Home/Encounter/Article

ഏപ്രി 15, 2024 93 0 Jamesh James
Encounter

കുഞ്ഞുങ്ങള്‍ക്കിടയിലും എന്നെ കരുതിയ ഈശോ…

അന്ന് ഒരു വ്യാഴാഴ്ച ആയിരുന്നു. ഗള്‍ഫ് പ്രവാസി എന്ന നിലയില്‍ വീക്കെന്‍ഡ് സമയം. പക്ഷേ ഒട്ടും സന്തോഷം തോന്നുന്നില്ല. മനസില്‍ നിറയെ തളംകെട്ടി നില്‍ക്കുന്ന സങ്കടം. എത്രയൊക്കെ ജോലി ചെയ്തിട്ടും ഒരു നല്ല വര്‍ത്തമാനം ലഭിക്കുന്നില്ലെന്നു മാത്രമല്ല, കിട്ടുന്ന പരിഹാസം വല്ലാതെ വേദനിപ്പിക്കുന്നു. യാന്ത്രികമായായിരുന്നു അന്ന് ഓഫീസ് വിട്ട് ഇറങ്ങിയത്. ഡ്രൈവ് ചെയ്യുമ്പോഴും മനസ് നിറയെ അന്നത്തെ കാര്യങ്ങള്‍ ആയിരുന്നു. ഇന്‍ക്രിമെന്റും പ്രൊമോഷനുമൊക്കെ ചോദിക്കുമെന്ന് കരുതി തടയിടാനാണ് ഇത്രയ്ക്കങ്ങ് പറയുന്നത്. ആദ്യത്തെ അനുഭവമല്ലാതിരുന്നിട്ടും ഇന്ന് ഒത്തിരി വേദനിക്കുന്നു. വീടിന്‍റെ പാര്‍ക്കിങ്ങില്‍ എത്തിയപ്പോഴാണ് കൈമോശം വന്ന മനസ് തിരിച്ചു കിട്ടിയത്.

വീട്ടില്‍ വന്നുകയറുമ്പോള്‍ ഭാര്യക്കും മക്കള്‍ക്കും സങ്കടം തോന്നാതിരിക്കാന്‍ ഒരു ചിരി ചുണ്ടില്‍ വരുത്തിയാണ് ബെല്‍ അടിച്ചത്. ഇളയ മകന്‍ വന്ന് വാതില്‍ തുറന്നു. അവന്‍റെ പുഞ്ചിരിയും വര്‍ത്തമാനവും നീറുന്ന മനസില്‍ വീണ വെള്ളത്തുള്ളി കണക്കെയായി. പക്ഷേ മുഖത്തെ പുഞ്ചിരി മായ്ക്കാതെ പിടിച്ചെങ്കിലും ഭാര്യയ്ക്ക് കാര്യം മനസിലായി. തുറക്കാനായി വച്ച വീക്കെന്‍ഡ് പരിപാടികളുടെ ലിസ്റ്റ് അങ്ങനെതന്നെ അവള്‍ അടച്ചു.

പോക്കറ്റില്‍ കിടന്ന കൊന്ത ഈശോയുടെ മുമ്പില്‍ വച്ചിട്ട് തിരിയുമ്പോള്‍ ഞാനൊന്ന് ഈശോയുടെ മുഖത്തേക്ക് പാളി നോക്കി. അവിടെയും സങ്കടംതന്നെ.

വസ്ത്രം മാറുന്നതിനിടയില്‍ അവള്‍ കാര്യങ്ങള്‍ തിരക്കി. അന്നത്തെ കാര്യങ്ങളൊക്കെ അവളോട് പറഞ്ഞെങ്കിലും അവള്‍ എന്തുചെയ്യാന്‍? ആശ്വാസത്തിന്‍റെ ഒരു നൂറുവാക്കുകള്‍ ഒറ്റശ്വാസത്തില്‍ ആ പാവം പറഞ്ഞു. പക്ഷേ എന്‍റെ ഉള്ളിലെ വേദന കെടുത്താന്‍ ഇതൊന്നും പര്യാപ്തമായിരുന്നില്ല.

രാത്രി വീട്ടിലേക്കു വിളിച്ചപ്പോള്‍ മുഖം മാറിയത് മമ്മി കണ്ടുപിടിച്ചു. അല്ലെങ്കിലും മക്കളുടെ മുഖത്തെ ഒരു നേരിയ വ്യത്യാസംപോലും ഡീകോഡ് ചെയ്യാന്‍ അമ്മമാരെക്കാള്‍ കഴിവുള്ളവര്‍ ആരുണ്ട്? യൂട്യൂബിലെ നിയോഗപ്രാര്‍ത്ഥന കൂടുന്നതടക്കം ഒരു വലിയ ലിസ്റ്റ് തന്നു. തമ്പുരാനോട് പറയാനല്ലാതെ ആ പാവം എന്തുചെയ്യാന്‍.

രാത്രി നന്നായി ഒന്ന് ഉറങ്ങാന്‍പോലും പറ്റിയില്ല. നേരത്തേ ഉറക്കമുണര്‍ന്ന ഞാന്‍ രാവിലെതന്നെ കുര്‍ബാനയ്ക്ക് പോകാന്‍ തീരുമാനിച്ചു. അത് കുട്ടികളുടെ കുര്‍ബാനയാണ്. സാധാരണ പോവുക പതിവില്ല. ഇറങ്ങുമ്പോള്‍ ഈശോയോട് ഒന്ന് ആശ്വസിപ്പിക്കണം എന്ന് പറഞ്ഞാണ് ഇറങ്ങിയത്. അന്നത്തെ പ്രസംഗം അച്ചന്‍ കുട്ടികള്‍ക്കുവേണ്ടിയല്ല എനിക്കുവേണ്ടി പറഞ്ഞതായാണ് തോന്നിയത്. തലേന്ന് ഞാന്‍ ഈശോയോടു ചോദിച്ച ഓരോ ചോദ്യത്തിനും ഈശോ അച്ചനിലൂടെ ഉത്തരം പറയുകയായിരുന്നു.

യോനാ പ്രവാചകന്‍റെ അനുഭവമായിരുന്നു പ്രസംഗവിഷയം. അതിന്‍റെ ചുരുക്കം ഇങ്ങനെയായിരുന്നു. നമ്മള്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത് തമ്പുരാന്‍റെ തീരുമാനമാണ്. ജോലി ചെയ്യുന്ന കമ്പനി, ഇവിടുത്തെ ബോസ്, ഈ നാട് എല്ലാം തിരഞ്ഞെടുത്തത് തമ്പുരാനാണ്. അവിടുന്ന് ഇവിടെ പൂര്‍ത്തിയാക്കാന്‍ കുറെ ജോലികള്‍ ഏല്‍പിച്ചിട്ടുണ്ട്. അത് പൂര്‍ത്തിയാക്കാതെ നമുക്ക് എവിടേക്കും പോകാന്‍ സാധ്യമല്ല. ഇനി നാം മടി കാണിച്ചാല്‍, വേറെ വഴിക്കു നീങ്ങിയാല്‍, നമ്മെ കാത്ത് കൂറ്റന്‍ മത്സ്യങ്ങള്‍ നില്‍ക്കുന്നുണ്ട്. അവയുടെ വയറ്റിലെ അസഹ്യമായ ആസിഡിന്‍റെ ചൂടേറ്റ് ഉരുകി അവസാനം തമ്പുരാന്‍ തീരുമാനിച്ചിടത്തുതന്നെ നാം എത്തിച്ചേരും.

തമ്പുരാന്‍റെ തീരുമാനങ്ങള്‍ അനുസരിക്കാതിരുന്നാല്‍ അതിന്‍റെ തിക്തഫലങ്ങള്‍ നാംതന്നെ അനുഭവിക്കേണ്ടിവരും. ഏറ്റവും നല്ലത് അവിടുന്ന് നമ്മെ ഏല്‍പിച്ച ജോലി എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുക മാത്രമാണ്. ഏല്‍പിച്ച ഉത്തരവാദിത്വങ്ങള്‍ ഭംഗിയോടെ പൂര്‍ത്തീകരിച്ചാല്‍ അവിടുന്ന് നമ്മെ കൂടുതല്‍ ഉത്തരവാദപ്പെട്ട ജോലികള്‍ ഏല്‍പിക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ന് നാം നേരിടുന്ന പ്രതിസന്ധികള്‍ നമ്മെ ശക്തരാക്കാന്‍ അവിടുന്ന് അറിഞ്ഞ് ഏല്‍പിച്ചതാണ്. സന്തോഷത്തോടെ സ്വീകരിക്കുകയും അനുസരിക്കുകയും മാത്രമാണ് നമ്മുടെ ജോലി.

കുര്‍ബാന കഴിഞ്ഞതും നെഞ്ചിലെ ഭാരം മുഴുവന്‍ ഇല്ലാതായി. കാറ്റില്‍ പറക്കുന്ന അപ്പൂപ്പന്‍ താടിപോലെ. മത്സ്യത്തിന്‍റെ ഉദരത്തില്‍നിന്ന് തന്‍റെ പ്രാര്‍ത്ഥന ദൈവത്തിന്‍റെ വിശുദ്ധമന്ദിരത്തില്‍ എത്തിയെന്ന് ബോധ്യപ്പെട്ട യോനായെപ്പോലെയായിരുന്നു അപ്പോള്‍ ഞാനും. ”ഞാന്‍ കൃതജ്ഞതാസ്‌തോത്രങ്ങളാലപിച്ച് അങ്ങേക്ക് ബലി അര്‍പ്പിക്കും. ഞാന്‍ എന്‍റെ നേര്‍ച്ചകള്‍ നിറവേറ്റും. കര്‍ത്താവില്‍നിന്നാണ് രക്ഷ” (യോനാ 2/9).
സന്തോഷത്തോടെ വീട്ടിലേക്കു പോകാനായി വാഹനത്തിനടുത്തേക്ക് നടക്കുമ്പോള്‍ തലേന്ന് അടച്ചുവച്ച വീക്കെന്‍ഡ് പരിപാടികളുടെ ലിസ്റ്റ് ഭാര്യ എടുത്തിട്ടു. സന്തോഷത്തോടെ ഞാന്‍ കുടുംബസമേതം വീട്ടിലേക്ക് മടങ്ങി. ഇരുകൈകളും നീട്ടിനില്‍ക്കുന്ന ഈശോയ്ക്ക് ഒരായിരം നന്ദിയും പറഞ്ഞുകൊണ്ട്.

Share:

Jamesh James

Jamesh James

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Latest Articles