Trending Articles
ഞാന്‍ ചെറുതായിരിക്കുമ്പോഴാണ് മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലെത്തുന്നത്. അത് എനിക്ക് വലിയ ഒരത്ഭുതമായിരുന്നു. അന്ന് ഞാന്‍ അമ്മയോട് ചോദിച്ചിട്ടുണ്ട്, “അമ്മേ, നമ്മള്‍ ചന്ദ്രനിലെത്തി. ഇനി ദൈവം എവിടെപ്പോകും?”
നാം ദൈവത്തിലേക്കുള്ള യാത്രയിലാണ് എന്ന ചിന്ത അന്നേ മനസ്സില്‍ ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. ഈ ചിന്ത വാസ്തവത്തില്‍ നമ്മുടെ ഉള്ളിന്‍റെ ഉള്ളില്‍ കോറിയിടപ്പെട്ടിരിക്കുന്നു. ഈ ബോധ്യത്തിന്‍റെ ആഴത്തില്‍നിന്നാണ് വിശുദ്ധ അഗസ്റ്റിന്‍ സ്വയം പറയുന്നത്, “നിന്നില്‍ അലിയുവോളം എന്‍റെ ഹൃദയം അസ്വസ്ഥമായിരിക്കും.”
അപ്രകാരം നോക്കുമ്പോള്‍ മനുഷ്യജീവിതത്തിലെ വളരെ നൈസര്‍ഗികമായ ചോദ്യമാണ് യേശുവിന്‍റെ അടുക്കലെത്തിയ ചെറുപ്പക്കാരന്‍ ചോദിക്കുന്നത്. ‘നിത്യജീവന്‍ പ്രാപിക്കാന്‍ ഞാനെന്ത് ചെയ്യണം?’ കാരണം മനുഷ്യന്‍റെ മനസ് ഈ ലോകത്തിനപ്പുറത്ത് തന്നെ കാത്തിരിക്കുന്ന ജീവിതത്തെക്കുറിച്ച് സദാ ചിന്തിക്കുന്നുണ്ട്. അതിനാലാണ് “എത്ര വൈകി ദൈവമേ, നിന്നെ കണ്ടെത്താന്‍….” എന്ന് വിശുദ്ധ അഗസ്റ്റിന്‍ വിലപിച്ചതും.
എന്നാല്‍, ഇന്നിന്‍റെ ഒരു ചിന്ത അങ്ങനെയല്ല. ‘നാളെ എന്തോ ലഭിക്കുമെന്ന് കരുതി ഇന്നത്തെ സന്തോഷങ്ങള്‍ വേണ്ടെന്നു വയ്ക്കേണ്ട. ഇഷ്ടങ്ങള്‍ വേണ്ടെന്നുവച്ച് ജീവിക്കേണ്ടതില്ല. വെറുതെ മണ്ടന്‍മാരാകരുത്.’ ഇപ്രകാരം ചിന്തിക്കുന്ന ഒരാളെ നാം തിരുവചനത്തില്‍ കാണുന്നു. പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വിളവ് വയലില്‍നിന്ന് ലഭിച്ച വ്യക്തി. അദ്ദേഹം സ്വന്തം ആത്മാവിനോട് പറയുന്നത് ഞാന്‍ എന്‍റെ അറപ്പുരകള്‍ വലുതാക്കിപ്പണിയും. അനേക വര്‍ഷങ്ങളിലേക്കുള്ളത് ഞാന്‍ ശേഖരിച്ചുകഴിഞ്ഞു. ഇനി സുഖിച്ച് ജീവിക്കും എന്നാണ്. എന്നാല്‍ കര്‍ത്താവ് അവനെ ഭോഷന്‍ എന്നു വിളിക്കുന്നു. ഭോഷന്‍ എന്നാല്‍ വിഡ്ഢി, വെറും വിഡ്ഢിയല്ല പമ്പരവിഡ്ഢിയെന്നാണ് അര്‍ത്ഥം. “ഈ രാത്രി നിന്‍റെ ആത്മാവിനെ നിന്നില്‍നിന്ന് ആവശ്യപ്പെടും; അപ്പോള്‍ നീ ഒരുക്കിവച്ചിരിക്കുന്നവ ആരുടേതാകും?”(ലൂക്കാ 12:20)- ഇതാണ് കര്‍ത്താവിന്‍റെ ചോദ്യം. ആത്മാവ് തിരികെ ദൈവത്തിലേക്ക് ചേരാനുള്ളതാണ്. അതിനാല്‍ ദൈവസന്നിധിയില്‍ സമ്പന്നനാവുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. തനിക്കുവേണ്ടി സമ്പത്ത് ശേഖരിക്കുന്നവന് ആത്മാവ് നഷ്ടപ്പെട്ടാല്‍ പിന്നെ എന്ത് സൗഭാഗ്യമാണ് ആസ്വദിക്കാനാവുക? അതിനാല്‍ത്തന്നെ, വരാനിരിക്കുന്ന സൗഭാഗ്യത്തെക്കുറിച്ച് പരിചിന്തിക്കാതെ ഇപ്പോള്‍ കാണുന്നതെല്ലാം ഈ ലോകത്തിന്‍റെ പ്രതാപമാണെന്ന് കരുതി ജീവിക്കുന്നവനെ ജീവിതത്തിന്‍റെ മൂല്യം മനസ്സിലാക്കാന്‍ കഴിയാത്ത മണ്ടനെന്ന് വിളിക്കേണ്ടിവരും.
എപ്പിക്കൂറസ് അങ്ങനെയാണ് കരുതിയത്. എപ്പിക്കൂരിയന്‍ ചിന്ത ഒരു സംസ്കാരത്തെത്തന്നെ നശിപ്പിച്ചുകളഞ്ഞതും അങ്ങനെയാണ്. ‘നാളെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഇപ്പോള്‍ ജീവിതം ആസ്വദിക്കുക’- ഈ തത്വചിന്ത റോമന്‍ സംസ്കാരം നശിക്കാന്‍ കാരണമായി. തിന്നുകുടിച്ച് മദിച്ച് ജീവിക്കുക. അതിനായി വൊമിറ്റോറിയങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. ഇത് ഇന്നും ആവര്‍ത്തിക്കപ്പെടുന്നു.
എന്നാല്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലുമാണ്. അവന്‍ മണ്ണിലവസാനിക്കേണ്ട പ്രതിഭാസമല്ല. അതിനപ്പുറത്തേക്ക് അവന് ജീവിതമുണ്ട്. അത് മനസ്സിലാക്കണമെങ്കില്‍ ദൈവികസുകൃതങ്ങള്‍ ആവശ്യമാണ്. സഭാപിതാക്കന്‍മാര്‍ പറയുന്നു, ‘മനുഷ്യജീവിതം നാളേയ്ക്ക് ഒരു വിരുന്നാകുന്നത് വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ ദൈവികപുണ്യങ്ങളാലാണ്.’
ലൂക്കാ 11-ാം അധ്യായത്തില്‍ രാത്രിയില്‍ കതകടച്ച് കിടന്ന സുഹൃത്തിനരികില്‍ വരുന്ന ആളുടെ കഥ പറയുന്നു. ആഗതന്‍ മൂന്നപ്പം ചോദിക്കുമ്പോള്‍ അത് നല്കില്ലെന്നാണ് ആദ്യം സുഹൃത്ത് പറയുന്നത്. താന്‍ കിടന്നു, കുഞ്ഞുങ്ങളും എന്നോടൊപ്പമുണ്ട് എന്നിങ്ങനെയുള്ള തടസ്സങ്ങള്‍ അദ്ദേഹം ഉന്നയിക്കുന്നു. എന്നാല്‍, പിന്നീട് ആഗതന്‍റെ നിര്‍ബന്ധം സഹിക്കാതെ മൂന്നപ്പം കൊടുക്കുകയാണ്. പിന്നീടുള്ള വചനഭാഗങ്ങള്‍ നോക്കുക, ചോദിക്കുവിന്‍ ലഭിക്കും, അന്വേഷിക്കുവിന്‍ കണ്ടെത്തും, മുട്ടുവിന്‍ തുറന്നുകിട്ടും, ചോദിക്കുന്നതിലും കൂടുതല്‍ പരിശുദ്ധാത്മാവിനെ നല്കും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളാണ് അവിടെ കാണുന്നത്. ഈ വചനഭാഗത്തില്‍ വിവരിക്കപ്പെടുന്ന മൂന്ന് അപ്പം സ്വര്‍ഗ്ഗീയദാനങ്ങളായ മൂന്ന് പുണ്യങ്ങളാണ്. ഈ സ്വര്‍ഗ്ഗീയദാനങ്ങള്‍ സ്വീകരിച്ച് ജീവിക്കുമ്പോഴാണ് മനുഷ്യജീവിതം നാളേയ്ക്ക് വിരുന്നാകുന്നത്. ഒരാളുടെ ജീവിതം വലിയ വിഭവമായി രൂപാന്തരപ്പെടുന്നത് ഈ ദൈവികസുകൃതങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ്.
മത്തായി 25-ല്‍ അതിനെപ്പറ്റി വിവരിക്കുന്നുണ്ട്. അവിടെ, കാഴ്ചയുടെ പ്രത്യേകതയാണ് അന്ത്യവിധിയില്‍ രണ്ടായി തിരിക്കപ്പെടുന്നതിന്‍റെ മാനദണ്ഡം. നിത്യതയുടെ, ദൈവികസുകൃതങ്ങളുടെ, കണ്ണുകള്‍കൊണ്ട് ജീവിതത്തെ കണ്ടവര്‍ അതിനനുസരിച്ച് അര്‍ത്ഥപൂര്‍ണ്ണമായി ജീവിച്ചു. അല്ലാത്തവരാകട്ടെ, ജീവിതത്തില്‍ അപ്പോഴത്തെ സന്തോഷങ്ങള്‍മാത്രം ആസ്വദിച്ചുകൊണ്ട് വിലപ്പെട്ട പലതും പരിഗണിക്കാന്‍ വിട്ടുപോയി. നിത്യതയുടെ കണ്ണുകൊണ്ട് കണ്ടാല്‍ ഈ ലോകം നൈമിഷികമാണ്. ഞാന്‍ ഒരു തീര്‍ത്ഥാടനത്തിലാണ്. എന്നാല്‍ ഈ ലോകത്തിന്‍റെ കണ്ണടയാണ് എന്‍റെ കണ്ണുകള്‍ക്കുമേല്‍ ധരിച്ചിരിക്കുന്നതെങ്കില്‍ ഞാന്‍ ഒരു മണ്‍കൂനയില്‍ അവസാനിക്കും. വിശുദ്ധ ജോണ്‍ ക്രിസോസ്റ്റത്തിന്‍റെ വാക്കുകള്‍ ഓര്‍ത്തിരിക്കേണ്ടതാണ്, “മരണമടഞ്ഞ് മണ്ണിലടക്കപ്പെട്ട ഒരു ക്രൈസ്തവന്‍ മണ്ണില്‍ വയ്ക്കപ്പെട്ട വിത്താണ്. മുളപൊട്ടാനുള്ളവനാണ് അവന്‍.”
പരീക്ഷയില്‍ മോശം പ്രകടനം കാഴ്ചവച്ച കുട്ടികള്‍ പരിതപിക്കാറില്ലേ, കുറച്ചുകൂടി അധ്വാനിക്കാമായിരുന്നു എന്ന്. പക്ഷേ അപ്പോഴേക്കും പരീക്ഷ കഴിഞ്ഞുപോയിരിക്കും. ജീവിതത്തിനുശേഷം അങ്ങനെ ഖേദിക്കാതിരിക്കാനാണ് നിത്യജീവിതത്തെക്കുറിച്ച് ധ്യാനിക്കേണ്ടത്. അതിനാലല്ലേ വിശുദ്ധ അഗസ്റ്റിന്‍ പറഞ്ഞത്, ‘ഞാന്‍ എത്രയോ മുമ്പേ നിന്നെ അറിയേണ്ടതായിരുന്നു. നിനക്കുവേണ്ടി ജീവിക്കേണ്ടതായിരുന്നു.’
സ്വര്‍ഗ്ഗവും നരകവും ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എന്തെന്നാല്‍ അത് യാഥാര്‍ത്ഥ്യമാണ്. സ്വര്‍ഗ്ഗത്തിന് അനുയോജ്യമായ വിധത്തില്‍ എന്‍റെ ജീവിതം ചിട്ടപ്പെടുത്തുക എന്നതാണ് ചെയ്യാനുള്ളത്. വിശ്വാസവും പ്രത്യാശയും സ്നേഹവും ദൈവത്തില്‍നിന്ന് നാം ചോദിച്ചുവാങ്ങണം. അങ്ങനെ സ്വര്‍ഗ്ഗത്തെ സ്വപ്നം കണ്ട് ജീവിക്കാന്‍ പഠിക്കണം.
‘നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ…’ എന്ന് വിശുദ്ധ കാര്‍ഡിനല്‍ ന്യൂമാന്‍ പാടുന്നു. നമുക്ക് അത് ആവര്‍ത്തിക്കാം. എന്തെന്നാല്‍ മനുഷ്യന്‍ സ്വര്‍ഗ്ഗത്തിലേക്ക് പറക്കാന്‍ ചിറകുകളുള്ളവനാണ്. അതെ, എനിക്ക് സ്വര്‍ഗ്ഗത്തിലേക്ക് പറക്കാന്‍ കഴിയും. സ്വര്‍ഗ്ഗത്തിന് ചേര്‍ന്ന എന്‍റെ ജീവിതം അനേകര്‍ക്കുള്ള ആനന്ദവിരുന്നായി മാറട്ടെ! ډ
Mar Raphael Thattil
Want to be in the loop?
Get the latest updates from Tidings!