Trending Articles
ഏറ്റം നല്ലവരെയല്ല ദൈവം തിരഞ്ഞെടുക്കുന്നത്. അവിടുന്ന് തന്റെ ദൈവികജ്ഞാനത്തില്‍ ഞാന്‍ മറ്റ് മനുഷ്യരെക്കാള്‍ നല്ലവനായിരിക്കും എന്ന് കണ്ടണ്ടതുകൊണ്ടണ്ടല്ല എനിക്ക് ദൈവവിളി നല്‍കിയത്. ദൈവത്തിന്റെ സ്നേഹംപോലും അന്ധമാണ്. വൈദികനാകുവാന്‍ എന്നെക്കാള്‍ വളരെക്കൂടുതല്‍ യോഗ്യതയുള്ള ആളുകളെ എനിക്കറിയാം. തന്റെ ശക്തി വ്യക്തമാക്കുവാന്‍ അവിടുന്ന് മിക്കപ്പോഴും തിരഞ്ഞെടുക്കുന്ന ഉപകരണങ്ങള്‍ ബലഹീനങ്ങളാണ്. അല്ലെങ്കില്‍ നന്മ ചെയ്തത് അരൂപിയല്ല, മണ്പാത്രമാണെന്ന് തോന്നും. കര്‍ത്താവ് ജറുസലെമിലേക്ക് ഒരു കഴുതപ്പുറത്താണ് വന്നത്. അവിടുത്തേക്ക് അതിനെക്കാള്‍ അധികം മെച്ചമല്ലാത്ത മനുഷ്യപ്രകൃതിയി ന്യൂയോര്ക്കിലൂടെയും ലണ്ടണ്ടനിലൂടെയും ദൈവാലയത്തിന്റെ നടുവിലൂടെയും യാത്ര ചെയ്യുവാന്‍ കഴിയും. ജനസമ്മതിയെക്കുറിച്ചുള്ള അഭിപ്രായവോട്ടെടുപ്പില്‍ ഉയര്‍ന്ന സ്ഥാനം ലഭിക്കുന്നവരെപ്പറ്റി കര്ത്താവിന് വലിയ മതിപ്പില്ല. ”എല്ലാവരും നിങ്ങളെപ്പറ്റി നല്ലത് പറയുമ്പോള്‍ നിനക്ക് ദുരിതം.”
ധന്യന്‍ ഫുള്‍ട്ടന്‍ ജെ. ഷീന്‍
ശാലോം ടൈംസ്, 1995 ജൂണ്‍
Shalom Tidings
ഞാന്‍ ആയിരിക്കുന്ന സന്യാസസഭയില്‍ ശുദ്ധീകരണ സ്ഥലത്ത് കഴിയുന്ന ആത്മാക്കള്‍ക്ക് വേണ്ടി എല്ലാ ദിവസവും പ്രാര്‍ത്ഥിക്കണമെന്ന നിര്‍ബന്ധമുണ്ട്. സെമിനാരിയില്‍ ക്ലാസുള്ള ഒരു ദിവസം ഈ പ്രാര്‍ത്ഥനയെക്കുറിച്ചു ഞാന്‍ പാടേ മറന്നുപോവുകയുണ്ടായി. ഇടയ്ക്ക് എപ്പോഴോ ഞാന്‍ വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി മറിച്ചുനോക്കിയപ്പോള്‍ അതില്‍ പുണ്യവതി, ഒരു കാര്യം അറിയാനായി തനിക്കുണ്ടായ ജിജ്ഞാസ അടക്കിയതും പകരം അത് ശുദ്ധീകരണസ്ഥലത്ത് കഴിയുന്ന ഒരു ആത്മാവിനുവേണ്ടി കാഴ്ചവച്ചതും വായിക്കാനിടയായി. ഉടനെ ഞാന്‍ എന്റെ മറന്നുപോയ അന്നത്തെ പ്രാര്‍ത്ഥനയെക്കുറിച്ച് ഓര്‍ത്തു. ഇതാ ഇവിടെ ഞാന്‍ വ്യത്യസ്തവും എന്നാല്‍ പ്രായോഗികവുമായ ഒരു പ്രാര്‍ത്ഥനാരീതി കണ്ടുമുട്ടിയിരിക്കുന്നു. ഞാന്‍ വേഗം ഇത്തരത്തില്‍ എന്തെങ്കിലും എനിക്കും ചെയ്യാന്‍ കഴിയുമോയെന്ന് ചിന്തിച്ച് കൊണ്ടിരിക്കെ, കസേരയില്‍ ചാരിയിരിക്കാതെ നിവര്‍ന്നിരുന്നുകൊണ്ട് ആ സുഖം ഉപേക്ഷിക്കാനും പകരം ആ കൊച്ചുപരിത്യാഗം ശുദ്ധീകരണസ്ഥലത്ത് കഴിയുന്ന ആത്മാക്കള്‍ക്കായി കാഴ്ചവച്ചു പ്രാര്‍ത്ഥിക്കുവാനും ആത്മാവ് എന്നെ പ്രേരിപ്പിച്ചു. ചാരിയിരുന്നുകൊണ്ടാണ് ഇപ്പോള്‍ ഇത് വായിക്കുന്നതെങ്കില്‍ അത് കാഴ്ചവച്ചു തുടര്‍ന്ന് വായിക്കണേ…. ജിജ്ഞാസ ഉണ്ടാകുമ്പോള്‍ കാഴ്ചവയ്ക്കാന്‍ കാത്തിരിക്കാതെ ഓര്മ്മയില്വന്ന ഒരു ആത്മാവിനുവേണ്ടി ഉടനെ ഇക്കാര്യം ഞാന്‍ കാഴ്ചവച്ചു. ഇതാ ഒരു സെക്കന്റ് കൊണ്ട് ഞാന്‍ ഒരു ഉഗ്രന്‍ പ്രാര്‍ത്ഥന സമര്‍പ്പിച്ചിരിക്കുന്നു. ഒരു കൊച്ചു പരിത്യാഗം കാഴ്ചവച്ചിരിക്കുന്നു. കര്‍ത്താവിന്റെ കൃപ എനിക്ക് ആവേശം പകര്‍ന്നു. വേഗം ഒരു സുകൃതജപവും കരുണക്കൊന്തയും ജപമാലയുടെ ഒരു രഹസ്യവും ഇതേ നിയോഗത്തിനായി കാഴ്ചവച്ചു പ്രാര്‍ത്ഥിച്ചു. അന്നേരം എന്തെന്നില്ലാത്ത ഒരു ഉണര്‍വ്വും ആനന്ദവുമാണ് എനിക്ക് അനുഭവപ്പെട്ടത്. പരിശുദ്ധാത്മാവ് നല്കിയ കൊച്ചുപ്രേരണയെ അനുസരിച്ചപ്പോള്‍ വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിച്ചുകൊണ്ട് അവിടുന്ന് എന്നെ സഹായിച്ചിരിക്കുന്നു. ഹല്ലേലുയ്യാ! ഞാന്‍ ഈ അനുഭവത്തിലൂടെ പറയാന്‍ ആഗ്രഹിക്കുന്നത് ഇവയെല്ലാമാണ്; ആത്മാവിന്റെ പ്രേരണകള്‍ അനുസരിക്കുക, ഒരു ശ്വാസംപോലും പാഴാക്കാതെ ആത്മാക്കളുടെ രക്ഷയ്ക്കായി കാഴ്ചവയ്ക്കുക, കര്‍ത്താവിന്റെ കൃപയില്‍ ആശ്രയിച്ച് ആത്മാവിന്റെ ഇഷ്ടത്തിനൊത്ത് പ്രാര്‍ത്ഥിക്കുകയും കൊച്ചുകൊച്ചു പരിത്യാഗങ്ങള്‍ ചെയ്തു മുന്പോട്ട് പോവുകയും ചെയ്യുക. നന്നായി പ്രാര്‍ത്ഥിക്കാന്‍ പറ്റുന്നില്ലെന്നോര്ത്ത് തളരരുത്, കുറേ സമയം പ്രാര്‍ത്ഥനയ്ക്ക് കിട്ടുന്നില്ലല്ലോ എന്നുവിചാരിച്ച് വിഷമിക്കുകയും അരുത്. നമുക്ക് പ്രിയപ്പെട്ട വിശുദ്ധ കൊച്ചുത്രേസ്യയൊക്കെ ചെയ്തിരുന്നതുപോലെ നമ്മുടെ ഒരു ഹൃദയമുയര്ത്തല്പോലും പ്രാര്‍ത്ഥനയാക്കുക എന്നുസാരം. അല്‍പ്പംമുന്‍പ് നിവര്‍ന്നിരുന്നത് ഒരു പ്രാര്‍ത്ഥനയാക്കാന്‍ മറന്നേക്കരുത് കേട്ടോ…! ''കര്‍ത്താവിന്റെ ഭക്തരേ, അവിടുത്തെ ആശ്രയിക്കുവിന്‍; പ്രതിഫലം ലഭിക്കാതിരിക്കുകയില്ല” (പ്രഭാഷകന്‍ 2/8).
By: ബ്രദര്‍ അഗസ്റ്റിന് ക്രിസ്റ്റി PDM
More”എല്ലാം പൊറുക്കുന്ന ദൈവത്തിന്റെ കരുണയാണ് മഴയെന്ന് സങ്കല്പിക്കുക. അത് ആത്മാവില്‍ പതിക്കുമ്പോള്‍ പാപത്തിന്റെ കറകള്‍ മായുകയും മനുഷ്യഹൃദയം നവീകരിക്കപ്പെടുകയും ചെയ്യുന്നു. കുഞ്ഞാടിന്റെ പാപപരിഹാരബലിയാല്‍ എല്ലാ ദൈവമക്കള്‍ക്കും ലഭിക്കുന്ന ദൈവികസമ്മാനമാണത്. എല്ലാവര്ക്കും വാഗ്ദാനം ചെയ്യപ്പെടുന്ന ദൈവത്തിന്റെ കരുണ. അംഗീകരിച്ചാല്‍മാത്രം മതിയാകുന്ന, സ്വീകരിച്ചാല്മാത്രം മതിയാകുന്ന, ദൈവികവാഗ്ദാനം.” ഈശോ അപ്പസ്തോലനായ യാക്കോബിനോട്, ‘യേശുവിന്റെ കണ്ണുകളിലൂടെ’- വാല്യം ഒന്ന്.
By: Shalom Tidings
Moreവര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ധ്യാപകര്‍ക്കു വേണ്ടിയുള്ള ഒരു കരിസ്മാറ്റിക് സമ്മേളനം, സുപ്രധാനമായ ഒരു ക്ലാസ് കൊടുക്കാന്‍ നിയുക്തനായത് ഞാനായിരുന്നു. വരുംതലമുറയെ വാര്ത്തെടുക്കുന്നവരാണല്ലോ അദ്ധ്യാപകര്‍, അക്കാരണത്താല്‍ത്തന്നെ ആ സമ്മേളനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതായി ഞാന്‍ കരുതി. ഞാന്‍ കൈകാര്യം ചെയ്യേണ്ടിയിരുന്ന വിഷയം അറിവുള്ളവരുടെ സഹായത്തോടെ നന്നായി ഒരുങ്ങാന്‍ സാധിച്ചു; നോട്ടും കുറിച്ചിരുന്നു. ഒരുങ്ങി കുമ്പസാരിച്ചു, ദിവ്യകാരുണ്യം സ്വീകരിച്ചു. മനസിനെ ശാന്തമാക്കി സൂക്ഷിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. പതിവിന് വിരുദ്ധമായി തീവണ്ടിയില്‍ ബര്‍ത്തും റിസര്‍വ് ചെയ്തിരുന്നു. ഒന്നും എന്റെ ദൗത്യനിര്‍വ്വഹണത്തിനു തടസം വരുത്തരുതല്ലോ. പോകേണ്ട ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്കു പുറപ്പെടുമ്പോള്‍ കരുതി, വീട്ടിലെത്തി കുളിച്ച് നേരത്തേതന്നെ അത്താഴവും കഴിച്ച് റെയില്‍വേ സ്റ്റേഷനിലെത്തും. ആദ്യത്തെ ക്ലാസ് എന്റേതാണ്. എല്ലാ കരുതലുകളും എടുത്തു. എന്നാല്‍ ജോലിസ്ഥലത്തുനിന്നും മടങ്ങിയെത്തിയ എന്നെ സ്വീകരിച്ചത് ആദ്യത്തെ വീഴ്ച വീണ് മൂക്കും മുഖവും കരുവാളിച്ചു നില്ക്കുന്ന ഒന്നര വയസുകാരിയായ എന്റെ സൗമ്യമോളാണ്. എനിക്കൊട്ടും സഹിച്ചില്ല. മോളെയും വാരിയെടുത്ത് ഞാന്‍ തിരുഹൃദയരൂപത്തിന്റെ മുമ്പിലെത്തി. ”എന്തുകൊണ്ട് നീ എന്റെ കുഞ്ഞിനെ കാത്തുസൂക്ഷിച്ചില്ല. ശരിയാണ്, കുഞ്ഞുങ്ങള്‍ വീണേക്കും. ആദ്യത്തെ വീഴ്ചയും ഒരു ദിവസം ഉണ്ടായേ പറ്റൂ. പക്ഷേ, ഇന്ന് ഇതു വേണ്ടിയിരുന്നോ?…. ഇന്നെനിക്കെങ്ങനെ അവിടെ എത്തി ഭംഗിയായി പ്രസംഗിക്കാനാവും? എന്റെ കുഞ്ഞിന്റെ നീരുവീര്‍ത്ത മുഖമാവില്ലേ തിരികെ എത്തുവോളം എന്റെ കണ്മുന്പില്…” പിന്നെയും എന്തെല്ലാമൊക്കെയോ ഞാന്‍ പുലമ്പി. കുറച്ചു പറഞ്ഞു കഴിയുമ്പോഴുള്ള ഒരു ശാന്തത. ആ ശാന്തതയില്‍ എന്റെ മനസില്‍ ഒരു സ്വരമുയര്‍ന്നു. ”ആരുടെ കുഞ്ഞാണവള്‍ നിന്റെ കുഞ്ഞോ?” ഞാന്‍ പറഞ്ഞു, ”അതെ, എന്റെ കുഞ്ഞ്.” ഒന്നുകൂടി ചിന്തിച്ചു നോക്കൂ, ”നിന്റെ കുഞ്ഞോ?” ഞാനല്പമൊന്നയഞ്ഞു, ”നീ എനിക്കുതന്ന കുഞ്ഞ്.” ”അതെ. നീ അവളെ കാണുന്നതിനെത്രയോ മുമ്പ് ഞാന്‍ സ്നേഹിച്ചു തുടങ്ങിയ എന്റെ കുഞ്ഞ്. വളര്‍ത്താന്‍ ഞാന്‍ നിന്നെ ഏല്പിച്ച എന്റെ പൊന്നോമന കുഞ്ഞ്.” വാദി പ്രതിയായി മാറുന്നതു ഞാനറിഞ്ഞു. പതിഞ്ഞ സ്വരത്തില്‍ ഞാന്‍ പറഞ്ഞു, ”അവളുടെ ചതഞ്ഞുവീര്‍ത്ത മുഖം കണ്ടപ്പോള്‍ എനിക്കു വല്ലാതെ വിഷമം തോന്നി. ഞാനെന്തൊക്കെയോ പറഞ്ഞു പോയി… എന്നോട്…” ‘ ”നിന്റെ മോള് ഒന്നു വീണപ്പോള്‍ നിനക്കിത്രയേറെ വേദന, ഈ വേദനയില്‍ ചവുട്ടിനിന്നുകൊണ്ടു നീ പോയി അവരോടു പറയുക, വീഴുന്ന ഓരോ പൊന്നോമനകളെക്കുറിച്ചും ഞാനെന്തുമാത്രം വേദനിക്കുന്നുവെന്ന്.” അന്നു തീവണ്ടിയിലെ ബര്‍ത്തില്‍ കിടക്കുമ്പോള്‍ മനസു നിറയെ വീഴുന്ന കുഞ്ഞുങ്ങളായിരുന്നു. ആത്മീയമായി, മാനസികമായി, വൈകാരികമായി, ശാരീരികമായി തകരുന്ന കുഞ്ഞുങ്ങള്‍…. ദൈവത്തിന്റെ പൊന്നോമനകളുടെ വീഴ്ചകള്‍. ”എന്നില്‍ വിശ്വസിക്കുന്ന ഈ ചെറിയവരില്‍ ഒരുവനു ദുഷ്പ്രേരണ നല്കുന്നവന് ആരായാലും അവനു കൂടുതല്‍ നല്ലത് കഴുത്തില്‍ ഒരു വലിയ തിരികല്ലുകെട്ടി കടലിന്റെ ആഴത്തില്‍ താഴ്ത്തപ്പെടുകയായിരിക്കും” (മത്തായി 18/6). ”ഈ ചെറിയവരില്‍ ആരെയും നിന്ദിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക. സ്വര്‍ഗത്തില്‍ അവരുടെ ദൂതന്മാര് എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുഖം എപ്പോഴും ദര്‍ശിച്ചു കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു” (മത്തായി 18/10-11). ”ശിശുക്കള്‍ എന്റെയടുത്തു വരാന്‍ അനുവദിക്കുവിന്‍. അവരെ തടയരുത്. എന്തെന്നാല്‍ ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്” (മര്‍ക്കോസ് 10/14). ദൈവത്തിന്റെ വേദനയെന്തെന്ന് അല്പമൊന്നൂഹിക്കാന് എനിക്കു പറ്റി. വീഴ്ചകളെ ഒഴിവാക്കാനും വീഴാതെ ജീവിക്കാനും അവരെ ഒട്ടേറെ സഹായിക്കേണ്ട അദ്ധ്യാപകര്‍. അവരോട് ഈ പിതാവിന്റെ വേദനയുടെ കഥയാണ് പറയേണ്ടത് എന്ന് എനിക്കു മനസിലായി. തീവണ്ടിയില്‍ നിന്നും ഇറങ്ങിയ ഞാന്‍ ആദ്യം ചെയ്തത് കയ്യില്‍ കരുതിയിരുന്ന പ്രസംഗത്തിന്റെ കുറിപ്പടി കീറിക്കളയുകയായിരുന്നു. ഞാന്‍ കണ്ടെത്തി എന്റെ പ്രാര്‍ത്ഥന പലപ്പോഴും ദൈവം ചെയ്തതിലെ കുറ്റം കണ്ടെത്തലാകുന്നു. ദൈവത്തിന്റെ മറവികള്‍ ചൂണ്ടിക്കാട്ടലാകുന്നു. ദൈവത്തിനു നിര്‍ദ്ദേശങ്ങള്‍ നല്‍കലാകുന്നു. എന്റെ ഉത്തരവാദിത്വങ്ങള്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുകയും അതിന്റെ കൂടി കുറ്റം ദൈവത്തിലാരോപിക്കയും ആകുന്നു. ദൈവഹിതമറിയാനും അതു നിറവേറ്റേണ്ടതെങ്ങനെയെന്നു ചോദിക്കാനും അതിനാവശ്യമായ ശക്തി നേടാനുമല്ലേ വാസ്തവത്തില്‍ എന്റെ പ്രാര്‍ത്ഥനാസമയം വിനിയോഗിക്കേണ്ടിയിരിക്കുന്നത്. ഞാന്‍ പഠിച്ചു പറഞ്ഞുകേട്ടതോ വായിച്ചറിഞ്ഞതോ ആയ ഒരു ദൈവത്തെയല്ല അനുഭവിച്ചറിഞ്ഞ ഒരു ദൈവത്തെ വേണം പ്രഘോഷിക്കുവാന്‍. ഓരോ കാര്യത്തെയും ഓരോ സംഭവത്തെയും ദൈവത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ട്, അനുഭവിച്ചാലേ പ്രവാചകദൗത്യം നിറവേറ്റാനാവൂ. അതിനാണ് പരിശുദ്ധാത്മാവിന്റെ സഹായം ആവശ്യമായിരിക്കുന്നത് (1 കോറിന്തോസ് 2/11-16). *********
By: George Gloria
Moreഞാന്‍ സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ച്യൂയിംഗ് ഗം വാങ്ങുമ്പോള്‍ അതിനൊപ്പം ക്രിക്കറ്റ് കളിക്കാരുടെ ചിത്രമുള്ള കാര്‍ഡ് കിട്ടുമായിരുന്നു. ആ കാര്‍ഡ് കിട്ടാനായി എല്ലാ കുട്ടികളും ആ ച്യൂയിംഗ് ഗം അധികം വാങ്ങും. ക്ലാസിലെ എല്ലാ കുട്ടികള്‍ക്കും ഇത്തരം കാര്‍ഡുകളുടെ ശേഖരം ഉണ്ട്. ഒരിക്കല്‍ എനിക്ക് റോഷന് മഹാനാമ എന്ന പ്രശസ്ത ക്രിക്കറ്റ് താരത്തിന്റെ ചിത്രമുള്ള കാര്‍ഡ് കിട്ടി. അപൂര്‍വമായിട്ടാണ് ആ താരത്തിന്റെ കാര്‍ഡ് ലഭിക്കുക. അതിനാല്‍ എന്റെ ക്ലാസിലെ വിവേക് എന്ന കൂട്ടുകാരന് എന്നോട് പറഞ്ഞു, ”ആ കാര്‍ഡ് തന്നാല്‍ 10 രൂപ തരാം!” ഞാനന്ന് ഏഴാം ക്ലാസിലാണ്. അന്നത്തെ സന്ധ്യാപ്രാര്‍ത്ഥനയുടെ സമയം മുഴുവന്‍ എന്റെ മനസിലൂടെ പോകുന്നത് ഷെല്‍ഫിലിരിക്കുന്ന റോഷന് മഹാനാമയുടെ കാര്‍ഡും വിവേക് സുരേഷും 10 രൂപയും… അന്നത്തെ പ്രാര്‍ത്ഥന കഴിഞ്ഞു… സ്തുതി കൊടുക്കും മുമ്പ് സുവിശേഷപ്പെട്ടി എടുത്ത് നോക്കിയ ഞാന്‍ ഞെട്ടി! ”നിങ്ങളുടെ നിക്ഷേപം എവിടെയോ, അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും” (മത്തായി 6/21). അന്ന് ആ ഏഴാം ക്ലാസുകാരന് പയ്യന് വേറെ പ്രസംഗമൊന്നും കേള്‍ക്കേണ്ടിവന്നില്ല, ഹൃദയം കീറാന്‍…. അതോടെ പയ്യന് മിടുക്കനായി എന്നല്ല ഉദ്ദേശിച്ചത്, എന്നാലും ആ സംഭവവും അന്നത്തെ വചനവും വലിയൊരു സ്വാധീനം ഹൃദയത്തില്‍ സൃഷ്ടിച്ചു. പിന്നീട് നവീകരണത്തിലേക്ക് വന്നപ്പോഴാണ് അക്കാര്യം തിരിച്ചറിഞ്ഞത്. ഹൃദയവും നിക്ഷേപവും സ്വര്‍ഗത്തെ കേന്ദ്രീകരിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്നാണ് ഈശോ ഇതിലൂടെ പഠിപ്പിക്കുന്നത്. അതിന് അസാധാരണമായ കാര്യങ്ങള്‍ ചെയ്യേണ്ടതില്ല. പച്ചയായ, മാംസബദ്ധമായ കാര്യങ്ങള്‍തന്നെയാണ് ചെയ്യേണ്ടത്… ഭക്ഷണം പാകം ചെയ്യുക, കഴിക്കുക, പാത്രം കഴുകുക, മുറ്റമടിക്കുക, തുണി കഴുകുക അങ്ങനെയങ്ങനെ…. ഇതെല്ലാം ചെയ്യുമ്പോള്‍ ‘ലവ് യു ഈശോ, ലവ് യു ഇച്ചായാ, ലവ് യു കുഞ്ഞാവേ, ലവ് യു അമ്മച്ചീ…’ എന്നൊക്കെ പറഞ്ഞങ്ങ് ചെയ്തുനോക്കൂ… സ്വര്‍ഗം കൂടെ നടക്കുന്ന അനുഭവമുണ്ടാകും. അതിനുപകരം, ‘അല്ലെങ്കിലും അവനിട്ട് ഒരു പണി കൊടുക്കണം,’ ‘അവള്‍ക്കിത്തിരി ജാഡ കൂടുതലാ,’ ‘അവന് പറയുന്നത് അങ്ങനെ അനുസരിക്കേണ്ട കാര്യമൊന്നുമില്ല,’ ഇങ്ങനെയൊക്കെ ചിന്തിച്ച് പ്രവര്‍ത്തനമണ്ഡലങ്ങളില്‍ ഇറങ്ങിയാലോ…? നാം സ്വയം ഇല്ലാതാവുന്നത് സ്വയം അറിയില്ല. അതിനാല്‍ സ്വര്‍ഗത്തെ കേന്ദ്രീകരിച്ച് ജീവിക്കാന്‍ കൃപ ചോദിക്കുന്നവരാകാം. നിക്ഷേപങ്ങളെ സ്വര്‍ഗീയമാക്കി മാറ്റാന്‍ അതുവഴി സാധിക്കട്ടെ.
By: ഫാ. ജോസഫ് അലക്സ്
More