Home/Encounter/Article

നവം 18, 2023 417 0 ആന്‍ മരിയ ക്രിസ്റ്റീന
Encounter

മിക്കുവിനെപ്പോലുള്ള സഹായകരെ വിളിക്കൂ…

ഏഴ് ദിവസത്തേക്കുള്ള ഡീല്‍ ആണ് ആദ്യം മിക്കുവിന് കൊടുത്തത്. ഏഴാം ദിവസം മനസിലായി മിക്കു നിസാരക്കാരനല്ലെന്ന്!

വര്‍ഷങ്ങള്‍ക്കു മുന്‍പ് കുളത്തുവയല്‍ നിര്‍മല റിട്രീറ്റ് സെന്‍ററില്‍ താമസിച്ചുള്ള ധ്യാനത്തില്‍ സംബന്ധിക്കുകയായിരുന്നു. അവിടെവച്ചാണ് ഞാന്‍ ആദ്യമായി ഒരു പ്രാര്‍ത്ഥന കേള്‍ക്കുന്നത്. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം. രാവിലെ ധ്യാനം ആരംഭിക്കുന്നതിനുമുന്‍പും ചില വചന ക്ലാസ്സുകള്‍ ആരംഭിക്കുന്നതിനു മുന്‍പും ഈ പ്രാര്‍ത്ഥന അവിടെ മുഴങ്ങി കേള്‍ക്കാം. അഞ്ചു ദിവസത്തെ ധ്യാനം കഴിഞ്ഞപ്പോള്‍ ഈ പ്രാര്‍ത്ഥന മനഃപാഠമായി. പിന്നീട് മുടങ്ങാതെ വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം പ്രാര്‍ത്ഥിച്ചു വരുന്നു.

ഒരു ദിവസം ദുബായില്‍, എന്‍റെ മുറിയില്‍ കിടന്നുകൊണ്ട് ഈശോയുമായി സംസാരിക്കുകയാണ്. കിടക്കുന്ന കട്ടിലിന്‍റെ ഒരു വശത്തു ചുമരില്‍ ചെറിയൊരു ചിത്രം ഉണ്ട്. വിശുദ്ധ മിഖായേല്‍ മാലാഖയുടെ വളരെ ചെറിയ ഒരു ചിത്രം. വര്‍ഷങ്ങളായി മാലാഖയോട് പ്രാര്‍ത്ഥിക്കുന്നുണ്ട്. പക്ഷേ എന്‍റെ കാര്യത്തില്‍ മാലാഖക്ക് എന്തെങ്കിലും താല്പര്യം ഉണ്ടോ എന്ന സംശയം മനസ്സില്‍ രൂക്ഷമായി. കേട്ടുകേള്‍വി അല്ലാതെ മാലാഖയുടെ പ്രകടമായ ഒരു ഇടപെടല്‍ ജീവിതത്തില്‍ ലഭിച്ചിട്ടില്ലാത്തതാകാം കാരണം.

മിഖായേല്‍ മാലാഖേ എന്നുള്ള വിളി അല്പം നീണ്ടു പോയല്ലോ എന്നോര്‍ത്തിരിക്കുമ്പോള്‍ മാലാഖയോടുള്ള സ്നേഹക്കൂടുതല്‍ കൊണ്ട് പേര് അല്പം ചെറുതാക്കി മിക്കു എന്ന് മാറ്റി. ഞാന്‍ വളരെ ഹാപ്പി! പിന്നെ എന്‍റെ മിക്കുവിനുള്ള ആദ്യ പരീക്ഷണം. ചുവരിലെ ചിത്രത്തില്‍ നോക്കി പറഞ്ഞു, “ഏഴ് ദിവസം സമയം തരാം. ഒരു ചെറിയ രൂപം എനിക്ക് ആരെങ്കിലും വഴി കൊടുത്തയക്കണം. ഇത് സ്വര്‍ഗത്തിലും ഭൂമിയിലും ആരും അറിയണ്ട. നമ്മള്‍ തമ്മിലുള്ള ഡീല്‍ ആണ്.”

കേട്ടുകഴിഞ്ഞപ്പോള്‍ മാലാഖക്ക് എന്ത് തോന്നിക്കാണും എന്ന് അറിയില്ല. “മിക്കു ടെന്‍ഷന്‍ ആവണ്ട” എന്ന് ആശ്വാസവാക്കുകള്‍ പറഞ്ഞു ഞാന്‍ എന്‍റെ പതിവ് ജീവിതത്തിലേക്ക് മാറി.

ദിവസങ്ങള്‍ക്കകം മനസിലായി, മിഖായേല്‍ മാലാഖ നിസ്സാരക്കാരനല്ല. ഏഴാം ദിവസം രാവിലെ പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോകുമ്പോള്‍ എന്‍റെ സുഹൃത്ത് കാറില്‍ വച്ച് ഒരു സമ്മാനം തന്നു. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ചെറിയൊരു രൂപം. കണ്ണുകളെ വിശ്വസിക്കാന്‍ പറ്റാതെ, ഹൃദയത്തിലെ സ്നേഹം അടക്കാന്‍ കഴിയാതെ, എന്‍റെ മിക്കുവിനെ നെഞ്ചോടുചേര്‍ത്ത് ഞാന്‍ കരഞ്ഞു. വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം ഏഴു തവണ രാവിലെ ചൊല്ലി പ്രാര്‍ത്ഥിക്കാറുണ്ട്. അല്‍പദൂരം മുന്‍പോട്ടു പോയപ്പോള്‍ കാറിന്‍റെ ഫ്രണ്ട് ഗ്ലാസിന് മുന്‍പില്‍ വിശുദ്ധ മിഖായേല്‍ മാലാഖ ഞങ്ങള്‍ക്ക് മുന്‍പേ നീങ്ങുന്നത് ദര്‍ശനത്തില്‍ കണ്ടു. വാഹനം ഓടിച്ചിരുന്ന സുഹൃത്തിനോട് ഞാന്‍ പറഞ്ഞു. നമ്മുടെ കാറിനു മുന്നില്‍ വിശുദ്ധ മിഖായേല്‍ മാലാഖ സഞ്ചരിക്കുന്നു. പറഞ്ഞുതീരും മുന്‍പ് റോഡിന്‍റെ ഒരു വശത്ത് വളവില്‍നിന്ന് റോങ്ങ് സൈഡ് ആയി ഒരു കാര്‍ കയറി വന്നു. തലനാരിഴക്ക് ഞങ്ങള്‍ സഞ്ചരിച്ച കാര്‍ ബ്രേക്ക് ചവിട്ടി നിര്‍ത്തി. അല്പം നിമിഷങ്ങള്‍ എടുത്തു ഞങ്ങള്‍ ആ ഞെട്ടലില്‍നിന്ന് മുക്തരാവാന്‍. അന്ന് പരിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചത് മിഖായേല്‍ മാലാഖയെ കൂട്ടുകാരനായി തന്നതിലുള്ള നന്ദിസൂചകമായിട്ടായിരുന്നു.

പിന്നീടൊരിക്കല്‍ എന്‍റെ അടുത്ത സുഹൃത്ത് ഒരു പ്രാര്‍ത്ഥന നിയോഗവുമായി എന്നെ സമീപിച്ചു. അവള്‍ക്ക് ഒരു മകള്‍ ഉണ്ട്. രണ്ടാമതൊരു കുഞ്ഞിന് വേണ്ടി അവള്‍ ആഗ്രഹിക്കുന്നു. പക്ഷേ ഭര്‍ത്താവിന് മറ്റൊരു കുഞ്ഞിനെ വേണമെന്ന് ഇപ്പോള്‍ താല്പര്യമില്ല. എത്രയൊക്കെ പറഞ്ഞിട്ടും ഭര്‍ത്താവിന്‍റെ തീരുമാനത്തില്‍ മാറ്റമില്ല. അവളുടെ കണ്ണുനീര്‍ എന്‍റെ ഹൃദയത്തെ വല്ലാതെ അസ്വസ്ഥതപ്പെടുത്തി. വിശുദ്ധ മിഖായേലിനോടുള്ള എന്‍റെ ഇഷ്ടം അറിയാവുന്നതുകൊണ്ടോ എന്തോ അവള്‍ ഇങ്ങനെ പറഞ്ഞു.”ചേച്ചി പ്രാര്‍ത്ഥിക്കണം. എനിക്ക് ഒരു ആണ്‍കുഞ്ഞിനെ തരാന്‍. ആണ്‍കുഞ്ഞാണെങ്കില്‍ ഞാന്‍ അവന് മൈക്കിള്‍ എന്ന് പേരിടും. ഞാനും പ്രാര്‍ത്ഥിക്കുന്നുണ്ട്.”

അവളെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു. മിക്കുവിന്‍റെ അടുത്തേക്ക് ഞാന്‍ പോയി.”മിക്കു, ഇത് അല്പം കോംപ്ലിക്കേറ്റഡ് ആണല്ലോ. ഭര്‍ത്താവ് സമ്മതിക്കാതെ ഇതെങ്ങനെ സംഭവിക്കും!”

എന്തായാലും ഞാനും അവളും വിശുദ്ധ മിഖായേലിന്‍റെ മാധ്യസ്ഥ്യം തേടി കഠിനപ്രാര്‍ത്ഥനയാണ്… ആ മാസം ഒടുവില്‍ ഒരു പ്രെഗ്നന്‍സി റിപ്പോര്‍ട്ട് എന്‍റെ വാട്സാപ്പില്‍ ലഭിച്ചു. അവള്‍ ഗര്‍ഭിണി ആയിരിക്കുന്നു! പിന്നീട് കണ്ടുമുട്ടിയപ്പോള്‍ അവളുടെ ഭര്‍ത്താവ് എന്നോട് ഇങ്ങനെ കൂട്ടിച്ചേര്‍ത്തു, “ചേച്ചി, ഒരു കാരണവശാലും ഇത് സംഭവിക്കേണ്ടതല്ല. കാരണം ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടായിരുന്നു. എന്നിട്ടും ഇങ്ങനെ സംഭവിച്ചെങ്കില്‍ ഇത് ദൈവത്തിന്‍റെ കളിയാണ്.” ഞാന്‍ മിക്കുവിനെ നോക്കി പുഞ്ചിരിച്ചു. സമയം പൂര്‍ത്തിയായപ്പോള്‍ അവള്‍ ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അവന് മൈക്കിള്‍ എന്ന് പേരിട്ടു.

നമ്മുടെ ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയെന്നു തോന്നുമ്പോള്‍, ആരും സഹായിക്കാന്‍ ഇല്ലെന്നു തോന്നുമ്പോള്‍, സ്വര്‍ഗത്തിന്‍റെ സഹായകരെ വിളിക്കണം. ഈശോ നമുക്കുവേണ്ടിയാണ് അവരെ നിയോഗിച്ചിട്ടുള്ളത്. ഓരോ ദിവസവും ജീവിതം ആരംഭിക്കേണ്ടതും അവസാനിക്കേണ്ടതും ഇവരോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്കൊപ്പം ആവണം. കാവല്‍മാലാഖയുടെയും വിശുദ്ധ സൈന്യങ്ങളുടെയും സംരക്ഷണം നമ്മെ പൊതിഞ്ഞു പിടിക്കട്ടെ. ദൈവികസംരക്ഷണത്തിന്‍റെ കോട്ട കെട്ടി അവര്‍ നമ്മെ സകല തിന്മകളില്‍ നിന്നും കാത്തുകൊള്ളും. കര്‍ത്താവിന്‍റെ ദൂതന്‍ ദൈവഭക്തരുടെ ചുറ്റും പാളയമടിച്ച് അവരെ രക്ഷിക്കുന്നു” (സങ്കീര്‍ത്തനങ്ങള്‍ 34/7).

രാവിലെ ഉറക്കം ഉണരുമ്പോള്‍ ബെഡ്ഡില്‍ ഇരുന്നുകൊണ്ടുതന്നെ 91-ാം സങ്കീര്‍ത്തനം, വിശുദ്ധ മിഖായേല്‍ മാലാഖയുടെ ജപം, എത്രയും ദയയുള്ള മാതാവേ എന്ന പ്രാര്‍ത്ഥന- ഇത്രയും പ്രാര്‍ത്ഥിച്ച് വിശുദ്ധ കുരിശിന്‍റെ മുദ്ര ഇട്ടുകൊണ്ടാണ് ഞാന്‍ എഴുന്നേല്‍ക്കാറുള്ളത്. ജീവിതത്തില്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ ഇന്നും എന്നെ ശക്തിപ്പെടുത്തുന്ന പ്രാര്‍ത്ഥനയാണിത്. നമ്മുടെ ജീവിതവും ദൈവികസംരക്ഷണത്തിലേക്ക് വിട്ടുകൊടുക്കാം.

“നിന്‍റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍ അവിടുന്ന് തന്‍റെ ദൂതന്‍മാരോടു കല്‍പിക്കും. നിന്‍റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും” (സങ്കീര്‍ത്തനങ്ങള്‍ 91/11-12)

Share:

ആന്‍ മരിയ ക്രിസ്റ്റീന

ആന്‍ മരിയ ക്രിസ്റ്റീന

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles