Trending Articles
തുര്‍ക്കി, ലബനന്, ജോര്‍ദാന്‍, ലിബിയ എന്നീ നാലു രാജ്യങ്ങളുടെ രണ്ട് ഡസനില്‍ അധികം യുദ്ധ വിമാനങ്ങള്‍ രാത്രി സമയത്ത് ഇസ്രായേലിനെ ആക്രമിക്കാനെത്തുന്നു. ഇസ്രായേല്‍ ലേസര്‍ പ്രത്യാക്രമണത്തിലൂടെ അവയെ തകര്‍ക്കുന്ന ഒരു വീഡിയോ ഈ നാളില്‍ കാണുകയുണ്ടായി. നാലു രാജ്യങ്ങള്‍ ഒന്നിച്ച് ആക്രമിക്കാനെത്തുമ്പോഴും ഇസ്രായേല്‍ മറ്റൊന്നും ചെയ്യുന്നില്ല, തങ്ങള്‍ക്കുനേരെ പറന്നടുക്കുന്ന യുദ്ധ വിമാനങ്ങള്‍ ലക്ഷ്യമാക്കി ലേസര്‍ രശ്മികള്‍ അയ്ക്കുക മാത്രമാണ് അവര്‍ ചെയ്തത്. അപ്രകാരം 24-ല്‍പരം യുദ്ധ വിമാനങ്ങളും ലേസര്‍ റേഡിയേഷനിലൂടെ തകര്‍ക്കപ്പെട്ടു.
യഥാര്‍ത്ഥത്തില്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ ഈ ലേസര്‍ രശ്മികളെക്കാള്‍ എത്ര ശക്തമാണ്! എത്ര വലിയ പ്രതിബന്ധങ്ങളും പ്രാര്‍ത്ഥനയുടെ ശക്തിയാല്‍ നിര്‍വീര്യമാക്കപ്പെടുകയില്ലേ? എന്നാല്‍ പലപ്പോഴും നാം അത് തിരിച്ചറിഞ്ഞ് ആ ശക്തി ഫലപ്രദമായി ഉപയോഗിക്കാറുണ്ടോ?
“വിനീതന്റെ പ്രാര്‍ത്ഥന മേഘങ്ങള്‍ തുളച്ചുകയറുന്നു” (പ്രഭാഷകന്‍ 35/20) എന്ന് തിരുവചനം പറയുന്നു.
ആഫ്രിക്കന്‍ സുവിശേഷകനായ ജോണ്‍ മുലിന്‍ഡേയോട് ഒരു സാത്താന് ആരാധകന് പങ്കുവച്ച അയാളുടെ അനുഭവങ്ങള്‍ ജോണ്‍ വെളിപ്പെടുത്തുകയുണ്ടായി. അമ്മയുടെ ഉദരത്തില്‍ ആയിരിക്കെത്തന്നെ പിശാചിന് സമര്‍പ്പിക്കപ്പെട്ടവനായിരുന്നു അയാള്‍. കേവലം 6 വയസുമാത്രമുള്ളപ്പോള്‍പോലും മാതാപിതാക്കള്‍ ഉള്‍പ്പെടെ സകലരും അവനെ ഭയപ്പെടാന്‍ തുടങ്ങി. അത്ര ബീഭത്സമായിട്ടാണ് ആ ബാലനിലൂടെ തിന്മ പ്രവര്‍ത്തിച്ചത്. വളര്‍ന്നപ്പോള്‍ ദുഷ്ടാരൂപികളോട് ചേര്‍ന്ന് സകലവിധ തിന്മപ്രവൃത്തികളും ചെയ്തുപോന്നു.
പ്രധാനമായും ക്രൈസ്തവരെയും ക്രിസ്തീയമായവയെയും തകര്‍ക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. അപ്രകാരം പല ക്രൈസ്തവ ദൈവാലയങ്ങളും അവന് തകര്‍ക്കുകയോ അഗ്നിക്കിരയാക്കുകയോ ചെയ്തിട്ടുണ്ടത്രേ. 20 വയസുള്ളപ്പോള്‍, ഇത്തരുണത്തില്‍ ഒരു ക്രൈസ്തവ ദൈവാലയം തകര്‍ക്കാന്‍ ഇവര്‍ പദ്ധതിയിട്ടു. ആ യുവാവിന്റെ ശരീരം അയാളുടെ സ്വന്തം മുറിയില്‍ ഉപേക്ഷിച്ച്, അരൂപിയായി ദൈവാലയത്തെ ലക്ഷ്യമാക്കി വായുവില്‍ ഉയര്‍ന്നു. അതിശക്തരായ ദുഷ്ടാരൂപികളുടെ വലിയൊരു സൈന്യത്തോടൊപ്പമാണ് അയാള്‍ ദൈവാലയം ആക്രമിക്കാന്‍ ശ്രമിക്കുന്നത്.
അവര്‍ ദൈവാലയത്തിനു നേരെ മുകളിലെത്തിയപ്പോള്‍ അവര്‍ക്ക് അവിടേക്ക് അടുക്കാന്‍ സാധിക്കാത്തവിധം ശക്തമായ ഒരു പ്രകാശവലയം ആ ദൈവാലയത്തെ പൊതിഞ്ഞിരിക്കുന്നതാണ് അവര്‍ കണ്ടത്. പെട്ടെന്ന് ഒരുകൂട്ടം മാലാഖമാര്‍ ആകാശത്ത് പ്രത്യക്ഷപ്പെടുകയും അവര്‍ ഇയാളെയും ദുഷ്ടാരൂപികളെയും ആക്രമിക്കുകയും ചെയ്തു. ഉടന്‍തന്നെ പൈശാചിക ശക്തികളെല്ലാം പരാജയപ്പെട്ട് ഓടിയൊളിച്ചു. ഇയാളെ മാത്രം ദൈവദൂതര്‍ തൂക്കിയെടുത്ത് ദൈവാലയത്തിനുള്ളിലേക്ക് കൊണ്ടുപോയി. ആറ് മാലാഖമാരുണ്ടായിരുന്നു അവര്‍. ദൈവാലയത്തിന്റെ മേല്‍ക്കൂരക്കുള്ളിലൂടെ ഇയാള്‍ ദൈവാലയത്തിനുള്ളില്‍, അള്‍ത്താരക്കുമുമ്പിലേക്ക് നിപതിച്ചു. തദവസരത്തില്‍ ദൈവാലയത്തില്‍ ശക്തമായ പ്രാര്‍ത്ഥനയും ദൈവാരാധനയും നടന്നുകൊണ്ടിരിക്കുകയായിരുന്നു.
പുരോഹിതന് കണ്ണുതുറന്നുനോക്കുമ്പോള്‍ ഇയാള്‍ തന്റെ ശരീരത്തോടെ ദൈവാലയത്തിനുള്ളില്‍ കിടക്കുന്നതാണ് കണ്ടത്. താന്‍ സ്വന്തം മുറിയില്‍ ഉപേക്ഷിച്ചിട്ടുപോന്ന ശരീരം എങ്ങനെ തന്റെ ആത്മാവോടു ചേര്‍ന്നു എന്ന് ഇപ്പോഴും അറിയില്ല എന്നാണ് അയാള്‍ പറഞ്ഞത്. പുരോഹിതനും ജനങ്ങളും ഒരുമിച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ വലിയ വിറയലോടെ അനേകം ദുഷ്ടാരൂപികള്‍ ഈ യുവാവിന്റെ ശരീരത്തില്‍നിന്നും പുറത്തുപോയി. ഒടുവില്‍ സകല തിന്മയുടെ ശക്തികളില്‍നിന്നും വിമോചിതനായ ആ യുവാവ് ക്രിസ്തുവിനെ സ്വീകരിച്ച് അവിടുത്തെ സ്വന്തമായി ജീവിക്കാന്‍ ആരംഭിച്ചു. ഇപ്പോള്‍ യേശുവിന്റെ സ്നേഹം പ്രഘോഷിക്കുന്ന സുവിശേഷകനാണ് അയാള്‍ എന്ന് സുവിശേഷകന് ജോണ്‍ സാക്ഷ്യപ്പെടുത്തുന്നു.
“നീതിമാന്റെ പ്രാര്‍ത്ഥന വളരെ ശക്തിയുള്ളതും ഫലദായകവുമാണ്” (യാക്കോബ് 5/16) എന്ന തിരുവചനത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ സംഭവം. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയെ പരാജയപ്പെടുത്താന്‍ ഒരു ശക്തിക്കും സാധിക്കുകയില്ല. മാത്രമല്ല, എല്ലാ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റുന്ന, അതിശക്തരായ സാത്താനിക ശക്തികളെയും തോല്പിച്ച് ഓടിക്കാന്‍ വിനീതരുടെ പ്രാര്‍ത്ഥനക്ക് സാധിക്കും. അതിനെല്ലാം ഉപരി, തിന്മ കയ്യടക്കി വച്ച് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കളെ യേശുവിനുവേണ്ടി രക്ഷിച്ചെടുക്കാനും പ്രാര്‍ത്ഥനക്ക് ശക്തിയുണ്ട്.
അനേകനാളുകള്‍ പ്രാര്‍ത്ഥിച്ചിട്ടും ഫലം കാണാതെ വന്നാല്‍ ചിലപ്പോഴെങ്കിലും മടുപ്പോടെ നാം പ്രാര്‍ത്ഥന ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ നമ്മുടെ പ്രാര്‍ത്ഥന ഫൈറ്റര്‍ വിമാനങ്ങളെ തകര്‍ക്കുന്ന ലേസറിനെക്കാള്‍ ശക്തമാണെന്നും തിന്മയെ പ്രഹരിച്ച് തകര്‍ക്കാനും നന്മയ്ക്ക് കവചമായി നിലകൊണ്ട് സംരക്ഷിക്കാനും പ്രാര്‍ത്ഥന പോലെ ശക്തമായ മറ്റൊന്നില്ല എന്നും ഈ സംഭവം ഓര്‍മിപ്പിക്കുന്നു.
നിരന്തരം ചോദിച്ചുകൊണ്ടിരുന്നാല്‍ ഉറപ്പായും ലഭിക്കും. തുറക്കുംവരെ മുട്ടിക്കൊണ്ടിരിക്കണം. അപ്പോള്‍ തുറക്കാതിരിക്കാന്‍ കഴിയില്ല. തുടര്‍ച്ചയായി അന്വേഷിച്ചുകൊണ്ടിരുന്നാല്‍ കണ്ടെത്തുകതന്നെ ചെയ്യും; സംശയമില്ല. ഇത് ഈശോയുടെ വാഗ്ദാനമാണ് (മത്തായി 7/7). അതിനാല്‍ ലേസര്‍ രശ്മികളെക്കാള്‍ ശക്തിയേറിയ പ്രാര്‍ത്ഥനയാല്‍ സകല തിന്മകളിന്മേലും വിജയം നേടാം.
കര്‍ത്താവേ, പ്രാര്‍ത്ഥനയുടെ ശക്തി തിരിച്ചറിഞ്ഞ്, നിരന്തരം പ്രാര്‍ത്ഥിക്കാനുള്ള വിശ്വാസവും കൃപയും ഞങ്ങള്‍ക്ക് നല്കണമേ, ആമ്മേന്‍.
Ancimol Joseph
നമ്മുടെ കുറവ് എന്തായാലും അവിടെ ഈശോ ഓടിയെത്തുമെന്ന് ഓര്‍മിപ്പിക്കുന്ന ഒരനുഭവം. വര്‍ഷങ്ങള്‍ക്കുമുമ്പുള്ള അനുഭവമാണ്. ആദ്യമായി കേരളത്തിനു വെളിയില്‍ ഒരു ശുശ്രൂഷയ്ക്കായി ഞാനും നിയോഗിക്കപ്പെട്ടിരിക്കുന്നു. തലസ്ഥാനനഗരിയായ ഡല്‍ഹിയിലാണ് ധ്യാനങ്ങള്‍ നടക്കുന്നത്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമുകള്‍ ഡല്‍ഹിയിലെ പല ഭാഗങ്ങളിലായി ക്രമീകരിക്കപ്പെട്ടിരിക്കുകയാണ്. "നന്നായി പ്രാര്‍ത്ഥിച്ചൊരുങ്ങി തയാറാവുക. ഗാനശുശ്രൂഷയും സ്തുതിയാരാധനയും ചെയ്യേണ്ടത് ഷാനവാസാണ്." ഗ്രൂപ്പ് ലീഡര്‍ അറിയിച്ചു. കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. അന്നും ഇന്നും സുവിശേഷ യാത്രകള്‍ വലിയ ആനന്ദം നല്കുന്നവയാണ്. പുതിയ അഭിഷേകവും ശക്തിയും ലഭിക്കുവാനായി പ്രാര്‍ത്ഥനകള്‍ തുടങ്ങി. പക്ഷേ ഒരു കുറവുണ്ട്, എനിക്ക് നല്ല വസ്ത്രങ്ങളൊന്നുമില്ല. ആകെ ഉള്ളത് ഒരു കറുത്ത പാന്റ്സും രണ്ടു ഷര്‍ട്ടുമാണ്. പിന്നെ യാത്രകള്‍ക്ക് ഉപയോഗിക്കുവാന്‍ പഴയ ഒരു ജീന്‍സും ടീ ഷര്‍ട്ടുമുണ്ട്. പുതിയ ഡ്രസുകള്‍ വാങ്ങുവാന്‍ കൈയില്‍ പണമില്ല. അന്നത്തെ എന്റെ അവസ്ഥയില്‍ ചോദിച്ചാല്‍ ആരും കടം തരികയുമില്ല. അങ്ങനെ വലിയ സന്തോഷത്തിനിടയില്‍ സങ്കടം കയറിവന്നു. എന്തായാലും ദിവസങ്ങള്‍ ഉണ്ടല്ലോ, ദൈവം എല്ലാം ക്രമീകരിക്കുമെന്ന വിശ്വാസത്തില്‍ കാത്തിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഉള്ള ഡ്രസുമായി യാത്ര തിരിക്കേണ്ടി വന്നു. അങ്ങനെ മഹാനഗരമായ ഡല്‍ഹിയിലെത്തി. പുതിയ ജനം, പുതിയ കാഴ്ചകള്‍, പുതിയ അഭിഷേകം - അതായിരുന്നു അവിടെ നടന്ന ശുശ്രൂഷകളുടെ ആകെയുള്ള വിലയിരുത്തല്‍. എല്ലായിടവും വലിയ വേദികള്‍തന്നെ. വന്‍ ജനാവലി എല്ലായിടത്തും ഉണ്ടായിരുന്നു. നമ്മുടെ ദൈവത്തിന്റെ മഹത്വം ഇറങ്ങിവന്ന ശുശ്രൂഷകള്‍, സ്തുതി ആരാധനകള്‍, രോഗശാന്തികള്‍. എല്ലാം നേരിട്ടു കാണുവാനും അതിന് നേതൃത്വം കൊടുക്കുവാനും നല്ല ദൈവം എനിക്കും കൃപ തന്നു. ഓരോ സ്ഥലങ്ങളിലും ശുശ്രൂഷകള്‍. ഒരു പാന്റ്സ് മൂന്നു ദിവസം ഉപയോഗിച്ച് രാത്രിയില്‍ കഴുകിയിടും. പിറ്റേന്ന് രാവിലെ തേച്ച് വീണ്ടും ഉപയോഗിക്കും. ഷര്‍ട്ടിന്റെ കാര്യവും അങ്ങനെതന്നെ. എന്നാല്‍ പലപ്പോഴും ജനത്തിന്റെ കൂടെ ഇറങ്ങി നൃത്തം ചെയ്ത് പാടേണ്ട സമയങ്ങളുമുണ്ടായി. അങ്ങനെ ഒരു വേദിയില്‍വച്ച് പാന്റ്സിന്റെ അടിഭാഗം കുറച്ച് കീറാനിടയായി. അന്ന് ഞാന്‍ ശരിക്കും വിഷമിച്ചു. ജനം നല്ല കൃപയില്‍ ആയതിനാല്‍ ആരും അത് ശ്രദ്ധിച്ചില്ല. പക്ഷേ എനിക്കത് ഭയത്തിന് കാരണമായി. താമസസ്ഥലത്ത് വന്ന് കീറിയ ഭാഗം തുന്നി വച്ചെങ്കിലും എന്റെ ആകുലത വര്‍ധിച്ചു എന്നു പറയാം. "ദൈവമേ, ഇനിയെങ്ങനെ മുമ്പോട്ടു പോകും, ജനത്തിന്റെ ഇടയില്‍വച്ച് പാന്റ്സ് കീറിപ്പോകുമോ?" അങ്ങനെ സംഭവിച്ചാല്‍ ആകെ നാണക്കേടാകുമല്ലോ. ഒരു പരിഹാരം കാണുന്നില്ലല്ലോ, ആരോടു പറയും. ധ്യാനങ്ങള്‍ ഇനിയും ബാക്കി കിടക്കുന്നു. ഒരു വല്ലാത്ത പരീക്ഷണ സമയമായിരുന്നു അത്. എങ്കിലും ഈശോയെ ഞാന്‍ മുറുകെ പിടിച്ചു. പാന്റ്സ് കീറാതെ നോക്കണേ എന്നായിരുന്നു ഹൃദയം നുറുങ്ങിയുള്ള പ്രാര്‍ത്ഥന. ആ യാചന ഈശോ കേട്ടു. അതിനിടെയാണ് ഞങ്ങള്‍ ഒരു മാമോദീസയ്ക്ക് ക്ഷണിക്കപ്പെട്ടത്. ഡല്‍ഹിയിലെ പ്രോഗ്രാമുകളിലെല്ലാം വരുന്ന ഒരു സഹോദരന്റെ രണ്ടാമത്തെ കുഞ്ഞിന്റെ മാമോദീസ. ധ്യാനത്തിന്റെ ഇടയില്‍ ഒരു സന്ധ്യാസമയത്താണ് ആ മാലാഖക്കുഞ്ഞിന്റെ മാമോദീസ നടന്നത്. ദൈവാലയത്തിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം വലിയൊരു ഹോട്ടലില്‍ അവര്‍ അതിഥികള്‍ക്കായി വിരുന്ന് ഒരുക്കിയിരുന്നു. രുചികരമായ ഭക്ഷണം ഞങ്ങള്‍ കഴിച്ചു. പിന്നീട് ഞങ്ങളെ അവര്‍ താമസിക്കുന്ന സ്ഥലത്ത് എത്തിക്കുമെന്നാണ് വിചാരിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള അത്ഭുതം സംഭവിക്കാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. അവര്‍ ഞങ്ങളെ കൊണ്ടുപോയത് ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന തലസ്ഥാനത്തെ വലിയൊരു കടയിലേക്കാണ്. വിശാലമായ ഹാളില്‍ കയറി കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, "ഇവിടെനിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു ജോഡി ഡ്രസ് എടുക്കാം. അതായത് ഒരു പാന്റ്സും ഒരു ഷര്‍ട്ടും. വിലയൊന്നും നോക്കണ്ട, എല്ലാം ഈശോ തരുന്നതാണ്." എന്റെ കാല്പാദത്തിന്റെ അടിയില്‍നിന്നും ഒരു തരം ഷോക്ക് ശരീരം മുഴുവന്‍ നിറഞ്ഞു. അവിടെനിന്നും വിളിച്ചു പറയാന്‍ തോന്നി, എന്റെ ദൈവം നമ്മുടെ ഈശോ ജീവിക്കുന്നുവെന്ന്. എങ്കിലും ആ ആവേശം ഉള്ളിലൊതുക്കി ഞാന്‍ ശാന്തനായി നിന്നു. ടീമില്‍ ഞങ്ങള്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നു. എല്ലാവരും അധികം വില വരാത്ത എന്നാല്‍ നല്ല വസ്ത്രങ്ങളാണ് എടുത്തത്. ഞാനും ഇഷ്ടം തോന്നിയ പാന്റ്സും ഷര്‍ട്ടും എടുത്തു. അങ്ങനെ ദൈവം ചെയ്ത നന്മകള്‍ക്ക് നന്ദി പറഞ്ഞ് ഞങ്ങള്‍ താമസസ്ഥലത്തേക്ക് മടങ്ങി. പിന്നീട് നടന്ന ധ്യാനങ്ങളില്‍ ഞാന്‍ വലിയ ആത്മവിശ്വാസത്തോടെയാണ് ഗാനശുശ്രൂഷയ്ക്കായി കയറിയത്. പുതിയ പാന്റ്സും ഷര്‍ട്ടും ധരിച്ച് പാടിയപ്പോള്‍ പുതിയ അഭിഷേകം തരുവാനും ഈശോ മറന്നില്ല. അന്ന് 'എന്റെ പാന്റ്സ് കീറാതെ നോക്കണേ ഈശോയേ' എന്ന പ്രാര്‍ത്ഥന കേള്‍ക്കുക മാത്രമല്ല അവിടുന്ന് ചെയ്തത് മറിച്ച്, പുതിയ വസ്ത്രങ്ങള്‍ തന്നുകൊണ്ട് എന്നെ അനുഗ്രഹിച്ചു. കൂടാതെ, ഇന്ന് നല്ല വസ്ത്രങ്ങള്‍ ധരിക്കുവാനുള്ള കൃപയും ഈശോ എനിക്ക് തന്നു. അതെല്ലാം ഈശോയുടെ ദാനമാണ്, സമ്മാനമാണ്. അതെ നമ്മുടെ കുറവ് എന്തായാലും അവിടെ ഈശോ ഓടിയെത്തും. ഹൃദയത്തില്‍ നിന്നുള്ള ഒരു വിളി അതുമാത്രം മതി അവിടുത്തേക്ക്. ദൈവരാജ്യത്തിനായി നാം സമര്‍പ്പിക്കുന്നതെല്ലാം ഇരട്ടി അനുഗ്രഹമായി മാറ്റുകതന്നെ ചെയ്യും. മത്തായി 6/33 നമ്മെ ഓര്‍മിപ്പിക്കുന്നുണ്ടല്ലോ, "നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും." ډ
By: Shanavas Francis
Moreകോണ്‍വെന്റില്‍ ചേര്‍ന്ന് സന്യാസജീവിതം നയിക്കണമെന്നത് അവളുടെ വലിയ ആഗ്രഹമായിരുന്നു. പക്ഷേ മാതാപിതാക്കള്‍ അവളെ അതിന് അനുവദിച്ചില്ല. എങ്ങും പോകണ്ടാ, വീട്ടിലിരുന്നു പ്രാര്‍ത്ഥിച്ചാല്‍ മതി. അവര്‍ തീര്‍ത്തു പറഞ്ഞു. അവള്‍ക്ക് വലിയ സങ്കടമായി. എന്നാലും വേണ്ടില്ല, വീട്ടിലിരുന്നു പ്രാര്‍ത്ഥിക്കാമല്ലോ. അങ്ങനെ ആശ്വസിച്ചെങ്കിലും ഏറെ കുടുംബാംഗങ്ങളും നിരവധി ജോലിക്കാരുമുള്ള ആ വലിയ കുടുംബത്തില്‍ ഏകാന്ത ധ്യാനത്തിനും പ്രാര്‍ത്ഥനക്കുമൊന്നും സാഹചര്യം ഉണ്ടായിരുന്നില്ല. ഇനി എന്തുചെയ്യും? ഈശോയോടുതന്നെ ചോദിക്കാം. അവള് തന്റെ ഉറ്റ കൂട്ടുകാരനായ ഈശോയുടെ മുമ്പില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചു. അവിടുന്ന് നല്കിയ പ്രചോദനമനുസരിച്ച്, വീട്ടിലെ നിസാരമെന്നു തോന്നുന്ന ജോലികള്‍ വലിയ സ്നേഹത്തോടെ ചെയ്യാന്‍ അവള് ആരംഭിച്ചു; സിയന്നയിലെ വിശുദ്ധ കാതറിന്. കുലീന കുടുംബാംഗമായിരുന്നെങ്കിലും വിറകുവെട്ടുക, വെള്ളം കോരുക, അപ്പം ചുടുക, തീ കത്തിക്കുക മുതലായ ജോലികളില്‍ അവള് വ്യാപൃതയായി. എന്നാല്‍ കാതറിന് ഇവ ചെയ്തത്, സാധാരണ എല്ലാവരും ചെയ്യുന്നതുപോലെ ആയിരുന്നില്ല, ദൈവസ്നേഹത്താല്‍ ഉജ്ജ്വലിക്കുന്ന ഒരു ഹൃദയത്തോടെയായിരുന്നു അവളുടെ എല്ലാ പ്രവര്‍ത്തനങ്ങളും. ഈശോയോട് സംസാരിച്ചുകൊണ്ട്, പരിശുദ്ധ അമ്മയോടും വിശുദ്ധ യൗസേപ്പിതാവിനോടും മാലാഖമാരോടുമൊക്കെ കളിച്ചും ചിരിച്ചും കൂട്ടുകാരോടൊപ്പമെന്നപോലെ 'എന്ജോയ്' ചെയ്താണ് അവള് ഓരോ നിമിഷവും ചെലവഴിച്ചത്. അതുകൊണ്ടുതന്നെ രാത്രിസമയങ്ങളില്‍ ഒറ്റക്കിരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ അവള്‍ക്ക് ലഭിച്ചിരുന്ന ദൈവസ്നേഹാനുഭവം പകല്‍ ജോലികളില്‍ ആയിരിക്കുമ്പോഴും കാതറിന് ലഭിച്ചുകൊണ്ടിരുന്നു. പിതാവിനുള്ള ഭക്ഷണം തയാറാക്കുമ്പോള്‍, മര്‍ത്തായെപ്പോലെ ഈശോയ്ക്ക് ഭക്ഷണം പാകം ചെയ്യുന്നതുതന്നെയായിട്ടാണ് അവള് നിര്‍വഹിച്ചത്. സ്വന്തം അമ്മയെ പരിശുദ്ധ ദൈവമാതാവായിട്ടും സഹോദരന്മാരെ വിശുദ്ധ അപ്പസ്തോലന്മാരായിട്ടുമാണ് വിശുദ്ധ കാതറിന് ദര്‍ശിച്ചത്. അപ്രകാരം അവള് സ്വര്‍ഗത്തിലെ ശുശ്രൂഷകയായി, സ്വര്‍ഗവാസികളെ ഭൂമിയില്‍വച്ചുതന്നെ ശുശ്രൂഷിക്കുന്ന ആത്മീയ അനുഭവം സ്വന്തമാക്കുകയും ചെയ്തു. ഇപ്രകാരമുള്ള തന്റെ എളിയ പ്രവൃത്തികള്‍ ദൈവത്തെ ഏറെ സന്തോഷിപ്പിക്കുന്നു എന്ന് അവള്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ത്തന്നെ അവള്‍ക്ക് അവയെല്ലാം അനിതരസാധാരണമായ ആനന്ദമാണ് നല്കിക്കൊണ്ടിരുന്നത്. നമ്മുടെ പ്രവൃത്തികള്‍ എത്ര നിസാരങ്ങളായിരുന്നാലും അവ ദൈവത്തെ ശുശ്രൂഷിക്കുന്നതായി നിര്‍വഹിക്കാന്‍ സാധിച്ചാല്‍ അവ ഏറ്റം ശ്രേഷ്ഠവും നമുക്കുതന്നെ ആവേശകരവുമായിരിക്കും. ദൈവത്തെ സേവിക്കുന്നതിനുള്ള അസാധാരണമായ മാര്‍ഗങ്ങള്‍ പൊതുവേ എല്ലാവര്ക്കും ലഭിക്കാറില്ല. എന്നാല്‍ സിയന്നായിലെ വിശുദ്ധ കാതറിനെപ്പോലെ അനുദിനജോലികള്‍ക്കിടയില്‍ ദൈവത്തെ സ്നേഹിച്ചും അവിടുത്തോട് സംസാരിച്ചും ദൈവത്തിനുവേണ്ടിയും ചെയ്യുവാനുള്ള അവസരം ഏവര്‍ക്കും സുലഭമാണ്. അല്പകാര്യങ്ങളില് വിശ്വസ്തന് വലിയ കാര്യങ്ങളിലും വിശ്വസ്തനായിരിക്കുമെന്നാണല്ലോ ഈശോ അരുള്‍ചെയ്തിട്ടുള്ളത്. അതിനാല്‍ ഭക്ഷിക്കുകയോ പാനംചെയ്യുകയോ ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്യുമ്പോഴും അഭിമാനകരമോ അല്ലെങ്കില്‍ അപമാനകരമോ ആയ ഏതു പ്രവൃത്തി ചെയ്യുകയാണെങ്കിലും അത് ദൈവനാമത്തില്‍ ദൈവമഹത്വത്തിനായി നിര്‍വഹിച്ചാല്‍ നിശ്ചയമായും ദൈവതിരുസന്നിധിയില്‍ നാം വിലമതിക്കപ്പെടും. മാത്രമല്ല, അത് നമ്മുടെയും മറ്റുളളവരുടെയും ആത്മരക്ഷക്ക് നിദാനമാകുകയും ചെയ്യും. എല്ലാറ്റിനും ഉപരി ഇത് ദൈവഹിതമാണെന്നതാണ് പരമപ്രധാനം. ډ
By: Shalom Tidings
More'ഫാദര്‍ നിങ്ങള്‍ കത്തോലിക്കനാണല്ലേ?" ഒരുപാട് തവണ ഞാന്‍ ഈ ചോദ്യം നേരിട്ടിട്ടുണ്ട്, "യാ, ഞാന്‍ കത്തോലിക്കനാണ്" എന്ന് മറുപടി നല്കിയാല് ഉടനെ വരും അടുത്ത ചോദ്യം, "എന്താണ് കത്തോലിക്കാ സഭയും മറ്റ് പ്രോട്ടസ്റ്റന്റ് സമൂഹങ്ങളും അകത്തോലിക്കാ സഭകളും തമ്മിലുള്ള പ്രധാനവ്യത്യാസം?" 'അധികാരം!' എന്നായിരിക്കും എന്റെ മറുപടി. എന്താണ് അധികാരം? സഭയ്ക്ക് നമ്മെ പഠിപ്പിക്കാനുള്ള ശേഷിയുണ്ട് എന്നതാണത്. ഓരോ കാര്യവും സത്യമാണോ അല്ലയോ എന്ന പഠനം ആധികാരികമായി നല്കാന് സഭയ്ക്ക് സാധിക്കും. ഞാന്‍ പറയുന്നത് ലോകത്തെങ്ങുമുള്ള വിശ്വാസികളുടെ കൂട്ടായ്മ എന്നതുപോലെ അദൃശ്യമായ ഒരു കാര്യത്തെക്കുറിച്ചല്ല. മറിച്ച് മത്തായിയുടെ സുവിശേഷം 16-ാം അധ്യായത്തില്‍ കാണുന്ന യേശുതന്നെ സ്ഥാപിച്ച സഭയെക്കുറിച്ചാണ്. "ശിമയോനേ, നീ പത്രോസാണ്, ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല." അവിടുന്ന് തുടര്‍ന്നുപറയുന്നു, "സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും." ഇക്കാര്യം വിശദമാക്കാം. യേശു അദൃശ്യമായ ഒരു രാജ്യം സ്ഥാപിക്കാനല്ല വന്നത്. കാരണം അവിടുന്ന് പത്രോസിനോട് പറയുന്നത്, സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും എന്നാണ്. ഇവിടെ യേശു ഏശയ്യായുടെ പ്രവചനം ഉദ്ധരിക്കുകയാണ്. ആ പ്രവചനഭാഗമനുസരിച്ച് രാജ്യത്തില്‍ രാജാവ് എന്ന സ്ഥാനത്തോടൊപ്പം പ്രധാനമന്ത്രിപദവുമുണ്ട്, അതാണ് കൊട്ടാരം കാര്യവിചാരിപ്പുകാരന് എന്ന പദവി. രാജാവിനുവേണ്ടി അധികാരം ഉപയോഗിക്കുന്നത് അദ്ദേഹമാണ്. ഇത് ഏശയ്യാ പ്രവചനം 22-ാം അധ്യായത്തില്‍ കാണാം. ഈ വചനഭാഗത്തെ ആധാരമാക്കി യേശു സഭയ്ക്ക് ഒരു ദൃശ്യമായ ഘടന അഥവാ യഥാര്‍ത്ഥ അധികാരശ്രേണി നല്‍കുന്നതാണ് മത്തായി 16-ല്‍ നാം കാണുന്നത്. 'ഇനി നിനക്ക് എന്റെ നാമത്തില്‍ പഠിപ്പിക്കാം, എന്റെ നാമത്തില്‍ പഠിപ്പിക്കാന്‍ പരിശുദ്ധാത്മാവ് സകല സത്യത്തിലേക്കും നിന്നെ നയിക്കും' എന്ന് യേശു പറയുകയാണ്. പിന്നീട് പത്രോസിന്റെ നേതൃത്വത്തിലുള്ള ശിഷ്യസംഘം ഈ അധികാരം വളരെ ഫലപ്രദമായി ഉപയോഗിക്കുന്ന സന്ദര്‍ഭം അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 15-ാം അധ്യായത്തില്‍ ഉണ്ട്. അപ്പസ്തോലന്മാര് യഹൂദരുടെയിടയില്‍ സുവിശേഷം പ്രഘോഷിക്കുന്ന സമയം. യഹൂദമതത്തിന്റെ പൂര്‍ത്തീകരണമാണ് യേശുവെന്ന് പല യഹൂദരും തിരിച്ചറിഞ്ഞു. അവിടുന്നാണ് അവര്‍ കാത്തിരുന്ന മശിഹാ എന്ന് ബോധ്യപ്പെട്ടവര്‍ ജ്ഞാനസ്നാനം സ്വീകരിച്ച് ക്രൈസ്തവരായി. തുടര്‍ന്ന് പത്രോസ് ഒരു ദര്‍ശനത്തിലൂടെ യഹൂദരല്ലാത്തവര്‍ക്കിടയില്‍ സുവിശേഷം പ്രസംഗിക്കാന്‍ വിളിക്കപ്പെടുകയാണ്. അതേ ദൗത്യത്തിലേക്ക് പൗലോസിനും വിളി ലഭിക്കുന്നു. ആ സമയത്ത് ഒരു ചോദ്യം ഉയര്‍ന്നുവന്നു. അതുവരെയും സുവിശേഷത്തില്‍ വിശ്വസിച്ച യഹൂദരുടെ കാര്യമാണ് ശിഷ്യസംഘത്തിന് പരിചയമുണ്ടായിരുന്നത്. അവര്‍ പരിച്ഛേദനം നടത്തിയിട്ടുള്ളവരും പഴയ ഉടമ്പടിയിലുള്ളവരും ആയതിനാല്‍ പുതിയ ഉടമ്പടിയുടെ പൂര്‍ത്തീകരണത്തിനായി അവര്‍ക്ക് ജ്ഞാനസ്നാനം നല്കിയാല്മാത്രം മതി. എന്നാല്‍ വിജാതീയര്‍ക്ക് സുവിശേഷം നല്കുമ്പോള്, അവരെ ആദ്യം പരിച്ഛേദനം ചെയ്തിട്ട് തുടര്‍ന്ന് ജ്ഞാനസ്നാനം നല്‍കണോ അതോ ജ്ഞാനസ്നാനംമാത്രം നല്കിയാല് മതിയോ എന്ന ചോദ്യം പ്രസക്തമായിത്തീര്‍ന്നു. രണ്ട് കാരണങ്ങള്‍കൊണ്ടെങ്കിലും ഇത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ഒന്ന്- ഒരു മുതിര്‍ന്ന വിജാതീയനെ സംബന്ധിച്ചിടത്തോളം ഇതല്ലാതെ വേറെ വഴിയില്ലേ എന്ന് ചിന്തിക്കും. രണ്ടാമത്തെ ചോദ്യം കൂടുതല്‍ പ്രധാനമാണ്, ജ്ഞാനസ്നാനം സ്വീകരിക്കുന്നതിന് പരിച്ഛേദനം ചെയ്യണമെന്ന് നിര്‍ബന്ധമാണെങ്കില്‍ പരിച്ഛേദനം ചെയ്യപ്പെടാത്തവര്‍ രക്ഷിക്കപ്പെട്ടിട്ടില്ല എന്നാണോ അര്‍ത്ഥം? അതിനാല്‍ രക്ഷിക്കപ്പെടണമെങ്കില്‍ പരിച്ഛേദനം ചെയ്യണമോ എന്നത് വലിയ ചോദ്യമാണ്. ഈ പശ്ചാത്തലത്തില്‍ അന്നത്തെ ശിഷ്യസമൂഹം ഗുരുതരമായ പ്രതിസന്ധിയിലായി. കാരണം പരിച്ഛേദനം നല്കേണ്ടതിനെക്കുറിച്ച് യേശു ഒന്നും പഠിപ്പിച്ചിട്ടില്ല, നമുക്കറിയാവുന്നതുപോലെ അതുവരെയുള്ള തിരുലിഖിതങ്ങളും ഇതേപ്പറ്റി ഒന്നും പഠിപ്പിക്കുന്നില്ല. ഇതാണ് സോളാ സ്ക്രിപ്റ്റ്യുറാ അഥവാ ബൈബിള്‍മാത്രംമതി എന്ന് പറയുന്നിടത്തെ പ്രശ്നം. പ്രോട്ടസ്റ്റന്റ് നവീകരണത്തിന്റെ പ്രധാന ആശയങ്ങളിലൊന്ന് ബൈബിള്‍മാത്രം മതി എന്നതായിരുന്നു. സഭ ആവശ്യമില്ല, ബൈബിള്‍മാത്രം മതി. എന്നാല്‍ ബൈബിള്‍ ഒരു കാര്യത്തെപ്പറ്റി പഠിപ്പിക്കുന്നില്ലാത്തപ്പോള്‍ നാം എന്തുചെയ്യും? അങ്ങനെയുള്ള സമയത്ത് എന്താണ് ചെയ്യുക എന്ന് അപ്പസ്തോലപ്രവര്‍ത്തനങ്ങള്‍ 15-ല്‍ വ്യക്തമാക്കുന്നു. യേശുതന്നെ തെരഞ്ഞെടുത്ത തലവനായ പത്രോസും സഭാഗാത്രമെന്ന നിലയില്‍ പൗലോസും ബാര്‍ണബാസും ഒന്നിച്ചുകൂടി. അവര്‍ ചര്‍ച്ച ചെയ്യുകയും വാഗ്വാദം നടത്തുകയും ചെയ്തു. സര്‍വോപരി അവര്‍ ഒന്നിച്ച് പ്രാര്‍ത്ഥിച്ചു. അതേത്തുടര്‍ന്ന് ഒരു തീരുമാനത്തിലെത്തി. അത് പുതിയതായി വിശ്വാസം സ്വീകരിക്കുന്ന വിജാതീയരെ അറിയിച്ചു. "അത്യാവശ്യകാര്യങ്ങളെക്കാള്‍ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേല്‍ ചുമത്താതിരിക്കുന്നതാണ് നല്ലതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങള്‍ക്കും തോന്നി. വിഗ്രഹങ്ങള്‍ക്കര്‍പ്പിച്ച വസ്തുക്കള്‍, രക്തം, കഴുത്തുഞെരിച്ചുകൊല്ലപ്പെട്ടവ, വ്യഭിചാരം എന്നിവയില്‍നിന്ന് നിങ്ങള്‍ അകന്നിരിക്കണം." ഇതിലൂടെ വിജാതീയര്‍ ജ്ഞാനസ്നാനം സ്വീകരിക്കുന്നതിന് പരിച്ഛേദനം ചെയ്യേണ്ടതില്ല എന്ന് വ്യക്തമാക്കുകയാണ് അവര്‍ ചെയ്തത്. ഇവിടെ ബൈബിളിലെ സഭയ്ക്ക്, ദൃശ്യമായ സഭയ്ക്ക്, പഠിപ്പിക്കാനുള്ള ആധികാരികതയുണ്ടെന്ന് ബോധ്യമാകും. ഒരു പഠനം കൃത്യമായി വ്യക്തമാക്കാനുള്ള ശേഷിയാണത്. ആദിമസഭയില്‍ ബൈബിള്‍ ഉണ്ടായിരുന്നില്ല ചരിത്രം പഠിക്കുമ്പോള്‍, ഇത് ഒരിക്കല്‍മാത്രം സംഭവിച്ച കാര്യമല്ല എന്ന് മനസിലാക്കാം. കാരണം ആളുകള്‍ പഴയ നിയമവും പുതിയ നിയമവുമൊക്കെ കൈയിലെടുത്ത് സ്വന്തമായി വ്യാഖ്യാനിച്ചാല്‍ ഏറെ തെറ്റുകള്‍ പറ്റും. അതിനാല്‍ത്തന്നെ ആധികാരികമായി അത് വ്യാഖ്യാനിക്കപ്പെടുക അത്യാവശ്യമാണ്. മറ്റൊരു സുപ്രധാനകാര്യംകൂടി സൂചിപ്പിക്കട്ടെ, പുതിയ നിയമം സഭയിലൂടെയാണ് നമുക്ക് ലഭിച്ചത്. കാരണം ക്രിസ്തുവിന്റെ മരണ, ഉത്ഥാനങ്ങള്‍ക്കുശേഷം രണ്ട് നൂറ്റാണ്ടുകള്‍കൊണ്ടാണ് പുതിയ നിയമം രൂപപ്പെട്ടത്. അത് സഭയിലൂടെയാണ് രൂപപ്പെട്ടത്. ആദിമസഭയ്ക്ക് ബൈബിള്‍മാത്രംമതി എന്ന പഠനം ഇല്ലായിരുന്നു എന്ന് അര്‍ത്ഥം. വീണ്ടും നമ്മുടെ വിഷയം വ്യക്തമാക്കാം. ആളുകള്‍ പഴയ നിയമവും പുതിയ നിയമവുമൊക്കെ കൈയിലെടുത്ത് "യേശു വാസ്തവത്തില്‍ ഭൂമിയില്‍ വന്നു, മരിച്ചു, ഉയിര്‍ത്തു, അവിടുന്ന് ദൈവംതന്നെ. പക്ഷേ അവിടുന്ന് മനുഷ്യനെപ്പോലെ കാണപ്പെട്ടെന്നുമാത്രമേയുള്ളൂ" എന്ന് പറയുകയാണെന്ന് ചിന്തിക്കുക. ഇതാണ് ഡൊസറ്റിസം എന്ന പാഷണ്ഡത. അതായിരുന്നു ഏറ്റവും ആദ്യത്തെ പാഷണ്ഡതകളിലൊന്ന്. 'യേശു പൂര്‍ണമായും ദൈവമായിരുന്നു, പക്ഷേ അവിടുന്ന് പൂര്‍ണമായും മനുഷ്യനായിരുന്നില്ല' എന്ന പഠനം. ഈ പ്രതിസന്ധി വന്നപ്പോഴും ദൃശ്യമായ യഥാര്‍ത്ഥ സഭ ഒന്നിച്ചുകൂടി പ്രഖ്യാപിച്ചു, "യേശു പരിപൂര്‍ണമനുഷ്യനാണ്." പിന്നീട് മറ്റ് ചിലര്‍ പറഞ്ഞു, യേശു പൂര്‍ണമായും മനുഷ്യന്‍തന്നെ, പക്ഷേ പൂര്‍ണമായും ദൈവമായിരിക്കുകയില്ല. ഈ പാഷണ്ഡത വന്നപ്പോള്‍ സഭ എ.ഡി. 325-ല്‍ നിഖ്യായിലെ കൗണ്‍സിലില്‍ ഒരുമിച്ച് ചേര്‍ന്ന് പഠിപ്പിച്ചു, "യേശു പൂര്‍ണമായും ദൈവമാണ്, പൂര്‍ണമായും മനുഷ്യനുമാണ്." മാനുഷികവും ദൈവികവുമായ രണ്ട് സ്വഭാവങ്ങള്‍ ഒരു ദൈവികവ്യക്തിയില്‍ സമ്മേളിച്ചിരിക്കുന്നു. നിഖ്യായിലെ ആ കൗണ്‍സിലില്‍ അഥവാ സുനഹദോസില്‍വച്ചാണ് നാം ഇന്ന് കാണുന്ന വിശ്വാസപ്രമാണം രൂപപ്പെട്ടത്. ഇന്ന് എല്ലാ ക്രൈസ്തവരും ഇത് വിശ്വസിക്കുന്നു. എന്തുകൊണ്ടാണത്? കാരണം അവര്‍ സ്വയം അത് അംഗീകരിച്ചാലും ഇല്ലെങ്കിലും, കത്തോലിക്കാ സഭയ്ക്ക് പ്രബോധനം നല്‍കാനുള്ള അധികാരമുണ്ട്. ഓരോ ക്രൈസ്തവരും ത്രിത്വത്തില്‍ വിശ്വസിക്കുന്നു, പിതാവും പുത്രനും പരിശുദ്ധാത്മാവും തുല്യരും നിത്യതയില്‍ ഒന്നായിരിക്കുന്നവരുമാണ്, ആരും ഒരാളെക്കാള്‍ വലുതല്ല. ഈ പഠനവും സഭ നല്‍കിയതാണ്. കാരണം നിഖ്യായിലെ കൗണ്‍സിലിലും കോണ്‍സ്റ്റാന്റിനോപ്പിളിലെ കൗണ്‍സിലിലും മറ്റെല്ലാ കൗണ്‍സിലുകളിലും ഒരുമിച്ചുകൂടിയപ്പോള്‍ സഭ ഇത് പ്രഖ്യാപിച്ചു. ഇതാണ് വചനത്തിന്റെ വ്യാഖ്യാനം എന്ന് വ്യക്തമാക്കി. തെറ്റുപറ്റാത്ത ഒരു ഗ്രന്ഥം, തെറ്റുപറ്റാത്ത ഒരു വ്യാഖ്യാതാവില്ലാതെവന്നാല്‍, ഒരു വിലയുമില്ലാത്ത ഗ്രന്ഥമായിരിക്കും. അതെ, ബൈബിള്‍ തെറ്റുപറ്റാത്ത ഗ്രന്ഥമാണ്, എന്നാല്‍ തെറ്റുപറ്റാത്ത ഒരു വ്യാഖ്യാതാവില്ലെങ്കില്‍ അത് പ്രശ്നങ്ങളിലേക്ക് നയിക്കും. അതുകൊണ്ടാണ് യു.എസില്‍ത്തന്നെ 30000-ത്തിലധികം വിവിധ ക്രൈസ്തവസമൂഹങ്ങളുള്ളത്. അതുകൊണ്ടാണ് ജി.കെ. ചെസ്റ്റര്‍ട്ടണ്‍ പറഞ്ഞത്, "ഞാന്‍ ശരിയായിരിക്കുമ്പോള്‍ എന്നോട് ശരി എന്നു പറയുന്ന സഭയെയല്ല എനിക്കാവശ്യം, എവിടെയാണ് എനിക്ക് തെറ്റുപറ്റുന്നതെന്ന് പറഞ്ഞുതരുന്ന സഭയെയാണ് എനിക്ക് വേണ്ടത്." അതിനാല്‍, കത്തോലിക്കാസഭയും മറ്റെല്ലാ അകത്തോലിക്കാസമൂഹങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ ഉറപ്പോടെ പറയും, അധികാരം.
By: Father Michael Schmitz
Moreഅനുതാപം പ്രസംഗിക്കാനാണ് ശിഷ്യന്മാര് അയക്കപ്പെട്ടിരിക്കുന്നതായി കാണുന്നത്. "പാപമോചനത്തിനുള്ള അനുതാപം അവന്റെ നാമത്തില്‍ ജറുസലെമില്‍ ആരംഭിച്ച് എല്ലാ ജനതകളോടും പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഇവയ്ക്ക് സാക്ഷികളാണ്. ഇതാ എന്റെ പിതാവിന്റെ വാഗ്ദാനം നിങ്ങളുടെമേല്‍ ഞാന്‍ അയക്കുന്നു" (ലൂക്കാ 24/47-49). നമ്മെ ശ്രവിക്കുന്നവരെ അനുതാപത്തിലേക്ക്, അങ്ങനെ മാനസാന്തരത്തിലേക്ക് ആനയിക്കുക എന്നതാണ് നമുക്ക് ചെയ്യാവുന്ന പ്രേഷിതവേല. ഏത് മതക്കാരനെയും പാപത്തെക്കുറിച്ചുള്ള അനുതാപത്തിലേക്ക് നയിക്കാന്‍ സാധിക്കും. എല്ലാ മനുഷ്യര്‍ക്കുംതന്നെ, തങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പാപികളാണെന്ന ബോധ്യം ഉണ്ട്. മോചനം ലഭിക്കാനും ആഗ്രഹം ഉണ്ട്. പാപമോചനത്തിന് അനുതാപം കൂടിയേ കഴിയൂ. കുമ്പസാരിച്ച് പാപമോചനം സിദ്ധിച്ചവരും നിരന്തരമായി, ആഴമായി മനസ്താപപ്പെട്ടാല്‍ അത് കൂടുതല്‍ അനുഗ്രഹങ്ങള്‍ ലഭിക്കാന്‍ ഇടയാക്കും. നിരാശയോടെയോ കുറ്റബോധത്തോടെയോ ഉള്ളത് അനുതാപമല്ല. പാപമോചനം കിട്ടിയതിലുള്ള നന്ദിയോടെയും അതേ സമയം ഇത്ര നല്ല ദൈവത്തിനെതിരായി പാപം ചെയ്തല്ലോ എന്ന വേദനയോടെയും ദുഃഖിക്കുക. വിശുദ്ധ പത്രോസ് കര്‍ത്താവിനെ ഉപേക്ഷിച്ച് പറഞ്ഞതിനെക്കുറിച്ച് കോഴികൂവുമ്പോഴൊക്കെ കരയുമായിരുന്നു എന്ന് പറയപ്പെടുന്നു. കാരണം കോഴികൂവലായിരുന്നു കര്‍ത്താവ് പത്രോസിന് കൊടുത്ത അടയാളം. കയ്യാപ്പായുടെ അരമന ഇപ്പോള്‍ ഒരു പള്ളിയായി ഉപയോഗിക്കുന്നു. അതിന്റെ പേര് ഇപ്പോള്‍ വിശുദ്ധ പത്രോസിന്റെ കോഴികൂവലിന്റെ പള്ളി എന്നാണ്. ആരും കാണാത്ത ആ സംഭവം പത്രോസ്തന്നെ പരസ്യപ്പെടുത്തി. നാല് സുവിശേഷകന്മാരും ആ സംഭവം രേഖപ്പെടുത്തി. അതിനാല്‍ നമ്മളും പാപങ്ങളെക്കുറിച്ച്, കുമ്പസാരിച്ചവയെക്കുറിച്ചുപോലും, എന്നും അനുതപിക്കണം. വീണ്ടും വീണ്ടും കുമ്പസാരിക്കേണ്ടതില്ല. ഒരിക്കല്‍ ഏറ്റുപറഞ്ഞാല്‍മതി. ഉള്ളില്‍ അനുതാപം ഉണ്ടായിരിക്കുക. അപ്പോള്‍ കൂടുതല്‍ അനുഗ്രഹങ്ങള്‍ കിട്ടും. അനുതപിക്കാന്‍ മറ്റുള്ളവരെയും പ്രേരിപ്പിക്കണം. അങ്ങനെ അനുതപിക്കുമ്പോള്‍ പിതാവിന്റെ ദാനമായ പരിശുദ്ധാത്മാവിന്റെ നിറവ് നമുക്ക് കൂടുതലായി ലഭിക്കും. യോഹന്നാന് 12/40- "അവര്‍ തങ്ങളുടെ കണ്ണുകള്‍കൊണ്ട് കാണുകയും ഹൃദയംകൊണ്ട് ഗ്രഹിക്കുകയും അങ്ങനെ അവര്‍ എന്നിലേക്ക് തിരിഞ്ഞ് ഞാന്‍ അവരെ സുഖപ്പെടുത്തുകയും ചെയ്യാതിരിക്കേണ്ടതിന് അവിടുന്ന് അവരുടെ കണ്ണുകളെ അന്ധമാക്കുകയും ഹൃദയത്തെ കഠിനമാക്കുകയും ചെയ്തു." അനുതപിക്കുമ്പോള്‍ പരിശുദ്ധാത്മാവിന്റെ നിറവ് നമുക്ക് കൂടുതലായി ലഭിക്കുമെന്നാണ് ഞാന്‍ പറഞ്ഞുവച്ചത്. എന്നാല്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്തിന് ശരിയായി തുറന്നുകൊടുക്കാത്ത പലരും കാണുമെന്ന് എനിക്ക് തോന്നുകയാണ്. അരൂപിയുടെ പ്രവര്‍ത്തനങ്ങള്‍ ഇത്രമാത്രം കണ്ടിട്ടും കണ്ണുകൊണ്ട് കാണാതെയും ഹൃദയംകൊണ്ട് ഗ്രഹിക്കാതെയും കര്‍ത്താവിങ്കലേക്ക് തിരിയാതെയും ഇരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ ഇപ്പോഴെങ്കിലും പരിശുദ്ധാത്മാവിന് തുറന്നുകൊടുക്കട്ടെ. ലൂക്കാ 22/39-40- അവന് പുറത്തുവന്ന് പതിവുപോലെ ഒലിവുമലയിലേക്ക് പോയി. ശിഷ്യന്മാരും അവനെ പിന്തുടര്ന്നു. അവിടെ എത്തിയപ്പോള്‍ അവന് അവരോട് പറഞ്ഞു: നിങ്ങള്‍ പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുവിന്‍. അവസാനമായി പ്രാര്‍ത്ഥനയിലാണ് നാം ശരണം വയ്ക്കേണ്ടത്. പ്രാര്‍ത്ഥന കുറയുമ്പോള്‍ പ്രശ്നങ്ങളുണ്ടാകും. പ്രാര്‍ത്ഥന ഉള്ളപ്പോഴും പ്രശ്നങ്ങളുണ്ടാകും. എന്നാല്‍ വേഗം തീരും. മനസിനെ ഭാരപ്പെടുത്തുകയില്ല. പ്രാര്‍ത്ഥിക്കാതിരുന്നാല്‍ പ്രശ്നങ്ങള്‍ നമ്മുടെ ഹൃദയസമാധാനത്തെ നശിപ്പിക്കും. പരീക്ഷയില്‍ ഉള്‍പ്പെടാതിരിക്കാന്‍ പ്രാര്‍ത്ഥന വേണം. അരൂപിയില്‍ വളരാനും പ്രാര്‍ത്ഥന അത്യാവശ്യമാണ്. അവിടുത്തോടുകൂടി ആയിരിക്കാന്‍വേണ്ടിയാണ് അവിടുന്ന് നമ്മെ തിരഞ്ഞെടുത്തത്. ബാഹ്യപ്രവര്‍ത്തനങ്ങളുടെ ബാഹുല്യം അവിടുത്തോടുകൂടി ആയിരിക്കാന്‍ പലപ്പോഴും നമ്മെ അനുവദിക്കുന്നില്ല. ദൈവരാജ്യവും അതിന്റെ നീതിയും ആദ്യമേ അന്വേഷിച്ചാല്‍ ബാക്കിയുള്ളതെല്ലാം നമുക്ക് കൂട്ടിച്ചേര്‍ത്തുതരുമെന്നുള്ള കാര്യം നമ്മള് മറക്കരുത്. നിങ്ങളെല്ലാവരും സുഖമായിരിക്കുക; സന്തോഷമായിരിക്കുക, ഈശോയുടെ സമാധാനം നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.
By: Msgr. C.J. Varkey
Moreഅകലങ്ങളില്‍ ഇരിക്കുന്നവനാണ് ദൈവം എന്നാണ് ദൈവത്തെക്കുറിച്ച് പലര്‍ക്കുമുള്ള കാഴ്ചപ്പാട്. പക്ഷേ യേശുവിലൂടെ അനാവരണം ചെയ്യപ്പെട്ട ദൈവം മറ്റൊന്നാണ് - അത് ഇമ്മാനുവേല്‍, കൂടെയുള്ള ദൈവമാണ്. മനുഷ്യന്റെ ആധിയിലും വ്യാധിയിലും സുഖദുഃഖങ്ങളിലും അവിടുന്ന് സദാ അവനോടൊപ്പമുണ്ട്. "യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" (മത്തായി 28/20) എന്ന യേശുവിന്റെ വാക്കുകള്‍ ഇതിന്റെ സ്ഥിരീകരണമത്രേ. സര്‍വശക്തനായ ദൈവത്തിന്റെ സാന്നിധ്യം എല്ലാ നിമിഷങ്ങളിലും അനുഭവിച്ചറിയുക എന്നതാണ് ഒരു മനുഷ്യന്റെ യഥാര്‍ത്ഥബലം. അത് തിരിച്ചറിയുന്നവന് കൂരിരുട്ടിലും മരണത്തിന്റെ നിഴല്‍വീണ താഴ്വരയിലും ഭയം ഉണ്ടാവുകയില്ല. ഒരു സൈന്യംതന്നെ അവനെതിരെ പോരടിക്കുവാന്‍ വന്നാലും ഒരു ദൈവഭക്തന് ഒരിക്കലും ഭയപ്പെടുകയില്ല. ഒരു മനുഷ്യനെ ദുര്‍ബലപ്പെടുത്തുന്നത് ഭയമാണ്. അത് ഞാന്‍ തനിച്ചാണ് എന്ന ചിന്തയില്‍നിന്ന് ഉടലെടുക്കുന്നതാണ്. വലിയൊരു തിരമാലപോലെ ഒരു പ്രതിസന്ധി ഉയരുമ്പോള്‍ ഭയപ്പെട്ടുപോവുക സ്വാഭാവികമാണ്. എന്നാല്‍ "അല്പവിശ്വാസികളേ നിങ്ങളെന്തിന് ഭയപ്പെടുന്നു" എന്ന് നമ്മോട് പറയുന്ന ദൈവത്തിന്റെ സ്വരവും സാന്നിധ്യവും തിരിച്ചറിയുമ്പോള്‍ ആ ഭയം ഇല്ലാതായിപ്പോകും. അതിനാല്‍ ജീവിതവിജയത്തിന് അനിവാര്യമായ നിര്‍ഭയത്വം സ്വന്തമാക്കേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാല്‍ അത് ഏതെങ്കിലും മനഃശാസ്ത്ര ടെക്നിക്കുകൊണ്ട് നേടിയെടുക്കാവുന്ന ഒന്നല്ല, പ്രത്യുത ദൈവത്തിന്റെ ജീവിക്കുന്ന സാന്നിധ്യം തിരിച്ചറിയുന്നതുവഴി ലഭിക്കുന്ന ഒരു കൃപയാണ്. ഈ കൃപ സ്വീകരിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്? എന്നാല്‍ ഇവിടെ ഒരു സദ്വാര്‍ത്തയുണ്ട്. ഇത് വിശുദ്ധന്മാര്‍ക്കും വിശുദ്ധ ജീവിതം നയിക്കുന്നവര്‍ക്കുംമാത്രം നീക്കിവച്ച ഒരു അനുഗ്രഹമല്ല. ഒരു മനുഷ്യന് എത്ര വഴിപിഴച്ചവനാണെങ്കിലും, എത്രയൊക്കെ അപഭ്രംശം സംഭവിച്ചവനാണെങ്കിലും ദൈവിക സാന്നിധ്യം അറിയുവാന്‍ സാധിക്കും- ഒരു വ്യവസ്ഥയേ അതിനുള്ളൂ: ദൈവത്തിനുവേണ്ടി തീവ്രമായ ഒരു അഭിനിവേശം, ഒരു അഭിലാഷം മനസില്‍ സൂക്ഷിക്കുക. അതൊരു നിഷ്ക്കളങ്ക പ്രാര്‍ത്ഥനയായി ഉയരുമ്പോള്‍ ദൈവം അവനെ തേടി വരും. വിശുദ്ധ ഗ്രന്ഥത്തില്‍ ഇതിന് ചേതോഹരമായ ഒരു ഉദാഹരണമുണ്ട്. അത് മറ്റാരുമല്ല യാക്കോബ് തന്നെ. അവന് പേര് സൂചിപ്പിക്കുന്നതുപോലെതന്നെ സ്ഥാനം കൈക്കലാക്കുന്നവനാണ്. ചതിവിലൂടെ ജ്യേഷ്ഠന്റെ അവകാശസ്ഥാനം അവന് നേടി, അപ്പനെയും കബളിപ്പിച്ചുകൊണ്ട്. ഈ ഇരട്ടചതിയന്‍ എങ്ങനെ അനശ്വരരായ പൂര്വപിതാക്കന്മാരുടെ നിരയില്‍ സ്ഥാനം നേടി? അതിന്റെ രഹസ്യം യാബോക്ക് കടവിലാണ് വെളിപ്പെടുന്നത്. യാബോക്ക് കടവിലെത്തുന്ന യാക്കോബ് ഭൗതികസമ്പത്തിന്റെ നശ്വരതയും ക്ഷണികതയും ബോധ്യപ്പെട്ടവനാണ്. അവന് കഴിഞ്ഞ കാലങ്ങളില്‍ നടന്നതും ഓടിയതുമെല്ലാം ഈ ലോകത്തിലെ അധികാരത്തിനും സമ്പത്തിനും ജഡികസുഖങ്ങള്‍ക്കുംവേണ്ടിയാണ്. അത് അവന് വേണ്ടുവോളം ലഭിച്ചു; പക്ഷേ അവന്റെ ആത്മാവ് തൃപ്തമായില്ല. ദൈവത്തെ അറിയുവാന്‍വേണ്ടി സൃഷ്ടിക്കപ്പെട്ട ആത്മാവ് അത് ലഭിക്കാത്തിടത്തോളം കാലം അസ്വസ്ഥമായിരിക്കും. അങ്ങനെയൊരു അസംതൃപ്തമായ ആത്മാവോടുകൂടിയാണ് യാക്കോബ് ഈ കടവിലെത്തുന്നത്. സമയം രാത്രിയായി. അതൊരുപക്ഷേ അവന്റെ മനസിന്റെ ഒരു പ്രതീകമായിരിക്കണം. ദൈവമാകുന്ന പ്രകാശത്തില്‍നിന്ന് താന്‍ വളരെ അകലെയാണെന്ന് ആ രാത്രി അവനെ ഓര്മിപ്പിച്ചിരിക്കണം. യാക്കോബിന്റെ ഉള്ളില്‍ ഇപ്പോള്‍ ഒരു ആഗ്രഹം മാത്രമേയുള്ളൂ. എന്തു നഷ്ടപ്പെട്ടാലും ദൈവത്തെ അറിയണം, കാണണം. അതിന് എന്ത് ത്യാഗം ചെയ്യുവാനും അവന് സന്നദ്ധനാണ്. യാക്കോബ് ആ തീരുമാനം നടപ്പാക്കി. തന്റെ ഭാര്യമാരെയും മക്കളെയും സമ്പത്ത് മുഴുവനും അക്കരെ നിര്‍ത്തി, അവന് മാത്രം ഇക്കരെ നിന്നു. 'ദൈവമേ, പാപിയായ എന്നെ തേടി വരണമേ' അവന് നിലവിളിച്ച് പ്രാര്‍ത്ഥിച്ചു. തന്നെ തേടുന്നവര്‍ക്ക്, പൂര്‍ണഹൃദയത്തോടെ തന്നെ അന്വേഷിക്കുന്നവര്‍ക്ക് ദൈവം എക്കാലത്തും സമീപസ്ഥനാണ്. അവന്റെ കഴിഞ്ഞ കാലങ്ങളൊന്നും ദൈവം നോക്കുന്നില്ല. തന്റെ പാപാവസ്ഥ ഏറ്റുപറഞ്ഞ് കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്നവന്റെ മുമ്പിലേക്ക് ദൈവം കടന്നുവരുന്നു. ഒരു വിശുദ്ധനാണെങ്കില്‍ ആന്തരികദര്‍ശനത്തില്‍ ദൈവത്തെ കാണാം. പക്ഷേ ലോകത്തിന്റെ സുഖങ്ങളില്‍ ജീവിച്ച ഒരുവന് അത് സാധിക്കുകയില്ലല്ലോ. അവനോട് കരുണ തോന്നിയ ദൈവം അവന് തൊട്ട് അനുഭവിക്കാവുന്ന വിധത്തില്‍ ഒരു മനുഷ്യരൂപം പ്രാപിച്ച് അവന്റെ മുമ്പില്‍ വന്നുനില്ക്കുകയാണ്. ദൈവത്തിന്റെ സ്നേഹം എത്ര അപാരം! തന്റെ മക്കളുടെ അവസ്ഥയിലേക്ക് താഴുന്ന ഒരു ദൈവം. "അവിടെവച്ച് ഒരാള്‍ നേരം പുലരുന്നതുവരെ അവനുമായി മല്പിടുത്തം നടത്തി" എന്നാണ് നാം വിശുദ്ധ ഗ്രന്ഥത്തില്‍ വായിക്കുന്നത്. എന്തുകൊണ്ട് ഈ മല്പിടുത്തം? അതൊരു പ്രതീകംകൂടിയായിരിക്കണം. മനസുകൊണ്ട് ഒരു സമ്പൂര്‍ണ സമര്‍പ്പണം നടത്തുവാന്‍ യാക്കോബ് വിഷമിക്കുന്നുണ്ടാവണം. ഒരു ആന്തരികവടംവലി. ദൈവത്തിന്റെ ദര്‍ശനം വേണം. പക്ഷേ എങ്ങനെ താന്‍ കഴിഞ്ഞ നാളുകളില്‍ നേടിയതൊക്കെ പൂര്‍ണമായും വേണ്ടായെന്ന് വയ്ക്കും? പൂര്‍ണമനസോടെ ദൈവത്തെ തേടുന്നവന് മാത്രമേ ദൈവത്തെ യഥാര്‍ത്ഥത്തില്‍ അനുഭവിച്ചറിയുവാന്‍ സാധിക്കുകയുള്ളൂ. യാക്കോബിന് ആഗ്രഹമുണ്ട്. പക്ഷേ സാധിക്കുന്നില്ല. ഇവിടെയും ദൈവം സഹായിക്കുന്നു. അവന് യാക്കോബിന്റെ അരക്കെട്ടില്‍ തട്ടി. യാക്കോബിന്റെ തുട അരക്കെട്ടില്‍നിന്ന് തെറ്റി. ആഗതന് നേരം പുലരാറായപ്പോള്‍ പോകാന്‍ ഒരുങ്ങി. പക്ഷേ യാക്കോബ് വിടുന്നില്ല. അവന് ഒരു വാശിയോടെ അയാളെ കൂടുതല്‍ ശക്തമായി മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു: "എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടുകയില്ല." അവിടെ ദൈവം കീഴടങ്ങി. മനുഷ്യന്റെ സ്നേഹപൂര്‍വമായ വാശിക്ക് മുമ്പില്‍ തോറ്റുകൊടുക്കുവാന്‍പോലും തയാറാകുന്ന ഒരു സ്നേഹപിതാവാണ് അവിടുന്ന്. ആ പുലരി യാക്കോബിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. അവന്റെ സകല ബലഹീനതകളുടെയും മുകളില്‍ ദൈവത്തിന്റെ അനുഗ്രഹിക്കുന്ന കരങ്ങള്‍ ഉയര്‍ന്നു. അവന്റെ മനസ് രൂപാന്തരപ്പെട്ടു. അവന് ഒരു പുതിയ വ്യക്തിയായി മാറി എന്നതിന്റെ അടയാളമായി ഒരു പുതിയ പേര് നല്കപ്പെട്ടു: ഇസ്രായേല്‍. ഇവിടെ ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയുണ്ട്. ദൈവം നല്‍കുന്നത് നിലനില്ക്കും, അഥവാ അതു മാത്രമേ നിലനില്ക്കുകയുള്ളൂ. കാലങ്ങളെ കീഴടക്കി ഇസ്രായേല്‍ എന്ന പേര് ഇന്നും നമ്മുടെ മുമ്പില്‍ നിലകൊള്ളുന്നുണ്ടല്ലോ. യാക്കോബ് ആഗ്രഹിച്ചത് വെറുമൊരു അനുഗ്രഹമല്ല. ദൈവത്തെ കാണണമെന്ന് അവന് തീവ്രമായി ആഗ്രഹിച്ചു. അതും അവന് നല്കപ്പെട്ടു. അവന് സാക്ഷ്യപ്പെടുത്തുന്നു: 'ദൈവത്തെ ഞാന്‍ മുഖത്തോട് മുഖം കണ്ടു.' അതിന്റെ ശാശ്വതസ്മാരകമായി ആ സ്ഥലത്തിന് ദൈവത്തിന്റെ മുഖം എന്നര്‍ത്ഥമുള്ള പെനുവേല്‍ എന്ന് യാക്കോബ് പേര് നല്കി. യാക്കോബിന്റെ ജീവിതം ലോകത്തിലെ സകല മര്‍ത്യര്‍ക്കുമായി ദൈവം ഉയര്‍ത്തിയിരിക്കുന്ന ഒരു പ്രകാശഗോപുരമാണ്. ഏത് മനുഷ്യനും ഏത് നിമിഷവും ദൈവത്തിന്റെ ചിറകിന് കീഴില്‍ അഭയം തേടുവാന്‍ സാധിക്കും എന്ന് ആ ജീവിതം വിളിച്ചോതുന്നു. "അങ്ങയുടെ ചിറകിന്‍കീഴില്‍ ഞാന്‍ സുരക്ഷിതനായിരിക്കട്ടെ" (സങ്കീര്‍ത്തനങ്ങള്‍ 61/4) എന്ന വചനം നമ്മുടെ ജീവിതത്തില്‍ സാര്‍ത്ഥകമാകുംവിധത്തില്‍ ദൈവം കടന്നുവരാനായി നമുക്ക് പ്രാര്‍ത്ഥിക്കാം. സ്നേഹനിധിയായ ദൈവമേ, അങ്ങ് എനിക്ക് എപ്പോഴും സമീപസ്ഥനാണല്ലോ. പലപ്പോഴും അങ്ങയുടെ സാന്നിധ്യം തിരിച്ചറിയാതെ ഞാന്‍ ജീവിക്കുന്നു. ലോകത്തിന്റെ ആകര്‍ഷണങ്ങളാല്‍ ഞാന്‍ വേട്ടയാടപ്പെടുന്നത് അങ്ങ് കാണുന്നുവല്ലോ. യാക്കോബിനെ സന്ദര്‍ശിച്ചതുപോലെ എന്നെയും സന്ദര്‍ശിക്കണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങയുടെ സ്വന്തമാകുവാന്‍ എന്നെ കീഴടക്കണമേ. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ദൈവം നിരന്തരം എന്നോട് സംസാരിക്കുകയും കൂടെ ആയിരിക്കുകയും ചെയ്യുന്ന അനുഭവം ലഭിക്കുവാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ, ആമ്മേന്‍.
By: K J Mathew
Moreഉത്തമരായ കത്തോലിക്ക മാതാപിതാക്കളില്‍ നിന്നായിരുന്നു ബാര്‍ത്തലോ ലോംഗോയുടെ ജനനം. 1841 ഫെബ്രുവരി 11-ന് ഇറ്റലിയില്‍ ജനിച്ച അദ്ദേഹത്തെ ജപമാല ചൊല്ലാനും ദരിദ്രരെ സഹായിക്കാനും അമ്മ ചെറുപ്പത്തില്‍ തന്നെ അഭ്യസിപ്പിച്ചു. എന്നാല്‍ യൗവനകാലഘട്ടമായപ്പോഴേക്കും വിശ്വാസമുപേക്ഷിച്ച ബാര്‍ത്തലോ ഒരു സാത്താനിക പുരോഹിതനായി മാറി. ബാര്‍ത്തലോയുടെ പത്താമത്തെ വയസില്‍ സംഭവിച്ച അമ്മയുടെ മരണമാണ് വിശ്വാസത്തില്‍നിന്നകലാന്‍ കാരണമായത്. ഇറ്റലിയില്‍ അക്കാലത്ത് സജീവമായിരുന്ന കത്തോലിക്ക വിശ്വാസത്തിനെതിരായ ദേശീയ പ്രസ്ഥാനങ്ങളുമായുള്ള അടുപ്പം വിശ്വാസത്യാഗത്തിലേക്ക് മാത്രമല്ല സാത്താന് ആരാധനയിലേക്കും അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചു. സന്തോഷവും സമാധാനവും പ്രതീക്ഷിച്ചുകൊണ്ട് സാത്താനാരാധകരുടെ പുരോഹിതനായി മാറിയ ബാര്‍ത്തലോയുടെ ജീവിതത്തില്‍ അതിന് നേര്‍വിപരീതമായ കാര്യങ്ങളാണ് സംഭവിച്ചത്. ആത്മീയവും വൈകാരികവും മാനസികവുമായ അസ്വസ്ഥതകള്‍ അദ്ദേഹത്തെ പിടികൂടി. സാത്താനുമായുള്ള ചങ്ങാത്തം ബോധപൂര്‍വം തിരഞ്ഞെടുക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തില്‍ മറ്റെന്താണ് പ്രതീക്ഷിക്കാനാവുക? എന്നാല്‍ ദൈവത്തിന്റെ അനന്തമായ പരിപാലനയാല്‍ ഫാ. ആല്‍ബര്‍ട്ടോ റേഡന്റ എന്നൊരു ഡൊമിനിക്കന്‍ വൈദികന്റെ പക്കലാണ് പ്രശ്നങ്ങള്‍ക്ക് ഉത്തരം തേടിയുള്ള ബാര്‍ത്തലോയുടെ യാത്ര അവസാനിച്ചത്. ദൈവമാതൃഭക്തനായ ആ വൈദികന്റെ സഹായത്താല്‍ ബാര്‍ത്തലോ മാനസാന്തരപ്പെട്ട് ആഴമായ അനുതാപത്തോടെ കുമ്പസാരം നടത്തി സഭയിലേക്ക് തിരിച്ചുവന്നു. സാത്താന് ആരാധകരുടെ ഒരു കൂട്ടായ്മയില്‍ ചെന്ന് അവരുടെ തെറ്റുകള്‍ ഓര്‍മിപ്പിക്കുകയും സത്യവിശ്വാസത്തിലേക്ക് മടങ്ങിവരണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുവാന്‍ തക്കവിധമുള്ള തീക്ഷ്ണത ബാര്‍ത്തലോയില്‍ നിറഞ്ഞു. അഭിഭാഷകനായി ജോലി ചെയ്തിരുന്ന ബാര്‍ത്തലോ മാനസാന്തരാനുഭവത്തില്‍ വന്നതിനെ തുടര്‍ന്ന് ഡൊമിനിക്കന്‍ മൂന്നാം സഭയില്‍ അംഗമായി ബ്രദര്‍ റൊസാരിയോ എന്ന പേര് സ്വീകരിച്ചു. സാത്താന്റെ മതം തെറ്റുകളുടെ ഒരു വലയാണെന്നും താന്‍ അത് ഉപേക്ഷിച്ചതായും യുവജനകൂട്ടായ്മകളില്‍ കടന്നു ചെന്ന് ബാര്‍ത്തലോ സാക്ഷ്യം നല്കി. ഫാ. റേഡന്റയുടെ നിര്‍ദേശപ്രകാരം തെറ്റുകള്‍ക്ക് പ്രായശ്ചിത്തമായി അദ്ദേഹം രോഗികളെയും ദരിദ്രരെയും ശുശ്രൂഷിക്കാനാരംഭിച്ചു. ആത്മഹത്യയില്‍നിന്ന് രക്ഷപ്പെട്ടപ്പോള്‍... ഒരിക്കല്‍ ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി പോംപൈ എന്ന നഗരത്തിലേക്ക് അദ്ദേഹത്തിന് യാത്ര ചെയ്യേണ്ടതായി വന്നു. അസാന്മാര്‍ഗികതയിലും അന്ധവിശ്വാസങ്ങളിലും ദാരിദ്ര്യത്തിലും കഴിഞ്ഞിരുന്ന അവിടുത്തെ ജനങ്ങളുടെ ആത്മീയ ശോചനീയാവസ്ഥ അദ്ദേഹത്തെ ഏറെ ദുഃഖിപ്പിച്ചു. തന്റെ ഭൂതകാലജീവിതത്തെക്കുറിച്ചുള്ള കുറ്റബോധം ഈ കാഴ്ച അദ്ദേഹത്തില്‍ ജനിപ്പിച്ചു. അതിനെക്കുറിച്ച് ബാര്‍ത്തലോ ഇപ്രകാരം പറയുന്നു- "ഒരിക്കല്‍ പോംപൈ നഗരത്തിന് സമീപമുള്ള അര്‍പായിയ എന്ന സ്ഥലത്തെ വയലില്‍കൂടി നടക്കുമ്പോള്‍ സാത്താന്റെ പുരോഹിതനായ എന്റെ പൂര്‍വകാലത്തെക്കുറിച്ച് ഞാന്‍ ഓര്‍ത്തു. അതിനെക്കുറിച്ച് ചിന്തിക്കരുതെന്ന് ഫാ. ആല്‍ബര്‍ട്ടോ പറഞ്ഞിരുന്നെങ്കിലും അതിനെ അതിജീവിക്കുവാന്‍ എനിക്ക് സാധിച്ചില്ല. ക്രിസ്തുവിന്റെ പൗരോഹിത്യം നിത്യമായിരിക്കുന്നതുപോലെ സാത്താന്റെ പൗരോഹിത്യവും നിത്യമായിരിക്കുമോ എന്ന ഭീതി എന്നില്‍ നിറഞ്ഞു. ഒരുപക്ഷേ ഇപ്പോഴും സാത്താന്റെ അടിമയായിരിക്കുമെന്നും സാത്താന് എന്നെ നരകത്തില്‍ കാത്തിരിപ്പുണ്ടാവുമെന്നുമുള്ള ഭയം എന്നെ കീഴ്പ്പെടുത്തി. നിരാശയില്‍ അകപ്പെട്ട് ആത്മഹത്യയ്ക്കൊരുങ്ങിയ എന്റെ കാതുകളില്‍ പെട്ടന്ന് വിശുദ്ധ ഡൊമിനിക്കിന് പരിശുദ്ധ അമ്മ നല്കിയ വാഗ്ദാനം മുഴങ്ങി- 'ജപമാല പ്രചരിപ്പിക്കുന്ന വ്യക്തി ഒരിക്കലും നശിച്ചുപോവുകയില്ല.' ജപമാലഭക്തി പ്രചരിപ്പിക്കാതെ ഞാന്‍ ഈ ലോകം വിട്ടുപോവുകയില്ല എന്നും അങ്ങനെ ഞാന്‍ രക്ഷിക്കപ്പെടുമെന്നും ഞാന്‍ എന്നോടുതന്നെ പറഞ്ഞു. ആ നിമിഷത്തില്‍ ത്രികാലജപം ചൊല്ലുന്നതിനായുള്ള ദൈവാലയ മണി മുഴങ്ങി. സ്വര്‍ഗം എന്റെ തീരുമാനത്തിന് നല്കിയ കയ്യൊപ്പായിരുന്നു അത്." ബാര്‍ത്തലോയുടെ ഭയത്തിനും നിരാശക്കും സ്വര്‍ഗം നല്കിയ മരുന്നായിരുന്നു ജപമാലഭക്തി. മറിയത്തോടുള്ള വണക്കവും സ്നേഹവും പ്രചരിപ്പിക്കുന്നതിന് വേണ്ടി മാത്രമായിരുന്നു തുടര്‍ന്നുള്ള ആ ജീവിതം. സാത്താനുമായുള്ള ബന്ധം എന്നേക്കും അവസാനിപ്പിക്കുന്നതിനുള്ള ഉപകരണമായി അദ്ദേഹത്തിന് ജപമാല മാറി. ആദ്യമായി പോംപൈയിലെ ജനങ്ങളെയാണ് ബാര്‍ത്തലോ ജപമാല ചൊല്ലുവാന്‍ പഠിപ്പിച്ചത്. 1873-ല്‍ അദ്ദേഹം പോംപൈയില്‍ സംഗീതവും മത്സരങ്ങളും വെടിക്കെട്ടും ഉള്‍പ്പെടുത്തിക്കൊണ്ട് ആഘോഷകരമായ ഒരു ജപമാല ആചരണം സംഘടിപ്പിച്ചു. 1875-ല്‍ ഇടവക മിഷനില്‍ പ്രവര്‍ത്തിച്ചിരുന്ന നിരവധി വൈദികരെ കൊണ്ടുവന്ന് ജപമാലഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഘോഷണങ്ങള്‍ സംഘടിപ്പിച്ചു. ആ മിഷന്റെ അവസാനം പോംപൈ നഗരത്തില്‍ സ്ഥാപിച്ച ജപമാലകൂട്ടായ്മയ്ക്കായി പരിശുദ്ധ മറിയം വിശുദ്ധ ഡൊമിനിക്കിനും വിശുദ്ധ കാതറൈനുമായി ജപമാല നല്കുന്ന ഒരു ചിത്രവും അദ്ദേഹം നല്കി. നിരവധി അത്ഭുതങ്ങള്‍ക്ക് കാരണമായ ആ ചിത്രം ഇന്ന് പൊന്തിഫിക്കല്‍ തീര്‍ത്ഥാടനകേന്ദ്രമായ ഔര്‍ ലേഡി ഓഫ് ദി റോസറി ഓഫ് പോംപൈ ബസിലിക്കയില്‍ സ്ഥിതി ചെയ്യുന്നു. മറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനോടൊപ്പം മറ്റ് ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും ബാര്‍ത്തലോ വ്യാപൃതനായി. പോംപൈ നഗരത്തിലെ അനാഥരായ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനായി ഡൊമിനിക്കന്‍ സന്യാസിനിമാരുടെ ഒരു സഭ അദ്ദേഹം സ്ഥാപിച്ചു. ആണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ചുമതല ബ്രദറുമാരെ ഏല്‍പ്പിച്ചു. ബാര്‍ത്തലോയുടെ ഡോക്ടറായിരുന്ന ജോസഫ് മൊസ്കാറ്റിയിലേക്കും അദ്ദേഹത്തിന്റെ ജപമാലഭക്തി പടര്‍ന്നു. വിശുദ്ധനായി വണങ്ങപ്പെടുന്ന ജോസഫ് മൊസ്കാറ്റിയുടെ ജീവിതം ജപമാലയോടുള്ള പ്രണയത്തിന്റെ മറ്റൊരു കഥയാണ്. 1926-ല്‍ ഒക്ടോബര്‍ 5-ാം തിയതി ജപമാല പ്രാര്‍ത്ഥനകളുടെ മധ്യേ ബാര്‍ത്തലോ ലോംഗോ അന്തരിച്ചു. 1980 ഒക്ടോബര്‍ 26-ാം തിയതി ബാര്‍ത്തലോ ലോംഗോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പ അദ്ദേഹത്തെ ഇപ്രകാരം വിശേഷിപ്പിച്ചു 'മാന്‍ ഓഫ് മേരി' (മറിയത്തിന്റെ മനുഷ്യന്). അതെ ബാര്‍ത്തലോ ലോംഗോ മറിയത്തിന്റെ മനുഷ്യനായിരുന്നു, ജപമണികള്‍ എന്ന ഗോവണിയിലൂടെ നരകത്തില്‍നിന്ന് സ്വര്‍ഗത്തിലേക്ക് ഓടിക്കയറി മറിയത്തിന്റെ ആ മനുഷ്യന്.
By: Ranjith Lawrence
Moreദൈവസന്നിധിയില്‍ വിലപ്പെട്ടവനാകാനുള്ള രഹസ്യങ്ങള്‍ "നിസ്സാരനായ ഒരു സങ്കരവര്‍ഗ്ഗക്കാരനാണ് ഞാന്‍. എന്നെ വിറ്റുകൊള്ളൂ. " താന്‍ അംഗമായിരിക്കുന്ന ആശ്രമം കടത്തിലാണെന്നറിഞ്ഞ വിശുദ്ധ മാര്ട്ടിന് ഡി പോറസ് നിര്‍ദേശിച്ച പരിഹാരമാര്‍ഗ്ഗമായിരുന്നു അത്. അദ്ദേഹത്തിന്റെ എളിമയുടെ ഉദാഹരണമായിരുന്നു ആ സംഭവം. സ്പാനിഷുകാരനായിരുന്ന ഡോണ്‍ ജുവാന്‍ ഡി പോറസിന് ആഫ്രിക്കന്‍ പശ്ചാത്തലത്തില്‍നിന്നുള്ള അന്നാ വെലാസ്ക്വസില്‍ പിറന്ന മകനായിരുന്നു മാര്ട്ടിന്. രണ്ടാമതായി മകള്‍ ജനിച്ചതിനുശേഷം അപ്പന് അവരെ ഉപേക്ഷിച്ചുപോയി. അവരുടെ വിവാഹബന്ധമാകട്ടെ നിയമപരമായി സാധുവായിരുന്നുമില്ല. അതിനാല്‍ ജാരസന്തതികളെന്ന ചീത്തപ്പേരും പേറിയാണ് മാര്‍ട്ടിനും സഹോദരിയും വളർന്നത്, കൂടെ ദാരിദ്ര്യവും . എങ്കിലും സ്നേഹവും സഹാനുഭൂതിയും മാര്‍ട്ടിനില്‍ നിറഞ്ഞുനിന്നു. തന്റെ തുച്ഛമായ ഭക്ഷണംപോലും കുട്ടിയായ മാര്ട്ടിന് പങ്കുവച്ചിരുന്നുവത്രേ. വിശുദ്ധിയിലേക്കുള്ള വഴിയില്‍ പാരമ്പര്യവും ചരിത്രവുമൊന്നും പ്രശ്നമല്ലെന്ന് വിശുദ്ധ മാര്ട്ടിന് ഡി പോറസ് നമ്മെ പഠിപ്പിക്കുന്നു. മാര്ട്ടിന് പ്രൈമറി സ്കൂളില്‍ രണ്ടു വര്‍ഷം പഠിച്ചു. പിന്നീട് അല്പം മുതിര്‍ന്നപ്പോള്‍ മുടിവെട്ടുകാരനായി തൊഴില്‍ ചെയ്തു. അപ്പോഴെല്ലാം രാത്രികളില്‍ ഏറെ സമയം പ്രാര്‍ത്ഥിച്ചിരുന്നു. തന്നിലുള്ള പരിശുദ്ധാത്മസാന്നിധ്യം അപ്രകാരം ഉജ്വലിപ്പിക്കപ്പെട്ടു. പിന്നീട് ഡൊമിനിക്കന്‍ ആശ്രമത്തിൽ ഒരു സേവകനായി ചേർന്ന് സന്യാസവസ്ത്രം ധരിക്കാൻ അനുവാദം നേടി. തുടര്‍ന്ന് 15-ാം വയസില്‍ സഹായം വിതരണം ചെയ്യുന്നതിന്റെ ചുമതലക്കാരനായി ഉയര്‍ത്തപ്പെട്ടു. യഥാര്‍ത്ഥമായ ക്രൈസ്തവ ഉപവിയോടെ അര്‍ത്ഥികളെ സഹായിക്കാനും രോഗികളെ പരിചരിക്കാനുമെല്ലാം ഉത്സുകനായിരുന്നു മാര്ട്ടിന്. ഒരിക്കല്‍ മാരകമായി മുറിവേറ്റ് തെരുവില്‍ കിടന്ന ഒരു സാധുമനുഷ്യനെ മാര്ട്ടിന് തന്റെ ആശ്രമമുറിയില്‍ കൊണ്ടുപോയാണ് പരിചരിച്ചത്. ഇതറിഞ്ഞ ആശ്രമാധിപന് ശാസിച്ചപ്പോള്‍ മാര്ട്ടിന് ഇപ്രകാരം പറഞ്ഞു, "എന്റെ തെറ്റ് പൊറുത്താലും. ഉപവിയുടെ ചിന്ത അനുസരണത്തെക്കുറിച്ചുള്ള ചിന്തയെ അതിലംഘിച്ചതുകൊണ്ട് ഞാനങ്ങനെ ചെയ്തുപോയതാണ്. ഇക്കാര്യത്തില്‍ അങ്ങ് എന്നെ പരിശീലിപ്പിക്കണമേ." ഈ മറുപടി കേട്ട പ്രയോര്‍ പിന്നീട് കാരുണ്യം പരിശീലിക്കുന്നതില്‍ മാര്ട്ടിന് കൂടുതല്‍ സ്വാതന്ത്ര്യം നല്കുകയാണുണ്ടായത്. അടുക്കളപ്പണിയും തുണിയലക്കും ആശ്രമം വൃത്തിയാക്കലുമെല്ലാം അദ്ദേഹത്തിന് പുണ്യപരിശീലന ഇടങ്ങളായി. ജീവിതസാഹചര്യങ്ങള്‍ എന്തുമാകട്ടെ, വിശുദ്ധി നമുക്ക് അപ്രാപ്യമല്ല എന്ന് ഇതിലൂടെ വിശുദ്ധന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്. പ്രാര്‍ത്ഥനയും എളിമയും സ്നേഹവുമായിരുന്നു അനുദിനജീവിതം വിശുദ്ധിയുടെ പാതയാക്കിയ വിശുദ്ധ മാര്ട്ടിന് ഡി പോറസിന്റെ രഹസ്യങ്ങള്‍.
By: Shalom Tidings
Moreവിശുദ്ധ തോമസ് അക്വിനാസ് എഴുതി: "ഉയിര്‍പ്പിക്കപ്പെട്ട ശിഷ്യന്മാരാണ് ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്നതിന്റെ ഏറ്റവും വലിയ തെളിവും സാക്ഷ്യവും." പത്രോസിന്റെ ജീവിതപരിവര്‍ത്തനം തന്നെ ഒന്നു പരിശോധിക്കാം. മുന്നറിയിപ്പ് നല്‍കിയിട്ടും മൂന്നുപ്രാവശ്യം ഗുരുവിനെ ഉപേക്ഷിച്ചെങ്കിലും, പണ്ടെങ്ങോ ഉപേക്ഷിച്ച വല വീണ്ടുമെടുത്ത് വഞ്ചിയില്‍ കയറി തീരത്തുനിന്നും തിരകളെ മുറിച്ച് പഴയ പണിയിലേക്ക് തിരിച്ചുപോയെങ്കിലും (യോഹന്നാന് 21:1-14), ഉത്ഥാനാനുഭവം ഹൃദയത്തില്‍ വന്നു നിറഞ്ഞപ്പോള്‍ ഒരു സങ്കോചവുമില്ലാതെ ഉറപ്പാര്‍ന്ന ചങ്കൂറ്റത്തോടെയാണ് ഉത്ഥാനത്തിന് സാക്ഷ്യം നല്‍കുന്നത്. അവനെ അവര്‍ മരത്തില്‍ തൂക്കിക്കൊന്നു. എന്നാല്‍ ദൈവം അവനെ മൂന്നാം ദിവസം ഉയിര്‍പ്പിക്കുകയും പ്രത്യക്ഷനാക്കുകയും ചെയ്തു. അവന് മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റതിനുശേഷം അവനോടുകൂടെ ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തവരാണ് ഞങ്ങള്‍ (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 10:40-41). പത്രോസിന്റെ പരിവര്‍ത്തനവും പ്രഘോഷണവും അത്ഭുതങ്ങള്കൊണ്ടുള്ള സ്ഥിരീകരണവും ഉത്ഥാനത്തിന്റെ പ്രകടമായ സാക്ഷ്യവും തെളിവുകളുമാണ്. ജറുസലേം ദൈവാലയത്തിന്റെ സുന്ദരകവാടത്തിന് സമീപം ഭിക്ഷ യാചിച്ചിരുന്ന മുടന്തനോട് പത്രോസ് പറഞ്ഞത് ഇതാണ്: "സ്വര്‍ണമോ വെള്ളിയോ എന്റെ കൈയിലില്ല!... നസ്രായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേറ്റ് നടക്കുക." അയാള്‍ ചാടി എഴുന്നേറ്റു നടന്നു (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 3:6). അപ്രകാരം കുതിച്ചു ചാടുന്നതും ദൈവത്തെ സ്തുതിക്കുന്നതും ജനം കണ്ട് അത്ഭുത സ്തബ്ധരായി. ക്രിസ്തുവിന്റെ ഉത്ഥാനത്തില്‍ വിശ്വസിച്ച പത്രോസിന്റെ ജീവിതത്തിലെ മാറ്റം അവിശ്വസനീയമല്ലേ? സാധാരണ ഒരു മത്സ്യംപിടുത്തക്കാരന് ഈ സിദ്ധികള്‍ എങ്ങനെ കൈവരുന്നു? അതാണ് ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ സ്വാധീനവും ഫലവും. മഗ്ദലേനയില്നിന്ന് ഒരു രഹസ്യം മരണത്തെ ജയിച്ച് ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ട് ആനന്ദനിര്‍വൃതിയടയാന്‍ ഏറ്റവും ആദ്യം ഭാഗ്യം ലഭിച്ചത് ഒരു സ്ത്രീക്കാണ്, മഗ്ദലേനയിലെ മറിയത്തിന് (യോഹന്നാന് 20:1-18) വളരെ ആകസ്മിക അനുഭവമായിരുന്നു അത്. തീര്‍ത്തും അപ്രതീക്ഷിത നിമിഷത്തിലെ അസുലഭ സൗഭാഗ്യം. യേശുവിന്റെ മരണനേരത്ത് ശിഷ്യന്മാര് പലരും ഓടി പ്പോയപ്പോഴും യേശുവിന്റെ അമ്മയോടൊപ്പം അവളും കാല്‍വരിയില്‍ നാട്ടിയ കുരിശിന് താഴെ നില്ക്കുന്നുണ്ടായിരുന്നു. ആ അമ്മയെപ്പോലെ തീരാത്ത നൊമ്പരം അവളും അനുഭവിച്ചു. ഈ ലോകത്തില്‍ അവള്‍ക്കുണ്ടായിരുന്ന ഏറ്റവും വിലപ്പെട്ട നിധി നഷ്ടപ്പെട്ട ദിനമായിരുന്നു അന്ന്. തീരാത്ത നഷ്ടം! വലിയ ശൂന്യത! യഹൂദ വിശ്വാസമനുസരിച്ച് ഒരാള്‍ മരിച്ചാല്‍ ശേഷം മൂന്നുദിവസം കല്ലറയ്ക്കുചുറ്റും ആത്മാവ് ഉണ്ടാകുമത്രേ. യേശുവിനെ അരിമത്തിയായിലെ ജോസഫിന്റെ കല്ലറയില്‍ സംസ്കരിച്ചശേഷം സാബത്ത് കഴിഞ്ഞ് പുലരിയാകാന്‍ മറിയം അക്ഷമയോടെ കാത്തിരുന്നു. "ഇരുട്ടായിരിക്കുമ്പോള്‍ തന്നെ" അവള് കല്ലറയില്‍ വന്നെത്തി. അല്പനേരം കരഞ്ഞുതീര്‍ക്കുക. അങ്ങനെ അല്പം ആശ്വാസമനുഭവിക്കുക. അതായിരുന്നു അവളുടെ ഉള്ളിലെ ആഗ്രഹം. അവിടെ എത്തിയപ്പോഴാണ് ഒരിക്കലും കാണാന്‍ ആഗ്രഹിക്കാത്ത ഒരു കാഴ്ച അവള് കണ്ടത്. കല്ലറ തുറന്നു കിടക്കുന്നു! കവാടത്തിലെ പാറ മാറ്റപ്പെട്ടിരിക്കുന്നു! അവള് ആകെ പരിഭ്രമിച്ചുപോയി. ഉടനെ തിരികെ ഓടി. ശിഷ്യന്മാരെ അറിയിച്ചു. "കര്‍ത്താവിനെ അവര്‍ കല്ലറയില്‍ നിന്ന് മാറ്റിയിരിക്കുന്നു" (യോഹന്നാന് 20:2). ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത കേട്ട് പത്രോസും യോഹന്നാനും കല്ലറയിലേക്ക് ഓടി. അവള് പറഞ്ഞ കാര്യം ശിഷ്യപ്രമുഖര്‍ ശരിവയ്ക്കുന്നു. അവര്‍ ഇരുവരും മടങ്ങിപ്പോകുന്നു. പക്ഷേ, അവള്‍ക്ക് അങ്ങനെ മടങ്ങിപ്പോകാന്‍ മനസുവന്നില്ല. സ്നേഹത്തിന്റെ നിര്‍മ്മല ശാഠ്യം ഉള്ളിലൊതുക്കി അവള് അവിടെത്തന്നെ നിന്നു. മറിയം...! പിന്നില്‍നിന്നൊരു വിളി! കരഞ്ഞുകരഞ്ഞ് കണ്ണീര് നിറഞ്ഞ കണ്ണുകള്‍ വിളിച്ചയാളെ തിരിച്ചറിയുന്നില്ല! പക്ഷേ പരിചിതമാണല്ലോ ആ തരളിത ശബ്ദം. കരളിനും കാതിനും പ്രിയമുള്ള സാന്ത്വനസ്വരം! റബോനീ...! ഗുരുവേ! - അവളുടെ ഹൃദയത്തില്‍നിന്നുയര്‍ന്ന പ്രത്യുത്തരം. ഉത്ഥാനത്തിന്റെ പ്രഥമ സാക്ഷിയായി മഗ്ദലേനയിലെ മറിയം അങ്ങനെ മാറി. ഫ്രാന്‍സിസ് പാപ്പ അവളെ വിളിക്കുന്നത് ക്രിസ്തുവിന്റെ ഉത്ഥാനത്തിന് സാക്ഷ്യം വഹിച്ച പ്രഥമ അപ്പസ്തോല എന്നാണ്. സമൂഹം ഒറ്റപ്പെടുത്തുകയും പാപിനി എന്ന് മുദ്രകുത്തി മുറിപ്പെടുത്തുകയും ചെയ്യപ്പെട്ട അവള്‍ക്ക് സമ്മാനമായി ലഭിച്ച ആശ്വാസ അനുഭവമായിരുന്നു ആ സമാഗമം. ആത്മഹര്‍ഷത്തിന്റെ നിമിഷം. പാപിനിയായവള്‍ യേശുവിന്റെ പാദങ്ങളില്‍ പൂശാനുപയോഗിച്ച നാര്‍ദീന്‍ തൈലപരിമളം ചുറ്റും പടര്ന്നപോലെ വിശുദ്ധിയുടെ സുഗന്ധമായി ആ നിര്‍മ്മല സാക്ഷ്യം ഇന്നും നിലകൊള്ളുന്നു. പഴയകാല ജീവിതമല്ല, പശ്ചാത്താപവും പുതിയ തുടക്കത്തിനായുള്ള തീരുമാനവുമാണ് ഉത്ഥാനാനന്ദവും നവജീവിതവും നമ്മില്‍ കൊണ്ടുവരുന്നത്. നമുക്കും പ്രാര്‍ത്ഥിക്കാം: പത്രോസിനെപ്പോലെയും മഗ്ദലേനയിലെ മറിയത്തെപ്പോലെയും ജീവിതത്തിലെ ഏറ്റവും വലിയ നിധിയായി, സൗഭാഗ്യമായി ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിനെ കാണാന്‍ എന്നെ അനുഗ്രഹിക്കണമേ. അതുവഴി ആത്മീയ ആനന്ദവും ശാശ്വത സമാധാനവും എന്നിലും നിറയ്ക്കേണമേ. ഞാനും ഉത്ഥിതനായ ക്രിസ്തുവിന് സാക്ഷ്യം വഹിക്കട്ടെ ആമ്മേന്‍.
By: Bishop Dr Alex Vadakkumthala
Moreരാഷ്ട്രീയകുറ്റത്തിന് പോളണ്ടില്‍നിന്നും നാടുകടത്തപ്പെട്ട ഒരു രാജകുമാരന് ഫ്രാന്‍സില്‍ കൊട്ടാരവും സ്വത്തും വാങ്ങി. അദ്ദേഹത്തിന് ചെറുപ്പത്തിലുണ്ടായിരുന്ന ദൈവവിശ്വാസം നഷ്ടപ്പെട്ടിരുന്നു. അതിന്റെ ഫലമായി ദൈവത്തിനെതിരായും മരണാനന്തരജീവിതത്തിനെതിരായും പുസ്തകം എഴുതിത്തുടങ്ങിയ സമയം. ഒരു സായാഹ്നത്തില്‍ അദ്ദേഹം നടക്കാനിറങ്ങിയപ്പോള്‍ ഒരു സാധുസ്ത്രീ കരയുന്നത് കണ്ടു. എന്തിനാണ് അവള് കരയുന്നത് എന്ന് അദ്ദേഹം അന്വേഷിച്ചു. ആ സ്ത്രീ പറഞ്ഞു: "ഞാന്‍ അങ്ങയുടെ കാര്യസ്ഥന് സ്റ്റുവേര്‍ഡ് ജീന്‍ മരിയയുടെ ഭാര്യയാണ്. ഭര്‍ത്താവ് രണ്ട് ദിവസം മുമ്പ് മരിച്ചു. അദ്ദേഹം ഒരു നല്ല ഭര്‍ത്താവും അങ്ങയുടെ വിശ്വസ്തസേവകനുമായിരുന്നു. ഭര്‍ത്താവിന്റെ രോഗം നീണ്ടുനിന്നതിനാല്‍, സമ്പാദ്യം മുഴുവന്‍ ചികിത്സക്കായി ചെലവഴിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി വിശുദ്ധ കുര്‍ബാനയര്‍പ്പിക്കാന്‍ എന്റെ കൈയില്‍ ഒന്നുമില്ല." രാജകുമാരന് അവളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അവളെ ആശ്വസിപ്പിക്കുകയും അവളുടെ ആവശ്യത്തിലേക്കായി കുറച്ച് പണം നല്‍കുകയും ചെയ്തു. കുറച്ചുനാള്‍ കഴിഞ്ഞ് ഒരു സായാഹ്നത്തില്‍ രാജകുമാരന് തന്റെ മുറിയില്‍ പുസ്തകരചനയില്‍ മുഴുകിയിരിക്കുമ്പോള്‍ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം കേട്ടു. പുസ്തകത്തില്‍നിന്ന് മുഖമുയര്‍ത്താതെതന്നെ സന്ദര്‍ശകനോട് കടന്നുവരാന്‍ അദ്ദേഹം പറഞ്ഞു. ഒരാള്‍ മെല്ലെ വാതില്‍ തുറന്ന് അകത്തുപ്രവേശിച്ച് രാജകുമാരന്റെ എഴുത്തുമേശക്ക് അഭിമുഖമായി നിന്നു. തലയുയര്‍ത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച അദ്ദേഹത്തെ ആശ്ചര്യപ്പെടുത്തി. മരിച്ചുപോയ കാര്യസ്ഥന് സ്റ്റുവേര്‍ഡ് ജീന്‍ മരിയ ഒരു പുഞ്ചിരിയോടെ തന്റെ മുന്നില്‍! "രാജകുമാരാ, എനിക്കുവേണ്ടി വിശുദ്ധ കുര്‍ബാന ചൊല്ലിക്കാനായി എന്റെ ഭാര്യയെ സഹായിച്ചതിന് നന്ദി പറയാനാണ് ഞാന്‍ വന്നത്. ക്രിസ്തുവിന്റെ രക്ഷാകരമായ തിരുരക്തത്തിന് നന്ദി, അത് എനിക്കുവേണ്ടി അര്‍പ്പിക്കപ്പെട്ടു. ഞാന്‍ ഇന്ന് സ്വര്‍ഗത്തിലേക്ക് പോകുന്നു. അതിനുമുമ്പ് അങ്ങയോട് നന്ദി പറയാന്‍ ദൈവം എനിക്ക് അനുവാദം തന്നു." തുടര്‍ന്ന് അയാള്‍ പറഞ്ഞു, "രാജകുമാരാ, ദൈവം ഉണ്ട്, ഭാവിജീവിതം ഉണ്ട്, സ്വര്‍ഗവും നരകവും ഉണ്ട്." ഇത്രയും പറഞ്ഞ് അയാള്‍ അപ്രത്യക്ഷനായി. രാജകുമാരന് ഭക്തിയോടെ മുട്ടിന്മേല് നിന്ന് വിശ്വാസപ്രമാണം ചൊല്ലി!
By: Shalom Tidings
Moreനിലവിളിച്ച് പ്രാര്‍ത്ഥിച്ചിട്ടും ഉപവസിച്ചിട്ടും ദൈവമെന്തേ നിശബ്ദനായിരിക്കുന്നു? ഉത്തരം കെ?ത്താന് സഹായിക്കുന്ന ലേഖനം. യേശു തികച്ചും നീതിമാനാണെന്ന് യേശുവിനെ കുരിശുമരണത്തിനായി വിട്ടുകൊടുത്ത പീലാത്തോസിന് വ്യക്തമായും അറിയാമായിരുന്നു. വചനങ്ങള്‍ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു. "എന്തെന്നാല്‍ അസൂയ നിമിത്തമാണ് പുരോഹിത പ്രമുഖന്മാര് അവനെ ഏല്പിച്ചുതന്നതെന്ന് അവന് അറിയാമായിരുന്നു" (മര്‍ക്കോസ് 15/10). അതുകൊണ്ടുതന്നെ വിചാരണയുടെ സമയത്ത് പീലാത്തോസ് യേശുവിനെ വിട്ടയക്കുവാന്‍ പരമാവധി പരിശ്രമിക്കുന്നുമുണ്ട്. എന്നാല്‍ പുരോഹിത പ്രമുഖന്മാരും അവരാല്‍ പ്രേരിതരായ യഹൂദജനവും പീലാത്തോസിനോട് ആക്രോശിച്ചു. "അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക" എന്ന്. പീലാത്തോസ് അവസാനം അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി യേശുവിനെ ക്രൂശിക്കുവാന്‍ വിട്ടുകൊടുത്തു. വിട്ടുകൊടുക്കുന്നതിനുമുമ്പ് അവന് അവരുടെ മുമ്പില്‍വച്ച് തന്റെ കൈകള്‍ കഴുകി ഇപ്രകാരം പറഞ്ഞു: "ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല." പുരോഹിത പ്രമുഖന്മാരും ഫരിസേയരും അവിടെ കൂടിയിരുന്ന യഹൂദജനവും ആക്രോശിച്ചു പറഞ്ഞു "അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെമേലും ആയിക്കൊള്ളട്ടെ." അവര്‍ അവനെ കൊണ്ടുപോയി നിര്‍ദയം ക്രൂശിച്ചു! തലമുറകളുടെമേല്‍ വീണ രക്തം അധികനാള്‍ കഴിയുന്നതിനുമുമ്പുതന്നെ ജറുസലേം നശിപ്പിക്കപ്പെട്ടു. ശിക്ഷാവിധിയുടെ നുകം സ്വമേധയാ ഏറ്റുവാങ്ങിയ യഹൂദന്മാര് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും ചിതറിക്കപ്പെട്ടു. എത്തിയ ഇടങ്ങളില്‍ അതികഠിനമായി ഞെരുക്കപ്പെട്ടു. കഷ്ടതയുടെ 19 നൂറ്റാണ്ടുകള്‍ പിന്നിട്ടു കഴിഞ്ഞപ്പോള്‍ അക്കാലഘട്ടത്തിലെ യഹൂദപണ്ഡിതന്മാര്‍ക്ക് തങ്ങളുടെ ചിതറിക്കപ്പെടലിന്റെയും കഷ്ടതയുടെയും കാരണങ്ങളെക്കുറിച്ച് വെളിവ് ലഭിച്ചു. അവര്‍ ന്യൂയോര്‍ക്കില്‍ ഒന്നിച്ചുകൂടി ഏകകണ്ഠമായി ഇങ്ങനെ പ്രഖ്യാപിച്ചു. "യേശുവിനെ വധിക്കുന്നതിനുവേണ്ടി അന്നത്തെ സെന്‍ഹെദ്രീന്‍ സംഘം നടത്തിയ വിചാരണയും വിധിയും തികച്ചും അനീതിപരമായിരുന്നു. യേശുവിനെ ക്രൂശില്‍ തറച്ചുകൊന്നത് വലിയ തെറ്റായിപ്പോയി. അതിനാല്‍ അന്ന് യേശുവിനെതിരെ പുറപ്പെടുവിച്ച വിധി ഞങ്ങള്‍ ദുര്‍ബലപ്പെടുത്തുന്നു." തങ്ങളുടെ മുന്‍ഗാമികള്‍ ചെയ്ത തെറ്റിനെ അവര്‍ തിരിച്ചറിയുകയും ഏറ്റുപറയുകയും ചെയ്തപ്പോള്‍ ദൈവം അവരോട് കരുണ കാണിച്ചു. ലോകത്തിന്റെ അതിര്‍ത്തികളില്‍നിന്നും സ്വദേശത്തേക്കു മടങ്ങിവരാന്‍ അനുവദിച്ചു. അങ്ങനെ 1948-ല്‍ വീണ്ടും ഇസ്രായേല്‍ രാഷ്ട്രം രൂപീകരിക്കപ്പെട്ടു. ലോകചരിത്രത്തിലെ മഹാത്ഭുതങ്ങളില്‍ ഒന്നാണ് അവിടെ അരങ്ങേറിയത്. 19 നൂറ്റാണ്ടുകളോളം ലോകത്തിന്റെ അതിര്‍ത്തികളോളം അരക്ഷിതരും പീഡിതരുമായി ചിതറിക്കഴിഞ്ഞിരുന്ന ഒരു ജനവിഭാഗം ഒരു നിര്‍ണായക നിമിഷത്തില്‍ ഒത്തുചേര്‍ക്കപ്പെട്ട് ഒരു രാഷ്ട്രം രൂപീകരിക്കുക! ദൈവത്തിന്റെ മഹാകാരുണ്യമാണ് ഇവിടെ പ്രകടമായത്. "രക്ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്ക് മാന്ദ്യം സംഭവിച്ചിട്ടില്ല. നിന്റെ അകൃത്യങ്ങള്‍ നിന്നെയും ദൈവത്തെയും തമ്മില്‍ അകറ്റിയിരിക്കുന്നു; നിന്റെ പാപങ്ങള്‍ അവിടുത്തെ മുഖം നിന്നില്‍നിന്നും മറച്ചിരിക്കുന്നു" (ഏശയ്യാ 59/1-2). ചിതറിക്കപ്പെടലിനുപിന്നില്‍ ഇസ്രായേല്‍ ജനത്തിന് സംഭവിച്ച ചിതറിക്കപ്പെടലുകള്‍പോലെയുള്ള കഠിനവും ഒരുപക്ഷേ ബീഭത്സവുമായ ചിതറിക്കലുകളും കഷ്ടതകളും നമ്മളും നമ്മളുള്‍പ്പെടുന്ന കുടുംബവും സമൂഹങ്ങളും പേറുന്നുണ്ടാവും. ഞങ്ങളിത്രയേറെ നിലവിളിച്ച് പ്രാര്‍ത്ഥിച്ചിട്ടും ഉപവാസങ്ങളെടുത്തിട്ടും ദൈവമെന്തേ നിശബ്ദനായിരിക്കുന്നു? ഇസ്രായേലിന്റെ മുന്‍പറഞ്ഞ ചരിത്രം നമുക്ക് അതിന് ഉത്തരം നല്‍കുന്നുണ്ട്. തിരിച്ചറിയുകയും ഏറ്റുപറയുകയും പരിഹാരം ചെയ്യുകയും ചെയ്യാത്ത പാപങ്ങള്‍! യേശുവിനെ കുരിശുമരണത്തിന് വിധിച്ചതും ക്രൂശിച്ചതും തങ്ങള്‍ക്ക് ചെയ്യാവുന്നതില്‍വച്ച് ഏറ്റവും വലിയ നന്മയും ഏറ്റവും വലിയ ദൈവശുശ്രൂഷയും ആണെന്നാണ് പുരോഹിത പ്രമുഖന്മാര് കരുതിയത്. ജനം മുഴുവന്‍ വഴിതെറ്റിക്കപ്പെട്ട് നശിക്കുന്നതിനെക്കാള്‍ നല്ലത് പകരമായി ഒരുവന് (യേശു) മരിക്കുന്നതാണ് എന്ന് പ്രധാന പുരോഹിതനും മറ്റു പുരോഹിതരും ആലോചിച്ചുറച്ചു. അതിന്‍പ്രകാരമാണ് യേശുവിനെ കുരിശിലേറ്റാനുള്ള ഗൂഢാലോചനകള്‍ നടത്തുന്നത്. എന്നാല്‍ നിഷ്കളങ്കരക്തത്തെയാണ് തങ്ങള്‍ തൂക്കിലേറ്റിയതെന്ന് അവര്‍ തിരിച്ചറിയാന്‍ 19 നൂറ്റാണ്ടുകള്‍ കഴിയേണ്ടിവന്നു. ആ നാളുകളില്‍ ചിതറിക്കപ്പെട്ടിടത്ത് അവര്‍ക്ക് നേരിടേണ്ടിവന്ന കഷ്ടതയാണ് യഥാര്‍ത്ഥത്തില്‍ അവരുടെ കണ്ണു തുറപ്പിച്ചത്. ദൈവത്തോടും മനുഷ്യനോടും അവര്‍ അതേറ്റുപറഞ്ഞു. സെന്‍ഹെദ്രീന്‍ സംഘം നടത്തിയ തെറ്റായ വിധിയെ അവര്‍ നിര്‍വീര്യപ്പെടുത്തി. കര്‍ത്താവിന്റെ കരുണയ്ക്കായി നിലവിളിച്ചു. അപ്പോള്‍ രക്ഷയുടെ തുറമുഖത്തേക്ക് നങ്കൂരമടിക്കുവാന്‍ ദൈവമവരെ അനുവദിച്ചു. എത്തേണ്ടിടത്തെത്തിയപ്പോള്‍ തങ്ങളുടെ ദുര്‍വിധിയുടെ യഥാര്‍ത്ഥ കാരണം കണ്ടെത്തുന്നതുവരെയുള്ള നീണ്ട കാലയളവില്‍ മറ്റു പലതിനെക്കുറിച്ചും അവര്‍ അനുതപിച്ചിട്ടുണ്ടാകാം. തുളസിക്കും ചതകുപ്പക്കും ദശാംശം കൊടുക്കുകയും യഥാര്‍ത്ഥമായ ദൈവനീതിയെ അവഗണിക്കുകയും ചെയ്തുകൊണ്ടുള്ള അവരുടെ അനുതാപപ്രകരണങ്ങള്‍ വായുവിലുള്ള പ്രഹരങ്ങളായി അവശേഷിക്കുകയും അവര്‍ തങ്ങളുടെ കഷ്ടതകളില്‍തന്നെ തുടരുകയും ചെയ്തപ്പോള്‍ മഹാകാരുണ്യവാനായ ദൈവംതന്നെയാണ് അവരുടെ കഷ്ടതയുടെ കാരണങ്ങളെക്കുറിച്ചുള്ള ഉള്‍വെളിച്ചം നല്കി അവരെ രക്ഷപ്പെടുത്തിയത്. കാലങ്ങള്‍ക്കുമുമ്പ് നാം നടത്തിയ നിര്‍ദയവും തികച്ചും അനീതിപരവുമായ വിധികളും പ്രവൃത്തികളും ഇന്നും നമുക്കു ചുറ്റും കഷ്ടതയുടെയും അസമാധാനത്തിന്റെയും കാരണങ്ങളായി നിലകൊള്ളുന്നുണ്ടാകാം. തിരിച്ചറിയാനും തിരുത്തുവാനും അതേറ്റുപറയാനും തയാറാവൂ... ഇസ്രായേല്‍ ജനത്തെ തിരിച്ചു നടത്തിയ അവിടുന്നു നമ്മെ രക്ഷയുടെ തുറമുഖത്തെത്തിക്കും. അതെ, നിശ്ചയമായും രക്ഷ വിദൂരത്തല്ല! സക്കേവൂസിലെ ധീരനായ വിശുദ്ധന്! സക്കേവൂസില്‍ മാനസാന്തരപ്പെട്ട ഒരു ധീരവിശുദ്ധനെ നമുക്ക് കാണാന്‍ കഴിയും. യേശുവിനെ വീട്ടില്‍ സ്വീകരിച്ച് പരിചരിക്കുന്നതിനിടയില്‍ യേശുവിന്റെ സ്നേഹം അടുത്തറിഞ്ഞപ്പോള്‍ അവനു തോന്നി താന്‍ ഒരു മഹാപാപിയാണെന്ന്. അതു തിരിച്ചറിഞ്ഞ അവന് യേശുവിന്റെ കാല്ക്കലൊന്നും വീണ് മാപ്പു പറയുന്നില്ല. പക്ഷേ അവന് ഭക്ഷണമേശയിങ്കല്‍ എഴുന്നേറ്റുനിന്ന് തന്റെ ധീരമായ കാല്‍വയ്പുകള്‍ യേശുവിനെ അറിയിക്കുന്നു. "കര്‍ത്താവേ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍ അത് നാലിരട്ടിയായി തിരികെ കൊടുക്കുന്നു. യേശു പറഞ്ഞു. "ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു." സക്കേവൂസിന്റെ ആ ധീരമായ തീരുമാനം കേട്ടതിനുശേഷം മാത്രമാണ്'ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു'വെന്ന വചനം യേശുവിന്റെ നാവില്‍നിന്നും പുറപ്പെട്ടത്. നമുക്കെന്തേ രക്ഷ വൈകുന്നു? സക്കേവൂസിനെപ്പോലെ ധീരമായൊരു കാല്‍വയ്പ് നടത്താന്‍ നാം മടിക്കുന്നതുകൊണ്ടുതന്നെ, അനേകവട്ടം നാം പാപിയാണെന്ന് ഏറ്റുപറയാനും കുമ്പസാരിക്കുവാനും നാം തയാറാകും. പക്ഷേ നമ്മുടെ അനീതിപരമായ പ്രവൃത്തിയിലൂടെ ക്ഷതമേറ്റവനെ സുഖപ്പെടുത്തുവാനും പരിഹാരം ചെയ്യാനും നാം തയാറാവുകയില്ല. എന്നിട്ടും നാം ചോദിക്കും കര്‍ത്താവേ, രക്ഷ വിദൂരത്താണോ? എന്ന്. പിന്നെങ്ങനെ കര്‍ത്താവായ യേശുവിനു പറയാന്‍ കഴിയും ഇന്ന് ഈ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു എന്ന്?! എങ്ങനെ അവിടുന്നു പറയും ഇന്നീ സ്ഥാപനം, അല്ലെങ്കില്‍ സഭാസമൂഹം രക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന്?! കൊട്ടിയത്ത് കട്ടത് കോട്ടയത്തു തിരികെ കൊടുത്താല്‍ ദാനധര്‍മ്മം എപ്പോഴും പാപത്തിന് പരിഹാരമാണ്. "ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധര്‍മ്മം പാപത്തിന് പരിഹാരമാണ്" (പ്രഭാഷകന്‍ 3/30). എന്നാല്‍ കൊട്ടിയത്തു കട്ടത് കോട്ടയത്ത് തിരികെ കൊടുത്താല്‍ മതിയാകുമോ? ഇല്ല. നമ്മുടെ അനീതിപരമായ വിധികളും നീചമായ പ്രവൃത്തികളും നിമിത്തം വേദനിച്ചവരും അനീതിയുടെ നുകം വഹിച്ചവരും ഈ ഭൂമിയില്‍ ജീവിച്ചിരിക്കേ നമ്മുടെ പരിഹാരകര്‍മ്മങ്ങള്‍ അവരെത്തേടി എത്താതെ നാം കുറെയേറെ പണം കൊണ്ടുപോയി അനാഥശാലകള്‍ക്കു നല്‍കുകയും സുവിശേഷവേലക്ക് നല്‍കുകയും ചെയ്താല്‍ അതൊരു പരിഹാരപ്രവൃത്തി ആകുമോ? ഒരിക്കലും ഇല്ല എന്നാണ് എന്റെ അഭിപ്രായം. കാരണം സക്കേവൂസ് ചെയ്തതുപോലെയല്ല നാം ചെയ്യുന്നത്. സക്കേവൂസ് രണ്ടു കാര്യങ്ങള്‍ ചെയ്തു. ഇതില്‍ ഒന്നാമത്തെ കാര്യം ഉപേക്ഷിച്ചുകൊണ്ട് രണ്ടാമത്തെ കാര്യംമാത്രം ചെയ്താല്‍ യേശുവിന് നമ്മെ നീതീകരിക്കുവാനോ ഇന്നീ ഭവനത്തിന് രക്ഷ കൈവന്നിരിക്കുന്നു എന്ന് നമ്മുടെ ജീവിതത്തെയോ കുടുംബത്തെയോ സ്ഥാപനത്തെയോ സഭാകൂട്ടായ്മകളെയോ നോക്കി പറയാനേ കഴിയുകയില്ല. "ദരിദ്രന്റെ സമ്പത്തു തട്ടിയെടുത്ത് അതുകൊണ്ട് ബലിയര്പ്പിക്കുന്നവന് പിതാവിന്റെ മുമ്പില്‍വച്ച് പുത്രനെ കൊല്ലുന്നവനെപ്പോലെയാണ്" (പ്രഭാഷകന്‍ 34/20). സമ്പത്തിന്റെ കാര്യത്തില്‍ മാത്രമല്ല മറ്റുള്ളവരുടെ മാന്യത, സല്പേര്, പ്രവര്‍ത്തന മണ്ഡലങ്ങള്‍, ന്യായമായ അവകാശങ്ങള്‍ അങ്ങനെ പലതിലും ഇത് ബാധകമാണ്. നവംബര്‍ ശുദ്ധീകരണാത്മാക്കളുടെ വണക്കമാസമാണല്ലോ. ശുദ്ധീകരണാത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നത് തികച്ചും ന്യായയുക്തമാണ്. എന്നാല്‍ മരണശേഷം കാലങ്ങളോളം ശുദ്ധീകരണാഗ്നിയില്‍ കഴിയാനുള്ള വിധി നമുക്ക് നേടിത്തരുന്ന മുകളില്‍ പറഞ്ഞതരത്തിലുള്ള പരിഹാരക്കടങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടോ എന്ന് പരിശുദ്ധാത്മാവ് നല്കുന്ന വെളിച്ചത്തില്‍ പരിശോധിച്ചുനോക്കി ഈ ഭൂമിയിലായിരിക്കുമ്പോള്‍ത്തന്നെ അതിനു പരിഹാരം ചെയ്യുന്നതല്ലേ ഉചിതം? ഈ നവംബര്‍ മാസം അങ്ങനെയൊരു പരിഹാര ജീവിതത്തിന്റെ അരൂപിയിലേക്കു നമ്മെ നയിക്കട്ടെ. ധീരനായ സക്കേവൂസ് നമുക്ക് മാതൃകയായിരിക്കട്ടെ. പ്രെയ്സ് ദ ലോര്‍ഡ്. 'ആവേ മരിയ.'
By: Stella Benny
Moreകോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം രാത്രി നാട്ടിലേക്ക് പോകുകയായിരുന്നു. യാത്രയ്ക്കിടെ തൃശൂര്‍ ടൗണില്‍ വച്ച് എന്റെ അതേ പ്രായം തോന്നിക്കുന്ന ഒരു യുവാവ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ ഒട്ടിക്കുന്നത് കണ്ടു. പെട്ടെന്ന് എന്റെ ചിന്ത രാഷ്ട്രീയപ്രവര്‍ത്തകരെക്കുറിച്ചായി. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സജീവരാഷ്ട്രീയപ്രവര്‍ത്തനം ചെയ്യുന്ന ചിലരെയൊക്കെ അറിയാം. അവരോടൊക്കെ എനിക്ക് ബഹുമാനം തോന്നിയിട്ടുമുണ്ട്. കാരണം അവരറിഞ്ഞ സത്യത്തിനുവേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നു, ജീവിക്കുന്നു, കഠിനാദ്ധ്വാനം ചെയ്യുന്നു. അങ്ങനെയെങ്കില്‍ ഞാനറിഞ്ഞ സത്യത്തിനുവേണ്ടി, എന്റെ കര്‍ത്താവിനുവേണ്ടി, എന്തുകൊണ്ട് പ്രവര്‍ത്തിച്ചുകൂടാ? എനിക്കെന്തുകൊണ്ട് യേശുവിനുവേണ്ടി ജീവിച്ചുകൂടാ? ഈ ചിന്തയും മനസില്‍ വച്ച് ഞാന്‍ അല്‍പ്പസമയം കര്‍ത്താവിന്റെ അടുത്തിരുന്നു. അതിനുശേഷം വിശുദ്ധ ബൈബിള്‍ തുറന്നപ്പോള്‍ കിട്ടിയ വചനമെന്താണെന്നോ? "എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്കു വരാന്‍ സാധിക്കുകയില്ല" (യോഹന്നാന് 6/44). ഒന്ന് ചോദിച്ചുനോക്കുക. നിന്നെയും കര്‍ത്താവ് പ്രതീക്ഷിക്കുന്നുണ്ടാകും. "നാം ജീവിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി ജീവിക്കുന്നു; മരിക്കുന്നുവെങ്കില്‍ കര്‍ത്താവിനു സ്വന്തമായി മരിക്കുന്നു. ആകയാല്‍, ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്" (റോമാ 14/8). പ്രാര്‍ത്ഥിക്കാം, യേശുവേ, എന്നിലൂടെ അനേകര്‍ അങ്ങയെ അറിയാന്‍ ഇടയാക്കണമേ. സുവിശേഷം പങ്കുവയ്ക്കാനുള്ള വ്യക്തിപരമായ സാധ്യതകള്‍ കണ്ടെത്താന്‍ എന്നെ സഹായിക്കുകയും ചെയ്യണമേ.
By: Brother Augustine Christy PDM
Moreസഹനങ്ങള്‍ എന്തിനുവേണ്ടിയാണ് ദൈവം അനുവദിക്കുന്നത്? അത് ഒഴിവാക്കിയാല്‍ എന്താണ് സംഭവിക്കുക? 36 വയസായ എന്റെ ശരീരം അനുദിനം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. 36*365 ദിനങ്ങളിലായി ഈ രൂപാന്തരം നടക്കുന്നു. ഇന്നത്തെ അവസ്ഥയല്ല നാളത്തേത്. ഇതുപോലെതന്നെയാണ് ആത്മാവിന്റെ കാര്യത്തിലും. ആത്മാവും അനുദിനം രൂപാന്തരപ്പെടേണ്ടതായുണ്ട്. അനുദിനകൂദാശകള്‍ നമ്മെ അതിന് സഹായിക്കുന്നു. മനസും രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു. അതെങ്ങനെ സംഭവിക്കും? മനസിന്റെ മാറ്റത്തിനാണ് മാനസാന്തരം എന്നുപറയുന്നത്. അത് സംഭവിക്കാത്തതുകൊണ്ടാണ് പ്രശ്നപ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നമുക്ക് സാധിക്കാതെവരുന്നത്. ഒന്നാം ക്ലാസില്‍നിന്ന് രണ്ടിലെത്താന്‍ നാം പരീക്ഷ എഴുതുമല്ലോ. അത് വിജയിച്ചാല്‍ രണ്ടാം ക്ലാസില്‍, അല്ലെങ്കില്‍ ഒന്നാം ക്ലാസില്‍ത്തന്നെ. ഇതുപോലെതന്നെ നാം മനസിന്റെ പരീക്ഷയും വിജയിക്കേണ്ടിയിരിക്കുന്നു. മനസിന്റെ പരീക്ഷയാണ് നമുക്ക് അനുദിനം ദൈവം അനുവദിക്കുന്ന സഹനങ്ങള്‍. അതിനെ രണ്ട് രീതിയില്‍ കാണാം. ഒന്ന്, അതിനെ ഒരു പ്രശ്നമായി കാണാം. അങ്ങനെ കണ്ടാല്‍ ഒരിക്കലും അതില്‍നിന്ന് കരകയറാന്‍ പറ്റില്ല. നാം പരീക്ഷയില്‍ പരാജയപ്പെടുന്നതുപോലെ പ്രശ്നത്തെ ഭയന്ന് ഓടിയൊളിച്ചാല്‍ ചെല്ലുന്നിടത്ത് അതിലും വലുത് നേരിടേണ്ടിവരും. പ്രശ്നത്തെ മാറ്റിവിടാനല്ല, അതിജീവിക്കാനാണ് ഗദ്സമനില്‍ ഈശോ പഠിപ്പിച്ചത്. പ്രശ്നത്തെ അതിജീവിക്കാനുള്ള കരുത്ത് ലഭിക്കുന്ന സ്ഥലമാണ് ഓരോ ഗദ്സമനിയും. രണ്ടാമതായി, പ്രശ്നത്തെ ഒരു സാധ്യതയായി കാണാം. പ്രശ്നമില്ലാതെ പ്രശ്നപരിഹാരത്തിനുള്ള കഴിവ് നേടിയെടുക്കുന്നതെങ്ങനെ? ഓരോ പ്രശ്നങ്ങളും പ്രതിസന്ധികളും സാധ്യതകളാണ്. അതിനെ അതിജീവിക്കുമ്പോള്‍ ലഭിക്കുന്ന കഴിവുകളും കൃപകളും നമ്മെ ജീവിതവിജയത്തിന്റെ പടികള്‍ ചവുട്ടിക്കയറാനും ഉന്നതത്തില് എത്തിക്കാനും സഹായിക്കുന്നു. ഇത് മനസിന്റെ പരീക്ഷ വിജയിച്ച് രണ്ടാം ക്ലാസില്‍ എത്തുന്നതുപോലെയാണ്. രണ്ടാം ക്ലാസില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നു. അതുപോലെ രണ്ടാം തരത്തില്‍ സഹനത്തിന്റെ തോതും വലുതായിരിക്കും. ഇങ്ങനെ, ഒന്നാം തരത്തിലെയും രണ്ടാം തരത്തിലെയും പരീക്ഷകള്‍ അതിജീവിച്ച് പത്താം ക്ലാസിലെത്തുമ്പോള്‍ ഒന്നിലും രണ്ടിലും വിഷമിക്കുന്ന അനേകം ആത്മാക്കളെ ദൈവം നമ്മുടെയടുത്തേക്ക് അയക്കും. അപ്പോള്‍ അവരെ നമ്മുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സഹായിക്കാന്‍ സാധിക്കും. അതാണ് നമ്മുടെ ദൈവികശുശ്രൂഷ. "നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിനെ സ്നേഹിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ആദ്യം സഹിക്കാന്‍ പഠിക്കുക. കാരണം സഹനം സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു, സ്നേഹം സഹനത്തെ അതിജീവിക്കുന്നു" (വിശുദ്ധ ജെമ്മാ ഗല്‍ഗാനി). ഓരോ സഹനങ്ങളും ഓരോ സാധ്യതയാണെന്ന് തിരിച്ചറിഞ്ഞ് മനസിനെ രൂപാന്തരപ്പെടുത്തി ഞാന്‍ മുപ്പത്തിയാറാം വയസില്‍ എത്തിക്കണം. എങ്കിലേ മുപ്പത്തിയാറുകാരന്റെ പക്വത എനിക്കുണ്ടാവുകയുള്ളൂ. വിശുദ്ധ ഇഗ്നേഷ്യസ് ലയോള പറഞ്ഞുവയ്ക്കുന്നു, "ദൈവം അനേകം സഹനങ്ങള്‍ അയക്കുന്നത് അവിടുത്തെ പദ്ധതിയനുസരിച്ച് നിന്നെ രൂപാന്തരപ്പെടുത്തി ഒരു വിശുദ്ധനാക്കുന്നതിനാണ്." തിരുവചനം ഓര്‍മപ്പെടുത്തുന്നു, "തന്റെ നിത്യമഹത്വത്തിലേക്ക് ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും" (1 പത്രോസ് 5/10).
By: Shalom Tidings
More