Home/Encounter/Article

ജൂണ്‍ 08, 2020 1822 0 Fr. Justice Paul
Encounter

മധുരിതം നോമ്പുകാലം

“ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിച്ചു. അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്പതു ദിവസം അവിടെ കഴിഞ്ഞുകൂടി. ആ ദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല.” (ലൂക്കാ 4 :1-2)യേശു തന്‍റെ ദൗത്യം ആരംഭിക്കുന്നതിനു മുമ്പ് ചെയ്ത സുപ്രധാനകാര്യത്തെക്കുറിച്ച് വിവരിക്കുന്ന വചനഭാഗമാണിത്. മോശയുടെയും നിനവേ നിവാസികളുടെയും നാല്‍പത് ദിവസത്തെ പ്രാര്‍ത്ഥനയും പ്രായശ്ചിത്തപ്രവൃത്തികളുമെല്ലാം കര്‍ത്താവിന്‍റെ ക്രോധത്തില്‍നിന്ന് രക്ഷ നേടാനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു. വിശുദ്ധീകരണത്തിനും കര്‍ത്താവിന്‍റെ ക്രോധമുളവാക്കുന്ന പ്രവൃത്തികളുടെ അനന്തരഫലങ്ങളില്‍നിന്ന് രക്ഷ നേടുന്നതിനും ഈ നോമ്പുകാലം നമുക്കും ഉപയോഗിക്കാം.

ആദിമക്രൈസ്തവര്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നതിന് മുന്നോടിയായി ഉയിര്‍പ്പുതിരുനാളിന്‍റെ മുമ്പുള്ള നാല്പത് ദിവസങ്ങള്‍ ഒരുക്കം നടത്തുമായിരുന്നുവത്രേ. ഇതാണ് പിന്നീട് തപസ്സുകാലമായി രൂപാന്തരപ്പെട്ടതെന്നനുമാനിക്കാം. ദൈവകൃപയാല്‍ പ്രലോഭനങ്ങളെ അതിജീവിക്കാനും ആത്മനിയന്ത്രണം നേടാനുമുള്ള ആത്മീയപോരാട്ടത്തിന്‍റെ സമയമാണ് നോമ്പുകാലമെന്ന് വിശുദ്ധ ലിയോ പറയുന്നു. പ്രാര്‍ത്ഥന, ഉപവാസം, പരിഹാരപ്രവൃത്തികള്‍, ദാനധര്‍മ്മം എന്നിവയാണല്ലോ നോമ്പുകാലത്തിന്‍റെ ഘടകങ്ങള്‍.

പ്രാര്‍ത്ഥനയെക്കുറിച്ച് അല്പംകൂടി ആഴത്തില്‍ മനസ്സിലാക്കാന്‍ യേശു പഠിപ്പിച്ച സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന ധ്യാനിച്ചാല്‍ മതി. നമ്മുടെ പ്രാര്‍ത്ഥനാജീവിതത്തിനാവശ്യമായതെല്ലാം ലളിതമായി അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. നാം ചെയ്യുന്നതിന്‍റെയെല്ലാം പിന്നില്‍ ദൈവത്തിന്‍റെ നാമം മഹത്വപ്പെടാനും അവിടുന്ന് ഭരണാധികാരിയാകുന്ന രാജ്യം വരാനും അവിടുത്തെ ഹിതം നിറവേറാനും ഹൃദയത്തിന്‍റെ നിറവില്‍നിന്ന് ആഗ്രഹിക്കുക. പ്രാര്‍ത്ഥിക്കും മുമ്പ് ക്ഷമിക്കണം എന്നതും മറക്കരുത്.

ഉപവാസം, പരിഹാരപ്രവൃത്തികള്‍, ദാനധര്‍മ്മം എന്നിവയെക്കുറിച്ച് ഏറ്റവും ചുരുക്കിപ്പറഞ്ഞാല്‍ ദൈവത്തോടുള്ള സംഭാഷണമായ പ്രാര്‍ത്ഥനയ്ക്ക് ഉപരി പ്രാമുഖ്യം നല്കിക്കൊണ്ട് മറ്റു കാര്യങ്ങള്‍ നീക്കി വയ്ക്കുക. മൊബൈലിലും സോഷ്യല്‍ മീഡിയകളിലും ചെലവഴിക്കുന്ന സമയപരിധി കുറയ്ക്കുക, ഏറ്റവും രുചികരമായ ഭക്ഷണം ഉപേക്ഷിക്കുക തുടങ്ങിയവയൊക്കെ അതിന്‍റെ ഭാഗമാകാം. അവിടുത്തോടുള്ള സ്നേഹം ത്യാഗങ്ങളിലേക്ക് നമ്മെ നയിക്കും. രോഗികളോടും പാവപ്പെട്ടവരോടും കരുണ കാണിക്കുവാനും നമ്മെ പ്രേരിപ്പിക്കും. ഇപ്രകാരം ദൈവസ്നേഹത്താല്‍ മധുരിതമായ ഒരു നോമ്പുകാലത്തിലൂടെ നമ്മുടെ ദൈവികദൗത്യം നിറവേറ്റാന്‍ ശക്തി പ്രാപിക്കാം.

Share:

Fr. Justice Paul

Fr. Justice Paul

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles