Home/Encounter/Article

ജൂണ്‍ 24, 2024 5 0 ആന്‍ മരിയ ക്രിസ്റ്റീന
Encounter

മൈഗ്രെയ്‌നും ‘ഹാപ്പി ബര്‍ത്ത്‌ഡേ’യും

നഴ്‌സിംഗ് പഠനത്തിന്‍റെ രണ്ടാം വര്‍ഷം. അതികഠിനമായ തലവേദനയാല്‍ ഞാന്‍ വളരെ ബുദ്ധിമുട്ടിയ നാളുകള്‍. എല്ലാ ദിവസവും വൈകിട്ട് കോളേജ് കഴിഞ്ഞു മുറിയില്‍ എത്തുന്നത് ചെറിയ തലവേദനയുടെ ആരംഭത്തോടെ ആണ്. തുടര്‍ന്ന് വേദനയുടെ കാഠിന്യം കൂടാന്‍ തുടങ്ങും. മുറിയില്‍ പ്രകാശം ഉണ്ടാകാതിരിക്കാന്‍ ജനലുകള്‍പോലും തുണി കൊണ്ടു മറയ്ക്കുകയാണ് ചെയ്തിരുന്നത്. ശബ്ദം ഉണ്ടാകാതിരിക്കാന്‍ വാതിലുകളും ജനലുകളും അടയ്ക്കും. ഒരു തുണികൊണ്ട് നെറ്റിയില്‍ തലയ്ക്കുചുറ്റും കെട്ടിവയ്ക്കുന്നതും വേദന ശമിപ്പിക്കാനുള്ള മാര്‍ഗമായിരുന്നു. പ്ലാസ്റ്റിക് കവറില്‍ ഐസ് കട്ടകള്‍ നിറച്ച് തല മുഴുവന്‍ തണുപ്പിച്ചുകൊണ്ടിരിക്കും.

കിടക്കുന്നിടത്ത് ഒരു ബക്കറ്റ് വയ്ക്കും. കാരണം വേദന തീവ്രമാകുമ്പോള്‍ തുടര്‍ച്ചയായി ഛര്‍ദിക്കാറുണ്ട്. മാസങ്ങള്‍ ഇങ്ങനെ കടന്നുപോയിക്കൊണ്ടിരുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ മൈഗ്രെയ്ന്‍ ആണെന്ന് സ്ഥിരീകരിക്കുകയും അതിനുള്ള മരുന്നുകള്‍ കഴിക്കുകയും ചെയ്തു. അത് ശരീരത്തെ കൂടുതല്‍ തളര്‍ത്തി. എപ്പോഴും ഉറക്കം വരുന്ന അവസ്ഥ. ഭക്ഷണസാധനങ്ങള്‍ പലതും ഒഴിവാക്കി. ചായ, കാപ്പി പോലുള്ള പാനീയങ്ങള്‍ ഉപേക്ഷിച്ചു. വെയില്‍ കൊള്ളാതെ നോക്കി. അങ്ങനെ നഴ്‌സിംഗ് പഠന കാലത്ത് മൈഗ്രെയ്‌നിന്റ അസ്വസ്ഥതകളുമായി രണ്ടു വര്‍ഷക്കാലം കടന്നുപോയി.

ഇതിനിടയില്‍ ഒരു ധ്യാനത്തില്‍ സംബന്ധിക്കുമ്പോള്‍ സ്പിരിച്വല്‍ കൗണ്‍സിലിങ്ങില്‍ ഈശോ ഒരു കാര്യം പറഞ്ഞു, ഒരു സഹോദരിയോട് ഹൃദയപൂര്‍വ്വം ക്ഷമിക്കാന്‍. എന്‍റെ രോഗാവസ്ഥയെക്കുറിച്ച് ഞാനോ കൗണ്‍സിലറോ ഒന്നും പറഞ്ഞതുമില്ല. എന്തായാലും ഈശോയുടെ വാക്കുകള്‍ സത്യമാണെന്നു ബോധ്യപ്പെട്ടതിനാല്‍ ഹൃദയത്തില്‍ ആ വാക്കുകള്‍ സ്വീകരിച്ചു. ധ്യാനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയതിനുശേഷം ഒരു ദിവസം ഞാന്‍ ആ സഹോദരിയെ അന്വേഷിച്ചിറങ്ങി. അവരുടെ താമസസ്ഥലം കണ്ടെത്തി അവിടെ ചെന്നു. വര്‍ഷങ്ങള്‍ക്കുശേഷമുള്ള കണ്ടുമുട്ടല്‍.
പരസ്പരം വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.

ഒടുവില്‍ അവരെ അവിടെ യുള്ള ദൈവാലയത്തിലേക്ക് ക്ഷണിച്ചു. അള്‍ത്താരയ്ക്ക് മുന്നില്‍ നിന്നു ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയാണ്. ഞാന്‍ ഉടനെ അവരുടെ മുമ്പില്‍ മുട്ടുകുത്തി. കാലില്‍ വീണു മാപ്പു ചോദിച്ചു. കണ്ണുനീര്‍ തുള്ളികള്‍ സഹോദരിയുടെ പാദങ്ങളില്‍ വീണുകൊണ്ടിരുന്നു. എന്‍റെ ശിരസ്സിലേക്ക് ആ വ്യക്തിയുടെ കണ്ണുനീര്‍ത്തുള്ളികളും. കുറച്ചു സമയം കടന്നുപോയി. സഹോദരി എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു കെട്ടിപ്പിടിച്ചു ചുംബിച്ചു. ഇപ്രകാരം കൂട്ടിച്ചേര്‍ത്തു, ”മോളേ, നിന്‍റെ മനസ്സില്‍ ഞാന്‍ ഒരു വേദന ഉണ്ടാക്കിയിരുന്നു എന്ന് അറിഞ്ഞില്ല. നീ എന്‍റെ മകളാണ്.”

ഈശോയോടും സഹോദരിയോടും നന്ദി പറഞ്ഞ് യാത്ര തിരിച്ചു. അതുവരെ അനുഭവിക്കാത്ത ഒരു സന്തോഷവും സമാധാനവും ഹൃദയത്തില്‍ ഞാന്‍ അനുഭവിക്കുന്നുണ്ടായിരുന്നു. അന്ന് വൈകിട്ട് തലവേദന അനുഭവപ്പെട്ടില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും വേദന ഇല്ലാതെ കടന്നുപോയി. ഞാന്‍ ക്ഷമിക്കാന്‍ തയ്യാറായപ്പോള്‍ ഈശോ അതേ നിമിഷത്തില്‍ എന്നെ പൂര്‍ണസൗഖ്യത്തിലേക്കു നയിച്ചു..
18 വര്‍ഷമായി ഈശോ സൗഖ്യം നല്‍കിയിട്ട്. മൈഗ്രെയ്ന്‍മൂലം തലച്ചോറില്‍ ഉണ്ടായ വ്യതിയാനങ്ങള്‍ എം ആര്‍ ഐ സ്‌കാനില്‍ ഇന്നും അവശേഷിച്ചിട്ടുണ്ട്. ”നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്‍റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്” (യാക്കോബ് 5/16).

‘ഹാപ്പി ബര്‍ത്ത്‌ഡേ’യ്ക്കിടെ ഒരു സ്വകാര്യം

കഴിഞ്ഞ ക്രിസ്തുമസിനു രാവിലെ ഈശോയ്ക്ക് ഹാപ്പി ബര്‍ത്‌ഡേ പാടി വിഷ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഈശോ പതുക്കെ ചെവിയില്‍ ഒരു കാര്യം പറഞ്ഞു. ഒരു പേര് വെളിപ്പെടുത്തിക്കൊണ്ട് അവരെ എത്രയും പെട്ടെന്ന് പോയി കാണണം എന്നതാണ് ഈശോയുടെ ആവശ്യം.
മുപ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് ക്രിസ്തുമസിനോട് അനുബന്ധിച്ചു നടന്ന ഒരു സംഭവം ഈശോ ഓര്‍മയില്‍ കൊണ്ടുവന്നു. ആറാം ക്ലാസില്‍ പഠിക്കുന്ന സമയം. സ്‌കൂളില്‍ പുല്‍ക്കൂട് മത്സരം നടക്കുകയാണ്. അന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി പരിശുദ്ധ കുര്‍ബ്ബാന ക്രമീകരിച്ചിട്ടുണ്ട് ഉച്ചയോടെ. ഞാന്‍ എന്നും രാവിലെ പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകുന്നതുകൊണ്ട് അന്നും പതിവ് തെറ്റിച്ചിരുന്നില്ല. ക്ലാസ് ടീച്ചറോട് പറഞ്ഞപ്പോള്‍ വീണ്ടും വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകേണ്ടതില്ല എന്ന് പറഞ്ഞു.

പുല്‍ക്കൂട് ഒരുക്കുന്നതിനിടയില്‍ വേറൊരു അധ്യാപിക ക്ലാസ്സിലേക്ക് വന്നു. എന്നെ കണ്ടപ്പോള്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകാത്തതിന്‍റെ കാരണം തിരക്കി. രാവിലെ വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ച കാര്യവും ക്ലാസ് ടീച്ചറുടെ നിര്‍ദേശവും അറിയിച്ചു. അവരെന്നെ അവിശ്വസിച്ചതാണോ എന്ന് അറിയില്ല, കയ്യില്‍ പിടിച്ചിരുന്ന ചൂരല്‍ കൊണ്ട് കാലില്‍ അടിച്ചു. കൂടെ ഉള്ള സഹപാഠികളുടെ മുന്‍പില്‍ വച്ച് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകാന്‍ ആവശ്യപ്പെട്ടു. കുര്‍ബ്ബാന ആരംഭിച്ചിട്ട് കുറച്ചു സമയം കഴിഞ്ഞെങ്കിലും ഞാന്‍ ദൈവാലയത്തിലെത്തി. കുരിശിലെ ഈശോയെ നോക്കിയപ്പോള്‍ കരയാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. പത്തുവയസ്സുകാരിക്ക് ഈശോയുടെ ക്രിസ്മസ് സമ്മാനം.

തിരിച്ച് ക്ലാസ്സിലേക്ക് ചെന്നപ്പോള്‍ പുല്‍ക്കൂടിന്‍റെ പണികളെല്ലാം തീര്‍ന്നിട്ടുണ്ട്. പക്ഷേ ക്ലാസ്സിലെ മുഴുവന്‍ കുട്ടികളും എനിക്ക് തല്ലുകിട്ടിയത് അറിഞ്ഞിരിക്കുന്നു. ചിലര്‍ കളിയാക്കി, മറ്റു ചിലര്‍ സഹതപിച്ചു. പക്ഷേ ആരും ആശ്വസിപ്പിച്ചില്ല. മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഈ വേദനിപ്പിക്കുന്ന ഓര്‍മ്മ പരിശുദ്ധാത്മാവ് വെളിപ്പെടുത്തുകയാണ്. ആ അധ്യാപികയെ അവധിയില്‍ വന്നപ്പോള്‍ സന്ദര്‍ശിച്ചു. പ്രായമായി, കിടപ്പു രോഗിയാണ്. ഓര്‍മ്മകള്‍ നഷ്ടപ്പെട്ടു. ആരെയും തിരിച്ചറിയുന്നില്ല. എങ്കിലും അവരുടെ കാലില്‍ പിടിച്ചു ക്ഷമ ചോദിച്ചു. കൈകള്‍ എന്‍റെ ശിരസില്‍ വച്ച് അനുഗ്രഹം വാങ്ങി. ഒരു കരുണക്കൊന്ത പ്രാര്‍ത്ഥിച്ചു മടങ്ങി.

ധനികനായ ഒരു മനുഷ്യന്‍ യേശുവിനോട് നിത്യജീവന്‍ പ്രാപിക്കാന്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുന്ന സംഭവം നമുക്കറിവുള്ളതാണല്ലോ. പ്രമാണങ്ങളെല്ലാം അനുസരിച്ച് ജീവിക്കുന്ന അദ്ദേഹത്തെ നോക്കി അഭിനന്ദനങ്ങള്‍ എന്ന് പറയാതെ ‘ഇനിയും നിനക്ക് ഒരു കുറവുണ്ട്’ എന്ന് ഈശോ പറഞ്ഞത് എന്തുകൊണ്ടാണ്? അനേകം നന്മകളും കൃപകളും നമ്മില്‍ നിലനില്‍ക്കുമ്പോഴും ഈശോ കാണിച്ചു തരുന്ന ഒരു കുറവായിരിക്കാം നമ്മുടെ ആത്മാവിനെ പൂര്‍ണ്ണമായും നഷ്ടപ്പെടുത്താന്‍ പ്രാപ്തമായിരിക്കുന്നത്. ആ ചില കുറവുകളെ കണ്ടെത്തി തിരുത്താന്‍ നാം തയ്യാറായാല്‍ നമ്മുടെ ജീവിതം പിന്നീട് വേറെ ലെവല്‍ ആണ്.

അതിനാല്‍ നമ്മുടെ ഹൃദയത്തിന്‍റെ താക്കോല്‍ ഈശോയെ ഏല്പിക്കാം. അവിടുന്ന് സൂക്ഷ്മമായി നിരീക്ഷിച്ച് വിലകെട്ടതെല്ലാം എടുത്തുമാറ്റി അതിനെ രൂപാന്തരപ്പെടുത്തി പുതിയൊരു ഹൃദയമാക്കി മാറ്റട്ടെ. ”നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു തന്‍റെ വിശുദ്ധരോടുകൂടെവരുമ്പോള്‍, നിങ്ങളുടെ ഹൃദയങ്ങളെ നിഷ്‌കളങ്കമായി നമ്മുടെ പിതാവായ ദൈവത്തിന്‍റെ മുമ്പില്‍ വിശുദ്ധിയില്‍ ഉറപ്പിക്കുകയും ചെയ്യട്ടെ” (1 തെസലോനിക്കാ 3/13).

Share:

ആന്‍ മരിയ ക്രിസ്റ്റീന

ആന്‍ മരിയ ക്രിസ്റ്റീന

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles