Home/Enjoy/Article

സെപ് 09, 2023 78 0 Brother Augustine Christy PDM
Enjoy

തൂവാലയിലെ 2 ആത്മാക്കള്‍!

ഒരു തൂവാലമതി ആത്മാക്കളെ ആകര്‍ഷിക്കാന്‍…

അട്ടപ്പാടിയില്‍ നിന്നും പാലക്കാട്ടേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോവുകയാണ് ഞാന്‍. കുണ്ടും കുഴിയും നിറഞ്ഞ അട്ടപ്പാടി ചുരത്തിലൂടെയാണ് യാത്ര. ഞാന്‍ ബസ്സിന്‍റെ ഏറ്റവും പിന്‍ഭാഗത്തെ സീറ്റിലാണ് ഇരിക്കുന്നത്.

ഇടയ്ക്കുവച്ച് രണ്ടു പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ബസ്സില്‍ കയറി. രണ്ടുപേരും പിന്‍ഭാഗത്തെ സീറ്റിന്‍റെ അടുത്താണ് നില്‍ക്കുന്നത്. കുറച്ചുദൂരം ചെന്നതോടെ അതില്‍ ഒരു പയ്യന് ഛര്‍ദ്ദിക്കാന്‍ വന്നു. ഉടനെ ആംഗ്യം കാണിച്ച് അവന്‍ സീറ്റിന്‍റെ വിന്‍ഡോ ഭാഗത്തേക്ക് തലനീട്ടി. എന്‍റെ തൊട്ടടുത്തിരിക്കുന്നയാള്‍ നീങ്ങി കൊടുക്കാന്‍ തുടങ്ങിയതേ ആ പാവം പയ്യന്‍ ഛര്‍ദിച്ചു. അദ്ദേഹം ഇരിക്കുന്ന സീറ്റിലും ബസിന്‍റെ ജനാലയിലുമായി അവശിഷ്ടങ്ങള്‍ വീണു. സത്യം പറഞ്ഞാല്‍ എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.

ഉടനെ മനസ്സില്‍ ശക്തമായ ഒരു തോന്നല്‍ വന്നു. കയ്യിലുള്ള തൂവാല എടുക്കുക. സീറ്റ് തുടയ്ക്കുക.

ഞാന്‍ പോക്കറ്റില്‍നിന്നും തേച്ചുമടക്കിയ എന്‍റെ വെള്ളത്തൂവാല മനസ്സില്ലാമനസ്സോടെ എടുത്ത് അവന്‍ ഇരിക്കാന്‍ പോകുന്ന സീറ്റ് തുടച്ചു.

ഉടനെ ആത്മാവില്‍ അടുത്ത സ്വരം.

തൂവാലയുടെ മടങ്ങിയിരിക്കുന്ന ഭാഗം നിവര്‍ത്തി ആ ഭാഗം കൊണ്ട് അവന്‍റെ വായയും താടിയും അവശിഷ്ടങ്ങള്‍ പറ്റിയ മുഖഭാഗവും തുടയ്ക്കുക…

ഞാന്‍ അല്‍പ്പം വിമ്മിട്ടപ്പെട്ടിട്ടാണെങ്കിലും അത് ചെയ്തു. ക്രൂശിക്കാന്‍ കൊണ്ടുപോകുന്ന ക്രിസ്തുവിന്‍റെ തിരുമുഖം തൂവാലകൊണ്ട് തുടയ്ക്കുന്ന വെറോനിക്കയുടെ മുഖം അന്നേരം എന്‍റെ ഭാവനയില്‍ വന്നു.

ശേഷം ബസ്സിന്‍റെ ജനാലയും കമ്പികളും തുടച്ചശേഷം ആ തൂവാല ഞാന്‍ കളഞ്ഞു.

അന്നേരം ഞാന്‍ അനുഭവിച്ചത് നഷ്ടബോധമായിരുന്നില്ല, പിന്നെയോ ആത്മലാഭമാണ്. കാരണം, എന്‍റെയടുത്ത് ഇപ്പോള്‍ ഇരിക്കുന്ന ആ മകനെയും ബസ്സില്‍ കയറിയ അവന്‍റെ സുഹൃത്തിനെയും ഞാന്‍ ഉടനെ നേടാന്‍ പോവുകയാണ്.

അവര്‍ക്ക് ഒരുകാര്യം അറിയണം. എന്തുകൊണ്ടാണ് ഞാന്‍ ഇങ്ങനെ ചെയ്തത് ?

എന്‍റെ ഉത്തരം സിംപിള്‍!

ക്രിസ്തുവിന്‍റെ സ്നേഹം എനിക്ക് പ്രചോദനം നല്‍കുന്നു!!!

ഒപ്പം ഞാന്‍ എനിക്ക് അറിയാവുന്ന രീതിയില്‍ യേശുവിനെക്കുറിച്ച് ആ മകനോട് പങ്കുവച്ചു. ഞാന്‍ നിന്നില്‍ ആരെ കണ്ടെന്നും എന്താണ് ഇങ്ങനെ ചെയ്തപ്പോള്‍ എനിക്ക് തോന്നിയത് എന്നുമെല്ലാം. ഒപ്പം അവന്‍റെ കൂടെയുള്ള കൂട്ടുകാരനോടും. ഇരുവരും കണ്ണിമ വെട്ടാതെ ഹൃദയം ചേര്‍ത്തുവെച്ച് എല്ലാം കേട്ടുകൊണ്ടിരുന്നു.

ആധുനിക കാലഘട്ടത്തില്‍ എങ്ങനെ ക്രിസ്തുവിനെ കൊടുക്കാം എന്ന് ചോദിക്കുന്നവരോട് എനിക്ക് പറയാനുള്ളത് എന്‍റെ ഈ കൊച്ചനുഭവമാണ്.

ഒരു തൂവാല കൊണ്ട് ഒരു ആത്മാവിനെ നേടാമെങ്കില്‍, ഒന്ന് ചിന്തിച്ചുനോക്കൂ… സ്വന്തമായി കയ്യിലുള്ള ‘പൊട്ടന്‍ഷ്യല്‍’ എത്രയെന്ന്!

നമ്മുടെ കൈകളിലും തേച്ചു മടക്കി പോക്കറ്റിലിട്ടിരിക്കുന്ന ധാരാളം തൂവാലകളില്ലേ? അനുഭവങ്ങളായും സമയമായും കഴിവുകളായും എടുക്കാതിരിക്കുന്ന വെള്ളത്തൂവാലകള്‍.

ആത്മാവിന്‍റെ പ്രേരണയനുസരിച്ച് അതെടുക്കുക. കാരണം പറഞ്ഞ്, വേണ്ടവര്‍ക്ക് അവ കൊടുക്കുക.

ഓര്‍ക്കുക, വിശ്വാസം ഒരു ദാനമാണ്. “നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക് എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടില്‍ എന്തിന് നീ അഹങ്കരിക്കുന്നു?” (1 കോറിന്തോസ് 4/7)

ഒരു കാര്യം കൂടി പറയട്ടെ, “എന്‍റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്‍മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍ കഴിയുമോ? ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിന് വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍ നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം? പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്” (യാക്കോബ് 2/ 14-17).

Share:

Brother Augustine Christy PDM

Brother Augustine Christy PDM

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles