Home/Enjoy/Article

ആഗ 16, 2023 307 0 Smitha Vimal
Enjoy

നിങ്ങളുടെ കുഞ്ഞ് ഇങ്ങനെ പറഞ്ഞിട്ടുണ്ടോ?

കുഞ്ഞുങ്ങളെ ദൈവഹിതപ്രകാരം വളര്‍ത്തുന്ന നല്ല മാതാപിതാക്കളാകാന്‍ സഹായിക്കുന്ന ലേഖനം

എന്‍റെ സന്തോഷങ്ങളും സങ്കടങ്ങളും ആഗ്രഹങ്ങളും ആകുലതകളുമെല്ലാം അടുത്ത സുഹൃത്തിനോടെന്നപോലെ ഞാന്‍ എന്‍റെ ദൈവത്തോട് പങ്കുവയ്ക്കാറുണ്ട്. ഒരു സന്ധ്യാനേരത്ത് ഡയറിയില്‍ ദൈവത്തിന് ഒരു നിവേദനം എഴുതുകയായിരുന്നു. ഇതുകണ്ട എന്‍റെ മൂത്തമകള്‍ പൊന്നൂസ് അടുത്തുവന്ന് ചോദിച്ചു “അമ്മ എന്നതാ ഇത്ര കാര്യമായി എഴുതിക്കൊണ്ടിരിക്കുന്നത്?” ഞാന്‍ പറഞ്ഞു, “അമ്മ ദൈവത്തിന് ഒരു കത്തെഴുതുവാ.” അതുകേട്ട് കുറച്ചുനേരം പരുങ്ങിനിന്നിട്ട് അവള്‍ ചോദിച്ചു “അമ്മാ, എനിക്കും ഈശോപ്പായോട് ഒരു കാര്യം പറയാനുണ്ട്. അതുകൂടി എഴുതാമോ?” ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. വളരെ ഗൗരവത്തിലാണ് കക്ഷി ഇത് പറയുന്നത്.

ഞാന്‍ എഴുതുന്ന കത്ത്, ഉടന്‍തന്നെ വായിച്ച്, ദൈവം മറുപടി തരും എന്നുള്ള കുഞ്ഞിന്‍റെ ഉറപ്പ് എന്നെ സന്തോഷിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. അതൊന്നും പുറമേ കാണിക്കാതെ ഞാന്‍ കാര്യം ആരാഞ്ഞു. അവള്‍ കുറച്ചു ദയനീയഭാവത്തോടെ പറഞ്ഞു “അമ്മാ, എനിക്ക് ഒത്തിരി വണ്ണം വയ്ക്കാന്‍ പറ്റണേ എന്ന് ദൈവത്തോട് പറയണം.” സംഗതി അത്ര പിടികിട്ടാത്തതുകൊണ്ട് ഞാന്‍ എഴുത്തൊക്കെ നിര്‍ത്തി സൗമ്യമായി, ‘ഒത്തിരി വണ്ണം വച്ചിട്ടിപ്പോ എന്തിനാണ്’ എന്നാരാഞ്ഞു.

അവളുടെ മറുപടി കുറച്ച് വിചിത്രമായിരുന്നു. “വണ്ണം വച്ചാല്‍പ്പിന്നെ ആളുകള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ ഫ്രീയാവും, പിന്നെ കോണ്‍ഫിഡന്‍റ് ആവും, ഹാപ്പിയാവും.” ആളുകള്‍ക്കിടയില്‍ നില്‍ക്കുമ്പോഴുള്ള സ്വാതന്ത്ര്യത്തിനും സന്തോഷത്തിനും ആത്മവിശ്വാസത്തിനും ഈ പറഞ്ഞ വണ്ണവുമായുള്ള ബന്ധം എന്താണെന്ന് ഒരുപക്ഷേ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവാം. ഏറ്റവും വലിയ ജീവിതപ്രശ്നമെന്നപോലെ പൊന്നൂസിനെ അലട്ടിയ ആ ‘വണ്ണക്കഥ’ ഞാന്‍ പറയാം.

പൊന്നൂസ് ജനിച്ച കാലം മുതല്‍ മെലിഞ്ഞ ഒരു കുട്ടിയാണ്. ഭക്ഷണം കഴിക്കാന്‍ നല്ല മടിയുള്ള പ്രകൃതവും. കുഞ്ഞിന് തൂക്കം കുറവാണെന്ന ആള്‍ക്കാരുടെ പരിദേവനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ എന്‍റെ ഉറക്കം കെടുത്തി. സത്യം പറഞ്ഞാല്‍ അന്നുമുതല്‍ ആറുവര്‍ഷം ഞാന്‍ അവളെ വണ്ണം വയ്പ്പിക്കാനുള്ള അക്ഷീണവും അശ്രാന്തവുമായ പരിശ്രമത്തിലായിരുന്നു. കേരളത്തിലേക്കുള്ള ഓരോ യാത്രകളും എന്‍റെ ദുഃസ്വപ്നങ്ങളായി മാറി. ആദ്യത്തെ കുഞ്ഞായതുകൊണ്ടും കുഞ്ഞുങ്ങളെ നോക്കി വലിയ മുന്‍പരിചയം ഇല്ലാത്തതുകൊണ്ടും ആളുകളോട് മറുപടികളൊന്നും പറയാനില്ലാതെ ഞാന്‍ വശംകെട്ടു.

മുനവെച്ച പ്രസ്താവനകള്‍ സമ്മാനിച്ച മുറിവുകളിലൂടെ ഒരുപാട് കണ്ണീര്‍ക്കണങ്ങള്‍ ഞാനൊഴുക്കി. രാവിലെ മുതല്‍ പലപ്പോഴും എന്‍റെ ഭക്ഷണംപോലും ഒഴിവാക്കി, പലതരം വിഭവങ്ങളുമായി കുഞ്ഞിന്‍റെ പിന്നാലെ നടന്ന് ഞാന്‍ സ്വന്തം ആരോഗ്യം താറുമാറാക്കി. ഭാരം കൂടാത്തത് എന്തോ വലിയ പ്രശ്നമാണെന്ന് കരുതി ഒത്തിരി ആശുപത്രികള്‍ ഞാന്‍ കയറിയിറങ്ങിയിട്ടുണ്ട്.

അവസാനം എന്‍റെ ഈ ദുരവസ്ഥ കണ്ട് സഹതാപം തോന്നിയിട്ടാവും ദൈവം എന്‍റെ മുമ്പിലേക്ക് ഒരു പീഡിയാട്രീഷ്യനെ അയച്ചു. പതിവുപോലെ ഡോക്ടറിന്‍റെ മുമ്പിലും ഞാന്‍ എന്‍റെ പരാതിക്കെട്ട് അഴിച്ചു. എല്ലാം ക്ഷമയോടെ കേട്ടിരുന്ന ഡോക്ടര്‍ പുഞ്ചിരിയോടെ എന്നോട് തിരിച്ച് കുറേ ചോദ്യങ്ങള്‍ ചോദിച്ചു. എന്‍റെ ബോധമണ്ഡലം ഉണര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. പരിശോധനകളിലൊന്നും ഒരു കുഴപ്പവുമില്ലാത്ത, വളരെ ആക്റ്റീവായ കുട്ടിയെയുംകൊണ്ട് വെറുതെ ആശുപത്രി കയറി നടക്കുന്നതിലെ വിഡ്ഢിത്തം അന്ന് ഞാന്‍ ജാള്യതയോടെ തിരിച്ചറിഞ്ഞു. എന്നെ വരിഞ്ഞു മുറുക്കിയിരുന്ന എന്തോ ഒന്നിനെ പൊട്ടിച്ചെറിഞ്ഞാണ് ഞാന്‍ അവിടെനിന്നിറങ്ങിയത്.

ഇപ്പോള്‍ ആലോചിക്കുമ്പോള്‍ എനിക്കുതന്നെ ചിരി വരും. പക്ഷേ അന്ന് അത് അങ്ങനെ ആയിരുന്നില്ല. പിന്നീട് ദൈവം അമ്മുവിനെക്കൂടി നല്‍കി ഞങ്ങളെ അനുഗ്രഹിച്ചു. പൊന്നൂസിന്‍റെ നേരെ വിപരീത ശരീരപ്രകൃതിയായിരുന്നു അമ്മുവിന്. പിന്നീടങ്ങോട്ട്, താരതമ്യപഠനത്തിന്‍റെ ഒരു കാലയളവായിരുന്നു. യഥാര്‍ത്ഥമായ ചില ജീവിതപ്രതിസന്ധികള്‍ പരിഹരിക്കുന്ന തിരക്കിലായിരുന്ന ഞാന്‍ അതൊന്നും ചെവിക്കൊണ്ടതുപോലും ഇല്ല. പക്ഷേ പൊന്നൂസിന്‍റെ ഈ അപേക്ഷ ആ കാലഘട്ടത്തിലെ ഓര്‍മകളിലേക്ക് വീണ്ടും കൊണ്ടുപോയി.

എന്തായാലും ആ രാത്രിയില്‍ മറ്റെല്ലാം മാറ്റിവച്ച് ഞങ്ങള്‍ കുറെനേരം സംസാരിച്ചു. ആളുകളുടെ പരാമര്‍ശങ്ങളും കുറ്റപ്പെടുത്തലുകളും പരിഹാസങ്ങളും ചില ഉപദേശങ്ങളും ഇതൊക്കെ കേള്‍ക്കുമ്പോള്‍ എന്‍റെ മുഖത്തുണ്ടായിക്കൊണ്ടിരുന്ന വിഷാദവും വണ്ണം വയ്പ്പിക്കാനായി ഞാന്‍ കാട്ടിക്കൂട്ടിയ പരാക്രമങ്ങളുമെല്ലാം കുട്ടിയെ എത്രകണ്ട് വിഷമിപ്പിച്ചിരുന്നുവെന്ന് ഞാന്‍ വേദനയോടെ മനസിലാക്കി. ഒരിക്കല്‍ അമ്മുവിന് പനി വന്ന് കുറച്ച് തൂക്കം കുറഞ്ഞപ്പോള്‍ പൊന്നൂസിന്‍റെ മുഖത്ത് പ്രകടമായ ആശ്വാസത്തിന്‍റെ പിന്നിലെ ചേതോവികാരം അന്ന് വെളിപ്പെട്ടു.

അവളെ ചേര്‍ത്തുനിര്‍ത്തി നെറുകയില്‍ ചുംബിച്ചുകൊണ്ട്, സൗന്ദര്യം എന്നത് കാണുന്നവരുടെ മനസിലെ സങ്കല്പമാണെന്നും മറ്റുള്ളവരുടെ വികലമായ സങ്കല്പങ്ങളെ തൃപ്തിപ്പെടുത്തേണ്ട ബാധ്യത നമുക്കില്ലെന്നും അവള്‍ക്ക് മനസിലാവുന്ന രീതിയില്‍ പറഞ്ഞുകൊടുത്തു. ഒരാളുടെ യഥാര്‍ത്ഥ സൗന്ദര്യം നിര്‍ണയിക്കുന്നത് അഴകൊത്ത ശരീരമോ നിറമോ ഒന്നുമല്ലെന്നും പിന്നെയോ നമ്മുടെ വ്യക്തിത്വവും മനസില്‍ നിറഞ്ഞു കവിയുന്ന നന്മകളും മൂല്യങ്ങളും സ്നേഹവുമാണെന്നും വിശദീകരിച്ചു. അതെത്രമാത്രം അവള്‍ ഉള്‍ക്കൊണ്ടുവെന്ന് എനിക്കറിയില്ല. എങ്കിലും കത്തിലെഴുതാന്‍ പറഞ്ഞ അപേക്ഷ അവള്‍ കൈയോടെ പിന്‍വലിച്ചു.

മാതൃത്വത്തിന്‍റെ നിര്‍വചനങ്ങളോട് അത്രയ്ക്കൊന്നും നീതി പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു സാധാരണ അമ്മയാണ് ഞാന്‍. എങ്കിലും കുഞ്ഞുങ്ങള്‍ക്ക് ആവശ്യമായിരിക്കുമ്പോള്‍ അവരുടെ കൂടെ ആയിരിക്കുവാനും അവരെ കേള്‍ക്കാനും ഞാന്‍ പരമാവധി ശ്രമിക്കാറുണ്ട്. അതെനിക്ക് വല്ലാത്ത ആനന്ദം തരാറുമുണ്ട്.

താങ്ങാന്‍ പറ്റാത്ത പ്രതിസന്ധികള്‍ ഒന്നുംതന്നെ ഇല്ലെങ്കില്‍, കുട്ടികളെ മാതാപിതാക്കള്‍ അവരുടെ കൂടെ നിര്‍ത്തണം. ഭക്ഷണവും വിദ്യാഭ്യാസവുമെന്നപോലെ അല്ലെങ്കില്‍ അതിലുമുപരിയാണ് കുഞ്ഞുങ്ങളുടെ മാനസിക ആരോഗ്യവും സന്തോഷങ്ങളും. ആരും പൂര്‍ണരല്ല. തെറ്റുകള്‍ പറ്റിയും തിരുത്തിയും ഒക്കെയാണ് നമ്മള്‍ നല്ല അച്ഛനമ്മമാര്‍ ആകുന്നത്. ഓരോ കുഞ്ഞുങ്ങളും വ്യത്യസ്തരാണ്. അതുപോലെ അവരുടെ ദൗര്‍ബല്യങ്ങളും. അനുഭവസമ്പത്തുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് വിലകൊടുക്കുക. “നിന്‍റെ സന്തതികളുടെമേല്‍ എന്‍റെ ആത്മാവും നിന്‍റെ മക്കളുടെമേല്‍ എന്‍റെ അനുഗ്രഹവും ഞാന്‍ വര്‍ഷിക്കും” (ഏശയ്യാ 44/3) എന്ന് കര്‍ത്താവ് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.

അതേസമയംതന്നെ നമ്മുടെ കുട്ടികള്‍ക്കു വേണ്ടത് കൊള്ളാനും ബാക്കിയൊക്കെ തള്ളിക്കളയാനും പഠിക്കുക. മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ അന്ധമായി നമ്മുടെ കുട്ടികളില്‍ അടിച്ചേല്‍പിക്കരുത്. ഇതൊക്കെ സാധ്യമാകണമെങ്കില്‍ നമ്മള്‍ ആദ്യം നമ്മുടെ കുട്ടികളെ അറിയണം. അവരുടെ കുഞ്ഞുകുഞ്ഞു സങ്കടക്കടലുകള്‍ അവരോടൊപ്പം നീന്തണം. കുന്നോളം വലുപ്പത്തില്‍ സ്വപ്നങ്ങള്‍ കാണാന്‍ അവരെ പഠിപ്പിക്കണം. അവരുടെ സന്തോഷങ്ങളില്‍ പങ്കാളിയാവണം. എല്ലാ കാര്യങ്ങളും ചൊല്ലിപ്പഠിപ്പിക്കാന്‍ ശ്രമിക്കാതെ, അങ്ങ് ചെയ്തുകാണിച്ചു കൊടുക്കണം. നമ്മുടെ മക്കളെ കര്‍ത്താവിന് ഭരമേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ “കര്‍ത്താവ് നിന്‍റെ പുത്രരെ പഠിപ്പിക്കും; അവര്‍ ശ്രേയസാര്‍ജിക്കും” (ഏശയ്യാ 54/13) എന്ന തിരുവചനം അവരില്‍ യാഥാര്‍ത്ഥ്യമായിക്കൊള്ളും.

ഇന്ന് നമ്മുടെ കുഞ്ഞോമനകള്‍ക്കായി നീക്കിവയ്ക്കുന്ന നമ്മുടെ സമയമാണ് അവര്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വലിയ മൂലധനം എന്ന് എപ്പോഴും ഓര്‍മിക്കുക. “കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍; ഉദരഫലം ഒരു സമ്മാനവും” (സങ്കീര്‍ത്തനങ്ങള്‍ 127/3) എന്നത് നമുക്കൊരിക്കലും മറക്കാതിരിക്കാം.

Share:

Smitha Vimal

Smitha Vimal

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles