Home/Encounter/Article

ആഗ 14, 2020 1833 0 Br Johns Kayippakasheryil OFM Cap
Encounter

മധുരം ചേര്‍ക്കാം ജീവിതത്തിന്…

ഒരു ദിനപ്പത്രത്തില്‍ വന്ന വാര്‍ത്ത ഇപ്രകാരമായിരുന്നു. സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത ഒരു സ്ത്രീ. അവള്‍ പൂര്‍ണ ഗര്‍ഭിണിയാണ്. ഭിക്ഷ യാചിക്കാനായി കേരളത്തിലെത്തിയതായിരുന്നു. തിരക്കേറിയ വഴിയരുകില്‍ അവള്‍ പ്രസവിക്കുവാനിടയായി. പൊക്കിള്‍ക്കൊടി വേര്‍പെടുത്താന്‍ ആരുമില്ലാതെ, നിസഹായയായി കരഞ്ഞ അവളുടെയടുത്തുകൂടി കടന്നുപോയവര്‍ അവളുടെ ഭിക്ഷാപാത്രത്തിലേക്ക് നാണയത്തുട്ടുകള്‍ ഇടുകയാണ് ചെയ്തത്.

അവസാനം ആ വഴി വന്ന രണ്ട് യുവാക്കള്‍ പോലിസില്‍ വിവരമറിയിച്ച് ആശുപത്രിയില്‍നിന്നും ഡോക്ടറെ കൊണ്ടുവന്ന് പൊക്കിള്‍ക്കൊടി വേര്‍പെടുത്തി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. ആ യുവാക്കള്‍ കാണിച്ചത് ക്രൈസ്തവ സ്നേഹത്തിന്‍റെ ഒരു മാതൃകയാണ്. അര്‍ഹിക്കുന്ന സഹായം വേണ്ട സമയത്ത് നല്കുമ്പോഴാണ് അത് യഥാര്‍ത്ഥ സ്നേഹത്തിന്‍റെ പ്രവൃത്തിയാകുന്നത്. യാക്കോബ് 1:27 വചനം ആവശ്യപ്പെടുന്നതിങ്ങനെയാണ്, “പിതാവായ ദൈവത്തിന്‍റെ മുമ്പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്. അനാഥരുടെയും വിധവകളുടെയും ആവശ്യങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്‍റെ കളങ്കമേല്ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക”

ജീവിതമെന്ന മൂന്നക്ഷരത്തിന്‍റെയും മരണമെന്ന മൂന്നക്ഷരത്തിന്‍റെയും ഇടയിലുള്ള ഒന്നാണ് സ്നേഹമെന്ന മൂന്നക്ഷരം. “സഹോദരനെ സ്നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു. അവന് ഇടര്‍ച്ച ഉണ്ടാകുന്നില്ല” (1 യോഹന്നാന്‍ 2:10). കാരണം “സ്നേഹം ദൈവത്തില്‍നിന്നുള്ളതാണ്. സ്നേഹിക്കുന്ന ഏവനും ദൈവത്തില്‍നിന്നു ജനിച്ചവനാണ്” (1 യോഹന്നാന്‍ 4:7). ഹൃദയത്തില്‍ എപ്പോഴും സ്നേഹം കരുതിവയ്ക്കുന്നവരായിത്തീരുക.

പ്രപഞ്ചത്തിലെ ഏറ്റവും വലിയ നിര്‍മാണ ശക്തിയാണ് സ്നേഹിക്കുവാനുള്ള കഴിവ്. സ്നേഹത്തില്‍ ജ്വലിക്കുന്നവര്‍ക്ക് ആ സ്നേഹംകൊണ്ട് മറ്റുള്ളവരെ സ്വാധീനിക്കാന്‍, കരുതലായിത്തീരാന്‍ ഒന്നും പ്രതിബന്ധമല്ല. യേശുവില്‍ നിറഞ്ഞു പ്രകടമായത് അവന്‍റെ സ്നേഹിക്കുവാനുള്ള കഴിവാണ്. അവന്‍റെ അത്ഭുത പ്രവര്‍ത്തനങ്ങളെല്ലാം യഥാര്‍ത്ഥ സ്നേഹപ്രകടനങ്ങളായിരുന്നു. ജീവിതത്തിന്‍റെ വഴിത്താരയില്‍വച്ച് എപ്പോഴെങ്കിലും ഏതെങ്കിലും ഒരു വ്യക്തിയെ മാത്രം സ്നേഹിക്കാന്‍, അനുഗ്രഹിക്കാന്‍ കഴിയുന്നില്ല എന്നു തിരിച്ചറിയുമ്പോള്‍ ഓര്‍മിക്കുക അത് സ്വര്‍ഗത്തിന്‍റെ ഒരു വെളിപാടാണ്. നീ ഇന്നുവരെയും സ്നേഹിച്ചിട്ടില്ല… സ്നേഹിക്കുന്നില്ലായെന്ന്. അതിനാല്‍ ആരംഭിക്കാം, ശേഷിക്കുന്ന ദിനങ്ങള്‍കൊണ്ട് ജീവിതത്തിന് സ്നേഹമെന്ന മധുരം ചേര്‍ക്കാന്‍.

പ്രാര്‍ത്ഥിക്കാം, സ്നേഹംതന്നെയായ യേശുവേ, അങ്ങേ സ്നേഹം എന്നില്‍പകരണമേ.

Share:

Br Johns Kayippakasheryil OFM Cap

Br Johns Kayippakasheryil OFM Cap

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles