Home/Encounter/Article

മേയ് 19, 2024 72 0 സ്റ്റെല്ല ബെന്നി
Encounter

പ്രലോഭകന്‍റെ മുന്നില്‍ പതറാതെ!

യേശുക്രിസ്തു തന്‍റെ പരസ്യജീവിതം തുടങ്ങുന്നതിനുമുമ്പ് കടന്നുപോയ മൂന്നു പ്രലോഭനങ്ങളെക്കുറിച്ച് നമുക്ക് വ്യക്തമായി അറിയാം. മരുഭൂമിയിലെ പരീക്ഷ എന്ന പേരില്‍ അവ സുവിശേഷങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. മൂന്നു പരീക്ഷകളെയും യേശു അതിജീവിച്ചശേഷം ”പിശാച് പ്രലോഭനങ്ങള്‍ എല്ലാം അവസാനിപ്പിച്ച് നിശ്ചിതകാലത്തേക്ക് അവനെ വിട്ടുപോയി” (ലൂക്കാ 4/13) എന്നും എഴുതപ്പെട്ടിരിക്കുന്നു.

മുന്‍പറഞ്ഞ വചനത്തില്‍നിന്നും ഒരു കാര്യം നമുക്ക് വ്യക്തമാണ്. പിശാച് നിശ്ചിത കാലത്തേക്കുമാത്രമേ യേശുവിനെ വിട്ടുപോയിട്ടുള്ളൂ. തന്‍റെ പരസ്യജീവിതകാലത്ത് പിന്നീടും പലവട്ടം അവന്‍ പ്രലോഭനങ്ങളുമായി യേശുവിനെ സമീപിച്ചിട്ടുണ്ട്. പിതാവായ ദൈവം എന്തുകൊണ്ട് ഇത് യേശുവിന്‍റെ ജീവിതത്തില്‍ അനുവദിച്ചു എന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് ഇതാണ് – പ്രലോഭനങ്ങളിലൂടെ കടന്നുപോകേണ്ട തന്‍റെ പിന്‍ഗാമികളെ അവര്‍ സ്ത്രീയോ പുരുഷനോ ആകട്ടെ താങ്ങിത്തുണച്ചുയര്‍ത്തുക എന്നതുതന്നെ. തിരുവചനങ്ങള്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. ”അവന്‍ പീഡ സഹിക്കുകയും പരീക്ഷിക്കപ്പെടുകയും ചെയ്തതുകൊണ്ട് പരീക്ഷിക്കപ്പെടുന്നവരെ സഹായിക്കാന്‍ അവന് സാധിക്കുമല്ലോ” (ഹെബ്രായര്‍ 2/18).

നാലാമത്തെ പ്രലോഭനം

പിതാവായ ദൈവം തന്‍റെ പുത്രനായ യേശുവിനെ ഈ ലോകത്തിലേക്കയച്ചപ്പോള്‍ വളരെ വ്യക്തമായി പറഞ്ഞിരുന്നു. അവന്‍ അയക്കപ്പെട്ടിരിക്കുന്നത് ഇസ്രായേല്‍വംശത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്ക് മാത്രമാണെന്ന്. വിജാതീയയായ കാനാന്‍കാരി യേശുവിനെ സമീപിച്ച് പിശാചുബാധിതയായ തന്‍റെ മകളെ സുഖപ്പെടുത്തണമേയെന്ന് യാചിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ യേശു ആദ്യമത് ചെവിക്കൊള്ളുന്നില്ല. എന്നാല്‍ വീണ്ടും വീണ്ടും അവള്‍ കരഞ്ഞു യാചിക്കുമ്പോള്‍ ശിഷ്യന്മാര്‍ യേശുവിനോട് പറഞ്ഞു ”കര്‍ത്താവേ അവളെ പറഞ്ഞയച്ചാലും, അവള്‍ നമ്മുടെ പിന്നാലെ വന്ന് നിലവിളിക്കുന്നുവല്ലോ.” അപ്പോള്‍ യേശു അവരോട് മറുപടി പറഞ്ഞു ”ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കുമാത്രമാണ് ഞാന്‍ അയക്കപ്പെട്ടിരിക്കുന്നത്” (മത്തായി 15/24).

സമസ്ത ലോകത്തിന്‍റെയും സകല ജനതകളുടെയും രക്ഷ യേശുക്രിസ്തുവിലൂടെതന്നെ നിര്‍വഹിക്കപ്പെടണം എന്നതുതന്നെയായിരുന്നു പിതാവായ ദൈവത്തിന്‍റെ പദ്ധതി. പക്ഷേ ഈ ലോകത്തിലായിരുന്ന സമയത്ത് തന്‍റെ പരസ്യജീവിതത്തിന്‍റെ മൂന്നു വര്‍ഷത്തെ കാലഘട്ടത്തില്‍ പിതാവായ ദൈവത്തിന്‍റെ പദ്ധതിപ്രകാരം യേശു അയക്കപ്പെട്ടത് ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണ്. ഇതാണ് മൂന്നു വര്‍ഷക്കാലത്തെ തന്‍റെ ശുശ്രൂഷാജീവിതത്തെ സംബന്ധിച്ച പിതാവിന്‍റെ ഹിതം എന്ന് യേശു വ്യക്തമായി അറിഞ്ഞിരുന്നു.

അതുകൊണ്ടുതന്നെ ഏറെ കഴിവുറ്റവനും അഭിഷേകത്താല്‍ ജ്വലിച്ചവനും എങ്കിലും പിതാവ് വരച്ചുകാട്ടിയ മാര്‍ഗരേഖവിട്ട് തന്‍റെ ശുശ്രൂഷ വ്യാപിപ്പിക്കുവാന്‍ യേശു തയാറാകുന്നില്ല. യേശു തന്‍റെ ശിഷ്യന്മാരെ സുവിശേഷവേലക്ക് അയക്കുമ്പോഴും ഈ മാര്‍ജിന്‍ അതിലംഘിക്കുവാന്‍ അവിടുന്ന് അനുവദിക്കുന്നില്ല. അവിടുന്ന് തന്‍റെ ശിഷ്യന്മാരോട് മുന്നറിയിപ്പു നല്‍കുന്നു. ”നിങ്ങള്‍ വിജാതീയരുടെ അടുത്തേക്ക് പോകരുത്. സമരിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്. പ്രത്യുത ഇസ്രായേല്‍ വംശത്തിലെ നഷ്ടപ്പെട്ടുപോയ ആടുകളുടെ അടുത്തേക്ക് പോകുവിന്‍. പോകുമ്പോള്‍ സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു എന്ന് പ്രസംഗിക്കുവിന്‍” (മത്തായി 10/5-7).

വിജാതീയര്‍ രക്ഷ പ്രാപിക്കേണ്ടതില്ല എന്നുള്ള കാഴ്ചപ്പാടില്‍നിന്നും അല്ല സ്‌നേഹംതന്നെയായ പിതാവ് ഇങ്ങനെയൊരു മാര്‍ജിന്‍ കൊടുക്കുന്നത്. വിജാതീയരുടെ രക്ഷ പന്തക്കുസ്തായ്ക്കുശേഷം ശിഷ്യന്മാരുടെ ശുശ്രൂഷയിലൂടെ പ്രത്യേകിച്ചും വിജാതീയരുടെ അപ്പസ്‌തോലനായ വിശുദ്ധ പൗലോസ് ശ്ലീഹായുടെ ശുശ്രൂഷയിലൂടെ യേശുവിന്‍റെ നാമത്തില്‍ ലോകത്തില്‍ സംഭവിക്കേണ്ട കാര്യമായതുകൊണ്ടാണ് പിതാവ് തന്‍റെ സ്വന്തജനമായ ഇസ്രായേലിന് മുന്‍ഗണന കൊടുക്കുകയും വിജാതീയരെ താല്‍ക്കാലികമായി മാറ്റിനിര്‍ത്തുകയും ചെയ്തത്. അതായിരുന്നു പിതാവിന്‍റെ പദ്ധതി! യേശു പിതാവിന്‍റെ ഈ ആജ്ഞ അക്ഷരംപ്രതി പാലിക്കുന്നു. യഥാര്‍ത്ഥത്തില്‍ ഇസ്രായേല്‍ ഭവനം യേശുവിനെ സ്വീകരിച്ചതിനെക്കാള്‍ പത്തിരട്ടി തീക്ഷ്ണതയോടെ യേശുവിനെ രണ്ടു കൈയും നീട്ടി സ്വീകരിച്ചവര്‍ വിജാതീയരായ സമരിയാക്കാരായിരുന്നു (യോഹന്നാന്‍ 4/39-42).

ഇസ്രായേല്യര്‍ അധികംപേരും യേശുവിനെ തിരസ്‌കരിച്ചവരും സംശയദൃഷ്ടിയോടെ വീക്ഷിച്ചവരുമായിരുന്നു. വചനങ്ങളിതു സാക്ഷ്യപ്പെടുത്തുന്നു. ”അവന്‍ സ്വജനത്തിന്‍റെ അടുത്തേക്കുവന്നു; എന്നാല്‍, അവര്‍ അവനെ സ്വീകരിച്ചില്ല” (യോഹന്നാന്‍ 1/11). ആ ശുശ്രൂഷ വിജാതീയരുടെ ഇടയില്‍ ചെയ്തിരുന്നുവെങ്കില്‍ ഇസ്രായേല്‍ ഭവനത്തിനുമുമ്പില്‍ ചെയ്യുന്നതിനെക്കാള്‍ അനേകമടങ്ങ് എളുപ്പവും സ്വീകാര്യതയുള്ളതുമാകുമായിരുന്നു. തന്നെ തിരസ്‌കരിച്ച കൊറസീനോടും ബത്‌സയ്ദായോടും കഫര്‍ണാമിനോടും യേശു പറയുന്നു. ”കൊറസീന്‍, നിനക്കു ദുരിതം! ബത്‌സയ്ദാ, നിനക്കു ദുരിതം. നിങ്ങളില്‍ നടന്ന അത്ഭുതങ്ങള്‍ ടയറിലും സീദോനിലും നടന്നിരുന്നെങ്കില്‍ അവിടുത്തെ ജനങ്ങള്‍ ചാക്കുടുത്തും ചാരം പൂശിയും പണ്ടേതന്നെ പശ്ചാത്തപിക്കുമായിരുന്നു… കഫര്‍ണാമേ, നീ ആകാശത്തോളം ഉയര്‍ത്തപ്പെട്ടിരിക്കുന്നുവെന്നോ? നീ പാതാളത്തോളം താഴ്ത്തപ്പെടും” (ലൂക്കാ 10/13-15).

അത്രയേറെ തിരസ്‌കരണാനുഭവങ്ങള്‍ നിറഞ്ഞതായിരുന്നു ഇസ്രായേല്‍ ജനത്തിന്‍റെ ഇടയിലുള്ള യേശുവിന്‍റെ ശുശ്രൂഷാജീവിതം. പക്ഷേ യേശു പിതാവിന്‍റെ ഇഷ്ടം മറികടക്കുന്നില്ല. തന്നെ രണ്ടുകൈയും നീട്ടി സ്വീകരിക്കാനിടയുള്ള വിജാതീയനഗരങ്ങളിലേക്ക് നീങ്ങുന്നില്ല. ശിഷ്യന്മാരെ അങ്ങോട്ട് പറഞ്ഞയക്കുന്നില്ല. പിതാവായ ദൈവം നിശ്ചയിച്ചു കൊടുത്ത അതിര്‍വരമ്പ് കൃത്യമായും അവിടുന്ന് പാലിക്കുന്നു. പിതാവിന്‍റെ ഇഷ്ടമല്ലാതെ സ്വന്ത ഇഷ്ടങ്ങള്‍ ഒന്നും തന്‍റെ ശുശ്രൂഷാജീവിതത്തില്‍ അവിടുന്ന് നിര്‍വഹിക്കുന്നില്ല. അവിടുന്ന് പറയുന്നു ”എന്നെ അയച്ചവന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്‍റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്‍റെ ഭക്ഷണം” (യോഹന്നാന്‍ 4/34)

കയ്യടിക്കുവേണ്ടി നിലകൊള്ളാതെ…!

ലോകത്തിന്‍റെ അംഗീകാരവും കയ്യടിയും നേടാനുള്ള പ്രലോഭനങ്ങള്‍ എല്ലായ്‌പ്പോഴും തന്‍റെ അഭിഷേകത്തികവാര്‍ന്ന ശുശ്രൂഷാവഴികളില്‍ ഉണ്ടായിട്ടും അവയില്‍ ഒന്നിനുപോലും യേശു വിധേയനാകുന്നില്ല. തന്‍റെ ശുശ്രൂഷാജീവിതത്തെ സംബന്ധിച്ച പിതാവിന്‍റെ തിരുവിഷ്ടം മാത്രം അവിടുന്ന് നിവര്‍ത്തിക്കുന്നു. അതിനപ്പുറത്തേക്കുള്ള കാര്യങ്ങള്‍ പിതാവ് തന്‍റെ സ്വന്തം പദ്ധതിപ്രകാരം നിവര്‍ത്തിച്ചുകൊള്ളും എന്ന നിലപാടായിരുന്നു യേശുവിന്റേത്!
തന്നിഷ്ടങ്ങളെ പിന്തള്ളുന്ന ജീവിതം

ജീവിതത്തിലെ തന്നിഷ്ടങ്ങളെ പിന്തള്ളി ദൈവേഷ്ടങ്ങളെ മാത്രം അനുവര്‍ത്തിക്കുക എന്നത് ധീരതയുള്ള ഒരു മനസിന്‍റെ ഉടമയായവനേ കഴിയൂ. നമ്മുടെ ഇഷ്ടങ്ങള്‍ മിക്കപ്പോഴും കൂടുതല്‍ എളുപ്പം, കൂടുതല്‍ പ്രശസ്തി, കൂടുതല്‍ കയ്യടി, കൂടുതല്‍ സ്വീകാര്യത, കൂടുതല്‍ പ്രതിഫലം, കൂടുതല്‍ സുഖം എന്നിവയെ ചുറ്റിപ്പറ്റി നിലകൊള്ളുന്നതാകും. എന്നാല്‍ യേശു ഈ പ്രലോഭനത്തിലും വിജയം വരിച്ചു. യേശു ഇവയെല്ലാം പിന്‍തള്ളിക്കൊണ്ടാണ് തന്‍റെ പിതാവിന്‍റെ തിരുഹിതം തന്‍റെ ജീവിതത്തില്‍ ഓരോ നിമിഷങ്ങളിലും നിറവേറ്റിയത്.

നാം ഒരുപക്ഷേ നമ്മുടെ ശുശ്രൂഷാജീവിതത്തില്‍ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ നിര്‍വഹിക്കുന്നവരെന്ന് അഭിമാനിക്കുന്നവരാകാം. എന്നാല്‍ നാം നിര്‍വഹിക്കുന്നു എന്ന് നാം അഭിമാനിക്കുന്ന ഈ ഒത്തിരിയൊത്തിരി കാര്യങ്ങള്‍ നമ്മെ സംബന്ധിച്ച ദൈവഹിതമാണോ എന്ന് നാം മിക്കപ്പോഴും ചിന്തിക്കാറുണ്ടോ? എന്തിലും എല്ലാറ്റിലും ദൈവഹിതം തേടുകയും അത് അനുവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു ജീവിതം – അതാണ് ദൈവപിതാവ് നമ്മില്‍നിന്നും ആവശ്യപ്പെടുന്നത്. ”അവിടുന്ന് പറയുന്നു. ”കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക” (മത്തായി 7/21).

യേശുവിന്‍റെ ഈ ഭൂമിയിലെ പരസ്യശുശ്രൂഷാജീവിതം വെറും മൂന്നുവര്‍ഷം മാത്രമായിരുന്നു. അത്രയേറെ അഭിഷേകാഗ്നി കത്തിപ്പടര്‍ന്ന അവിടുത്തെ ജീവിതം കുറെയേറെ വര്‍ഷങ്ങള്‍ക്കൂടി ഈ ഭൂമിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ എത്രയേറെ അനുഗ്രഹം ഈ ഭൂമിയ്ക്കുണ്ടായേനെ എന്ന് ചിലപ്പോഴെങ്കിലും നാം ചിന്തിച്ചിട്ടുണ്ടാകാം. ഈ രംഗത്തല്ല മറ്റേതെങ്കിലും രംഗത്ത് പ്രവര്‍ത്തിക്കുവാന്‍ അധികാരികള്‍ എന്നെ അനുവദിച്ചിരുന്നെങ്കില്‍ എന്‍റെ ശുശ്രൂഷാജീവിതം എത്രമേല്‍ ഫലം ചൂടുമായിരുന്നുവെന്ന് വിലപിക്കുന്ന ഒത്തിരി സമര്‍പ്പിതജീവിതങ്ങള്‍ നമുക്കു ചുറ്റുമുണ്ടാകാം. ഇത്രയേറെ കഴിവുകളും സാധ്യതകളും അഭിഷേകവുമുള്ള എന്‍റെ ജീവിതം ഈയൊരു മലമൂട്ടില്‍ കൊട്ടിയടയ്ക്കപ്പെട്ട് നിഷ്പ്രയോജനമായിത്തീര്‍ന്നല്ലോ എന്ന് വിലപിക്കുന്ന അല്മായ ശുശ്രൂഷകരും നമുക്കു ചുറ്റുമുണ്ടാകാം.

‘എനിക്കെന്തിന്‍റെ കുറവാ, ഞാന്‍ പണ്ടത്തെ എം.എക്കാരിയാ. കഴുത്തേല്‍ മിന്നുവന്നു വീണ് പിറ്റേദിവസം തുടങ്ങിയതാ എന്‍റെ അടുക്കളഭരണം. വച്ചും വിളമ്പിയും കുട്ടികളെ പ്രസവിച്ചും വളര്‍ത്തിയും കെട്ടിയവനെ ശുശ്രൂഷിച്ചും അമ്മായപ്പനെയും അമ്മായിയമ്മയെയും നോക്കിയും ഒരു പ്രയോജനവും ഇല്ലാതെ ഇവിടംവരെ എത്തിയല്ലോ. എന്‍റെയൊരു ഗതികേട് നോക്കണേ’ എന്നു വിലപിക്കുന്ന ഒത്തിരി വീട്ടമ്മമാര്‍ നമുക്കു ചുറ്റിലുമുണ്ടാകാം. ‘ഈ പണിയല്ല, മറ്റേതെങ്കിലും പണി കിട്ടിയിരുന്നെങ്കില്‍ എനിക്കെന്‍റെ കുടുംബം നേരെചൊവ്വേ നോക്കാന്‍ കഴിയുമായിരുന്നു’വെന്ന് സ്വയം പഴിക്കുന്ന കുടുംബനാഥന്മാരും നമുക്കു ചുറ്റുമുണ്ടാകാം.
‘മറുതലിക്കുന്ന ജനങ്ങളുള്ള ഈ ഇടവകയല്ലാതെ വേറെയേതെങ്കിലും ഇടവക പിതാവെനിക്കു തന്നിരുന്നെങ്കില്‍ ഫലപ്രദമായി ശുശ്രൂഷ ചെയ്യാമായിരുന്നു’വെന്ന് ഉള്ളില്‍ വിലപിക്കുന്ന വികാരിയച്ചന്മാരും നമ്മുടെ ചുറ്റുപാടും ഉണ്ടായിരിക്കാം.

നാം ആരുതന്നെയുമാകട്ടെ, എന്തുതന്നെയുമാകട്ടെ, യേശുവിന്‍റെ ജീവിതത്തില്‍ യേശു നേരിട്ട് വിജയം വരിച്ച ഈ നാലാമത്തെ പ്രലോഭനം നമ്മെയും അലട്ടുന്നുണ്ടെങ്കില്‍ അതിനെ അതിജീവിക്കാനുള്ള കൃപക്കായി പരിശുദ്ധാത്മാവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം.
വിശുദ്ധ കൊച്ചുത്രേസ്യയുടെ ഏറ്റവും വലിയ ആത്മീയ ദര്‍ശനമായിരുന്നു ”ആയിരിക്കുന്നിടത്ത് പ്രശോഭിക്കുക” എന്നത്. നമുക്ക് ഇഷ്ടമുള്ളിടത്തല്ല ദൈവം നമ്മെ ആക്കിയിരിക്കുന്നിടത്ത് പ്രശോഭിക്കുമ്പോഴാണ് നമ്മുടെ ജീവിതം നമുക്കും നമുക്കു ചുറ്റുമുള്ള ലോകത്തിനും പ്രകാശം നല്‍കുന്നതായി പരിണമിക്കുന്നത്.
യേശുവിന്‍റെ ജീവിതം നമുക്ക് മാതൃകയായിരിക്കട്ടെ. ”ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിച്ചില്ല. തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച്, മനുഷ്യന്‍റെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. മരണംവരെ, അതേ കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍, ദൈവമവനെ അത്യധികം ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു” (ഫിലിപ്പി 2/6-9).
ഈവിധത്തില്‍ ദൈവകരങ്ങളാല്‍ നമ്മുടെ ജീവിതവും ഉയര്‍ത്തപ്പെടുന്നതിന് ദൈവം ആക്കിയിരിക്കുന്നിടത്ത് പ്രശോഭിച്ച് നമ്മുടെയും നമുക്കു ചുറ്റുമുള്ളവരുടെയും ജീവിതം നമുക്ക് അനുഗ്രഹപൂര്‍ണമാക്കാം. അതിനുള്ള കൃപ പരിശുദ്ധാത്മാവ് നമുക്ക് തരട്ടെ. പ്രെയ്‌സ് ദ ലോര്‍ഡ്, ആവേ മരിയ.

Share:

സ്റ്റെല്ല ബെന്നി

സ്റ്റെല്ല ബെന്നി

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles