Home/Enjoy/Article

നവം 24, 2021 551 0 ആന്‍ മരിയ ക്രിസ്റ്റീന
Enjoy

പരീക്ഷക്കാലത്ത് ലവ് ലെറ്റര്‍ എഴുതിയപ്പോള്‍…

പത്താം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ആദ്യമായി ഒരു ധ്യാനമൊക്കെ കൂടി നന്നായി പഠിക്കാനുള്ള ഒരുക്കങ്ങളൊക്കെ നടത്തി. പഠിക്കാന്‍ ഇഷ്ടക്കുറവ് ഇല്ലെങ്കിലും അല്പം വിരസതയോടെ കണ്ടിരുന്ന വിഷയങ്ങള്‍ ആയിരുന്നു കണക്കും ഇംഗ്ലീഷിന്‍റെ രണ്ടാം പേപ്പറും.

അമ്മ ടീച്ചര്‍ ആയിരുന്നതിനാല്‍ ഏറ്റവും കൂടുതല്‍ ഞാന്‍ അസ്വസ്ഥത അനുഭവിച്ചത് ആ വര്‍ഷം ആയിരുന്നു. അമ്മയുടെ സഹപ്രവര്‍ത്തകര്‍ ചോദിക്കും മകള്‍ക്ക് എത്ര മാര്‍ക്ക് കിട്ടി എന്ന്. ഏതെങ്കിലും വിഷയത്തില്‍ മാര്‍ക്ക് കുറഞ്ഞാല്‍ ടോട്ടല്‍ മാര്‍ക്കിനെ ബാധിക്കും എന്നതുതന്നെ ആയിരുന്നു പ്രശ്നം. പലപ്പോഴും അമ്മയുടെ ആകുലത വാക്കുകളില്‍ പ്രകടമായിരുന്നു. എന്നിട്ടും എന്തോ ആ വിരസതക്ക് മാറ്റം വന്നില്ല.

ഒടുവില്‍ ആ കാത്തിരിപ്പിന്‍റെ അവസാന നാളുകളിലേക്ക്… പരീക്ഷക്കാലം. ഇതിനിടക്ക് എന്‍റെ നിസ്സഹായാവസ്ഥ ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് അസാധ്യമായത് സാധിക്കുന്ന ഒരു വ്യക്തി ഉണ്ടെന്ന ബോധ്യവും കിട്ടി. ഒരു വെളുത്ത കടലാസില്‍ ഈശോക്ക് ഒരു കത്ത്. ‘ഈശോയേ, ഈ പരീക്ഷയില്‍ എനിക്ക് 480 നും 540 നും ഇടയ്ക്കു മാര്‍ക്ക് തന്ന് അനുഗ്രഹിക്കണമേ. എങ്കിലും എന്‍റെ ഇഷ്ടം അല്ല നിന്‍റെ ഇഷ്ടം നിറവേറട്ടെ.’

നിഷ്കളങ്കമായ എന്‍റെ കത്ത് എല്ലാവരും കാണത്തക്കവിധം ഈശോയുടെ തിരുഹൃദയരൂപത്തിന്‍റെ ഒരു വശത്ത് ഒട്ടിച്ചു വച്ചു. പലരും വീട്ടില്‍ വന്നപ്പോള്‍ പലതരത്തില്‍ കമന്‍റുകള്‍ നല്‍കി. എന്‍റെ ആദ്യത്തെ ലവ് ലെറ്റര്‍ ആയതു കൊണ്ട് മാറ്റാന്‍ തയ്യാറായില്ല. പരിഹസിച്ചവരോട് ഞാനും തിരിച്ചടിച്ചു, “എനിക്ക് ഉറപ്പായും ഡിസ്റ്റിംഗ്ഷന്‍ ഈശോ തരും.”

തലേ രാത്രിയില്‍ ഒന്ന് കണ്ണടച്ചപ്പോള്‍…

ആദ്യത്തെ കടമ്പ അരികിലെത്തി. ഇംഗ്ലീഷ് രണ്ടാം പേപ്പര്‍ പരീക്ഷയുടെ തലേ രാത്രി. ഇംഗ്ലീഷ് പ്രോവെര്‍ബ് അഥവാ പഴഞ്ചൊല്ലിനെക്കുറിച്ചുള്ള വിവരണം പഠിക്കണം. ഞാന്‍ ഒരു പ്രോവെര്‍ബ് ബുക്ക് എടുത്തു മേശക്ക് മുകളില്‍ വച്ചു. അടുക്കളയില്‍ മിക്സിയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കാം. അതിനിടക്ക് അമ്മയുടെ വാക്കുകള്‍, “ഏതെങ്കിലും ഒന്നുരണ്ട് പ്രോവെര്‍ബ് വായിച്ചു നോക്ക്. നാളെ എന്തെങ്കിലും എഴുതണ്ടേ?” ആ ചോദ്യം ഹൃദയത്തിലൂടെ ഒരു വാളായി തുളഞ്ഞു കയറി. രണ്ടും കല്പിച്ച് കണ്ണുകളടച്ച് പ്രോവെര്‍ബ് ബുക്ക് കയ്യിലെടുത്തു. “ഈശോയേ, നീ എന്നെ കൈവിടരുത്. രണ്ട് പ്രോവെര്‍ബ് ഞാന്‍ ഇപ്പോള്‍ പഠിക്കും. ഞാന്‍ ഏത് പഠിക്കണം എന്ന് പറഞ്ഞു തരാമോ?!”

ആദ്യം കിട്ടിയത്: Necesstiy is the mother of invention. വീണ്ടും കണ്ണടച്ച് രണ്ടാമത് ഒരെണ്ണം എടുത്തു: Chartiy begins at home. ജീവിതത്തില്‍ ആദ്യമായി ഞാന്‍ ആ രണ്ട് പ്രോവെര്‍ബുകള്‍ പഠിച്ചു
പിറ്റേന്ന് പരീക്ഷ ഹാളിലേക്ക് പതിവിലും ധൈര്യത്തോടെ കയറി. ചോദ്യപേപ്പര്‍ കിട്ടിയ ഉടനെ കണ്ണടച്ച് അതിനു മുകളില്‍ വിശുദ്ധ കുരിശിന്‍റെ അടയാളം വരച്ചു. ആദ്യം എടുത്ത് നോക്കിയത് ഏത് പ്രോവെര്‍ബ് ആണ് എന്നാണ്. എന്തിനെന്നറിയാതെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ചോദ്യം ഇങ്ങനെ: ഏതെങ്കിലും ഒരു പ്രോവെര്‍ബിനെക്കുറിച്ച് എഴുതുക.

Necesstiy is the mother of invention
or
Chartiy begins at home.

ഈശോയേ നിന്നെ കെട്ടിപ്പിടിച്ച് ഞാന്‍ അന്ന് പറഞ്ഞത് ഇപ്പോഴും ആവര്‍ത്തിക്കുന്നു, “ഐ ലവ് യു ഈശോയേ…”

എന്തായാലും ഇംഗ്ലീഷ് രണ്ടാം പേപ്പര്‍ പരീക്ഷ കഴിഞ്ഞു. ഇനി വരുന്നത് അടുത്ത കടമ്പയായ കണക്കുപരീക്ഷ.

ഭൂഗോളത്തിന്‍റെ സ്പന്ദനം

‘ഭൂഗോളത്തിന്‍റെ സ്പന്ദനം മാത്തമാറ്റിക്സില്‍ ആണ്’- നമ്മളെല്ലാവരും പലതവണ ഏറ്റു പറഞ്ഞ ഒരു സിനിമ ഡയലോഗ്. പക്ഷേ എനിക്കുപോലും അറിയാത്ത ഏതോ കാരണത്താല്‍ കണക്ക് പഠിക്കാന്‍ എനിക്ക് ഇഷ്ടമില്ലായിരുന്നു. പത്താം ക്ലാസ്സില്‍ ഇത് പറഞ്ഞിരുന്നിട്ട് കാര്യമില്ല. ആകെയുള്ള പ്രതീക്ഷ ഈശോയുടെ തിരുഹൃദയത്തില്‍ പോസ്റ്റ് ചെയ്തു വച്ചിരിക്കുന്ന ലവ് ലെറ്ററില്‍ ആണ്. അമ്മയുടെ ചോദ്യം കേള്‍ക്കാം, “നീ എല്ലാ കണക്കും ചെയ്തുനോക്കിയോ? ലേബര്‍ ഇന്ത്യയിലെ ചോദ്യങ്ങള്‍ നോക്കിയോ?” കണക്കുപരീക്ഷയില്‍ അതുവരെ അന്‍പതില്‍ ഇരുപത്തിമൂന്ന് മാര്‍ക്ക് ആണ് ഞാന്‍ വാങ്ങിച്ചിട്ടുള്ളത്. അമ്മയുടെ നെഞ്ചിടിപ്പിന് ന്യായം ഉണ്ട്.

ജ്യോമെട്രി പഠിക്കാന്‍ വല്ലാത്ത ക്ലേശം. സൈന്‍, കോസ്, ടാന്‍ എന്നൊക്കെ കേള്‍ക്കുന്നതേ എനിക്ക് ഭയമായിരുന്നു. മനുഷ്യര്‍ക്ക് ജീവിക്കാന്‍ ഇതിന്‍റെ ഒക്കെ വല്ല ആവശ്യവും ഉണ്ടോ? എന്നെ സ്വയം ഞാന്‍ ആശ്വസിപ്പിച്ചിരുന്നത് അങ്ങനെയാണ്.

കണക്കുപരീക്ഷക്ക് പരീക്ഷ ഹാളില്‍ കയറി. പതിവില്ലാത്ത ഒരു ചങ്കിടിപ്പ്. കൂടെയുള്ള ബുദ്ധിജീവികള്‍ അങ്ങോട്ടും ഇങ്ങോട്ടും സൂത്രവാക്യങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കുന്ന നയന മനോഹരമായ കാഴ്ച. ചോദ്യപേപ്പര്‍ കയ്യില്‍ കിട്ടി. ബ്രാക്കറ്റില്‍നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക എന്നത് മുതല്‍ അവസാന ചോദ്യം വരെ ഓടിച്ചൊന്നു നോക്കി. ജ്യോമെട്രിയിലെ എല്ലാ ചോദ്യങ്ങള്‍ക്കും ഓരോ വട്ടം വരച്ചു മാര്‍ക്ക് ചെയ്തു. കാരണം അത് ചെയ്യാന്‍ എനിക്ക് അറിയില്ലല്ലോ. കുറെ ചോദ്യങ്ങള്‍ ഉണ്ട് അതില്‍ നിന്നും. പരീക്ഷ വിചാരിച്ചതിലും വേഗം തീരും എന്ന സത്യം ഞാന്‍ മനസ്സിലാക്കി. സന്തോഷത്തോടെ ബാക്കിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഏറെക്കുറെ അതില്‍ വിജയിച്ചു.

പിന്നെ സമയം തീരാതെയുള്ള കാത്തിരിപ്പ്. പരീക്ഷാസമയം തീര്‍ക്കാന്‍ എന്ത് ചെയ്യും എന്നോര്‍ത്ത് തല പുകഞ്ഞു ആലോചിക്കുന്ന സമയം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാഭയം മാറാന്‍ വേണ്ടി ഒരു സിസ്റ്റര്‍ ക്ലാസ് എടുക്കാന്‍ വന്നത് ഓര്‍മയില്‍ വന്നു. സിസ്റ്റര്‍ പരീക്ഷയെഴുതുമ്പോള്‍ പേനക്ക് മുകളില്‍ ഈശോയുടെ ഒരു കാശുരൂപം ഒട്ടിച്ചു വയ്ക്കുമായിരുന്നുവെന്നാണ് പങ്കുവച്ചത്. പേന പിടിച്ചെഴുതുതുമ്പോള്‍ ഈശോയെ പിടിച്ച് എഴുതും. അങ്ങനെ പല പരീക്ഷകളിലും വലിയ വിജയം ലഭിച്ചു എന്ന്.

ഇതൊക്കെ സത്യമാവുമോ? എന്‍റെ ബുദ്ധിയില്ലാത്ത തല ഉണര്‍ന്നെഴുന്നേറ്റു ചിന്തയിലാണ്ടു. കഴുത്തില്‍ കിടക്കുന്ന ജപമാല ഓര്‍മയില്‍ വന്നു. അത് പതുക്കെ ഊരി എടുത്തു. പേനയിലേക്ക് കുരിശു രൂപം തട്ടും വിധം ജപമാല കയ്യില്‍ പിടിച്ചു. പരിശുദ്ധാത്മാവ് സഹായകന്‍ ആണെന്നും പരിശുദ്ധാത്മാവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചാല്‍ അവിടുന്ന് വരുമെന്നും സിസ്റ്റര്‍ പറഞ്ഞു തന്നിരുന്നു. എന്തായാലും ഞാന്‍ ഈ പറഞ്ഞ വ്യക്തിയെ കണ്ടിട്ടില്ല. ഒന്ന് കണ്ടേക്കാം എന്ന് കരുതി മനസ്സില്‍ പ്രാര്‍ത്ഥിച്ചു.

“‘പരിശുദ്ധാത്മാവേ വരണമേ …
പരിശുദ്ധാത്മാവേ വരണമേ …
എന്നെ സഹായിക്കണമേ”

ആരും വന്നതായി ഞാന്‍ കണ്ടില്ല. പക്ഷേ ചോദ്യപേപ്പറില്‍ ഞാന്‍ വട്ടം വരച്ചു വച്ചിരിക്കുന്ന ചോദ്യങ്ങള്‍ എഴുതാന്‍ ആരോ എന്നെ പ്രേരിപ്പിക്കുന്നു എന്ന് തോന്നി. പ്രേരണ ഉണ്ടായിട്ട് എന്ത് കാര്യം. സൂത്രവാക്യങ്ങള്‍ എനിക്ക് അറിയില്ലല്ലോ. ആരോ എന്‍റെ പേന പിടിച്ചു എഴുതിക്കുന്ന പോലെ… അങ്ങനെ എഴുതേണ്ടെന്നു തീരുമാനിച്ചുറച്ച എല്ലാ ചോദ്യങ്ങളും എന്‍റെ ബുദ്ധിയും കഴിവും ഇല്ലാതെ ഉത്തരക്കടലാസില്‍ എന്‍റെ കൈകളിലൂടെ പകര്‍ത്തപ്പെടുന്നത് ഞാന്‍ കണ്ടു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല.

ഇനിയാണ് ക്ലൈമാക്സ്. പരീക്ഷാഫലം വന്നു. കണക്കിന്‍റെ ഒന്നാം പേപ്പറില്‍ 44/50; ജ്യോമെട്രി ഉള്ള രണ്ടാം പേപ്പറില്‍ 46/50 അങ്ങനെ ആകെ കണക്കില്‍ മാര്‍ക്ക് – 90/100!! എന്തായാലും ലവ് ലെറ്റര്‍ ഈശോ സ്വീകരിക്കുകയായിരുന്നു, മൊത്തം 502/600 മാര്‍ക്ക് കിട്ടി.

‘നിന്‍റെ ദൈവവും കര്‍ത്താവുമായ ഞാന്‍ നിന്‍റെ വലത്തുകൈ പിടിച്ചിരിക്കുന്നു. ഞാനാണ് പറയുന്നത്,

ഭയപ്പെടേണ്ടാ. ഞാന്‍ നിന്നെ സഹായിക്കും (ഏശയ്യാ 41/13). ഈശോയേ,

വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു, ഐ ലവ് യു! ډ

Share:

ആന്‍ മരിയ ക്രിസ്റ്റീന

ആന്‍ മരിയ ക്രിസ്റ്റീന

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles