Home/Evangelize/Article

ജനു 25, 2023 338 0 Shanavas Francis
Evangelize

ദൈവാനുഭവം സമ്മാനിച്ച വസ്ത്രങ്ങള്‍

നമ്മുടെ കുറവ് എന്തായാലും അവിടെ ഈശോ ഓടിയെത്തുമെന്ന് ഓര്‍മിപ്പിക്കുന്ന ഒരനുഭവം.

വര്‍ഷങ്ങള്‍ക്കുമുമ്പുള്ള അനുഭവമാണ്. ആദ്യമായി കേരളത്തിനു വെളിയില്‍ ഒരു ശുശ്രൂഷയ്ക്കായി ഞാനും നിയോഗിക്കപ്പെട്ടിരിക്കുന്നു. തലസ്ഥാനനഗരിയായ ഡല്‍ഹിയിലാണ് ധ്യാനങ്ങള്‍ നടക്കുന്നത്. ഒരു മാസത്തോളം നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമുകള്‍ ഡല്‍ഹിയിലെ പല ഭാഗങ്ങളിലായി ക്രമീകരിക്കപ്പെട്ടിരിക്കുകയാണ്. “നന്നായി പ്രാര്‍ത്ഥിച്ചൊരുങ്ങി തയാറാവുക. ഗാനശുശ്രൂഷയും സ്തുതിയാരാധനയും ചെയ്യേണ്ടത് ഷാനവാസാണ്.” ഗ്രൂപ്പ് ലീഡര്‍ അറിയിച്ചു. കേട്ടപ്പോള്‍ വലിയ സന്തോഷം തോന്നി. അന്നും ഇന്നും സുവിശേഷ യാത്രകള്‍ വലിയ ആനന്ദം നല്‍കുന്നവയാണ്. പുതിയ അഭിഷേകവും ശക്തിയും ലഭിക്കുവാനായി പ്രാര്‍ത്ഥനകള്‍ തുടങ്ങി. പക്ഷേ ഒരു കുറവുണ്ട്, എനിക്ക് നല്ല വസ്ത്രങ്ങളൊന്നുമില്ല. ആകെ ഉള്ളത് ഒരു കറുത്ത പാന്‍റ്സും രണ്ടു ഷര്‍ട്ടുമാണ്. പിന്നെ യാത്രകള്‍ക്ക് ഉപയോഗിക്കുവാന്‍ പഴയ ഒരു ജീന്‍സും ടീ ഷര്‍ട്ടുമുണ്ട്. പുതിയ ഡ്രസുകള്‍ വാങ്ങുവാന്‍ കൈയില്‍ പണമില്ല. അന്നത്തെ എന്‍റെ അവസ്ഥയില്‍ ചോദിച്ചാല്‍ ആരും കടം തരികയുമില്ല. അങ്ങനെ വലിയ സന്തോഷത്തിനിടയില്‍ സങ്കടം കയറിവന്നു.

എന്തായാലും ദിവസങ്ങള്‍ ഉണ്ടല്ലോ, ദൈവം എല്ലാം ക്രമീകരിക്കുമെന്ന വിശ്വാസത്തില്‍ കാത്തിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. ഉള്ള ഡ്രസുമായി യാത്ര തിരിക്കേണ്ടി വന്നു. അങ്ങനെ മഹാനഗരമായ ഡല്‍ഹിയിലെത്തി. പുതിയ ജനം, പുതിയ കാഴ്ചകള്‍, പുതിയ അഭിഷേകം – അതായിരുന്നു അവിടെ നടന്ന ശുശ്രൂഷകളുടെ ആകെയുള്ള വിലയിരുത്തല്‍. എല്ലായിടവും വലിയ വേദികള്‍തന്നെ. വന്‍ ജനാവലി എല്ലായിടത്തും ഉണ്ടായിരുന്നു. നമ്മുടെ ദൈവത്തിന്‍റെ മഹത്വം ഇറങ്ങിവന്ന ശുശ്രൂഷകള്‍, സ്തുതി ആരാധനകള്‍, രോഗശാന്തികള്‍. എല്ലാം നേരിട്ടു കാണുവാനും അതിന് നേതൃത്വം കൊടുക്കുവാനും നല്ല ദൈവം എനിക്കും കൃപ തന്നു.

ഓരോ സ്ഥലങ്ങളിലും ശുശ്രൂഷകള്‍. ഒരു പാന്‍റ്സ് മൂന്നു ദിവസം ഉപയോഗിച്ച് രാത്രിയില്‍ കഴുകിയിടും. പിറ്റേന്ന് രാവിലെ തേച്ച് വീണ്ടും ഉപയോഗിക്കും. ഷര്‍ട്ടിന്‍റെ കാര്യവും അങ്ങനെതന്നെ. എന്നാല്‍ പലപ്പോഴും ജനത്തിന്‍റെ കൂടെ ഇറങ്ങി നൃത്തം ചെയ്ത് പാടേണ്ട സമയങ്ങളുമുണ്ടായി. അങ്ങനെ ഒരു വേദിയില്‍വച്ച് പാന്‍റ്സിന്‍റെ അടിഭാഗം കുറച്ച് കീറാനിടയായി. അന്ന് ഞാന്‍ ശരിക്കും വിഷമിച്ചു. ജനം നല്ല കൃപയില്‍ ആയതിനാല്‍ ആരും അത് ശ്രദ്ധിച്ചില്ല. പക്ഷേ എനിക്കത് ഭയത്തിന് കാരണമായി. താമസസ്ഥലത്ത് വന്ന് കീറിയ ഭാഗം തുന്നി വച്ചെങ്കിലും എന്‍റെ ആകുലത വര്‍ധിച്ചു എന്നു പറയാം. “ദൈവമേ, ഇനിയെങ്ങനെ മുമ്പോട്ടു പോകും, ജനത്തിന്‍റെ ഇടയില്‍വച്ച് പാന്‍റ്സ് കീറിപ്പോകുമോ?” അങ്ങനെ സംഭവിച്ചാല്‍ ആകെ നാണക്കേടാകുമല്ലോ. ഒരു പരിഹാരം കാണുന്നില്ലല്ലോ, ആരോടു പറയും. ധ്യാനങ്ങള്‍ ഇനിയും ബാക്കി കിടക്കുന്നു. ഒരു വല്ലാത്ത പരീക്ഷണ സമയമായിരുന്നു അത്. എങ്കിലും ഈശോയെ ഞാന്‍ മുറുകെ പിടിച്ചു. പാന്‍റ്സ് കീറാതെ നോക്കണേ എന്നായിരുന്നു ഹൃദയം നുറുങ്ങിയുള്ള പ്രാര്‍ത്ഥന. ആ യാചന ഈശോ കേട്ടു.

അതിനിടെയാണ് ഞങ്ങള്‍ ഒരു മാമോദീസയ്ക്ക് ക്ഷണിക്കപ്പെട്ടത്. ഡല്‍ഹിയിലെ പ്രോഗ്രാമുകളിലെല്ലാം വരുന്ന ഒരു സഹോദരന്‍റെ രണ്ടാമത്തെ കുഞ്ഞിന്‍റെ മാമോദീസ. ധ്യാനത്തിന്‍റെ ഇടയില്‍ ഒരു സന്ധ്യാസമയത്താണ് ആ മാലാഖക്കുഞ്ഞിന്‍റെ മാമോദീസ നടന്നത്. ദൈവാലയത്തിലെ പ്രാര്‍ത്ഥനകള്‍ക്കുശേഷം വലിയൊരു ഹോട്ടലില്‍ അവര്‍ അതിഥികള്‍ക്കായി വിരുന്ന് ഒരുക്കിയിരുന്നു. രുചികരമായ ഭക്ഷണം ഞങ്ങള്‍ കഴിച്ചു. പിന്നീട് ഞങ്ങളെ അവര്‍ താമസിക്കുന്ന സ്ഥലത്ത് എത്തിക്കുമെന്നാണ് വിചാരിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള അത്ഭുതം സംഭവിക്കാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.

അവര്‍ ഞങ്ങളെ കൊണ്ടുപോയത് ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ വില്‍ക്കുന്ന തലസ്ഥാനത്തെ വലിയൊരു കടയിലേക്കാണ്. വിശാലമായ ഹാളില്‍ കയറി കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, “ഇവിടെനിന്നും നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഒരു ജോഡി ഡ്രസ് എടുക്കാം. അതായത് ഒരു പാന്‍റ്സും ഒരു ഷര്‍ട്ടും. വിലയൊന്നും നോക്കണ്ട, എല്ലാം ഈശോ തരുന്നതാണ്.” എന്‍റെ കാല്‍പാദത്തിന്‍റെ അടിയില്‍നിന്നും ഒരു തരം ഷോക്ക് ശരീരം മുഴുവന്‍ നിറഞ്ഞു. അവിടെനിന്നും വിളിച്ചു പറയാന്‍ തോന്നി, എന്‍റെ ദൈവം നമ്മുടെ ഈശോ ജീവിക്കുന്നുവെന്ന്. എങ്കിലും ആ ആവേശം ഉള്ളിലൊതുക്കി ഞാന്‍ ശാന്തനായി നിന്നു. ടീമില്‍ ഞങ്ങള്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നു. എല്ലാവരും അധികം വില വരാത്ത എന്നാല്‍ നല്ല വസ്ത്രങ്ങളാണ് എടുത്തത്. ഞാനും ഇഷ്ടം തോന്നിയ പാന്‍റ്സും ഷര്‍ട്ടും എടുത്തു. അങ്ങനെ ദൈവം ചെയ്ത നന്മകള്‍ക്ക് നന്ദി പറഞ്ഞ് ഞങ്ങള്‍ താമസസ്ഥലത്തേക്ക് മടങ്ങി.

പിന്നീട് നടന്ന ധ്യാനങ്ങളില്‍ ഞാന്‍ വലിയ ആത്മവിശ്വാസത്തോടെയാണ് ഗാനശുശ്രൂഷയ്ക്കായി കയറിയത്. പുതിയ പാന്‍റ്സും ഷര്‍ട്ടും ധരിച്ച് പാടിയപ്പോള്‍ പുതിയ അഭിഷേകം തരുവാനും ഈശോ മറന്നില്ല.

അന്ന് ‘എന്‍റെ പാന്‍റ്സ് കീറാതെ നോക്കണേ ഈശോയേ’ എന്ന പ്രാര്‍ത്ഥന കേള്‍ക്കുക മാത്രമല്ല അവിടുന്ന് ചെയ്തത് മറിച്ച്, പുതിയ വസ്ത്രങ്ങള്‍ തന്നുകൊണ്ട് എന്നെ അനുഗ്രഹിച്ചു. കൂടാതെ, ഇന്ന് നല്ല വസ്ത്രങ്ങള്‍ ധരിക്കുവാനുള്ള കൃപയും ഈശോ എനിക്ക് തന്നു. അതെല്ലാം ഈശോയുടെ ദാനമാണ്, സമ്മാനമാണ്. അതെ നമ്മുടെ കുറവ് എന്തായാലും അവിടെ ഈശോ ഓടിയെത്തും. ഹൃദയത്തില്‍ നിന്നുള്ള ഒരു വിളി അതുമാത്രം മതി അവിടുത്തേക്ക്. ദൈവരാജ്യത്തിനായി നാം സമര്‍പ്പിക്കുന്നതെല്ലാം ഇരട്ടി അനുഗ്രഹമായി മാറ്റുകതന്നെ ചെയ്യും.

മത്തായി 6/33 നമ്മെ ഓര്‍മിപ്പിക്കുന്നുണ്ടല്ലോ, “നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും.” ډ

 

 

 

 

 

Share:

Shanavas Francis

Shanavas Francis

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles