Home/Engage/Article

ഏപ്രി 27, 2023 366 0 Shalom Tidings
Engage

നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി…

ദൈവികദാനമായ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കാന്‍ ദിവ്യകാരുണ്യസന്നിധിയില്‍നിന്ന് കിട്ടിയ ഉപദേശങ്ങള്‍

“കര്‍ത്താവിന്‍റെ ദാനമാണ് മക്കള്‍; ഉദരഫലം ഒരു സമ്മാനവും. യൗവനത്തില്‍ ജനിക്കുന്ന മക്കള്‍ യുദ്ധവീരന്‍റെ കൈയിലെ അസ്ത്രങ്ങള്‍പോലെയാണ്. അവകൊണ്ട് ആവനാഴി നിറക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തില്‍വച്ച് ശത്രുക്കളെ നേരിടുമ്പോള്‍ അവനു ലജ്ജിക്കേണ്ടി വരുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 127/3-5).

ദൈവത്തിന്‍റെ ദാനമായ കുഞ്ഞുങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ മാതാപിതാക്കള്‍ അത്യധികം ശ്രദ്ധ പുലര്‍ത്തേണ്ടിയിരിക്കുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്, ദിവ്യകാരുണ്യ സന്നിധിയില്‍ മക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ കര്‍ത്താവ് നല്കിയ ഉപദേശങ്ങള്‍ പങ്കുവയ്ക്കുന്നു. ഒരു കുഞ്ഞ് വളര്‍ന്നുവരുന്നത് മൂന്ന് ഘട്ടങ്ങളിലൂടെയാണ്.

അനുകരണത്തിന്‍റെ കാലഘട്ടം

ജനനം മുതല്‍ ആറുവയസ് വരെയുള്ള കാലഘട്ടം മാതാപിതാക്കളുടെ സംസാരം, രീതികള്‍, ഇടപെടലുകള്‍, ശൈലികള്‍ അതേപടി അനുകരിക്കുന്ന കാലഘട്ടമാണ്. ഈ ഘട്ടത്തില്‍ മാതാപിതാക്കളില്‍നിന്നും അവരറിയാതെ നന്മതിന്മകളുടെ വിത്തുകള്‍ കുഞ്ഞുങ്ങളുടെ ഹൃദയത്തില്‍ വിതയ്ക്കപ്പെടുന്നു. അതവരുടെയുള്ളില്‍ പൊട്ടിമുളക്കുന്നു. ഏതാണ്ട് 20-22 വയസിനുശേഷം അതിന്‍റെ ഫലം കായ്ക്കാന്‍ തുടങ്ങും. വിതയ്ക്കപ്പെട്ട നന്മയുടെയും തിന്മയുടെയും ഫലങ്ങള്‍. അതുകൊണ്ടാണ് പല മാതാപിതാക്കളും ഇങ്ങനെ പ്രയാസം പറയുന്നത്, ചെറുപ്പത്തില്‍ ഒരു കുഴപ്പവും ഇല്ലായിരുന്നു. വലുതായപ്പോള്‍ പ്രശ്നങ്ങള്‍ ആരംഭിച്ചു. അതിനാല്‍ ആറുവയസുവരെയുള്ള കാലഘട്ടത്തില്‍ ഒരു കുഞ്ഞിന്‍റെ ജീവിതത്തില്‍ മാതാപിതാക്കളുടെ ജീവിതരീതി വളരെ പ്രധാനപ്പെട്ടതാണ്. മാതാപിതാക്കള്‍ വിശുദ്ധരായി ജീവിക്കാന്‍ ശ്രമിക്കുന്നിടത്ത് കുഞ്ഞുങ്ങളും അതുകണ്ട് അനുകരിച്ചുകൊള്ളും. പ്രധാനപ്പെട്ട ഒരു കാര്യം ഈ കാലഘട്ടത്തില്‍ മാതാപിതാക്കള്‍തന്നെ കുഞ്ഞുങ്ങളെ വളര്‍ത്തണം, പകരം തങ്ങളുടെ മാതാപിതാക്കളെ ആ ദൗത്യം ഏല്‍പിക്കരുത് എന്നതാണ്.

നന്മതിന്മകള്‍ വേര്‍തിരിക്കുന്ന കാലഘട്ടം

ആറു വയസുമുതല്‍ പന്ത്രണ്ട് വയസുവരെയുള്ള കാലഘട്ടം. ഈ സമയത്താണ് കുഞ്ഞുങ്ങള്‍ സംശയങ്ങള്‍ ചോദിക്കുന്നത്. എല്ലാ കാര്യങ്ങളെക്കുറിച്ചും അറിയാന്‍ ആഗ്രഹിക്കുന്ന കാലഘട്ടം. Wisdom Time എന്നു വേണമെങ്കില്‍ പറയാം.

മാതാപിതാക്കള്‍ വളരെയധികം ആശയവിനിമയം നടത്തേണ്ട കാലഘട്ടമാണിത്. അങ്ങനെ ഒരു പിന്തുണ ലഭിക്കുന്ന കുഞ്ഞ് ജീവിതത്തില്‍ മാതാപിതാക്കളുമായി ആലോചിക്കാതെ ഒരു തീരുമാനം എടുക്കില്ല. നന്മയെ നന്മയായും തിന്മയെ തിന്മയായും മനസിലാക്കി കൊടുക്കാനും തിന്മയ്ക്ക് പകരം നന്മ ചെയ്യിപ്പിക്കാനും, അതായത് ഒരു ടൗയശെേൗശേേീിമഹ അിമഹ്യശെെ, ഉപയോഗിക്കേണ്ട സമയമാണിത്. ഇതും വളരെ പ്രധാനപ്പെട്ട കാലഘട്ടമാണ്. ജനനം മുതല്‍ പന്ത്രണ്ട് വയസുവരെയുള്ള കാലഘട്ടത്തില്‍ മാതാപിതാക്കളുടെ സാന്നിധ്യവും പിന്തുണയും വളരെ അത്യാവശ്യമാണ്.

തീരുമാനങ്ങളെടുക്കുന്ന കാലഘട്ടം

പന്ത്രണ്ട് വയസുമുതല്‍ സ്വന്തമായി തീരുമാനമെടുക്കാനുള്ള കഴിവ് ഉപയോഗിച്ചു തുടങ്ങുന്ന കാലഘട്ടമാണ്. അതിനുശേഷം- എന്ത് സംസാരിക്കണം, എന്ത് കാണണം, ഏത് വസ്ത്രം ധരിക്കണം, എങ്ങനെ ഇടപെടണം, എന്ത് ആഹാരം കഴിക്കണം, എന്ത് പഠിക്കണം-ഇത്തരം കാര്യങ്ങളിലെല്ലാം സ്വയം തീരുമാനം എടുക്കാനാരംഭിക്കും. അതില്‍ മാതാപിതാക്കളുടെ നേരിട്ടുള്ള സ്വാധീനം ആഗ്രഹിക്കാത്ത കാലഘട്ടംകൂടിയാണിത്.

അതിനാല്‍ത്തന്നെ ഉചിതമായ തീരുമാനങ്ങള്‍ എടുത്ത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ആദ്യ രണ്ട് കാലഘട്ടങ്ങള്‍ പ്രധാനപ്പെട്ടവയാണ്. പന്ത്രണ്ടാം വയസില്‍ യേശുവിനെ കാണാതെ പോയി എന്ന വചനഭാഗം ഈ പശ്ചാത്തലത്തില്‍ കൂടുതല്‍ ശ്രദ്ധേയമാകുന്നു. ആ സമയത്ത് ബാലനായ യേശു സ്വയം തീരുമാനങ്ങള്‍ എടുക്കാന്‍ തുടങ്ങി. പിന്നീട് മാതാപിതാക്കള്‍ക്ക് വിധേയപ്പെട്ടു ജീവിച്ചതും അവന്‍റെ തീരുമാനപ്രകാരംതന്നെയായിരുന്നു. ആയതിനാല്‍ കുട്ടികളുടെ ജീവിതം, നസ്രത്തില്‍ യേശു വളര്‍ന്നതുപോലെ, ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയില്‍ വളര്‍ത്തിയെടുക്കാന്‍, 12 വയസ് വരെയുള്ള ജീവിതത്തില്‍ മാതാപിതാക്കളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. സുഭാഷിതങ്ങള്‍ 22/6 നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ടല്ലോ, “ശൈശവത്തില്‍ത്തന്നെ നടക്കേണ്ട വഴി പരിശീലിപ്പിക്കുക; വാര്‍ധക്യത്തിലും അതില്‍നിന്ന് വ്യതിചലിക്കുകയില്ല.’ ډ

Share:

Shalom Tidings

Shalom Tidings

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles