Home/Encounter/Article

ഒക്ട് 24, 2019 1936 0 Elsamma James
Encounter

നിങ്ങള്‍ വിളിക്കുന്ന ദൈവം ഒരത്ഭുതം ചെയ്താല്‍…

വിവാഹം നടക്കുന്ന സമയത്ത് എനിക്ക് കല്‍ക്കട്ടയില്‍ ജോലിയുണ്ടായിരുന്നു. അതിനാല്‍ വിവാഹത്തോടനുബന്ധിച്ചുള്ള അവധി കഴിഞ്ഞ് ഭര്‍ത്താവുമൊത്ത് സ്വദേശമായ കോട്ടയത്തുനിന്ന് വീണ്ടും കല്‍ക്കട്ടയിലേക്ക് പോയി. നാളുകള്‍ കഴിഞ്ഞിട്ടും ഞാന്‍ ഗര്‍ഭിണിയായില്ല. അങ്ങനെയിരിക്കേ യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായി. അതുമായി ബന്ധപ്പെട്ട് ചികിത്സ തേടി കല്‍ക്കട്ട മെഡിക്കല്‍ കോളേജില്‍ എത്തി. അവിടെവച്ച് പരിശോധനകള്‍ നടത്തിയപ്പോഴാണ് അറിയുന്നത്, എനിക്ക് രണ്ട് ഗര്‍ഭപാത്രങ്ങളുണ്ട്. ശാരീരികമായ ഈ സങ്കീര്‍ണ്ണതനിമിത്തം ഗര്‍ഭധാരണം ബുദ്ധിമുട്ടാണ്.

ഈ വിവരം ഞങ്ങള്‍ക്കെല്ലാം വളരെ വിഷമകരമായിരുന്നു. എനിക്ക് വളരെ സങ്കടം… കുട്ടിയായിരിക്കുമ്പോള്‍ വല്യമ്മച്ചിയില്‍നിന്ന് ലഭിച്ച ബോധ്യമനുസരിച്ച് ഞാന്‍ മാതാവിനോട് വളരെയധികം ഭക്തി പുലര്‍ത്തിയിരുന്നു. പഠനംമുതല്‍ ജോലി, വിവാഹം എന്നിങ്ങനെ എല്ലാ കാര്യങ്ങളിലും മാതാവിന്‍റെ മാധ്യസ്ഥ്യംവഴി കര്‍ത്താവിന്‍റെ ഇടപെടല്‍ ഞാന്‍ അനുഭവിച്ചറിഞ്ഞതുമാണ്. ഇത്രയധികം പ്രാര്‍ത്ഥിച്ചിട്ടും എന്തുകൊണ്ടാണ് മാതാവേ ഇങ്ങനെ വന്നത് എന്ന ഒരു ചോദ്യം എന്‍റെ മനസ്സിലുയര്‍ന്നു. എന്തായാലും ഒരു സര്‍ജറി നടത്തി
ഗര്‍ഭപാത്രങ്ങള്‍ ഒന്നിപ്പിച്ചു. എങ്കിലും സര്‍ജറി നടത്തിയ ഡോക്ടര്‍ പല പരിശോധനകള്‍ക്കുശേഷം ഞങ്ങളോട് പറഞ്ഞു, “നിങ്ങള്‍ക്ക് ഒരിക്കലും കുഞ്ഞുങ്ങളുണ്ടാകുകയില്ല. ഇനി എന്തെങ്കിലും കാരണവശാല്‍ കുഞ്ഞുണ്ടാകണമെങ്കില്‍ നിങ്ങള്‍ വിളിക്കുന്ന ദൈവം വലിയ ഒരത്ഭുതം പ്രവര്‍ത്തിക്കണം.”
ആ സര്‍ജറി കഴിഞ്ഞ് ഒരു വര്‍ഷം മുഴുവന്‍ വിശ്രമമെടുക്കേണ്ടി വന്നു. ആ സമയത്ത് ഞാനൊരു നേര്‍ച്ച നേര്‍ന്നു. കല്‍ക്കട്ടയില്‍നിന്ന് നാല് മണിക്കൂറോളം യാത്രാദൂരത്ത് വേളാങ്കണ്ണിപോലെ ദൈവമാതാവിന്‍റെ നാമത്തിലുള്ള ബാന്‍ഡല്‍ ദൈവാലയമുണ്ട്. ഒമ്പത് ആഴ്ചകളില്‍ അവിടെപ്പോയി പരിശുദ്ധ കുർബാന അര്‍പ്പിക്കും, മുട്ടുകുത്തി ജപമാല ചൊല്ലും.

ഈ തീരുമാനമനുസരിച്ച് 1987 ജനുവരിയില്‍ ഞാനും ഭര്‍ത്താവും കൂടി അവിടെപ്പോകാനാരംഭിച്ചു. അറുപതോളം പടികള്‍ കയറിയാണ് ആ ദൈവാലയത്തിലെത്തു
ന്നത്. ആ പടികള്‍ കയറുമ്പോഴും ജപമാല ചൊല്ലിക്കൊണ്ട് പോകും. അങ്ങനെ ദൈവാലയത്തിലെത്തി ബലിയര്‍പ്പിക്കും. അധികം വൈകിയില്ല, ആ മാസംതന്നെ ഞാന്‍ ഗര്‍ഭിണിയായി. ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന ലൂക്കാ 1: 37 തിരുവചനം ഞങ്ങളില്‍
നിറവേറി. എന്നെ പരിശോധിച്ച ഡോക്ടറിന് അത് വലിയ അത്ഭുതമായിരുന്നു.
കുടുംബത്തിലും പരിചയത്തിലുമുള്ള വൈദികരും സിസ്റ്റേഴ്സുമുള്‍പ്പെടെ അനേകരോട് ഞങ്ങള്‍ പ്രാര്‍ത്ഥന ചോദിച്ചു. അവരെല്ലാം എനിക്കായി പ്രാര്‍ത്ഥിച്ചു. ഗര്‍ഭകാലത്തും ജോലിക്കു പോകുകയും വീട്ടുജോലികള്‍ ചെയ്യുകയും ചെയ്തിരുന്നു. ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകാതെ അവിടുന്ന് എന്നെയും കുഞ്ഞിനെയും പരിപാലിച്ചു.
1987 സെപ്റ്റംബര്‍ 29 നു ഞങ്ങൾക്ക് ഒരാണ്‍കുട്ടിയെ ലഭിച്ചു. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും ഒരു ആണ്‍കുട്ടിയെക്കൂടി കര്‍ത്താവ് തന്നു. ഇന്ന് മക്കള്‍ രണ്ടു പേരും ഒമാനില്‍ ജോലി നോക്കുന്നു. മക്കള്‍ ഉണ്ടാകില്ല എന്ന് കേട്ടപ്പോള്‍ ഞങ്ങള്‍ക്കെല്ലാം മനോവിഷമം ഉണ്ടായെങ്കിലും അതെല്ലാം ഇന്നും ജീവിക്കുന്ന യേശുവിനെ അടുത്തനുഭവിക്കാനായിരുന്നു എന്ന് ഇപ്പോള്‍
ഞങ്ങള്‍ തിരിച്ചറിയുന്നു.

 

Share:

Elsamma James

Elsamma James

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles