Home/Evangelize/Article
Trending Articles
എനിക്ക് പരിചയമുള്ള സമീപ മലയാളിദൈവാലയത്തില്‍ വാരാന്ത്യ ധ്യാനം ക്രമീകരിച്ച സമയം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും വേര്‍തിരിച്ചാണ് ധ്യാനം നടത്തുന്നത്.
കുട്ടികള്‍ക്കായി ധ്യാനക്രമീകരണങ്ങള്‍ ചെയ്യുന്നതെല്ലാം യുവജനങ്ങള്‍. യു.എസിലെ വളര്‍ന്നുവരുന്ന മലയാളി തലമുറക്കായി അവര്‍ ചെയ്യുന്ന ശുശ്രൂഷ നമ്മെ ആകര്‍ഷിക്കുന്നതായിരുന്നു. പ്രസ്തുതധ്യാനത്തിന് രണ്ട് ദിവസം മുമ്പേ അവര്‍ രണ്ടുമണിക്കൂര്‍ ആരാധനയും കുമ്പസാരവുംകൂടി ക്രമീകരിച്ചു.
അവരുടെ വ്യക്തിപരമായ ഒരുക്കം മാത്രമായിരുന്നില്ല ലക്ഷ്യം, മറിച്ച് ധ്യാനത്തിനെത്തുന്ന കുട്ടികളെ സഹായിക്കാനായി ഇവര്‍ കരം നീട്ടുമ്പോള്‍ ഈശോയുടെ കരസ്പര്‍ശം ഉണ്ടാവണമെന്ന ആഗ്രഹംകൂടിയാണ് അവരെ പ്രേരിപ്പിച്ചത്. സമാനമായൊരു സമര്‍പ്പണം യോഹന്നാന് 12/1-8 വചനങ്ങളില്‍ കാണാനാവും. മുന്നൂറ് ദനാറ എന്നാല്‍ ഒരു ദിവസത്തെ ജോലിക്ക് കൂലി ഒരു ദനാറ എന്ന കണക്കില്‍ ഏതാണ്ട് ഒരു വര്‍ഷത്തെ കൂലിയാണ്. ഈശോയുടെ സാന്നിദ്ധ്യം മറിയത്തിന് മുന്നൂറ് ദനാറ വിലയുള്ള സുഗന്ധതൈലത്തെക്കാള്‍ ഏറെ വിലയുറ്റതായിരുന്നു. അതിനാല്‍ സര്‍വ്വവും അവന്റെ കാല്ക്കീഴില് അവള് സമര്‍പ്പിച്ചു. അവള് പൂശിയ തൈലത്തിന്റെ പരിമളം കൊണ്ട് ആ ഭവനം നിറഞ്ഞു (യോഹന്നാന് 12/3) എന്ന് സുവിശേഷകന് സൂചിപ്പിക്കുന്നു.
മേല്‍ സൂചിപ്പിച്ച യുവാക്കളുടെ സമര്‍പ്പണം, ധ്യാനത്തിന് വരുന്ന കുട്ടികള്‍ക്ക് പരിമളമേകുമെന്നതില് സംശയമില്ല. നാം ആലോചിക്കണം, എന്റെ കുടുംബത്തില്‍ വിശുദ്ധിയുടെ പരിമളം പരത്താന്‍ എന്റെ സമര്‍പ്പണത്തിന് സാധിക്കുന്നുണ്ടോ?
ഫാദർ ജോസഫ് അലക്സ്
വര്‍ഷങ്ങളായി ഞാന്‍ ശാലോം ടൈംസ് സ്ഥിരമായി വായിക്കുന്നുണ്ട്. ഏതെങ്കിലും മാസത്തെ മാസിക വായിക്കാന്‍ ലഭിക്കാതെ വന്നാല്‍ വിഷമമാണ്. പ്രാര്‍ത്ഥനയിലും ആത്മീയജീവിതത്തിലും തളരുന്ന അനുഭവമുണ്ടാകുമ്പോള്‍ ഞാന്‍ ശാലോം ടൈംസ് എടുത്ത് വായിക്കും. അപ്പോള്‍ എന്റെ ആ സമയത്തെ പ്രതിസന്ധികള്‍ക്ക് ചേര്‍ന്ന ഉത്തരം ലഭിക്കാറുണ്ട്. എന്റെ കാഴ്ചയ്ക്ക് അല്പം പ്രശ്നമുള്ളതിനാല്‍ വലുതാക്കി വായിക്കാനുള്ള സൗകര്യാര്‍ത്ഥം ഇപ്പോള്‍ വെബ്സൈറ്റില്‍ നല്കുന്ന ഇ-മാഗസിന് ആണ് വായിക്കുന്നത്. ഈയടുത്ത കാലത്ത് വന്ന നിക്കി കിംഗ്സ്ലി എന്ന വനിതയുടെ സാക്ഷ്യം ഞാന്‍ ഒരുപാട് തവണ വായിച്ചു. പലര്‍ക്കും ഷെയര്‍ ചെയ്ത് കൊടുക്കുകയും ചെയ്തു. ശാലോം മാസിക എനിക്ക് വളരെ പ്രിയപ്പെട്ടതാണ്.
By: മിനി ബാബു
Moreനിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവ സത്യവും യാഥാര്‍ത്ഥ്യവുമാണെന്ന വെളിപ്പെടുത്തലോടെ പ്രശസ്ത ഭൂതോച്ഛാടകന്‍ ഫാ. ഫ്രാന്‍സിസ്കോ ലോപസ് സെഡാനോ നല്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധേയമാണ്. ഹോളിസ്പിരിറ്റ് സഭാംഗമായ ഈ മെക്സിക്കന്‍ വൈദികന്റെ 40 വര്‍ഷത്തെ ഭൂതോച്ഛാടന ശുശ്രൂഷയ്ക്കിടെ 6000 പൈശാചികബാധകള്‍ ഒഴിപ്പിച്ചിട്ടുണ്ട്. പിശാചുക്കള്‍ ക്രിസ്തുവിന്റെ ഈ പുരോഹിതനെ വളരെയധികം ഭയപ്പെടുകയും അദേഹത്തിന്റെ സാന്നിധ്യത്തില്‍ വിറകൊള്ളുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട് എന്നദ്ദേഹം വെളിപ്പെടുത്തി. പിശാചില്ലെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. അത് പിശാചിന്റെതന്നെ വലിയ തന്ത്രമാണ്, മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കാനാണ് അവന് താല്പര്യം. എന്നാല്‍ സാത്താന് എന്നത് അന്ധവിശ്വാസമോ വെറും തോന്നലോ മിഥ്യയോ അല്ല, യാഥാര്‍ത്ഥ്യമാണെന്ന് ഫാ. ലോപസ് ഓര്‍മിപ്പിക്കുന്നു. പ്രവര്‍ത്തന ശൈലി ഭൂതോച്ഛാടനം നടത്തുന്ന അവസരങ്ങളില്‍ ഞാന്‍ പിശാചിനോട് നേരിട്ട് സംസാരിക്കാറുണ്ട്. അതിനാല്‍ത്തന്നെ തിരിച്ചറിയണം, അവന് വ്യക്തിയാണ്, വസ്തുവല്ല. നമ്മെ ദൈവത്തില്‍നിന്ന് അകറ്റുകയാണ് ശത്രുവായ സാത്താന്റെ പ്രധാന ലക്ഷ്യം. ദൈവമക്കളായ നമ്മെ ദൈവത്തിനെതിരാക്കുകയോ ദൈവമില്ലെന്ന് വിശ്വസിപ്പിക്കുകയോ ചെയ്യും. അതുവഴി മനുഷ്യനെ സംപൂര്‍ണ നാശത്തിലെത്തിക്കുന്നതുവരെ അവന് തന്ത്രപൂര്‍വം വിശ്രമരഹിതനായി അദ്ധ്വാനിക്കും. നമ്മെ ഭയപ്പെടുത്താനാണ് പിശാച് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അറിയപ്പെടാത്ത ലക്ഷണങ്ങള്‍ അലസത, ക്ഷീണം, അവിശ്വാസം, നിരാശ, വിദ്വേഷം തുടങ്ങി എല്ലാ നെഗറ്റിവ് ചിന്തകളും സാത്താന്റെ സൃഷ്ടിയാണ്. ഉള്ളിലേക്കുള്ള വാതിലുകള്‍ ഒരു വ്യക്തി അനുവദിക്കുന്നതുകൊണ്ടാണ് തിന്മ അയാളില്‍ പ്രവേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ സാത്താനുവേണ്ടി വാതില്‍ തുറന്നുകൊടുക്കുന്നതുകൊണ്ട് അവന് ഉള്ളിലെത്തും. അവന് നമ്മുടെ അടുത്തു വരാന്‍ ധൈര്യമില്ല. എന്നാല്‍ നമ്മിലെ എല്ലാവിധ തിന്മകളും വെറുപ്പും നീരസവും തുടങ്ങി അവന് ഇഷ്ടമുള്ളവയൊക്കെ നമ്മുടെ അകത്തുകടക്കുന്നതിനായി തുറക്കപ്പെട്ട വാതിലുകളാണ്. ശത്രുവിന്റെ പച്ചക്കള്ളങ്ങള്‍ നക്ഷത്രങ്ങള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും വലിയ നുണയാണ്. ജാലവിദ്യ, വാരഫലം നോക്കല്‍, അന്ധവിശ്വാസം, മന്ത്രവാദം, ഭാവി പ്രവചനം, ഒക്കള്‍ട്ട്, ന്യൂ ഏജ്, മരിച്ചവരുടെ ആത്മാക്കളോടുള്ള സംഭാഷണം തുടങ്ങിയവയില്‍നിന്നെല്ലാം അകന്നു നില്‍ക്കണം. ഇവയിലൂടെയെല്ലാം തിന്മയുടെ ശക്തികളെ ഒരുവന് തന്റെ ഉള്ളിലേക്ക് ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. എങ്ങനെ തിരിച്ചറിയാം? പിശാചുബാധിതരെ തിരിച്ചറിയാന്‍ കഴിയുന്ന പ്രകടമായ പ്രത്യേകതകളുണ്ട്. അവര്‍ ചിലപ്പോള്‍ ഉറക്കെ നിലവിളിക്കും, അലറും, നായയെപ്പോലെ കുരയ്ക്കും. പാമ്പ് ഇഴയുന്നതുപോലെ ഇഴയും. പലതരത്തില്‍, ഭാഷകളില്‍ സംസാരിക്കും, ഇങ്ങനെ ആയിരത്തോളം ലക്ഷണങ്ങള്‍ കാണിച്ചേക്കാം. കൂടാതെ ദൈവത്തെ തള്ളിപ്പറയുക, നിഷേധിക്കുക, വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുക, ദൈവവചനം കേള്‍ക്കുമ്പോള്‍ വിദ്വേഷത്താല്‍ നിറയുക തുടങ്ങിയവയും ലക്ഷണമാണ്. ചില വേദനകളും രോഗലക്ഷണങ്ങളും സാത്താന് ബാധയുടെ അടയാളങ്ങളാകാം (എല്ലാം അല്ല എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു). വൈദ്യശാസ്ത്ര പരിശോധനകളില്‍ ഇത്തരക്കാരില്‍ യാതൊരു രോഗവും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. കാരണം സാത്താന് വൈദ്യശാസ്ത്രത്തിനും അപ്പുറം നിലകൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്. ഭൂതോച്ഛാടനത്തില്‍ സംഭവിക്കുന്നത് ഭൂതോച്ഛാടകന്റെ കഴിവുമൂലമല്ല, പിശാചുക്കള്‍ ഒഴിഞ്ഞുപോകുന്നത്, മറിച്ച് ദൈവത്തിന്റെ ശക്തിയാലാണ്. ഏകസത്യദൈവമായ യേശുക്രിസ്തുവിന്റെ അധികാരത്തിനുമുമ്പില്‍ ഒരു തിന്മയ്ക്കും നില്‍ക്കാനാകില്ല. രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക, പിശാചുക്കളെ ബഹിഷ്കരിക്കുക ദൈവവചനം പ്രഘോഷിക്കുക, പഠിപ്പിക്കുക തുടങ്ങിയ അധികാരങ്ങള്‍ ക്രിസ്തു, പൗരോഹിത്യത്തിലൂടെ ഓരോ പുരോഹിതനും നല്‍കിയിട്ടുണ്ട് (മത്തായി 10/1, 10/8, 18/18, 28/18). അതുകൊണ്ടുതന്നെയാണ് പ്രത്യേക പരിശീലനം ലഭിച്ച വൈദികരെ ഔദ്യോഗിക ഭൂതോച്ഛാടകരായി കത്തോലിക്കാ സഭ നിയോഗിച്ചിരിക്കുന്നത്. പോണോഗ്രഫിയുടെയും അശുദ്ധിയുടെയും അധികരിച്ച വ്യാപനം, മയക്കുമരുന്നുകളുടെ ഉപയോഗം, ഒക്കള്‍ട്ട്, ന്യൂ ഏജ് മൂവ്മെന്റുകള്‍ എന്നിവയെല്ലാം ഇക്കാലഘട്ടത്തില്‍ ഭൂതോച്ചാടകരുടെ ശുശ്രൂഷ വളരെയധികം അനിവാര്യമാണെന്നത് ചൂണ്ടിക്കാണിക്കുന്നു.
By: Shalom Tidings
Moreഒരു കുടുംബത്തില്‍ സ്വത്ത് ഭാഗം വയ്ക്കുകയാണ്. നാല് ആണ്മക്കളും മൂന്നു പെണ്മക്കളും അമ്മയും. ആകെ സ്ഥലം മുപ്പത്തിയഞ്ചര സെന്റ്. അമ്മയെ നോക്കിയതും വാര്‍ധക്യകാലത്ത് ശുശ്രൂഷിച്ചതും ഇളയമകനായിരുന്നു. "പത്തുസെന്റും വീടും നിനക്കുള്ളതാണ്" അമ്മ പറഞ്ഞുവച്ചു. പക്ഷേ അമ്മ പെട്ടെന്ന് മരിച്ചു. മകനുവേണ്ടി ഒസ്യത്ത് എഴുതി ഉറപ്പിച്ചിരുന്നുമില്ല. ഇളയവന് കരുതി, "സ്വന്തം സഹോദരങ്ങളല്ലേ? ആരെതിര്‍ക്കാന്‍..." എന്നാല്‍ അവന് വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. അവനെ ഞെട്ടിച്ചുകൊണ്ട് സഹോദരങ്ങള്‍ ഒത്തുകൂടി പറഞ്ഞു, "സ്വത്ത് തുല്യമായി വീതിക്കണം." "ചേട്ടാ വീടെനിക്കുള്ളതല്ലേ..." പറ്റില്ലെന്നായി അവര്‍. അവര്‍ ഒറ്റക്കെട്ടായി. തങ്ങളോരോരുത്തരുടെയും കുടുംബത്തെയും കുട്ടികളെയും അവരുടെ പഠിപ്പും ചെലവുകളും ഭാവിയും സന്തോഷകരമായ ജീവിതവും അവരവര്‍ മുന്നില്‍ കണ്ടു. ഓരോ സെന്റ് ഭൂമിയും ലക്ഷങ്ങള്‍ വില പിടിച്ചതാണ്. വായ്മൊഴിയല്ലേ? അമ്മ പറഞ്ഞതിനു തെളിവില്ലല്ലോ? "വീടു പൊളിക്കണം. എന്നാലേ കൃത്യമായി വീതിക്കാനാവൂ. വഴി വരുന്നത് വീടിന് നടുവിലായിട്ടാണ്" അവര്‍ ആവശ്യപ്പെട്ടു. "വീടുണ്ടെങ്കില്‍ എനിക്കൊരു വിവാഹം നടക്കില്ലേ? വീടില്ലാതായാല്...? പകരം സ്ഥലം തരട്ടെ..." യാചനാപൂര്‍വം അനുജന് അവരോടഭ്യര്‍ത്ഥിച്ചു. "വേണ്ട, വീടു പൊളിക്കണം" ഏവരും ഒറ്റക്കെട്ടായി. ഒരുമിച്ച് തിന്നും കുടിച്ചും ഉറങ്ങിയും സ്നേഹിച്ചും സഹിച്ചും വഴക്കുണ്ടാക്കിയും ഒരുപോലെ കഴിഞ്ഞ വീട്. അനുജന്റെ കണ്ണു നിറഞ്ഞു. തന്റെ കടയ്ക്കല്‍ അവര്‍ കത്തിവച്ചു കഴിഞ്ഞിരിക്കുന്നു. വീട് വെട്ടിപ്പൊളിക്കപ്പെട്ടു. അതിനു നടുവിലൂടെ അവര്‍ വഴിവെട്ടി. പുരാതനാവശിഷ്ടംപോലെ ഒരു മുറിയും കുളിമുറിയുമായി നാല് ചുമരുകള്‍ ഔദാര്യംപോലെ അനുജനായി അവശേഷിപ്പിച്ചു. എന്നിട്ട് അവര്‍ ഓര്‍മിപ്പിച്ചു "നിനക്ക് കിടന്നുറങ്ങാമല്ലോ?" വര്‍ഷങ്ങള്‍ക്കുശേഷവും അവിവാഹിതനായി തുടരുന്ന ആ സഹോദരന് പറഞ്ഞു, "അവര്‍ ഒന്നു മനസു വച്ചിരുന്നുവെങ്കില്‍ എനിക്കൊരു കുടുംബജീവിതം ലഭിക്കുമായിരുന്നു. ഇപ്പോള്‍ വിവാഹപ്രായവും കഴിഞ്ഞിരിക്കുന്നു." ചേര്‍ന്നിരുന്ന ഇഷ്ടികകളും ഭിത്തികളും മുറികളും അതിലെ ആളനക്കങ്ങളും എവിടെയെന്ന് ആ വീടിന്റെ ശേഷിപ്പ് നിലവിളിക്കുകയാണ്. വിലാപങ്ങളുടെ പുസ്തകത്തില്‍ പറയുന്നു: "അത്യുന്നതന്റെ സന്നിധിയില്‍ മനുഷ്യന്റെ അവകാശത്തെ തകിടം മറിക്കുന്നതും മനുഷ്യന് നീതി നിഷേധിക്കുന്നതും കര്‍ത്താവ് അംഗീകരിക്കുന്നില്ല" (വിലാപങ്ങള്‍ 3/35-36). വര്‍ഷങ്ങള്‍ ഏറെ കടന്നുപോയി. അനുജന് വേദനാജനകമായ നെടുവീര്‍പ്പുകളോടെ ദുരനുഭവങ്ങള്‍ അയവിറക്കുകയാണ്. പക്ഷേ, സഹോദരങ്ങളില്‍ ചിലര്‍ നിത്യരോഗികളായി മാറിയിരിക്കുന്നു. സാമ്പത്തികമായി തകര്‍ന്നവര്‍, മക്കള്‍ രോഗികളായവര്‍. ഗതികെട്ട്, തിടുക്കപ്പെട്ട് നേടിയ ഭാഗം പകുതി വിലയ്ക്ക് വിറ്റ് ചികിത്സയ്ക്കായി ചെലവഴിക്കുന്നവര്‍... സമ്പത്തും മനഃസമാധാനവും രോഗങ്ങള്‍ തിന്നുതീര്‍ക്കുകയാണ്. സങ്കീര്‍ത്തകന്‍ പറയുന്നു "പാപകരമായ മാര്‍ഗങ്ങള്‍ പിന്തുടര്ന്ന് ചിലര്‍ രോഗികളായിത്തീരുന്നു. തങ്ങളുടെ അകൃത്യങ്ങളാല്‍ അവര്‍ ദുരിതത്തിലുമായി" (സങ്കീര്‍ത്തനങ്ങള്‍ 107/17). ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം അറിഞ്ഞ ഈശോ ചോദിച്ചു, ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നുവെന്ന് നിങ്ങള്‍ കരുതുന്നുവോ? സീലോഹയില്‍ ഗോപുരം ഇടിഞ്ഞുവീണ് കൊല്ലപ്പെട്ട പതിനെട്ടു പേരെയും ചേര്‍ത്തുവച്ച് ഈശോ പറഞ്ഞു: അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും (ലൂക്കാ 13/1-5). നമുക്കും സ്വയം പരിശോധിക്കാം. ഇത്തരത്തില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കുകയും ഏറ്റുപറയുകയും ഉചിതമായ പരിഹാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തുകൊണ്ട് ഐശ്വര്യത്തിന്റെ വഴികളിലേക്ക് കടന്നുവരാം. "തെറ്റുകള്‍ മറച്ചുവയ്ക്കുന്നവന് ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവന് കരുണ ലഭിക്കും" (സുഭാഷിതങ്ങള്‍ 28/13).
By: Joey Pullolikal
Moreക്രിസ്തുവിശ്വാസത്തിലേക്ക് കടന്നുവന്ന്, അതിനു ചേര്‍ന്നവിധത്തില്‍ നന്മകള് ചെയ്ത യുവതിക്ക് ലഭിച്ച ദൈവാനുഭവങ്ങള്‍ എനിക്ക് വളരെ ചെറുപ്പം തൊട്ടേ ശാലോം വായിക്കാന്‍ ഇഷ്ടമായിരുന്നു, എന്നെ ഈശോയിലേക്ക് കൂടുതല്‍ അടുപ്പിക്കാന്‍ ശാലോം കാരണമായിട്ടുണ്ട്. നാടകീയമായ അത്ഭുതങ്ങളല്ല എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളത്. പക്ഷേ ദൈവം എന്നെ സ്നേഹിക്കുന്നുവെന്നും ദൈവഹിതപ്രകാരം ചെയ്യുന്ന സത്പ്രവൃത്തികള്‍ക്കെല്ലാം അവിടുന്ന് പ്രതിഫലം നല്‍കുന്നുവെന്നും എന്നെ ബോധ്യപ്പെടുത്തുന്ന അനുഭവങ്ങള്‍ ഏറെയുണ്ട്. തിരുഹൃദയവും സ്വര്‍ണലോക്കറ്റും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ജൂണ്‍ മാസത്തില്‍ കാന്‍സര്‍ ബാധിതയായ എന്റെ അമ്മയുടെ അമ്മ തീര്‍ത്തും കിടപ്പായി. ആ അമ്മ ഒറ്റക്കായിരുന്നു താമസം. തിരുഹൃദയത്തിനോടുള്ള വണക്കത്തിനായി ആ മാസം എല്ലാ ദിവസവും അമ്മയ്ക്കുവേണ്ട അത്യാവശ്യ കാര്യങ്ങള്‍ ചെയ്തു കൊടുക്കാം എന്ന് വിചാരിച്ചു. അന്ന് ഞാന്‍ മാമോദീസ സ്വീകരിച്ചിട്ടില്ല. എങ്കിലും രാവിലെ വീട്ടിലെ ജോലികള്‍ കഴിഞ്ഞു വിശുദ്ധ കുര്‍ബ്ബാനക്കുപോകും. തിരികെ വന്നു കുട്ടികളെ സ്കൂളില്‍ അയച്ചതിനുശേഷം നാലഞ്ച് കിലോമീറ്റര്‍ അകലെ താമസിക്കുന്ന അമ്മയെ തുടച്ചു വൃത്തിയാക്കി, ഭക്ഷണവും മരുന്നും കൊടുത്ത് ജോലിസ്ഥലത്തേക്ക് യാത്രയാവും. അക്കാലത്ത് ഭര്‍ത്താവും ഒപ്പം ഉണ്ടാവുമായിരുന്നു. അപ്പോള്‍ അമ്മ പറയും ദൈവം ഇതിന് നിനക്ക് സമ്മാനം തരുമെന്ന്. ഈ ജോലികള്‍ എല്ലാം ചെയ്യാന്‍ എങ്ങനെ ശക്തി കിട്ടി എന്നുപോലുമറിയില്ല. ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ച് ആ ദിവസങ്ങള്‍ കടന്നു പോയി. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് കെ.എസ്.എഫ്.ഇ-യില്‍നിന്നും ഒരു ഫോണ്‍ കാള്‍. അത്തവണ കെ.എസ്.എഫ്.ഇ ചിട്ടിയുടെ സ്വര്‍ണനാണയം സമ്മാനമായി ലഭിച്ചിരിക്കുന്നത് എനിക്കാണെന്ന്. കുറേനാള്‍ കഴിഞ്ഞു സ്വര്‍ണനാണയം ലഭിച്ചപ്പോള്‍ അതുമാറ്റി ലോക്കറ്റ് വാങ്ങാന്‍ കടയില്‍ ചെന്നു. ഈശോയുടെ തിരുഹൃദയരൂപത്തിന്റെ ഒരേയൊരു ലോക്കറ്റേ ആ കടയിലുള്ളൂ. അത് ഞാന്‍ സ്വന്തമാക്കി. മുമ്പ് അങ്ങനെ ഒന്ന് കണ്ടിട്ടില്ലായിരുന്നു, അപ്പോഴാണ് അമ്മ പറഞ്ഞ ഈശോയുടെ സമ്മാനമാണ് അതെന്ന് ഓര്മ വന്നത്. "നിന്റെ ഹൃദയത്തില്‍ മുദ്രയായും നിന്റെ കരത്തില്‍ അടയാളമായും എന്നെ പതിക്കുക" (ഉത്തമഗീതം 8/6) എന്ന വചനം ഓര്‍ത്ത് ഈ ലോക്കറ്റ് അണിഞ്ഞു നടക്കുന്നത് എനിക്കു ഭയങ്കര സന്തോഷമായിരുന്നു. വീട്ടില്‍ എന്നെ കാണാന്‍ ഞങ്ങളുടെ സമുദായത്തില്‍പ്പെട്ട ഒരു ചേച്ചി വരാറുണ്ട്, അവരും ഞാന്‍ ചേര്‍ന്നിരുന്ന ചിട്ടിയില്‍ ചേര്‍ന്നിരുന്നു. "ഗോള്‍ഡ് കോയിന് കിട്ടിയല്ലോ, അത് എന്തു ചെയ്തു?" വളരെ സന്തോഷത്തോടെ അവര്‍ എന്നോട് ചോദിച്ചു. ഞാന്‍ എന്റെ കഴുത്തില്‍ കിടന്നിരുന്ന ഈശോയുടെ തിരുഹൃദയരൂപം ഉയര്‍ത്തിക്കാട്ടി, അത് കണ്ടതും അവരുടെ ഭാവം മാറി. എന്നെയും ഈശോയെയും മാതാവിനെയും കുറെ ചീത്ത പറഞ്ഞു. എനിക്കാകെ ദേഷ്യമായി. പക്ഷേ ഈശോ ഓര്‍മിപ്പിച്ചു, "തിരികെ ഒന്നും പറയണ്ട!" എന്നെപ്രതി അവഹേളിക്കപ്പെടാനുള്ള ഭാഗ്യം കൂടി (മത്തായി 5/11-12) നിനക്ക് ലഭിച്ചിരിക്കുന്നു എന്നായിരുന്നു അവിടുന്ന് പറഞ്ഞത്. താലിയില്‍ ഒരു 'ചോയ്സ്' ഹൈന്ദവ അടയാളമുള്ള താലിയായിരുന്നു എന്റെ കഴുത്തില്‍. അത് കാണുമ്പോള്‍ എനിക്ക് എന്തോ വിഷമം തോന്നും, ഞാന്‍ വിചാരിക്കുമായിരുന്നു താലി വാങ്ങാന്‍ പോയവര്‍ക്ക് ഒരടയാളവും ഇല്ലാത്ത താലി വാങ്ങിയാല്‍ പോരായിരുന്നോ? എന്നാല്‍, വിവാഹ ഉടമ്പടിയുടെ അടയാളമായ താലി പവിത്രമായതിനാല്‍ അത് മാറ്റാനും ശ്രമിച്ചില്ല. അങ്ങനെയിരിക്കേ ഒരിക്കല്‍ അടുത്തുള്ള ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തോട് അനുബന്ധിച്ച് അവിടത്തെ മുറികള്‍ വൃത്തിയാക്കാന്‍ ചെല്ലണമെന്ന് ഞങ്ങളുടെ സുഹൃത്തായ വൈദികന് പറഞ്ഞു. ഞായാറാഴ്ച ആയതുകൊണ്ട് അവിടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാമെന്നും തീരുമാനിച്ചു. ഭര്‍ത്താവും ഞാനും രാവിലെ വീട്ടില്‍നിന്നും ഇറങ്ങി. പക്ഷേ ഞങ്ങള്‍ എത്തിയപ്പോഴേക്കും ചില ചേച്ചിമാര് മിക്കവാറും വൃത്തിയാക്കി കഴിഞ്ഞിരുന്നു, ഞങ്ങള്‍ക്ക് ചെറിയ ജോലിയേ ഉണ്ടായിരുന്നുള്ളൂ. അതുകഴിഞ്ഞ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാമെന്ന് കരുതിയിരുന്നെങ്കിലും രാവിലത്തെ കുര്‍ബാന കഴിഞ്ഞതിനാല്‍ പിന്നെ വൈകിട്ട് നാലുമണി മുതലേ വിശുദ്ധ കുര്‍ബാനകള്‍ ഉള്ളൂ. വീട്ടില്‍ തിരികെ ചെന്നിട്ട് വീണ്ടും വിശുദ്ധ കുര്‍ബാനക്ക് എത്തുക ബുദ്ധിമുട്ടായിരുന്നു. ഞങ്ങളെ ജോലി ഏല്‍പ്പിച്ച വൈദികനും അവിടെയില്ല, ഇനി എന്തു ചെയ്യും എന്ന് വിചാരിച്ചു നില്ക്കുമ്പോള് അധികം ദൂരത്തല്ലാത്ത ഭരണങ്ങാനത്തേക്ക് പോകാന്‍ ഒരു തോന്നല്‍. എന്തായാലും പോയി നോക്കാമെന്ന് കരുതി. അവിടെ എത്തിയപ്പോള്‍ അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ കൃത്യം വിശുദ്ധ കുര്‍ബാന തുടങ്ങുന്നു! മുഖവും കഴുത്തുമൊക്കെ ഒന്ന് തുടച്ച് വിശുദ്ധബലിയില്‍ പങ്കെടുക്കാനൊരുങ്ങിയപ്പോഴാണ് കഴുത്തിലെ മാല അഴിഞ്ഞുകിടക്കുന്നതായി കണ്ടത്. നോക്കിയപ്പോള്‍ മാലയില്‍ കൊളുത്തും ഈശോയുടെ തിരുഹൃദയത്തിന്റെ ലോക്കറ്റും ഉണ്ട്. മാല പൊട്ടിയിട്ടുമില്ല. സാധാരണ ഗതിയില്‍ താലിയെക്കാള്‍ വലിയ ലോക്കറ്റായിരുന്നു ഊരിപ്പോകേണ്ടിയിരുന്നത്. പക്ഷേ താലിമാത്രം നഷ്ടപ്പെട്ടിരിക്കുന്നു. അവിടെയും, പോയ വാഹനത്തിലും ധ്യാനകേന്ദ്രത്തിലും തിരഞ്ഞുവെങ്കിലും താലി കണ്ടു കിട്ടിയില്ല. വീണ്ടും താലി വാങ്ങിക്കാന്‍ ജ്വല്ലറിയില്‍ പോയി. ഇത്തവണ ഒരു അടയാളവുമില്ലാത്ത പ്ലെയിന്‍ ആയിട്ടുള്ള താലി വാങ്ങിക്കും എന്നു തീര്‍ച്ചപ്പെടുത്തിയിരുന്നു, പക്ഷേ കടയില്‍ രണ്ടു തരം താലി മാത്രം. ഒന്ന് ഓം എന്ന് എഴുതിയത്, അല്ലെങ്കില്‍ കുരിശ് അടയാളമുള്ളത്. ഞാന്‍ ആകെ വിഷമത്തിലായി. താമസിക്കുന്നത് ഹൈന്ദവവിശ്വാസം പുലര്‍ത്തുന്ന കൂട്ടുകുടുംബത്തില്‍. ഈശോ എന്റെ മുന്പില് ഒരു തിരഞ്ഞെടുപ്പിനായി ആ താലികള്‍ വച്ചുതന്നിരിക്കുകയാണെന്ന് തോന്നി, ഏതു വേണം? എവിടെയോ മായിച്ചു മറന്ന വാചകം ഓര്മ വന്നു, "നിനക്കുവേണ്ടി ഞാന്‍ കുരിശില്‍, എനിക്കുവേണ്ടി നീ ലോകത്തില്‍" "എന്റെ ഈശോയേ, എനിക്ക് നീ മതി" എന്ന് ഞാന്‍ മനസില്‍ പറഞ്ഞു. കുരിശടയാളമുള്ള താലി നോക്കിയിട്ട് ഭര്‍ത്താവും അതുതന്നെ എടുത്തോളാന്‍ പറഞ്ഞു. അതൊരു മെയ്മാസം ആയിരുന്നു, ഞങ്ങളുടെ വിവാഹവാര്‍ഷികദിനത്തില്‍ത്തന്നെ ഞങ്ങളുടെ സുഹൃത്തായ വൈദികന് താലി ആശീര്‍വദിച്ചു തന്നു. അതും അണിഞ്ഞ് ഈശോക്ക് സാക്ഷ്യം വഹിക്കാന്‍ സാധിച്ചു. രണ്ടു വര്‍ഷം കൂടി കഴിഞ്ഞ് മറ്റൊരു മെയ് മാസത്തില്‍ ഞങ്ങള്‍ മാമോദീസയും സ്വീകരിച്ചു. "തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്റെ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന് കഴിവ് നല്കി" (യോഹന്നാന് 1/12).
By: Alphonsa Joseph
Moreരക്ഷ നേടാനുള്ള അവസാന അവസരത്തെക്കുറിച്ച് യേശു പറയുന്നു, "ഞാന്‍ ഏതു ജീവിതത്തെയും നവീകരിക്കും. എന്നാല്‍ അവര്‍ ആവശ്യപ്പെടണം, ഞാന്‍ സകലതും ക്ഷമിക്കും. പക്ഷേ അവര്‍ പശ്ചാത്തപിക്കണം. ഞാന്‍ സകലരെയും എന്റെ തിരുഹൃദയത്തിലേക്ക് തിരിച്ചെടുക്കും, എന്നാല്‍ അവര്‍തന്നെ മാനസാന്തരപ്പെട്ടു തിരിച്ചുവരണം." നമ്മുടെ ദൈവം കരുണയുടെ പിതാവാണ്. 'ആരും നശിച്ചുപോകാതെ നിത്യജീവന് പ്രാപിക്കണം' എന്നതാണ് അവിടുത്തെ തിരുഹിതം. അതിനാല്‍ ഏതെങ്കിലും വിധത്തില്‍ ഓരോ ആത്മാവിനെയും രക്ഷപ്പെടുത്താന്‍ അവിടുന്ന് ശ്രമിച്ചുകൊണ്ടിരിക്കും. അവിടുത്തെ കരുണയുടെ പദ്ധതികളെ മനഃപൂര്‍വം നിഷേധിക്കുന്നവര്‍ മാത്രമേ കര്‍ത്താവിന്റെ ന്യായവിധിയുടെ വാതിലിലൂടെ പ്രവേശിക്കേണ്ടിവരികയുള്ളൂ. കരുണയുടെ വാതില്‍ തിരസ്കരിക്കുന്നവര്‍ക്ക് പ്രവേശിക്കാനുള്ളതാണ് നീതിയുടെ വാതില്‍. ദൈവത്തിന്റെ നീതിപൂര്‍വമായ ശിക്ഷ നടപ്പിലാക്കുവാന്‍ നിര്‍ബന്ധിക്കത്തക്കവിധം പാപം പെരുകിയ ഈ ലോകത്തിന് രക്ഷപ്പെടാനായി നല്കുന്ന അവസാനത്തെ അവസരമാണ് കൃപയുടെ മൂന്നു മണിക്കൂര്‍. ഈ മൂന്നു മണിക്കൂറില്‍ എന്തെല്ലാം സംഭവിക്കും? ഫൗസ്റ്റീനായോട് കര്‍ത്താവ് പറഞ്ഞുകൊടുത്ത് എഴുതിച്ചത് പ്രകാരം ഈ മണിക്കൂറുകളില്‍ ഭൂമി മുഴുവന്‍ അന്ധകാരം നിറയും. ലോകം മുഴുവനിലുമുള്ള മനുഷ്യര്‍ക്ക് ആകാശത്തില്‍ ക്രൂശിതനായ ക്രിസ്തുവിന്റെ ദര്‍ശനം ലഭിക്കും. യേശുവിന്റെ തിരുമുറിവുകളില്‍നിന്നുള്ള പ്രകാശം ഓരോരുത്തരുടെയും ആത്മാവിന്റെ അവസ്ഥയെ വെളിപ്പെടുത്തും. ഇത് മനുഷ്യചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതുപോലുള്ള പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനവേളയായിരിക്കും. "അവന് വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും" (യോഹന്നാന് 16/8). ലോകത്തിന്റെ മനഃസാക്ഷിയെ തിരുത്തുന്ന ഈ സംഭവം വ്യക്തിയെന്ന നിലയിലും സമൂഹം എന്ന നിലയിലുമുള്ള മനുഷ്യഗതിയെ മാറ്റിമറിക്കും. എല്ലാ പൊയ്മുഖങ്ങളും അഴിഞ്ഞുവീഴും. ഓരോരുത്തരും താന്‍ യഥാര്‍ത്ഥത്തില്‍ ആരാണ്, എന്താണ് എന്ന തിരിച്ചറിവില്‍ ഞെട്ടും. ജാതി, മത, വര്‍ണ, ദേശ വ്യത്യാസമില്ലാതെ സകല മനുഷ്യരും ഈ കൃപയുടെ മണിക്കൂറില്‍ തങ്ങളുടെ പാപങ്ങളോര്‍ത്ത് വിലപിക്കും. യേശുവിന്റെ കുരിശുമരണത്തിന്റെ അര്‍ത്ഥം ലോകത്തിനു മുഴുവനും വെളിപ്പെടുന്ന ആ മണിക്കൂര്‍ കൃപയുടെ മണിക്കൂറായിരിക്കും. ലോകജനതയെ മുഴുവന്‍ സുവിശേഷത്തിനായി ഒരുക്കുന്ന ആ സമയം ക്രിസ്തുവിനായി പരിപൂര്‍ണമായി സമര്‍പ്പിക്കുവാന്‍ വിശ്വാസികളെ ശക്തിപ്പെടുത്തും. ആകാശത്തില്‍ പ്രത്യക്ഷപ്പെടുന്ന മനുഷ്യപുത്രന്റെ അടയാളം മനുഷ്യവംശത്തിന് പാപബോധം നല്കുമ്പോള് തങ്ങള്‍ക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെന്ന് അവര്‍ തിരിച്ചറിയും. സ്വന്തം പാപങ്ങളെക്കുറിച്ച് ബോധ്യമില്ലെങ്കില്‍ യേശുവിനെയും അവിടുന്നിലൂടെയുള്ള പാപമോചനത്തെയും എത്രമാത്രം ആവശ്യമുണ്ടെന്ന് നാമെങ്ങനെ മനസിലാക്കും? ദൈവത്തിന്റെ ശിക്ഷാവിധി ലോകത്തിലേക്ക് വരുന്നതിനുമുമ്പായി ഒരു മുന്നറിയിപ്പ് ലോകത്തിലെ സകല ജനങ്ങള്‍ക്കും നല്‍കുമെന്ന് ഗരബന്താളിലും മെഡ്ജുഗോറിയായിലും മാതാവ് പറഞ്ഞിട്ടുണ്ട്. ശിക്ഷാവിധിയുടെ അന്ധകാരം നിറഞ്ഞ മൂന്ന് ദിനരാത്രങ്ങള്‍ക്ക് പകരം അന്ധകാരം നിറഞ്ഞ മൂന്നു മണിക്കൂറുകളായിരിക്കും മുന്നറിയിപ്പിനായി ദൈവം ഒരുക്കുന്നത്. യേശു കാല്‍വരിയിലെ ക്രൂശില്‍ മരിച്ചപ്പോള്‍ മൂന്ന് മണിക്കൂര്‍ നേരം ദേശത്ത് കനത്ത ഇരുട്ടുണ്ടായി. ആ ക്രൂശുമരണത്തിന്റെ മഹത്വീകൃതമായ ഒരു പുനരവതരണം മുന്നറിയിപ്പിന്റെ നിമിഷങ്ങളിലും ഉണ്ടാകും. "ആറാം മണിക്കൂര്‍ മുതല്‍ ഒമ്പതാം മണിക്കൂര്‍വരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാം മണിക്കൂറായപ്പോള്‍ യേശു ഉച്ചത്തില്‍ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്താനി.... ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു യേശു ജീവന് വെടിഞ്ഞു. അപ്പോള്‍ ദൈവാലയത്തിലെ തിരശീല മുകള്‍മുതല്‍ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകള്‍ പിളര്‍ന്നു.... യേശുവിന് കാവല്‍ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവന് ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു" (മത്തായി 27/45-54). അയര്‍ലണ്ടിലെ മിസ്റ്റിക്കായ ക്രിസ്റ്റീനാ ഗല്ലഗെര്‍ക്ക് നല്കപ്പെട്ട സന്ദേശത്തില്‍ മാതാവ് പറയുന്നതിപ്രകാരമാണ്. "ലോകജനതയ്ക്ക് മുന്നറിയിപ്പായി ഒരു അടയാളം നല്കപ്പെടും. ഈ മുന്നറിയിപ്പ് സ്വീകരിക്കപ്പെടാതിരുന്നാല്‍ അതിനു പിന്നാലെ വരുന്നത് ശിക്ഷയായിരിക്കും. "ലോകത്തിലുള്ള എല്ലാവര്ക്കും ആന്തരികമായ തിരിച്ചറിവ് ലഭിക്കത്തക്കവിധമുള്ള ഈ അടയാളം ദൈവത്തില്‍നിന്നാണെന്ന ബോധ്യം ഓരോരുത്തര്‍ക്കും ലഭിക്കും. തങ്ങളുടെ ഹൃദയത്തിന്റെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ചുള്ള അറിവും അത് പ്രദാനം ചെയ്യും. പ്രാര്‍ത്ഥനയില്‍ വിശ്വസിക്കുന്നവര്‍ തങ്ങള്‍ക്കുവേണ്ടി മാത്രം പ്രാര്‍ത്ഥിക്കാതെ അന്ധകാരത്തില്‍ കഴിയുന്നവരെല്ലാം അടയാളം സ്വീകരിച്ച് ദൈവത്തിലേക്ക് മടങ്ങിവരാനുള്ള കൃപ ലഭിക്കുവാന്‍ പ്രാര്‍ത്ഥിക്കണം. ക്രിസ്തുവിന്റെ മൗതികശരീരത്തിലെ അംഗങ്ങളും ദൈവമക്കളുമെന്ന നിലയില്‍ എല്ലാ മനുഷ്യര്‍ക്കുംവേണ്ടി പരിഹാരം ചെയ്യുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വം മാത്രമാണ്." മരിയ എസ്പരന്‍സാ (വെനിസ്വേല) "ഇതാ പ്രകാശത്തിന്റെ മഹത്തായ ദിനം ആഗതമാകുന്നു. ആ നിമിഷങ്ങള്‍ ഓരോരുത്തരുടെയും മനഃസാക്ഷിയെ ഇളക്കിമറയ്ക്കും. സ്വന്തം ജീവിതം ക്രമപ്പെടുത്താനും അനുദിനം ചെയ്തുകൂട്ടുന്ന അവിശ്വസ്തതകള്‍ക്ക് പരിഹാരം ചെയ്യുവാനും അതവരെ സജ്ജരാക്കും." മുന്നറിയിപ്പിന്റെ വിശദീകരണം അമേരിക്കയിലുള്ള ഒരു ദര്‍ശകയ്ക്ക് 1992-ല്‍ ദൈവം ലോകത്തിനു നല്കുവാന് പോകുന്ന വലിയ മുന്നറിയിപ്പിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊടുക്കുകയുണ്ടായി. 'ദി തണ്ടര്‍ ആന്റ് ജസ്റ്റിസ്' എന്ന ഗ്രന്ഥത്തില്‍ കൊടുത്തിരിക്കുന്ന ആ സന്ദേശം ഇപ്രകാരമാണ്. "എന്റെ കൃപയില്‍ വസിക്കുന്നവര്‍ക്ക് 'മുന്നറിയിപ്പ്' വരുമ്പോള്‍ യാതൊന്നും ഭയപ്പെടേണ്ടതില്ല. എന്റെ സ്നേഹത്തെക്കാള്‍ മഹത്തരമായി യാതൊന്നുമില്ല എന്ന് നിങ്ങളെന്നാണ് ഇനി മനസിലാക്കുക? എന്റെ സ്നേഹത്തിന്റെ ചൂട് നിങ്ങള്‍ക്ക് അനുഭവപ്പെടുന്നില്ലേ? എനിക്കുപരിയായി ആരെങ്കിലും ഉണ്ടോ? എന്തിന് നിങ്ങള്‍ മറ്റിടങ്ങളില്‍ രക്ഷ അന്വേഷിക്കുന്നു. എന്റെ വലയത്തിലേക്ക് കടന്നുവരിക." മനുഷ്യവംശത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാകാത്തതുപോലുള്ള ഒരു സമയമായിരിക്കും അത്. മരണസമയത്ത് ഉണ്ടാകുന്ന തിരിച്ചറിവ് അപ്പോള്‍ മനുഷ്യന് നല്കപ്പെടും. എന്റെ ഏറ്റവും മഹത്തായ കാരുണ്യപ്രവൃത്തിയായിരിക്കും ഇത്. തന്റെ ജീവിതത്തിലെ പാപങ്ങളെയെല്ലാം അഭിമുഖീകരിക്കുന്ന ആ നിമിഷങ്ങളില്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ടായിരിക്കും അതിനെ എങ്ങനെ വേണമെങ്കിലും സ്വീകരിക്കാന്‍. ഞാന്‍ ഏതു ജീവിതത്തെയും നവീകരിക്കും. എന്നാല്‍ അവര്‍ ആവശ്യപ്പെടണം, ഞാന്‍ സകലതും ക്ഷമിക്കും. പക്ഷേ അവര്‍ പശ്ചാത്തപിക്കണം. ഞാന്‍ സകലരെയും എന്റെ തിരുഹൃദയത്തിലേക്ക് തിരിച്ചെടുക്കും, എന്നാല്‍ അവര്‍ തന്നെ മാനസാന്തരപ്പെട്ടു തിരിച്ചുവരണം. മനുഷ്യവംശത്തെ ബാധിച്ചിരിക്കുന്ന അന്ധകാരം നിമിത്തം ലോകത്തിലെ പാപത്തിന്റെ ആഴം ആര്‍ക്കും ഗ്രഹിക്കാന്‍ സാധ്യമല്ലാതാക്കിത്തീര്‍ത്തിരിക്കുന്നു. തല്‍ഫലമായി പാപത്തിന്റെ പരിണത ഫലങ്ങളുടെ ഭീകരതയും തിരിച്ചറിയാതെ പോകുന്നു. എന്റെ പീഡാസഹനത്തിന്റെ മഹത്വീകരണം മുന്‍കൂട്ടി കണ്ടുകൊണ്ട് അത്യുന്നതനായവന് ഉയര്ന്നുനില്ക്കുന്നു. അതിലൂടെ ഞാനുദ്ദേശിക്കുന്നത് മനുഷ്യവംശം മുഴുവന്‍ ഒരിക്കല്‍ക്കൂടി എന്റെ ക്രൂശീകരണത്തിന് സാക്ഷികളാകുമെന്നാണ്. ആ സമയത്ത് മനുഷ്യന്റെ പാപം നിമിത്തം എന്റെ പിതാവ് എത്രമാത്രം സഹിച്ചുവെന്ന് സകലര്‍ക്കും ബോധ്യമുണ്ടാകും. പാപത്തിന്റെ ഭീകരത സകലരും ഗ്രഹിക്കും. എല്ലാവരുടെയും മനസുകളില്‍നിന്നും അന്ധകാരം നീക്കപ്പെടും. മനുഷ്യവംശത്തിന്റെ ചരിത്രത്തിലാദ്യമായി ദൈവത്തിനര്‍ഹമായ ആദരവ് നല്‍കാനുള്ള കഴിവ് വീണ്ടെടുക്കപ്പെടും. മുന്നറിയിപ്പിനുശേഷമുള്ള എന്റെ ആത്മാവിന്റെ വര്‍ഷം ആദ്യത്തെ പെന്തക്കുസ്തായിലേതുപോലെ മഹത്തരമായിരിക്കും. ദൈവത്തിനുമാത്രമേ ലോകത്തെ സൃഷ്ടിക്കുവാന്‍ കഴിയൂ. അവിടുത്തേക്കു മാത്രമേ അതിനെ വീണ്ടെടുക്കുവാനും കഴിയൂ... എന്റെ പിതാവിന്റെ ഹൃദയത്തിലെ സ്നേഹം നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നില്ലേ? എന്റെ പിതാവിനെക്കാളുപരിയായി സമാധാനം ആഗ്രഹിക്കുന്ന മറ്റാരും ഇല്ല. പിതാവായ ദൈവം സ്വര്‍ഗത്തില്‍നിന്നും സംസാരിച്ചു. "എന്റെ ജനം എന്നെ വിസ്മരിച്ചുകളഞ്ഞു. ഞാന്‍ സൂര്യനെ മൂന്നുമണിക്കൂര്‍ സമയത്തേക്ക് അന്ധകാരത്തിലാക്കുവാന്‍ പോവുകയാണ്." "ജനങ്ങള്‍ സംഭ്രാന്തിയോടെ തങ്ങളുടെ ഭവനങ്ങളില്‍നിന്നും പുറത്തുവരും... അവരില്‍ ചിലരെ ആശ്വസിപ്പിക്കുവാന്‍പോലും സാധിക്കുകയില്ല. വൈദികര്‍പോലും ദുഃഖംകൊണ്ട് വീര്‍പ്പുമുട്ടും." ജപമാല ചൊല്ലണം ജപമാല ചൊല്ലുവാനായി ജനങ്ങളോട് പറയുക. ഇത് അത്രയധികം പ്രാധാന്യമുള്ളതാണ്. ജനങ്ങള്‍ എന്നെ സഹായിക്കേണ്ടിവരും. മറ്റൊരു ഉപവാസംകൂടി അവര്‍ എടുക്കേണ്ടതുണ്ട്. ജനങ്ങള്‍ തങ്ങളെത്തന്നെ വിസ്മരിക്കണം. അവരുടെ ജീവിതങ്ങള്‍ നവീകരിക്കപ്പെടണം. അതെ, അവര്‍ പാപങ്ങള്‍ ഉപേക്ഷിക്കുകയും പരിഹാരം ചെയ്യുകയും ചെയ്യും. വിവാഹിതരാകാതെ ദമ്പതികളെപ്പോലെ ജീവിക്കുന്നവര്‍ വേര്‍പിരിയും. അതിരുവിട്ടുള്ള എല്ലാത്തിനും അവസാനം കുറിക്കും. അത്യാസക്തികളാല്‍ ബന്ധിതരായവരും എന്റെ കൃപകൊണ്ടുതന്നെ വീണ്ടെടുക്കപ്പെടും. മുന്നറിയിപ്പിനെക്കുറിച്ച് ഞാന്‍ വിവരിക്കട്ടെ. അന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിക്കായിരിക്കും അതിന്റെ സമയം. അന്തരീക്ഷം വലിയ ഇരുട്ടു നിറഞ്ഞതായിത്തീരും. ഭൂമി കുലുങ്ങും. ലോകം മുഴുവനും അസ്വസ്ഥത വ്യാപിക്കും. ഏറ്റവും വലിയ ദുരന്തം മനുഷ്യഹൃദയങ്ങളിലായിരിക്കും സംഭവിക്കുക. ലോകം അവസാനിക്കുവാന്‍ പോകുകയാണെന്ന് ജനങ്ങള്‍ ചിന്തിക്കും. ഓരോരുത്തരുടെയും പാപങ്ങള്‍ക്ക് ആനുപാതികമായിട്ടായിരിക്കും അവര്‍ അനുഭവിക്കുന്ന ഭയവും. അവര്‍ക്കാവശ്യമായ സമയം ഞാന്‍ നല്‍കും. ക്ഷമയോടെ ഞാനവരുടെ മുന്നില്‍ കുരിശില്‍ തൂങ്ങിയ നിലയില്‍ നില്ക്കും. അവര്‍ എന്നെ കാണുന്ന നിമിഷങ്ങളില്‍ത്തന്നെ പരിശുദ്ധാത്മാവിന്റെ ചൊരിയല്‍ ആരംഭിക്കും. അതു മനുഷ്യവര്‍ഗത്തിന്റെ നിര്‍ണായക സമയമാണ്. അവന് തന്റെ പാപങ്ങളില്‍നിന്നും കഴുകി വിശുദ്ധീകരിക്കപ്പെടുകയോ അവ വഴിയായി തന്റെ നാശം ക്ഷണിച്ചുവരുത്തുകയോ ചെയ്യാം. എന്റെ കരങ്ങള്‍ വിടര്‍ത്തിപ്പിടിച്ചിരിക്കും. എന്റെ കാരുണ്യം കരകവിഞ്ഞൊഴുകും. അത് അവസാനത്തേതായി മാറും. സകലരും അതു മനസിലാക്കുകയും ചെയ്യും (അവിടുന്ന് ലോകാവസാനത്തെക്കുറിച്ചല്ല - ഇന്നു കാണുന്നതുപോലുള്ള ജീവിതാവസ്ഥകളുടെ അവസാനമാണ് ഉദ്ദേശിക്കുന്നത്). മുന്നറിയിപ്പിന്റെ സമയത്ത് കാല്‍വരി ആവര്‍ത്തിക്കുവാന്‍ പോകുകയാണോ എന്നു ഞാന്‍ ചോദിച്ചു. അവിടുന്ന് അതേ എന്നുത്തരം നല്കി. ലോകത്തിന്റെ പാപങ്ങള്‍ അത്രമാത്രം പെരുകിയതിനാല്‍ അതിനെ അതിലംഘിക്കുവാന്‍ കഴിയുന്ന മറ്റൊന്നും ഇന്ന് ലോകത്തിലില്ല. ഞാനെങ്ങനെ പിതാവിന്റെ തിരുമനസിന് വിധേയത്വമുള്ളവനായോ അതുപോലെതന്നെയായിരിക്കണം നിങ്ങളോരോരുത്തരും. മുന്നറിയിപ്പ് സംഭവിക്കുകതന്നെ ചെയ്യും. യാതൊരു സംശയവും വേണ്ട. ഒരിക്കലും പ്രതീക്ഷിക്കാത്ത സമയത്ത് ആകാശവിതാനത്തില് കുരിശിനെ നിങ്ങള്‍ കാണും. ഞാന്‍ വാഗ്ദാനം ചെയ്തത് ഞാന്‍ നിറവേറ്റും. അപ്പോള്‍ നിങ്ങളെല്ലാവരും പറയും: "സത്യമായും ഇത് ദൈവപുത്രനാകുന്നു."
By: ഷെവ. ബെന്നി പുന്നത്തറ
Moreജീവന്റെയും ശക്തിയുടെയും സൗഖ്യത്തിന്റെയും പുതിയൊരു മണ്ഡലം തുറക്കപ്പെടാന്‍... എയ്റോസ്പേസ് ശാസ്ത്രജ്ഞനാണ് ഡോ. ഡ്രാഗോസ് ബ്രറ്റസാനു. ഫോര്‍ബ്സ് മാഗസിന് ലോകത്തിലെ ഏറ്റവും സമര്‍ത്ഥരായി തെരഞ്ഞെടുത്ത വ്യക്തികളിലൊരാള്‍. റൊമാനിയ സ്വദേശിയാണെങ്കിലും പിന്നീട് ന്യൂസിലന്‍ഡിലേക്ക് കുടിയേറി. ചൊവ്വാഗ്രഹത്തിലേക്കുള്ള റൊമേനിയയുടെ ആദ്യ സിമുലേഷന്‍ മിഷനില്‍ പങ്കാളിയുമാണ് അദ്ദേഹം. നാസയുമായി സഹകരിച്ചാണ് ഈ മിഷന് നടത്തുന്നത്. ശാസ്ത്രജ്ഞന് എന്ന നിലയില്‍മാത്രമല്ല, ഗ്രന്ഥകര്‍ത്താവ്, പ്രസംഗകന് എന്നീ നിലകളിലും ഡോ. ഡ്രാഗോസ് പ്രഗല്ഭനാണ്. ബുദ്ധിയായിരുന്നു ഡ്രാഗോസിന്റെ ദൈവം. യുക്തിക്ക് നിരക്കാത്ത യാതൊന്നിനും അദ്ദേഹത്തിന്റെ ജീവിതത്തില്‍ സ്ഥാനമുണ്ടായിരുന്നില്ല. അങ്ങനെ എല്ലാം സുഗമമായി പോകുമ്പോഴാണ് ഡ്രാഗോസിനെ പിടിച്ചുലയ്ക്കുകയും തളര്‍ത്തിക്കളയുകയും ചെയ്യുംവിധം വലിയ തകര്ച്ചകള് കടന്നുവന്നത്. അതുവരെ കെട്ടിപ്പടുത്തതെല്ലാം തകര്‍ന്നടിഞ്ഞു. ബന്ധങ്ങള്‍ അറ്റു. സ്ഥാപനം പൂട്ടേണ്ടിവന്നു. മാതാപിതാക്കള്‍പോലും അകന്നു. ഈ പ്രതിസന്ധിഘട്ടത്തില്‍ പല തത്വശാസ്ത്രങ്ങളും വിശ്വാസങ്ങളും കൊണ്ട് ആത്മാവിന്റെ ദാഹത്തെ ശമിപ്പിക്കാന്‍ ഡ്രാഗോസ് ശ്രമിച്ചു. എല്ലാം വിഫലമായി. തെല്ലും മുന്നോട്ടുനീങ്ങാനാവില്ലെന്ന് തോന്നിയ നിസ്സഹായാവസ്ഥ. ആത്മഹത്യയെക്കുറിച്ചുമാത്രമായിരുന്നു ആ നാളുകളില്‍ ഡ്രാഗോസിന്റെ ചിന്ത. ക്രിസ്ത്യാനിയായി വളര്‍ന്നെങ്കിലും ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞിരുന്നില്ല എന്നതായിരുന്നു അദേഹത്തിന്റെ നിസ്സഹായതയുടെ കാരണം. അതിനാല്‍ത്തന്നെ തനിക്ക് സഹായം ചോദിക്കാന്‍ ജീവിക്കുന്ന ഒരു ദൈവമുണ്ടെന്നത് ഡാഗോസിന് അറിയില്ലായിരുന്നു. അപ്പോഴാണ് ഒരു സുഹൃത്ത് ഡോ. ഡ്രാഗോസിനെ ഹവായിലെ ഫാമിലേക്ക് ക്ഷണിച്ചത്. അവിടെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ നാല് മാസക്കാലം ഒറ്റയ്ക്ക് താമസിച്ചു. പുസ്തകങ്ങള്‍ മാത്രമായിരുന്നു കൂട്ട്. അങ്ങനെയിരിക്കേ, ഒരു പുസ്തകം വായിച്ചു തുടങ്ങിയ മാത്രയില്‍ ഡോ. ഡ്രാഗോസ് ബ്രറ്റസാനു മറിഞ്ഞുവീണു. വീഴാതിരിക്കുവാന്‍ ശ്രമിച്ചെങ്കിലും വായിച്ച ആ വാക്യത്തിന്റെ ശക്തി അദ്ദേഹത്തിന്റെ ശരീരത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. എന്താണ് തനിക്ക് സംഭവിക്കുന്നതെന്ന് അദ്ദേഹത്തിന് മനസിലായില്ല. എങ്കിലും അതുവരെ ബാധിച്ചിരുന്ന നിരാശ നീങ്ങി ആ സമയം ആനന്ദം ഉള്ളില്‍ നിറയുന്നതായി തിരിച്ചറിഞ്ഞു. പരിശുദ്ധാത്മാവിന്റെ ശക്തമായ സാന്നിധ്യം അദ്ദേഹത്തിന്റെ ശരീരത്തെ പൊതിഞ്ഞു. ജീവിതത്തിലുണ്ടായ ചില വേദനകള്‍ നീങ്ങിപ്പോകുന്നതിനായി പ്രാര്‍ത്ഥിച്ചതിനുള്ള ഉത്തരമായിരുന്നു ആ അനുഭവം. കാതറിന് കോള്മാന് രചിച്ച 'ദ ഗ്രേറ്റസ്റ്റ് പവര്‍ ഇന്‍ ദി വേള്‍ഡ്' എന്ന പുസ്തകമായിരുന്നു ഡോ. ഡ്രാഗോസ് വായിച്ചുകൊണ്ടിരുന്നത്. എന്നാല്‍ പുസ്തകത്തിലേക്ക് കടക്കുന്നതിന് മുമ്പുതന്നെ, അവതാരികയിലെ ഒരു വാചകത്തിലൂടെ അദ്ദേഹം വഴിയും സത്യവും ജീവനുമായവനെ തിരിച്ചറിഞ്ഞു. "ഇനിയും യേശുവിനായി നിന്റെ ജീവിതം സമര്‍പ്പിച്ചില്ലേ, ഇതാ അതിനുള്ള സമയമായിരിക്കുന്നു!" ഈ വാക്യമാണ് ഡോ. ഡ്രാഗോസ് ബ്രറ്റസാനു എന്ന പ്രശസ്ത ശാസ്ത്രജ്ഞനെ 'വീഴ്ത്തി'യത്.' സാവൂള്‍ കുതിരപ്പുറത്തുനിന്ന് വീണ് പൗലോസ് ആയതുപോലെ പിന്നെ എല്ലാം മാറിമറിയുകയായിരുന്നു. ബുദ്ധികൊണ്ടു മാത്രം പ്രവര്‍ത്തിച്ചിരുന്ന ആ ശാസ്ത്രജ്ഞന് പിന്നെ പൂര്‍ണ ഹൃദയവും ആത്മാവുംകൊണ്ട് ദൈവത്തെ തേടാന്‍ ആരംഭിച്ചു. അദ്ദേഹം പറയുന്നു: തത്വശാസ്ത്രങ്ങളും മതങ്ങളുമൊക്കെയുണ്ടെങ്കിലും തുറന്ന മനസോടെ യേശുവിലേക്ക് വരുമ്പോള്‍ മുഴുവന്‍ സ്നേഹവും മുഴുവന്‍ ശക്തിയും സ്വര്‍ഗവും അവിടെയാണ് അടങ്ങിയിരിക്കുന്നത് എന്ന് മനസിലാകും. തുറന്ന ഹൃദയത്തോടെ യേശുവിനെ സമീപിക്കുന്നവര്‍ക്ക് ജീവന്റെയും ശക്തിയുടെയും സൗഖ്യത്തിന്റെയും പുതിയൊരു മണ്ഡലം തുറക്കപ്പെടുന്നു. ചെയ്യേണ്ടത് ഇത്രമാത്രം. പ്രാര്‍ത്ഥിക്കുക: 'പരിശുദ്ധാത്മാവേ, എന്റെ ഹൃദയത്തിന്റെയും മനസിന്റെയും എല്ലാ വാതിലുകളും ഞാന്‍ അങ്ങേയ്ക്കായി തുറന്നുതരുന്നു. എന്നെത്തന്നെ ഞാന്‍ മുഴുവനായി യേശുവിന് സമര്‍പ്പിക്കുന്നു.' ഡോ. ഡ്രാഗോസിനെ 'വീഴ്ത്തിയ' ചോദ്യം നമ്മോടും കര്‍ത്താവ് ചോദിക്കുന്നുണ്ട്, "ഇനിയും യേശുവിനായി ജീവിതം സമര്‍പ്പിച്ചില്ലേ, ഇതാ അതിനുള്ള സമയമായിരിക്കുന്നു!"
By: Shalom Tidings
Moreഎവിടെത്തൊട്ടാലും വേദന. അതായിരുന്നു ഡേവിഡിന്റെ രോഗം. ഏറെ ചികിത്സിച്ചിട്ടും രോഗം മാറിയില്ല. രോഗകാരണം കണ്ടെത്താന്‍ കഴിയാതെ ഡോക്ടേഴ്സ് വിഷമിച്ചു. അറ്റകൈക്ക് അദേഹം വികാരിയച്ചന്റെ അടുത്തു തന്റെ വിഷമം പറഞ്ഞു. അച്ചന് ഡേവിഡിന്റെ കൈയില്‍ വാത്സല്യത്തോടെ പിടിച്ചുകൊണ്ടു നിര്‍ദേശിച്ചു: എത്രയും വേഗം അസ്ഥിരോഗ വിദഗ്ധനെ കാണിക്കുക, താങ്കളുടെ ചൂണ്ടുവിരലിന് ഒടിവു സംഭവിച്ചിരിക്കുന്നു. അത്രയേ ഉള്ളൂ... "ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം; പരിശുദ്ധനായനെ അറിയുന്നതാണ് അറിവ്" (സുഭാഷിതങ്ങള്‍ 30/3).
By: Shalom Tidings
Moreസമയവും കഴിവുകളും നമ്മുടെ ഇഷ്ടമനുസരിച്ച് ഉപയോഗിക്കുന്നതില്‍ തെറ്റുണ്ടോ? മരണത്തിന്റെ വക്കില്‍നിന്ന് ജീവനിലേക്ക് തിരിച്ചുനടക്കുവാന്‍ അപൂര്‍വമായ അവസരം ലഭിച്ചവരുണ്ട്. ജീവന്റെയും ജീവിതത്തിന്റെയും മൂല്യം തിരിച്ചറിയുവാന്‍ അവര്‍ക്കേ സാധിക്കൂ. അത്തരത്തിലുള്ള അപൂര്‍വ വ്യക്തിത്വങ്ങളിലൊരാളാണ് ലോകപ്രശസ്ത സാഹിത്യകാരനായ ദസ്തയേവ്സ്കി. അദ്ദേഹത്തിന്റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണിത്. സാര്‍ ചക്രവര്‍ത്തിമാര്‍ റഷ്യ വാണിരുന്ന കാലം. വിമതപ്രവര്‍ത്തനങ്ങളൊന്നും അവര്‍ വച്ചുപൊറുപ്പിച്ചിരുന്നില്ല. അങ്ങനെയൊരുനാള്‍ ദസ്തയേവ്സ്കിയുടെ ഊഴം വന്നു. 1849 നവംബര്‍ 16 ന് സര്‍ക്കാര്‍വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹത്തെയും കൂട്ടരെയും വധശിക്ഷയ്ക്ക് വിധിച്ചു. ഡിസംബര്‍ 22 നാണ് വധശിക്ഷ നടപ്പാക്കുവാന്‍ ഉദ്ദേശിക്കപ്പെട്ടിരുന്നത്. തടവുകാരെ സെമിയാനോവ് മൈതാനത്തിന്റെ ഒരറ്റം മുതല്‍ അണിനിരത്തി. ഫയറിങ്ങ് സ്ക്വാഡ് റെഡിയായി നില്ക്കുന്നു. മൂടിക്കെട്ടിയ കണ്ണുകളുമായി മരണത്തിന്റെ കാലൊച്ചയ്ക്കായി അവര്‍ കാത്തുനിന്നു. എന്നാല്‍ പെട്ടെന്നൊരു ആന്റിക്ലൈമാക്സ്. തടവുകാരുടെ കണ്ണുകളിലെ കെട്ടഴിച്ചു, അവര്‍ സ്വതന്ത്രരാണെന്ന് അറിയിച്ചു. കാരണം ചക്രവര്‍ത്തി തടവുകാര്‍ക്ക് മാപ്പു നല്കിയിരിക്കുന്നു. ദസ്തയേവ്സ്കി പിന്നീട് എഴുതിയ രചനകളില്‍ ജീവിതത്തിന്റെ വിലയെക്കുറിച്ചള്ള സൂചനകള്‍ പലപ്പോഴായി നല്‍കുന്നുണ്ട്. ഉദാഹരണത്തിന് ഇഡിയറ്റിലെ ഒരു കഥാപാത്രം പറയുന്നു: "ഓരോ മിനിറ്റും ഞാനൊരു യുഗമാക്കി മാറ്റും. ഒന്നും പാഴാക്കില്ല. എല്ലാത്തിനും കണക്കുണ്ട്." നമ്മെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഒരു കാര്യമാണിത്. ഓരോ മിനിറ്റുപോലും വളരെ പ്രധാനപ്പെട്ടതാണ്. അതിന് ദൈവസന്നിധിയില്‍ ഒരു യുഗത്തിന്റെ വിലയുണ്ട്. നമ്മുടെ ആത്മീയ-ഭൗതിക ജീവിതങ്ങളുടെ ആകെത്തുക ഓരോ മിനിറ്റും കൂടുന്നതാണല്ലോ. അത് എങ്ങനെ നാം ചെലവഴിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ ജയാപജയങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ കണിശമായ ഒരു ജാഗ്രത പുലര്‍ത്തുവാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന ഒരു കാര്യമുണ്ട്. അത് ഓരോ മിനിറ്റും നാം എങ്ങനെ ചെലവഴിച്ചു എന്ന് കണക്കു കൊടുക്കേണ്ടിവരും എന്നതുതന്നെയാണ്. നാളേക്ക് മാറ്റിവയ്ക്കുക എന്നത് സമയത്തെ ഗൗരവമായി കാണാത്തവരുടെ ഒരു പൊതുസ്വഭാവമാണ്. 'ഇന്നുവേണ്ട, നാളെ ചെയ്യാം' എന്ന് അവര്‍ തങ്ങളോടുതന്നെ മന്ത്രിച്ചുകൊണ്ടിരിക്കുന്നു. നാളെ കൂടുതല്‍ അനുകൂലമായ സാഹചര്യം വരും എന്ന ന്യായം അവര്‍ കണ്ടെത്തുകയാണ്. ഒരു വിധത്തില്‍ പറഞ്ഞാല്‍ ഇത് നമ്മുടെയെല്ലാം ഒരു പൊതുസ്വഭാവമാണ്. ഇംഗ്ലീഷില്‍ ഇതിന് 'പ്രോക്രാസ്റ്റിനേഷന്‍' എന്ന് പറയും. ഇതില്‍നിന്ന് മോചനം നേടുവാന്‍ നാം തീവ്രമായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം. സമയത്തിന്റെയും കഴിവുകളുടെയും ശരിയായ വിനിയോഗത്തെക്കുറിച്ച് പഠിപ്പിക്കുവാന്‍ ഈശോ നല്കിയ താലന്തുകളുടെ ഉപമ സുപരിചിതമാണ്. എത്ര കിട്ടി എന്നുള്ളതല്ല പ്രധാനപ്പെട്ടത്, എങ്ങനെ ഉപയോഗിച്ചു എന്നതാണ്. പക്ഷേ കൂടുതല്‍ കിട്ടിയവന് കൂടുതല്‍ ബാധ്യതയുണ്ട്. എന്നാല്‍ കുറച്ചുകിട്ടിയവന്‍ അത് കുഴിച്ചുമൂടുന്നതില്‍ ഒരു ന്യായീകരണവുമില്ല എന്നുതന്നെ. വിശുദ്ധ മത്തായി എഴുതിയ സുവിശേഷത്തില്‍ ഇത് താലന്തുകളുടെ ഉപമ എന്ന പേരിലാണ് അറിയപ്പെടുന്നതെങ്കില്‍ വിശുദ്ധ ലൂക്കായുടെ സുവിശേഷത്തില്‍ അത് പത്തുനാണയത്തിന്റെ ഉപമയാണ്. ഈ രണ്ട് ഉപമകളുടെയും പൊതുസ്വഭാവം, നല്കിയ യജമാനന് കണക്ക് ചോദിക്കുന്നു എന്നതാണ്. താലന്ത് ഉപയോഗിക്കാതിരുന്നവന് ശകാരിക്കപ്പെടുന്നു എന്നുമാത്രമല്ല, അവന് നല്കപ്പെട്ടത് അവനില്‍നിന്ന് എടുത്തുമാറ്റപ്പെടുകയും ചെയ്യുന്നു. കൂടാതെ അവന് കഠിനമായി ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ആരൊക്കെയാണ് സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുന്നത് എന്നതിന്റെ ഒരു സൂചന ഈ ഉപമയിലൂടെ നല്കുന്നു. വിശുദ്ധ മത്തായി ശ്ലീഹാ നല്കുന്ന ആമുഖവിവരണം ഇപ്രകാരമാണ്: "ഒരുവന് യാത്ര പുറപ്പെടുന്നതിനുമുമ്പ് ഭൃത്യന്മാരെ വിളിച്ച് തന്റെ സമ്പത്ത് അവരെ ഭരമേല്പിച്ചതുപോലെയാണ് സ്വര്‍ഗരാജ്യം" (വിശുദ്ധ മത്തായി 25/14). സമയത്തിന്റെയും കഴിവുകളുടെയും ദൈവഹിതാനുസാരമുള്ള ശരിയായ വിനിയോഗം ഭൗതികവിജയത്തിനു മാത്രമല്ല, ആത്മരക്ഷയ്ക്കും അത്യന്താപേക്ഷിതമാണെന്നല്ലേ ഇത് സൂചിപ്പിക്കുന്നത്. നമുക്ക് പ്രാര്‍ത്ഥിക്കാം: കര്‍ത്താവേ, അവിടുന്ന് എനിക്ക് നല്കിയ സമയവും ആയുസും കഴിവുകളും അങ്ങയുടെ സൗജന്യദാനമാണല്ലോ. അങ്ങയുടെ മുമ്പില്‍ ഇവയുടെ കണക്ക് ബോധിപ്പിക്കേണ്ടതാണെന്ന ചിന്താഭാരത്താല് എന്നെ നിറച്ചാലും. പരിശുദ്ധാത്മാവായ ദൈവമേ, അങ്ങയുടെ പ്രകാശം ഈ മേഖലയില്‍ എനിക്ക് നല്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, കര്‍ത്താവിന്റെ പ്രീതിക്ക് പാത്രമാകുന്ന വിധത്തില്‍ ജീവിക്കാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
By: കെ.ജെ. മാത്യു
Moreഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാന്‍... ഒരു ആശ്രമദൈവാലയത്തില്‍ വാര്‍ഷികധ്യാനം നടക്കുകയായിരുന്നു. ദൈവാലയത്തിനു പുറത്ത് സ്റ്റേജിലാണ് ധ്യാനം. ഞാന്‍ കുമ്പസാരം കഴിഞ്ഞ് ദൈവാലയത്തിനുള്ളില്‍ ഇരിക്കുകയായിരുന്നു. പുറത്ത് സ്തുതിപ്പും പാട്ടുമൊക്കെ നടക്കുന്നുണ്ടെങ്കിലും അതൊന്നും ആ ദൈവാലയത്തിനുള്ളിലെ നിശബ്ദതയെ ഭേദിക്കാത്തത് എന്നെ ആശ്ചര്യപ്പെടുത്തി. ആ നിശബ്ദതയില്‍ മനസിലേക്കുവന്ന ഒരു ചോദ്യം ഞാന്‍ വ്യക്തമായി കേട്ടു. "എന്തുകൊണ്ട് നിനക്കും ഒരു വൈദികനായിക്കൂടാ...?" ആ ചോദ്യത്തോടുകൂടിയാണ് എന്റെ ദൈവവിളി ആരംഭിക്കുന്നത്. മനസില്‍നിന്നുയര്‍ന്ന ചോദ്യം സക്രാരിക്കുള്ളിലെ ദിവ്യകാരുണ്യനാഥനില്‍നിന്നുമാണ് വന്നതെന്ന് ഞാന്‍ മനസിലാക്കി. അന്നുമുതല്‍ ദിവ്യകാരുണ്യ ഈശോയോട് ഒരു പ്രത്യേക ഇഷ്ടം തോന്നിത്തുടങ്ങി. അതിനുശേഷം ദിവ്യകാരുണ്യത്തെക്കുറിച്ച് കൂടുതലായി അറിയാനുള്ള ആഗ്രഹമായി. ആന്റണി നെറ്റിക്കാട്ടച്ചന്റെ 'ദിവ്യകാരുണ്യ അത്ഭുതങ്ങള്‍' എന്ന പുസ്തകം പലയാവര്‍ത്തി വായിച്ച് ദിവ്യകാരുണ്യനാഥന്റെ സ്നേഹത്തില്‍ ആഴ്ന്നുപോവുകയും കൂടുതല്‍ അറിയാനുള്ള ആഗ്രഹം വളരുകയും ചെയ്തുകൊണ്ടിരുന്നു. കൂടാതെ വിശുദ്ധ പാദ്രേ പിയോയുടെ വിശുദ്ധ കുര്‍ബാനയോടുള്ള അതീവമായ ഭക്തിയും സ്നേഹവും നിരന്തരം എന്നെ ദിവ്യകാരുണ്യത്തിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു. പക്ഷേ, ആ നാളുകളില്‍ ഒരിക്കല്‍പ്പോലും വിശുദ്ധ കുര്‍ബാനയ്ക്കുമുന്നില്‍ സമയം ചെലവഴിക്കുന്നതിനെക്കുറിച്ചോ ഏകാന്ത പ്രാര്‍ത്ഥനകളുടെ ശക്തിയെക്കുറിച്ചോ എനിക്കറിവില്ലായിരുന്നു. സെമിനാരിയില്‍ ചേര്‍ന്നതിനുശേഷമാണ് ഏകാന്ത പ്രാര്‍ത്ഥനയിലേക്ക് കടക്കുന്നത്. സെമിനാരിയിലെ ആദ്യത്തെ ദിവസംതന്നെ എനിക്ക് അതിനുള്ള പ്രേരണ ഉണ്ടായി. നിശാപ്രാര്‍ത്ഥനയ്ക്കുശേഷം എല്ലാവരും എഴുന്നേറ്റുപോകുമ്പോള്‍ ദൈവാലയത്തിനുള്ളില്‍ ഈശോ തനിച്ചാകുമല്ലോ എന്ന ചിന്ത എന്റെയുള്ളില്‍ നിറഞ്ഞു. അന്നുമുതല്‍ എല്ലാ ദിവസവും അരമണിക്കൂറെങ്കിലും ദിവ്യകാരുണ്യത്തിന്റെ മുന്നില്‍ നിശബ്ദനായിരിക്കുന്നത് ശീലമാക്കി. ഒരു ദിവസം ചാപ്പലില്‍ ഇരിക്കുമ്പോള്‍ ശക്തമായൊരു പ്രലോഭനം ഉണ്ടായി. ഉള്ളിലിരുന്നാരോ എഴുന്നേറ്റു പോകാന്‍ പറയുന്നതുപോലെ. ഞാന്‍ എഴുന്നേറ്റു മുട്ടുകുത്തി കുരിശുവരയ്ക്കാനാരംഭിച്ചു. അപ്പോള്‍ ഉള്ളില്‍നിന്ന് മറ്റൊരു സ്വരം ഞാന്‍ കേട്ടു. "എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോകല്ലേടാ." ഞാന്‍ ഞെട്ടിപ്പോയി. വീണ്ടും ചാപ്പലില്‍ത്തന്നെ ഇരുന്നു. ഏകാന്തവും നിശബ്ദവുമായ പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ഇത്തരത്തില്‍ എഴുന്നേറ്റു പോകാന്‍ തോന്നുമ്പോള്‍ ഇപ്പോഴും ഇങ്ങനെയൊരു തേങ്ങല്‍ കേള്‍ക്കാറുണ്ട്. അന്നുമുതല്‍ ഞാന്‍ മറ്റൊരു കാര്യവുംകൂടി മനസിലാക്കിത്തുടങ്ങി. ഓരോ മനുഷ്യനോടും ഈശോയ്ക്ക് ഒരുപാടൊരുപാട് സംസാരിക്കാനുണ്ട്. ഏറെ കളിതമാശകള്‍ പറയുവാനുണ്ട്. നമ്മുടെ ജീവിതത്തിനാവശ്യമായ തിരുത്തലുകള്‍ അവിടുത്തേക്ക് നല്‍കാനുണ്ട്. പക്ഷേ, നമ്മുടെ ഉച്ചസ്ഥായിയിലുള്ള പ്രാര്‍ത്ഥനകള്‍ക്കും അപേക്ഷകള്‍ക്കുമിടയില്‍ അവിടുത്തെ സ്വരം നാം ശ്രവിക്കാതെ പോകുന്നു. അവിടുത്തേക്ക് പറയുവാനുള്ളതൊന്നും നാം കേള്‍ക്കുന്നില്ല. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സോറെന് കീര്‍ക്കെഗോറിന്റെ അഭിപ്രായത്തില്‍ പ്രാര്‍ത്ഥന എന്നത് ദൈവസന്നിധിയില്‍ പ്രശാന്തതയോടെ നിശ്ചലനായിരിക്കുക എന്നതും ദൈവം സംസാരിക്കുന്നത് കേള്‍ക്കുവോളം കാത്തിരിക്കുക എന്നതുമാണ്. വിശുദ്ധ കുര്‍ബാനയിലെ ഈശോയുടെ ശാന്തമായ സ്വരം ശ്രവിക്കണമെങ്കില്‍ നമ്മുടെ ജീവിതത്തില്‍ നിശബ്ദത അനിവാര്യമാണ്. ആവിലായിലെ വിശുദ്ധ അമ്മത്രേസ്യ മണിക്കൂറുകള്‍ മുട്ടിന്മേല് നിന്നതിന്റെ ഫലമാണ് കര്‍മലീത്താസഭയുടെ നവീകരണവും 'സുകൃതസരണി' എന്ന ഗ്രന്ഥവുമൊക്കെ. സാന്‍ ഡാമിയാനോ ദൈവാലയത്തിലെ നിശബ്ദതയില്‍കേട്ട യേശുവിന്റെ സ്വരത്തില്‍നിന്നാണ് ഫ്രാന്‍സിസ് അസീസി രണ്ടാം ക്രിസ്തുവിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഈശോപോലും നിശബ്ദതയില്‍ പിതാവിനോ ട് പ്രാര്‍ത്ഥിക്കുന്നതായി വചനത്തില്‍ നാം കാണുന്നു. "അതിരാവിലെ അവന് ഉണര്‍ന്ന് ഒരു വിജനസ്ഥലത്തേക്ക് പോയി. അവിടെ അവന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു" (മര്‍ക്കോസ് 1/35). ഏറെ ആശങ്കകളും നെടുവീര്‍പ്പുകളും ഓട്ടപ്പാച്ചിലുകളും ശബ്ദമുണ്ടാക്കുന്ന ഈ ലോകത്ത് എല്ലാം മറന്ന് അല്പസമയം ദിവ്യകാരുണ്യനാഥന് കൊടുക്കാന്‍ തീരുമാനിച്ചാല്‍ അതുതന്നെ മതിയാകും നമ്മുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാന്‍. ദിവ്യകാരുണ്യത്തിന്റെ മുമ്പിലിരിക്കുമ്പോള്‍ അവിടുത്തെ സ്നേഹത്തില്‍ നാം അലിഞ്ഞുചേരും. ഉത്തരം കിട്ടാതെ മനസില്‍ കൊണ്ടുനടക്കുന്ന ഒരുപാട് ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടും. പ്രതിസന്ധികളെ മറികടക്കാനുള്ള ഊര്‍ജം അവിടുന്ന് നമുക്ക് തരും. "അന്യസ്ഥലത്ത് ആയിരം ദിവസത്തെക്കാള്‍ അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നത് കൂടുതല്‍ അഭികാമ്യമാണ്" (സങ്കീര്‍ത്തനങ്ങള്‍ 84/10).
By: ബ്രദര്‍ ആൻസൻ ജോസ്
Moreഇത്തരത്തിലുള്ള അസൂയ ആത്മീയവളര്‍ച്ചക്ക് നല്ലതാണ്! ഏകദേശം ഒരു വര്‍ഷത്തോളം അലമാരക്കുള്ളിലായിരുന്നു ആ ഡയറിയുടെ സ്ഥാനം. നട്ടെല്ലിലേക്ക് ഈശോയുടെ സ്നേഹം ആഴ്ന്നിറങ്ങിയ എന്റെ രോഗാവസ്ഥയുടെ ആദ്യനാളുകളില്‍ ദിവസത്തിന്റെ ഏറിയപങ്കും കട്ടിലില്‍ മാത്രമായി തീര്‍ന്നു. അപ്പോള്‍ ഉടലെടുത്ത ഉള്‍പ്രേരണയാല്‍ ആദ്യമായി അത് കയ്യിലെടുത്തു. ഏതാണ്ട് നാല് വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അത്. ഐസ്ക്രീമും ചോക്കലേറ്റും ആര്‍ത്തിയോടെ കഴിക്കുന്ന കുഞ്ഞിനെപ്പോലെ ഞാനും വായിക്കാന്‍ തുടങ്ങി. എന്റെ അന്തരാത്മാവില്‍ മുന്‍പെങ്ങും അനുഭവിക്കാത്ത ഒരു ദാഹം. ഒരു മാസക്കാലം മറ്റ് പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ല. ഡയറിയിലൂടെ പലപ്പോഴും ഞാന്‍ നടന്നു പോകുന്ന പോലെ ഒരു തോന്നല്‍... ശരിക്കും അതെന്നെ അസൂയപ്പെടുത്തി. പോളണ്ടില്‍ ഗ്ലോഗോവിയെക് എന്ന ഗ്രാമത്തില്‍ ഭക്തരായിരുന്ന നിര്‍ധന കര്‍ഷകകുടുംബത്തിലെ പത്തു മക്കളില്‍ മൂന്നാമത്തവള്‍ ആയിരുന്നു ഹെലന്. ഭക്തിയിലും പ്രാര്‍ത്ഥനാ ചൈതന്യത്തിലും അനുസരണയിലും വളര്‍ന്ന അവള് കുടുംബത്തിന്റെ ദാരിദ്ര്യം മൂലം പതിനാലാമത്തെ വയസ്സില്‍ പട്ടണങ്ങളില്‍ വീട്ടുവേല ചെയ്തു. സന്യാസ ജീവിതം പുല്കാനുള്ള ആഗ്രഹം മാതാപിതാക്കളുടെ എതിര്‍പ്പുമൂലം ഉള്ളില്‍ ഒതുക്കി. പിന്നീട് മഠത്തില്‍ ചേരാന്‍ പല മഠങ്ങളുടെ പടിവാതിലുകള്‍ മുട്ടിയെങ്കിലും ആരും അവളെ സ്വീകരിച്ചില്ല. ഒടുവില്‍ വാര്‍സോയിലെ കരുണയുടെ മാതാവിന്റെ മിണ്ടാമഠത്തില്‍ എത്തി. സിസ്റ്റര്‍ മരിയ ഫൗസ്റ്റീന എന്ന പുതിയ പേര് സ്വീകരിച്ച് ആ സന്യാസ സമൂഹത്തില്‍ അംഗമായിത്തീര്‍ന്നു. ഈ സന്യാസ സമൂഹത്തിന്റെ പല മഠങ്ങളിലും കുശിനിക്കാരിയായും തോട്ടക്കാരിയായും വാതില്‍ സൂക്ഷിപ്പുകാരിയുമായാണ് അവള്‍ക്കു നിയമനം ലഭിച്ചത്. അവളുടെ അസാധാരണമായ മിസ്റ്റിക് ജീവിതത്തെപ്പറ്റി ആര്‍ക്കും മനസ്സിലാക്കുക സാധ്യമായിരുന്നില്ല. സന്യാസജീവിതത്തിന്റെ എല്ലാ നിയമങ്ങളും വിശ്വസ്തതയോടെ പാലിച്ച് കാരുണ്യത്തോടെ, നിസ്വാര്‍ത്ഥസ്നേഹത്തോടെ അവള് സദാ വ്യാപരിച്ചിരുന്നു. തന്റെ ജീവിതം ദൈവത്തോട് ഗാഢമായി ഐക്യപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമത്തിലും ആത്മാക്കളുടെ രക്ഷക്കായി യേശുവിനോടൊത്തു സ്വയം ബലിയാകുന്നതിലും അവള് ശ്രദ്ധ കേന്ദ്രീകരിച്ചു. വളരെ ശ്രദ്ധാപൂര്‍വ്വം ഡയറിക്കുറിപ്പുകള്‍ വായിക്കുകയാണെങ്കില്‍ ദൈവവുമായുള്ള അവളുടെ ആത്മൈക്യത്തിന്റെ തീവ്രത മനസ്സിലാകും. മാത്രമല്ല അവളുടെ ആത്മാവില്‍ അനുഭവിച്ചിരുന്ന ദൈവസാന്നിധ്യത്തിന്റെ ആഴവും ക്രിസ്തീയ പരിപൂര്‍ണ്ണതക്കു വേണ്ടിയുള്ള അവളുടെ പരിശ്രമങ്ങളും പോരാട്ടങ്ങളും കണ്ടെത്താന്‍ കഴിയും. കര്‍ത്താവ് വലിയ കൃപകളാല്‍ അവളെ നിറച്ചു. ധ്യാനസായൂജ്യം, ദൈവകരുണയെക്കുറിച്ചുള്ള ആഴമായ അറിവ്, ദര്‍ശനങ്ങള്‍, വെളിപാടുകള്‍, അദൃശ്യമായ പഞ്ചക്ഷതങ്ങള്‍, പ്രവചനവരം, പരഹൃദയജ്ഞാനം. വരദാനങ്ങളാല്‍ ജീവിതം സമ്പന്നമായിരുന്നെങ്കിലും അവള് ഇപ്രകാരം എഴുതുന്നു.... "കൃപകളോ ആനന്ദ പാരവശ്യങ്ങളോ മറ്റെന്തെങ്കിലും ദാനങ്ങളോ ഒരാത്മാവിനെയും പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നില്ല. ദൈവവുമായുള്ള ഗാഢമായ ഐക്യം മാത്രമാണ് അതിനെ പരിപൂര്‍ണ്ണതയില്‍ എത്തിക്കുന്നത്. എന്റെ വിശുദ്ധിയുടെയും പരിപൂര്‍ണ്ണതയുടെയും അടിസ്ഥാനം ദൈവഹിതവുമായി എന്റെ മനസ്സിനെ പൂര്‍ണ്ണമായി ഐക്യപ്പെടുത്തുന്നതിലാണ്." (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 1107) സ്നേഹത്തിന്റെ ഏറ്റവും കൂടിയ രൂപമായ ദൈവകരുണ എന്ന മഹാരഹസ്യം മറ്റാര്‍ക്കും വെളിപ്പെടുത്താതെ ഈശോ വിശുദ്ധ ഫൗസ്റ്റീനക്ക് വെളിപ്പെടുത്തി എന്ന് വായിച്ചപ്പോള്‍ എനിക്ക് അസൂയ തോന്നി. കാരണം അവള് ഈശോയെ എത്രമാത്രം സ്നേഹിച്ചിരുന്നിരിക്കണം?!! ഡയറി വായിക്കാന്‍ തുടങ്ങിയത് മുതല്‍ വിശുദ്ധ ഫൗസ്റ്റീനയോടു ഒരു പ്രത്യേകസ്നേഹം ഉടലെടുക്കാന്‍ തുടങ്ങി. സ്നേഹം കൂടിയപ്പോള്‍ പേരൊന്നു ചുരുക്കി 'ഫൗസ്റ്റു' എന്നാക്കി. ഡയറിക്കുറിപ്പുകള്‍ അനേകര്‍ക്ക് സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. അങ്ങനെ രണ്ടര വര്‍ഷത്തോളം കടന്നുപോയി. ഒരു ദിവസം ഞാന്‍ ഫൗസ്റ്റുവിനോട് ചോദിച്ചു, "ഞാന്‍ ചെയ്യുന്നതൊന്നും കാണുന്നില്ലേ? എനിക്ക് എന്തെങ്കിലും ഒരു ഗിഫ്റ്റ് തന്നുകൂടേ?" എന്തായാലും വിശുദ്ധയുടെ തിരുസ്വരൂപമോ തിരുശേഷിപ്പോ ഒന്നും കയ്യില്‍ ഇല്ല. അടുത്ത ഫീസ്റ്റ് ദിനത്തിന് മുന്‍പ് എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ഡയറിക്കുറിപ്പുകള്‍ ഷെയര്‍ ചെയ്യുന്നത് നിര്‍ത്തിയേക്കുമെന്ന് ഒരു ഭീഷണിയും മുഴക്കി. വിശുദ്ധയുടെ ഇടപെടലുകള്‍ ആയിടെയാണ് ഫേസ്ബുക്കിലൂടെ ഒരു വൈദികന് മെസ്സേജ് ചെയ്യുന്നത്. എന്റെ അഡ്രസ്സ് ചോദിച്ചു. അദ്ദേഹത്തെ എനിക്ക് നേരിട്ട് പരിചയം ഇല്ല. ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യുന്ന ഡയറിക്കുറിപ്പുകള്‍ വായിക്കാറുണ്ടെന്നും വിശുദ്ധ ഫൗസ്റ്റീനയോടുള്ള സ്നേഹത്തെപ്രതി ഒരു സമ്മാനം അയച്ചു നല്‍കാനാണെന്നും പറഞ്ഞു. തൊട്ടടുത്ത ദിനങ്ങളില്‍ പോളണ്ടില്‍നിന്നും കൊണ്ടുവന്ന വിശുദ്ധ ഫൗസ്റ്റീനയുടെ തിരുശേഷിപ്പുള്ള ഒരു ജപമാലയും വിശുദ്ധയുടെ തിരുസ്വരൂപവും അയച്ചു കിട്ടി. വിശുദ്ധയുടെ തിരുനാള്‍ദിനത്തിന് മുന്‍പായി വലിയൊരു അത്ഭുതവും ഉണ്ടായി. എന്റെ സഹോദരസ്ഥാനീയനായ ഒരു വ്യക്തി 'ഹെഡ് ഇഞ്ചുറി' ആയി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. തലയില്‍ മൂന്ന് സ്ഥലങ്ങളിലായി ഇന്റേണല്‍ ബ്ലീഡിംഗ് ഉണ്ട്. വളരെ ചെറുപ്പം. ആശുപത്രിയില്‍ കടന്നു ചെന്നപ്പോള്‍ വിശുദ്ധ ഫൗസ്റ്റീനയുടെ തിരുശേഷിപ്പ് രോഗിയുടെ ശിരസ്സില്‍ വച്ച് മണിക്കൂറുകളോളം ദൈവകരുണക്കായി പ്രാര്‍ത്ഥിച്ചു. ആറ് മണിക്കൂറുകള്‍ക്കുശേഷം എടുക്കുന്ന സ്കാനില്‍ ബ്ലീഡിങ് കൂടിയാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. വിശുദ്ധ ഫൗസ്റ്റീനയുടെ ശക്തമായ ഇടപെടല്‍മൂലം തുടര്‍ന്നുള്ള സി.ടി സ്കാനില്‍ ബ്ലീഡിങ് പുതുതായി കണ്ടില്ല. പിറ്റേന്ന് രാവിലെ എം.ആര്.ഐ എടുത്തതിലും ബ്ലീഡിങ് കൂടിയില്ല. ഏതാണ്ട് മൂന്നു ദിവസങ്ങള്‍ക്കകം ഡിസ്ചാര്‍ജ് ആയി വീട്ടിലെത്തി. വിശുദ്ധ ഫൗസ്റ്റീന തന്റെ ജീവിതം പാപികള്‍ക്കുവേണ്ടി ഒരു ബലിയായി സമര്‍പ്പിച്ചു. തന്മൂലം നിരവധിയായ സഹനങ്ങളെ അവള് നേരിടേണ്ടി വന്നു. സഹനങ്ങള്‍ പാപികളുടെ ആത്മരക്ഷക്കായി കാഴ്ചവച്ചു. ജീവിതത്തിന്റെ അവസാന നാളുകളില്‍ ദഹനേന്ദ്രിയങ്ങളെയും ശ്വാസകോശത്തെയും ക്ഷയരോഗം ബാധിച്ചു. പരിപൂര്‍ണ്ണ വിശുദ്ധിയില്‍ പതിമൂന്നു വര്‍ഷങ്ങള്‍ സന്യാസ ജീവിതം നയിച്ച് മുപ്പത്തിമൂന്നാം വയസില്‍ അവള് തന്റെ മണവാളനരികിലേക്കു പോയി. 1938 ഒക്ടോബര്‍ 5-നാണ് അവള് ദൈവത്തില്‍ നിത്യമായി അലിഞ്ഞുചേര്‍ന്നത്. വിശുദ്ധ ബൈബിള്‍ കഴിഞ്ഞാല്‍ നാമെല്ലാവരും വായിച്ചിരിക്കേണ്ട ഒരു ഗ്രന്ഥമാണ് വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി എന്നാണ് എന്റെ തോന്നല്‍. 'ഈശോയേ, അങ്ങയെ സ്നേഹിക്കുന്നതില്‍ എന്നെ പുറകിലാക്കാന്‍ ആരെയും ഞാന്‍ അനുവദിക്കില്ല' എന്ന വിശുദ്ധ ഫൗസ്റ്റീനയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് നമുക്കും ഈശോയെ സ്നേഹിക്കാം.
By: ആന്‍ മരിയ ക്രിസ്റ്റീന
Moreകുട്ടിയായിരിക്കുമ്പോള്‍ പലതവണ ഉണ്ടായിട്ടുണ്ട്, ഇത്തരം അനുഭവങ്ങള്‍… അത്ര ശ്രദ്ധയൊന്നുമില്ലല്ലോ. റോഡില്‍ക്കൂടി നടന്ന് പോവുമ്പോള്‍ ചില നേരങ്ങളില്‍ അറിയാതെ ചളിയിലോ ചാണകത്തിലോ ചവിട്ടിപ്പോവും. കാര്യം നമുക്ക് പെട്ടെന്ന് മനസിലാകും, പിന്നെ ഒന്നും നോക്കില്ല. അടുത്തെവിടെയാണോ പുല്ലുള്ളത്, അവിടെ പോയി കാലിട്ട് ഉരയ്ക്കും. കഴുകിക്കളയാന്‍ സാധ്യതയുണ്ടെണ്ടങ്കില് കഴുകിക്കളയും. എങ്ങനെയെങ്കിലും കാലില്‍ പറ്റിയത് കളയണം, വല്ലാത്ത അസ്വസ്ഥതയാണല്ലോ… അതോടെ നമ്മുടെ നടത്തത്തിന്റെ വേഗത കുറയുന്നു, ആ മണം നമ്മെ ബുദ്ധിമുട്ടിക്കുന്നു. ചവിട്ടുമ്പോഴുണ്ടാകുന്ന ശബ്ദം അരോചകമായി തോന്നുന്നു… അങ്ങനെയങ്ങനെ… ആദ്ധ്യാത്മികജീവിതത്തില്‍ പാപത്തില്‍ വീഴുന്നവനും ഇതുപോലെതന്നെയാണ് കേട്ടോ. എത്രയും വേഗം പാപക്കറ കഴുകിക്കളഞ്ഞില്ലെങ്കില്‍ നമ്മുടെ പ്രവൃത്തികളെ പതിയെ ബാധിച്ച് തുടങ്ങും, ക്രമേണ ഒരു ആത്മീയ തളര്‍വാതം സംഭവിക്കും, ജാഗ്രതൈ. ഈശോ തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്ന സംഭവം ശ്രദ്ധിക്കുക. അയാളുടെ പാപം മോചിക്കുകയാണ് ഈശോ ആദ്യമേ ചെയ്തത്. "മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു” (മത്തായി 9/2). അതിനുശേഷമാണ് അവിടുന്ന് "എഴുന്നേറ്റ് നിന്റെ ശയ്യയുമെടുത്ത് വീട്ടിലേക്ക് പോവുക” (മത്തായി 9/6) എന്ന് കല്പിക്കുന്നത്. ആ തളര്‍വാതരോഗി എഴുന്നേറ്റ് വീട്ടിലേക്ക് പോയി എന്ന് തിരുവചനത്തില്‍ നാം തുടര്‍ന്ന് വായിക്കുന്നു. വര്‍ഷങ്ങളായി കുമ്പസാരമില്ലാതെ കഴിയുന്നവരുടെ തളര്‍വാതം എനിക്ക് ചിന്തിക്കാനേ പറ്റുന്നില്ല. ഇങ്ങനെ ചെളിയില്‍ ചവിട്ടിപ്പോകുന്നത് പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കട്ടെ. വിശുദ്ധ കുമ്പസാരത്തിലൂടെ അത് നീക്കിക്കളഞ്ഞ് സുഗമമായി നടക്കാന്‍ നമുക്ക് സാധിക്കട്ടെ. അങ്ങനെ ശ്രദ്ധയോടെ ചരിച്ച് വിശുദ്ധിയിലേക്ക് നടന്നടുക്കാം, ആമ്മേന്‍.
By: ഫാദർ ജോസഫ് അലക്സ്
Moreകുറച്ചു ദിവസങ്ങളായി ഒരു മനുഷ്യന് രോഗിയായി ആശുപത്രി കിടക്കയിലാണ്. ഐസൊലേഷന്‍ മുറി ആവശ്യമുള്ള രോഗി. തത്കാലം മുറിയുടെ ലഭ്യതക്കുറവ് മൂലം അദ്ദേഹത്തെ പ്രത്യേകമായി സജ്ജീകരിച്ച മറ്റൊരു മുറിയില്‍ ആണ് കിടത്തിയിരുന്നത്. എല്ലും തോലുമായ ശരീരം. വാരിയെല്ലുകള്‍ എണ്ണാവുന്ന വിധത്തിലാണ്. ആ ശരീരത്തില്‍ വളരെ വീര്‍ത്തു കെട്ടിയ ഉദരം. ദേഹം മുഴുവന്‍ മഞ്ഞ നിറം. കണ്ണുകള്‍ കൂടുതല്‍ മഞ്ഞനിറത്തില്‍ പുറത്തേക്ക് തള്ളിയിരിക്കുന്നു. ശ്വാസം എടുക്കാന്‍ അദ്ദേഹം ഏറെ ബുദ്ധിമുട്ടുന്നു, ഓക്സിജന്‍ കൊടുക്കുന്നുണ്ട്. ഒരുപാട് നഴ്സുമാര്‍ മാറിമാറി അദ്ദേഹത്തെ ശുശ്രൂഷിക്കുന്നുണ്ട്. അദ്ദേഹത്തെ കാണുമ്പോഴുള്ള ഒരു ഭയാനകത്വം അവിടെ ചര്‍ച്ചയായിരുന്നു. ഒടുവില്‍ എന്റെ ഊഴം എത്തിച്ചേര്‍ന്നു. രാവിലെ ജോലിക്കായി അദ്ദേഹത്തിനടുത്തേക്ക് കടന്നുചെന്നു. ഈശോയേ, നമുക്ക് ഇന്ന് എന്തെങ്കിലും ഈ സഹോദരനുവേണ്ടി ചെയ്യണം കേട്ടോ എന്ന് പറഞ്ഞിട്ട് ഈശോയെ കൂടെ കൂട്ടി. അദ്ദേഹത്തോട് ഗുഡ് മോര്‍ണിംഗ് പറഞ്ഞു. രാത്രിയില്‍ ഉറങ്ങിയോ? രാവിലെ പ്രഭാതഭക്ഷണം കഴിച്ചോ എന്നെല്ലാം ചോദിച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തോടൊപ്പം അല്പനേരം ചെലവഴിച്ചു. കഴിക്കാതെ മാറ്റിവച്ചിരിക്കുന്ന പ്രഭാതഭക്ഷണം എന്റെ ശ്രദ്ധയില്‍പ്പെട്ടു. രോഗാവസ്ഥ കൊണ്ടുതന്നെ അദ്ദേഹം വളരെ അവശനാണ്. ഭക്ഷണം കഴിക്കാന്‍ കുറച്ചു ദിവസങ്ങളായി തോന്നുന്നില്ല, പലപ്പോഴും കൊണ്ടു വന്ന ഭക്ഷണം കളയേണ്ടിവരുന്നു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ എന്തോ ദുഃഖഭാരത്താല്‍ നിറയുന്നപോലെ… കട്ടിലിനടുത്തുള്ള ഒരു കസേരയില്‍ ഞാന്‍ ഭക്ഷണവുമായി ഇരുന്നു. മരുന്ന് കഴിക്കാനുള്ളതാണെന്നും ഭക്ഷണം കഴിച്ചേ മതിയാകൂ എന്നും ഞാന്‍ ശഠിച്ചു. അല്പം പിണക്കത്തോടെ ആ കണ്ണുകള്‍ എന്നെ നോക്കി. പെട്ടന്നാണ് ഡോക്ടര്‍ മുറിയിലേക്ക് കടന്നു വന്നത്. ഭക്ഷണം കഴിക്കുകയാണെങ്കില്‍ പിന്നീട് വരാം എന്ന് പറഞ്ഞു ഡോക്ടര്‍ മടങ്ങാന്‍ ഒരുങ്ങി. അദ്ദേഹം ഡോക്ടറോട് പരിശോധിച്ച് കൊള്ളാന്‍ ആവശ്യപ്പെട്ടു. ഹോസ്പിറ്റലില്‍ അഡ്മിഷന് ആകാനും തുടര്‍ന്നുള്ള ചികിത്സക്ക് നല്‍കാനും തന്റെ കയ്യില്‍ ഒന്നുമില്ലെന്ന് അദ്ദേഹം ഡോക്ടറോട് പറഞ്ഞു. അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്, വലിയ കടബാധ്യതയില്‍ ആണ് കുടുംബം. നാണക്കേടും ഭയവും മൂലം അദ്ദേഹം വീട്ടില്‍ പോകാതെയായി. കടങ്ങള്‍ തീര്‍ത്ത ശേഷം ഭാര്യയെയും മക്കളെയും നേരിട്ട് കാണാന്‍ പോകണം എന്ന് ആഗ്രഹമുണ്ട്. എന്റെ ജീവന് രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ ഉണ്ടെങ്കില്‍ ഡോക്ടര്‍ എനിക്കുവേണ്ടി ചെയ്യണം. ഞാന്‍ മുഴുവന്‍ പണവും പിന്നീട് തിരിച്ചടച്ചുകൊള്ളാം. ഇതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നൊഴുകിയ കണ്ണുനീരിന് നിര്‍വചിക്കാനോ അളക്കാനോ കഴിയാത്തൊരു ചൂട് ഉള്ളതുപോലെ… ഡോക്ടര്‍ അല്പനേരം നിശബ്ദത പാലിച്ചു. ഒടുവില്‍ ജീവന് രക്ഷിക്കാനുള്ള ക്രിട്ടിക്കല്‍ അവസരങ്ങളില്‍ പരിഗണിക്കുന്ന ഒരു വഴി ചെയ്യാമെന്ന് വാക്കു നല്കി തിരിച്ചു പോയി. ‘ഇനി എന്റെ കഥ പറയാം’ എന്ന് പറഞ്ഞുകൊണ്ട് ഈശോ എന്റെ ജീവിതത്തില്‍ ചെയ്ത ചില അത്ഭുതങ്ങള്‍ അദ്ദേഹത്തോട് വിവരിച്ചു. സ്പൂണ്‍ കൊണ്ട് ഞാന്‍ ഭക്ഷണം വാരി കൊടുക്കുന്നതിനിടക്ക് ഒരു കൊച്ചുകുട്ടിയെപ്പോലെ അദ്ദേഹം ശാന്തതയോടെ ഈശോയെ കേട്ടുകൊണ്ട് ഭക്ഷണം കഴിച്ചു. കഥ കേട്ട് ഭക്ഷിക്കുന്ന കൊച്ചുകുഞ്ഞിനെപ്പോലെ അന്നത്തെ പ്രഭാതഭക്ഷണം മുഴുവനായും കഴിച്ചു. അദ്ദേഹത്തിനുള്ള മരുന്നുകള്‍ എടുക്കാനായി പോയപ്പോള്‍ ഈശോ സംസാരിച്ചു. ആ രോഗിക്കു വേണ്ടി ദൈവകരുണയില്‍ ആശ്രയിച്ചു പ്രാര്‍ത്ഥിക്കുക. മരുന്നുകളെല്ലാം കൊടുത്ത ശേഷം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. താങ്കള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചോട്ടെ? അക്രൈസ്തവനായിരുന്നിട്ടുകൂടി അദ്ദേഹം പറഞ്ഞു, "നീ നിന്റെ ദൈവത്തോട് എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.” അല്പനേരം ഈശോയെ സ്തുതിച്ചു. പിന്നീട് ഒരു കരുണയുടെ ജപമാല ആ രോഗിക്ക് വേണ്ടി ചൊല്ലി പ്രാര്‍ത്ഥിച്ചു.”ഈശോയേ നിന്റെ മകന് അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ വീഴ്ചകളുടെയും മേല്‍ കരുണയായിരിക്കണമേ. അങ്ങയുടെ ഹിതം ഈ മകന്റെ മേല്‍ നിറവേറണമേ. "ഇത്രയും പ്രാര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം ആമേന്‍ എന്ന് ആവര്‍ത്തിച്ചു ഏറ്റു പറഞ്ഞു കൊണ്ടിരുന്നു. ദൈവസാന്നിധ്യത്താല്‍ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനു മുന്‍പ് അദ്ദേഹത്തിനുള്ള മുറി ലഭിച്ചു. അവിടെ കൊണ്ടു ചെന്നാക്കി യാത്ര പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് വല്ലാത്തൊരു സന്തോഷം തിരതല്ലി. നിന്റെ മാതാപിതാക്കളോട് ഞാന്‍ അന്വേഷിച്ചതായി പറയണം എന്ന് എന്നോട് പറഞ്ഞു. പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു ദൈവസ്നേഹവും സമാധാനവും മനസ്സില്‍ നിറഞ്ഞു. അടുത്ത ദിവസം അദ്ദേഹത്തെ കാണാന്‍ പോയി. ഗ്ലാസ് ഡോറിലൂടെ നോക്കിയപ്പോള്‍ ശൂന്യമായ കട്ടില് മാത്രം. എന്റെ മനസ്സ് വിങ്ങി. അദ്ദേഹം പുലര്‍ച്ചെ മരിച്ചുപോയി എന്ന് അറിഞ്ഞു. ഹൃദയത്തില്‍ കഠിനഭാരം അനുഭവപ്പെട്ടു. ആശുപത്രിയുടെ ഇടനാഴികളിലൂടെ നടക്കുമ്പോള്‍ ഈശോയോട് ഒരു ചോദ്യം. "ഈശോയേ അദ്ദേഹം നിന്റെ അടുത്തുണ്ടോ? ഇത്ര വേഗം കൊണ്ടുപോകാന്‍ വേണ്ടിയായിരുന്നോ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞത്??” ഈശോയെക്കുറിച്ച് കേട്ടും അവിടുത്തെ കരുണക്കായി പ്രാര്‍ത്ഥിച്ചും സഹനത്തിന്റെ ലോകത്തു നിന്നും അദ്ദേഹം യാത്രയായി. "കുരിശില്‍ വച്ച് കുന്തത്താല്‍ തുറക്കപ്പെട്ട എന്റെ കരുണയുടെ പ്രവാഹം ഒരാളെപ്പോലും തിരസ്കരിക്കാതെ എല്ലാ ആത്മാക്കള്‍ക്കും വേണ്ടിയുള്ളതാണ്.” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 1182). നാം ആഗ്രഹിച്ചത് ലഭിച്ചില്ലെന്നുകരുതി പ്രാര്‍ത്ഥനകള്‍ പാഴായിട്ടില്ല. മറ്റൊരു വിധത്തില്‍ അവയെല്ലാം ഫലം നല്‍കും. നാഥാന് പ്രവാചകനിലൂടെ ദൈവം ദാവീദിന് അദ്ദേഹത്തിന്റെ കുഞ്ഞ് മരിച്ചുപോകും എന്ന് സന്ദേശം നല്കി. കര്‍ത്താവ് കൃപ തോന്നി കുഞ്ഞിന്റെ ജീവന് രക്ഷിക്കും എന്ന് കരുതി ദാവീദ് ഉപവസിച്ചു പ്രാര്‍ത്ഥിച്ചു. എന്നാല്‍, ദാവീദിന്റെ പ്രാര്‍ത്ഥനയ്ക്ക് വിപരീതമായും ദൈവകരുണ ദാവീദ് പ്രതീക്ഷിച്ച വിധം പ്രകടമാകാതെയും കുഞ്ഞ് മരണപ്പെട്ടു. എങ്കിലും അവന് തന്റെ ദുഖത്തിന്റെ നാളുകള്‍ക്കു വിട പറഞ്ഞുകൊണ്ട് ദൈവാലയത്തില്‍ പോയി അവിടുത്തെ ആരാധിച്ചു. ദാവീദിന്റെ ത്യാഗോജ്വലമായ പ്രാര്‍ത്ഥനയുടെയും ആഴമേറിയ ദുഃഖത്തിന്റെ നടുവില്‍ നടത്തിയ ദൈവാരാധനയുടെയും ഫലം മറ്റൊന്നായിരുന്നു. അന്യപുരുഷന്റെ ഭാര്യയുമായി ശയിച്ചു വ്യഭിചാരം ചെയ്യുകയും ചതിയിലൂടെ അവനെ കൊലപ്പെടുത്തി ഭാര്യയെ സ്വന്തമാക്കുകയും ചെയ്ത ദാവീദ്. തന്റെ ഭര്‍ത്താവിനെ വഞ്ചിച്ച ബേത്ഷബ. കര്ത്താവിന് അനിഷ്ടമായ പ്രവൃത്തി ചെയ്ത രണ്ടുപേര്‍. അവരില്‍നിന്നും ലോകത്തിലെ സര്‍വ്വജ്ഞാനിയായ സോളമന് ജനിച്ചു. ദൈവത്തിന്റെ അനന്തമായ കരുണയും സ്നേഹവും ദാവീദിന്റെ ജീവിതത്തില്‍ വെളിപ്പെട്ടത് ഇപ്രകാരമാണ്. ജീവിതത്തില്‍ പ്രാര്‍ത്ഥനകള്‍ക്ക് വിപരീതമാം വിധം ഉത്തരം ലഭിച്ചാലും നിരാശപ്പെടരുത്. ദാവീദിനെപ്പോലെ നമ്മുടെ ദുഖങ്ങളില്‍നിന്നും എഴുന്നേറ്റ് ദൈവത്തെ ആരാധിക്കുക. സോളമന്റെ ജനനമെന്നോണം നമുക്കായി ദൈവം ഒരുക്കുന്ന അനുഗ്രഹത്തിനുവേണ്ടി കാത്തിരിക്കുക. പ്രതികൂലങ്ങളില് അവിടുത്തെ വചനം നമ്മെ ശക്തിപ്പെടുത്തട്ടെ, "പ്രാര്‍ത്ഥനയില്‍ മടുപ്പു തോന്നരുത്” (പ്രഭാഷകന്‍ 7/10).
By: ആന്‍ മരിയ ക്രിസ്റ്റീന
More2024 നവംബര്‍ നാലാം തീയതി ഞാനും പ്രിയസുഹൃത്ത് ദീപു വില്‍സനും കൂടി മഹാരാഷ്ട്രയിലുള്ള ഒരു മിഷന് സെന്ററിലേക്ക് ട്രെയിന്‍ കയറുകയാണ്. ഒരുമിച്ച് പ്രാര്‍ത്ഥിച്ചും വചനങ്ങള്‍ പങ്കുവെച്ചും വിശേഷങ്ങള്‍ പറഞ്ഞു വലിയ സന്തോഷത്തോടെ ഞങ്ങള്‍ യാത്രയില്‍ മുന്നോട്ടു പോയി. ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഉത്തരേന്ത്യയില്‍ പോയി സുവിശേഷം പങ്കുവയ്ക്കുക എന്നത്. അത് സാധ്യമാകാന്‍ പോവുകയാണല്ലോ എന്ന വലിയ ഒരു ആനന്ദം ഹൃദയത്തില്‍ നിറഞ്ഞു. ട്രെയിന്‍ കേരളം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. ട്രെയിനിലെ ഞങ്ങളുടെ പ്രാര്‍ത്ഥനയും സംസാരവും വചനവായനയും എല്ലാം മറ്റു യാത്രക്കാര്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഉത്തരേന്ത്യയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന പീഡനങ്ങളും സഹനങ്ങളും ഞങ്ങളുടെ മനസ്സിലൂടെ കടന്നുപോയി. ഞങ്ങള്‍ കുറച്ചുകൂടി ശ്രദ്ധയുള്ളവരായി. ഈ സമയത്താണ് ആജാനുബാഹുവായ ഒരു മനുഷ്യന് ഞങ്ങളെ നോക്കി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് ശ്രദ്ധിച്ചത്. ഞങ്ങള്‍ പരസ്പരം പറഞ്ഞു, ‘ചിലപ്പോള്‍ ഒരു മതതീവ്രവാദി ആയിരിക്കും. നമ്മള് ഇനി കൂടുതല്‍ ശ്രദ്ധിക്കണം.’ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ എല്ലാ ധാരണയെയും അതിലംഘിച്ച് ആ വ്യക്തി ഞങ്ങളുടെ മുന്നില്‍ വന്ന് ഇരുന്ന് ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. ഞങ്ങള്‍ക്ക് വലിയ ആശ്വാസമായി. അയാള്‍ സ്വയം പരിചയപ്പെടുത്തി, ”എന്റെ പേര് അലോക് ഭണ്ഡാര. ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്! " ഞാനും എന്റെ കൂട്ടുകാരനും വാസ്തവത്തില്‍ ആശ്വസിച്ചു. കാരണം ഞങ്ങള്‍ പ്രതീക്ഷിച്ച വലിയ ഒരു പ്രതിസന്ധി മാറിപ്പോയി. അലോക് മഹാരാഷ്ട്രയിലെ നാഗ്പൂരാണ് താമസിക്കുന്നത്. ഒരു ഇന്ത്യന്‍ പട്ടാളക്കാരന് ആയിരുന്ന അദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളും ഉണ്ട്. പാപത്തിന്റെയും സഹനത്തിന്റെയും പാതയില്‍ക്കൂടി ഈ വ്യക്തി ഏറെ സഞ്ചരിച്ചിട്ടുണ്ട്. ആ സമയങ്ങളിലാണ് ഗ്രാമത്തിലുള്ള ഒരു ക്രൈസ്തവവിശ്വാസിയിലൂടെ യേശുവിനെക്കുറിച്ച് അറിയുന്നത്. അലോക് പറഞ്ഞത് ഇപ്രകാരമാണ്, യേശുവിനെ അറിഞ്ഞതിനുശേഷം എന്റെ ജീവിതം പകലും രാത്രിയുംപോലെ മാറിപ്പോയി. ഞാനിപ്പോള്‍ യഥാര്‍ത്ഥ ആനന്ദവും സമാധാനവും അനുഭവിക്കുന്നു. യേശുവിനെ അറിഞ്ഞതിനുശേഷം അലോക് ഭണ്ഡാരയുടെ ജീവിതത്തില്‍ രണ്ട് പ്രധാനപ്പെട്ട അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആദ്യം കണ്ടത് മഞ്ഞുമലയില്‍… ഈ സഹോദരന് ഇന്ത്യന്‍ സൈന്യത്തില്‍ സേവനം ചെയ്യുന്ന സമയം. ജമ്മു കാശ്മീരില്‍ ഉള്ള മഞ്ഞുമലനിരകളിലൂടെ, ട്രക്ക് ഓടിച്ച് പോകുകയായിരുന്നു. കൂടെ മറ്റ് ഏഴ് പട്ടാളക്കാര്‍ ഉണ്ട്. നല്ല കാറ്റും മഞ്ഞുവീഴ്ചയും ഉള്ള സമയം. സമയം പാതിരാത്രി ആയതുകൊണ്ടും കാലാവസ്ഥ മോശമായതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് വാഹനം ഓടിച്ചിരുന്നത്. പെട്ടെന്ന് ഒരു വലിയ ചുരത്തിന്റെ അടുത്ത് വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം വലിയ താഴ്ചയിലേക്ക് നിരങ്ങി നീങ്ങുകയായിരുന്നു. മരണമാണ് മുന്നില്‍, അലോക് ഭണ്ഡാര ഉറക്കെ യേശുനാമം വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പിന്നെ കത് അത്ഭുതമാണ്! ഇവരുടെ വാഹനത്തിന്റെ മുന്നിലേക്ക് വലിയ ഒരു മരം കടപുഴകി വീഴാന്‍ തുടങ്ങി. പക്ഷേ അത് വാഹനത്തിന്റെമേല്‍ വീണില്ല. പകരം ഈ മരത്തില്‍ തടഞ്ഞ് വാഹനം നിശ്ചലമായി. ഒരു വലിയ ഗര്‍ത്തത്തിന്റെ മുന്പില് വച്ച് കര്‍ത്താവ് ഇവര്‍ക്ക് വീണ്ടും ജീവന് നല്കി. സങ്കീര്‍ത്തനങ്ങള്‍ 18/33 വചനം പറയുന്നു, "കര്‍ത്താവ് ഉന്നതഗിരികളില്‍ എന്നെ സുരക്ഷിതനായി നിര്‍ത്തി.” അലോക് എന്ന പട്ടാളക്കാരന് പറയുകയാണ് യേശുക്രിസ്തുവിലുള്ള എന്റെ വിശ്വാസം വര്‍ദ്ധിച്ചു. പുഴയിലെ അത്ഭുതം അലോക് സൈനികസേവനത്തില്‍നിന്ന് വിരമിച്ചതിനു ശേഷമാണ് ആ സംഭവം. സ്വന്തം ഗ്രാമത്തില്‍ കുടുംബത്തോടൊപ്പം ജീവിക്കുന്ന സമയം. നല്ല മഴക്കാലമാണ്. ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയിലൂടെ കാട്ടില്‍നിന്ന് നല്ല മരങ്ങള്‍ ഒഴുകിവരുമായിരുന്നു. ആ ഗ്രാമത്തിലുള്ള അനേകം കുടുംബനാഥന്മാരുടെ വരുമാനമാര്‍ഗം, ഈ സമയങ്ങളില്‍ ഒഴുക്കില്‍നിന്ന് നല്ല മരത്തടികള്‍ ശേഖരിച്ച് വില്‍ക്കുന്നതായിരുന്നു. നല്ല ആരോഗ്യമുള്ളവര്‍ക്കുമാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു ജോലി. അലോക് ഭണ്ഡാരയും ഇത് ചെയ്യുമായിരുന്നു. അങ്ങനെ ഒരു ദിവസം സാധാരണ ഒഴുക്കുള്ള പുഴയുടെ തീരത്ത് നിന്നുകൊണ്ട് അലോക് ഭണ്ഡാര മരങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി അദ്ദേഹം ഒരു കാഴ്ച കാണുന്നത്, ഒരു വലിയ മലവെള്ളപ്പാച്ചില്‍ തന്റെ നേരെ വരുന്നു. മരവും കല്ലും എല്ലാം അതിലുണ്ട്. നിമിഷനേരം കൊണ്ട് അലോക് ഭണ്ഡാരയും ഒഴുക്കില്‍ പെട്ടുപോയി. എത്ര ശക്തി ഉപയോഗിച്ചിട്ടും അതില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. താന്‍ മരണത്തെ മുന്നില്‍ കണ്ടു എന്നാണ് അതെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. തന്റെ ഭാര്യയെയും മക്കളെയുമെല്ലാം ഒരു നിമിഷം ഓര്‍ത്തു. ഈ സമയത്താണ് ഉള്ളില്‍ ആരോ പറയുന്നതുപോലെ, യേശുവിന്റെ നാമം വിളിക്കുക. രണ്ടാം പ്രാവശ്യം മുങ്ങി മുകളിലേക്ക് വന്നപ്പോള്‍ ശക്തി സംഭരിച്ച് അദ്ദേഹം യേശുനാമം വിളിച്ചു. ഫിലിപ്പി 2/9 വചനം പറയുന്നുണ്ട്, യേശുവിന്റെ നാമം എല്ലാ നാമത്തെക്കാളും ഉപരിയായ നാമമാണ്. പരിശുദ്ധ അമ്മ യൂറോപ്പില്‍ ഉള്ള മെഡ്ജുഗോറിയ എന്ന ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ട്, ഇപ്രകാരം കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്, മക്കളേ, നിങ്ങളുടെ പ്രതിസന്ധികളില്‍ എന്റെ പുത്രനായ യേശുവിന്റെ നാമം വിളിക്കുക. അവന്റെ നാമം എല്ലാ അന്ധകാരങ്ങളെയും കീറിമുറിക്കുന്ന ശക്തിയാണ്. അവന്റെ നാമം വിളിച്ചു കഴിഞ്ഞാല്‍ സ്വര്‍ഗം തുറക്കപ്പെടുകയും നരകകവാടങ്ങള്‍ അടയ്ക്കപ്പെടുകയും ചെയ്യുന്നു. നിങ്ങള്‍ യേശുവിന്റെ നാമം വിളിക്കുമ്പോള്‍ത്തന്നെ ഞാനും എന്റെ മകനും നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിവരുന്നുണ്ട്. അലോക് ഭണ്ഡാര ഹൃദയത്തിന്റെ അഗാധങ്ങളില്‍ നിന്ന് യേശുവിന്റെ നാമം വിളിച്ചപ്പോള്‍, സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നു. ന്യായാധിപന്മാര് 15/18-19 വചനം സാംസനെക്കുറിച്ച് പറയുന്നു, പ്രതിസന്ധിയില്‍ അവന് കര്‍ത്താവിനെ വിളിച്ച് അപേക്ഷിച്ചു. ദൈവം ലേഹിയില് ഉള്ള് പൊള്ളയായ ഒരു സ്ഥലം തുറന്നു. കര്‍ത്താവ് ഒരുക്കിയ അത്ഭുതകരമായ രക്ഷപ്പെടലിന്റെ തുരുത്തില് കയറി നിന്ന് അലോക് കരമുയര്‍ത്തി ഒരിക്കല്‍ക്കൂടി നിലവിളിയോടെ ദൈവത്തിന് നന്ദി പറഞ്ഞു. പെട്ടെന്നുതന്നെ ആ മലവെള്ളപ്പാച്ചില്‍ നില്‍ക്കുകയും ചെയ്തു. ഒരു നിലവിളിയുടെ മുന്‍പിലും പിന്പിലും മരണവും ജീവനും ഉണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഈ വ്യക്തിയിലൂടെ അനേകം അക്രൈസ്തവസഹോദരങ്ങള്‍ യേശുവിനെ അറിഞ്ഞുകൊണ്ടിരിക്കുകയാണ്. സാധിക്കുന്ന സ്ഥലങ്ങളിളെല്ലാം പോയി തന്റെ ജീവിതസാക്ഷ്യം പങ്കുവെച്ച് യേശുനാമം മഹത്വപ്പെടുത്തുകയാണ് അലോക്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ പരിചയപ്പെട്ടു. അതില്‍ ഒരു സുഹൃത്തിന്റെ മകന് പറയുകയാണ്, ‘എനിക്ക് ഒരു സുവിശേഷപ്രസംഗകന്‍ ആകണം.’ അതുകേട്ട് ഞാന്‍ ചോദിച്ചു, "മോന്റെ കയ്യില്‍ ബൈബിള്‍ ഉണ്ടോ?” അവന് ബാഗില്‍നിന്ന് ബൈബിള്‍ എടുത്ത് അഭിമാനത്തോടെ എനിക്ക് കാണിച്ചുതന്നു. ഈ മകന് പറയുകയാണ് കോളേജില്‍ ഞാന്‍ ഇപ്പോള്‍ യേശുവിന്റെ സാക്ഷിയാണ്. ഞങ്ങള്‍ ഒരുമിച്ച് കൈകോര്‍ത്ത് ഇന്ത്യയുടെ സുവിശേഷവത്കരണത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ ഒരുമിച്ച് ഫോട്ടോ എടുത്തു സ്നേഹം പങ്കുവെച്ചു. ഇവരെ യേശുവിനെ അറിയിച്ച, ആ നല്ല വിശ്വാസികളെ ഞാന്‍ സ്നേഹത്തോടെ ഓര്‍ത്തു. സുവിശേഷത്തിന്റെ ആനന്ദവും ശക്തിയും പങ്കുവയ്ക്കാന്‍ നമുക്കും ഒരുങ്ങാം. മധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെയും സുവിശേഷവേലയിലൂടെയും നമുക്ക് ദൈവരാജ്യത്തിനായി ഉണരാം. ഹല്ലേലുയാ!
By: ജസ്റ്റിന് പുളിക്കന്‍
Moreപെട്ടെന്നാണ് ആ വാര്‍ത്ത സ്കൂളില്‍ കാട്ടുതീപോലെ പടര്‍ന്നത്. സുധീഷിന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചു. ചങ്ങലയില്‍ ഇട്ടിരിക്കുകയാണ്. പലരും സുധീഷിന്റെ അമ്മയെ കാണാന്‍ പോയി. അക്കൂട്ടത്തില്‍ സുധീഷിന്റെ ക്ലാസ്ടീച്ചറും ഉണ്ടായിരുന്നു. സുധീഷിന്റെ അച്ഛനെ നോക്കി പ്രാകുന്ന, പിച്ചും പേയും പറഞ്ഞ് തലമുടി പിച്ചിനിരത്തി ബഹളം വച്ചുകൊണ്ട് ചങ്ങലയില്‍ കിടക്കുന്ന, അമ്മയെ നോക്കി പല അഭിപ്രായങ്ങളും പാസാക്കി മിക്കവരുംതന്നെ കടന്നുപോയി. സുധീഷിന്റെ സഹപാഠികളില്‍ പലരും സുധീഷിന്റെ അമ്മയെ നോക്കി ചിരിയടക്കി. കണ്ടു കടന്നുപോയവരില്‍ ചിലര്‍ അടക്കം പറഞ്ഞു, "ഭ്രാന്തു പണ്ടേ ഉള്ളതാ. ഇപ്പോഴത് മൂത്ത് ചങ്ങലയ്ക്കിടേണ്ടി വന്നു എന്നുമാത്രം. അങ്ങേരുടെ (സുധീഷിന്റെ അച്ഛന്റെ) ഒരു കഷ്ടകാലം.” ഒരു പഴമൊഴി ഇപ്രകാരമുണ്ട്. "ആരാന്റെ അമ്മയ്ക്ക് ഭ്രാന്തുവന്നാല്‍ കാണാന്‍ നല്ല ശേലാണ്.” അമ്മയെനോക്കി നെടുവീര്‍പ്പടക്കി മൂലയില്‍ കുത്തിയിരുന്ന് കരയുന്ന സുധീഷിനെ ആ ടീച്ചര്‍ താങ്ങിയെഴുന്നേല്പിച്ചു. അവനെ മാറോടു ചേര്‍ത്തണച്ച് നെറുകയില്‍ ചുംബിച്ചു. അവന്റെ കണ്ണില്‍നിന്നും കണ്ണീര് തുടച്ചുനീക്കി. ആ ടീച്ചര്‍ അവനോടു പറഞ്ഞു. "മോനേ, സുധീഷേ ഒട്ടും പേടിക്കേണ്ട. നിന്റെയമ്മ തീര്‍ച്ചയായും സുഖപ്പെടും. മോന് നാളെമുതല്‍ തീര്‍ച്ചയായും സ്കൂളില്‍ വന്നുതുടങ്ങണം. നിനക്കൊരു നല്ല ഭാവിയുണ്ട്.” ഒരു ഭ്രാന്തിയുടെ മകനായിട്ട് സ്കൂളില്‍ വരിക എന്നത് സുധീഷിന് വളരെ വേദനാജനകമായ കാര്യമായിരുന്നു. എന്നിരുന്നാലും ആ ടീച്ചറിലൂടെ വെളിപ്പെട്ട ദൈവസ്നേഹം അവനെ താങ്ങിനിര്‍ത്തി. വീണ്ടും സ്കൂളിലെത്തിച്ചു. ടീച്ചര്‍ അവനെ ചേര്‍ത്തുപിടിച്ചു ചോദിച്ചു, "മോനേ സുധീഷ്, നീ ടീച്ചറിനോട് സത്യം പറയണം. നിന്റെ അമ്മയ്ക്ക് നിന്റെ ഓര്‍മവച്ച നാള് മുതല്‍ ഭ്രാന്തുണ്ടായിരുന്നോ? "അവന് പറഞ്ഞു, ”ഇല്ല ടീച്ചര്‍. എന്റെ അമ്മ ഒത്തിരി നല്ലവളായിരുന്നു. എല്ലാവരുംകൂടി എന്റെ അമ്മയെ അങ്ങനെ ആക്കിത്തീര്‍ത്തതാണ്.” അതുപറയുമ്പോള്‍ അവന്റെ കവിള്‍ത്തടത്തിലൂടെ കണ്ണീര് ഒലിച്ചിറങ്ങി. ടീച്ചര്‍ ചോദിച്ചു, "അപ്പോള്‍ മോനേ ഇതെങ്ങനെ സംഭവിച്ചു?” ആ ചോദ്യത്തിനുമുമ്പില്‍ അവന് വല്ലാതെ നിസഹായനായി വിതുമ്പിനിന്നുപോയി. ടീച്ചര്‍ ഒന്നുകൂടി അവനെ ധൈര്യപ്പെടുത്തിക്കൊണ്ടു പറഞ്ഞു, ”മോന് ധൈര്യമായി ഈ ടീച്ചറമ്മയോടു പറഞ്ഞുകൊള്ളൂ. ഈ ടീച്ചര്‍ ഇതാരോടും പറയില്ല.” അവന് പേടിച്ചുപേടിച്ചു പറഞ്ഞുതുടങ്ങി. "എന്റെ അച്ഛനാണ് അമ്മയ്ക്ക് ഭ്രാന്താണെന്ന് എല്ലാവരോടും പണ്ടുമുതലേ പറഞ്ഞുപരത്തിയത്. അച്ഛന് പല സ്ത്രീകളുമായും രഹസ്യബന്ധങ്ങള്‍ ഉണ്ടായിരുന്നു. അമ്മ അതിനെക്കുറിച്ച് അച്ഛനോട് പരാതിപ്പെടുകയും കരയുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ അച്ഛന് അമ്മയെ അടിക്കും. സഹിക്കവയ്യാതെ വരുമ്പോള്‍ അമ്മ ഉച്ചത്തില്‍ കരയും. അതു കേള്‍ക്കുമ്പോള്‍ അയല്‍ക്കാര്‍ ഓടിക്കൂടും. എന്തു പ്രശ്നമെന്നു നാട്ടുകാര്‍ ചോദിക്കുമ്പോള്‍ അമ്മ ഒരുത്തരവും അച്ഛനെതിരായി പറയുകയില്ല. പക്ഷേ അച്ഛന് പറയും, ‘അവള്‍ക്ക് മാനസികരോഗമാണ്. നാട്ടിലുള്ള പെണ്ണുങ്ങളുടെ ഒക്കെ പേരു ചേര്‍ത്തുപറഞ്ഞ് എന്റെ സമാധാനം കെടുത്തും. എന്നെ നിങ്ങള്‍ക്കറിയില്ലേ. സഹികെട്ടു കഴിയുമ്പോള്‍ ഞാന്‍ രണ്ടു പെട കൊടുക്കും. അതിന്റെ ബഹളമാണ് നിങ്ങളിപ്പോഴീ കേള്‍ക്കുന്നത്. ഇനി ഇങ്ങനെയൊരു ബഹളം കേട്ടാല്‍ നിങ്ങളാരും ഇങ്ങോട്ട് ഓടിവരേണ്ട. ഈ നില കൂടിക്കൂടി വന്നാല്‍ നമുക്കിവളെ ഭ്രാന്താശുപത്രിയിലെത്തിക്കാം. അപ്പോള്‍ നിങ്ങളെന്നെ ഒന്നു സഹായിച്ചാല്‍ മതി.” അങ്ങനെ ആ വീട്ടിലേക്കുള്ള അയല്‍ക്കാരുടെ വരവുകള്‍ നിലച്ചു. മാന്യന്മാരില് മാന്യനായ പൊതുപ്രവര്‍ത്തകനായ സുധീഷിന്റെ അച്ഛന് പറഞ്ഞത് അയല്‍ക്കാരും പൊതുജനവും വിശ്വസിച്ചു. ”എന്റെ അമ്മ ഞങ്ങളോടു പറഞ്ഞു. അച്ഛന്റെ ഈവക കാര്യങ്ങളൊന്നും പുറത്താരോടും പറയരുതെന്ന്. ഞങ്ങളുടെ ഭാവി പോകുമെന്ന്. അതുകൊണ്ട് ഞാനും എന്റെ പെങ്ങളും ഇതാരോടും പറഞ്ഞുമില്ല. അങ്ങനെ സുധീഷിന്റെ അമ്മ പൊതുജനത്തിന്റെ മുമ്പില്‍ ഭ്രാന്തിയായിത്തീര്ന്നു. കണ്ണുനീരും കരച്ചിലുമായിട്ടാണ് എന്റെയമ്മ ഇതുവരെ എത്തിയത്,” സുധീഷ് പറഞ്ഞുനിര്‍ത്തി. ഇപ്പോഴെന്തുപറ്റി ഇങ്ങനെ വരാന്‍? ടീച്ചര്‍ അവനോടു ചോദിച്ചു. "മോനേ, പക്ഷേ ഇപ്പോള്‍ നിന്റെയമ്മ കാണിക്കുന്നത് തനി ഭ്രാന്തിന്റെ ലക്ഷണങ്ങളാണല്ലോ.” അവന് പറഞ്ഞു, അതോ ടീച്ചേറേ, അച്ഛന്റെ ചില കൂട്ടുകാര്‍ചേര്‍ന്ന് അച്ഛന്റെ അനുവാദത്തോടുകൂടി അമ്മയെ മാനഭംഗപ്പെടുത്തി. വാക്കത്തിയുമായി അവരെയും അച്ഛനെയും വെട്ടാനൊരുങ്ങിയ അമ്മ ശരിക്കും ഭ്രാന്തിയെപ്പോലായി. ഞാനിതെങ്ങനെ മറ്റുള്ളവരോട് പറയും ടീച്ചേറേ? അച്ഛനെതിരായി മറ്റുള്ളവരോടെന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ക്കും അമ്മയുടെ ഇതേ അനുഭവംതന്നെ ഉണ്ടാകും. അമ്മയ്ക്കെതിരായി അമ്മ ഭ്രാന്തിയാണെന്ന് മറ്റുള്ളവരോടു പറഞ്ഞാല്‍ ദൈവംപോലും ഞങ്ങളോടു ക്ഷമിക്കില്ല. ഞാനും എന്റെ പെങ്ങളും എന്തുചെയ്യണം ടീച്ചര്‍? പുറത്തുള്ളവരെല്ലാവരും ഞങ്ങളുടെ അച്ഛന് പറയുന്നതേ വിശ്വസിക്കൂ.” അച്ഛന്റെയും അമ്മയുടെയും തകര്‍ന്ന ദാമ്പത്യത്തിന്റെ ദുരവസ്ഥകളില്പെട്ടുപോയ രണ്ടു ബാല്യങ്ങളുടെ പിടച്ചിലുകളാണ് നാം മുകളില്‍ കണ്ടത്. ആ ടീച്ചര്‍ അവനെ ഒന്നുകൂടി ചേര്‍ത്തുനിര്‍ത്തി ഉറപ്പിച്ചു പറഞ്ഞു, മോനേ സുധീഷേ, ദൈവം നിങ്ങളെ സഹായിക്കും. എന്റെ മക്കള്‍ അച്ഛനെതിരായോ അമ്മയ്ക്കെതിരായോ ആരോടും ഒന്നും പറയേണ്ട. മോന് യേശുവിനോടു പ്രാര്‍ത്ഥിക്കൂ, യേശു നിങ്ങളെ സഹായിക്കും. ആ ടീച്ചറിലൂടെ കവിഞ്ഞൊഴുകിയ യേശുസ്നേഹത്തിന്റെ അനുഭവം ആ കുടുംബത്തെ വീണ്ടുരക്ഷിച്ചു. സുധീഷിന്റെ അച്ഛന് മാനസാന്തരത്തിലേക്കു കടന്നുവന്നു. അമ്മയുടെ ഭ്രാന്തു മാറി. സുധീഷ്, റോഡിലൂടെ അലയുന്ന മാനസിക രോഗികളെ പുനരധിവസിപ്പിക്കുന്ന ഒരു കേന്ദ്രത്തിലെ പ്രധാനശുശ്രൂഷകനായി. സുധീഷിന്റെ അനുജത്തിയെ നല്ല രീതിയില്‍ വിവാഹം ചെയ്ത് പറഞ്ഞയച്ചു. സമാധാനത്തിന്റെ തീരത്തേക്ക് ദൈവം ആ കുടുംബത്തെ നയിച്ചു. സങ്കീര്‍ത്തനം 27/10-ല്‍ പറയുന്നു: "അപ്പനും അമ്മയും ഉപേക്ഷിച്ചാലും കര്‍ത്താവ് എന്നെ കൈക്കൊള്ളും.” "സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം. എന്നാല്‍ കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാകുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 34/10). പെട്ടുപോയ ഒരു യുവാവിന്റെ കഥ ബാല്യകാലത്ത് എനിക്ക് വളരെ അടുത്തറിയാവുന്ന ഞാന്‍ എന്റെ സ്വന്തം മകനെപ്പോലെ കരുതി സ്നേഹിച്ച ഒരു ആണ്‍കുട്ടിയെക്കുറിച്ച് അവന്റെ യുവത്വത്തിന്റെ കാലഘട്ടത്തില്‍ വളരെ മോശമായതു പലതും കേള്‍ക്കുവാനിടയായി. സ്വന്തം വീട്ടിലെ കനത്ത വിധിവൈപരീത്യങ്ങളുടെയും നിസഹായതകളുടെയും നടുവിലും മനോജിന്റെ (പേര് സാങ്കല്പികം) ജീവിതം അത്രമേല്‍ വിശുദ്ധമായിരുന്നു അന്ന്. കേട്ടതെല്ലാം സത്യമെങ്കില്‍ ഇവനെ എങ്ങനെയെങ്കിലും രക്ഷപെടുത്തിയെടുക്കണം എന്ന ആഗ്രഹത്തിന്റെ തീവ്രതകൊണ്ട് ഞാനവനെ വീട്ടില്‍ വിളിച്ചുവരുത്തി. സാഹചര്യങ്ങളും എന്റെ ആരോഗ്യവും വളരെ വിപരീതമായിരുന്നിട്ടും അങ്ങനെയൊരു സ്നേഹശുശ്രൂഷ നല്കാന് യേശുവിന്റെ സ്നേഹം എന്നെ നിര്‍ബന്ധിച്ചു. വളരെയേറെ കരുണക്കൊന്തകളും ജപമാലകളും അവനും അവന്റെ കുടുംബത്തിനുംവേണ്ടി ചൊല്ലിയതിനുശേഷമാണ് ഞാനവനെ വിളിച്ചത്. അവനോട് ഒത്തിരി സ്നേഹത്തോടെ ചോദിച്ചു, "മോനേ മനോജേ, നീ ഒരു വിശുദ്ധനായ ബാലകനായിരുന്നു നിന്റെ ഇന്നലെകളില്‍. പക്ഷേ ഇപ്പോള്‍ ഞാന്‍ നിന്നെക്കുറിച്ച് കേള്‍ക്കുന്നതൊന്നും ഒട്ടും നല്ല കാര്യങ്ങളല്ല. പറയൂ മോനേ, നിനക്കെന്താണ് സംഭവിച്ചത്? ഞാനൊരിക്കലും നിന്നെ ഒറ്റുകൊടുക്കുകയില്ല.” എന്റെ ആ ചോദ്യത്തിനുത്തരം ഒരു പൊട്ടിക്കരച്ചിലായിരുന്നു. പെട്ടുപോയ ഒരു യുവത്വത്തിന്റെ നിസഹായതയുടെ പിടച്ചിലായിരുന്നു ആ കരച്ചില്. ”എന്റെ ആന്റീ, എന്നെയിന്ന് ഒരു ക്രിമിനലായിട്ടാണ് എന്റെ വീട്ടുകാര്‍ കാണുന്നത്. എന്റെ നാട്ടുകാരും ലോകവും അങ്ങനെതന്നെ കാണുന്നു. എന്നെക്കുറിച്ച് കേട്ടറിഞ്ഞവര്‍ എനിക്കൊരിക്കലും ഒരു നല്ല ജോലി തരില്ല. എന്നെ വിശ്വസിച്ച് ഒരു പെണ്ണിനെയും കെട്ടിച്ചു തരികയുമില്ല. ഞാനെന്തായിരുന്നുവെന്ന് യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയില്‍ അറിയാവുന്നത് ആന്റിക്കുമാത്രമാണ്. എന്റെ അമ്മയ്ക്കുപോലും എന്നെ അറിയില്ല. അവരൊക്കെ എന്റെ ജീവിതത്തില്‍ ഇന്നു കാണുന്ന നെഗറ്റീവായ കാര്യങ്ങള്‍ കണ്ടിട്ടാണ് എന്നെ വിലയിരുത്തുന്നത്. പക്ഷേ ഞാനെങ്ങനെ ഇങ്ങനെ ആയി എന്നറിയാന്‍ ആര്‍ക്കുമൊട്ടു താല്പര്യവുമില്ല ആന്റി.” തുടര്‍ന്ന് അവന് തന്റെ തകര്‍ച്ചയുടെ കഥ പറഞ്ഞു. സ്വന്തം തെറ്റുകൊണ്ടെന്നല്ലാതെ മറ്റുള്ളവരുടെ തെറ്റുകൊണ്ടും തിന്മ നിറഞ്ഞ ജീവിതസാഹചര്യങ്ങള്‍കൊണ്ടും പെട്ടുപോയ പല നിസഹായതകളും തകര്‍ച്ചകളും അവയുടെ പെടച്ചിലുകളും! അതില്‍നിന്ന് സ്വന്തപരിശ്രമംകൊണ്ട് കരകയറാന്‍ കഴിയാതെ പോയി. അവനെ യഥാര്‍ത്ഥത്തില്‍ ഒന്നു മനസിലാക്കുവാനോ ഒരു കൈത്താങ്ങ് കൊടുത്ത് ഉയര്‍ത്തുവാനോ ആരും ഇല്ലാതെപോയി. എല്ലായിടത്തുനിന്നും കുറ്റപ്പെടുത്തലുകള്‍മാത്രം! അതിനിടയില്‍ വന്നുപോയ ചില പാപങ്ങളും പാപാവസ്ഥകളും കരുതിക്കൂട്ടി ദ്രോഹിച്ചവരോടുള്ള പ്രതികാരചിന്തയും. അതാണ് അവനൊരു ക്രിമിനല്‍ പരിവേഷം കൊടുത്തത്. അവന് കണ്ണുനീരോടെ പറഞ്ഞു: "ആന്റീ ഞാനിന്ന് പലരുടെയും കാഴ്ചപ്പാടില്‍ ഒരു പക്കാ ക്രിമിനലാണ്. പക്ഷേ എന്റെ ഹൃദയംകൊണ്ട് എനിക്കങ്ങനെ ആകാന്‍ കഴിയില്ല എന്ന് ആന്റീക്കറിയാമല്ലോ. ഇനിയും മറ്റൊരു കാര്യമുണ്ട്. ഇനിയും മുന്നോട്ട് ദൈവമെന്നെ ഒരു പുണ്യവാളനാക്കി മാറ്റിയാലും എന്റെ ചുറ്റുമുള്ള ലോകം അതംഗീകരിക്കില്ല…” അവന് പറഞ്ഞുനിര്‍ത്തി. ഞാനവനെ ഹൃദയംകൊണ്ട് ചേര്‍ത്തുനിര്‍ത്തി പറഞ്ഞു. "മനുഷ്യര്‍ക്കാണ് ഇത് അസാധ്യമായിട്ടുള്ളത്. പക്ഷേ ദൈവത്തിന് എല്ലാം സാധ്യമാണ്.” "ഞാന്‍ സകല മര്‍ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?” (ജറെമിയ 32/27). ” ഞാനവനെ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഉയര്‍ന്ന പ്രത്യാശയും ദൈവസ്നേഹാനുഭവവും കൊടുത്ത് സന്തോഷത്തോടെ പറഞ്ഞയച്ചു. തുടര്‍ന്നും കരുണക്കൊന്ത ചൊല്ലിയും ജപമാല ചൊല്ലിയും അവനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. നല്ല രീതിയില്‍ അവന്റെ വിവാഹം നടന്നു. സാമാന്യം ഭേദപ്പെട്ട ഒരു നല്ല ജോലി നല്കി ദൈവം അവനെ അനുഗ്രഹിച്ചു. അങ്ങനെ വലിയൊരു പ്രത്യാശയുടെ തുറമുഖത്തേക്ക് ദൈവമവനെ നയിച്ചു. "ഈ ഭൂമിയില്‍ ആരെങ്കിലും ഒരാളെങ്കിലും യഥാര്‍ത്ഥത്തില്‍ എന്നെ മനസിലാക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു ആന്റീ . ആന്റീയെങ്കിലും അതിനു തയാറായല്ലോ, നന്ദി, ആന്റീ നന്ദി. പ്രിയപ്പെട്ടവരേ, പെട്ടുപോയതിന്റെ പിടച്ചിലുകളുമായി നിസഹായതയില്‍ ആരും സഹായിക്കാനില്ലാതെ ഉള്ളിന്റെ ഉള്ളില്‍ കരയുന്ന ഒത്തിരി യുവത്വങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. അവരൊരുപക്ഷേ ഇന്ന് ക്രിമിനല്‍ പരിവേഷം ഉള്ളവരായിരിക്കാം. ആരും ആഗ്രഹിച്ചിട്ടല്ല അവരൊക്കെ ആ രീതിയില്‍ ആയിപ്പോയത്. അവരെ കുറ്റം വിധിക്കാതെ, ഒറ്റപ്പെടുത്താതെ തക്കസമയത്ത് ഒരു താങ്ങു നല്കി നിസഹായതയുടെ നീര്‍ക്കയത്തില്‍നിന്നും അവരെ പിടിച്ചുയര്‍ത്താന്‍ ക്രിസ്തുവിന്റെ സ്നേഹം നമ്മെ നിര്‍ബന്ധിക്കുന്നില്ലേ. ഇതല്ലേ ദൈവം നമ്മില്‍നിന്നും ആഗ്രഹിക്കുന്ന യഥാര്‍ത്ഥ സുവിശേഷപ്രഘോഷണം. ഒരു ഭാര്യയുടെ കദനകഥ ഈ ഭാര്യയും നിസഹായതയില്പെട്ട് പിടഞ്ഞുപോയവളാണ്. ഉയര്‍ന്ന സാമ്പത്തികം കൊടുത്ത് മാന്യമായി മാതാപിതാക്കള്‍ പറഞ്ഞയച്ചവള്‍. സുന്ദരി, ആരോഗ്യവതി, അഭ്യസ്ഥവിദ്യ, സല്‍സ്വഭാവി. ഭര്‍ത്താവ് ഉന്നതമായ വരുമാനമുള്ള ഉന്നത ഉദ്യോഗസ്ഥന്. സമൂഹത്തില്‍ ആദരണീയന്‍. എന്റെ അടുത്തുവന്ന നിമിഷം മുതല്‍ അവള് കരയാന്‍ തുടങ്ങി. പക്ഷേ ആ കരച്ചില് പരിശുദ്ധാത്മാവ് കൊടുത്ത ഒരു കരച്ചിലായിരുന്നു. അവള് പറഞ്ഞു. "വര്‍ഷങ്ങളായി സ്വയംഭോഗത്തിന്റെ ബന്ധനത്തിലാണ് ഞാന്‍. ഞങ്ങള്‍ക്കു കുട്ടികളില്ല. എത്ര പ്രാര്‍ത്ഥിച്ചിട്ടും കുമ്പസാരിച്ചിട്ടും സ്വയംഭോഗത്തിന്റെ ബന്ധനം എന്നെ വിട്ടുപോകുന്നില്ല.” അവള് തന്റെ കദനകഥ പറഞ്ഞു. ഭര്‍ത്താവിന് വിവാഹത്തിന് വളരെ പണ്ടുമുതലേ വേശ്യാസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. പക്ഷേ വിവാഹിതനാകാന്‍ ആഗ്രഹിച്ചതും വിവാഹിതനായതുമെല്ലാം സമൂഹത്തിലെ ഒരു മാന്യതക്കുവേണ്ടിമാത്രം. മാതാപിതാക്കള്‍ വളരെയേറെ ആലോചിച്ചിട്ടും അന്വേഷിച്ചിട്ടുമാണ് തന്റെ പ്രിയമകളുടെ വിവാഹം നടത്തിയത്. അങ്ങനെയൊരു വേശ്യാദോഷം ആരും അയാളെക്കുറിച്ച് ഒരിടത്തുനിന്നും പറഞ്ഞുകേട്ടതുമില്ല. പക്ഷേ ദുര്‍വിധി അവളുടെ ജീവിതത്തെ ക്രൂരമായി കാര്‍ന്നുതിന്നുകയായിരുന്നു. ഭര്‍ത്താവിന് അവളെ തീര്‍ത്തും വേണ്ടായിരുന്നു. അങ്ങനെ അവള് ആ ദുശ്ശീലത്തിന് അടിമയായി. ഒരു വശത്ത് ഒരു യുവഭാര്യയുടെ ശരീരത്തിന്റെയും മനസിന്റെയും ന്യായമായ ആവശ്യങ്ങള്‍. മറുവശത്ത് മനഃസാക്ഷിയുടെ പിടച്ചിലുകള്‍! മാതാപിതാക്കളുടെ ഏകമകളാണവള്‍. ഒരുപക്ഷേ ഇതറിഞ്ഞാല്‍ അവര്‍ ചങ്കുപൊട്ടി ചാകുമെന്നും ആത്മഹത്യ ചെയ്തുപോയേക്കുമെന്നുമുള്ള ഭയം വീട്ടില്‍ ഈ വിവരം അറിയിക്കുന്നതില്‍നിന്നും അവളെ തടഞ്ഞു. അങ്ങനെ പുകയുന്ന ഒരു അഗ്നികുണ്ഠംപോലെയാണ്. ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ചാണ് അവള് എന്റെയടുത്ത് എത്തിച്ചേര്‍ന്നത്. ഈ സംഭവം കേട്ടതിന്റെ ഷോക്കില്‍ ഞാനാകെ നിസഹായയായി തരിച്ചിരുന്നുപോയി. എന്തുപറഞ്ഞ് ഞാനിവളെ ആശ്വസിപ്പിക്കും എന്നറിയാത്ത അവസ്ഥ. ഇങ്ങനെയുമുണ്ടോ ദൈവമേ, ഭൂമിയില്‍ മനുഷ്യര്‍! ഇത്തവണ നിറഞ്ഞൊഴുകിയത് എന്റെ കണ്ണുകളാണ്. ഞാനവളുടെ തലയില്‍ കൈവച്ച് അബോധാവസ്ഥയില്‍ എന്തൊക്കെയോ പ്രാര്‍ത്ഥിച്ചു. അങ്ങനെയേ എനിക്ക് കഴിയുമായിരുന്നുള്ളൂ. പെട്ടെന്ന് ഞാനവളോടു പറഞ്ഞു, "മോളെ, സ്വയംഭോഗം തീര്‍ച്ചയായും പാപമാണ്. കത്തോലിക്കാസഭയും അങ്ങനെതന്നെയാണ് പഠിപ്പിക്കുന്നത്. പക്ഷേ എന്റെ പൊന്നുസഹോദരീ, സഹോദരിയുടെ കാര്യത്തില്‍ ഇത് പെട്ടുപോയതിന്റെ പിടച്ചിലുകളാണ്. കാരുണ്യവാനായ ദൈവം നമ്മുടെ തെറ്റുകള്‍ ക്ഷമിക്കുന്നവനാണ്. നമ്മെ തള്ളിക്കളയുന്നവനല്ല, അവിടുത്തേക്ക് നിന്നെ മനസിലാകും. കാരുണ്യത്തിന്റെ ദൈവമായ അവിടുന്ന് കാര്‍ക്കശ്യത്തിന്റെ മഹാഭീകരനല്ല. കുറ്റബോധം ഉപേക്ഷിച്ച് കുമ്പസാരത്തില്‍ ഏറ്റു പറഞ്ഞ് കരുണയ്ക്കായി പ്രാര്‍ത്ഥിച്ചാല്‍ മതി.” ഒരു നിമിഷം അവളുടെ മുഖം പ്രസന്നമായി. കുറ്റബോധത്തിന്റെയും നിരാശയുടെയും പിടച്ചിലുകള്‍ അവളുടെ മനസില്‍നിന്നും അകന്നുപോയിരുന്നു. ശരിയായി ആശ്വസിപ്പിക്കപ്പെട്ടുതന്നെയാണ് നന്ദിപറഞ്ഞ് പുഞ്ചിരിക്കുന്ന മുഖവുമായി അവള് തിരിച്ചുപോയത്. പിന്നീട് ഒരിക്കലും ഞാനവരെ കാണാന്‍ ദൈവം ഇടവരുത്തിയില്ല. പ്രിയപ്പെട്ടവരേ, ഈ രീതിയില്‍ സ്വന്തം തെറ്റുകൊണ്ടല്ലാതെ പെട്ടുപോയ എത്രപേരുടെ പിടച്ചിലുകളെ യഥാര്‍ത്ഥ സത്യമെന്തെന്ന് തിരിച്ചറിയാതെ നാം നിര്‍ദാക്ഷിണ്യം കുറ്റംവിധിക്കുന്നുണ്ട്. "ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ത്ഥം മനസിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല” (മത്തായി 12/7) എന്ന കരുണാമയനായ യേശുവിന്റെ വചനം നമുക്കുനേരെ പലവട്ടം വിരല്‍ചൂണ്ടിയിട്ടും നാമതിനെ വകവയ്ക്കാതെ അതിനുനേരെ പുറംതിരിഞ്ഞ് നിന്നുകൊണ്ട് നമ്മുടേതായ ബോധ്യങ്ങളില്‍നിന്നും അണുവിട മാറാതെ നമ്മുടേതായ രീതികളില്‍ സുവിശേഷം പറയുന്നു. 2025 ല്‍ എങ്കിലും ഒരു മാറ്റം?! 2025 പ്രത്യാശയുടെ വര്ഷമായിട്ടാണല്ലോ സഭ പ്രഖ്യാപിച്ചിരിക്കുന്നത്. തകര്‍ന്നവനും തകര്‍ച്ചയുടെ പാതയിലൂടെ ചരിക്കുന്നവനും പ്രത്യാശ നല്കി അവരെ ഉയര്ത്തുന്നവരായിട്ടാണ് ഈ വര്‍ഷത്തിലെങ്കിലും നാം രൂപാന്തരം പ്രാപിക്കേണ്ടത്. കര്‍ത്താവ് വീഴുന്നവരെ താങ്ങുന്നു, നിലം പറ്റിയവരെ എഴുന്നേല്പിക്കുന്നു (സങ്കീര്‍ത്തനം 145/15). പാപം പാപമല്ല എന്ന് പഠിപ്പിക്കാനല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നിസഹായതയുടെ തീരങ്ങളില്‍ പെട്ടുപോയതിന്റെ പിടച്ചിലുകളില്‍ കഴിയുന്നവരെ അവരുടെ ഉള്ളില്‍ അവശേഷിക്കുന്ന നേരിയ പ്രത്യാശയെകൂടി തകര്‍ക്കുന്നവരും അവരുടെ വഴികളെ മുള്ളുവേലി കെട്ടി അവര്‍ക്കെതിരെ പ്രതിരോധം ഏര്‍പ്പെടുത്തുന്നവരും ആയി ഇനിയെങ്കിലും നാം മാറാതിരിക്കട്ടെ എന്നാണ്. ഇതു വായിക്കുവാന്‍ ഇടവരുന്ന പ്രിയപ്പെട്ട ദൈവശുശ്രൂഷകരേ, നമ്മള് നടത്തുന്ന വചനപ്രഘോഷണങ്ങളും പ്രബോധനങ്ങളും ഗാനാലാപനങ്ങളും സ്പിരിച്വല്‍ കൗണ്‍സിലിങ്ങും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമെല്ലാം സമ്പൂര്‍ണ വിമോചനത്തിലേക്കും സത്യത്തിന്റെപൂര്ണതയിലേക്കും നമ്മുടെ സഹജീവികളെ നയിക്കുന്നതായി രൂപാന്തരപ്പെടട്ടെ ആമ്മേന്‍. നിരാശയ്ക്കടിമപ്പെട്ട ജീവിതങ്ങളെ പ്രത്യാശയുടെ പൊന്‍വെളിച്ചത്തിലേക്ക് നയിക്കാന്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവേ എന്നില്വന്നു നിറയണമേ എന്ന് നമുക്ക് ആത്മാര്‍ത്ഥമായി ഉള്ളുരുകി പ്രാര്‍ത്ഥിക്കാം. ‘പ്രെയ്സ് ദ ലോര്‍ഡ്, ആവേ മരിയ’
By: സ്റ്റെല്ല ബെന്നി
More