Home/Evangelize/Article
Trending Articles
നിരീശ്വരവാദിയായ ഒരു അധ്യാപകന് തന്റെ വിദ്യാര്‍ത്ഥികളെ തിമിംഗലത്തെക്കുറിച്ച് പഠിപ്പിക്കുകയായിരുന്നു. കൂട്ടത്തിലുണ്ടായിരുന്ന ഒരു കൊച്ചുപെണ്‍കുട്ടി എഴുന്നേറ്റുനിന്ന് ചോദിച്ചു,
“തിമിംഗലങ്ങള്‍ ആളുകളെ വിഴുങ്ങുമോ?”
അധ്യാപകന് മറുപടി പറഞ്ഞു, “ഇല്ല, അവ മനുഷ്യരെക്കാള്‍ വലിപ്പമുള്ളവയാണെങ്കിലും തൊണ്ടയുടെ പ്രത്യേകത നിമിത്തം അവ കൊഞ്ചുവര്‍ഗത്തില്‍പ്പെട്ടവയും പ്ലവകങ്ങളുമടങ്ങിയ ഭക്ഷണം അരിച്ചെടുക്കും.”
“പക്ഷേ ബൈബിളില്‍ പറയുന്നത് യോനായെ വലിയൊരു മത്സ്യം വിഴുങ്ങിയെന്നാണല്ലോ,” പെണ്‍കുട്ടിയുടെ സംശയം.
അധ്യാപകന് ദേഷ്യം വന്നു, “നീലത്തിമിംഗലങ്ങള്‍ക്ക് മനുഷ്യനെ വിഴുങ്ങാനാവില്ല.”
“എങ്കില്‍ യോനായുടെ കാര്യത്തില്‍ ദൈവം എന്തെങ്കിലും അത്ഭുതം ചെയ്തതായിരിക്കും. ഞാന്‍ സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ യോനായോട് ചോദിക്കും, നിങ്ങളെ ശരിക്കും മത്സ്യം വിഴുങ്ങിയോ എന്ന്,” പെണ്‍കുട്ടി നിഷ്കളങ്കമായി പറഞ്ഞു.
സ്വര്‍ഗമെന്നതുകേട്ടതേ നിരീശ്വരവാദി അധ്യാപകന് കോപത്താല്‍ ചുവന്നുകൊണ്ട് ചോദിച്ചു, “യോനാ നരകത്തിലാണെങ്കിലോ?”
ഭയചകിതയായ പെണ്‍കുട്ടി അറിയാതെ പറഞ്ഞുപോയി, “സാര്‍ ചോദിച്ചുകൊള്ളൂ.”
“ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ആരംഭം; അത് പരിശീലിക്കുന്നവര്‍ വിവേകികളാകും. അവിടുന്ന് എന്നേക്കും സ്തുതിക്കപ്പെടും” (സങ്കീര്‍ത്തനങ്ങള്‍ 111/10)
Shalom Tidings
"ആത്മാക്കളെ പഠിപ്പിക്കാന്‍ ഈശോയ്ക്ക് പുസ്തകങ്ങളും മല്പാന്മാരും ഒന്നും ആവശ്യമില്ല. അവിടുന്ന് പഠിപ്പിക്കുന്നത് വാക്കുകളുടെ ശബ്ദമൊന്നും കൂടാതെയാണ്. മിക്കപ്പോഴും പ്രാര്‍ത്ഥനാസമയത്തല്ല അവിടുന്ന് ഈ വിധം അനുഗ്രഹം നല്‍കുന്നത്. പ്രത്യുത, സാധാരണമായ ദിനകൃത്യങ്ങള്‍ക്കിടയിലാണ്."
By: Shalom Tidings
Moreദൈവകരുണയുടെ തിരുനാള്‍ദിനത്തില്‍ ലഭിച്ച അപ്രതീക്ഷിത അനുഗ്രഹങ്ങളെക്കുറിച്ച്.... കരുണയുടെ തിരുനാള്‍ ദിനമായ 2023 ഏപ്രില്‍ 16. തലേ ദിവസത്തെ ധ്യാനശുശ്രൂഷയ്ക്കുശേഷം വളരെ വൈകി കിടന്ന ഞാന്‍ രാവിലെ 4.15-ന് ഭാര്യ യേശുതമ്പുരാനുമായി വഴക്ക് പിടിക്കുന്ന ശബ്ദം കേട്ടുണര്‍ന്നു. എന്താണ് കാര്യം എന്ന് തിരക്കി. അവള് പറഞ്ഞു, "ഇന്ന് കരുണയുടെ തിരുനാള്‍, പരിപൂര്‍ണദണ്ഡവിമോചനം ലഭിക്കുന്ന ദിവസമല്ലേ? കരുണയുടെ ഒരു ദൈവാലയം സന്ദര്‍ശിക്കാനോ മൂന്ന് മണിക്ക് സക്രാരി തുറക്കുന്നത് കാണാനോ ഒരു മെത്രാന്റെ കൈവയ്പ് സ്വീകരിക്കാനോ ഒന്നും നമുക്കിന്ന് പറ്റുമെന്ന് തോന്നുന്നില്ല." അവള് പറഞ്ഞത് ശരിയായിരുന്നു. ഞങ്ങള്‍ക്കന്ന് ഒരു അത്യാവശ്യയാത്രയുണ്ടായിരുന്നു, പ്രായമായ ഒരമ്മച്ചിയെ കാണാന്‍. കുട്ടിക്കാനത്തുചെന്ന് അമ്മച്ചിയെ കണ്ടതിനുശേഷം മൂന്നുമണിക്കുള്ളില്‍ കരുണയുടെ ഒരു ദൈവാലയം സന്ദര്‍ശിക്കാനുള്ള സമയം ലഭിക്കില്ലായെന്ന് അറിയാമായിരുന്നതുകൊണ്ട് യാത്രയില്‍ അങ്ങനെ പ്ലാന്‍ ചെയ്തതേയില്ല. രാവിലെ 5.45-ന്റെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ഞങ്ങള്‍ യാത്രയ്ക്കിറങ്ങി. 11 മണിയോടെ കുട്ടിക്കാനത്തെത്തി അമ്മച്ചിയെ കണ്ടു. കര്‍ത്താവിന്റെ സ്നേഹവും കരുതലും പങ്കുവച്ച് പ്രാര്‍ത്ഥിച്ചു. ഭക്ഷണത്തിനുശേഷം രണ്ടുമണിയോടെ അവിടെനിന്ന് ഇറങ്ങി. മടങ്ങിവരുംവഴി ഒരു പിക്നിക് സ്ഥലമായ പാഞ്ചാലിമേട് കാണാന്‍ പോയി. അവിടെ എത്തിയപ്പോള്‍ കുരിശുമലയിലെ ഈശോയെ കണ്ടു. പെട്ടെന്ന് രാവിലത്തെ ഭാര്യയുടെ വാക്കുകള്‍ ഓര്‍ത്തുപോയി. അതിനാല്‍ മനസില്‍ ഇങ്ങനെ പറഞ്ഞു, "നീ കുരിശില്‍ മരിച്ചത് ഞങ്ങള്‍ക്കുവേണ്ടിയാണല്ലോ കര്‍ത്താവേ. അതിനാല്‍ കരുണയുടെ വാതില്‍ ഞങ്ങള്‍ക്കായി തുറക്കണമേ." ദൈവം പരിശുദ്ധനും നീതിമാനും കരുണാമയനുമാണ്. എനിക്ക് രക്ഷ പ്രാപിക്കാന്‍ കര്‍ത്താവ് പരിശുദ്ധിയുടെ വാതില്‍ തുറന്നിട്ടിരിക്കുന്നു. എന്നാല്‍ പരമപരിശുദ്ധനായ ദൈവത്തിന്റെ മുമ്പില്‍ നില്ക്കാന്മാത്രം ഒരു പരിശുദ്ധിയുമില്ലാത്ത അശുദ്ധനായ എന്റെ മുമ്പില്‍ പരിശുദ്ധിയുടെ വാതില്‍ കൊട്ടിയടയ്ക്കപ്പെടും. രണ്ടാമതായി എന്റെ മുമ്പില്‍ നീതിയുടെ വാതില്‍ തുറന്നുകിടക്കുന്നു. ദൈവഹിതം നിവര്‍ത്തിക്കപ്പെടുന്നതാണല്ലോ ദൈവികനീതി. എന്നാല്‍ പലപ്പോഴും ഞാന്‍ സഞ്ചരിക്കുന്ന വഴികള്‍ ദൈവികമല്ല. നീതിമാനുമാത്രമേ നീതിയുടെ വാതിലിലൂടെ കടക്കാന്‍ സാധിക്കുകയുള്ളൂ. എന്റെ മുമ്പില്‍ നീതിയുടെ വാതിലും കൊട്ടിയടയ്ക്കപ്പെടും. ആയതിനാല്‍ എനിക്ക് രക്ഷപ്പെടാന്‍ ഒരൊറ്റ സാധ്യതയേ ഉള്ളൂ. അത് കരുണയുടെ വാതിലാണ്. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിലൂടെ നേടിത്തന്ന ഒരേയൊരു വാതില്‍. അതുകൊണ്ടാണല്ലോ അവിടുന്ന് പറഞ്ഞുവച്ചത്, "വഴിയും സത്യവും ജീവനും ഞാനാണ്. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്ക് വരുന്നില്ല" (യോഹന്നാന് 14/6). അതുകൊണ്ടെന്റെ പൊന്നുകര്‍ത്താവേ, നിന്റെ കരുണയില്‍മാത്രം ഞാന്‍ ആശ്രയിക്കുന്നു എന്നുപറഞ്ഞ് പ്രാര്‍ത്ഥിച്ചു. അപ്പോഴാണ് ഓര്‍മ്മ വന്നത്, പാഞ്ചാലിമേടിന് അടുത്തെവിടെയോ ആണ് പാലാ രൂപതയുടെ മുന്‍സഹായമെത്രാന്‍ ജേക്കബ് മുരിക്കന്‍ പിതാവ് താമസിക്കുന്നത്. ഒന്നു കാണണമെന്ന ആഗ്രഹത്തില്‍ ചിലരോട് അന്വേഷിച്ച് അദ്ദേഹം താമസിക്കുന്ന നല്ലതണ്ണി ദയറായിലെത്തി. ഒരു ചെറിയ കുടിലില്‍ ധന്യമായ ജീവിതം നയിക്കുന്ന പിതാവിനെ കണ്ടു. ഞങ്ങളുടെ വിശേഷങ്ങളൊക്കെ തിരക്കിയ ശേഷം പിതാവ് ഞങ്ങളെ ആ ചെറിയ ഭവനത്തിലെ കുഞ്ഞുചാപ്പലിലേക്ക് നയിച്ചു. അവിടത്തെ സക്രാരി പിതാവ് ശ്രദ്ധയോടും ഭക്തിയോടുംകൂടെ തുറന്നു. അപ്പോള്‍ കൃത്യം മൂന്നുമണി! ദൈവകരുണയുടെ സമയം!! ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. അതിനുശേഷം പിതാവ് ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു. കുഞ്ഞുങ്ങള്‍ക്കും ഞങ്ങള്‍ക്കുമെല്ലാം കൈവയ്പുപ്രാര്‍ത്ഥന നല്കി. കുറേക്കൂടി പ്രാര്‍ത്ഥിക്കുകയും ഒരുങ്ങുകയും വേണമെന്ന നിര്‍ദേശം നല്‍കിയിട്ട് പരിശുദ്ധ അമ്മക്കായി ഞങ്ങളെ ഭരമേല്പിച്ചു. അതെ, അവന്റെ കരുണ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കുമുമ്പിലും കരുണയുടെ കവാടം തുറക്കപ്പെടും. അവിടെ യാതൊരു യോഗ്യതയുടെയും ആവശ്യമില്ല. അന്നേ ദിവസം യാതൊരു സാധ്യതയുമില്ലാതിരുന്നിട്ടും എന്റെ ജീവിതപങ്കാളി ആഗ്രഹിച്ച അനുഗ്രഹങ്ങള്‍ നല്കി കരുണയുടെ വാതില്‍ തുറന്ന് അവിടുന്ന് ഞങ്ങളെ അനുഗ്രഹിച്ചല്ലോ. അവിടുത്തെ കരുണയില്‍ ആശ്രയിച്ചുകൊണ്ട് നമുക്ക് മുന്നോട്ടുപോകാം. യേശുവേ, ഞാനങ്ങയില്‍ ശരണപ്പെടുന്നു...
By: George Joseph
Moreഈവര്‍ഷത്തെ കഠിനവേനലില്‍ ഞങ്ങളുടെ കുളം വറ്റി. വെള്ളം ലഭിക്കാന്‍ വേറെ സാധ്യതകളൊന്നും കണ്ടില്ല. അതിനാല്‍, "അവിടെ വീഞ്ഞ് തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോട് പറഞ്ഞു, അവര്‍ക്ക് വീഞ്ഞില്ല" (യോഹന്നാന് 2/3) എന്ന തിരുവചനം ആവര്‍ത്തിച്ച് ഏറ്റുപറഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു. "ഞങ്ങള്‍ക്ക് വെള്ളമില്ല എന്ന് ഈശോയോട് പറയണമേ" എന്ന് പരിശുദ്ധ അമ്മയോടും നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഇങ്ങനെ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയതിന്റെ രണ്ടാം ദിവസം ഒരാള്‍ മഠത്തില്‍ വന്നു പറഞ്ഞു, "കുഴല്‍കിണറിന് യന്ത്രം ഉപയോഗിച്ച് സ്ഥാനം കാണുന്നവര്‍ ഈ പ്രദേശത്ത് വരുന്നുണ്ട്. ഈ വര്‍ഷം കിണര്‍ കുഴിക്കുന്നില്ലെങ്കിലും സ്ഥാനം കണ്ടുവയ്ക്കുന്നത് നല്ലതായിരിക്കും." അന്നുരാത്രി ഞങ്ങളുടെ പറമ്പില്‍ രണ്ട് സ്ഥലത്ത് വെള്ളമുള്ളതായി ഞാന്‍ സ്വപ്നം കണ്ടു. പിറ്റേന്ന് അതിലൊരു സ്ഥലത്തുതന്നെ കുഴല്‍കിണറിന് സ്ഥാനം നിര്‍ണയിക്കുകയും ചെയ്തു. എങ്കിലും മഴക്കാലം അടുത്തുവരുന്നതുകൊണ്ടും അടുത്തുള്ള മഠത്തില്‍ കുഴല്‍കിണര്‍ കുത്തിയിട്ട് വെള്ളം ലഭിക്കാത്തതുകൊണ്ടും ആ സമയത്ത് കുഴല്‍കിണര്‍ കുഴിക്കാന്‍ തീരുമാനിക്കുക എന്നത് അല്പം ക്ലേശകരമായ കാര്യമായിരുന്നു. എന്തായാലും ദൈവത്തില്‍ ആശ്രയിച്ച് കുഴല്‍കിണര്‍ കുഴിക്കാന്‍ തീരുമാനം എടുത്തു. ഏപ്രില്‍ 29-ന് രാവിലെ എട്ടുമണിക്കാണ് കിണര്‍പണി ആരംഭിക്കുന്നത്. വെള്ളമില്ലാത്തപ്പോള്‍ സ്തുതിച്ച് പ്രാര്ത്ഥിച്ചാല്മതിയെന്ന ഞങ്ങളുടെ സ്ഥാപകപിതാവ് മോണ്‍. സി.ജെ. വര്‍ക്കിയച്ചന്റെ വാക്കുകള്‍ അനുസരിച്ച്, കിണറിന് സ്ഥാനം കണ്ടിരുന്നിടത്ത് അന്ന് അതിരാവിലെ പോയി സ്തുതിച്ച് പ്രാര്‍ത്ഥിച്ചു. കൃത്യം എട്ടുമണിക്കുതന്നെ കിണര്‍ കുഴിക്കാന്‍ ജോലിക്കാര്‍ എത്തി. അവരിലൊരാള്‍ പറഞ്ഞു, "സിസ്റ്ററേ, ഞങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നോ നാലോ കിണറുകള്‍ കുഴിച്ചു. എവിടെയും വെള്ളം കിട്ടിയില്ല. ഇവിടെയും സാധ്യതയില്ല." അതുകേട്ട് ഉള്ളൊന്ന് പിടഞ്ഞെങ്കിലും ഞാന്‍ പറഞ്ഞു, "ഇത് ദൈവത്തിന്റെ ഭവനമാണ്. അതുകൊണ്ട് ദൈവം വെള്ളം തരും. ദയവായി പണി തുടങ്ങണം." അങ്ങനെ അവര്‍ പണി ആരംഭിച്ചു. ഈ സമയം ഞാന്‍ പ്രാര്‍ത്ഥിച്ചു, "വെള്ളം ലഭിച്ചാല്‍ ദൈവമഹത്വത്തിനായി ശാലോം ടൈംസില്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളാം." അതോടൊപ്പം, "അമ്മേ, മാതാവേ, വെള്ളത്തിന്റെ കാര്യം ഈശോയെ ഓര്‍മ്മിപ്പിക്കണമേ" എന്ന യാചനയും ഉയര്‍ത്തിക്കൊണ്ടിരുന്നു. ഏകദേശം 50 അടി ആയപ്പോള്‍ പാറ കണ്ടു. അതിനാല്‍ പൈപ്പ് ഇറക്കി. 135 അടി ആയപ്പോള്‍ വെള്ളം കണ്ടുതുടങ്ങി. തുടര്‍ന്നങ്ങോട്ട് അത്ഭുതമായിരുന്നു. 200 അടി ആയപ്പോഴേക്കും സമൃദ്ധമായി വെള്ളം ലഭിച്ചു. ഒരു ബുദ്ധിമുട്ടും ഇല്ലാതെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പണി പൂര്‍ത്തിയാവുകയും ചെയ്തു. നിലവിലുള്ള വാട്ടര്‍ ടാങ്കിന് സമീപത്തുതന്നെയായിരുന്നു പുതിയ കുഴല്‍കിണര്‍. ഈശോ കാണിച്ച കരുണയും സ്നേഹവും അവിടുത്തെ മഹത്വത്തിനായി സാക്ഷ്യപ്പെടുത്തുന്നു.
By: Sr Sherly Mathew M.S.M.I
Moreതലശേരി രൂപതയിലെ ഇരിട്ടിക്കടുത്തുള്ള ഒരു ദൈവാലയത്തിലാണ് 2003-2008 കാലഘട്ടത്തില്‍ ഞാന്‍ വികാരിയായി സേവനം ചെയ്തിരുന്നത്. അവിടുത്തെ സ്കൂളിനോട് ചേര്‍ന്നുള്ള വളരെ ദരിദ്രമായ ഒരു കുടുംബത്തിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ കുട്ടിക്ക് ശക്തമായ വേദനയോടെ തൊണ്ടയില്‍ മുഴ വളരുവാന്‍ തുടങ്ങി. പ്രശസ്തനായ ഒരു ഡോക്ടറെ കാണിച്ചപ്പോള്‍ ഉടന്‍തന്നെ ഓപ്പറേഷന് നടത്തണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ഇരുപതിനായിരം രൂപയോളം ചെലവ് വരും എന്നും അദ്ദേഹം അറിയിച്ചു. ആ നിര്‍ധനകുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിലേറെയായിരുന്നു ആ തുക. കുട്ടിയുടെ അമ്മ കണ്ണീരോടെ ഈ കാര്യം എന്നോട് പറയുകയും കാര്യമായി എന്തെങ്കിലും ധനസഹായം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അന്നത്തെ സാഹചര്യത്തില്‍ രണ്ടായിരം രൂപ മാത്രമേ നല്കുവാന് എനിക്ക് കഴിയുമായിരുന്നുള്ളൂ. ആ പിഞ്ചുബാലന്റെ തൊണ്ടയിലെ നീര് വലുതാകുന്നതും വേദന വര്‍ധിക്കുന്നതും എനിക്ക് മനസിലായി. ആ സാധുസ്ത്രീ വളരെ പ്രതീക്ഷയോടെ വീണ്ടും വീണ്ടും സഹായത്തിന്റെ കാര്യം എന്നെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അപകടം അകലെയല്ല എന്ന് എനിക്ക് ബോധ്യപ്പെട്ടു. ഞാനും ധര്‍മസങ്കടത്തിലായി. ഒരു വഴിയും മനസില്‍ തെളിഞ്ഞുവന്നില്ല. ആ വര്‍ഷം ഞാന്‍ വാര്‍ഷികധ്യാനത്തില്‍ പങ്കെടുത്തിട്ടില്ലായിരുന്നു. ഉടനെതന്നെ അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ പോയി ധ്യാനിക്കാന്‍ ഞാന്‍ തീരുമാനമെടുത്തു. ആ കുഞ്ഞിന്റെ രോഗത്തിന് ഒരു സൗഖ്യവും പ്രതീക്ഷിച്ചാണ് പ്രാര്‍ത്ഥനാപൂര്‍വം ധ്യാനത്തിന് പോയത്. വലിയൊരു സമൂഹം ധ്യാനത്തിനായി അവിടെ എത്തിയിരുന്നു. പലര്‍ക്കും സൗഖ്യം ലഭിച്ചതിന്റെ സാക്ഷ്യം ഓരോ വ്യക്തികള്‍ വന്ന് വിശദീകരിച്ച് പോയി. മനസില്‍ ഞാനും സന്തോഷിച്ചു. പ്രതീക്ഷ വച്ചു. നല്ല തമ്പുരാന് ആ കുടുംബത്തെ കൈവിടില്ല എന്ന് ഞാന്‍ വിശ്വസിച്ചു. ധ്യാനം അവസാനിക്കുന്നതിന്റെ തലേരാത്രി അവിടുത്തെ ശുശ്രൂഷകരില്‍ ചിലരെ കണ്ട് വെഞ്ചരിച്ച എണ്ണ ലഭിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അറിയിച്ചു. വട്ടായിലച്ചനെ കാണാനുമായില്ല. അതിരാവിലെ വെഞ്ചരിച്ച എണ്ണയുമായി പോരാമെന്ന് ഞാന്‍ കരുതി. അപ്പോള്‍ ശുശ്രൂഷികള്‍ പറഞ്ഞു, രാവിലെ എട്ടുമണിയോടെയാണ് ഇവിടുത്തെ പ്രവൃത്തിസമയം ആരംഭിക്കുന്നത്. അപ്പോള്‍ മാത്രമേ വെഞ്ചരിച്ച എണ്ണ ലഭിക്കൂ. എന്റെ ശ്രമവും പ്രാര്‍ത്ഥനയും നിഷ്ഫലമാകുന്നുവെന്ന് തോന്നി. കാരണം ഏഴുമണിക്കുള്ള ആദ്യബസിന് പുറപ്പെട്ടാലേ രാത്രിയോടെ എന്റെ ദൈവാലയത്തില്‍ എത്താനാകൂ. എണ്ണ വാങ്ങിക്കാനുള്ള ശ്രമം ഞാന്‍ ഉപേക്ഷിച്ചു. അപ്പോഴാണ് അത്ഭുതംപോലെ മറ്റൊരു സംഭവം അവിടെ നടന്നത്. പിറ്റേ ദിവസം രാവിലെ ആറുമണിക്ക് ദിവ്യബലിയര്‍പ്പിക്കുവാന്‍ എത്തേണ്ട വൈദികന് എത്തിച്ചേരാന്‍ സാധിച്ചില്ല. ആദ്യത്തെ ദിവ്യബലിയര്‍പ്പിക്കാമോയെന്ന് അവര്‍ എന്നോട് ചോദിച്ചു. വെഞ്ചരിച്ച എണ്ണ ലഭിക്കുമെങ്കില്‍ ബലിയര്‍പ്പിച്ച് ഏഴുമണിയുടെ ബസിന് പോകാം. അതല്ലെങ്കില്‍ എനിക്ക് സാധിക്കില്ല എന്നു ഞാന്‍ തോമാശ്ലീഹായെപ്പോലെ ശാഠ്യം പിടിച്ചു. അവര്‍ സമ്മതിച്ചു. പിറ്റേന്ന് അതിരാവിലെ ബലിയര്‍പ്പിച്ച് ലഭിക്കില്ലെന്ന് വിചാരിച്ച വെഞ്ചരിച്ച എണ്ണയുമായി ഞാന്‍ നിശ്ചയിച്ച ബസില്‍തന്നെ സെഹിയോനില്‍നിന്ന് തിരികെ യാത്ര തിരിച്ചു. പിറ്റേദിവസം രാവിലെ കുട്ടിയെയും അവന്റെ അമ്മയെയും വിളിച്ചുവരുത്തി മുട്ടില്‍നിര്‍ത്തി മുഴയുള്ള ഭാഗത്ത് എണ്ണ പുരട്ടി പ്രാര്‍ത്ഥിച്ചു. രണ്ടുദിവസം ഇങ്ങനെ ചെയ്തു. എന്താകും ഫലം... അത്ഭുതം ഒന്നും സംഭവിച്ചില്ലെങ്കില്‍ ഓപ്പറേഷനുവേണ്ടി ഒരുങ്ങാമെന്നും അല്പം തുക കൂട്ടിക്കൊടുക്കാമെന്നും ഞാന്‍ മനസില്‍ കരുതി. മൂന്നാം ദിവസം രാവിലെ പത്തുമണിയോടെ ആ കുട്ടിയുടെ അമ്മ എന്നെ കാണാന്‍ വന്നു. വളരെ സന്തോഷവതിയായിരുന്ന അവര്‍ എന്നോട് പറഞ്ഞു, മുഴ ചുരുങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഒരാഴ്ചക്കുള്ളില്‍ മുഴ പൂര്‍ണമായും അപ്രത്യക്ഷമായതായി എനിക്കുതന്നെ ബോധ്യപ്പെട്ടു. അങ്ങനെ വലിയൊരു അത്ഭുതത്തിന് ഞാന്‍തന്നെ സാക്ഷ്യവും കാരണവുമായി എന്ന് അവരുടെ സന്തോഷം നിറഞ്ഞ മുഖങ്ങളില്‍നിന്നും ഞാന്‍ വായിച്ചെടുത്തു. ദൈവകൃപ അത്ഭുതമായി ഇന്നും നമ്മുടെ ഇടയില്‍ വ്യാപരിക്കുന്നു. വിശ്വാസവും പ്രാര്‍ത്ഥനയുമാണ് അതിനുള്ള കുറുക്കുവഴിയും എളിയ മാര്‍ഗവും. "ചോദിക്കുവിന്‍ നിങ്ങള്‍ക്ക് ലഭിക്കും" (മത്തായി 7/7). മനുഷ്യരുടെ നൊമ്പരങ്ങള്‍ മായ്ക്കുന്ന ഈശോ, അങ്ങേക്ക് സ്തുതിയും മഹത്വവുമുണ്ടായിരിക്കട്ടെ.
By: Fr. Mathew Manikathaza CMI
Moreഏകദേശം അഞ്ചുവര്‍ഷം ഞങ്ങള്‍ ഒരു ദമ്പതി പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ അംഗമായിരുന്നു. അഞ്ച് കുടുംബങ്ങളുണ്ടായിരുന്ന ആ പ്രാര്‍ത്ഥനാഗ്രൂപ്പുമൂലമാണ് ആത്മീയ ജീവിതത്തില്‍ കുറച്ചെങ്കിലും വളരാന്‍ ഞങ്ങള്‍ക്ക് സാധിച്ചത്. ആഴ്ചയില്‍ ഒരു ദിവസം വൈകിട്ട് ഞങ്ങള്‍ ഇടവക ദൈവാലയത്തില്‍ ഒരുമിച്ചുകൂടുകയും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. പ്രാര്‍ത്ഥനയ്ക്കുശേഷം കുറച്ചുസമയം ഞങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കും. ആര്‍ക്കെങ്കിലും പ്രത്യേക പ്രാര്‍ത്ഥനാനിയോഗങ്ങള്‍ ഉണ്ടെങ്കില്‍ ഗ്രൂപ്പില്‍ പങ്കുവച്ച് പരസ്പരം പ്രാര്‍ത്ഥിക്കും. വിവാഹ വാര്‍ഷികം മുതലായ വിശേഷദിവസങ്ങളില്‍ ഞങ്ങള്‍ ആഘോഷം നടക്കുന്ന വീട്ടില്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിച്ച് ഒന്നിച്ച് ഭക്ഷണം കഴിച്ച് പിരിയും. വര്‍ഷത്തില്‍ ഒരിക്കല്‍ മക്കളെയും കൂട്ടി ടൂര്‍ പോകുകയും ചെയ്തിരുന്നു. എന്നാല്‍ ജോലിയും മറ്റ് സാഹചര്യങ്ങളും നിമിത്തം ആ ഗ്രൂപ്പ് തുടരാന്‍ പറ്റിയില്ല. എങ്കിലും പഴയ സൗഹൃദം തുടരുന്നു. ഞങ്ങളുടെ ഗ്രൂപ്പിന്റെ ഒരു പൊതുനിര്‍ദേശമായിരുന്നു എന്നും കുറച്ചുസമയം ഭാര്യഭര്ത്താക്കന്മാര് അവരുടെ മുറിയില്‍ ഒരുമിച്ചിരുന്ന് കരങ്ങള്‍കോര്‍ത്ത് പ്രാര്‍ത്ഥിക്കണമെന്നത്. കാരണം ഈശോ നമുക്ക് തന്ന വാഗ്ദാനമാണത് "ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏത് കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റി തരും" (മത്താ. 18:19). ഞാനും ഭാര്യയും മിക്ക ദിവസങ്ങളിലും ഈ രീതിയില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇങ്ങനെ പ്രാര്‍ത്ഥിച്ചതുമൂലം ഞങ്ങളുടെ കുടുംബത്തിന് ഒത്തിരി ദൈവാനുഗ്രഹം ലഭിച്ചിട്ടുണ്ട്. അതില്‍ ഒരനുഭവം പങ്കുവയ്ക്കട്ടെ. എന്റെ രണ്ടാമത്തെ മകള്‍ പ്ലസ്ടു കഴിഞ്ഞപ്പോള്‍ മെഡിസിന് പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും നീറ്റ് എന്‍ട്രന്‍സ് പരിശീലനത്തിന് വിടുമോ എന്നും ചോദിച്ചു. ഞാന്‍ സമ്മതിച്ചു. പക്ഷേ ഒരു വ്യവസ്ഥയുണ്ട് - ഒരു വര്‍ഷമേ എന്‍ട്രന്‍സ് പരിശീലനത്തിന് വിടുകയുള്ളൂ. എഴുതാന്‍ പറ്റുന്ന എല്ലാ എന്‍ട്രന്‍സ് പരീക്ഷകളും എഴുതണം. മോള്‍ക്ക് ദൈവം ഏത് കോഴ്സാണോ തരുന്നത് അത് സന്തോഷത്തോടെ സ്വീകരിക്കണം. അവളത് സമ്മതിച്ചു. കേരളത്തിലെ പ്രശസ്തമായ ഒരു പരിശീലന കേന്ദ്രത്തില്‍ അവളെ ചേര്‍ത്തു. കോവിഡ് കാലമായതിനാല്‍ ഓണ്‍ലൈന്‍ പരിശീലനമായിരുന്നു. വീട്ടില്‍ ഇരുന്ന് പഠിച്ചതുകൊണ്ട് വലിയൊരു ഗുണം കിട്ടി. ഞാനും ഭാര്യയും മിക്ക ദിവസങ്ങളിലും ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുശേഷം മകളുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. വിവിധ എന്‍ട്രസന്‍സ് പരീക്ഷകള്‍ക്ക് അപേക്ഷ കൊടുത്തെങ്കിലും കോവിഡ്മൂലം പരീക്ഷകള്‍ ഒന്നും നടന്നിരുന്നില്ല. അങ്ങനെ 2021 ജൂലൈ മാസത്തില്‍ ആദ്യത്തെ പരീക്ഷയ്ക്കുള്ള അറിയിപ്പ് വന്നു. കേന്ദ്ര ഗവണ്മെന്റ് സ്ഥാപനമായ ബാംഗ്ലൂര്‍ നിംഹാന്‍സിലേക്കുള്ള ബി.എസ്സി നഴ്സിങ്ങ് കോഴ്സിനുള്ള പരീക്ഷയായിരുന്നു അത്. സാധാരണയായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അവര്‍ക്ക് പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളതാണ്. കോവിഡ് പ്രശ്നംമൂലം അവര്‍ ആ വര്‍ഷം ബാംഗ്ലൂര്‍ മാത്രം കേന്ദ്രമാക്കിയാണ് പരീക്ഷ നടത്തിയത്. ജനറല്‍ വിഭാഗത്തിന് അഖിലേന്ത്യ ക്വാട്ടയില്‍ വളരെ കുറഞ്ഞ സീറ്റ് ഉള്ളതുകൊണ്ട് മോള്‍ക്ക് പോകാന്‍ മടിയായിരുന്നു. എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവള് പരീക്ഷയില്‍ പങ്കെടുത്തു. റിസള്‍ട്ട് വന്നപ്പോള്‍ അവള് സെലക്ഷന് ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പ്രസ്തുത സ്ഥാപനത്തില്‍ പ്രവേശിക്കണമെന്ന് അറിയിപ്പ് വന്നു. സാധാരണയായി അഡ്മിഷന് എടുത്ത് ഒരു മാസം കഴിഞ്ഞാണ് അവിടെ ക്ലാസ് തുടങ്ങാറുള്ളത്. അതിനാല്‍ നീറ്റ് പരീക്ഷ കഴിഞ്ഞിട്ടേ ക്ലാസ് തുടങ്ങുകയുള്ളൂ എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ അവിടെ ചേര്‍ന്നു. പക്ഷേ ഞങ്ങളുടെ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് അവര്‍ രണ്ട് ദിവസത്തിനുള്ളില്‍ ക്ലാസ് തുടങ്ങി. കുറച്ചുദിവസം അവധി ചോദിച്ചപ്പോള്‍ അത് അനുവദിക്കാന്‍ സാധ്യമല്ല എന്നാണ് അവര്‍ മറുപടി തന്നത്. ഇതുമൂലം മോള്‍ക്ക് ചില പ്രവേശന പരീക്ഷകള്‍ എഴുതാന്‍ സാധിച്ചില്ല. നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് അവസാനത്തെ മാസങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. കാരണം വിവിധ മോഡല്‍ പരീക്ഷകള്‍ എഴുതി പരിശീലനം നടത്തേണ്ട സമയമാണത്. എന്നാല്‍ മോള്‍ക്ക് പഠിക്കാന്‍ പറ്റിയ സാഹചര്യം അവിടെ ഇല്ലായിരുന്നു. പകല്‍ ക്ലാസില്‍ പോകണം, രാത്രിയില്‍ ഹോസ്റ്റലില്‍ വന്നാലും പഠിക്കാന്‍ വളരെ പ്രയാസമനുഭവപ്പെട്ടു. നേരത്തെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രം നടത്തിയ മോഡല്‍ പരീക്ഷകളില്‍ നല്ല മാര്‍ക്ക് കിട്ടിയിരുന്ന മോള്‍ക്ക് അവിടെവച്ച് എഴുതിയ പരീക്ഷക്ക് വളരെ കുറഞ്ഞ മാര്‍ക്കാണ് കിട്ടിയത്. ഇതോടെ മോള് ആകെ തളര്‍ന്നു. അവള്‍ക്കവിടെ തുടരാന്‍ പറ്റുകയില്ലെന്നും തിരികെ പോരണമെന്നും നീറ്റ് പരീക്ഷയാണ് അവളുടെ പ്രധാന ലക്ഷ്യമെന്നും പറഞ്ഞ് അവള് എന്നും കരച്ചിലായിരുന്നു. ഞങ്ങള്‍ വലിയൊരു പ്രതിസന്ധിയിലായി. കാരണം നീറ്റ് വഴി അവളാഗ്രഹിക്കുന്നതുപോലെ ഒരു ഗവണ്മെന്റ് എം.ബി.ബി.എസ് സീറ്റ് കിട്ടുകയെന്നത് ഉറപ്പുള്ള കാര്യമല്ല, ഒരു കേന്ദ്ര ഗവണ്മെന്റ് സ്ഥാപനത്തില്‍ കിട്ടിയ നല്ല ജോലിസാധ്യതയുള്ള കോഴ്സ് നഷ്ടപ്പെടുത്തുക എന്നത് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു. വേറെ ഒരു പ്രശ്നം കൂടിയുണ്ടായിരുന്നു. കോളജിന് ഒരു ബോണ്ടുപേപ്പര്‍ കൊടുത്തിട്ടുണ്ട്. തക്കതായ കാരണമില്ലാതെ കോഴ്സ് ഉപേക്ഷിച്ച് പോന്നാല്‍ വേണമെങ്കില്‍ കോളജ് അധികാരികള്‍ക്ക് പിഴ ഈടാക്കാം. ഈ ദിവസങ്ങളില്‍ ഞാനും ഭാര്യയും കൈചേര്‍ത്ത് പിടിച്ച് ഇങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നു, "സ്വര്‍ഗസ്ഥനായ അപ്പച്ചാ, ഈശോയുടെ വിലയേറിയ തിരുരക്തത്തിന്റെ യോഗ്യതയാല്‍ ഞങ്ങളുടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ഉണ്ടാക്കണമേ." മൂന്ന് കാര്യങ്ങളാണ് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത്. മോള്‍ക്ക് ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള കഴിവ് കൊടുക്കണം. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള സൗകര്യമുള്ള ഒരു സ്ഥലത്ത് അഡ്മിഷന് കൊടുക്കണം. ഈ ലോകത്തിലെ എല്ലാ സ്ഥാപനങ്ങളുടെയും ഉടമയായ അപ്പച്ചന് ഇഷ്ടമാണെങ്കില്‍ അവള് ആഗ്രഹിക്കുന്നതുപോലെ ഒരു സീറ്റ് കൊടുത്ത് അനുഗ്രഹിക്കണം. കുറച്ച് ദിവസം ഇങ്ങനെ പ്രാര്‍ത്ഥിച്ചപ്പോള്‍ മനസിന് ഒരു ശാന്തത വന്നു. ഞാന്‍ മോളോട് പറഞ്ഞു, "നിനക്ക് അവിടെ തുടരാന്‍ പറ്റുകയില്ലെങ്കില്‍ കോഴ്സ് നിര്‍ത്തി പോരാന്‍ അപേക്ഷ കൊടുത്തുകൊള്ളുക. തമ്പുരാന് എന്തെങ്കിലും മാര്‍ഗം കാണിച്ചുതരും." അവള് കോളജ് പ്രിന്‍സിപ്പലിന് മെയില്‍ അയച്ചു. പ്രിന്‍സിപ്പല്‍ ക്ലാസില്‍ വന്ന് വിവരങ്ങള്‍ ചോദിച്ചു. കോഴ്സ് ഉപേക്ഷിച്ചു പോരാനുള്ള അനുവാദം കൊടുത്തു. അതുമായി കോളജ് രജിസ്ട്രാറുടെ അടുത്ത് പോകണം. അവിടെനിന്നാണ് വിടുതല്‍ ചെയ്യുക. മറ്റു കുട്ടികള്‍ ഇതറിഞ്ഞപ്പോള്‍ അവളോട് പറഞ്ഞു, "മൂന്ന് പ്രാവശ്യം വരെ നീറ്റ് എഴുതിയവര്‍വരെ നമ്മുടെ കൂടെയുണ്ട്. കിട്ടാന്‍ അത്ര എളുപ്പമല്ല. നീ ഈ നല്ല കോഴ്സ് ഉപേക്ഷിക്കരുത്. നീ ഒരിക്കല്‍കൂടി പ്രിന്‍സിപ്പാളിന്റെ അടുത്തുപോയി കുറച്ച് ദിവസങ്ങള്‍ അവധി ചോദിക്ക്." അവര്‍ പറഞ്ഞതനുസരിച്ച് അവള് അവധി ചോദിച്ചു. നീറ്റ് പരീക്ഷയ്ക്ക് മുമ്പുള്ള പത്തുദിവസം അവര്‍ അവധി നല്‍കാമെന്ന് സമ്മതിച്ചു. അതോടെ അവളുടെ പ്രയാസമെല്ലാം മാറി. ഒഴിവുള്ള സമയങ്ങളിലെല്ലാം അവള് നന്നായി പഠിച്ചു. പരീക്ഷക്ക് മുന്‍പുള്ള പത്തുദിവസം ബാംഗ്ലൂര്‍ ഉള്ള ഞങ്ങളുടെ ഒരു ബന്ധുവിന്റെ ഒഴിഞ്ഞുകിടക്കുന്ന ഒരു വീട് ഉണ്ടായിരുന്നു. അവിടെ താമസിച്ച് പഠിച്ച് മോള്‍ക്ക് നീറ്റ് പരീക്ഷ എഴുതാന്‍ പറ്റി. ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു. മോള് ആറരമാസം പ്രസ്തുത സ്ഥാപനത്തില്‍ വളരെ സന്തോഷത്തോടെ പഠിച്ചു. നീറ്റ് വഴി കര്‍ണാടകത്തില്‍ തന്നെ ഒരു ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ അഡ്മിഷന് കിട്ടി. മെഡിക്കല്‍ കോളജിന് അടുത്തുതന്നെ ഒരു ദൈവാലയമുണ്ട്. ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള സൗകര്യവുമുണ്ട്. "നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതല്‍ ചെയ്തു തരുവാന്‍ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ ആമ്മേന്‍ (എഫേസോസ് 3/20-21).
By: Thomas Thalapuzha
Moreമിക്കി ഒന്നാം ക്ലാസില്‍ പഠിക്കുന്ന സമയം. സ്കൂളിലെ ഒരു പരിപാടിയോടനുബന്ധിച്ച് നാടകത്തില്‍ അഭിനയിക്കാന്‍ കുട്ടികളെ തെരഞ്ഞെടുക്കാന്‍ ഒരുങ്ങുകയായിരുന്നു. അതിനെക്കുറിച്ച് അവന് വീട്ടില്‍ എപ്പോഴും പറയും. അവന്റെ അമിതാവേശം കണ്ടപ്പോള്‍ അമ്മക്ക് അല്പം പേടിയായി, 'അവന് നാടകത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലോ?' അതിനാല്‍ അമ്മ അവന്റെ ആവേശം കുറയ്ക്കാന്‍ ശ്രമിച്ചിരുന്നു. വൈകാതെതന്നെ നാടകത്തിലേക്ക് അഭിനേതാക്കളെ തെരഞ്ഞെടുക്കുന്ന ദിവസം വന്നു. അന്ന് വൈകിട്ട് സ്കൂളില്‍നിന്ന് തിരികെയെത്തിയ അവന്റെ തിളങ്ങുന്ന കണ്ണുകള്‍ കണ്ടപ്പോള്‍ അവന് പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ കിട്ടിയെന്ന് അമ്മ ഊഹിച്ചു. 'നല്ല സന്തോഷത്തിലാണല്ലോ' എന്ന അമ്മയുടെ വാക്കുകള്‍ക്ക് മറുപടിയായി അവന് പറഞ്ഞു, "അതെ അമ്മേ, എന്താണെന്നറിയാമോ, കൈയടിച്ച് എല്ലാവരെയും രസിപ്പിക്കാനാണ് എന്നെ തെരഞ്ഞെടുത്തിരിക്കുന്നത്!" 'ഒന്നും ചെയ്യാനില്ലല്ലോ' എന്ന ശൂന്യത തോന്നുമ്പോഴെല്ലാം കുഞ്ഞുമിക്കിക്ക് ലഭിച്ച ഉള്‍വെളിച്ചം നമുക്ക് പ്രചോദനമാകും. "ദൈവത്തിന്റെ നിയോഗവും വിളിയും അനുസരിച്ച് ഓരോരുത്തരും ജീവിതം നയിക്കട്ടെ" (1 കോറിന്തോസ് 7/17)
By: Shalom Tidings
Moreനാം വൈകിട്ട് വരെ ജീവിച്ചിരിക്കില്ല എന്ന ബോധ്യത്തോടെവേണം ദിവസവും രാവിലെ എഴുന്നേല്‍ക്കേണ്ടത്; രാവിലെ എഴുന്നേല്ക്കുകയില്ല എന്ന ബോധ്യത്തോടെവേണം രാത്രി ഉറങ്ങാന്‍ കിടക്കേണ്ടത്. കാരണം നമ്മുടെ ജീവിതത്തെക്കുറിച്ച് യാതൊരു ഉറപ്പുമില്ല. ഇത് മനസ്സിലാക്കി ജീവിക്കുകയാണെങ്കില്‍, നാം പാപത്തില്‍ വീഴുകയില്ല; ഒരാഗ്രഹവും നമ്മെ തടവിലാക്കുകയില്ല, ഒരു കോപവും നമ്മെ ഇളക്കുകയില്ല, ഒരു നിധിയും നമ്മെ ഇഹലോകവുമായി ബന്ധിപ്പിക്കുകയില്ല; സ്വതന്ത്രമാക്കപ്പെട്ട ഹൃദയവുമായി നമുക്ക് മരണത്തെ നേരിടുവാന്‍ സാധിക്കും. ഈജിപ്തിലെ വിശുദ്ധ ആന്റണി
By: Shalom Tidings
Moreകാരുണ്യവാനായ കര്‍ത്താവേ, പ്രാര്‍ത്ഥനാനിരതമായി വാര്‍ധക്യകാലം തരണം ചെയ്യാന്‍ എന്നെ സഹായിക്കണമേ. എന്റെ കഴിവുകള്‍ ദുര്‍ബലമായിത്തീരുമ്പോള്‍ യാഥാര്‍ത്ഥ്യബോധത്തോടും സമചിത്തതയോടുംകൂടി ആ വസ്തുത അംഗീകരിക്കാന്‍ എന്നെ സഹായിക്കണമേ. സംസാരം കുറച്ച്, കൂടുതല്‍ ചിന്തിക്കുവാന്‍ കൃപ തരണമേ. ഏത് വിഷയത്തെപ്പറ്റിയും എപ്പോഴും രണ്ട് വാക്ക് പറയാനുള്ള ആഗ്രഹത്തില്നിന്ന് എന്നെ മോചിപ്പിക്കണമേ. മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെട്ട് അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള വ്യഗ്രതയില്‍നിന്ന് എന്നെ രക്ഷിക്കണമേ. ആരെയും വിമര്‍ശിക്കാതെ, ഉപവിയോടെ സംസാരിക്കാന്‍ എന്നെ പഠിപ്പിക്കണമേ. എന്റെ ആകുലതകളെയും വേദനകളെയും കുറിച്ച് പരാതിപ്പെടാതെ ക്ഷമാപൂര്‍വം അവ സഹിക്കുവാന്‍ എനിക്ക് ശക്തി നല്കണമേ. എന്റെ അനുഭവങ്ങളെപ്പറ്റി വിവേചനാപൂര്‍വം സംസാരിക്കാന്‍ എനിക്ക് കഴിവുതരണമേ. മറ്റുള്ളവര്‍ എന്റെ കുറ്റങ്ങളും കുറവുകളും പറയുമ്പോള്‍ ക്ഷമയോടും ശാന്തതയോടുംകൂടി അവരോടൊപ്പം ചിരിക്കാന്‍ എന്നെ ശക്തിപ്പെടുത്തണമേ. അവിടുത്തെ മാതൃകയനുസരിച്ച്, എന്റെ കര്‍ത്തവ്യങ്ങള്‍ നിറവേറ്റിക്കൊണ്ട് മരിക്കാനുളള അനുഗ്രഹം തരണമെന്ന് അങ്ങയോട് ഞാനപേക്ഷിക്കുന്നു. നന്മരണത്തിന്റെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, എനിക്കായി പ്രാര്‍ത്ഥിക്കണമേ.
By: Shalom Tidings
Moreക്രിസ്തുവിശ്വാസത്തെക്കുറിച്ച് അറിയില്ലാത്തവരെയും വിശ്വാസത്തിലേക്ക് നയിക്കാന്‍ ഏറെ സഹായകമാണ് അത്ഭുതങ്ങള്‍. അത്തരത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ദൈവികവരം ലഭിച്ചയാളായിരുന്നു വിശുദ്ധ ഗ്രിഗറി തൗമാത്തുര്‍ക്കസ്. അദ്ദേഹത്തിന്റെ ശിഷ്യരില്‍ ഒരാളാകാന്‍ ഭാഗ്യം ലഭിച്ചു മക്രീന എന്ന യുവതിക്ക്. ഏഷ്യാ മൈനറിലാണ് അവള് ജനിച്ചത്. പില്ക്കാലത്ത് അവള് വിവാഹിതയായി കുടുംബജീവിതം നയിക്കാന്‍ തുടങ്ങി. മക്കളെ നല്കി ദൈവം അവരുടെ കുടുംബത്തെ അനുഗ്രഹിച്ചുയര്‍ത്തുകയും ചെയ്തു. നാളുകള്‍ക്കകം ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതമര്ദ്ദനകാലമായി. ക്രിസ്തുവിനെ ഉപേക്ഷിക്കാന്‍ തയാറല്ലാത്തതുകൊണ്ട് ഭര്‍ത്താവിനോടും കുട്ടികളോടുമൊപ്പം മക്രീന കാട്ടിലേക്ക് പലായനം ചെയ്തു. തുടര്‍ന്ന് ഏഴ് വര്‍ഷത്തോളം ആ കുടുംബം അവിടെ കഴിഞ്ഞു. വേട്ടയാടി ലഭിക്കുന്നതുകൊണ്ടാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. പട്ടിണിയും മറ്റ് സഹനങ്ങളുമൊന്നും ക്രിസ്തുവിശ്വാസത്തിന്റെ നാളം കെടുത്താന്‍ പര്യാപ്തമായിരുന്നില്ല. മകനായിരുന്ന ബേസില്‍ ബാലനായിരുന്നപ്പോള്‍മുതല്‍ ജ്ഞാനവും പ്രസംഗപാടവവും പ്രദര്‍ശിപ്പിച്ചിരുന്നു. യുവാവായിത്തീര്‍ന്നപ്പോള്‍ ബേസില്‍ എമിലിയ എന്ന യുവതിയെ വിവാഹം കഴിച്ചു. ഭക്തയും സുശീലയുമായ എമിലിയ ക്രിസ്തുവിശ്വാസത്തെപ്രതി രക്തസാക്ഷിയായിത്തീര്‍ന്ന ഒരാളുടെ മകളായിരുന്നു. ബേസില്‍-എമിലിയ ദമ്പതികള്‍ക്ക് പത്ത് മക്കളുണ്ടായി. അധികം വൈകാതെ, യൗവനത്തില്‍ത്തന്നെ, കുടുംബനാഥനായ ബേസില്‍ മരണമടഞ്ഞു. അതിനുശേഷം എമിലിയയും കുട്ടികളും ബേസിലിന്റെ അമ്മയായ മക്രീനക്കൊപ്പം താമസമാക്കി. മുത്തശ്ശിയുടെ വിശ്വാസജീവിതം ആ കുടുംബത്തെ ആകമാനം ആഴത്തില്‍ സ്വാധീനിക്കുംവിധം ശക്തമായിരുന്നു. എമിലിയയുടെ മൂത്ത മകള്‍ക്ക് മുത്തശ്ശിയുടെ പേരാണ് നല്കപ്പെട്ടിരുന്നത്, മക്രീന. അവളുടെ വിവാഹം നിശ്ചയിച്ചിരുന്ന സമയത്ത് പ്രതിശ്രുതവരന് മരണപ്പെട്ടു. ഇനി തനിക്ക് ഒരു വിവാഹജീവിതം വേണ്ട എന്ന തീരുമാനത്തിലായി മക്രീന. തുടര്‍ന്ന് അവള് ബ്രഹ്മചര്യവ്രതം സ്വീകരിക്കുകയും സഹോദരങ്ങളെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. അതോടൊപ്പം അടിമകളെ ഒരുമിച്ചുകൂട്ടി ഒരു സന്യസിനീസമൂഹത്തിന് തുടക്കമിടാന്‍ അവള് അമ്മയായ എമിലിയയെയും പ്രചോദിപ്പിച്ചു. അങ്ങനെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് എമിലിയ ഒരു സന്യാസസമൂഹം ആരംഭിച്ചു. മക്രീന ലൗകികസുഖങ്ങള്‍ ത്യജിച്ചതുകണ്ട് പ്രചോദിതനായ സഹോദരന് ബേസിലും സന്യാസം സ്വീകരിക്കാന്‍ തയാറായി. ഇന്ന് പൗരസ്ത്യ സന്യാസത്തിന്റെ സ്ഥാപകനായാണ് അദ്ദേഹം അറിയപ്പെടുന്നത്. മറ്റൊരു സഹോദരി തിയോസേബിയ വിശക്കുന്നവരെയും അനാഥരെയും സേവിക്കുകയും പെണ്‍കുട്ടികളെ മാമ്മോദീസ സ്വീകരിക്കാനായി ഒരുക്കുകയും ചെയ്തു. എന്നും സഹോദരന്മാരുടെ നിഴലില്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന പീറ്റര്‍ സെബാസ്തെ സഹോദരങ്ങളുടെ പല രചനകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചു. മറ്റൊരു സഹോദരനായ നൗക്രാത്തിയോസും വിശുദ്ധജീവിതത്തില്‍ പിന്നോട്ടുപോയില്ല. ഈ കുടുംബം അനേകര്‍ക്ക് ഒരു ആകര്‍ഷണകേന്ദ്രമായിരുന്നു. അവരുമായി ബന്ധം ഉണ്ടാകുന്നത് ഒരു അഭിമാനകാരണമായി കരുതപ്പെട്ടു. ഈ ശ്രേഷ്ഠതക്കെല്ലാം അടിസ്ഥാനമായത് മറ്റൊന്നുമായിരുന്നില്ല, കുടുംബാംഗങ്ങളില്‍ അനേകര്‍ വിശുദ്ധജീവിതം നയിച്ചു എന്നതാണ്. സഭ ഔദ്യോഗികമായി വിശുദ്ധരെന്ന് വിളിക്കുന്ന പന്ത്രണ്ടോളം പേര് കുടുംബാംഗങ്ങളില്‍ ഉള്‍പ്പെടുന്നു. വിശുദ്ധ മക്രീന ദി എല്‍ഡര്‍, മകനായ വിശുദ്ധ ബേസില്‍ ദി എല്‍ഡര്‍, അദ്ദേഹത്തിന്റെ ഭാര്യ വിശുദ്ധ എമിലിയ, വിശുദ്ധ എമിലിയയുടെ രക്തസാക്ഷിയായ പിതാവ്, ബേസിലിന്റെയും എമിലിയയുടെയും മക്കളായ സഭാപിതാവും വേദപാരംഗതനും മെത്രാനുമായ മഹാനായ വിശുദ്ധ ബേസില്‍, നിസ്സായിലെ വിശുദ്ധ ഗ്രിഗറി, സെബാസ്തയിലെ വിശുദ്ധ പീറ്റര്‍, സന്യാസിയായിരുന്ന വിശുദ്ധ നൗക്രാത്തിയോസ്, സന്യാസിനിയായിരുന്ന വിശുദ്ധ മക്രീന ദി യങ്ങര്‍, വിശുദ്ധ തെയോസേബിയ എന്നിവരാണ് ഈ വിശുദ്ധഗണത്തില്‍ ഉള്‍പ്പെട്ടവര്‍. ഔദ്യോഗികമായി വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും കുടുംബത്തിലെ മറ്റ് സഹോദരങ്ങളും ഉത്തമവിശ്വാസജീവിതം നയിച്ചിരുന്നു എന്നാണ് പാരമ്പര്യം സാക്ഷിക്കുന്നത്. കുടുംബമൊന്നിച്ച് വിശുദ്ധിയില്‍ വളരുന്നത് എത്രയോ മനോഹരവും ശ്രേഷ്ഠവുമാണെന്ന് ഈ കുടുംബം നമ്മെ ഓര്‍മിപ്പിക്കുന്നു. താനൊരു ദൈവഭക്തനായി വളര്‍ന്നതിന്റെ പ്രധാനകാരണം കുട്ടിക്കാലത്ത് തന്നെ പഠിപ്പിച്ച മുത്തശ്ശിയായ വിശുദ്ധ മക്രീനയാണെന്ന് മഹാനായ വിശുദ്ധ ബേസില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സജീവമായി വിശ്വാസം പരിശീലിക്കുന്ന കുടുംബങ്ങള്‍ വിശുദ്ധമായി വളരുകതന്നെ ചെയ്യും.
By: Shalom Tidings
Moreഞാന്‍ ചെറുപ്പത്തില്‍ സ്കൂള്‍വിട്ടു വന്നാല്‍ വേഗം അടുക്കളയിലേക്കാണ് പോയിരുന്നത്. അവിടെ അമ്മ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പലഹാരത്തില്‍ നിന്നും കയ്യിട്ടെടുക്കുന്നതിനൊപ്പം സ്കൂളില്‍ നടന്ന സകല കാര്യങ്ങളും വാതോരാതെ പറയും. ഇതിനിടയില്‍ 'പലഹാരമോഷണം' അമ്മ ശ്രദ്ധിക്കുകയുമില്ല. സ്കൂള്‍ വിട്ടു വരുന്ന മക്കള്‍ അവരുടെ ക്ലാസ്സിലെ വിശേഷങ്ങളും തമാശകളും സംഭവങ്ങളും അമ്മമാരോട് പറയുമ്പോള്‍ എത്ര ചെറുതാണെങ്കിലും കേള്‍ക്കാന്‍ അമ്മമാര്‍ സദാ ഉത്സുകരാണ്. കാരണം അതിനൊരു പ്രത്യേക സന്തോഷമുണ്ട്. ചെറിയ കാര്യമാണെന്ന് വിചാരിച്ച് പറയാതിരിക്കുന്നതല്ല, നിസാരകാര്യമാണെങ്കില്പ്പോലും എണ്ണിപ്പെറുക്കി പറയുന്ന കുട്ടികളുടെ രീതിയാണ് അമ്മമാര്‍ക്ക് ഇഷ്ടം. ആ മക്കളോട് അവര്‍ക്കൊരു വാത്സല്യം അധികം കാണും, ശരിയല്ലേ? എന്നാല്‍ അതിലും സുന്ദരമായ കാര്യമാണ് ഈശോയോട് ഓരോ കാര്യങ്ങളും എണ്ണിപ്പെറുക്കി പറയുന്നത്. നമ്മള് നമ്മുടെ പരാതിയും ആവലാതിയും പറയുന്നത് കുറച്ചിട്ട് ഈശോയോട് ഒരു സന്തതസഹചാരിയോടെന്നപോലെ, ഒരു ഉറ്റസുഹൃത്തിനോടെന്നപോലെ, ഓരോന്നും സംസാരിച്ചുകൊണ്ടിരുന്നുനോക്കൂ. ഈശോയെ ഞാന്‍ പഠിക്കാനിരിക്കുകയാണ് കേട്ടോ, ഞാന്‍ കളിക്കാന്‍ പോകുകയാണേ, ഞാന്‍ ഇപ്പോള്‍ വാട്സാപ്പ് ഓപ്പണാക്കുകയാണേ, ഞാന്‍ കുറച്ച് വെള്ളം കുടിക്കാന്‍ പോകുകയാണ് കേട്ടോ, ഈശോയെ നീയും വാ കൂടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ട് കേട്ടോ... ഇങ്ങനെ കൊച്ചുകൊച്ചു വാക്കുകള്‍ ഉപയോഗിച്ച് ഈശോയോട് നിരന്തരം സംഭാഷണത്തില്‍ ഏര്‍പ്പെടണം. ഇങ്ങനെ നിങ്ങള്‍ ചെയ്തുതുടങ്ങിയാല്‍, അത്ഭുതകരമായ റിസല്‍റ്റ് കാണാന്‍ പറ്റും. മറന്നുപോകുന്ന കാര്യങ്ങള്‍ ഓര്‍മ്മയില്‍ വരും, തീരുമാനങ്ങള്‍ അപ്പപ്പോള്‍ത്തന്നെ എടുക്കാന്‍ പറ്റും, വരാന്‍ പോകുന്ന ആവശ്യം മുമ്പേ കാണിച്ചുതന്ന് ഈശോ നമ്മെ സഹായിക്കുന്ന അനുഭവങ്ങളുണ്ടാകും.. എന്നിങ്ങനെ അനുദിനജീവിതം 'ത്രില്ലാ'യി മാറും, ഉറപ്പ്! ആവിലായിലെ വിശുദ്ധ അമ്മത്രേസ്യാ പറയുന്നത് ഇങ്ങനെയാണ്, "പിതാവ്, സഹോദരന്, യജമാനന്, മണവാളന് എന്നീ നിലകളില്‍ മാറിമാറി അവിടുത്തോട് നിങ്ങള്‍ സംസാരിക്കുക. അവിടുത്തെ തൃപ്തിപ്പെടുത്താന്‍ ഏതുവിധത്തിലാണ് നിങ്ങള്‍ അവിടുത്തെ വിളിക്കേണ്ടതെന്നു അവിടുന്നുതന്നെ നിങ്ങളെ പഠിപ്പിക്കും" (സുകൃതസരണി) ഇപ്പോള്‍ത്തന്നെ കണ്ടെത്തുക, സംസാരിച്ചുതുടങ്ങുക. എനിക്ക് എന്റെ ഈശോ ആരെപ്പോലെയാണ്? ഡാഡിയെപ്പോലെ, അതോ ബോസ്സിനെപ്പോലെയോ? അതല്ലെങ്കില്‍ ഒരു ഫ്രണ്ട്? അതുമല്ലെങ്കില്‍ ഒരു പ്രിയപ്പെട്ടവന്? ഏതായാലും എങ്ങനെയായാലും ഇന്നുതന്നെ, ഇപ്പോള്‍ത്തന്നെ, സംസാരിച്ചുതുടങ്ങുക. എന്നിട്ട് ഈ അനുഭവം മറ്റുള്ളവര്‍ക്കും പറഞ്ഞുകൊടുക്കുക. എല്ലാവരും ഈശോയോട് എപ്പോഴും സംസാരിക്കട്ടെ. "ഹൃദ്യമായ വാക്ക് തേനറപോലെയാണ്; അത് ആത്മാവിനു മധുരവും ശരീരത്തിന് ആരോഗ്യപ്രദവുമാണ്" (സുഭാഷിതങ്ങള്‍ 16/24).
By: Brother Augustine Christy PDM
Moreമക്കളെ ചെറുപ്രായംമുതല്‍ ആത്മീയത അഭ്യസിപ്പിക്കണം. ആ ശുഷ്കാന്തിയെ ദൈവം വിലകുറച്ച് കാണുകയില്ല. മികച്ച രീതിയില്‍ ആ 'ശില്പം' പൂര്‍ത്തിയാക്കാന്‍ അവിടുന്ന് കരം നീട്ടും. ദൈവത്തിന്റെ കരം പ്രവര്‍ത്തിക്കുമ്പോള്‍ വിജയിക്കാതിരിക്കുക അസാധ്യം. ഇവിടെ ഹന്നായുടെ ഉദാഹരണം വളരെ പ്രസക്തമാണ്. ഏറെനാള്‍ മക്കളില്ലാതിരുന്നതിനുശേഷമാണ് അവള് സാമുവലിനു ജന്മംനല്കിയത്. വീണ്ടും ഒരു കുട്ടിയുണ്ടാകുമോ എന്ന് ഉറപ്പില്ലാതിരുന്നിട്ടും അവള് സാമുവലിനെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു. അന്നത്തെ രീതിയനുസരിച്ച്, കുട്ടിയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നതിന് തെല്ലും താമസം വരുത്താതെ, പാലുകുടി നിന്നയുടന് അവനെ ദൈവാലയത്തില്‍ കൊണ്ടുചെന്ന് പുരോഹിതനായ ഏലിയെ ഏല്പിച്ചു. ഭര്‍ത്താവിനോടൊപ്പം ദൈവാലയത്തില്‍ ചെന്നാണ് പിന്നീട് അവനെ അവള് ശുശ്രൂഷിച്ചുകൊണ്ടിരുന്നത്. അതായിരുന്നു ഹന്നായുടെ യാഗസമര്‍പ്പണം. അതുകൊണ്ടാണ് ദൈവം യഹൂദജനത്തിന്റെ ഹീനപ്രവൃത്തികളില്‍ മനം മടുത്ത് അവര്‍ക്ക് പ്രവാചകന്മാരെയോ ദര്‍ശനങ്ങളോ നല്കാതിരുന്നപ്പോള്, അത് തിരികെ നല്‍കണമെന്ന് നിര്‍ഭയം ദൈവത്തോട് അപേക്ഷിക്കാന്‍ അവന് സാധിച്ചത്. അവന് ദൈവത്തിന് പ്രിയങ്കരനായിരുന്നു. ഇതെല്ലാം അവന് ചെയ്തത് ചെറുപ്രായത്തിലായിരുന്നു എന്നതാണ് ശ്രദ്ധേയം. "അക്കാലത്ത് കര്‍ത്താവിന്റെ അരുളപ്പാട് ചുരുക്കമായിട്ടേ ലഭിച്ചിരുന്നുള്ളൂ. ദര്‍ശനങ്ങള്‍ വിരളമായിരുന്നു" (1 രാജാക്കന്മാര് 3/1). അതേ സമയം, ദൈവം തന്റെ ഹിതം സാമുവലിന് വെളിപ്പെടുത്തിയിരുന്നു. നിങ്ങളുടെ സമ്പാദ്യമെല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നതിന്റെ പ്രയോജനമിതാണ്. വസ്തുക്കളും ധനവുംമാത്രമല്ല, മക്കളെയും കര്ത്താവിന് നല്‍കണം. അബ്രഹാമും ഇതുതന്നെ ചെയ്തു. അതിനാലാണ് ഇത്ര മഹത്വമുള്ള മകനെ ലഭിച്ചത്. നാം മക്കളെ ദൈവത്തിന് നല്കിയാലും അവര്‍ നമ്മുടെ കൂടെത്തന്നെയുണ്ടല്ലോ? നാം പാലിക്കുന്നതിനെക്കാള്‍ നന്നായി ദൈവം അവരെ പരിപാലിച്ചുകൊള്ളും. ڔ ദൈവത്തെ സേവിക്കാന്‍ നമ്മുടെ സന്താനങ്ങളെ അനുവദിക്കണം. സാമുവലിനെപ്പോലെ ദൈവാലയത്തിലേക്ക് മാത്രമല്ല സ്വര്‍ഗരാജ്യത്തില്‍ മാലാഖമാരോടൊപ്പം ദൈവത്തെ സേവിക്കാനും നയിക്കേണ്ടത് മാതാപിതാക്കളാണ്. അങ്ങനെയുള്ള കുട്ടികള്‍വഴി മാതാപിതാക്കള്‍ക്കും ധാരാളമായ അനുഗ്രഹങ്ങള്‍ ലഭിക്കും.
By: Shalom Tidings
Moreഞാനൊരു ക്രൈസ്തവനായിരുന്നു എന്നതില്‍ക്കവിഞ്ഞ് ഏതെങ്കിലും ഒരു നിയതമായ സഭാസമൂഹത്തില്‍ അംഗമായി സ്വയം കരുതിയിരുന്നില്ല. എന്നാല്‍ ഏഴാംക്ലാസില്‍ പഠിക്കുമ്പോഴാണ് ക്രൈസ്തവവിശ്വാസത്തെ ഞാന്‍ പുതുതായ രീതിയില്‍ നോക്കിക്കാണാന്‍ തുടങ്ങിയത്. ബാപ്റ്റിസ്റ്റ് വിശ്വാസികള്‍ നടത്തുന്ന സ്കൂളില്‍ ആ സമയത്ത് എന്നെ ചേര്‍ത്തു എന്നതാണ് അതിനുള്ള കാരണം. എന്റെ അധ്യാപകരെല്ലാം ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റ് വിശ്വാസികളും ബൈബിള്‍ വചനങ്ങള്‍ അറിവുള്ളവരും ആയിരുന്നു. അവര്‍ വചനം പഠിക്കുകയും ബൈബിള്‍ വിശ്വസ്തതയോടെ വായിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. അതിനാല്‍ ക്ലാസ്റൂം ചര്‍ച്ചകളില്‍ ദൈവവചനം പലപ്പോഴും കടന്നുവരാറുണ്ട്. ഒരിക്കല്‍ സാഹിത്യപഠനത്തിനിടെ ഒരു ചര്‍ച്ച നടന്നപ്പോള്‍ അത്, കത്തോലിക്കര്‍ ക്രൈസ്തവരാണോ എന്ന ഡിബേറ്റായി മാറി. കാരണം അനേകം ഇവാഞ്ചലിക്കല്‍ വിശ്വാസികള്‍ ചിന്തിക്കുന്നത് കത്തോലിക്കര്‍ യഥാര്‍ത്ഥത്തില്‍ ക്രൈസ്തവരല്ലെന്നാണ്. അവര്‍ മാതാവിനെ ആരാധിക്കുകയും വിശുദ്ധരോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു എന്നതാണ് അതിന് കാരണമായി പറഞ്ഞത്. ഇവാഞ്ചലിക്കല്‍ വിശ്വാസികളായ എന്റെ പല സഹപാഠികളും ഈ വാദത്തില്‍ ഉറച്ചുനിന്നു. പക്ഷേ അവര്‍ പറയുന്നത് വിഡ്ഢിത്തമാണെന്ന് എനിക്കറിയാമായിരുന്നു. കാരണം എന്റെ ഗ്രാന്റ്മാ (മുത്തശ്ശി) കത്തോലിക്കാവിശ്വാസിനിയാണ്, ആന്റി കത്തോലിക്കാ സ്കൂളില്‍ പഠിപ്പിച്ചിട്ടുള്ള ആളാണ്. അവര്‍ രണ്ടുപേരും യേശുവിലുള്ള വിശ്വാസത്തില്‍ വളരാന്‍ എന്നെ സഹായിച്ചിട്ടുണ്ടെന്ന് എനിക്ക് നന്നായി അറിയാം. അതിനാല്‍ ആ ഡിബേറ്റ് അസംബന്ധമാണ് എന്നെനിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അതിനെക്കുറിച്ച് ഗ്രാന്റ്മായോടും ആന്റിയോടും ചോദിക്കാനായിരുന്നു എനിക്ക് തിരക്ക്. അങ്ങനെ മുത്തശ്ശിയെ സമീപിച്ചപ്പോള്‍ സംസാരത്തിനൊടുവില്‍ മുത്തശ്ശി എനിക്ക് കത്തോലിക്കാ മതബോധനഗ്രന്ഥം തന്നു. ആ പുസ്തകം ഞാന്‍ ബൈബിളിനൊപ്പം വായിക്കാന്‍ തുടങ്ങി. പുതിയ നിയമത്തിലൂടെയും മതബോധനത്തിലൂടെയും കത്തോലിക്കാ തര്‍ക്കശാസ്ത്രത്തിലെ പ്രധാന ആശയങ്ങളിലൂടെയുമെല്ലാം ഒരു കാര്യം ഞാന്‍ തിരിച്ചറിയാന്‍ തുടങ്ങി, യേശു സ്ഥാപിച്ച യഥാര്‍ത്ഥ സഭ കത്തോലിക്കാസഭയാണ്! പുതിയ നിയമത്തില്‍നിന്നുതന്നെ അത് വ്യക്തമാകും. ഇത് എനിക്ക് ബോധ്യപ്പെട്ടതോടെ ഒരു കത്തോലിക്കനാകാന് ഞാന്‍ തീരുമാനിച്ചു. 2012-ലെ ഈസ്റ്റര്‍തലേന്ന് എന്റെ ഹൈസ്കൂള്‍ ബിരുദപഠനത്തിന്റെ ആദ്യവര്‍ഷം ഞാന്‍ മാമ്മോദീസ സ്വീകരിച്ചു. അതോടൊപ്പം എന്റെ പ്രഥമദിവ്യകാരുണ്യസ്വീകരണവും നടന്നു. അന്നുമുതല്‍ ഞാന്‍ ഒരു ഉറച്ച കത്തോലിക്കാവിശ്വാസിയാണ്. കത്തോലിക്കനാകാനുള്ള കാരണങ്ങള്‍ ഞാന്‍ കത്തോലിക്കനായതിന് പല കാരണങ്ങളുണ്ട്. അതില്‍ രണ്ട് കാര്യങ്ങള്‍ പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. ഒന്നാമത്തേത്, കത്തോലിക്കാസഭയുടെ സ്ഥിരതയാണ്. അമേരിക്കയില്‍ത്തന്നെ 30,000ത്തോളം പ്രൊട്ടസ്റ്റന്റ് സഭകളുണ്ട്. അത്തരം സഭകളുമായി താരതമ്യം ചെയ്യുമ്പോള്‍ കത്തോലിക്കാസഭ ഒരിക്കലും അതിന്റെ പഠനങ്ങളില്‍നിന്ന് വ്യതിചലിച്ചിട്ടില്ല. രണ്ടായിരത്തോളം വര്‍ഷമായി അത് ഒരേ പ്രബോധനങ്ങളില്‍ത്തന്നെ ഉറച്ചുനില്‍ക്കുന്നു. ചില കാര്യങ്ങളില്‍ കൂടുതല്‍ വികസനം പിന്നീട് വരുത്തുകയും പുതിയ മേഖലകളില്‍ അടിസ്ഥാനപ്രബോധനങ്ങളില്‍ ഊന്നി നിന്നുകൊണ്ട് പുതിയ പ്രബോധനങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെങ്കിലും, വിശുദ്ധ പൗലോസ് തൊട്ട് വിശുദ്ധ അഗസ്റ്റിനെയും വിശുദ്ധ ആന്‍സെലത്തെയും വായിച്ച് ചെസ്റ്റര്‍ട്ടന്‍വരെ എത്തിയാലും അതിലെല്ലാം ഒരു തുടര്‍ച്ചയുണ്ടെന്ന് നമുക്ക് മനസിലാകും. കത്തോലിക്കാവിശ്വാസത്തിന്റെ ആഖ്യാനശൈലി സഭാജീവിതത്തില്‍ ഭദ്രമായി സൂക്ഷിക്കപ്പെടുകയും സമ്പന്നമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ആ ആഖ്യാനശൈലി ഇങ്ങനെയാണ് പോകുന്നത്, മാനവവംശമാണ് ദൈവത്തിന്റെ കുടുംബം. പക്ഷേ അത് കൃപയില്‍നിന്ന് പാപത്തിലേക്ക് വീണുപോയി. ദൈവത്തെക്കാളും മറ്റുള്ളവരെക്കാളും ഉയരത്തില്‍ അത് 'അഹ'ത്തെ പ്രതിഷ്ഠിച്ചു. അതിനാല്‍ ദൈവം സ്വന്തജനമായി ഇസ്രായേലിനെ തെരഞ്ഞെടുത്തു, മാനവവംശത്തെ അഹത്തില്നിന്ന് രക്ഷിച്ച് അതിന്റെ യഥാര്‍ത്ഥ മഹത്വത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍. അവിടുത്തെ രക്ഷാകരപ്രവൃത്തികളുടെ പരകോടിയായിരുന്നു യേശുവിന്റെ ജീവിതവും മരണവും ഉത്ഥാനവും. മറ്റ് മനുഷ്യരില്‍നിന്ന് വ്യത്യസ്തനായി കാണപ്പെട്ട യേശു പൂര്‍ണമനുഷ്യനായി അവതരിച്ച ദൈവമായിരുന്നു. അവിടുത്തെ നിരീക്ഷിച്ചാല്‍ വിരോധാഭാസവും രഹസ്യാത്മകതയും നിറഞ്ഞ ഒരാളാണെന്ന് തോന്നും. "ശത്രുക്കളെ സ്നേഹിക്കുക," "ഞാന്‍ സ്വര്‍ഗത്തില്‍നിന്നിറങ്ങിയ ജീവനുള്ള അപ്പമാണ്" തുടങ്ങിയ പ്രബോധനങ്ങള്‍ ഉദാഹരണമാണ്. എന്നാല്‍ തന്റെ എല്ലാ പ്രബോധനങ്ങളും തന്റെ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന ഒരു സഭയെ അവിടുന്ന് ഭരമേല്പിച്ചു. അവിടുത്തെ രണ്ടാം വരവിനായി കാത്തിരിക്കുന്ന നാം സത്യം കാത്തുസൂക്ഷിക്കേണ്ടതിനായിട്ടാണിത്. അതെ, ഇതാണ് അടിസ്ഥാനപരമായി ക്രൈസ്തവികത. കത്തോലിക്കാസഭമാത്രം അനിതരസാധാരണമായി, ഈ കഥയുടെ തുടര്‍ച്ച നഷ്ടപ്പെടാതെ മുന്നോട്ടുപോകുന്നു. ക്രിസ്തുവിന്റെ അപ്പോസ്തോലന്മാരുടെ മുറിയാത്ത പിന്തുടര്ച്ചയില്, പത്രോസിന്റെ സിംഹാസനം കോട്ടം കൂടാതെ സംരക്ഷിച്ച്, ദിവ്യബലിപോലുള്ള പുരാതന അനുഷ്ഠാനങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്.... താരതമ്യേന മറ്റ് പ്രൊട്ടസ്റ്റന്റ് സഭകളെല്ലാം അവയുടെ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും കാറ്റിനൊത്ത് മാറ്റിയിട്ടുണ്ട്. പക്ഷേ വിരോധാഭാസമെന്ന് തോന്നിയേക്കാവുന്ന പ്രബോധനങ്ങളൊന്നും കത്തോലിക്കാസഭ മാറ്റിയിട്ടില്ല. വിശുദ്ധ കുര്‍ബാനയിലെ യേശുവിന്റെ യഥാര്‍ത്ഥസാന്നിധ്യം, വിശുദ്ധ കുമ്പസാരം, വനിതാപൗരോഹിത്യം, ലൈംഗികത, ഗര്‍ഭനിരോധനം തുടങ്ങിയവയെക്കുറിച്ചുള്ള പ്രബോധനങ്ങള്‍ ഉദാഹരണമാണ്. ആംഗ്ലിക്കന്‍ സഭയിലോ മറ്റ് അകത്തോലിക്കാ സഭകളിലോ ഒന്നും ഇത്തരം സ്ഥായിയായ പ്രബോധനങ്ങള്‍ നിങ്ങള്‍ക്ക് കാണാനാവില്ല. കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് നിലപാടുകളെടുക്കാന്‍ ആംഗ്ലിക്കന്‍ സഭപോലുള്ള മറ്റ് സഭകള്‍ അനുവാദം നല്‍കുമെങ്കിലും കത്തോലിക്കാസഭ തന്റെ പ്രബോധനങ്ങളില്‍ സത്യത്തിന്റെ കാവലാളായിത്തന്നെ നില്ക്കും. എല്ലാ മനുഷ്യരിലും സ്വാഭാവികമായി സത്യത്തിനായുള്ള ദാഹം ഉള്ളതുകൊണ്ട്, മനുഷ്യന് സത്യം തേടുമ്പോള്‍, അവന് ദൃഢതയും സ്ഥിരതയും നൈരന്തര്യവും ലഭിക്കണം. ഒരു സഭ ഒരു നാള് ഒരു കാര്യം പഠിപ്പിക്കുകയും മറ്റൊരുനാള്‍ വേറൊന്ന് പഠിപ്പിക്കുകയും ചെയ്താല്‍ അതിനെ സത്യത്തിന്റെ തൂണെന്ന് വിശ്വസിക്കാനാവില്ല. യേശു ഒരു ഭൂതമല്ല, പച്ചമനുഷ്യനാണ്! എന്നെ കത്തോലിക്കനാക്കുന്ന രണ്ടാമത്തെ പ്രധാനകാരണം, അതിന്റെ ദൃഢസ്വഭാവമാണ്. ബൈബിളില്‍ വിവരിക്കുന്ന സംഭവങ്ങളുടെയും പ്രതിബിംബങ്ങളുടെയും സമഗ്രസ്വഭാവം പ്രൊട്ടസ്റ്റന്റ് സമൂഹങ്ങളില്‍ നഷ്ടമായിരിക്കുന്നു, യേശുവിന്റെ യഥാര്‍ത്ഥ ദിവ്യകാരുണ്യസാന്നിധ്യത്തിലുള്ള വിശ്വാസം, വിശുദ്ധ കുമ്പസാരം, ശുശ്രൂഷാപരമായ പൗരോഹിത്യം, പുരോഹിതവസ്ത്രങ്ങള്‍, ആരാധനാകീര്‍ത്തനങ്ങള്‍, തിരികള്‍, വിശുദ്ധതൈലം തുടങ്ങി അനേകം കാര്യങ്ങള്‍ അവര്‍ക്കില്ല. പുതിയ നിയമ ക്രൈസ്തവികതയുടെ കൗദാശികരൂപം പ്രൊട്ടസ്റ്റന്റ് സഭകളില്‍ കാണാന്‍ കിട്ടുകയില്ല. പക്ഷേ ഓര്‍ക്കണം, പുതിയ നിയമത്തിലെ യേശു ഒരു ഭൂതമല്ല. അവിടുന്ന് മാംസവും രക്തവുമുള്ള മനുഷ്യനാണ്. ഉത്ഥാനശേഷവും താന്‍ മനുഷ്യനാണ് എന്ന് ശിഷ്യര്‍ക്കുമുന്നില്‍ തെളിയിക്കാനായി വറുത്ത മീന്‍ ഭക്ഷിക്കുന്ന യേശുവിനെ നാം കാണുന്നു. അതിനാല്‍ യേശു സ്ഥാപിച്ച കൂദാശകളോട് വിശ്വസ്തരായി നിലകൊള്ളാന്‍ സ്പര്‍ശനീയമായ അടയാളങ്ങള്‍ കത്തോലിക്കാസഭ നല്കുന്നു. കുന്തിരിക്കം, പുരോഹിതവസ്ത്രങ്ങള്‍, തിരികള്‍ സര്‍വോപരി വിശുദ്ധ കുര്‍ബാനയിലെ തിരുവോസ്തിയും വീഞ്ഞും- ഇതെല്ലാം ഇന്ദ്രിയങ്ങള്‍കൊണ്ട് നമുക്ക് അനുഭവിക്കാവുന്നവയാണ്. അത് നമ്മുടെ ശാരീരികസ്വഭാവത്തിന് മനസിലാക്കാന്‍ സാധിക്കുകയും അതുവഴി ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിക്കാന്‍ സാധിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തിലും നമ്മുടെ ഹൃദയങ്ങളിലും സന്നിഹിതനായ ക്രിസ്തു, ഈ ഭൂമിയില്‍ ശാരീരികമായി ദിവ്യകാരുണ്യരൂപത്തിലും സന്നിഹിതനാണ്. ഇനിയും കാരണങ്ങള്‍ ഈ അറിവുകള്‍മാത്രമല്ല കത്തോലിക്കാസഭ സത്യമാണെന്ന് ബോധ്യപ്പെടാനുള്ള കാരണങ്ങള്‍. എന്റെ വ്യക്തിപരമായ കണ്ടെത്തലുകളും അനുഭവങ്ങളും കത്തോലിക്കാസഭയാണ് സത്യം എന്ന് തെളിയിച്ചു. എങ്കിലും ഞാന്‍ ആരെയും നിര്‍ബന്ധിക്കുകയില്ല, പക്ഷേ സത്യം തേടുന്ന എല്ലാവരോടും അവര്‍ തേടുന്ന വിശ്വാസസംഹിതയില്‍ ദൃഢതയും സ്ഥിരതയും ഉറച്ച വാസ്തവികതയും ഉണ്ടോ എന്ന് നോക്കാന്‍ ആവശ്യപ്പെടും. നിത്യസത്യം ഒരിക്കലും മാറാത്തതായിരിക്കണം. അതിനാല്‍ത്തന്നെ, സത്യം എന്ന് അവകാശപ്പെടുന്ന വിശ്വാസം, ഒരിക്കലും മാറാത്ത വാസ്തവികതയില്‍ അടിസ്ഥാനപ്പെടുത്തിയതായിരിക്കണം. കത്തോലിക്കാവിശ്വാസം അതുതന്നെയാണ്. അതിനാല്‍ത്തന്നയാണ് ഞാനൊരു കത്തോലിക്കനായിരിക്കുന്നതും. അകത്തോലിക്കരായ എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കത്തോലിക്കാവിശ്വാസം സ്വീകരിക്കണമെന്നും ഈ വിശ്വാസത്തില്‍ ഒളിഞ്ഞിരിക്കുന്ന നിധികള്‍ കണ്ടെത്തണമെന്നും ഞാന്‍ ആഗ്രഹിക്കുകയും സ്ഥിരമായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.
By: Dartanian Edmonds
More"ആത്മാക്കളെ പഠിപ്പിക്കാന്‍ ഈശോയ്ക്ക് പുസ്തകങ്ങളും മല്പാന്മാരും ഒന്നും ആവശ്യമില്ല. അവിടുന്ന് പഠിപ്പിക്കുന്നത് വാക്കുകളുടെ ശബ്ദമൊന്നും കൂടാതെയാണ്. മിക്കപ്പോഴും പ്രാര്‍ത്ഥനാസമയത്തല്ല അവിടുന്ന് ഈ വിധം അനുഗ്രഹം നല്‍കുന്നത്. പ്രത്യുത, സാധാരണമായ ദിനകൃത്യങ്ങള്‍ക്കിടയിലാണ്."
By: Shalom Tidings
Moreതന്നെ അലട്ടുന്ന ഭാവികാര്യങ്ങള്‍ കൗണ്‍സലിംഗിലൂടെ അറിയുമെന്ന് പ്രതീക്ഷിച്ച പെൺകുട്ടിക്കുണ്ടായ അനുഭവങ്ങള്‍ 2017 ജൂണ്‍ മാസം. പഠന കാലഘട്ടം അവസാനിച്ച്, ഇനിയെന്ത് എന്നുള്ള ചോദ്യവുമായാണ് മൂന്നുദിവസത്തെ പരിശുദ്ധാത്മാഭിഷേക ധ്യാനത്തിന് എത്തിയത്. മുന്‍പ് പങ്കെടുത്തിട്ടുള്ള ആന്തരികസൗഖ്യധ്യാനങ്ങളില്‍ നിന്നും ലഭിച്ച ആത്മീയ സന്തോഷത്തിനൊപ്പം ഭാഷാവരമോ മറ്റെന്തെങ്കിലും വ്യത്യസ്തമായ പരിശുദ്ധാത്മ അനുഭവമോ കൊതിച്ചാണ് ഇത്തവണ ധ്യാനത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. വീട്ടുകാരോ കൂട്ടുകാരോ ഇല്ലാതെ ഞാനും ഈശോയും മാത്രമുള്ള കുറച്ചു ദിവസങ്ങളായിരുന്നു ആഗ്രഹം. മൊബൈല്‍ ഫോണ്‍ ഓഫാക്കി ധ്യാനകേന്ദ്രത്തില്‍ ഏല്പിച്ചു, ധ്യാനത്തില്‍ നിശബ്ദത പാലിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഈശോ തൊട്ടപ്പോള്‍!! അടുത്ത ദിവസത്തെ ഒരു സെഷന് നയിച്ചിരുന്ന ബ്രദര്‍ വചനം പങ്കുവയ്ക്കുന്നതിനിടയില്‍ ഈശോ ഇന്ന ഇന്ന വ്യക്തികളെ തൊടുന്നു എന്ന് മൈക്കിലൂടെ വിളിച്ചു പറഞ്ഞു. ശേഷം, അനുഭവം കിട്ടിയവര്‍ കൈ ഉയര്‍ത്തി, എല്ലാവരും ഒരുമിച്ച് സ്തുതിച്ചു. വിളിച്ച പേരുകളില്‍ ഒന്ന് ട്രീസ എന്ന എന്റെ പേരായിരുന്നു. എന്നാല്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നാഞ്ഞതിനാല്‍, മറ്റേതോ ട്രീസയെ ആണ് എന്ന് കരുതി ഞാനും സ്തുതിപ്പ് തുടര്‍ന്നു. അപ്പോളാണ് ബ്രദര്‍ വീണ്ടും പറയുന്നത് ഈശോ തൊടുന്നത് ചിലര്‍ക്ക് മനസിലായില്ല, നമുക്ക് ഒരിക്കല്‍ക്കൂടി സ്തുതിക്കാമെന്ന്. വീണ്ടും സ്തുതിപ്പ് തുടങ്ങിയതും ഒരു വിറയല്‍ എന്റെ ശരീരത്തിലൂടെ പാഞ്ഞുപോയപോലെ എനിക്ക് തോന്നി. എന്റെ വയറിലൊക്കെ പൂമ്പാറ്റകള്‍ പറന്നതുപോലെ ഒരു 'ഫീല്‍.' പക്ഷേ ഈശോ ട്രീസയെ തൊടുന്നു എന്ന് ബ്രദര്‍ പറഞ്ഞിട്ടും ഞാന്‍ കൈ ഉയര്‍ത്തിയില്ല. എല്ലാവരും എന്നെ നോക്കുമല്ലോ എന്ന ചിന്ത പെട്ടെന്ന് എന്നെ തളര്‍ത്തിക്കളഞ്ഞു. ഏറെ നാളായി ഞാന്‍ കാത്തിരുന്ന സന്തോഷം തേടിയെത്തിയിട്ടും, ഒന്ന് കൈയുയര്‍ത്തി ഈശോയ്ക്കു സാക്ഷ്യം കൊടുക്കാതെ, പകരം തള്ളിപ്പറഞ്ഞ പോലായല്ലോ എന്ന കുറ്റബോധം മനസ്സില്‍ നിറഞ്ഞു. "നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില് നീ ലജ്ജിക്കരുത്" (2 തിമോത്തേയോസ് 1/8) എന്നാണല്ലോ വചനം ഓര്‍മ്മിപ്പിക്കുന്നത്. ധ്യാനം തുടര്‍ന്നപ്പോള്‍, ഈശോയ്ക്ക് എന്നെ അറിയാമല്ലോ, ഈശോ ക്ഷമിച്ചോളും എന്ന് ചിന്തിച്ച് മനസിന്റെ ഭാരം ഞാന്‍ സ്വയമേ കുറയ്ക്കാന്‍ ശ്രമിച്ചു. ഭാവികാര്യങ്ങള്‍ പറയുമെന്ന പ്രതീക്ഷയോടെ... കൗണ്‍സലിംഗ് ആയിരുന്നു അടുത്തത്. പഠനം കഴിഞ്ഞ എന്നെ അലട്ടുന്ന എന്റെ ഭാവികാര്യങ്ങള്‍ ഈശോ കൗണ്‍സിലറിലൂടെ പറയുമെന്ന അമിതപ്രതീക്ഷയോടെ ഞാന്‍ ചെന്നു. കുറച്ചു വര്‍ത്തമാനങ്ങള്‍ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം കൗണ്‍സലിംഗ് നടത്തുന്ന ചേട്ടന് ബൈബിള്‍ തുറന്നെടുത്ത് വായിക്കാന്‍ എന്നെ ഏല്പിച്ചു. നിയമാവര്‍ത്തനം 1/29-33 വരെ ഞാന്‍ വായിച്ചു നിര്‍ത്തി. ബൈബിള്‍ തിരിച്ചു കൊടുത്തപ്പോള്‍ അദ്ദേഹം വീണ്ടും ആ വചനങ്ങള്‍ എനിക്കായി വായിച്ചു. "...നിങ്ങള്‍ ഇവിടെ എത്തുന്നതുവരെ കടന്നുപോരുന്ന വഴിയിലെല്ലാം നിങ്ങളുടെ ദൈവമായ കര്‍ത്താവു നിങ്ങളെ, ഒരു പിതാവു പുത്രനെയെന്നപോലെ, വഹിച്ചിരുന്നത് മരുഭൂമിയില്‍വച്ച് നിങ്ങള്‍ കണ്ടതാണല്ലോ. നിങ്ങള്‍ക്ക് കൂടാരമടിക്കുന്നതിന് സ്ഥലം അന്വേഷിച്ചുകൊണ്ട് അവിടുന്ന് നിങ്ങള്‍ക്കു മുന്‍പേ നടന്നിരുന്നു. നിങ്ങള്‍ക്കു വഴി കാട്ടുവാനായി അവിടുന്നു രാത്രി അഗ്നിയിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കു മുന്‍പേ സഞ്ചരിച്ചിരുന്നു." കര്‍ത്താവിന്റെ കരങ്ങളില്‍ സുരക്ഷിതമായ, എന്റെ ഭാവിയെപ്പറ്റിയുള്ള അനാവശ്യമായ ഉത്കണ്ഠ ഞാന്‍ അവിടെ ഉപേക്ഷിച്ചു, നിറഞ്ഞ മനസോടെ ഞാന്‍ ധ്യാനം തുടര്‍ന്നു. ഈശോയുടെ നാമത്തില്‍ പേഴ്സ് തുറന്നപ്പോള്‍... പിറ്റേന്ന് ധ്യാനം തീരും! വീണ്ടും ജീവിതയഥാര്‍ഥ്യങ്ങളിലേക്ക് തിരികെ പോകണം. എനിക്ക് വഴി കാണിക്കുവാന്‍ ഈശോ കൂടെത്തന്നെ ഉണ്ടല്ലോ എന്നൊക്കെ ചിന്തിച്ചു കൊണ്ടാണ് വൈകിട്ടത്തെ വിശുദ്ധ കുര്‍ബാനയ്ക്ക് നേര്‍ച്ച ഇടാനുള്ള പൈസയ്ക്കായി പേഴ്സ് തുറന്നത്. ഈശോയ്ക്കു വേണ്ടിയോ ഈശോയുടെ നാമത്തിലോ കൊടുക്കുന്നതും ചെയ്യുന്നതും ഒന്നും ഒരിക്കലും വെറുതെ ആവില്ല എന്ന ബോധ്യം കിട്ടിയത് കൊണ്ടാണോ അതോ പരിശുദ്ധാത്മാവിന്റെ പ്രേരണയാലാണോ എന്നറിയില്ല വണ്ടിക്കൂലിക്ക് ഉള്ള 100 രൂപ മാത്രം വച്ചു, പേഴ്സില്‍ ബാക്കി ഉണ്ടായിരുന്ന 500 രൂപ ഞാന്‍ നേര്ച്ചയിടാന് തീരുമാനിച്ചു. ജീവിതത്തില്‍ ആദ്യമായാണ് അത്രയും വലിയൊരു തുക ഞാന്‍ നേര്ച്ചയിടാന് എടുക്കുന്നത്. സന്ധ്യക്ക് ആഘോഷമായ വിശുദ്ധ കുര്‍ബാന. കുമ്പസാരിച്ച് ഒരുങ്ങി ഭക്തിയോടെ പ്രാര്‍ത്ഥനയോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. നേര്‍ച്ച ഇടാനുള്ള പാത്രം അടുത്തെത്തിയപ്പോള്‍ പൂര്‍ണ്ണ മനസോടെ ഞാന്‍ ആ തുക പാത്രത്തിലിട്ടു. ആ നിമിഷം! എനിക്കിപ്പോഴും അത് ഓര്‍മയുണ്ട്. വിവരിക്കാനാവാത്ത ഒരു സന്തോഷം എന്നെ പൊതിഞ്ഞു. എന്റെ ഹൃദയം നിറഞ്ഞു. അങ്ങനൊരു അനുഭവം എനിക്കതുവരെ അന്യമായിരുന്നു. വിശുദ്ധ കുര്‍ബാന തുടര്‍ന്നപ്പോഴും ബാക്കി ധ്യാനത്തിലുമൊക്കെ സംതൃപ്തയായി ഞാനിരുന്നു. പിറ്റേന്ന് രാവിലത്തെ വിശുദ്ധ കുര്‍ബാനയോടെ ധ്യാനം സമാപിച്ചു. രോഗസൗഖ്യങ്ങളോ ഭാഷാവരമോ തിരുവോസ്തിയില്‍ ഈശോയുടെ രൂപമോ ഒക്കെമാത്രം പ്രതീക്ഷിച്ച് ധ്യാനത്തിന് പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് എനിക്ക് അന്ന് മനസിലായി. എപ്പോഴും കൂടെ ഉള്ള ഈശോയെ നമ്മള് തീരെ മനസിലാക്കുന്നില്ല എന്ന് കാണുമ്പോള്‍ ചില തിരിച്ചറിവുകള്‍ അവിടുന്ന് നമുക്ക് തരും. അത് ഏത് വഴിയിലൂടെയും ആകാം. നിയമാവര്‍ത്തനം 1/29-33 വരെയുള്ള ആ ബൈബിള്‍ വചനങ്ങള്‍ ആവര്‍ത്തിച്ചു വായിക്കുന്നതോ എഴുതുന്നതോ പിന്നീടുള്ള ജീവിതത്തിലെ എല്ലാ പ്രയാസഘട്ടങ്ങളിലും എനിക്ക് ധൈര്യം പകരാന്‍ തുടങ്ങി. അമ്പരപ്പിച്ച ഫോണ്‍വിളി അന്ന്, മൂന്ന് ദിവസത്തിന് ശേഷം തിരികെ കിട്ടിയ, മൊബൈല്‍ ഫോണ്‍ ഓണാക്കിയതേ വീട്ടില്‍നിന്ന് അമ്മയുടെ വിളി വന്നു. മുന്‍പ് എന്നോ അപേക്ഷ നല്കി ഇട്ടിരുന്ന ജോലി ഒഴിവിലേക്ക് താത്കാലിക നിയമനം അറിയിച്ച് വിളിച്ചിരുന്നു. തൊട്ടടുത്ത ദിവസംതന്നെ ജോയിന്‍ ചെയ്യണം. എന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ രണ്ടാമതായി കൊടുത്ത അമ്മയുടെ ഫോണിലേക്ക് ഓഫീസില്‍നിന്നും വിളിച്ചു എന്ന്. സന്തോഷവും അമ്പരപ്പും അടങ്ങിയപ്പോള്‍ ഓഫീസിലേക്ക് തിരിച്ചു വിളിച്ചു വരാമെന്നറിയിച്ചു. നേരെ ഓഫീസില്‍ പോയി, അപ്പോയിന്റ്മെന്റ് ഓര്‍ഡറും വാങ്ങിയാണ് അന്ന് ആ ധ്യാനം കഴിഞ്ഞ് ഞാന്‍ വീട്ടിലെത്തിയത്. താത്കാലിക നിയമനം ആയിരുന്നതിനാല്‍ ശമ്പളം മാസാമാസം ലഭിക്കാതെ ഒരുമിച്ചാണ് അക്കൗണ്ടില്‍ വന്നത്. ആദ്യമായി എനിക്ക് കിട്ടിയ തുക 50,000 രൂപയിലധികം ഉണ്ടായിരുന്നു, എന്റെ ഈശോയ്ക്ക് നന്ദി. തിരുവചനം അക്ഷരാര്‍ത്ഥത്തില്‍ നിറവേറുകയായിരുന്നു എന്റെ ജീവിതത്തില്‍, "കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും" (ലൂക്കാ 6/38).
By: Tresa Tom T
More