Home/Engage/Article

സെപ് 06, 2023 392 0 Mar Remigios Inchananiyil
Engage

ജീവിതം മുഴുവന്‍ ഉയര്‍പ്പിന്‍റെ ആഘോഷമാക്കാന്‍

ഏത് വലിയ പ്രതിസന്ധികൾക്കു മുകളിലും നമ്മെ ശിരസുയർത്തി നിർത്തുന്ന ക്രിസ്‌തുവിന്‍റെ ഉത്ഥാനശക്തി സ്വന്തമാക്കാനുള്ള മാർഗങ്ങൾ\

ഉത്ഥാനത്തിന്‍റെ തിരുനാള്‍ ആഘോഷിക്കുവാന്‍ ഒരുങ്ങുമ്പോള്‍ ഏറ്റവും പ്രാധാന്യത്തോടെ നാം കാണേണ്ടത് നമുക്ക് ഉത്ഥാനരഹസ്യം നല്‍കുന്ന പ്രത്യാശയാണ്. 1 കോറിന്തോസ് 15/12 വചനം ഇപ്രകാരം പറയുന്നു, “ക്രിസ്തു മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ചവര്‍ക്ക് പുനരുത്ഥാനം ഇല്ല എന്ന് നിങ്ങളില്‍ ചിലര്‍ പറയുന്നതെങ്ങനെ? മരിച്ചവര്‍ക്ക് പുനരുത്ഥാനം ഇല്ലെങ്കില്‍ ക്രിസ്തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യര്‍ത്ഥം. മാത്രമല്ല ഞങ്ങള്‍ ദൈവത്തിന് കപടസാക്ഷ്യം വഹിക്കുന്നവരായി തീരുന്നു. എന്തെന്നാല്‍ ദൈവം ക്രിസ്തുവിനെ ഉയിര്‍പ്പിച്ചുവെന്ന് ഞങ്ങള്‍ സാക്ഷ്യപ്പെടുത്തി.”

പൗലോസ് അപ്പസ്തോലന്‍ ആദിമ സഭയ്ക്ക് നല്‍കിയ വലിയ സാക്ഷ്യമാണ് ആദ്യവാചകങ്ങളില്‍ നാം കാണുന്നത്. അവിടുന്ന് ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥം, വിശ്വാസവും വ്യര്‍ത്ഥം. നമ്മുടെ വിശ്വാസത്തിന്‍റെ ആധാരശില യേശുവിന്‍റെ ഉയിര്‍പ്പാണ്. ആ ഉയിര്‍പ്പിന്‍റെ ആഘോഷമാണ് നമ്മുടെ ജീവിതം മുഴുവനും.

ആരാണ് യേശുവിന്‍റെ ഉത്ഥാനം ആദ്യമായി അനുഭവിച്ചത്? ആര്‍ക്കാണ് യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടത്? അത് അപ്പസ്തോലന്മാരില്‍ പ്രമുഖനായ പത്രോസ് ശ്ലീഹായ്ക്കല്ല, താന്‍ ഏറ്റവും സ്നേഹിച്ചിരുന്ന യോഹന്നാനും അല്ല. അത് മഗ്ദലേന മറിയത്തിനായിരുന്നു. മഗ്ദലേന മറിയം യേശുവിനെ ഏറ്റവും കൂടുതല്‍ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു. അതുകൊണ്ട് അവള്‍ യേശുവിനെ അന്വേഷിച്ച് അതിരാവിലെ കല്ലറയിങ്കലേക്ക് പോകുകയാണ്. അവള്‍ക്കാണ് യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ആ കാലഘട്ടത്തില്‍ യേശുവിന്‍റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നതിന് തടസമായി യഹൂദര്‍ പറഞ്ഞിരുന്ന കാര്യം ‘ഞങ്ങള്‍ ഉറങ്ങിയപ്പോള്‍ യേശുവിനെ അവര്‍ മോഷ്ടിച്ചുകൊണ്ടുപോയി’ എന്നുള്ളതായിരുന്നു.

പൊളിച്ചടുക്കിയ കള്ളങ്ങള്‍

എന്നാല്‍ ഈ കള്ളസാക്ഷ്യം ഒരിക്കലും നിലനില്‍ക്കുന്നതല്ല. യേശുവിന്‍റെ ഉത്ഥാനം ഒരു കള്ളപ്രചരണമായിരുന്നെങ്കില്‍ അപ്പസ്തോലന്മാരില്‍ ഒരാള്‍ക്ക് അല്ലെങ്കില്‍ പത്രോസ് ശ്ലീഹായ്ക്ക് യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടു എന്ന് സുവിശേഷത്തില്‍ എഴുതിച്ചേര്‍ക്കാമായിരുന്നല്ലോ. പ്രസംഗിക്കാമായിരുന്നല്ലോ. എന്നാല്‍ ഇതൊന്നുമല്ല എഴുതപ്പെട്ടത്, പ്രസംഗിക്കപ്പെട്ടത്. കാരണം ധീരതയോടെ എല്ലാ എതിര്‍പ്പുകളെയും തകര്‍ത്തുകൊണ്ട് അവര്‍ പ്രസംഗിച്ചത് ഉത്ഥാനത്തെക്കുറിച്ചുള്ള അവരുടെ ആഴമായ ബോധ്യമാണ്, വ്യക്തിപരമായ ഉത്ഥാനാനുഭവമാണ്.

ശൂന്യമായ ഒരു കല്ലറ അവിടെ നിലനില്ക്കുന്നു. യേശു ഉത്ഥാനം ചെയ്തുവെന്ന് ശക്തിയോടുകൂടി പ്രഘോഷിക്കുമ്പോള്‍ ആ കല്ലറ പരിശോധിക്കാനുള്ള അവസരം എല്ലാവര്‍ക്കും ഉണ്ടല്ലോ. ആദ്യകാലഘട്ടത്തിലെ യഹൂദര്‍ ഈ അപ്പസ്തോലന്മാര്‍ പറയുന്നത് സത്യമാണോ എന്നറിയുന്നതിനുവേണ്ടി കല്ലറ പരിശോധിച്ചിട്ടുണ്ടാകും. അവരാരും അത് നിഷേധിച്ചിട്ടില്ല എന്നു മാത്രമല്ല, ഇപ്പോഴും അനേകായിരങ്ങള്‍ ആ കല്ലറയിങ്കല്‍ തടിച്ചുകൂടുന്നു. എത്രയോ വലിയ ശക്തിയാണ് അതിലൂടെ ലഭിക്കുന്നത്.

ഉത്ഥാനത്തില്‍ അപ്പസ്തോലന്മാര്‍ക്കുണ്ടായിരുന്ന ഈ വിശ്വാസം യേശുവിനെ നേരിട്ട് കാണുകപോലും ചെയ്യാത്ത പൗലോസ് അപ്പസ്തോലന്‍ പ്രഘോഷണത്തിന്‍റെ അടിസ്ഥാനമായി സ്വീകരിച്ചത് എന്തുകൊണ്ടാണ്? ആ കാലഘട്ടത്തില്‍ സഭയെ എതിര്‍ത്ത വ്യക്തിയായിരുന്നല്ലോ അദ്ദേഹം. യേശു ഉത്ഥാനം ചെയ്തിട്ടില്ല എന്ന കള്ളപ്രചരണത്തില്‍ ഒരു തരിയെങ്കിലും സത്യമുണ്ടെങ്കില്‍ ധിഷണാശാലിയും ലോകം കണ്ടതില്‍വച്ച് ഏറ്റവും വലിയ മിസ്റ്റിക്കുമായ പൗലോസ് അപ്പസ്തോലന്‍ അത് പ്രചരിപ്പിക്കുമായിരുന്നോ? ആ സ്നേഹത്തില്‍നിന്ന് ആര്‍ക്കെന്നെ വേര്‍പെടുത്താനാവും- ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ (റോമാ 8/35) എന്ന് പറയുമായിരുന്നോ?

യേശുവിന്‍റെ ഉത്ഥാനം ഒരു അനുഭവമായി യേശുതന്നെ പൗലോസ് അപ്പസ്തോലന് വെളിവാക്കിക്കൊടുത്തു. ആ ബോധ്യമാണ് സുവിശേഷം പ്രസംഗിക്കുവാന്‍ അപ്പസ്തോലനെ ശക്തിപ്പെടുത്തിയത്. ഞാന്‍ അഭിമാനിക്കുന്നുണ്ടെങ്കില്‍ അവിടുത്തെ കുരിശില്‍ ഞാന്‍ അഭിമാനിക്കും. മറ്റെവിടെയും അഭിമാനിക്കുകയില്ലെന്ന് പറഞ്ഞുകൊണ്ട്, തീക്ഷ്ണതയോടെ സുവിശേഷം പങ്കുവയ്ക്കാന്‍ അപ്പസ്തോലന് സാധിച്ചത് ഈ ക്രിസ്ത്വാനുഭവത്തിലൂടെയാണ്. ഇത്തരത്തില്‍, അവിടുത്തെ ഉത്ഥാനത്തെ സംബന്ധിച്ച് ധാരാളം തെളിവുകള്‍ നിരത്താന്‍ സാധിക്കും.

തിരിച്ചുപോയത് എന്തുകൊണ്ടണ്ടണ്ട്?

ഉയിര്‍പ്പുതിരുനാളിനൊരുങ്ങുമ്പോള്‍ എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാരുടെ അനുഭവം ധ്യാനിക്കേണ്ടതുണ്ട്. അവര്‍ സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചു, അവര്‍ക്ക് സുഖസൗകര്യങ്ങളുണ്ടാകുമെന്ന് കരുതി. ക്രിസ്തു സ്ഥാപിക്കുന്ന രാജ്യം റോമന്‍ സാമ്രാജ്യത്തെ തകര്‍ത്തുകളയുന്നതായിരിക്കുമെന്ന് അവര്‍ സ്വപ്നം കണ്ടു. അവിടെ സുപ്രധാന സ്ഥാനങ്ങള്‍ കിട്ടും എന്നുകരുതിയ അപ്പസ്തോലന്മാര്‍ക്ക് എല്ലാം ഒരു നിമിഷംകൊണ്ട് തകര്‍ന്നുപോയ അവസ്ഥയാണുണ്ടായത്. അതിനാല്‍ അവര്‍ പ്രത്യാശ നഷ്ടപ്പെട്ട് എമ്മാവൂസിലേക്ക് തിരികെ പോകുകയാണ്. എന്നാല്‍ യേശുതന്നെ കൂടെ നടന്ന് തന്‍റെ ഉത്ഥാനരഹസ്യം അവര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കുകയാണ്. അവരോടൊപ്പം ഭക്ഷണത്തിനിരുന്ന അവസരത്തില്‍ യേശു അപ്പമായിത്തീര്‍ന്ന് അവരുടെ കണ്ണുകള്‍ തുറന്നുകൊടുത്തു. പിന്നീടവര്‍ എമ്മാവൂസില്‍ ഒരു നിമിഷംപോലും തങ്ങുന്നില്ല. പ്രതീക്ഷ നഷ്ടപ്പെട്ടുപോയവര്‍ക്ക് ഉത്ഥാനത്തിന്‍റെ അനുഭവം ലഭിച്ചപ്പോള്‍ തിരികെ ജറുസലേമിലേക്ക് പോകുകയാണ്. അവിടെ ശത്രുക്കള്‍ മാത്രം, സ്ഥാനമാനങ്ങളോ സുഖസൗകര്യങ്ങള്‍ക്കുള്ള സാധ്യതകളോ ഒന്നുമില്ല. അതെ, ശത്രുക്കളുടെ ഇടയിലേക്ക് തിരികെ പോകാന്‍ അവര്‍ക്ക് ശക്തി നല്‍കിയത് ഉത്ഥാന അനുഭവമാണ്.

ദുഃഖങ്ങളിലും സന്തോഷിക്കാന്‍

നമ്മുടെ വിശ്വാസജീവിതത്തില്‍ ഏറ്റവും ആവശ്യമായിട്ടുള്ളതും ഇതുതന്നെ. അനുദിന ജീവിതം പരിശോധിക്കുമ്പോള്‍ നമ്മിലാര്‍ക്കാണ് സങ്കടങ്ങള്‍ ഇല്ലാത്തത്? തോല്‍വികള്‍ ഇല്ലാത്തത്? എന്നാല്‍ പ്രത്യാശയുണ്ടെങ്കില്‍ നമുക്കതിനെ വളരെ എളുപ്പത്തില്‍ കീഴടക്കാന്‍ കഴിയും. ഇന്നത്തെ താത്കാലിക തിരിച്ചടികള്‍ നാളെ ഉത്ഥാനത്തിലേക്ക് നമ്മെ നയിക്കുമെന്നുള്ള പ്രത്യാശ നമ്മില്‍ സൂക്ഷിച്ചാല്‍ നാം എന്നും സന്തോഷമുള്ളവരായിരിക്കും.

ഉത്ഥാനാനുഭവം നമുക്കുണ്ടോ എന്ന് പരിശോധിക്കാന്‍ ഫിലിപ്പി 4/4 ഹൃദയത്തിലോര്‍ക്കുക. “നിങ്ങള്‍ എപ്പോഴും നമ്മുടെ കര്‍ത്താവില്‍ സന്തോഷിക്കുവിന്‍; ഞാന്‍ വീണ്ടും പറയുന്നു നിങ്ങള്‍ സന്തോഷിക്കുവിന്‍.” ദുഃഖങ്ങളും വേദനകളും കഷ്ടപ്പാടുകളും എപ്പോഴും ഉണ്ടാകും. എന്നാല്‍ നമുക്ക് സന്തോഷമുണ്ടോ? ഉത്ഥാനത്തില്‍ പ്രത്യാശ ഉണ്ടെങ്കില്‍ നമുക്ക് സന്തോഷമുണ്ടാകും.

കാത്തിരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുമ്പോഴേ ഈ ഉത്ഥാനാനുഭവം നമുക്ക് ലഭിക്കുകയുള്ളൂ. പിതാവായ ദൈവത്തിന്‍റെ വലിയ കൃപയാണ് ഇത്. അവിടുന്ന് അത് മഗ്ദലനാ മറിയത്തിന് നല്കി. വ്യത്യസ്തമായ സാഹചര്യങ്ങളില്‍, ദിവസങ്ങളില്‍, വ്യത്യസ്തമായ അനുഭവങ്ങളിലൂടെ അവിടുന്ന് അത് നമുക്കും നല്കും. മഗ്ദലേനാ മറിയത്തിന് ലഭിച്ചതില്‍നിന്ന് വ്യത്യസ്തമായിരുന്നല്ലോ അപ്പോസ്തോലന്‍മാര്‍ക്ക് ലഭിച്ച അനുഭവം. അവര്‍ ഭയവിഹ്വലരായി കതകടച്ച് ഇരിക്കേ സമാധാനം നല്കിക്കൊണ്ട് അവര്‍ക്കിടയിലേക്ക് ഈശോ കടന്നുവന്നു. തിരുമുറിവുകളിലെ ഉത്ഥാനശോഭ കാണിച്ചുകൊടുത്തു. പീഡകള്‍ അതില്‍ത്തന്നെ അവസാനിക്കുന്നവയല്ല, ഉത്ഥാനത്തിലേക്ക് നയിക്കുന്നവയാണെന്ന മഹത്വത്തിന്‍റെ സന്ദേശം നല്കുകയായിരുന്നു അവിടുന്ന്.

പ്രതിസന്ധികളെ ഇങ്ങനെ വിജയിക്കാം

2 മക്കബായര്‍ 8/18-ല്‍ യൂദാസ് മക്കബേയൂസ് പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കണം. ടോളമി തന്‍റെ ക്രൂരനായ സൈന്യാധിപന്‍ നിക്കാനോറിനെ ഇസ്രായേലിനെ തകര്‍ക്കാന്‍ അയച്ചിരിക്കുന്നു എന്നറിഞ്ഞ ഇസ്രായേല്‍ക്കാരും യൂദാസ് മക്കബേയൂസിന്‍റെകൂടെ സൈന്യത്തിലുണ്ടായിരുന്ന ആളുകളും ഓടിയൊളിക്കാന്‍ ആരംഭിച്ചപ്പോള്‍ അദ്ദേഹം ഉറച്ച ബോധ്യത്തോടെ പറഞ്ഞു, “അവര്‍ ആയുധത്തിലും സാഹസകൃത്യങ്ങളിലും ആശ്രയിക്കുന്നു. നമുക്കെതിരെ വരുന്ന ശത്രുക്കളെയും ലോകം മുഴുവനെത്തന്നെയും അംഗുലീചലനംകൊണ്ട് തറപറ്റിക്കാന്‍ കഴിയുന്ന സര്‍വശക്തനായ ദൈവത്തിലാണ് നമ്മുടെ പ്രത്യാശ.” യൂദാസ് ഈ ആഴമായ ദൈവാശ്രയബോധ്യത്തില്‍ ഉറച്ചുനിന്നപ്പോള്‍ ക്രൂരസൈന്യാധിപന്‍ പരാജയപ്പെട്ടുപോയി.

ഇപ്രകാരം, പ്രത്യാശയില്ലാതാക്കുന്ന, സന്തോഷമില്ലാതാക്കുന്ന സാഹചര്യങ്ങള്‍ ഏതൊക്കെയാണ് എന്ന് പരിശോധിക്കുകയും വചനത്തില്‍ ആഴപ്പെട്ടുകൊണ്ട് സന്തോഷത്തില്‍ ജീവിക്കാന്‍ പരിശ്രമിക്കുകയും വേണം. എമ്മാവൂസിലേക്ക് പോയ ശിഷ്യന്‍മാര്‍ക്ക്, തോമാശ്ലീഹായ്ക്ക്, സഭയെ പീഡിപ്പിച്ച സാവൂളിന്, ഇവര്‍ക്കെല്ലാം ലഭിച്ച ആ ഉത്ഥാനാനുഭവം നമുക്കും ലഭിക്കും. ആ പ്രത്യാശയുണ്ടായാല്‍ മതി.

അതിനായി നമ്മെ സഹായിക്കുന്നത് പ്രാര്‍ത്ഥനയാണ്. ദിവസവും അരമണിക്കൂറെങ്കിലും വചനം വായിക്കുന്നതിനായി കണ്ടെത്തിയാല്‍ ആ വചനത്തിലൂടെ ഉത്ഥാനാനുഭവം കര്‍ത്താവ് നമുക്ക് നല്കും. എത്ര തിരക്കാണെങ്കിലും ദിവ്യബലിയില്‍ ദിവസവും മുടങ്ങാതെ പങ്കെടുക്കാന്‍ സാധിച്ചാല്‍ ഉത്ഥാനാനുഭവം സ്വന്തമാക്കാന്‍ അത് മുഖാന്തിരമാകും. ജപമാല കൃത്യതയോടെ ചൊല്ലിയാല്‍ അതിലൂടെയും ഉത്ഥാനാനുഭവം ലഭ്യമാകും. അങ്ങനെയെങ്കില്‍ ഏത് പ്രതിസന്ധിയുടെ മുന്നിലും നാം പരാജയപ്പെടുകയില്ല.

എമ്മാവൂസിലേക്ക് യാത്ര ചെയ്യുന്ന നിമിഷങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ടാകുമ്പോള്‍, ഭയപ്പെടരുത്. കര്‍ത്താവ് നമ്മുടെകൂടെയുണ്ട്. മരുഭൂമിയില്‍ ശൂന്യത ഓരിയിടുന്ന മണലാരണ്യത്തില്‍ ഞാന്‍ നിന്നെ കണ്ടെത്തി, വാരിപ്പുണര്‍ന്ന് താത്പര്യപൂര്‍വം പരിചരിച്ച് കണ്ണിലുണ്ണിയായി സൂക്ഷിച്ചു (നിയമാവര്‍ത്തനം 32/10) എന്ന് പറഞ്ഞുകൊണ്ട് കഴുകന്‍ തന്‍റെ കുഞ്ഞുങ്ങള്‍ക്കായി ചിറകുവിരിക്കുന്നതുപോലെ സ്നേഹത്തിന്‍റെ ചിറക് നമുക്കായി അവിടുന്ന് വിരിക്കും, ഈ ഉത്ഥാനാനുഭവം അനുദിനജീവിതത്തില്‍ ലഭിക്കാനായി നമുക്ക് പ്രാര്‍ത്ഥിക്കാം, കാത്തിരിക്കാം.

Share:

Mar Remigios Inchananiyil

Mar Remigios Inchananiyil

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles