത റോസക്കുട്ടി അമ്മച്ചിമാര്‍ ഇന്ന് പത്തു ശതമാനമോ ഒരുപക്ഷേ അതില്‍ താഴെയോ ആണ്.

നമുക്ക് ഇന്നാവശ്യം പശ്ചാത്താപത്തിന്‍റെ മിഴിനീരാണ്. മറ്റൊന്നിനുമല്ല രണ്ടു വഞ്ചിയില്‍ കാലുവച്ചുകൊണ്ട് ക്രിസ്ത്യാനി എന്നവകാശപ്പെട്ടുകൊണ്ട് മാമി അമ്മച്ചിമാരുടെ ജീവിതം നയിച്ച് ക്രിസ്തുവിനെയും അവന്‍റെ സഭയെയും അപമാനിച്ചതിന്! നയിക്കുന്നവനും നയിക്കപ്പെടുന്നവനും അധികാരിയും വിധേയനും പണ്ഡിതനും പാമരനും കുടുംബജീവിതക്കാരനും സമര്‍പ്പിതനുമൊക്കെ ഈ മാമി അമ്മച്ചിമാരുടെ ഗണത്തിലുണ്ട്. നിങ്ങള്‍നിമിത്തം ദൈവത്തിന്‍റെ നാമം വിജാതീയരുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു എന്നത് എത്ര സത്യമായ കര്‍ത്താവിന്‍റെ വചനം! (റോമാ 2:24).

ഒരുപക്ഷേ ഇതെഴുതുന്ന ഞാനും പലരംഗങ്ങളിലും മാമി അമ്മച്ചിയുടെ ഗണത്തില്‍പ്പെട്ടവളാകാം. നാം ഉള്‍ക്കൊണ്ട ദിവ്യകാരുണ്യം നമ്മെ എന്തിലേക്ക് നയിച്ചു എന്നതാണ് പരമപ്രധാനം. അവിടെ നമ്മള്‍ പള്ളിവിട്ടിറങ്ങിയ മാമി അമ്മച്ചി ആയിരുന്നെങ്കില്‍ നമ്മുടെ സാക്ഷ്യപ്പെടുത്തല്‍ യേശുവിന് എത്രയോ വേദനാജനകം ആയിരുന്നിരിക്കും! ഈ 2020-ലെങ്കിലും നമുക്കൊരു തിരിച്ചുവരവ് വേണ്ടേ? ഇതൊരുപക്ഷേ നമുക്ക് അനുതപിക്കാനായി ദൈവം ദാനമായി നല്കിയിരിക്കുന്ന അവസാനത്തെ ഒരു വര്‍ഷമായിരിക്കാം. ഈ കരുണയ്ക്കൊരു ലക്ഷ്യമുണ്ട്. “നിന്നെ അനുതാപത്തിലേക്ക് നയിക്കുക എന്നതാണ് കര്‍ത്താവിന്‍റെ കരുണയുടെ ലക്ഷ്യമെന്ന് നീ അറിയുന്നില്ലേ” എന്ന് അവിടുന്ന് ചോദിക്കുന്നു. രണ്ടായിരത്തി ഇരുപതിന്‍റെ തുടക്കത്തില്‍ മറ്റെന്തിനെക്കാളുമുപരി പശ്ചാത്താപത്തിന്‍റെ മിഴിനീര് തരണേ എന്ന് സഭാമക്കളായ നമുക്ക് പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കാം. സഭ റോസക്കുട്ടി അമ്മച്ചിമാരെക്കൊണ്ട് നിറയട്ടെ. “നിങ്ങളെത്തന്നെ ശുദ്ധീകരിക്കുവിന്‍. നാളെ നിങ്ങളുടെ ഇടയില്‍ കര്‍ത്താവ് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കും” (ജോഷ്വാ 3:5). ശാലോം വായനക്കാര്‍ക്ക് അത്ഭുതങ്ങള്‍ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു, ആവേ മരിയ.

Share:

സ്റ്റെല്ല ബെന്നി

സ്റ്റെല്ല ബെന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles