Home/Encounter/Article

മാര്‍ 16, 2024 78 0 ജോബി ജോര്‍ജ്
Encounter

കുമ്പസാരിച്ച ഭര്‍ത്താവിന് ഭാര്യയുടെ പാപക്ഷമ വേണോ?

ഒരു ദിവസം രാവിലെ ഞങ്ങളുടെ ആന്റിയുടെ ഫോണ്‍കോള്‍. ആന്റിയുടെ ഒരു ബന്ധുവും ഭാര്യയും ഞങ്ങളുടെ പ്രദേശത്തിന് സമീപത്തുള്ള ഒരു ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിന് പോയി. അവിടെ വച്ച് ആ ചേട്ടന് രോഗം മൂര്‍ഛിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ‘അവരെ നിങ്ങള്‍ ഒന്ന് സഹായിക്കണം’ എന്ന അഭ്യര്‍ത്ഥനയോടെ അവരുടെ ഫോണ്‍ നമ്പര്‍ തന്നു.

ആ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. ആന്റി പറഞ്ഞ ചേട്ടന്റെ ഷുഗര്‍ കൂടി അബോധാവസ്ഥയിലായിപ്പോയതിനാല്‍ അവര്‍ക്ക് ധ്യാനം കൂടാന്‍ സാധിച്ചില്ല. രണ്ട് ദിവസവും കൂടി ആശുപത്രിയില്‍ നില്‍ക്കണം. ഡിസ്ചാര്‍ജ്ജ് ആയ ശേഷം അധികം യാത്ര പാടില്ലെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നതിനാല്‍ അവരെ ഞാനും ഭാര്യയും ചേര്‍ന്ന് ഞങ്ങളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.

ഭാര്യക്ക് വളരെ ദൂരത്ത് നിന്ന് വന്നിട്ടും ധ്യാനം കൂടാന്‍ സാധിക്കാത്തതിന്‍റെ വിഷമം. ഭര്‍ത്താവിന്‍റെ രോഗാവസ്ഥയെക്കുറിച്ചുള്ള ദുഃഖം. ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠ. ഇതെല്ലാം പേറിയാണ് ആ ചേച്ചിയും ഭര്‍ത്താവും ഞങ്ങളുടെ വീട്ടില്‍ എത്തിയത്. ഞങ്ങളുമായി സംസാരിച്ചിരുന്നപ്പോള്‍ ചേച്ചി മനസ്സ് തുറന്നു.
കുറച്ച് ദിവസം ഞങ്ങളുടെ കൂടെ അവര്‍ താമസിച്ചു. രോഗം കുറച്ച് ഭേദമാകുമ്പോള്‍ വീണ്ടും ധ്യാനത്തിന് പോകണം. ധ്യാനം കൂടിക്കഴിയുമ്പോള്‍ ചേട്ടന്റെ രോഗം പൂര്‍ണ്ണമായും മാറും എന്നാണ് ചേച്ചിയുടെ വിചാരം.

അവര്‍ ഞങ്ങളുടെ വീട്ടില്‍ വന്ന സമയത്ത് ചേട്ടന്റെ മലമൂത്ര വിസര്‍ജനം നിയന്ത്രണത്തിലല്ലായിരുന്നു. ചേച്ചി അത് വൃത്തിയാക്കുമ്പോള്‍ പറഞ്ഞു, ‘ഞങ്ങള്‍ വന്നത് നിങ്ങള്‍ക്ക് ഒരു ശല്യമായല്ലോ.’

ഒരിക്കലും ശല്യമല്ലെന്ന് ഞങ്ങള്‍ മറുപടി പറഞ്ഞപ്പോള്‍ ചേച്ചി തുടര്‍ന്നു, ”ഇതെല്ലാം എന്റെ ഭര്‍ത്താവിന്റെ പലതരത്തിലുമുള്ള ദുര്‍നടപ്പുമൂലം വന്നുഭവിച്ച രോഗങ്ങളാണ്.”

ഭര്‍ത്താവിന്‍റെ മാനസാന്തരവും രോഗസൗഖ്യവും പ്രതീക്ഷിച്ചാണ് ആ ചേച്ചി രോഗിയായ ഭര്‍ത്താവിനെയും കൂട്ടി ദൂരത്തുനിന്നും ധ്യാനത്തിന് വന്നത്. ചേച്ചി എപ്പോഴും ഭര്‍ത്താവിനെ കുറ്റപ്പെടുത്തിയും വിമര്‍ശിച്ചും ഞങ്ങളോടും ഭര്‍ത്താവിനോടും പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങള്‍ ചേച്ചി പറഞ്ഞതെല്ലാം ക്ഷമയോടെ കേട്ടിരുന്നു. സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ഞങ്ങള്‍ ആ കുടുംബത്തെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിച്ചു. തുടര്‍ന്ന് അന്നുതന്നെ പരിചയമുള്ള ഒരു ആത്മീയ കൗണ്‍സലറെ വിളിച്ച് ഈ കുടുംബത്തിനു വേണ്ടി പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടപ്പോള്‍ ആ വ്യക്തി പറഞ്ഞു ആ ചേട്ടന് നല്ല മരണം ലഭിക്കാന്‍ പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന്. ഞങ്ങള്‍ അക്കാര്യം അവരോട് പറഞ്ഞില്ലെങ്കിലും അപ്രകാരം പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു.

ചേച്ചി ചേട്ടന് ഭക്ഷണം വാരി കൊടുക്കുമ്പോഴും കൂടെ കുറ്റപ്പെടുത്തലും ആവലാതിയും നടക്കുന്നുണ്ടായിരുന്നു. അന്ന് ചേട്ടന് അത്താഴവും മരുന്നും കൊടുത്തതിനുശേഷം ചേച്ചിയും ഞങ്ങളും കൂടി അത്താഴം കഴിക്കുന്ന സമയം. ചേച്ചി പറയുന്നത് ‘ഞങ്ങള്‍ക്ക് ധ്യാനത്തിന് വീണ്ടും പോകണം, ചേട്ടന്റെ അസുഖം മാറും, ചേട്ടന്‍ എന്നില്‍നിന്ന് അകന്നു പോകാതെ ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കും’ എന്നൊക്കെയാണ്. ഇപ്രകാരം പ്രത്യാശയുടെ കാര്യങ്ങള്‍ പറയുമ്പോഴും അറിയാതെതന്നെ ചേട്ടനെ കുറ്റപ്പെടുത്തി പറയുകയും ചെയ്യും. തന്റെ ജീവിതം ദു:ഖപൂര്‍ണ്ണമാക്കിയ ഭര്‍ത്താവിനോടുള്ള നീരസം അത്രയും ഉള്ളില്‍ കിടക്കുകയാണ്.

അപ്പോള്‍ തോന്നിയ ഉള്‍പ്രേരണയാല്‍ ഞാന്‍ ചേച്ചിയോട് പറഞ്ഞു, ”ചേച്ചി ചേട്ടനെ ഒരു നല്ല കുമ്പസാരത്തിന് ഒരുക്കണം. കുമ്പസാരിച്ച് പാപമോചനം നേടിയാലും നിങ്ങള്‍ വീട്ടില്‍ തനിച്ചായിരിക്കുമ്പോള്‍ ചേച്ചിയോട് ചേട്ടന്‍ തന്റെ ജീവിതത്തില്‍ വന്ന എല്ലാ തെറ്റുകുറ്റങ്ങളും ഏറ്റുപറഞ്ഞ് മാപ്പ് ചോദിക്കും. ചേച്ചിക്ക് പൂര്‍ണ്ണ അവകാശമുള്ള ഭര്‍ത്താവിന്റെ ശരീരം ഭര്‍ത്താവിന്റെ ദുര്‍നടപ്പിലൂടെ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. എങ്കിലും ഒരു പൂര്‍ണ്ണ പാപക്ഷമ കൊടുക്കേണ്ടത് ചേച്ചിയാണ്. അതിനാല്‍ ചേച്ചി പൂര്‍ണ്ണമായി ക്ഷമിച്ച് ഭര്‍ത്താവിന് മാപ്പ് നല്‍കണം. ചേച്ചി നല്കുന്ന പാപക്ഷമയാണ് ഭര്‍ത്താവിന്റെ നിത്യരക്ഷയ്ക്ക് സഹായമാകുക. എങ്കിലേ ചേച്ചിയുടെ വര്‍ഷങ്ങളായുള്ള സഹനത്തിന് ദൈവസന്നിധിയില്‍ വിലയുണ്ടാവുകയുള്ളൂ.”

”എന്നെങ്കിലും എന്റെ ഭര്‍ത്താവ് അങ്ങനെ ചോദിച്ചാല്‍ ഞാന്‍ പൂര്‍ണ്ണമായും ക്ഷമ നല്കുകയും അപ്രകാരം ദൈവസന്നിധിയില്‍നിന്ന് ചേട്ടന് പാപമോചനം വാങ്ങിക്കൊടുക്കുകയും ചെയ്യും” ചേച്ചി ഞങ്ങള്‍ക്ക് ഉറപ്പ് തന്നു.
പിറ്റേന്ന് ആ ചേട്ടന്റെ ആഗ്രഹപ്രകാരം മാതാവിന്റെ നാമത്തിലുളള ഒരു പള്ളിയില്‍ പോയി. പോകുംവഴി ചേട്ടന്‍ തന്റെ ദു:ശ്ശീലങ്ങള്‍ ആ രോഗാവസ്ഥയിലും പ്രകടമാക്കി. പുകവലിയും ലോട്ടറിയെടുപ്പും എല്ലാം കണ്ട് ചേച്ചിയുടെ നിയന്ത്രണം വിട്ടുപോകുന്നതുപോലെ തോന്നി. എന്തായാലും അടുത്ത ദിവസം അവര്‍ തിരിച്ച് അവരുടെ വീട്ടിലേക്ക് പോയി. അവരെ ബസ്സില്‍ കയറ്റി വിടുമ്പോഴും ഇനി ഈ ചേട്ടനെ കാണാന്‍ പറ്റുമോ എന്നുളള ഒരു ചിന്തയും ബാക്കി.

അവര്‍ വീട്ടില്‍ ചെന്ന് ചികിത്സകള്‍ തുടര്‍ന്നു. പിന്നീട് ഒരു നല്ല കുമ്പസാരം നടത്തി, രണ്ടാഴ്ചക്കു ശേഷം ഒരു ദിവസം രാത്രി ചേട്ടന്‍ തന്റെ ജീവിതത്തില്‍ ചെയ്ത ഓരോ തെറ്റുകളും ഏറ്റ് പറഞ്ഞ് ഭാര്യയോട് മാപ്പ് ചോദിച്ചു. ആവര്‍ത്തിച്ചുളള ക്ഷമാപണത്തില്‍ ചേച്ചി തന്റെ ഭര്‍ത്താവിനോട് പൂര്‍ണ്ണമായി ക്ഷമിച്ച് മാപ്പ് കൊടുത്തു. ദിവസങ്ങള്‍ക്കുള്ളില്‍ ചേട്ടന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. തന്റെ ക്ഷമയാല്‍ ഒരു ആത്മാവിനെ സ്വര്‍ഗത്തില്‍ പറഞ്ഞ് വിട്ട അഭിമാനത്തോടെ ചേച്ചി ജീവിതം തുടര്‍ന്നു. മത്തായി 6/12 – ”ഞങ്ങളുടെ കടക്കാരോട് ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോട് ക്ഷമിക്കണമേ.”

Share:

ജോബി ജോര്‍ജ്

ജോബി ജോര്‍ജ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles