Home/Encounter/Article

ജുലാ 15, 2019 1880 0 Manoj Thomas
Encounter

ചൂണ്ടയിൽ കൊത്തിയ പരിശുദ്ധാത്മാവ്

ഒരിക്കല്‍ എന്‍റെയൊരു സുഹൃത്ത് അദ്ദേഹം ചൂണ്ടയിട്ട് പിടിച്ച വലി യൊരു മത്സ്യത്തിന്‍റെ ചിത്രം മൊബൈല്‍ ഫോണില്‍ കാണിച്ചു. കൗതുകം തോന്നി അതിന്‍റെ വിശദാംശങ്ങള്‍ ഞാന്‍ ചോദിച്ചു മന സിലാക്കി. അടുത്തെവിടെയെങ്കിലുമായിരിക്കാം അദ്ദേഹം ചൂണ്ടയിട്ടിട്ടുണ്ടാവുക എന്ന് ഞാനൂഹിച്ചു. എന്തെന്നാല്‍ അദ്ദേഹത്തിന്‍റെയും എന്‍റെയും വീടുകള്‍ തമ്മില്‍ അധികദൂരമില്ല. ചൂണ്ടയിട്ട കഥ അദ്ദേഹം പറഞ്ഞു, ഒരു ദിവസം വൈകുന്നേരം തമാശയായി കോഴി യുടെ കുടല്‍ഭാഗമെടുത്ത് ചൂണ്ട യില്‍ കൊരുത്ത് വീടിനടുത്തുള്ള പുഴയില്‍ ചൂണ്ടയിട്ടിട്ടു പോന്നു. പിറ്റേന്ന് രാവിലെ ചെന്നു നോക്കിയപ്പോള്‍ മൂന്നര കിലോയോളം വലിപ്പം വരുന്ന വലിയൊരു മത്സ്യം ചൂണ്ടയില്‍! അദ്ദേഹം ഇതു പറഞ്ഞപ്പോള്‍ എനിക്ക് വലിയ മനഃപ്രയാസമായി. കാരണം ഇതേ പുഴ എന്‍റെ വീടിന്‍റെയും മുന്‍വശത്തുകൂടി ഒഴുകുന്നുണ്ട്. എന്നിട്ട് എന്തു കൊണ്ട് ഇന്നുവരെ എനിക്കൊരു ചൂണ്ടയിടാന്‍ തോന്നിയില്ല എന്നത് എന്നെ സങ്കടപ്പെടുത്തി. ഒരു കാര്യം ഞാന്‍ തീര്‍ച്ചയാക്കി, അതു പോലൊരു മീനിനെ എനിക്കും പിടിക്കണം. എന്‍റെ കൂട്ടുകാരന്‍ തമാശയ്ക്കാണ് ചൂണ്ടയിട്ടതെങ്കില്‍ ഞാന്‍ ഗൗരവമായിത്തന്നെ അതിനെ സമീപിച്ചു. നല്ലൊരു ചൂണ്ടനൂല്‍ വാങ്ങി ചൂണ്ട അതില്‍ കെട്ടി. എന്‍റെ സുഹൃത്ത് കോഴിയുടെ കുടലാണ് ചൂണ്ടയില്‍
കൊരുത്തതെങ്കില്‍ ഞാന്‍ കോഴിയുടെ നല്ലൊരു കഷണംതന്നെ തിരഞ്ഞെടുത്തു. എന്‍റെ ഭാര്യയും കുട്ടികളും പറഞ്ഞു, ‘വെറുതെ നല്ലൊരു കോഴിക്കഷണം കൊണ്ടു പോയി കളയണ്ട.’ പക്ഷേ എന്‍റെ മനസു മുഴുവനും കൂട്ടുകാരന്‍ പിടിച്ച മീനായിരുന്നതിനാല്‍ അവരുടെ വാക്കുകള്‍ ഞാന്‍ ഗൗനി ച്ചില്ല.
ഞാന്‍ പറഞ്ഞു, ‘ഈ ചെറിയൊരു കഷണം ഇറച്ചിക്ക് പകരമായി എനിക്ക് കിട്ടാന്‍ പോകുന്നത് നാലഞ്ചു കിലോ വലുപ്പമുള്ള മീനിനെയായിരിക്കും. അപ്പോള്‍ നിങ്ങളെല്ലാം എന്നെ പ്രശംസി ക്കും.’ രാത്രിയില്‍ ഞാന്‍ ചൂണ്ട പുഴയില്‍ കെട്ടിയിട്ടു. പ്രഭാതത്തില്‍ ഭാര്യയും മക്കളും എഴുന്നേല്‍ക്കുന്നതിനു മുമ്പേതന്നെ ഞാന്‍ പുഴയിലേക്ക് ഓടി. നോക്കിയപ്പോള്‍ മീനിനെ കിട്ടിയില്ല എന്നു മാത്രമല്ല, ചൂണ്ടയിലെ കോഴിക്കഷണവും അവിടെയില്ലായിരുന്നു. എന്‍റെ പ്രതീക്ഷകളെല്ലാം നശിച്ചു, നല്ലൊരു കോഴിക്കഷണവും നഷ്ടപ്പെട്ടു.

പിന്നീട് ഈ സംഭവം എന്നെ ചിന്തിപ്പിച്ചു. ഒരു കാര്യം എനിക്ക് ബോധ്യമായി. ഇതുതന്നെയാണ് നമ്മളെല്ലാം പലപ്പോഴായി ചെയ്യു ന്നത്. എന്‍റെ കൂട്ടുകാരനിലുള്ള നന്മകള്‍ എനിക്കും ലഭിക്കണം. ഇപ്രകാരം ചിന്തിക്കുന്നതിന്‍റെ പരിണതഫലം ചിലപ്പോള്‍ ആ കഴിവുകള്‍ എനിക്ക് ലഭിക്കില്ല എന്നു മാത്രമല്ല, എന്‍റേതായ ചില കഴിവുകളെ എനിക്ക് നഷ്ടപ്പെടുകയും ചെയ്യുന്നു എന്നതാണ്. ഒരുപക്ഷേ ഞാനും ചൂണ്ടയിട്ടാല്‍ മീനിനെ ലഭിക്കുമായിരിക്കും. പക്ഷേ ഞാന്‍ ചെയ്ത പ്രവൃത്തി എന്‍റെ സുഹൃത്തിനെ അനുകരിക്കുക മാത്രമായിരുന്നു.
ദൈവത്തിന്‍റെ പരിശുദ്ധാത്മാവ് എന്നിലൂടെ വളര്‍ത്തിക്കൊണ്ടു വരുവാന്‍ എന്നില്‍ നിക്ഷേപിച്ച കഴിവുകള്‍ കണ്ടെത്താതെ മറ്റുള്ളവര്‍ക്ക് പരിശുദ്ധാത്മാവ് നല്‍കിയ കഴിവുകള്‍ സ്വീകരിക്കാന്‍ തയാറാകുമ്പോള്‍ നാം പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുന്നു. കാരണം മറ്റൊരാള്‍ക്ക് നല്‍കിയ കൃപകള്‍ സ്വീകരിച്ച് ഒരു ഇത്തിള്‍കണ്ണിയെപ്പോലെ വളര്‍ന്നുവരുവാനല്ല നാം വിളിക്കപ്പെട്ടിരിക്കുന്നത്. അപ്പോള്‍, അനുകരിക്കുന്ന വ്യക്തിയോളം വളരാന്‍ സാധിക്കാതെ ജീവി തത്തോടുതന്നെ നിരാശയും അമര്‍ഷവും ചിലപ്പോള്‍ എന്നെ ബാധിച്ചേക്കാം. ഫലമോ എനിക്ക് ഒന്നിലും ആനന്ദം കണ്ടെത്താനോ വിജയിക്കാനോ സാധിക്കുകയില്ല.
മറ്റുള്ളവര്‍ക്കൊന്നും നല്‍കപ്പെടാത്ത ധാരാളം കഴിവുകള്‍ എന്നിലുണ്ടെന്നും അവയെ കണ്ടെത്തി വളര്‍ത്തിയെടുത്ത് ജീവിക്കുമ്പോള്‍ മാത്രമേ എന്‍റെ സൃഷ്ടി യിലൂടെ ദൈവം ഈ ഭൂമിയില്‍ നിറവേറ്റപ്പെടാന്‍ ആഗ്രഹിച്ച പ്രവൃത്തികളെ എനിക്ക് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കൂവെന്നും നാം വിശ്വസിക്കണം. അങ്ങനെ എന്നില്‍ പരിശുദ്ധാത്മാവ് നല്‍കിയ കൃപകളെ നശിപ്പിക്കാതെ ദൈവമഹത്വത്തിനായി കൂടുതല്‍ വളര്‍ത്താനും സാധിക്കും. 1 സാമുവല്‍ 17:38-51 – ഗോലിയാത്തുമായുള്ള യുദ്ധത്തില്‍ ദാവീദ് ചെയ്തത് തന്‍റെമേല്‍ പരിശുദ്ധാത്മാവ് നല്‍കിയ പ്രത്യേകമായ കഴിവുകളെ ഉപയോഗിക്കുകയായിരുന്നു. ദാവീദിന് വേണമെങ്കില്‍ തന്‍റെ സഹോദരന്മാരെപ്പോലെതന്നെ എല്ലാ ആയുധങ്ങളും ധരിച്ച് ഒരു സൈനികനെപ്പോലെ ഗോലിയാത്തിനെ നേരിടാനായി പോകാമായിരുന്നു. എന്നാല്‍, ദാവീദ് പരിശുദ്ധാത്മാവ് തനിക്ക് പ്രത്യകമായി നല്‍കിയ കഴിവിലുള്ള വിശ്വാസത്തില്‍ മറ്റാരെയും അനുകരിക്കാതെ അവിടെ പ്രവര്‍ത്തിച്ചു. തന്‍റെ വൈദഗ്ധ്യമുള്ള മേഖല ഉപയോഗിച്ച് വലിയൊരു സൈന്യത്തിന് ചെയ്യാന്‍ കഴിയാത്ത പ്രവൃത്തിവെറുമൊരു കല്ലുകൊണ്ട് ഗോലിയാത്തിനെ വീഴ്ത്തി നിറവേറ്റി.

നാം അനന്യരായി സൃഷ്ടിക്കപ്പെട്ടിരിക്കു ന്നു. മറ്റൊരു വ്യക്തിയില്‍ കാണുന്ന നല്ല ഗുണങ്ങളെ നമുക്ക് മാതൃകയാക്കാം. എന്നാല്‍ അവരെ അനുകരിച്ച് അയാളെപ്പോലെതന്നെ ആയിത്തീരാന്‍ ശ്രമിച്ചാല്‍ ഞാന്‍ മറ്റൊരാള്‍ക്ക് പകരക്കാരനായി മാത്രമേ കണക്കാക്കപ്പെടുകയുള്ളൂ. എല്ലാ വിശുദ്ധാത്മാക്കളും ഇത്തരത്തില്‍ തങ്ങളിലുള്ള പ്രത്യേകതകളെ തിരിച്ചറിഞ്ഞ് ജീവിച്ചവരാണ്. അതുകൊണ്ടു തന്നെയാണവര്‍ വിശുദ്ധരായി അംഗീകരിക്കപ്പെട്ടതും. നേരെമറിച്ച് എല്ലാവരും വിശുദ്ധ ഫ്രാന്‍സിസ് അസീസിയെ അനുകരിച്ച് ജീവിച്ചിരുന്നെങ്കില്‍ നമുക്ക് ലഭിക്കുക ഒരു ഫ്രാന്‍സിസ് അസീസിയെ മാത്രമായിരുന്നു. ഓര്‍ക്കാം, ഒരു ഇത്തിള്‍ക്കണ്ണിയാകാനല്ല, മറിച്ച് ഒരു വടവൃക്ഷമായി വളരാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.

നമുക്കിങ്ങനെ പ്രാര്‍ത്ഥിക്കാം, പരിശുദ്ധാത്മാവേ, എന്നെ സ്വയം കണ്ടെത്താനും എന്നില്‍ അവിടുന്ന് നിക്ഷേപിച്ച അനിതര സാധാരണമായ കൃപകളെ തിരിച്ചറിയാനും സഹായിക്കണമേ. അവയെ വളര്‍ത്താനും സഹായിച്ചാലും. എന്നെ സൃഷ്ടിച്ചപ്പോള്‍ അവിടുന്ന് ആഗ്രഹിച്ച കാര്യങ്ങളെല്ലാം അതിന്‍റെ പൂര്‍ണതയില്‍ പൂര്‍ത്തീകരിക്കുവാനും എനിക്ക് സഹായം നല്കണമേ.

Share:

Manoj Thomas

Manoj Thomas

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles