Trending Articles
ഒരു ഡോക്ടറുടെ കഴിവുകളും പരിശ്രമങ്ങളും പരാജയപ്പെട്ടിടത്ത് ദിവ്യകാരുണ്യ ഈശോ ഇറങ്ങിവന്ന നിമിഷങ്ങളിലൂടെ….
നിരീശ്വരവാദികളായ സഹപ്രവര്‍ത്തകര്‍ എന്നോട് പലപ്പോഴും ചോദിക്കാറുണ്ട്, ശാസ്ത്രം പഠിക്കുന്നതിനുപകരം ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് എന്തുകൊണ്ടാണെന്ന്. ഞാന്‍ പഠിച്ച ശാസ്ത്രം ഞാന്‍ എന്നും പരിശീലിക്കുന്നുണ്ട്. ശാസ്ത്രീയ അറിവിലേക്കായി രാത്രി ഉറക്കമൊഴിച്ചിരുന്ന് വായിച്ചിട്ടുണ്ട്, ഒരു മനുഷ്യന് സാധിക്കാവുന്നതിലധികം സമയം കഠിനമായി അധ്വാനിച്ചിട്ടുണ്ട്. അക്കാര്യം അവരോട് പറയുന്നതോടൊപ്പം ഞാന്‍ പറയും, ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, കാരണം, ഞാനെന്റെ ജീവിതത്തില്‍ ദൈവത്തെ അനുഭവിച്ചിട്ടുണ്ട്. “എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്റെ അടുക്കലേക്ക് വരാന്‍ സാധിക്കുകയില്ല” (യോഹന്നാന് 6/44).
ശാസ്ത്രം സ്വാഭാവികലോകത്തെ നിരീക്ഷിക്കുകയും അതിനെക്കുറിച്ച് പഠിക്കാനായി പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്യുന്നു. കാണുന്നതിനെ വിശദീകരിക്കാനായി സിദ്ധാന്തങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നു. പക്ഷേ അതിനുമുമ്പുതന്നെ ഈ നിയമങ്ങള്‍ നിലനില്ക്കുന്നതെന്തുകൊണ്ടാണ്? ഈ ഭൂമിയിലെ ജീവനും സൗന്ദര്യവും ക്ഷയിക്കുകയും നശിക്കുകയും ചെയ്യുന്നതെന്തുകൊണ്ടാണ്? “ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ആഴത്തിനുമുകളില്‍ അന്ധകാരം വ്യാപിച്ചിരുന്നു. ദൈവത്തിന്റെ ചൈതന്യം വെള്ളത്തിനുമീതെ ചലിച്ചുകൊണ്ടിരുന്നു” (ഉത്പത്തി 1/2). “ആത്മാവാണ് ജീവന് നല്‍കുന്നത്; ശരീരം ഒന്നിനും ഉപകരിക്കുന്നില്ല. നിങ്ങളോട് ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്മാവും ജീവനുമാണ്” (യോഹന്നാന് 6/63). ദൈവത്തിന്റെ വചനവും പരിശുദ്ധാത്മാവുമാണ് ജീവന് നല്‍കുന്നത്. ശാസ്ത്രം പറയുന്നത് എന്തെങ്കിലും സംഭവിക്കുമെന്നതിനുള്ള സാധ്യതയെക്കുറിച്ചുമാത്രമാണ്. എന്നാല്‍ ഞാന്‍ ദൈവത്തെ സ്നേഹിച്ചാല്‍ എല്ലാം എന്റെ നന്മയ്ക്കായി മാറുമെന്ന് വചനം 100 ശതമാനം സാധ്യത തരുന്നു. ജീവിതത്തില്‍ ദൈവം നിരന്തരം എന്നെ നയിക്കുന്നു എന്നതിന് ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ട്.
പത്താം ക്ലാസ് കഴിഞ്ഞവര്‍ക്കായി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ധ്യാനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അത് ദിവ്യകാരുണ്യ ഈശോയുമായി സ്നേഹബന്ധത്തിലേക്കെന്നെ എത്തിച്ചു. അങ്ങനെ അനുദിനം ദിവ്യബലിയില്‍ പങ്കെടുക്കാന്‍ ആരംഭിക്കുകയും അത് എനിക്ക് നിരന്തരം ശക്തിയും പ്രചോദനവും നല്കുന്ന അനുഭവമായി മാറുകയും ചെയ്തു. ഈ ‘പ്രഭാതശീലം’ ജീവിതത്തിലെ സകല മേഖലകളിലും സ്വാധീനം ചെലുത്തി. ഞാനൊരു ശരാശരിക്ക് മുകളിലുള്ള വിദ്യാര്‍ത്ഥിയായിരുന്നുവെങ്കിലും വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. 11-ാം ക്ലാസ് അവസാനിക്കാറായപ്പോഴാണ് മെഡിസിന് പഠിക്കണം എന്ന് തീരുമാനിക്കുന്നത്. അപ്പോഴേക്കും എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസുകളെല്ലാം ആരംഭിച്ച്, അഡ്മിഷന് ക്ലോസ് ചെയ്തിരുന്നു. അതിനാല്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നോട്ട്സ് ഉപയോഗിച്ച് തനിയെ പഠിക്കാമെന്ന് തീരുമാനിച്ചു. ഓരോ ദിവസവും പുരോഗതി പ്രാപിക്കുന്നവിധത്തില് പരിശുദ്ധാത്മാവ് എന്നെ നയിച്ചുകൊണ്ടിരുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ മികച്ച റാങ്കോടെ ഞാന്‍ വിജയിച്ചു! അത് ഞാനുള്‍പ്പെടെ എല്ലാവരെയും അത്ഭുതപ്പെടുത്തി. ജീവിതത്തില്‍ മികച്ച ഫലം പുറപ്പെടുവിക്കണമെങ്കില്‍ ഈശോയോട് ചേര്‍ന്നു നില്‍ക്കണമെന്ന ചിന്ത ചെറുപ്രായത്തില്‍ത്തന്നെ മനസില്‍ ആഴപ്പെടാന്‍ ഈ അനുഭവം കാരണമായി.
തുടര്‍ന്ന് മെഡിസിന് പഠനം പൂര്‍ത്തിയാക്കി, ന്യൂഡല്‍ഹി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍നിന്ന് കാര്‍ഡിയോതൊറാസിക് സര്‍ജറിയില്‍ സൂപ്പര്‍ സ്പെഷ്യലൈസേഷനും ചെയ്തു. പരിശീലനകാലത്ത് കടുത്ത തിരക്കുള്ള ഡ്യൂട്ടിയായിരുന്നു. ദിവസത്തില്‍ 12 മണിക്കൂറോളം ജോലി, മാറിവരുന്ന ഷിഫ്റ്റുകളും. എല്ലാംകൂടിയായപ്പോള്‍, പലപ്പോഴും എല്ലാം സമയത്ത് ചെയ്തുതീര്ക്കാന് കഴിയില്ല എന്ന് തോന്നി. പക്ഷേ പരിശുദ്ധ ദിവ്യകാരുണ്യം എന്റെ സാന്ത്വനമായി. ഒരു സമയത്ത് ഒരു കാര്യം എന്ന രീതിയില്‍ ചെയ്യാനും പഠിക്കാനും ദിവ്യകാരുണ്യ ഈശോ എന്നെ പഠിപ്പിച്ചു.
എം.ബി.ബി.എസ് പഠനകാലത്ത് നിര്‍ബന്ധമായിരുന്ന ഒരു വര്‍ഷത്തെ ഗ്രാമീണസേവനം, ഞാന്‍ ഓള് ഇന്ത്യ ക്വോട്ടയിലായതിനാലും പി.ജി പഠനത്തിന് അര്‍ഹത നേടിയതിനാലും എനിക്ക് ചെയ്യേണ്ടിവന്നിരുന്നില്ല. അതിനാല്‍ പരിശീലനശേഷം മറ്റുള്ളവരെ സഹായിക്കുന്നതിനായി ഒരു വര്‍ഷം മാറ്റിവയ്ക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അക്കാലത്താണ്, എന്റെ സീനിയേഴ്സ് ആയിരുന്ന എറണാകുളം ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റുകള്‍ ഡോ. പോളും ഡോ. വിജോയും ആ ഹോസ്പിറ്റലില്‍ ഒരു ഓപ്പണ്‍-ഹാര്‍ട്ട് സര്‍ജറി യൂണിറ്റ് ആരംഭിക്കാന്‍ പദ്ധതിയിടുന്നത്. അതിന് അവര്‍ക്ക് ഒരു കാര്‍ഡിയാക് സര്‍ജനെ വേണം. എറണാകുളം സ്വദേശിയെന്ന നിലയില്‍, കാര്‍ഡിയാക് സര്‍ജറി ചെയ്യുന്ന ഒരു ഗവണ്മെന്റ് ആശുപത്രി അവിടെ ഇല്ലാത്തതുകൊണ്ട് വിഷമം നേരിട്ട പലരെയും എനിക്ക് വ്യക്തിപരമായി അറിയാമായിരുന്നു. അന്ന് മറ്റ് പല ഓഫറുകളും വന്നെങ്കിലും ഇത് ജീവിതത്തിലൊരിക്കല്മാത്രം ലഭിക്കുന്ന അവസരമായി എനിക്ക് തോന്നി. ഏറെ കാര്യങ്ങള്‍ പഠിക്കാനും സമൂഹത്തിന് നല്ലൊരു സംഭാവന നല്‍കാനും ഇതിലൂടെ സാധിക്കുമെന്ന് ബോധ്യമായി. പിന്നീട് എന്റെ സഹപ്രവര്‍ത്തകനായ ഡോ. ജോര്‍ജും ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അങ്ങനെ നല്ലൊരു ടീമായി മികച്ച രീതിയിലുള്ള ഒരു കാര്‍ഡിയാക് സര്‍ജറി യൂണിറ്റ് ഒരുക്കിക്കൊണ്ടിരിക്കുന്ന സമയം.
ഒരു പ്രഭാതത്തില്‍ ഡോ. ജോര്‍ജ് എന്നെ വിളിച്ചു. തയാറാക്കിക്കൊണ്ടിരിക്കുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്ക്, കൊവിഡ് സാഹചര്യംമൂലം ഗവണ്മെന്റ് കൊവിഡ് ചികിത്സക്കായി ഏറ്റെടുക്കുന്നു. ആ പത്രവാര്‍ത്ത അറിയിക്കാനാണ് അദ്ദേഹം വിളിച്ചത്. ഞങ്ങള്‍ക്കത് വിഷമകരമായിരുന്നു. ഞങ്ങളുടെ പ്രയത്നമെല്ലാം അനിശ്ചിതകാലത്തേക്ക് നീളുകയാണ്. ആ സമയത്ത്, എന്നെ നയിക്കണമേയെന്ന് ഞാന്‍ കര്‍ത്താവിനോട് പ്രാര്ത്ഥിച്ചുകൊണ്ടണ്ടിരുന്നു. സാവധാനം കൊവിഡ് സാഹചര്യങ്ങള്‍ മാറി. കൊവിഡ് ചികിത്സാര്‍ത്ഥം മാറ്റിവച്ചിരുന്ന ഓപ്പറേഷന് തിയറ്ററും ഐ.സി.യുവുമടങ്ങുന്ന ബ്ലോക്ക് തിരികെക്കിട്ടി. ഒപ്പം പ്രാര്‍ത്ഥനയുടെ ഫലവും. നാളുകളായി സാങ്കേതികതടസങ്ങളില്‍പ്പെട്ട് കിടന്നിരുന്ന വൈദ്യുതി, ജല വിതരണ സംവിധാനങ്ങള്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്റ്റിനുകീഴില്‍ പെട്ടെന്നുതന്നെ ശരിയായിക്കിട്ടി. കൊവിഡ് പശ്ചാത്തലമുണ്ടായിരുന്നെങ്കിലും ഗവണ്മെന്റിന്റെയും അധികൃതരുടെയും ഭാഗത്തുനിന്ന് ലഭിച്ച നല്ല പിന്തുണയോടെ ആദ്യത്തെ CABG (Coronary Artery Bypass Graft) സര്‍ജറി വിജയകരമായി അവിടെ നടത്താന്‍ സാധിച്ചു. അതിനുശേഷമാണ് ഇപ്പോഴത്തെ ജോലി ഞാന്‍ സ്വീകരിച്ചത്.
ഇന്ത്യയില്‍, ഇതുപോലൊരു ജില്ലാ ആശുപത്രിയില്‍ ഇപ്രകാരം ഒരു ഹൃദയശസ്ത്രക്രിയ നടത്തുന്നത് ആദ്യമായിരുന്നു. മാത്രമല്ല, ഞങ്ങള്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമ്പോള്‍ പലരും അത് അസാധ്യമെന്ന് പറഞ്ഞിരുന്നതുമാണ്. എന്നാല്‍ എല്ലാം നന്മക്കായി മാറ്റുന്ന ദൈവത്തിനു ഞാന്‍ കൃതജ്ഞതയര്‍പ്പിച്ചു.
ഒരു ദിവസം ഞാന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോള്‍, ഞങ്ങളുടെ ഒരു കുടുംബസുഹൃത്ത് വീട്ടില്‍വച്ച് ഗുരുതരാവസ്ഥയിലായതായി അറിഞ്ഞു. വയോധികനായ അദ്ദേഹം ജീവകാരുണ്യപവര്‍ത്തനങ്ങളില്‍ വളരെ സജീവനായിരുന്നു. തിടുക്കത്തില്‍ അദ്ദേഹത്തിനടുത്തെത്തിയപ്പോഴേക്കും ഗുരുതരമായ ഹൃദയാഘാതത്താല്‍ അദ്ദേഹം ദീര്‍ഘമായ അബോധാവസ്ഥയിലേക്ക് വീണുകൊ ണ്ടിരിക്കുകയായിരുന്നു. ഉടന്‍തന്നെ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവരാന്‍ ഞാന്‍ കഠിനപ്രയത്നം നടത്തി.
ആ സമയത്ത്, ഹൃദയചികിത്സാരംഗത്ത് മികച്ച സേവനം നല്കുന്ന ആശുപത്രിയിലായിരുന്നു ഞാന്‍ ജോലി ചെയ്തിരുന്നത്. 15 കിലോമീറ്ററോളം ദൂരത്തുള്ള ആ ആശുപത്രിയിലേക്ക് അദ്ദേഹത്തെ എന്റെതന്നെ കാറില്‍ വേഗം എത്തിച്ചു. പോകുംവഴി മറ്റൊരു ആശുപത്രിയില്‍നിന്ന് ഇന്‍ജക്ഷനും നല്കി. കാരണം പള്‍സ് വളരെ ദുര്‍ബലമായിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിയപ്പോള്‍, അദ്ദേഹം രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും ഇത്രയും പ്രായമായ ഒരാള്‍ക്കുവേണ്ടി വളരെയധികം സമയവും പണവും ചെലവഴിക്കുന്നത് വിഫലമായിരിക്കുമെന്നുമാണ് മറ്റ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടത്. പക്ഷേ അദ്ദേഹം രക്ഷപ്പെടുമെന്ന് എന്റെ ഹൃദയത്തില്‍ ശക്തമായ ഒരു തോന്നല്‍.
എന്തായാലും എന്റെ നിര്‍ബന്ധപ്രകാരം അദ്ദേഹത്തിന്റെ ഹൃദയം പ്രവര്‍ത്തിക്കുന്നതിനായി ഇന്‍ട്രാ-അയോര്‍ട്ടിക് ബലൂണ്‍ പമ്പ് എന്ന സംവിധാനം നല്കി. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. പക്ഷേ വെന്റിലേറ്ററിലായ അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമായിത്തന്നെ തുടര്‍ന്നു. ശ്വാസകോശത്തില്‍ വെള്ളം നിറയുകയും കിഡ്നികള്‍ പ്രവര്‍ത്തനരഹിതമാകുകയും ചെയ്തു.
ദിനവും എന്റെ ജോലി ആരംഭിക്കുന്നതിനുമുമ്പും രാത്രി സര്‍ജറികള്‍ ചെയ്തുതീര്ത്തതിനുശേഷവും ഞാന്‍ അദ്ദേഹത്തിനരികില്‍ പോകുമായിരുന്നു. പതുക്കെ, ആറ് ദിവസങ്ങള്‍കൊണ്ട്, അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഏതാണ്ട് സ്ഥിരതയിലായി. പക്ഷേ അദ്ദേഹം കണ്ണ് തുറക്കുന്നുണ്ടായിരുന്നില്ല. ചെയ്യാവുന്നതെല്ലാം ചെയ്തിട്ടും, അദ്ദേഹം ജീവഛവംപോലെ കിടക്കുന്നതിനാല്‍ ഞാന്‍ അല്പം സമ്മര്‍ദ്ദത്തിലായി. വയോധികനായ ഒരു മനുഷ്യന്റെ മരണം വെറുതെ വൈകിപ്പിക്കുന്നത് ശരിയാണോ എന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ ചോദിക്കുകയും ചെയ്തു.
ആ ഞായറാഴ്ച വെന്റിലേറ്ററില്‍നിന്ന് എടുക്കാന്‍ സാധിക്കാത്തതിനാല്‍, പിറ്റേന്ന് അദ്ദേഹത്തിന് ട്രക്കിയോസ്റ്റമി ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ അന്ന് ദൈവാലയത്തില്‍ പോയി എന്റെ എല്ലാ പരിശ്രമങ്ങളും ഞാന്‍ ദിവ്യകാരുണ്യ ഈശോയക്ക് സമര്‍പ്പിച്ചു. പ്രാര്‍ത്ഥിച്ചുകഴിഞ്ഞപ്പോള്‍, ഇങ്ങനെയുള്ള രോഗികളില്‍ കാണാറുള്ള അസാധാരണമായ അബോധാവസ്ഥക്കുള്ള ഒരു പ്രത്യേക ചികിത്സ നല്‍കണമെന്ന ഉള്‍ക്കാഴ്ച ലഭിച്ചു.
പിറ്റേന്ന് ട്രക്കിയോസ്റ്റോമിക്ക് ഒരുങ്ങാന്‍ ഐ.സി.യുവില്‍ നിര്‍ദേശം നല്കിയപ്പോള് നഴ്സ് പറഞ്ഞു, രോഗി കണ്ണ് തുറന്നുവെന്ന്. മനുഷ്യന്റെ അദ്ധ്വാനങ്ങള്‍ക്കും പ്രയത്നങ്ങള്‍ക്കും മുന്‍വിധികള്‍ക്കുമപ്പുറം പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ കരം യഥാര്‍ത്ഥത്തില്‍ അവിടെ ദര്‍ശിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം ക്രമേണ പുരോഗമിക്കുകയും അടുത്ത ദിവസം വെന്റിലേറ്ററില്‍നിന്ന് മാറ്റുകയും ചെയ്തു. ഒരാഴ്ചയ്ക്കകം ഡിസ്ചാര്‍ജായി അദ്ദേഹം വീട്ടിലെത്തി.
ഈ സംഭവങ്ങളെല്ലാം അതിസ്വാഭാവികമാണോ എന്ന് ചോദിച്ചാല്‍ അല്ലായിരിക്കാം. പക്ഷേ എന്റെ കഴിവിനും പരിശ്രമത്തിനുമപ്പുറം ദൈവത്തില്‍ ആശ്രയിച്ചപ്പോള്‍ സംഭവിച്ച ദൈവിക ഇടപെടലുകളാണിതെല്ലാം. സാധാരണഗതിയില്‍ സംഭവിക്കുമെന്ന് ഞാന്‍ കരുതിയവയായിരുന്നില്ല ഇതൊന്നും. ഇന്നും, പല പ്രതിസന്ധികളുടെയും മുന്നില്‍ എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുമ്പോള്‍, പ്രശ്നങ്ങളെല്ലാം യേശുവിലേക്ക് കൊടുത്ത് പ്രാര്‍ത്ഥിക്കാനും അവിടുന്നില്‍ ശരണപ്പെടാനും ഈ അനുഭവങ്ങള്‍ എന്നെ ശക്തിപ്പെടുത്തുന്നു.
Dr. Athul Abraham
നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇവ സത്യവും യാഥാര്‍ത്ഥ്യവുമാണെന്ന വെളിപ്പെടുത്തലോടെ പ്രശസ്ത ഭൂതോച്ഛാടകന്‍ ഫാ. ഫ്രാന്‍സിസ്കോ ലോപസ് സെഡാനോ നല്കുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധേയമാണ്. ഹോളിസ്പിരിറ്റ് സഭാംഗമായ ഈ മെക്സിക്കന്‍ വൈദികന്റെ 40 വര്‍ഷത്തെ ഭൂതോച്ഛാടന ശുശ്രൂഷയ്ക്കിടെ 6000 പൈശാചികബാധകള്‍ ഒഴിപ്പിച്ചിട്ടുണ്ട്. പിശാചുക്കള്‍ ക്രിസ്തുവിന്റെ ഈ പുരോഹിതനെ വളരെയധികം ഭയപ്പെടുകയും അദേഹത്തിന്റെ സാന്നിധ്യത്തില്‍ വിറകൊള്ളുകയും ചെയ്യുന്നതായി കണ്ടിട്ടുണ്ട് എന്നദ്ദേഹം വെളിപ്പെടുത്തി. പിശാചില്ലെന്ന് വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവരുണ്ട്. അത് പിശാചിന്റെതന്നെ വലിയ തന്ത്രമാണ്, മറഞ്ഞിരുന്ന് പ്രവര്‍ത്തിക്കാനാണ് അവന് താല്പര്യം. എന്നാല്‍ സാത്താന് എന്നത് അന്ധവിശ്വാസമോ വെറും തോന്നലോ മിഥ്യയോ അല്ല, യാഥാര്‍ത്ഥ്യമാണെന്ന് ഫാ. ലോപസ് ഓര്‍മിപ്പിക്കുന്നു. പ്രവര്‍ത്തന ശൈലി ഭൂതോച്ഛാടനം നടത്തുന്ന അവസരങ്ങളില്‍ ഞാന്‍ പിശാചിനോട് നേരിട്ട് സംസാരിക്കാറുണ്ട്. അതിനാല്‍ത്തന്നെ തിരിച്ചറിയണം, അവന് വ്യക്തിയാണ്, വസ്തുവല്ല. നമ്മെ ദൈവത്തില്‍നിന്ന് അകറ്റുകയാണ് ശത്രുവായ സാത്താന്റെ പ്രധാന ലക്ഷ്യം. ദൈവമക്കളായ നമ്മെ ദൈവത്തിനെതിരാക്കുകയോ ദൈവമില്ലെന്ന് വിശ്വസിപ്പിക്കുകയോ ചെയ്യും. അതുവഴി മനുഷ്യനെ സംപൂര്‍ണ നാശത്തിലെത്തിക്കുന്നതുവരെ അവന് തന്ത്രപൂര്‍വം വിശ്രമരഹിതനായി അദ്ധ്വാനിക്കും. നമ്മെ ഭയപ്പെടുത്താനാണ് പിശാച് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അറിയപ്പെടാത്ത ലക്ഷണങ്ങള്‍ അലസത, ക്ഷീണം, അവിശ്വാസം, നിരാശ, വിദ്വേഷം തുടങ്ങി എല്ലാ നെഗറ്റിവ് ചിന്തകളും സാത്താന്റെ സൃഷ്ടിയാണ്. ഉള്ളിലേക്കുള്ള വാതിലുകള്‍ ഒരു വ്യക്തി അനുവദിക്കുന്നതുകൊണ്ടാണ് തിന്മ അയാളില്‍ പ്രവേശിക്കുന്നത്. അറിഞ്ഞോ അറിയാതെയോ സാത്താനുവേണ്ടി വാതില്‍ തുറന്നുകൊടുക്കുന്നതുകൊണ്ട് അവന് ഉള്ളിലെത്തും. അവന് നമ്മുടെ അടുത്തു വരാന്‍ ധൈര്യമില്ല. എന്നാല്‍ നമ്മിലെ എല്ലാവിധ തിന്മകളും വെറുപ്പും നീരസവും തുടങ്ങി അവന് ഇഷ്ടമുള്ളവയൊക്കെ നമ്മുടെ അകത്തുകടക്കുന്നതിനായി തുറക്കപ്പെട്ട വാതിലുകളാണ്. ശത്രുവിന്റെ പച്ചക്കള്ളങ്ങള്‍ നക്ഷത്രങ്ങള്‍ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്ന് വിശ്വസിക്കുന്നതും വിശ്വസിപ്പിക്കുന്നതും വലിയ നുണയാണ്. ജാലവിദ്യ, വാരഫലം നോക്കല്‍, അന്ധവിശ്വാസം, മന്ത്രവാദം, ഭാവി പ്രവചനം, ഒക്കള്‍ട്ട്, ന്യൂ ഏജ്, മരിച്ചവരുടെ ആത്മാക്കളോടുള്ള സംഭാഷണം തുടങ്ങിയവയില്‍നിന്നെല്ലാം അകന്നു നില്‍ക്കണം. ഇവയിലൂടെയെല്ലാം തിന്മയുടെ ശക്തികളെ ഒരുവന് തന്റെ ഉള്ളിലേക്ക് ക്ഷണിച്ചുവരുത്തുകയാണ് ചെയ്യുന്നത്. എങ്ങനെ തിരിച്ചറിയാം? പിശാചുബാധിതരെ തിരിച്ചറിയാന്‍ കഴിയുന്ന പ്രകടമായ പ്രത്യേകതകളുണ്ട്. അവര്‍ ചിലപ്പോള്‍ ഉറക്കെ നിലവിളിക്കും, അലറും, നായയെപ്പോലെ കുരയ്ക്കും. പാമ്പ് ഇഴയുന്നതുപോലെ ഇഴയും. പലതരത്തില്‍, ഭാഷകളില്‍ സംസാരിക്കും, ഇങ്ങനെ ആയിരത്തോളം ലക്ഷണങ്ങള്‍ കാണിച്ചേക്കാം. കൂടാതെ ദൈവത്തെ തള്ളിപ്പറയുക, നിഷേധിക്കുക, വിശുദ്ധ ഗ്രന്ഥത്തെ അപമാനിക്കുക, ദൈവവചനം കേള്‍ക്കുമ്പോള്‍ വിദ്വേഷത്താല്‍ നിറയുക തുടങ്ങിയവയും ലക്ഷണമാണ്. ചില വേദനകളും രോഗലക്ഷണങ്ങളും സാത്താന് ബാധയുടെ അടയാളങ്ങളാകാം (എല്ലാം അല്ല എന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു). വൈദ്യശാസ്ത്ര പരിശോധനകളില്‍ ഇത്തരക്കാരില്‍ യാതൊരു രോഗവും ഡോക്ടര്‍മാര്‍ക്ക് കണ്ടെത്താന്‍ കഴിയില്ല. കാരണം സാത്താന് വൈദ്യശാസ്ത്രത്തിനും അപ്പുറം നിലകൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്. ഭൂതോച്ഛാടനത്തില്‍ സംഭവിക്കുന്നത് ഭൂതോച്ഛാടകന്റെ കഴിവുമൂലമല്ല, പിശാചുക്കള്‍ ഒഴിഞ്ഞുപോകുന്നത്, മറിച്ച് ദൈവത്തിന്റെ ശക്തിയാലാണ്. ഏകസത്യദൈവമായ യേശുക്രിസ്തുവിന്റെ അധികാരത്തിനുമുമ്പില്‍ ഒരു തിന്മയ്ക്കും നില്‍ക്കാനാകില്ല. രോഗികളെ സുഖപ്പെടുത്തുക, മരിച്ചവരെ ഉയിര്‍പ്പിക്കുക, പിശാചുക്കളെ ബഹിഷ്കരിക്കുക ദൈവവചനം പ്രഘോഷിക്കുക, പഠിപ്പിക്കുക തുടങ്ങിയ അധികാരങ്ങള്‍ ക്രിസ്തു, പൗരോഹിത്യത്തിലൂടെ ഓരോ പുരോഹിതനും നല്‍കിയിട്ടുണ്ട് (മത്തായി 10/1, 10/8, 18/18, 28/18). അതുകൊണ്ടുതന്നെയാണ് പ്രത്യേക പരിശീലനം ലഭിച്ച വൈദികരെ ഔദ്യോഗിക ഭൂതോച്ഛാടകരായി കത്തോലിക്കാ സഭ നിയോഗിച്ചിരിക്കുന്നത്. പോണോഗ്രഫിയുടെയും അശുദ്ധിയുടെയും അധികരിച്ച വ്യാപനം, മയക്കുമരുന്നുകളുടെ ഉപയോഗം, ഒക്കള്‍ട്ട്, ന്യൂ ഏജ് മൂവ്മെന്റുകള്‍ എന്നിവയെല്ലാം ഇക്കാലഘട്ടത്തില്‍ ഭൂതോച്ചാടകരുടെ ശുശ്രൂഷ വളരെയധികം അനിവാര്യമാണെന്നത് ചൂണ്ടിക്കാണിക്കുന്നു.
By: Shalom Tidings
Moreഓ ബെത്ലഹെമിലെ മാധുര്യമുള്ള ശിശുവേ, ക്രിസ്തുമസിന്റെ ഈ ആഴമേറിയ രഹസ്യം മുഴുഹൃദയത്തോടെ പങ്കുവയ്ക്കാന്‍ ഞങ്ങള്‍ക്ക് കൃപയേകണമേ. അങ്ങേക്ക് മാത്രം നല്കാന് കഴിയുന്ന സമാധാനം ഞങ്ങള്‍ക്ക് പ്രദാനം ചെയ്താലും. കാരണം പലപ്പോഴും ഈ സമാധാനത്തിനുവേണ്ടിയാണ് ഞങ്ങള്‍ അലയുന്നത്. പരസ്പരം നല്ലവണ്ണം മനസിലാക്കിക്കൊണ്ട്, ഒരു പിതാവിന്റെ മക്കളെന്ന നിലയില്‍ എല്ലാവരും സഹോദരങ്ങളായി ജീവിക്കാന്‍ തുണയ്ക്കണമേ. അങ്ങേ ശാശ്വതസൗന്ദര്യവും പരിശുദ്ധിയും പവിത്രതയും അവര്‍ക്ക് വെളിപ്പെടുത്തിയാലും. അങ്ങേ പരമനന്മയെപ്രതി സ്നേഹവും നന്ദിയും അവരുടെ ഹൃദയങ്ങളില്‍ ഉണര്‍ത്തണമേ. അങ്ങേ സ്നേഹത്തില്‍ എല്ലാവരെയും ഒന്നിപ്പിക്കുക, അങ്ങേ സ്വര്‍ഗീയശാന്തി ഞങ്ങള്‍ക്ക് നല്‍കുക, ആമ്മേന്‍. വിശുദ്ധ ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ ക്രിസ്മസ് പ്രാര്‍ത്ഥന
By: Shalom Tidings
Moreഒരു കുടുംബത്തില്‍ സ്വത്ത് ഭാഗം വയ്ക്കുകയാണ്. നാല് ആണ്മക്കളും മൂന്നു പെണ്മക്കളും അമ്മയും. ആകെ സ്ഥലം മുപ്പത്തിയഞ്ചര സെന്റ്. അമ്മയെ നോക്കിയതും വാര്‍ധക്യകാലത്ത് ശുശ്രൂഷിച്ചതും ഇളയമകനായിരുന്നു. "പത്തുസെന്റും വീടും നിനക്കുള്ളതാണ്" അമ്മ പറഞ്ഞുവച്ചു. പക്ഷേ അമ്മ പെട്ടെന്ന് മരിച്ചു. മകനുവേണ്ടി ഒസ്യത്ത് എഴുതി ഉറപ്പിച്ചിരുന്നുമില്ല. ഇളയവന് കരുതി, "സ്വന്തം സഹോദരങ്ങളല്ലേ? ആരെതിര്‍ക്കാന്‍..." എന്നാല്‍ അവന് വിചാരിച്ചതുപോലെ കാര്യങ്ങള്‍ നടന്നില്ല. അവനെ ഞെട്ടിച്ചുകൊണ്ട് സഹോദരങ്ങള്‍ ഒത്തുകൂടി പറഞ്ഞു, "സ്വത്ത് തുല്യമായി വീതിക്കണം." "ചേട്ടാ വീടെനിക്കുള്ളതല്ലേ..." പറ്റില്ലെന്നായി അവര്‍. അവര്‍ ഒറ്റക്കെട്ടായി. തങ്ങളോരോരുത്തരുടെയും കുടുംബത്തെയും കുട്ടികളെയും അവരുടെ പഠിപ്പും ചെലവുകളും ഭാവിയും സന്തോഷകരമായ ജീവിതവും അവരവര്‍ മുന്നില്‍ കണ്ടു. ഓരോ സെന്റ് ഭൂമിയും ലക്ഷങ്ങള്‍ വില പിടിച്ചതാണ്. വായ്മൊഴിയല്ലേ? അമ്മ പറഞ്ഞതിനു തെളിവില്ലല്ലോ? "വീടു പൊളിക്കണം. എന്നാലേ കൃത്യമായി വീതിക്കാനാവൂ. വഴി വരുന്നത് വീടിന് നടുവിലായിട്ടാണ്" അവര്‍ ആവശ്യപ്പെട്ടു. "വീടുണ്ടെങ്കില്‍ എനിക്കൊരു വിവാഹം നടക്കില്ലേ? വീടില്ലാതായാല്...? പകരം സ്ഥലം തരട്ടെ..." യാചനാപൂര്‍വം അനുജന് അവരോടഭ്യര്‍ത്ഥിച്ചു. "വേണ്ട, വീടു പൊളിക്കണം" ഏവരും ഒറ്റക്കെട്ടായി. ഒരുമിച്ച് തിന്നും കുടിച്ചും ഉറങ്ങിയും സ്നേഹിച്ചും സഹിച്ചും വഴക്കുണ്ടാക്കിയും ഒരുപോലെ കഴിഞ്ഞ വീട്. അനുജന്റെ കണ്ണു നിറഞ്ഞു. തന്റെ കടയ്ക്കല്‍ അവര്‍ കത്തിവച്ചു കഴിഞ്ഞിരിക്കുന്നു. വീട് വെട്ടിപ്പൊളിക്കപ്പെട്ടു. അതിനു നടുവിലൂടെ അവര്‍ വഴിവെട്ടി. പുരാതനാവശിഷ്ടംപോലെ ഒരു മുറിയും കുളിമുറിയുമായി നാല് ചുമരുകള്‍ ഔദാര്യംപോലെ അനുജനായി അവശേഷിപ്പിച്ചു. എന്നിട്ട് അവര്‍ ഓര്‍മിപ്പിച്ചു "നിനക്ക് കിടന്നുറങ്ങാമല്ലോ?" വര്‍ഷങ്ങള്‍ക്കുശേഷവും അവിവാഹിതനായി തുടരുന്ന ആ സഹോദരന് പറഞ്ഞു, "അവര്‍ ഒന്നു മനസു വച്ചിരുന്നുവെങ്കില്‍ എനിക്കൊരു കുടുംബജീവിതം ലഭിക്കുമായിരുന്നു. ഇപ്പോള്‍ വിവാഹപ്രായവും കഴിഞ്ഞിരിക്കുന്നു." ചേര്‍ന്നിരുന്ന ഇഷ്ടികകളും ഭിത്തികളും മുറികളും അതിലെ ആളനക്കങ്ങളും എവിടെയെന്ന് ആ വീടിന്റെ ശേഷിപ്പ് നിലവിളിക്കുകയാണ്. വിലാപങ്ങളുടെ പുസ്തകത്തില്‍ പറയുന്നു: "അത്യുന്നതന്റെ സന്നിധിയില്‍ മനുഷ്യന്റെ അവകാശത്തെ തകിടം മറിക്കുന്നതും മനുഷ്യന് നീതി നിഷേധിക്കുന്നതും കര്‍ത്താവ് അംഗീകരിക്കുന്നില്ല" (വിലാപങ്ങള്‍ 3/35-36). വര്‍ഷങ്ങള്‍ ഏറെ കടന്നുപോയി. അനുജന് വേദനാജനകമായ നെടുവീര്‍പ്പുകളോടെ ദുരനുഭവങ്ങള്‍ അയവിറക്കുകയാണ്. പക്ഷേ, സഹോദരങ്ങളില്‍ ചിലര്‍ നിത്യരോഗികളായി മാറിയിരിക്കുന്നു. സാമ്പത്തികമായി തകര്‍ന്നവര്‍, മക്കള്‍ രോഗികളായവര്‍. ഗതികെട്ട്, തിടുക്കപ്പെട്ട് നേടിയ ഭാഗം പകുതി വിലയ്ക്ക് വിറ്റ് ചികിത്സയ്ക്കായി ചെലവഴിക്കുന്നവര്‍... സമ്പത്തും മനഃസമാധാനവും രോഗങ്ങള്‍ തിന്നുതീര്‍ക്കുകയാണ്. സങ്കീര്‍ത്തകന്‍ പറയുന്നു "പാപകരമായ മാര്‍ഗങ്ങള്‍ പിന്തുടര്ന്ന് ചിലര്‍ രോഗികളായിത്തീരുന്നു. തങ്ങളുടെ അകൃത്യങ്ങളാല്‍ അവര്‍ ദുരിതത്തിലുമായി" (സങ്കീര്‍ത്തനങ്ങള്‍ 107/17). ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം അറിഞ്ഞ ഈശോ ചോദിച്ചു, ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നുവെന്ന് നിങ്ങള്‍ കരുതുന്നുവോ? സീലോഹയില്‍ ഗോപുരം ഇടിഞ്ഞുവീണ് കൊല്ലപ്പെട്ട പതിനെട്ടു പേരെയും ചേര്‍ത്തുവച്ച് ഈശോ പറഞ്ഞു: അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും (ലൂക്കാ 13/1-5). നമുക്കും സ്വയം പരിശോധിക്കാം. ഇത്തരത്തില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കുകയും ഏറ്റുപറയുകയും ഉചിതമായ പരിഹാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തുകൊണ്ട് ഐശ്വര്യത്തിന്റെ വഴികളിലേക്ക് കടന്നുവരാം. "തെറ്റുകള്‍ മറച്ചുവയ്ക്കുന്നവന് ഐശ്വര്യമുണ്ടാവുകയില്ല; അവ ഏറ്റുപറഞ്ഞ് പരിത്യജിക്കുന്നവന് കരുണ ലഭിക്കും" (സുഭാഷിതങ്ങള്‍ 28/13).
By: Joey Pullolikal
Moreസെപ്റ്റംബര്‍ 2020 ശാലോം ടൈംസ് മാസികയില്‍ 35-ാം ദിവസം കിട്ടിയ സന്തോഷവാര്‍ത്ത എന്ന സാക്ഷ്യം വായിക്കാന്‍ ഇടയായി. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും എന്റെ മകള്‍ക്ക് കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു. ആ സാക്ഷ്യത്തില്‍ വായിച്ചതനുസരിച്ച് ഞാനും മകളും വിശ്വാസപൂര്‍വം ജപമാല ചൊല്ലാനും വചനം എഴുതാനും തുടങ്ങി. "അവിടുന്ന് വന്ധ്യയ്ക്ക് വസതി കൊടുക്കുന്നു; മക്കളെ നല്കി അവളെ സന്തുഷ്ടയാക്കുന്നു; കര്‍ത്താവിനെ സ്തുതിക്കുവിന്‍" എന്ന സങ്കീര്‍ത്തനം 113/9 തിരുവചനമാണ് എഴുതിയത്. പ്രാര്‍ത്ഥന ആരംഭിച്ച്, വചനം 1000 തവണ എഴുതി പൂര്‍ത്തിയാവുന്നതിനുമുമ്പുതന്നെ മകള്‍ ഗര്‍ഭിണിയാണ് എന്ന സന്തോഷവാര്‍ത്ത കിട്ടി. 2021 ജൂലൈ 9-ന് മകള്‍ക്ക് ഒരു പെണ്‍കുഞ്ഞിനെ നല്കി ദൈവം അനുഗ്രഹിച്ചു.
By: Sherly Sebastian
Moreഎല്ലാ മനുഷ്യര്‍ക്കും ഉണ്ടാവുന്ന ഒരു പ്രലോഭനമാണിത്. അതായത്, എന്തെങ്കിലും ഒരു കാര്യം ചെയ്യാനുണ്ടെന്ന് വിചാരിക്കുക. പഠനമാവാം, വീട്ടിലെ എന്തെങ്കിലും ജോലിയാവാം, അല്ലെങ്കില്‍ ആരെങ്കിലും ഏല്പിച്ച ജോലിയാവാം. ചാടിക്കയറി അതങ്ങ് ചെയ്യുക എന്ന പ്രലോഭനം എനിക്കെപ്പോഴും ഉണ്ടാവാറുണ്ട്. ആ നേരത്ത് ഒരു കുഞ്ഞുപ്രാര്‍ത്ഥന ചൊല്ലി ഈശോയോട് ചേര്‍ന്ന് ചെയ്യുക എന്ന പരിപാടിയില്ല. എന്നാല്‍ വിശ്വാസത്തിന്റെ അടിസ്ഥാനം ഇതുപോലത്തെ ആശ്രയബോധം 'സെറ്റ്' ആക്കുകയെന്നതാണ്. സുവിശേഷദൗത്യത്തിലും ഈ പ്രലോഭനം കയറി വരാന്‍ സാധ്യതയുണ്ട്. കുറെ സോഷ്യല്‍ വര്‍ക്ക് കാര്യങ്ങള്‍ ചെയ്ത് കൂട്ടുക എന്നതല്ല സുവിശേഷദൗത്യം. മറിച്ച്, ഈശോയോടുള്ള സ്നേഹത്തില്‍ ഹൃദയം നിറഞ്ഞ് ചെറിയ ചെറിയ കാര്യങ്ങള്‍ ചെയ്യുക, അത്രയേ ഉള്ളൂ. സ്നേഹത്തോടെ ആളുകളെ കാണുക, സ്നേഹത്തോടെ ആളുകളുമായി സംസാരിക്കുക സ്നേഹത്തോടെ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക "ദൈവരാജ്യം പ്രസംഗിക്കാനും രോഗികളെ സുഖപ്പെടുത്താനുമായി അവന് അവരെ അയച്ചു"ڔ(ലൂക്കാ 9/2) എന്നുപറയുമ്പോള്‍ ഈശോ ശ്ലീഹരെ ഏല്പിച്ച ദൗത്യവും ഇതുതന്നെയാണ്. സ്നേഹത്തോടെ ചെയ്യുക എന്നതാണ് കാതല്‍. വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സിയെപ്പോലെ, വിശുദ്ധരുടെ പ്രത്യേകതയും വേറൊന്നായിരുന്നില്ല. ഫ്രാന്‍സിസ് അസ്സീസ്സി ഈശോയോടുള്ള സ്നേഹത്തെ പ്രതി എല്ലാം ഉപേക്ഷിച്ച് ഭിക്ഷ തേടിക്കൊണ്ട് ആളുകളെ കാണുകയും സംസാരിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തപ്പോള്‍ അവിടെയെല്ലാം വിശുദ്ധിയുടെ പരിമളം പടര്‍ന്നു. നമുക്കും ഇപ്രകാരം നമ്മുടെ സുവിശേഷദൗത്യം ചെയ്യാം, പ്രാര്‍ത്ഥനയോടെയും സ്നേഹത്തോടെയും.
By: Father Joseph Gill
Moreഒരു യുവാവ് കുറച്ചുനാള്‍ മുമ്പ് പങ്കുവച്ച കാര്യമാണിത്. എപ്പോഴോ ഒരു പാപചിന്ത പയ്യന്റെ മനസ്സില്‍ വന്നു. അതിലേക്കൊന്ന് ചാഞ്ഞ്, ദുര്‍മോഹത്തിലേക്ക് നീങ്ങിത്തുടങ്ങിയ നിമിഷങ്ങള്‍... പെട്ടെന്നതാ ആരോ ഫോണ്‍ വിളിക്കുന്നു! ഒരു വൈദികനായിരുന്നു അത്. കാവല്‍മാലാഖ പയ്യന് അടയാളം കൊടുത്തു അപ്പോള്‍ത്തന്നെ. സുബോധം വീണ്ടെടുക്കാനായി. പൊടുന്നനെ ഈശോനാമം വിളിക്കാന്‍ അവന് ബലം കിട്ടി. ആ പാപചിന്ത എങ്ങോ പോയി മറയുകയും ചെയ്തു. അവന് പറയുകയാണ്, "അച്ചാ, ശരിക്കും ആ വൈദികന് ദൈവത്തിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുവായിരുന്നു." അവന് ഇത് പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. എന്റെ ജീവിതത്തിലും ഇതുപോലെ പലരുടെയും ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്, തെറ്റില്‍നിന്നും എന്നെ രക്ഷിച്ച ഇടപെടലുകള്‍. ആളുകളുടെ 'ക്വാളിറ്റി' അഥവാ ഗുണമേന്മ തിരിച്ചറിയാന്‍ ഇത് നല്ലൊരു ഉപാധിയാണെന്നാണ് എന്റെ ഒരു ഇത്. ഫലത്തില്‍നിന്നും വൃക്ഷത്തെ തിരിച്ചറിയാന്‍ സുവിശേഷം ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത് വേറൊന്നല്ല. കൂടെയുള്ളവരെ പാപത്തിലേക്കും തിന്മയിലേക്കും നയിക്കുന്ന ഇടപെടലുകള്‍ നല്ല വൃക്ഷത്തിന്റെ ലക്ഷണം അല്ല. അവരില്‍നിന്നും ദൂരം പാലിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒപ്പം, ഞാനാകുന്ന വൃക്ഷത്തിന്റെ 'ക്വാളിറ്റി'യും പരിശോധിക്കുന്നത് നല്ലതാണ്. ചുറ്റുമുള്ളവരെ നന്മയിലേക്ക് നയിക്കാനും പാപത്തില്‍നിന്നും പിന്തിരിപ്പിക്കാനും എനിക്ക് സാധിക്കുന്നുണ്ടോ? നന്മയുടെ ഫലങ്ങള്‍ പുറപ്പെടുവിക്കുന്ന നല്ല വൃക്ഷങ്ങളായി രൂപാന്തരപ്പെടാം. "നല്ല വൃക്ഷം നല്ല ഫലവും ചീത്ത വൃക്ഷം ചീത്ത ഫലവും നല്കുന്നു. നല്ല വൃക്ഷത്തിന് ചീത്ത ഫലങ്ങളോ ചീത്ത വൃക്ഷത്തിന് നല്ല ഫലങ്ങളോ പുറപ്പെടുവിക്കാന്‍ സാധിക്കുകയില്ല... അവരുടെ ഫലങ്ങളില്‍നിന്ന് നിങ്ങള്‍ അവരെ അറിയും." (മത്തായി 7/17- 20).
By: ഫാദർ ജോസഫ് അലക്സ്
Moreജീവിതം വഴിമുട്ടുമ്പോള്‍, കണ്മുന്പില് തുറന്ന വാതിലുകള്‍ ഒന്നുപോലും കാണാതെ വരുമ്പോള്‍, പ്രത്യാശ കൈവിടരുത്. വിശ്വാസത്തോടെ പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിച്ച് പ്രാര്‍ത്ഥിക്കുക. ശാരീരിക അസ്വസ്ഥതകളാല്‍ ഇന്ന് അവധിയെടുത്തു. ശരീരം മുഴുവന്‍ നീരും വേദനയും. രണ്ടര വര്‍ഷമായി ഈശോയുടെ 'ഒളിച്ചേ, കണ്ടേ' കളി തുടങ്ങിയിട്ട്. അല്പം കലിപ്പിലാണ് ഈശോയോട് സംസാരിച്ചത്. "ഈശോയേ ഇതിനൊരു പരിഹാരം ഇല്ലേ? സഹനം മാറ്റാന്‍ ഞാന്‍ പറയുന്നില്ലല്ലോ? രോഗം എന്താണെന്നെങ്കിലും കണ്ടുപിടിച്ചു തന്നുകൂടേ?" നാല് ദിവസമായി ബൈബിളിലെ ജ്ഞാനത്തിന്റെ പുസ്തകം ഒമ്പതാം അദ്ധ്യായം ദിവസവും ഉരുവിട്ട് പ്രാര്‍ത്ഥിക്കുന്നു, രോഗം എന്താണെന്ന് ഒന്ന് കണ്ടുപിടിക്കാന്‍. എല്ലുരോഗ വിദഗ്ധര്‍ ചെയ്യാവുന്ന എല്ലാ ടെസ്റ്റുകളും ചെയ്തതാണ്. വാതരോഗത്തിന്റെ ലക്ഷണങ്ങള്‍ ആണെന്ന് സംശയിച്ച് മെഡിക്കല്‍ സയന്‍സ് കണ്ടുപിടിച്ചിട്ടുള്ള എല്ലാ ബ്ലഡ് ടെസ്റ്റുകളും ചെയ്തു. പതിനേഴ് MRI ചെയ്തു. എന്നിട്ടും രോഗം എന്തെന്ന് മനസ്സിലാകുന്നില്ല. ശരീരം മുഴുവന്‍ പരിമിതികളില്‍നിന്ന് കൂടുതല്‍ പരിമിതികളിലേക്കു നീങ്ങിക്കൊണ്ടിരുന്നു. രോഗം എന്ത് എന്ന ചോദ്യം മാത്രം ഉത്തരം ഇല്ലാതെ അവശേഷിച്ചു. കുറച്ചു സമയത്തേക്ക് മുറിയില്‍ നിശബ്ദത അലയടിച്ചു. സ്വര്‍ഗം മുഴുവന്‍ ആകാംക്ഷയോടെ ഈശോയെ നോക്കുകയാണ്. അടുത്ത നിമിഷം കട്ടിലില്‍ കിടക്കുന്ന എന്റെ വലതു കാതില്‍ ഒരു മൃദുസ്വരം കേട്ടു... R . A . FACTOR. നഴ്സ് ആയതു കൊണ്ട് ഈശോ പറഞ്ഞത് എനിക്ക് മനസ്സിലായി. വയ്യാതിരുന്നിട്ടു കൂടി ഉടനെ ആശുപത്രിയിലേക്ക് യാത്രയായി. ഡോക്ടറെ സന്ദര്‍ശിച്ചു കാര്യം പറഞ്ഞു, "ആര്.എ ഫാക്ടര്‍ ബ്ലഡില്‍ ചെക്ക് ചെയ്യണം." ഡോക്ടര്‍ ആകാംക്ഷയോടെ എന്നെ നോക്കി പറഞ്ഞു, "ആന്‍, ആര്.എ ഫാക്ടര്‍ ഒരു കണ്‍ഫര്‍മേറ്ററി ടെസ്റ്റ് അല്ല. അതൊഴികെ ചെയ്യാനുള്ള എല്ലാ ടെസ്റ്റുകളും ഏഴ് തവണ നമ്മള് ആവര്‍ത്തിച്ചു ചെയ്തിട്ടുള്ളതാണ്. എല്ലാ ടെസ്റ്റുകളും നെഗറ്റീവും ആണ്. ഇനി ഈ ടെസ്റ്റിന്റെ ആവശ്യം ഉണ്ടോ?" ഞാന്‍ ഡോക്ടറോട് പറഞ്ഞു, "ഡോക്ടറുടെ വാക്കുകള്‍ സത്യമാണ്. ചെയ്യാനുള്ളതെല്ലാം അതിന്റെ പാരമ്യത്തില്‍ ചെയ്തിട്ടുണ്ട്. ഇനി ഇത് മാത്രമേ അവശേഷിക്കുന്നുള്ളൂ. ഒരുപക്ഷേ ഇതിലൂടെ എന്തെങ്കിലും ദൈവം ചെയ്താലോ?" എന്റെ വേദനയും പരിമിതികളും അറിയുന്ന ഡോക്ടര്‍ ആര്.എ ഫാക്ടര്‍ ടെസ്റ്റ് ഓര്‍ഡര്‍ ചെയ്തു. ലാബിലേക്ക് പോകുമ്പോള്‍ പരിശുദ്ധാത്മാവിന്റെ ഇടപെടലിനുവേണ്ടി ജ്ഞാനം ഒമ്പതാം അധ്യായം പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു. ലാബിലുള്ളവര്‍ക്കു ഞാന്‍ സുപരിചിതയാണ്. കാരണം അത്രയും ടെസ്റ്റുകള്‍ ചെയ്തിട്ടുള്ളതാണ്. ഇന്ന് അവരും ആഗ്രഹിച്ചു രോഗനിര്‍ണ്ണയം സംഭവിക്കുവാന്‍. ഉച്ചയോടുകൂടി റിസള്‍ട്ട് ലഭിച്ചു. എനിക്ക് റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഫാക്ടര്‍ പോസിറ്റീവ് ആണ്. ഈശോയെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. സ്നേഹചുംബനങ്ങള് കൊണ്ട് മൂടി. ഈശോയെ ആശ്വസിപ്പിച്ചു, "ഈശോ നീ കരയല്ലേ. രണ്ടര വര്‍ഷം എന്നെ രോഗാവസ്ഥ അറിയിക്കാതെ, രോഗം അറിഞ്ഞു ഞാന്‍ വിഷമിക്കാതിരിക്കാന്‍ നിന്റെ ഹൃദയത്തില്‍ രഹസ്യമായി സൂക്ഷിക്കാന്‍മാത്രം നീ എന്നെ സ്നേഹിച്ചല്ലോ. ആ സ്നേഹത്തിന് ഞാന്‍ എന്താണ് പകരം നല്‍കുക..." ഈശോയും ഞാനും ഭയങ്കര 'സെന്റി'യായി. റിസള്‍ട്ട് അടുത്ത ദിവസം ഡോക്ടറെ അറിയിച്ചു. ഉടനെതന്നെ റൂമറ്റോളജിസ്റ്റിനെ വിളിച്ചു, അവര്‍ അപ്പോയ്ന്റ്മെന്റ് വാങ്ങിത്തന്നു. 2021 ഓഗസ്റ്റ് 29-ന് എന്റെ രോഗം നിര്‍ണയിക്കപ്പെട്ടു. സ്പോണ്ടിലോ ആര്‍ത്രൈറ്റിസ് & ഫൈബ്രോമയാള്‍ജിയ. ഒരു രോഗമോ വേദനയോ ഒക്കെ നമ്മുടെ ജീവിതത്തില്‍ കടന്നു വരുമ്പോള്‍ ഈശോയെ കുറ്റപ്പെടുത്താനും പഴിചാരാനും ഒക്കെ സാധ്യതകള്‍ ഉണ്ട്. പക്ഷെ നമ്മെക്കാള്‍ ഏറെ ഈശോ വേദനിക്കുന്നു. കാരണം തന്റെ കുഞ്ഞിന്റെ കരച്ചില് കാണാന്‍ കഴിയാത്ത അമ്മയെപ്പോലെ ഈശോയുടെ ഹൃദയം വിങ്ങുന്നു. ഒരു ഗാനത്തിന്റെ ഈരടികള്‍ ഓര്‍ത്തു പോകുകയാണ് 'എന്റെ മുഖം വാടിയാല്‍ ദൈവത്തിന് മുഖം വാടും എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍ ദൈവത്തിന് മിഴി നിറയും. ജ്ഞാനം ഒമ്പതാം അധ്യായം പ്രാര്‍ത്ഥിച്ചതിന്റെ ഫലമായി ഈശോ എന്റെ രോഗനിര്‍ണ്ണയം നടപ്പിലാക്കി. ഈശോക്ക് അടുത്ത പണി കൊടുക്കാന്‍ ഞാന്‍ തയ്യാറായി. എട്ട് വര്‍ഷമായി രോഗം നിര്‍ണയിക്കാന്‍ സാധിക്കാതെ തൃശ്ശൂരിലും എറണാകുളത്തുമായി എല്ലാ പ്രശസ്ത ആശുപത്രികളും കയറി ഇറങ്ങി ചികിത്സ ഇനി വേണ്ടെന്നു തീരുമാനിച്ചിരിക്കുകയായിരുന്നു എന്റെ അമ്മ. യൂറിനറി ഇന്ഫെക്ഷന് ആയി തുടങ്ങി പിന്നീട് ഹൃദയഭേദകമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നു . കിഡ്നിയും യൂറിനറി ബ്ളാഡറും എല്ലാം ചുരുങ്ങിത്തുടങ്ങി. മൂത്രം പോകാന്‍ വളരെ ബുദ്ധിമുട്ട്. പുകയുന്ന വേദന. ഐസ് വെള്ളം എടുത്തു പലപ്പോഴും വയറിനു മുകളിലൂടെ ഒഴിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എട്ട് വര്‍ഷത്തെ യാതനകള്‍ കഠിനമായിരുന്നു. എങ്കിലും അമ്മ പരാതികളില്ലാതെ വിശുദ്ധ ഗ്രന്ഥം വയറിനുമുകളില്‍ വച്ച് കിടക്കുമായിരുന്നു. ഈശോയോട് ഞാന്‍ വീണ്ടും വഴക്കിട്ടു. എന്റെ അമ്മയാണ് കൂടുതല്‍ വേദന സഹിച്ചത്. അതുകൊണ്ട് രോഗനിര്‍ണയം അമ്മക്ക് ഇനി വൈകാന്‍ പാടില്ല. ഇത്രയും പറഞ്ഞ് ഏഴ് ദിവസങ്ങള്‍ ജ്ഞാനം 9 പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഏഴാം ദിവസം ഗൂഗിളില്‍ ഞാന്‍ ഒരു ആര്‍ട്ടിക്കിള്‍ വായിക്കുകയായിരുന്നു, എന്റെ രോഗാവസ്ഥയെക്കുറിച്ച്. പെട്ടെന്ന് മറ്റൊരു ആര്‍ട്ടിക്കിള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. OBSTRUCTIVE UROPATHY RELATED TO RHEUMATOID ARTHRITIS അത് വായിച്ചു നോക്കിയപ്പോള്‍ മനസ്സില്‍ ഒരു ചിന്ത. അമ്മക്ക് രോഗം ഇതായിരിക്കുമെന്ന്. പ്രായത്തിന്റേതായ ചില വേദനകള്‍ ജോയിന്റുകളില്‍ ഉണ്ടാവുന്നതല്ലാതെ ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളായി അവയെ പരിഗണിച്ചിരുന്നില്ല. ഈ രോഗാവസ്ഥ ആര്‍ത്രൈറ്റിസില്‍ വളരെ അപൂര്‍വ്വമായി കണ്ടുവരുന്ന ഒരു കോംപ്ലിക്കേഷന് ആണ്. ഈശോയോട് ചോദിച്ചു, എന്ത് ചെയ്യണം എന്ന്. ഈശോയുടെ മറുപടിയനുസരിച്ച് എനിക്ക് ചെയ്ത ചില ബ്ലഡ് ടെസ്റ്റുകള്‍ തൊട്ടടുത്ത ദിവസത്തില്‍ അമ്മക്ക് ചെയ്തു. റിസള്‍ട്ട് എല്ലാം വളരെ ഉയര്‍ന്ന റീഡിങ്ങുകള്‍ ആയിരുന്നു. പിന്നീട് അമ്മയ്ക്കും ചികിത്സ ആരംഭിച്ചു. ഈശോയുടെ കരുണയാല്‍ അല്പം ആശ്വാസം ലഭിക്കാന്‍ തുടങ്ങി. "ഭൂമിയിലെ കാര്യങ്ങള്‍ ഊഹിക്കുക ദുഷ്കരം. അടുത്തുള്ളതുപോലും അധ്വാനിച്ചുവേണം കണ്ടെത്താന്‍: പിന്നെ ആകാശത്തിലുള്ള കാര്യങ്ങള്‍ കണ്ടെത്താന്‍ ആര്‍ക്കു കഴിയും? അങ്ങ് ജ്ഞാനത്തെയും അങ്ങയുടെ പരിശുദ്ധാത്മാവിനെയും ഉന്നതത്തില്‍നിന്നു നല്‍കിയില്ലെങ്കില്‍, അങ്ങയുടെ ഹിതം ആരറിയും!" (ജ്ഞാനം 9/16-17). ജീവിതം വഴിമുട്ടുമ്പോള്‍, കണ്മുന്പില് തുറന്ന വാതിലുകള്‍ ഒന്നുപോലും കാണാതെ വരുമ്പോള്‍, നിരാശപ്പെടരുത്. പ്രത്യാശ കൈവിടരുത്. ചെങ്കടല്‍ കടന്നവര്‍ ജോര്‍ദാന്‍ നദിക്കു മുന്പില് പരിഭ്രമിക്കരുത്. വിശ്വാസത്തോടെ പരിശുദ്ധാത്മാവിനെ സഹായത്തിനായി വിളിച്ച് പ്രാര്‍ത്ഥിക്കുക. അവന് വിളിക്കുംമുന്‍പേ ഉത്തരം നല്കുന്നവനാണ്. പ്രാര്‍ത്ഥിച്ചു തീരും മുന്‍പേ കേള്‍ക്കുന്നവനാണ്. "അവന്റെ മുന്പില് ഒരു സൃഷ്ടിയും മറഞ്ഞിരിക്കുന്നില്ല. അവിടുത്തെ കണ്മുന്പില് സകലതും അനാവൃതവും വ്യക്തവുമാണ്. നാം കണക്ക് ബോധിപ്പിക്കേണ്ടതും അവിടുത്തെ സന്നിധിയിലാണ്" (ഹെബ്രായര്‍ 4/13).
By: ആന്‍ മരിയ ക്രിസ്റ്റീന
Moreഫ്രീമേസണ്‍ പ്രസ്ഥാനവും കത്തോലിക്കാവിശ്വാസവും ഒരുമിച്ചുപോകുമോ? ദക്ഷിണേന്ത്യയില്‍ അധികമധികം യുവാക്കള്‍ ഫ്രീമേസണ്‍ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്ന് 'ദ ഹിന്ദു' റിപ്പോര്‍ട്ട് ചെയ്തത് 2013-ലാണ്. ദക്ഷിണേന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, ഫ്രീമേസണ്‍ പ്രസ്ഥാനം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും തങ്ങളുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണ് അനേകരെ ആകര്‍ഷിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ഫ്രീമേസണ്‍ നേതാവ് പങ്കുവയ്ക്കുന്നു. ഉദാഹരണത്തിന്, വയനാട്ടിലെ ഒരു ഗ്രാമത്തില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയത് ഫ്രീമേസണ്‍ പ്രവര്‍ത്തകരാണ്. ആ റിപ്പോര്‍ട്ട് ഇറങ്ങുന്ന സമയത്തുതന്നെ ദക്ഷിണസംസ്ഥാനങ്ങളില്‍ 113-ഓളം കേന്ദ്രങ്ങള്‍ അഥവാ ഫ്രീമേസണ്‍ ലോഡ്ജുകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍കാലങ്ങളില്‍ ഫ്രീമേസണ്‍ പ്രസ്ഥാനത്തിന് ഒരു രഹസ്യസ്വഭാവം ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ കൂടുതല്‍ പരസ്യമായി ട്ടാണ് പ്രവര്‍ത്തിക്കുന്നുവെന്നും ഫ്രീമേസണ്‍ നേതാവ് പറഞ്ഞതായും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍, ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍നിന്ന് പിന്തിരിഞ്ഞ സെര്‍ജ് അബദ് ഗല്ലാര്‍ഡോയുടെ സാക്ഷ്യം ഏറെ പ്രസക്തമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ്, എന്റെ മകന് ഒരു പ്രശ്നത്തിലൂടെ കടന്നുപോയി. അത് എന്നെ സംബന്ധിച്ചും വളരെ പ്രയാസകരമായ ഒരു സമയമായിരുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം അല്പനേരം പ്രാര്‍ത്ഥിക്കാനായി, ഞാന്‍ ജോലി ചെയ്യുന്ന ഓഫിസിനടുത്തുള്ള നാര്‍ബോണ്‍ കത്തീഡ്രലില്‍ പോയി. അവിടെ ലിസ്യൂവിലെ വിശുദ്ധ തെരേസയുടെ രൂപത്തിനുമുന്നില്‍ നിന്നപ്പോള്‍ എന്തോ പ്രത്യേക അനുഭവമുണ്ടായതുപോലെ... അധികം വൈകാതെ എനിക്കും മകനുംവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ലൂര്‍ദിലേക്ക് പോവുകയാണെങ്കില്‍ നല്ലതായിരിക്കുമെന്ന് ഞാന്‍ ഭാര്യയോട് പറഞ്ഞു. അന്ന് വലിയ വിശ്വാസമൊന്നുമുള്ള ഒരാളായിരുന്നില്ല ഞാന്‍. അതിനെക്കാളുപരി ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍ സജീവവുമായിരുന്നു. ജന്മംകൊണ്ട് ഒരു കത്തോലിക്കനായിരുന്നു എങ്കിലും സജീവവിശ്വാസമില്ലാതിരുന്നതിനാല്‍ത്തന്നെ ഫ്രീമേസണ്‍ പ്രസ്ഥാനം അതിന് വിരുദ്ധമാണെന്നൊന്നും തോന്നിയിരുന്നില്ല. പക്ഷേ, പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണത്താല്‍ സവിശേഷമായ ലൂര്‍ദിലേക്ക് പോകാന്‍ തീരുമാനമെടുത്തതുമുതല്‍ മനസില്‍ ഒരു പ്രകാശകിരണം കടന്നുവരുന്നതുപോലെ... അങ്ങനെ ഞങ്ങള്‍ ലൂര്‍ദിലെത്തി. അവിടെ ഗ്രോട്ടോയില്‍ ചെന്ന് ആദ്യമായി ഒരു മുഴുവന്‍ ജപമാല ചൊല്ലി. പ്രാര്‍ത്ഥന കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ എന്റെ കാലുകള്‍ തളര്‍ന്നുപോയിരുന്നു. ആ സമയത്ത് പരിശുദ്ധ കന്യാമാതാവിന്റെ രൂപത്തില്‍നിന്ന് ശക്തമായ ഒരു പ്രകാശം വരുന്നത് ഞാന്‍ കാണുകയും ചെയ്തു. എന്റെ ചുറ്റുമുള്ളവര്‍ താങ്ങി എഴുന്നേല്പിക്കാന് ശ്രമിച്ചെങ്കിലും കുറച്ച് മിനിറ്റുകള്‍ എന്റെ കാലുകള്‍ തളര്‍ന്നുതന്നെ ഇരുന്നു. അതൊരു അവിശ്വസനീയ അനുഭവമായിരുന്നു. ഇക്കാര്യം ആദ്യം ഞാന്‍ ഭാര്യയോട് പറഞ്ഞില്ല. അതിനുമുമ്പ് മെഡിക്കല്‍ പരിശോധനകള്‍ നടത്താമെന്ന് കരുതി. എനിക്ക് പ്രശ്നമൊന്നുമില്ലെന്ന് മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി. അതിനാല്‍ തുടര്‍ന്ന് ഞാനൊരു സൈക്യാട്രിസ്റ്റിനെ സമീപിച്ച് എനിക്കുണ്ടായത് മാനസികപ്രശ്നമൊന്നുമല്ലെന്നും ഉറപ്പുവരുത്തി. സംഭവിക്കുന്നതെന്താണെന്ന് വ്യക്തമായി മനസിലായിരുന്നില്ലെങ്കിലും ദൈവം എന്നിലേക്ക് പ്രവേശിച്ചുവെന്നും എനിക്ക് സ്ഥിരമായ ഒരു മാറ്റം സംഭവിക്കാന്‍ പോകുകയാണെന്നും തോന്നി. അധികം വൈകാതെ ഞാനൊരു ധ്യാനത്തില്‍ പങ്കെടുത്തു. അത് വളരെ ഫലപ്രദമായി അനുഭവപ്പെടുകയും ചെയ്തു. അങ്ങനെയാണ് യഥാര്‍ത്ഥത്തില്‍ എന്റെ വിശ്വാസജീവിതം ആരംഭിച്ചത്. അതുകഴിഞ്ഞതോടെ ഫ്രീമേസണ്‍ പ്രവര്‍ത്തനം എന്റെ വിശ്വാസവുമായി ഒത്തുപോകുന്നില്ലെന്ന് എനിക്ക് തോന്നാന്‍ തുടങ്ങി. "കര്‍ത്താവിനെ ഭയപ്പെടുന്നവനാരോ അവന് തിരഞ്ഞെടുക്കേണ്ട വഴി അവിടുന്ന് കാണിച്ചുകൊടുക്കും" (സങ്കീര്‍ത്തനങ്ങള്‍ 25/12). പക്ഷേ ഉടനെതന്നെ ഞാന്‍ പ്രസ്ഥാനത്തില്‍നിന്ന് പുറത്തുകടന്നില്ല. എങ്കിലും സാവധാനം ഞാന്‍ അവരുടെ യോഗങ്ങളില്‍ പങ്കെടുക്കുന്നത് നിര്‍ത്തി. ഇതുമായി ബന്ധപ്പെട്ട് ചില വൈദികരുമായി സംസാരിക്കാന്‍ കഴിഞ്ഞതും ഫ്രീമേസണ്‍ പ്രവര്‍ത്തനവും വിശ്വാസവും തമ്മില്‍ ചേരുകയില്ലെന്ന ബോധ്യം നല്കാന് സഹായിച്ചു. വിശ്വാസത്തിലേക്ക് വന്നതിനുശേഷം ഏതാണ്ട് ഒരു വര്‍ഷംകൊണ്ട് 2013-ലാണ് ഔദ്യോഗികമായി ഞാന്‍ ആ പ്രസ്ഥാനത്തില്‍നിന്ന് പിന്‍വാങ്ങിയത്. മുമ്പ് എന്നോടൊപ്പം ഈ പ്രസ്ഥാനത്തോടുചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നവര്‍ പിന്നീട് എന്നെ കാണുമ്പോള്‍ പുറംതിരിയാന്‍ തുടങ്ങി. മാത്രവുമല്ല അവരില്‍ പലരും ഇത് ക്രൈസ്തവവിരുദ്ധ പ്രസ്ഥാനമാണെന്ന് ചിന്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അത് മതേതരമായ ഒരു കാര്യമാണെന്ന മട്ടില്‍മാത്രമേ കാണുന്നുള്ളൂ. എന്നാല്‍ അതിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന അപകടം കൂടുതല്‍ ആഴത്തില്‍ പഠിക്കുമ്പോഴേ മനസിലാകുകയുള്ളൂ. നിയമനിര്‍മാണത്തിലെ സ്വാധീനം രാഷ്ട്രീയ ഭരണരംഗങ്ങളില്‍ ഉന്നതസ്ഥാനങ്ങളിലുള്ള പലരും ഫ്രീമേസണ്‍ അംഗങ്ങളാണ് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതിനാല്‍ നിയമനിര്‍മാണംപോലുള്ള നിര്‍ണായകമേഖലകളില്‍ അവര്‍ സ്വാധീനം ചെലുത്തുന്നു. ഫ്രീമേസണ്‍ അംഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമനിര്‍മാണസഭകളിലെത്താന്‍ സാധാരണക്കാരെക്കാള്‍ 120 ശതമാനം സാധ്യത കൂടുതലാണ് എന്ന് ഞാന്‍ മനസിലാക്കിയിട്ടുണ്ട്. വലതുപക്ഷമെന്നോ ഇടതുപക്ഷമെന്നോ വ്യത്യാസമില്ലാതെ ജനപ്രതിനിധികളെ സ്വാധീനിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നുമുണ്ട്. അതിനാല്‍ത്തന്നെ ഒരേ ലിംഗത്തില്‍പ്പെട്ടവരുടെ വിവാഹം, ഭ്രൂണഹത്യ, ദയാവധം തുടങ്ങിയ വിവിധമേഖലകളില്‍ സമൂഹത്തെ പരോക്ഷമായി തകര്‍ക്കുന്ന നിയമനിര്‍മാണം നടക്കുമ്പോള്‍ കക്ഷിഭേദമില്ലാതെ അത് വിജയിപ്പിക്കുന്ന സാഹചര്യം സംജാതമാകുന്നു. ദുരനുഭവങ്ങള്‍ പേടിച്ച് പിന്മാറില്ല! എന്റെ സാക്ഷ്യം പലരെയും ഫ്രീമേസണ്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഒരു പുനര്ചിന്തക്ക് പ്രേരിപ്പിച്ചു. ഒരിക്കല്‍ ഒരു വ്യാപാരിയെ കണ്ടുമുട്ടി. അദ്ദേഹം ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ മറ്റൊരു ശാഖയില്‍ അംഗമായിരുന്നു. ഈ പ്രസ്ഥാനത്തെക്കുറിച്ച് പറയുകയും പുസ്തകം രചിക്കുകയും ചെയ്തതിനെക്കുറിച്ച് അദ്ദേഹം എന്നെ കുറ്റപ്പെടുത്തി. പിന്നെ അദ്ദേഹം മറ്റൊരു കാര്യവുംകൂടി അദ്ദേഹം പറഞ്ഞു. അദ്ദേഹം ഒരേ സമയം കത്തോലിക്കനും ഫ്രീമേസണ്‍ പ്രസ്ഥാനത്തിലെ അംഗവുമാണെന്ന്. അത് രണ്ടും തികച്ചും ചേര്‍ന്നുപോകുന്ന കാര്യങ്ങളാണെന്നാണ് അദ്ദേഹം തെറ്റിദ്ധരിച്ചിരിക്കുന്നത്. അവരുടെ സംഘത്തിലേക്ക് പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഒരു സീനിയര്‍ ഉദ്യോഗസ്ഥന് എന്റെ പുസ്തകങ്ങളിലൊന്ന് വായിച്ച് താന്‍ ചെയ്യുന്നത് ഗൗരവതരമായ ഒരു പാപംതന്നെയാണെന്ന് തിരിച്ചറിഞ്ഞ് പെട്ടെന്നുതന്നെ പ്രസ്ഥാനത്തില്‍നിന്ന് പിന്‍വാങ്ങി. ഇതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇന്നും പല മുന്‍ ഫ്രീമേസണ്‍ പ്രവര്‍ത്തകരും അവരുടെ സാക്ഷ്യങ്ങള്‍ എന്നോട് പങ്കുവയ്ക്കാറുണ്ട്. എനിക്ക് ലോകത്തെ മുഴുവന്‍ മാറ്റാനാവില്ല. പക്ഷേ ചിലരുടെയെങ്കിലും മനഃസാക്ഷിയെ ഉണര്‍ത്താനാവും. ഇതിന്റെയെല്ലാം ഫലമായി മറ്റൊരു ദുരനുഭവംകൂടി ഉണ്ടായി. പല ആരോപണങ്ങളും ഉയരുകയും ഭരണവകുപ്പിലെ ഉദ്യോഗത്തില്‍നിന്ന് ഞാന്‍ താക്കീത് ചെയ്യപ്പെടുകയും ചെയ്തു. തൃപ്തികരമല്ലാത്ത സേവനമെന്ന പേരില്‍ താക്കീത് ചെയ്യപ്പെട്ട അപൂര്‍വം മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഞാന്‍. വളരെ പ്രഗല്ഭനായ ഓഫീസര്‍ എന്ന നിലയില്‍നിന്ന് ഒരു പരാജിതനെപ്പോലെ ഞാന്‍ തരം താഴ്ത്തപ്പെട്ടു. എന്നാലും തിരികെ ഫ്രീമേസണ്‍ പ്രസ്ഥാനത്തിലേക്ക് പോകാന്‍ ഞാന്‍ തയാറല്ല. പകരം ഈ സാഹചര്യത്തെ സ്വീകരിക്കുകയാണ് ചെയ്യുന്നത്. "ക്രിസ്തുവിന്റെ സ്നേഹത്തില്‍നിന്ന് ആര് നമ്മെ വേര്‍പെടുത്തും? ക്ലേശമോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ?" (റോമാ 8/35). ദൈവമഹത്വത്തിനായി എഴുത്തിലൂടെയും പ്രസംഗങ്ങളിലൂടെയുമെല്ലാം അനേകം ക്രൈസ്തവരെ ഫ്രീമേസണ്‍ പ്രസ്ഥാനത്തിന്റെ കെണിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഞാന്‍ ശ്രമിക്കുന്നു. ചതിയില്‍ പെട്ടതിങ്ങനെ... ഞാന്‍തന്നെയും ആത്മീയതയെക്കുറിച്ചും ജീവിതത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചുമുള്ള ഉത്തരങ്ങള്‍ തേടിയാണ് ഫ്രീമേസണ്‍ താവളത്തിലെത്തിപ്പെട്ടത്. അന്ന് മുപ്പതുകളായിരുന്നു എന്റെ പ്രായം. സമൂഹത്തിലെ ഉന്നത നിലയിലുള്ള ഒരാളും. അതുകൊണ്ടുതന്നെ ഞാനവര്‍ക്ക് ഏറ്റവും ചേര്‍ന്ന അംഗമായി മാറി. എന്നാല്‍ അത് ക്രൈസ്തവവിശ്വാസത്തിന് തികച്ചും വിരുദ്ധമായ ഒരു കാര്യമാണെന്ന് ഇന്ന് ഞാന്‍ മനസിലാക്കുന്നു. ആരെങ്കിലും ഫ്രീമേസണ്‍പ്രസ്ഥാനത്തിലേക്ക് ആദ്യചുവടുകള്‍ വച്ചിട്ടുണ്ടെന്ന് കരുതുക. അയാള്‍ക്ക് സജീവമായ വിശ്വാസമുണ്ടെങ്കില്‍ ഒരു ആന്തരികസംഘര്‍ഷം ഉടലെടുക്കും. യേശു മനുഷ്യാവതാരം ചെയ്ത ദൈവമാണെന്നും ദൈവപുത്രനായ അവിടുന്ന് നമ്മെ രക്ഷിക്കാനായി കുരിശില്‍ തൂങ്ങി മരിച്ചെന്നും അതേ സമയംതന്നെ, ദൈവം ഫ്രീമേസണ്‍സ് വിശ്വസിക്കുന്നതുപോലെ, കോസ്മിക് ശക്തിക്ക് സമാനമായ നിര്‍വചനാതീതമായ ഒരു ശക്തിയാണെന്നും വിശ്വസിക്കാനാവില്ല. ഈ രണ്ട് വിശ്വാസധാരകളും പരസ്പരം ഒരിക്കലും ചേരാത്തവിധത്തില്‍ വിഭിന്നമാണ്. ചില പ്രത്യേക അനുഷ്ഠാനങ്ങളും മാന്ത്രികപ്രവൃത്തികളുംവഴി ചില കോസ്മിക് ശക്തികള്‍ക്ക് നമ്മെ അടിയറ വയ്ക്കുന്നതും സത്യത്തിലേക്ക് നടന്നടുക്കാനായി ദൈവത്തിന്റെ ശക്തിക്ക് നമ്മെത്തന്നെ സമര്‍പ്പിക്കുന്നതും തമ്മില്‍ ഏറെ പൊരുത്തക്കേടുകളുണ്ട്. എന്നാല്‍ പലപ്പോഴും ഫ്രീമേസണ്‍പ്രവര്‍ത്തനങ്ങള്‍ ക്രൈസ്തവവിരുദ്ധമല്ലെന്ന തെറ്റിദ്ധാരണ ഉളവാക്കുന്നതാണ്. ഉദാഹരണത്തിന് ബൈബിള്‍വചനങ്ങളോട് സാമ്യമുള്ള വചനങ്ങള്‍ അവരുടെ പ്രാരംഭാനുഷ്ഠാനങ്ങളില്‍ ഉപയോഗിക്കും. നമ്മില്‍ തെറ്റിദ്ധാരണ ഉളവാക്കാന്‍വേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. മാത്രവുമല്ല, അവര്‍ ചില ബൈബിള്‍ ഭാഗങ്ങള്‍ കപടമായി ഉപയോഗിക്കാറുണ്ട്. ബൈബിളില്‍ തൊട്ടാണ് ഫ്രീമേസണ്‍ പ്രതിജ്ഞ എടുക്കുന്നതെന്നും യോഹന്നാന്റെ സുവിശേഷം പഠിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഇതെല്ലാം ക്രൈസ്തവരെ കുടുക്കിലാക്കുന്ന തന്ത്രങ്ങളാണ്. പക്ഷേ ആര്‍ക്കുവേണമെങ്കിലും ബൈബിള്‍ സ്വന്തം രീതിയില്‍ വ്യാഖ്യാനിച്ച് സെക്റ്റുകള് രൂപപ്പെടുത്താമെന്നും എന്നാല്‍ തിരുസഭയാണ് ആധികാരികമായി ബൈബിള്‍വ്യാഖ്യാനം നടത്തേണ്ടതെന്നും അവര്‍ മനസിലാക്കുന്നില്ല. ഫ്രീമേസണ്‍ പ്രസ്ഥാനം ലൂസിഫറിനെ സ്തുതിക്കുന്നുവെന്ന് പ്രഥമതലത്തിലുള്ള അംഗങ്ങള്‍ക്ക് മനസിലാകുകയില്ല. ഉയര്‍ന്ന തലത്തിലുള്ളവര്‍മാത്രമേ അത് അറിയുന്നുള്ളൂ. ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള മറ്റൊരു കാര്യം അവര്‍ സാത്താന് എന്ന പദം ഉപയോഗിക്കാറില്ല എന്നതാണ്. പകരം, ലൂസിഫര്‍ എന്ന് ഉപയോഗിക്കും. "അവന് നുണയനും നുണയുടെ പിതാവുമാണ്" (യോഹന്നാന് 8/44). നാം ഫ്രീമേസണ്‍ പ്രസ്ഥാനത്തില്‍ ഔദ്യോഗികമായി പ്രതിജ്ഞ ചെയ്ത് അംഗമായാലും എപ്പോള്‍ വേണമെങ്കിലും അതില്‍നിന്ന് പിന്‍വാങ്ങാം എന്നാണ് അവര്‍ പറയുന്നത്. പക്ഷേ പ്രായോഗികമായി അത് വളരെ ക്ലേശകരമാണ്. എന്നാല്‍ പശ്ചാത്താപത്തോടെ കത്തോലിക്കാവിശ്വാസത്തിലേക്ക് തിരികെയെത്തുന്ന ഏതൊരു വിശ്വാസിയും മേസോണിക പ്രതിജ്ഞയില്‍നിന്നും അതിന്റെ ഫലങ്ങളില്‍നിന്നും സ്വതന്ത്രനായിരിക്കും എന്ന് ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും എന്നെ വിഷമിപ്പിച്ചിട്ടുള്ള ഒരു കാര്യം ഫ്രീമേസണ്‍ അംഗങ്ങളായിരിക്കുന്ന പലരും അപകടം തിരിച്ചറിയാതെയാണ് ഇതില്‍ അംഗത്വമെടുത്തിരിക്കുന്നത് എന്നതാണ്. തങ്ങള്‍ പിശാചിനെ സ്വീകരിക്കുന്ന ഒരു പ്രസ്ഥാനത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നതെന്ന് അവര്‍ തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. അതിനാല്‍, നന്മയുടെ മുഖാവരണങ്ങള്‍ക്കുള്ളിലെ തിന്മയുടെ നരകക്കുഴികളെക്കുറിച്ച് വ്യക്തവും ശക്തവുമായ മുന്നറിയിപ്പുകള്‍ നല്കാന് ആത്മീയനേതൃത്വം ഒട്ടും അമാന്തിക്കരുത്.
By: Serge Abad Gallardo
Moreചിലര്‍ക്ക് കുത്തുവാക്കുകള്‍ പറയുന്നത് ഒരു ഹരമാണ്. നമ്മുടെയെല്ലാം ജീവിതത്തില്‍ ഇത്തരത്തിലുള്ള വ്യക്തികളുമായി ഇടപെടേണ്ട സാഹചര്യങ്ങള്‍ ഉണ്ടായെന്നു വരാം. കുത്തുവാക്കുകള്‍ പറയുന്നവരുടെ ലക്ഷ്യം അത് കേള്ക്കുന്നവന് ഒന്നു വേദനിക്കണം എന്നു തന്നെയാണ്. ഏതെങ്കിലും തരത്തില്‍ ഒന്നു പ്രതികരിക്കുകകൂടി ചെയ്താല്‍ അവര്‍ക്ക് തൃപ്തിയാകും. പ്രായോഗികമായി ഇവരെ എങ്ങനെ നേരിടാമെന്ന് ഒന്നു ചിന്തിച്ചു നോക്കാം. ആദ്യംതന്നെ ചെയ്യേണ്ടത്, അവര്‍ നമ്മളോടു പറഞ്ഞത് നമുക്ക് 'കൊണ്ടു' എന്ന സന്തോഷം അവര്‍ക്ക് നിഷേധിക്കുക എന്നതാണ്. അതായത് അവര്‍ പറഞ്ഞത് വേദനിപ്പിക്കുന്ന കാര്യമാണെങ്കിലും നിസ്സാരമായ രീതിയില്‍ എടുക്കുക. ശാന്തമായി പ്രതികരിക്കുക. നമുക്ക് ഇത് വേണ്ടവിധത്തില്‍ ഏല്‍ക്കുന്നില്ല എന്നു കാണുമ്പോള്‍ അവര്‍ മടങ്ങിപ്പോയ്ക്കൊള്ളും. എന്നാല്‍ ഇത് എല്ലാവര്ക്കും അത്ര എളുപ്പമായിരിക്കില്ല. അതിനാല്‍, എന്തെങ്കിലും ഒന്ന് പറയുന്നതിനുമുമ്പേ ഒരു 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ചൊല്ലുക. അല്ലെങ്കില്‍ എങ്ങനെ പ്രതികരിക്കണം എന്ന് പരിശുദ്ധാത്മാവിനോട് ആരായുക. അങ്ങനെ പരിശുദ്ധാത്മാവിന്റെ സഹായത്തോടെ വേണം ഈ സാഹചര്യത്തെ നേരിടാന്‍. എന്നാല്‍, പ്രായോഗികമായ തലത്തില്‍ മാത്രമല്ല ആത്മീയതലത്തിലും ഇത്തരം സാഹചര്യങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കുത്തുവാക്കുകള്‍കൊണ്ട് നമ്മെ നോവിച്ചവരെ പിന്നെയും നമ്മള് സ്നേഹിക്കണം. അതാണ് വെല്ലുവിളി. മാതാവിന്റെയും യൗസേപ്പിതാവിന്റെയും ജീവിതത്തില്‍ ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ധാരാളമായി ഉണ്ടായിട്ടുള്ളതായി പല മിസ്റ്റിക്കുകളും രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ക്ക് വേദനിച്ചു എന്നതായിരുന്നില്ല അവരുടെ വിഷയം. മറിച്ച് കുത്തുവാക്കുകള്‍ പറഞ്ഞവരുടെ ആത്മാവിന്റെ ശോചനീയമായ അവസ്ഥയാണ് അവരെ വേദനിപ്പിച്ചിരുന്നത്. അതിനാല്‍ത്തന്നെ ഇത്തരത്തില്‍ തങ്ങള്‍ക്കു വേദന സമ്മാനിക്കുന്നവരുടെ മാനസാന്തരത്തിനുവേണ്ടി അവര്‍ ധാരാളം പ്രാര്‍ത്ഥിച്ചിരുന്നു. ഇതുതന്നെയാണ് ഓരോ ക്രിസ്ത്യാനിയും ചെയ്യേണ്ടത്. കുത്തുവാക്കുകള്‍കൊണ്ട് മുറിഞ്ഞവരായി ഹൃദയത്തില്‍ കയ്പും വെറുപ്പുമായി നമ്മുടെതന്നെ ആത്മാവിന്റെ സുസ്ഥിതി നശിപ്പിക്കാതെ ശ്രദ്ധിക്കണം. നമ്മളെ വേദനിപ്പിച്ച വ്യക്തിയും ഈശോയുടെ മകനാണ് അല്ലെങ്കില്‍ മകളാണ്. അതിനാല്‍ അവരിങ്ങനെ മറ്റുള്ളവര്‍ക്കു വേദന സമ്മാനിച്ച് സ്വയം നശിപ്പിച്ചുകൊണ്ടു ജീവിതം തള്ളി നീക്കുന്നത് ഈശോയ്ക്കും വേദനാജനകമായിരിക്കും. അതിനാല്‍, ഈശോയെപ്രതി അവര്‍ക്കുവേണ്ടി സ്നേഹപൂര്‍വം പ്രാര്‍ത്ഥിച്ചുകൊണ്ട് അവരെ മാനസാന്തരത്തിലേക്കു നയിക്കണം. ഓരോ കുത്തുവാക്കുകളും അവര്‍ക്ക് പ്രാര്‍ത്ഥന ആവശ്യമാണെന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ആയിത്തീരട്ടെ.
By: Anu
More2020 കോവിഡ് -19 രൂക്ഷമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം. കുറവിലങ്ങാട് മുത്തിയമ്മ പള്ളിയിലെ കാല്‍വിളക്കിനു ചുറ്റും ഒമ്പതു വെള്ളിയാഴ്ച എണ്ണയൊഴിക്കാന്‍ നേര്‍ച്ചനേര്‍ന്നു. ഒന്നാം വെള്ളിയാഴ്ച പള്ളിയില്‍നിന്ന് വരുന്നവഴി മഠത്തിന്റെ ഭിത്തിയില്‍ പരിശുദ്ധ വചനങ്ങള്‍ എഴുതിവച്ചതു വായിച്ചു നടക്കുകയായിരുന്നു. അപ്പോള്‍ ഒരു വചനം ഉണങ്ങിയ വാഴയിലകള്‍കൊണ്ട് മറഞ്ഞു കിടക്കുന്നത് കണ്ടു. അന്ന് എന്റെ മുന്നില്‍ മറഞ്ഞുകിടന്ന വചനമായിരുന്നു "ഞാന്‍ എന്നെ സ്നേഹിക്കുന്നവരെ സമ്പന്നരാക്കി അവരുടെ ഭണ്ഡാരം നിറയ്ക്കുന്നു" (സുഭാഷിതങ്ങള്‍ 8/21) എന്നത്. ഒരുപാടു സന്തോഷവും സമാശ്വാസവും നല്കിയ വചനം. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നു. പ്രത്യേകിച്ച് കോവിഡ് കാലഘട്ടം. തന്നെയുമല്ല കുടുംബസ്വത്ത് കുറച്ച് പണമായി ലഭിക്കാനും വീടുപണി തുടങ്ങാനുമായിരുന്നു ഞാന്‍ നേര്‍ച്ച നേര്‍ന്നത്. ഒപ്പം ആയിരം തവണ ഈ വചനം ഒരു ബുക്കില്‍ എഴുതി ക്ഷമയോടെ കാത്തിരുന്നു. ചേട്ടനോട് ചോദിച്ചപ്പോള്‍ ഉടനെയൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞു. കൃഷിപ്പണി ചെയ്യുന്ന അദ്ദേഹത്തിന് പെട്ടെന്നൊന്നും പണം തരാന്‍ പറ്റുന്ന ഒരു അവസരം അല്ലായിരുന്നു. പ്രത്യാശയോടെ ഓരോ ആഴ്ചയിലും തിരി കത്തിച്ചു പ്രാര്‍ത്ഥിച്ചു. ഒന്‍പതാമത്തെ വെള്ളിയാഴ്ച തിരി കത്തിച്ചു പ്രാര്‍ത്ഥനാനിര്‍ഭരമായ മനസോടെ പള്ളിയുടെ താഴെയെത്തി ആ വചനം കണ്ണീരോടെ ഒന്നുകൂടി വായിച്ചു. വചനത്തിലൂടെ കണ്ണോടിക്കവേ പെട്ടെന്ന് എന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. നോക്കുമ്പോള്‍ ചേട്ടന്റെ മകന് വിളിക്കുന്നു. ഏറെ സങ്കോചത്തോടെ ഞാന്‍ ആ മൊബൈല്‍ ചെവിയില്‍ വച്ചപ്പോള്‍ അവന് എന്നോട് പറയുന്നു, "പാപ്പന് വിഷമിക്കേണ്ട, ലോണ്‍ എടുത്ത് കുറച്ചു പണം സംഘടിപ്പിക്കാം!" ഞാന്‍ ആവശ്യപ്പെട്ട തുക നല്കി തക്കസമയത്ത് അവന് എന്നെ സഹായിച്ചു. "എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന് യേശുക്രിസ്തുവഴി നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കും. നമ്മുടെ പിതാവായ ദൈവത്തിന് എന്നും എന്നേക്കും മഹത്വമുണ്ടാകട്ടെ, ആമേന്‍" (ഫിലിപ്പി 4/19-20).
By: Johnson Thomas
Moreകുട്ടിയായിരിക്കുമ്പോള്‍ പലതവണ ഉണ്ടായിട്ടുണ്ട്, ഇത്തരം അനുഭവങ്ങള്‍… അത്ര ശ്രദ്ധയൊന്നുമില്ലല്ലോ. റോഡില്‍ക്കൂടി നടന്ന് പോവുമ്പോള്‍ ചില നേരങ്ങളില്‍ അറിയാതെ ചളിയിലോ ചാണകത്തിലോ ചവിട്ടിപ്പോവും. കാര്യം നമുക്ക് പെട്ടെന്ന് മനസിലാകും, പിന്നെ ഒന്നും നോക്കില്ല. അടുത്തെവിടെയാണോ പുല്ലുള്ളത്, അവിടെ പോയി കാലിട്ട് ഉരയ്ക്കും. കഴുകിക്കളയാന്‍ സാധ്യതയുണ്ടെണ്ടങ്കില് കഴുകിക്കളയും. എങ്ങനെയെങ്കിലും കാലില്‍ പറ്റിയത് കളയണം, വല്ലാത്ത അസ്വസ്ഥതയാണല്ലോ… അതോടെ നമ്മുടെ നടത്തത്തിന്റെ വേഗത കുറയുന്നു, ആ മണം നമ്മെ ബുദ്ധിമുട്ടിക്കുന്നു. ചവിട്ടുമ്പോഴുണ്ടാകുന്ന ശബ്ദം അരോചകമായി തോന്നുന്നു… അങ്ങനെയങ്ങനെ… ആദ്ധ്യാത്മികജീവിതത്തില്‍ പാപത്തില്‍ വീഴുന്നവനും ഇതുപോലെതന്നെയാണ് കേട്ടോ. എത്രയും വേഗം പാപക്കറ കഴുകിക്കളഞ്ഞില്ലെങ്കില്‍ നമ്മുടെ പ്രവൃത്തികളെ പതിയെ ബാധിച്ച് തുടങ്ങും, ക്രമേണ ഒരു ആത്മീയ തളര്‍വാതം സംഭവിക്കും, ജാഗ്രതൈ. ഈശോ തളര്‍വാതരോഗിയെ സുഖപ്പെടുത്തുന്ന സംഭവം ശ്രദ്ധിക്കുക. അയാളുടെ പാപം മോചിക്കുകയാണ് ഈശോ ആദ്യമേ ചെയ്തത്. "മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു” (മത്തായി 9/2). അതിനുശേഷമാണ് അവിടുന്ന് "എഴുന്നേറ്റ് നിന്റെ ശയ്യയുമെടുത്ത് വീട്ടിലേക്ക് പോവുക” (മത്തായി 9/6) എന്ന് കല്പിക്കുന്നത്. ആ തളര്‍വാതരോഗി എഴുന്നേറ്റ് വീട്ടിലേക്ക് പോയി എന്ന് തിരുവചനത്തില്‍ നാം തുടര്‍ന്ന് വായിക്കുന്നു. വര്‍ഷങ്ങളായി കുമ്പസാരമില്ലാതെ കഴിയുന്നവരുടെ തളര്‍വാതം എനിക്ക് ചിന്തിക്കാനേ പറ്റുന്നില്ല. ഇങ്ങനെ ചെളിയില്‍ ചവിട്ടിപ്പോകുന്നത് പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ നമുക്ക് സാധിക്കട്ടെ. വിശുദ്ധ കുമ്പസാരത്തിലൂടെ അത് നീക്കിക്കളഞ്ഞ് സുഗമമായി നടക്കാന്‍ നമുക്ക് സാധിക്കട്ടെ. അങ്ങനെ ശ്രദ്ധയോടെ ചരിച്ച് വിശുദ്ധിയിലേക്ക് നടന്നടുക്കാം, ആമ്മേന്‍.
By: ഫാദർ ജോസഫ് അലക്സ്
Moreകുറച്ചു ദിവസങ്ങളായി ഒരു മനുഷ്യന് രോഗിയായി ആശുപത്രി കിടക്കയിലാണ്. ഐസൊലേഷന്‍ മുറി ആവശ്യമുള്ള രോഗി. തത്കാലം മുറിയുടെ ലഭ്യതക്കുറവ് മൂലം അദ്ദേഹത്തെ പ്രത്യേകമായി സജ്ജീകരിച്ച മറ്റൊരു മുറിയില്‍ ആണ് കിടത്തിയിരുന്നത്. എല്ലും തോലുമായ ശരീരം. വാരിയെല്ലുകള്‍ എണ്ണാവുന്ന വിധത്തിലാണ്. ആ ശരീരത്തില്‍ വളരെ വീര്‍ത്തു കെട്ടിയ ഉദരം. ദേഹം മുഴുവന്‍ മഞ്ഞ നിറം. കണ്ണുകള്‍ കൂടുതല്‍ മഞ്ഞനിറത്തില്‍ പുറത്തേക്ക് തള്ളിയിരിക്കുന്നു. ശ്വാസം എടുക്കാന്‍ അദ്ദേഹം ഏറെ ബുദ്ധിമുട്ടുന്നു, ഓക്സിജന്‍ കൊടുക്കുന്നുണ്ട്. ഒരുപാട് നഴ്സുമാര്‍ മാറിമാറി അദ്ദേഹത്തെ ശുശ്രൂഷിക്കുന്നുണ്ട്. അദ്ദേഹത്തെ കാണുമ്പോഴുള്ള ഒരു ഭയാനകത്വം അവിടെ ചര്‍ച്ചയായിരുന്നു. ഒടുവില്‍ എന്റെ ഊഴം എത്തിച്ചേര്‍ന്നു. രാവിലെ ജോലിക്കായി അദ്ദേഹത്തിനടുത്തേക്ക് കടന്നുചെന്നു. ഈശോയേ, നമുക്ക് ഇന്ന് എന്തെങ്കിലും ഈ സഹോദരനുവേണ്ടി ചെയ്യണം കേട്ടോ എന്ന് പറഞ്ഞിട്ട് ഈശോയെ കൂടെ കൂട്ടി. അദ്ദേഹത്തോട് ഗുഡ് മോര്‍ണിംഗ് പറഞ്ഞു. രാത്രിയില്‍ ഉറങ്ങിയോ? രാവിലെ പ്രഭാതഭക്ഷണം കഴിച്ചോ എന്നെല്ലാം ചോദിച്ചുകൊണ്ട് ഞാന്‍ അദ്ദേഹത്തോടൊപ്പം അല്പനേരം ചെലവഴിച്ചു. കഴിക്കാതെ മാറ്റിവച്ചിരിക്കുന്ന പ്രഭാതഭക്ഷണം എന്റെ ശ്രദ്ധയില്‍പ്പെട്ടു. രോഗാവസ്ഥ കൊണ്ടുതന്നെ അദ്ദേഹം വളരെ അവശനാണ്. ഭക്ഷണം കഴിക്കാന്‍ കുറച്ചു ദിവസങ്ങളായി തോന്നുന്നില്ല, പലപ്പോഴും കൊണ്ടു വന്ന ഭക്ഷണം കളയേണ്ടിവരുന്നു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ എന്തോ ദുഃഖഭാരത്താല്‍ നിറയുന്നപോലെ… കട്ടിലിനടുത്തുള്ള ഒരു കസേരയില്‍ ഞാന്‍ ഭക്ഷണവുമായി ഇരുന്നു. മരുന്ന് കഴിക്കാനുള്ളതാണെന്നും ഭക്ഷണം കഴിച്ചേ മതിയാകൂ എന്നും ഞാന്‍ ശഠിച്ചു. അല്പം പിണക്കത്തോടെ ആ കണ്ണുകള്‍ എന്നെ നോക്കി. പെട്ടന്നാണ് ഡോക്ടര്‍ മുറിയിലേക്ക് കടന്നു വന്നത്. ഭക്ഷണം കഴിക്കുകയാണെങ്കില്‍ പിന്നീട് വരാം എന്ന് പറഞ്ഞു ഡോക്ടര്‍ മടങ്ങാന്‍ ഒരുങ്ങി. അദ്ദേഹം ഡോക്ടറോട് പരിശോധിച്ച് കൊള്ളാന്‍ ആവശ്യപ്പെട്ടു. ഹോസ്പിറ്റലില്‍ അഡ്മിഷന് ആകാനും തുടര്‍ന്നുള്ള ചികിത്സക്ക് നല്‍കാനും തന്റെ കയ്യില്‍ ഒന്നുമില്ലെന്ന് അദ്ദേഹം ഡോക്ടറോട് പറഞ്ഞു. അദ്ദേഹത്തിന്റെ ജോലി നഷ്ടപ്പെട്ടിരിക്കുകയാണ്, വലിയ കടബാധ്യതയില്‍ ആണ് കുടുംബം. നാണക്കേടും ഭയവും മൂലം അദ്ദേഹം വീട്ടില്‍ പോകാതെയായി. കടങ്ങള്‍ തീര്‍ത്ത ശേഷം ഭാര്യയെയും മക്കളെയും നേരിട്ട് കാണാന്‍ പോകണം എന്ന് ആഗ്രഹമുണ്ട്. എന്റെ ജീവന് രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ ഉണ്ടെങ്കില്‍ ഡോക്ടര്‍ എനിക്കുവേണ്ടി ചെയ്യണം. ഞാന്‍ മുഴുവന്‍ പണവും പിന്നീട് തിരിച്ചടച്ചുകൊള്ളാം. ഇതെല്ലാം പറഞ്ഞുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നൊഴുകിയ കണ്ണുനീരിന് നിര്‍വചിക്കാനോ അളക്കാനോ കഴിയാത്തൊരു ചൂട് ഉള്ളതുപോലെ… ഡോക്ടര്‍ അല്പനേരം നിശബ്ദത പാലിച്ചു. ഒടുവില്‍ ജീവന് രക്ഷിക്കാനുള്ള ക്രിട്ടിക്കല്‍ അവസരങ്ങളില്‍ പരിഗണിക്കുന്ന ഒരു വഴി ചെയ്യാമെന്ന് വാക്കു നല്കി തിരിച്ചു പോയി. ‘ഇനി എന്റെ കഥ പറയാം’ എന്ന് പറഞ്ഞുകൊണ്ട് ഈശോ എന്റെ ജീവിതത്തില്‍ ചെയ്ത ചില അത്ഭുതങ്ങള്‍ അദ്ദേഹത്തോട് വിവരിച്ചു. സ്പൂണ്‍ കൊണ്ട് ഞാന്‍ ഭക്ഷണം വാരി കൊടുക്കുന്നതിനിടക്ക് ഒരു കൊച്ചുകുട്ടിയെപ്പോലെ അദ്ദേഹം ശാന്തതയോടെ ഈശോയെ കേട്ടുകൊണ്ട് ഭക്ഷണം കഴിച്ചു. കഥ കേട്ട് ഭക്ഷിക്കുന്ന കൊച്ചുകുഞ്ഞിനെപ്പോലെ അന്നത്തെ പ്രഭാതഭക്ഷണം മുഴുവനായും കഴിച്ചു. അദ്ദേഹത്തിനുള്ള മരുന്നുകള്‍ എടുക്കാനായി പോയപ്പോള്‍ ഈശോ സംസാരിച്ചു. ആ രോഗിക്കു വേണ്ടി ദൈവകരുണയില്‍ ആശ്രയിച്ചു പ്രാര്‍ത്ഥിക്കുക. മരുന്നുകളെല്ലാം കൊടുത്ത ശേഷം ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. താങ്കള്‍ക്കുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിച്ചോട്ടെ? അക്രൈസ്തവനായിരുന്നിട്ടുകൂടി അദ്ദേഹം പറഞ്ഞു, "നീ നിന്റെ ദൈവത്തോട് എനിക്കു വേണ്ടി പ്രാര്‍ത്ഥിക്കുക.” അല്പനേരം ഈശോയെ സ്തുതിച്ചു. പിന്നീട് ഒരു കരുണയുടെ ജപമാല ആ രോഗിക്ക് വേണ്ടി ചൊല്ലി പ്രാര്‍ത്ഥിച്ചു.”ഈശോയേ നിന്റെ മകന് അറിഞ്ഞും അറിയാതെയും ചെയ്തു പോയ എല്ലാ വീഴ്ചകളുടെയും മേല്‍ കരുണയായിരിക്കണമേ. അങ്ങയുടെ ഹിതം ഈ മകന്റെ മേല്‍ നിറവേറണമേ. "ഇത്രയും പ്രാര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം ആമേന്‍ എന്ന് ആവര്‍ത്തിച്ചു ഏറ്റു പറഞ്ഞു കൊണ്ടിരുന്നു. ദൈവസാന്നിധ്യത്താല്‍ ഞങ്ങളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഉച്ചഭക്ഷണത്തിനു മുന്‍പ് അദ്ദേഹത്തിനുള്ള മുറി ലഭിച്ചു. അവിടെ കൊണ്ടു ചെന്നാക്കി യാത്ര പറയുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് വല്ലാത്തൊരു സന്തോഷം തിരതല്ലി. നിന്റെ മാതാപിതാക്കളോട് ഞാന്‍ അന്വേഷിച്ചതായി പറയണം എന്ന് എന്നോട് പറഞ്ഞു. പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു ദൈവസ്നേഹവും സമാധാനവും മനസ്സില്‍ നിറഞ്ഞു. അടുത്ത ദിവസം അദ്ദേഹത്തെ കാണാന്‍ പോയി. ഗ്ലാസ് ഡോറിലൂടെ നോക്കിയപ്പോള്‍ ശൂന്യമായ കട്ടില് മാത്രം. എന്റെ മനസ്സ് വിങ്ങി. അദ്ദേഹം പുലര്‍ച്ചെ മരിച്ചുപോയി എന്ന് അറിഞ്ഞു. ഹൃദയത്തില്‍ കഠിനഭാരം അനുഭവപ്പെട്ടു. ആശുപത്രിയുടെ ഇടനാഴികളിലൂടെ നടക്കുമ്പോള്‍ ഈശോയോട് ഒരു ചോദ്യം. "ഈശോയേ അദ്ദേഹം നിന്റെ അടുത്തുണ്ടോ? ഇത്ര വേഗം കൊണ്ടുപോകാന്‍ വേണ്ടിയായിരുന്നോ പ്രാര്‍ത്ഥിക്കാന്‍ പറഞ്ഞത്??” ഈശോയെക്കുറിച്ച് കേട്ടും അവിടുത്തെ കരുണക്കായി പ്രാര്‍ത്ഥിച്ചും സഹനത്തിന്റെ ലോകത്തു നിന്നും അദ്ദേഹം യാത്രയായി. "കുരിശില്‍ വച്ച് കുന്തത്താല്‍ തുറക്കപ്പെട്ട എന്റെ കരുണയുടെ പ്രവാഹം ഒരാളെപ്പോലും തിരസ്കരിക്കാതെ എല്ലാ ആത്മാക്കള്‍ക്കും വേണ്ടിയുള്ളതാണ്.” (വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി 1182). നാം ആഗ്രഹിച്ചത് ലഭിച്ചില്ലെന്നുകരുതി പ്രാര്‍ത്ഥനകള്‍ പാഴായിട്ടില്ല. മറ്റൊരു വിധത്തില്‍ അവയെല്ലാം ഫലം നല്‍കും. നാഥാന് പ്രവാചകനിലൂടെ ദൈവം ദാവീദിന് അദ്ദേഹത്തിന്റെ കുഞ്ഞ് മരിച്ചുപോകും എന്ന് സന്ദേശം നല്കി. കര്‍ത്താവ് കൃപ തോന്നി കുഞ്ഞിന്റെ ജീവന് രക്ഷിക്കും എന്ന് കരുതി ദാവീദ് ഉപവസിച്ചു പ്രാര്‍ത്ഥിച്ചു. എന്നാല്‍, ദാവീദിന്റെ പ്രാര്‍ത്ഥനയ്ക്ക് വിപരീതമായും ദൈവകരുണ ദാവീദ് പ്രതീക്ഷിച്ച വിധം പ്രകടമാകാതെയും കുഞ്ഞ് മരണപ്പെട്ടു. എങ്കിലും അവന് തന്റെ ദുഖത്തിന്റെ നാളുകള്‍ക്കു വിട പറഞ്ഞുകൊണ്ട് ദൈവാലയത്തില്‍ പോയി അവിടുത്തെ ആരാധിച്ചു. ദാവീദിന്റെ ത്യാഗോജ്വലമായ പ്രാര്‍ത്ഥനയുടെയും ആഴമേറിയ ദുഃഖത്തിന്റെ നടുവില്‍ നടത്തിയ ദൈവാരാധനയുടെയും ഫലം മറ്റൊന്നായിരുന്നു. അന്യപുരുഷന്റെ ഭാര്യയുമായി ശയിച്ചു വ്യഭിചാരം ചെയ്യുകയും ചതിയിലൂടെ അവനെ കൊലപ്പെടുത്തി ഭാര്യയെ സ്വന്തമാക്കുകയും ചെയ്ത ദാവീദ്. തന്റെ ഭര്‍ത്താവിനെ വഞ്ചിച്ച ബേത്ഷബ. കര്ത്താവിന് അനിഷ്ടമായ പ്രവൃത്തി ചെയ്ത രണ്ടുപേര്‍. അവരില്‍നിന്നും ലോകത്തിലെ സര്‍വ്വജ്ഞാനിയായ സോളമന് ജനിച്ചു. ദൈവത്തിന്റെ അനന്തമായ കരുണയും സ്നേഹവും ദാവീദിന്റെ ജീവിതത്തില്‍ വെളിപ്പെട്ടത് ഇപ്രകാരമാണ്. ജീവിതത്തില്‍ പ്രാര്‍ത്ഥനകള്‍ക്ക് വിപരീതമാം വിധം ഉത്തരം ലഭിച്ചാലും നിരാശപ്പെടരുത്. ദാവീദിനെപ്പോലെ നമ്മുടെ ദുഖങ്ങളില്‍നിന്നും എഴുന്നേറ്റ് ദൈവത്തെ ആരാധിക്കുക. സോളമന്റെ ജനനമെന്നോണം നമുക്കായി ദൈവം ഒരുക്കുന്ന അനുഗ്രഹത്തിനുവേണ്ടി കാത്തിരിക്കുക. പ്രതികൂലങ്ങളില് അവിടുത്തെ വചനം നമ്മെ ശക്തിപ്പെടുത്തട്ടെ, "പ്രാര്‍ത്ഥനയില്‍ മടുപ്പു തോന്നരുത്” (പ്രഭാഷകന്‍ 7/10).
By: ആന്‍ മരിയ ക്രിസ്റ്റീന
More2024 നവംബര്‍ നാലാം തീയതി ഞാനും പ്രിയസുഹൃത്ത് ദീപു വില്‍സനും കൂടി മഹാരാഷ്ട്രയിലുള്ള ഒരു മിഷന് സെന്ററിലേക്ക് ട്രെയിന്‍ കയറുകയാണ്. ഒരുമിച്ച് പ്രാര്‍ത്ഥിച്ചും വചനങ്ങള്‍ പങ്കുവെച്ചും വിശേഷങ്ങള്‍ പറഞ്ഞു വലിയ സന്തോഷത്തോടെ ഞങ്ങള്‍ യാത്രയില്‍ മുന്നോട്ടു പോയി. ഏറെക്കാലത്തെ ആഗ്രഹമായിരുന്നു ഉത്തരേന്ത്യയില്‍ പോയി സുവിശേഷം പങ്കുവയ്ക്കുക എന്നത്. അത് സാധ്യമാകാന്‍ പോവുകയാണല്ലോ എന്ന വലിയ ഒരു ആനന്ദം ഹൃദയത്തില്‍ നിറഞ്ഞു. ട്രെയിന്‍ കേരളം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് പ്രവേശിച്ചു. ട്രെയിനിലെ ഞങ്ങളുടെ പ്രാര്‍ത്ഥനയും സംസാരവും വചനവായനയും എല്ലാം മറ്റു യാത്രക്കാര്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഉത്തരേന്ത്യയിലെ ക്രിസ്ത്യാനികള്‍ നേരിടുന്ന പീഡനങ്ങളും സഹനങ്ങളും ഞങ്ങളുടെ മനസ്സിലൂടെ കടന്നുപോയി. ഞങ്ങള്‍ കുറച്ചുകൂടി ശ്രദ്ധയുള്ളവരായി. ഈ സമയത്താണ് ആജാനുബാഹുവായ ഒരു മനുഷ്യന് ഞങ്ങളെ നോക്കി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് ശ്രദ്ധിച്ചത്. ഞങ്ങള്‍ പരസ്പരം പറഞ്ഞു, ‘ചിലപ്പോള്‍ ഒരു മതതീവ്രവാദി ആയിരിക്കും. നമ്മള് ഇനി കൂടുതല്‍ ശ്രദ്ധിക്കണം.’ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ എല്ലാ ധാരണയെയും അതിലംഘിച്ച് ആ വ്യക്തി ഞങ്ങളുടെ മുന്നില്‍ വന്ന് ഇരുന്ന് ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. ഞങ്ങള്‍ക്ക് വലിയ ആശ്വാസമായി. അയാള്‍ സ്വയം പരിചയപ്പെടുത്തി, ”എന്റെ പേര് അലോക് ഭണ്ഡാര. ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്! " ഞാനും എന്റെ കൂട്ടുകാരനും വാസ്തവത്തില്‍ ആശ്വസിച്ചു. കാരണം ഞങ്ങള്‍ പ്രതീക്ഷിച്ച വലിയ ഒരു പ്രതിസന്ധി മാറിപ്പോയി. അലോക് മഹാരാഷ്ട്രയിലെ നാഗ്പൂരാണ് താമസിക്കുന്നത്. ഒരു ഇന്ത്യന്‍ പട്ടാളക്കാരന് ആയിരുന്ന അദ്ദേഹത്തിന് ഭാര്യയും മൂന്ന് മക്കളും ഉണ്ട്. പാപത്തിന്റെയും സഹനത്തിന്റെയും പാതയില്‍ക്കൂടി ഈ വ്യക്തി ഏറെ സഞ്ചരിച്ചിട്ടുണ്ട്. ആ സമയങ്ങളിലാണ് ഗ്രാമത്തിലുള്ള ഒരു ക്രൈസ്തവവിശ്വാസിയിലൂടെ യേശുവിനെക്കുറിച്ച് അറിയുന്നത്. അലോക് പറഞ്ഞത് ഇപ്രകാരമാണ്, യേശുവിനെ അറിഞ്ഞതിനുശേഷം എന്റെ ജീവിതം പകലും രാത്രിയുംപോലെ മാറിപ്പോയി. ഞാനിപ്പോള്‍ യഥാര്‍ത്ഥ ആനന്ദവും സമാധാനവും അനുഭവിക്കുന്നു. യേശുവിനെ അറിഞ്ഞതിനുശേഷം അലോക് ഭണ്ഡാരയുടെ ജീവിതത്തില്‍ രണ്ട് പ്രധാനപ്പെട്ട അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആദ്യം കണ്ടത് മഞ്ഞുമലയില്‍… ഈ സഹോദരന് ഇന്ത്യന്‍ സൈന്യത്തില്‍ സേവനം ചെയ്യുന്ന സമയം. ജമ്മു കാശ്മീരില്‍ ഉള്ള മഞ്ഞുമലനിരകളിലൂടെ, ട്രക്ക് ഓടിച്ച് പോകുകയായിരുന്നു. കൂടെ മറ്റ് ഏഴ് പട്ടാളക്കാര്‍ ഉണ്ട്. നല്ല കാറ്റും മഞ്ഞുവീഴ്ചയും ഉള്ള സമയം. സമയം പാതിരാത്രി ആയതുകൊണ്ടും കാലാവസ്ഥ മോശമായതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് വാഹനം ഓടിച്ചിരുന്നത്. പെട്ടെന്ന് ഒരു വലിയ ചുരത്തിന്റെ അടുത്ത് വെച്ച് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം വലിയ താഴ്ചയിലേക്ക് നിരങ്ങി നീങ്ങുകയായിരുന്നു. മരണമാണ് മുന്നില്‍, അലോക് ഭണ്ഡാര ഉറക്കെ യേശുനാമം വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. പിന്നെ കത് അത്ഭുതമാണ്! ഇവരുടെ വാഹനത്തിന്റെ മുന്നിലേക്ക് വലിയ ഒരു മരം കടപുഴകി വീഴാന്‍ തുടങ്ങി. പക്ഷേ അത് വാഹനത്തിന്റെമേല്‍ വീണില്ല. പകരം ഈ മരത്തില്‍ തടഞ്ഞ് വാഹനം നിശ്ചലമായി. ഒരു വലിയ ഗര്‍ത്തത്തിന്റെ മുന്പില് വച്ച് കര്‍ത്താവ് ഇവര്‍ക്ക് വീണ്ടും ജീവന് നല്കി. സങ്കീര്‍ത്തനങ്ങള്‍ 18/33 വചനം പറയുന്നു, "കര്‍ത്താവ് ഉന്നതഗിരികളില്‍ എന്നെ സുരക്ഷിതനായി നിര്‍ത്തി.” അലോക് എന്ന പട്ടാളക്കാരന് പറയുകയാണ് യേശുക്രിസ്തുവിലുള്ള എന്റെ വിശ്വാസം വര്‍ദ്ധിച്ചു. പുഴയിലെ അത്ഭുതം അലോക് സൈനികസേവനത്തില്‍നിന്ന് വിരമിച്ചതിനു ശേഷമാണ് ആ സംഭവം. സ്വന്തം ഗ്രാമത്തില്‍ കുടുംബത്തോടൊപ്പം ജീവിക്കുന്ന സമയം. നല്ല മഴക്കാലമാണ്. ഈ ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴയിലൂടെ കാട്ടില്‍നിന്ന് നല്ല മരങ്ങള്‍ ഒഴുകിവരുമായിരുന്നു. ആ ഗ്രാമത്തിലുള്ള അനേകം കുടുംബനാഥന്മാരുടെ വരുമാനമാര്‍ഗം, ഈ സമയങ്ങളില്‍ ഒഴുക്കില്‍നിന്ന് നല്ല മരത്തടികള്‍ ശേഖരിച്ച് വില്‍ക്കുന്നതായിരുന്നു. നല്ല ആരോഗ്യമുള്ളവര്‍ക്കുമാത്രം ചെയ്യാന്‍ സാധിക്കുന്ന ഒരു ജോലി. അലോക് ഭണ്ഡാരയും ഇത് ചെയ്യുമായിരുന്നു. അങ്ങനെ ഒരു ദിവസം സാധാരണ ഒഴുക്കുള്ള പുഴയുടെ തീരത്ത് നിന്നുകൊണ്ട് അലോക് ഭണ്ഡാര മരങ്ങള്‍ നീക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ് അപ്രതീക്ഷിതമായി അദ്ദേഹം ഒരു കാഴ്ച കാണുന്നത്, ഒരു വലിയ മലവെള്ളപ്പാച്ചില്‍ തന്റെ നേരെ വരുന്നു. മരവും കല്ലും എല്ലാം അതിലുണ്ട്. നിമിഷനേരം കൊണ്ട് അലോക് ഭണ്ഡാരയും ഒഴുക്കില്‍ പെട്ടുപോയി. എത്ര ശക്തി ഉപയോഗിച്ചിട്ടും അതില്‍നിന്ന് രക്ഷപ്പെടാന്‍ സാധിക്കുന്നില്ല. താന്‍ മരണത്തെ മുന്നില്‍ കണ്ടു എന്നാണ് അതെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. തന്റെ ഭാര്യയെയും മക്കളെയുമെല്ലാം ഒരു നിമിഷം ഓര്‍ത്തു. ഈ സമയത്താണ് ഉള്ളില്‍ ആരോ പറയുന്നതുപോലെ, യേശുവിന്റെ നാമം വിളിക്കുക. രണ്ടാം പ്രാവശ്യം മുങ്ങി മുകളിലേക്ക് വന്നപ്പോള്‍ ശക്തി സംഭരിച്ച് അദ്ദേഹം യേശുനാമം വിളിച്ചു. ഫിലിപ്പി 2/9 വചനം പറയുന്നുണ്ട്, യേശുവിന്റെ നാമം എല്ലാ നാമത്തെക്കാളും ഉപരിയായ നാമമാണ്. പരിശുദ്ധ അമ്മ യൂറോപ്പില്‍ ഉള്ള മെഡ്ജുഗോറിയ എന്ന ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ട്, ഇപ്രകാരം കുട്ടികളെ പഠിപ്പിച്ചിട്ടുണ്ട്, മക്കളേ, നിങ്ങളുടെ പ്രതിസന്ധികളില്‍ എന്റെ പുത്രനായ യേശുവിന്റെ നാമം വിളിക്കുക. അവന്റെ നാമം എല്ലാ അന്ധകാരങ്ങളെയും കീറിമുറിക്കുന്ന ശക്തിയാണ്. അവന്റെ നാമം വിളിച്ചു കഴിഞ്ഞാല്‍ സ്വര്‍ഗം തുറക്കപ്പെടുകയും നരകകവാടങ്ങള്‍ അടയ്ക്കപ്പെടുകയും ചെയ്യുന്നു. നിങ്ങള്‍ യേശുവിന്റെ നാമം വിളിക്കുമ്പോള്‍ത്തന്നെ ഞാനും എന്റെ മകനും നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിവരുന്നുണ്ട്. അലോക് ഭണ്ഡാര ഹൃദയത്തിന്റെ അഗാധങ്ങളില്‍ നിന്ന് യേശുവിന്റെ നാമം വിളിച്ചപ്പോള്‍, സാഹചര്യങ്ങള്‍ക്ക് മാറ്റം വന്നു. ന്യായാധിപന്മാര് 15/18-19 വചനം സാംസനെക്കുറിച്ച് പറയുന്നു, പ്രതിസന്ധിയില്‍ അവന് കര്‍ത്താവിനെ വിളിച്ച് അപേക്ഷിച്ചു. ദൈവം ലേഹിയില് ഉള്ള് പൊള്ളയായ ഒരു സ്ഥലം തുറന്നു. കര്‍ത്താവ് ഒരുക്കിയ അത്ഭുതകരമായ രക്ഷപ്പെടലിന്റെ തുരുത്തില് കയറി നിന്ന് അലോക് കരമുയര്‍ത്തി ഒരിക്കല്‍ക്കൂടി നിലവിളിയോടെ ദൈവത്തിന് നന്ദി പറഞ്ഞു. പെട്ടെന്നുതന്നെ ആ മലവെള്ളപ്പാച്ചില്‍ നില്‍ക്കുകയും ചെയ്തു. ഒരു നിലവിളിയുടെ മുന്‍പിലും പിന്പിലും മരണവും ജീവനും ഉണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ ഈ വ്യക്തിയിലൂടെ അനേകം അക്രൈസ്തവസഹോദരങ്ങള്‍ യേശുവിനെ അറിഞ്ഞുകൊണ്ടിരിക്കുകയാണ്. സാധിക്കുന്ന സ്ഥലങ്ങളിളെല്ലാം പോയി തന്റെ ജീവിതസാക്ഷ്യം പങ്കുവെച്ച് യേശുനാമം മഹത്വപ്പെടുത്തുകയാണ് അലോക്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ പരിചയപ്പെട്ടു. അതില്‍ ഒരു സുഹൃത്തിന്റെ മകന് പറയുകയാണ്, ‘എനിക്ക് ഒരു സുവിശേഷപ്രസംഗകന്‍ ആകണം.’ അതുകേട്ട് ഞാന്‍ ചോദിച്ചു, "മോന്റെ കയ്യില്‍ ബൈബിള്‍ ഉണ്ടോ?” അവന് ബാഗില്‍നിന്ന് ബൈബിള്‍ എടുത്ത് അഭിമാനത്തോടെ എനിക്ക് കാണിച്ചുതന്നു. ഈ മകന് പറയുകയാണ് കോളേജില്‍ ഞാന്‍ ഇപ്പോള്‍ യേശുവിന്റെ സാക്ഷിയാണ്. ഞങ്ങള്‍ ഒരുമിച്ച് കൈകോര്‍ത്ത് ഇന്ത്യയുടെ സുവിശേഷവത്കരണത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ ഒരുമിച്ച് ഫോട്ടോ എടുത്തു സ്നേഹം പങ്കുവെച്ചു. ഇവരെ യേശുവിനെ അറിയിച്ച, ആ നല്ല വിശ്വാസികളെ ഞാന്‍ സ്നേഹത്തോടെ ഓര്‍ത്തു. സുവിശേഷത്തിന്റെ ആനന്ദവും ശക്തിയും പങ്കുവയ്ക്കാന്‍ നമുക്കും ഒരുങ്ങാം. മധ്യസ്ഥ പ്രാര്‍ത്ഥനയിലൂടെയും സുവിശേഷവേലയിലൂടെയും നമുക്ക് ദൈവരാജ്യത്തിനായി ഉണരാം. ഹല്ലേലുയാ!
By: ജസ്റ്റിന് പുളിക്കന്‍
Moreപെട്ടെന്നാണ് ആ വാര്‍ത്ത സ്കൂളില്‍ കാട്ടുതീപോലെ പടര്‍ന്നത്. സുധീഷിന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചു. ചങ്ങലയില്‍ ഇട്ടിരിക്കുകയാണ്. പലരും സുധീഷിന്റെ അമ്മയെ കാണാന്‍ പോയി. അക്കൂട്ടത്തില്‍ സുധീഷിന്റെ ക്ലാസ്ടീച്ചറും ഉണ്ടായിരുന്നു. സുധീഷിന്റെ അച്ഛനെ നോക്കി പ്രാകുന്ന, പിച്ചും പേയും പറഞ്ഞ് തലമുടി പിച്ചിനിരത്തി ബഹളം വച്ചുകൊണ്ട് ചങ്ങലയില്‍ കിടക്കുന്ന, അമ്മയെ നോക്കി പല അഭിപ്രായങ്ങളും പാസാക്കി മിക്കവരുംതന്നെ കടന്നുപോയി. സുധീഷിന്റെ സഹപാഠികളില്‍ പലരും സുധീഷിന്റെ അമ്മയെ നോക്കി ചിരിയടക്കി. കണ്ടു കടന്നുപോയവരില്‍ ചിലര്‍ അടക്കം പറഞ്ഞു, "ഭ്രാന്തു പണ്ടേ ഉള്ളതാ. ഇപ്പോഴത് മൂത്ത് ചങ്ങലയ്ക്കിടേണ്ടി വന്നു എന്നുമാത്രം. അങ്ങേരുടെ (സുധീഷിന്റെ അച്ഛന്റെ) ഒരു കഷ്ടകാലം.” ഒരു പഴമൊഴി ഇപ്രകാരമുണ്ട്. "ആരാന്റെ അമ്മയ്ക്ക് ഭ്രാന്തുവന്നാല്‍ കാണാന്‍ നല്ല ശേലാണ്.” അമ്മയെനോക്കി നെടുവീര്‍പ്പടക്കി മൂലയില്‍ കുത്തിയിരുന്ന് കരയുന്ന സുധീഷിനെ ആ ടീച്ചര്‍ താങ്ങിയെഴുന്നേല്പിച്ചു. അവനെ മാറോടു ചേര്‍ത്തണച്ച് നെറുകയില്‍ ചുംബിച്ചു. അവന്റെ കണ്ണില്‍നിന്നും കണ്ണീര് തുടച്ചുനീക്കി. ആ ടീച്ചര്‍ അവനോടു പറഞ്ഞു. "മോനേ, സുധീഷേ ഒട്ടും പേടിക്കേണ്ട. നിന്റെയമ്മ തീര്‍ച്ചയായും സുഖപ്പെടും. മോന് നാളെമുതല്‍ തീര്‍ച്ചയായും സ്കൂളില്‍ വന്നുതുടങ്ങണം. നിനക്കൊരു നല്ല ഭാവിയുണ്ട്.” ഒരു ഭ്രാന്തിയുടെ മകനായിട്ട് സ്കൂളില്‍ വരിക എന്നത് സുധീഷിന് വളരെ വേദനാജനകമായ കാര്യമായിരുന്നു. എന്നിരുന്നാലും ആ ടീച്ചറിലൂടെ വെളിപ്പെട്ട ദൈവസ്നേഹം അവനെ താങ്ങിനിര്‍ത്തി. വീണ്ടും സ്കൂളിലെത്തിച്ചു. ടീച്ചര്‍ അവനെ ചേര്‍ത്തുപിടിച്ചു ചോദിച്ചു, "മോനേ സുധീഷ്, നീ ടീച്ചറിനോട് സത്യം പറയണം. നിന്റെ അമ്മയ്ക്ക് നിന്റെ ഓര്‍മവച്ച നാള് മുതല്‍ ഭ്രാന്തുണ്ടായിരുന്നോ? "അവന് പറഞ്ഞു, ”ഇല്ല ടീച്ചര്‍. എന്റെ അമ്മ ഒത്തിരി നല്ലവളായിരുന്നു. എല്ലാവരുംകൂടി എന്റെ അമ്മയെ അങ്ങനെ ആക്കിത്തീര്‍ത്തതാണ്.” അതുപറയുമ്പോള്‍ അവന്റെ കവിള്‍ത്തടത്തിലൂടെ കണ്ണീര് ഒലിച്ചിറങ്ങി. ടീച്ചര്‍ ചോദിച്ചു, "അപ്പോള്‍ മോനേ ഇതെങ്ങനെ സംഭവിച്ചു?” ആ ചോദ്യത്തിനുമുമ്പില്‍ അവന് വല്ലാതെ നിസഹായനായി വിതുമ്പിനിന്നുപോയി. ടീച്ചര്‍ ഒന്നുകൂടി അവനെ ധൈര്യപ്പെടുത്തിക്കൊണ്ടു പറഞ്ഞു, ”മോന് ധൈര്യമായി ഈ ടീച്ചറമ്മയോടു പറഞ്ഞുകൊള്ളൂ. ഈ ടീച്ചര്‍ ഇതാരോടും പറയില്ല.” അവന് പേടിച്ചുപേടിച്ചു പറഞ്ഞുതുടങ്ങി. "എന്റെ അച്ഛനാണ് അമ്മയ്ക്ക് ഭ്രാന്താണെന്ന് എല്ലാവരോടും പണ്ടുമുതലേ പറഞ്ഞുപരത്തിയത്. അച്ഛന് പല സ്ത്രീകളുമായും രഹസ്യബന്ധങ്ങള്‍ ഉണ്ടായിരുന്നു. അമ്മ അതിനെക്കുറിച്ച് അച്ഛനോട് പരാതിപ്പെടുകയും കരയുകയും ഒക്കെ ചെയ്യാറുണ്ടായിരുന്നു. അപ്പോള്‍ അച്ഛന് അമ്മയെ അടിക്കും. സഹിക്കവയ്യാതെ വരുമ്പോള്‍ അമ്മ ഉച്ചത്തില്‍ കരയും. അതു കേള്‍ക്കുമ്പോള്‍ അയല്‍ക്കാര്‍ ഓടിക്കൂടും. എന്തു പ്രശ്നമെന്നു നാട്ടുകാര്‍ ചോദിക്കുമ്പോള്‍ അമ്മ ഒരുത്തരവും അച്ഛനെതിരായി പറയുകയില്ല. പക്ഷേ അച്ഛന് പറയും, ‘അവള്‍ക്ക് മാനസികരോഗമാണ്. നാട്ടിലുള്ള പെണ്ണുങ്ങളുടെ ഒക്കെ പേരു ചേര്‍ത്തുപറഞ്ഞ് എന്റെ സമാധാനം കെടുത്തും. എന്നെ നിങ്ങള്‍ക്കറിയില്ലേ. സഹികെട്ടു കഴിയുമ്പോള്‍ ഞാന്‍ രണ്ടു പെട കൊടുക്കും. അതിന്റെ ബഹളമാണ് നിങ്ങളിപ്പോഴീ കേള്‍ക്കുന്നത്. ഇനി ഇങ്ങനെയൊരു ബഹളം കേട്ടാല്‍ നിങ്ങളാരും ഇങ്ങോട്ട് ഓടിവരേണ്ട. ഈ നില കൂടിക്കൂടി വന്നാല്‍ നമുക്കിവളെ ഭ്രാന്താശുപത്രിയിലെത്തിക്കാം. അപ്പോള്‍ നിങ്ങളെന്നെ ഒന്നു സഹായിച്ചാല്‍ മതി.” അങ്ങനെ ആ വീട്ടിലേക്കുള്ള അയല്‍ക്കാരുടെ വരവുകള്‍ നിലച്ചു. മാന്യന്മാരില് മാന്യനായ പൊതുപ്രവര്‍ത്തകനായ സുധീഷിന്റെ അച്ഛന് പറഞ്ഞത് അയല്‍ക്കാരും പൊതുജനവും വിശ്വസിച്ചു. ”എന്റെ അമ്മ ഞങ്ങളോടു പറഞ്ഞു. അച്ഛന്റെ ഈവക കാര്യങ്ങളൊന്നും പുറത്താരോടും പറയരുതെന്ന്. ഞങ്ങളുടെ ഭാവി പോകുമെന്ന്. അതുകൊണ്ട് ഞാനും എന്റെ പെങ്ങളും ഇതാരോടും പറഞ്ഞുമില്ല. അങ്ങനെ സുധീഷിന്റെ അമ്മ പൊതുജനത്തിന്റെ മുമ്പില്‍ ഭ്രാന്തിയായിത്തീര്ന്നു. കണ്ണുനീരും കരച്ചിലുമായിട്ടാണ് എന്റെയമ്മ ഇതുവരെ എത്തിയത്,” സുധീഷ് പറഞ്ഞുനിര്‍ത്തി. ഇപ്പോഴെന്തുപറ്റി ഇങ്ങനെ വരാന്‍? ടീച്ചര്‍ അവനോടു ചോദിച്ചു. "മോനേ, പക്ഷേ ഇപ്പോള്‍ നിന്റെയമ്മ കാണിക്കുന്നത് തനി ഭ്രാന്തിന്റെ ലക്ഷണങ്ങളാണല്ലോ.” അവന് പറഞ്ഞു, അതോ ടീച്ചേറേ, അച്ഛന്റെ ചില കൂട്ടുകാര്‍ചേര്‍ന്ന് അച്ഛന്റെ അനുവാദത്തോടുകൂടി അമ്മയെ മാനഭംഗപ്പെടുത്തി. വാക്കത്തിയുമായി അവരെയും അച്ഛനെയും വെട്ടാനൊരുങ്ങിയ അമ്മ ശരിക്കും ഭ്രാന്തിയെപ്പോലായി. ഞാനിതെങ്ങനെ മറ്റുള്ളവരോട് പറയും ടീച്ചേറേ? അച്ഛനെതിരായി മറ്റുള്ളവരോടെന്തെങ്കിലും പറഞ്ഞാല്‍ ഞങ്ങള്‍ക്കും അമ്മയുടെ ഇതേ അനുഭവംതന്നെ ഉണ്ടാകും. അമ്മയ്ക്കെതിരായി അമ്മ ഭ്രാന്തിയാണെന്ന് മറ്റുള്ളവരോടു പറഞ്ഞാല്‍ ദൈവംപോലും ഞങ്ങളോടു ക്ഷമിക്കില്ല. ഞാനും എന്റെ പെങ്ങളും എന്തുചെയ്യണം ടീച്ചര്‍? പുറത്തുള്ളവരെല്ലാവരും ഞങ്ങളുടെ അച്ഛന് പറയുന്നതേ വിശ്വസിക്കൂ.” അച്ഛന്റെയും അമ്മയുടെയും തകര്‍ന്ന ദാമ്പത്യത്തിന്റെ ദുരവസ്ഥകളില്പെട്ടുപോയ രണ്ടു ബാല്യങ്ങളുടെ പിടച്ചിലുകളാണ് നാം മുകളില്‍ കണ്ടത്. ആ ടീച്ചര്‍ അവനെ ഒന്നുകൂടി ചേര്‍ത്തുനിര്‍ത്തി ഉറപ്പിച്ചു പറഞ്ഞു, മോനേ സുധീഷേ, ദൈവം നിങ്ങളെ സഹായിക്കും. എന്റെ മക്കള്‍ അച്ഛനെതിരായോ അമ്മയ്ക്കെതിരായോ ആരോടും ഒന്നും പറയേണ്ട. മോന് യേശുവിനോടു പ്രാര്‍ത്ഥിക്കൂ, യേശു നിങ്ങളെ സഹായിക്കും. ആ ടീച്ചറിലൂടെ കവിഞ്ഞൊഴുകിയ യേശുസ്നേഹത്തിന്റെ അനുഭവം ആ കുടുംബത്തെ വീണ്ടുരക്ഷിച്ചു. സുധീഷിന്റെ അച്ഛന് മാനസാന്തരത്തിലേക്കു കടന്നുവന്നു. അമ്മയുടെ ഭ്രാന്തു മാറി. സുധീഷ്, റോഡിലൂടെ അലയുന്ന മാനസിക രോഗികളെ പുനരധിവസിപ്പിക്കുന്ന ഒരു കേന്ദ്രത്തിലെ പ്രധാനശുശ്രൂഷകനായി. സുധീഷിന്റെ അനുജത്തിയെ നല്ല രീതിയില്‍ വിവാഹം ചെയ്ത് പറഞ്ഞയച്ചു. സമാധാനത്തിന്റെ തീരത്തേക്ക് ദൈവം ആ കുടുംബത്തെ നയിച്ചു. സങ്കീര്‍ത്തനം 27/10-ല്‍ പറയുന്നു: "അപ്പനും അമ്മയും ഉപേക്ഷിച്ചാലും കര്‍ത്താവ് എന്നെ കൈക്കൊള്ളും.” "സിംഹക്കുട്ടികള്‍ ഇരകിട്ടാതെ വിശന്നു വലഞ്ഞേക്കാം. എന്നാല്‍ കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ക്ക് ഒന്നിനും കുറവുണ്ടാകുകയില്ല” (സങ്കീര്‍ത്തനങ്ങള്‍ 34/10). പെട്ടുപോയ ഒരു യുവാവിന്റെ കഥ ബാല്യകാലത്ത് എനിക്ക് വളരെ അടുത്തറിയാവുന്ന ഞാന്‍ എന്റെ സ്വന്തം മകനെപ്പോലെ കരുതി സ്നേഹിച്ച ഒരു ആണ്‍കുട്ടിയെക്കുറിച്ച് അവന്റെ യുവത്വത്തിന്റെ കാലഘട്ടത്തില്‍ വളരെ മോശമായതു പലതും കേള്‍ക്കുവാനിടയായി. സ്വന്തം വീട്ടിലെ കനത്ത വിധിവൈപരീത്യങ്ങളുടെയും നിസഹായതകളുടെയും നടുവിലും മനോജിന്റെ (പേര് സാങ്കല്പികം) ജീവിതം അത്രമേല്‍ വിശുദ്ധമായിരുന്നു അന്ന്. കേട്ടതെല്ലാം സത്യമെങ്കില്‍ ഇവനെ എങ്ങനെയെങ്കിലും രക്ഷപെടുത്തിയെടുക്കണം എന്ന ആഗ്രഹത്തിന്റെ തീവ്രതകൊണ്ട് ഞാനവനെ വീട്ടില്‍ വിളിച്ചുവരുത്തി. സാഹചര്യങ്ങളും എന്റെ ആരോഗ്യവും വളരെ വിപരീതമായിരുന്നിട്ടും അങ്ങനെയൊരു സ്നേഹശുശ്രൂഷ നല്കാന് യേശുവിന്റെ സ്നേഹം എന്നെ നിര്‍ബന്ധിച്ചു. വളരെയേറെ കരുണക്കൊന്തകളും ജപമാലകളും അവനും അവന്റെ കുടുംബത്തിനുംവേണ്ടി ചൊല്ലിയതിനുശേഷമാണ് ഞാനവനെ വിളിച്ചത്. അവനോട് ഒത്തിരി സ്നേഹത്തോടെ ചോദിച്ചു, "മോനേ മനോജേ, നീ ഒരു വിശുദ്ധനായ ബാലകനായിരുന്നു നിന്റെ ഇന്നലെകളില്‍. പക്ഷേ ഇപ്പോള്‍ ഞാന്‍ നിന്നെക്കുറിച്ച് കേള്‍ക്കുന്നതൊന്നും ഒട്ടും നല്ല കാര്യങ്ങളല്ല. പറയൂ മോനേ, നിനക്കെന്താണ് സംഭവിച്ചത്? ഞാനൊരിക്കലും നിന്നെ ഒറ്റുകൊടുക്കുകയില്ല.” എന്റെ ആ ചോദ്യത്തിനുത്തരം ഒരു പൊട്ടിക്കരച്ചിലായിരുന്നു. പെട്ടുപോയ ഒരു യുവത്വത്തിന്റെ നിസഹായതയുടെ പിടച്ചിലായിരുന്നു ആ കരച്ചില്. ”എന്റെ ആന്റീ, എന്നെയിന്ന് ഒരു ക്രിമിനലായിട്ടാണ് എന്റെ വീട്ടുകാര്‍ കാണുന്നത്. എന്റെ നാട്ടുകാരും ലോകവും അങ്ങനെതന്നെ കാണുന്നു. എന്നെക്കുറിച്ച് കേട്ടറിഞ്ഞവര്‍ എനിക്കൊരിക്കലും ഒരു നല്ല ജോലി തരില്ല. എന്നെ വിശ്വസിച്ച് ഒരു പെണ്ണിനെയും കെട്ടിച്ചു തരികയുമില്ല. ഞാനെന്തായിരുന്നുവെന്ന് യഥാര്‍ത്ഥത്തില്‍ ഈ ഭൂമിയില്‍ അറിയാവുന്നത് ആന്റിക്കുമാത്രമാണ്. എന്റെ അമ്മയ്ക്കുപോലും എന്നെ അറിയില്ല. അവരൊക്കെ എന്റെ ജീവിതത്തില്‍ ഇന്നു കാണുന്ന നെഗറ്റീവായ കാര്യങ്ങള്‍ കണ്ടിട്ടാണ് എന്നെ വിലയിരുത്തുന്നത്. പക്ഷേ ഞാനെങ്ങനെ ഇങ്ങനെ ആയി എന്നറിയാന്‍ ആര്‍ക്കുമൊട്ടു താല്പര്യവുമില്ല ആന്റി.” തുടര്‍ന്ന് അവന് തന്റെ തകര്‍ച്ചയുടെ കഥ പറഞ്ഞു. സ്വന്തം തെറ്റുകൊണ്ടെന്നല്ലാതെ മറ്റുള്ളവരുടെ തെറ്റുകൊണ്ടും തിന്മ നിറഞ്ഞ ജീവിതസാഹചര്യങ്ങള്‍കൊണ്ടും പെട്ടുപോയ പല നിസഹായതകളും തകര്‍ച്ചകളും അവയുടെ പെടച്ചിലുകളും! അതില്‍നിന്ന് സ്വന്തപരിശ്രമംകൊണ്ട് കരകയറാന്‍ കഴിയാതെ പോയി. അവനെ യഥാര്‍ത്ഥത്തില്‍ ഒന്നു മനസിലാക്കുവാനോ ഒരു കൈത്താങ്ങ് കൊടുത്ത് ഉയര്‍ത്തുവാനോ ആരും ഇല്ലാതെപോയി. എല്ലായിടത്തുനിന്നും കുറ്റപ്പെടുത്തലുകള്‍മാത്രം! അതിനിടയില്‍ വന്നുപോയ ചില പാപങ്ങളും പാപാവസ്ഥകളും കരുതിക്കൂട്ടി ദ്രോഹിച്ചവരോടുള്ള പ്രതികാരചിന്തയും. അതാണ് അവനൊരു ക്രിമിനല്‍ പരിവേഷം കൊടുത്തത്. അവന് കണ്ണുനീരോടെ പറഞ്ഞു: "ആന്റീ ഞാനിന്ന് പലരുടെയും കാഴ്ചപ്പാടില്‍ ഒരു പക്കാ ക്രിമിനലാണ്. പക്ഷേ എന്റെ ഹൃദയംകൊണ്ട് എനിക്കങ്ങനെ ആകാന്‍ കഴിയില്ല എന്ന് ആന്റീക്കറിയാമല്ലോ. ഇനിയും മറ്റൊരു കാര്യമുണ്ട്. ഇനിയും മുന്നോട്ട് ദൈവമെന്നെ ഒരു പുണ്യവാളനാക്കി മാറ്റിയാലും എന്റെ ചുറ്റുമുള്ള ലോകം അതംഗീകരിക്കില്ല…” അവന് പറഞ്ഞുനിര്‍ത്തി. ഞാനവനെ ഹൃദയംകൊണ്ട് ചേര്‍ത്തുനിര്‍ത്തി പറഞ്ഞു. "മനുഷ്യര്‍ക്കാണ് ഇത് അസാധ്യമായിട്ടുള്ളത്. പക്ഷേ ദൈവത്തിന് എല്ലാം സാധ്യമാണ്.” "ഞാന്‍ സകല മര്‍ത്യരുടെയും ദൈവമായ കര്‍ത്താവാണ്. എനിക്ക് അസാധ്യമായി എന്തെങ്കിലുമുണ്ടോ?” (ജറെമിയ 32/27). ” ഞാനവനെ വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ഉയര്‍ന്ന പ്രത്യാശയും ദൈവസ്നേഹാനുഭവവും കൊടുത്ത് സന്തോഷത്തോടെ പറഞ്ഞയച്ചു. തുടര്‍ന്നും കരുണക്കൊന്ത ചൊല്ലിയും ജപമാല ചൊല്ലിയും അവനുവേണ്ടി പ്രാര്‍ത്ഥിച്ചിരുന്നു. നല്ല രീതിയില്‍ അവന്റെ വിവാഹം നടന്നു. സാമാന്യം ഭേദപ്പെട്ട ഒരു നല്ല ജോലി നല്കി ദൈവം അവനെ അനുഗ്രഹിച്ചു. അങ്ങനെ വലിയൊരു പ്രത്യാശയുടെ തുറമുഖത്തേക്ക് ദൈവമവനെ നയിച്ചു. "ഈ ഭൂമിയില്‍ ആരെങ്കിലും ഒരാളെങ്കിലും യഥാര്‍ത്ഥത്തില്‍ എന്നെ മനസിലാക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചു ആന്റീ . ആന്റീയെങ്കിലും അതിനു തയാറായല്ലോ, നന്ദി, ആന്റീ നന്ദി. പ്രിയപ്പെട്ടവരേ, പെട്ടുപോയതിന്റെ പിടച്ചിലുകളുമായി നിസഹായതയില്‍ ആരും സഹായിക്കാനില്ലാതെ ഉള്ളിന്റെ ഉള്ളില്‍ കരയുന്ന ഒത്തിരി യുവത്വങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. അവരൊരുപക്ഷേ ഇന്ന് ക്രിമിനല്‍ പരിവേഷം ഉള്ളവരായിരിക്കാം. ആരും ആഗ്രഹിച്ചിട്ടല്ല അവരൊക്കെ ആ രീതിയില്‍ ആയിപ്പോയത്. അവരെ കുറ്റം വിധിക്കാതെ, ഒറ്റപ്പെടുത്താതെ തക്കസമയത്ത് ഒരു താങ്ങു നല്കി നിസഹായതയുടെ നീര്‍ക്കയത്തില്‍നിന്നും അവരെ പിടിച്ചുയര്‍ത്താന്‍ ക്രിസ്തുവിന്റെ സ്നേഹം നമ്മെ നിര്‍ബന്ധിക്കുന്നില്ലേ. ഇതല്ലേ ദൈവം നമ്മില്‍നിന്നും ആഗ്രഹിക്കുന്ന യഥാര്‍ത്ഥ സുവിശേഷപ്രഘോഷണം. ഒരു ഭാര്യയുടെ കദനകഥ ഈ ഭാര്യയും നിസഹായതയില്പെട്ട് പിടഞ്ഞുപോയവളാണ്. ഉയര്‍ന്ന സാമ്പത്തികം കൊടുത്ത് മാന്യമായി മാതാപിതാക്കള്‍ പറഞ്ഞയച്ചവള്‍. സുന്ദരി, ആരോഗ്യവതി, അഭ്യസ്ഥവിദ്യ, സല്‍സ്വഭാവി. ഭര്‍ത്താവ് ഉന്നതമായ വരുമാനമുള്ള ഉന്നത ഉദ്യോഗസ്ഥന്. സമൂഹത്തില്‍ ആദരണീയന്‍. എന്റെ അടുത്തുവന്ന നിമിഷം മുതല്‍ അവള് കരയാന്‍ തുടങ്ങി. പക്ഷേ ആ കരച്ചില് പരിശുദ്ധാത്മാവ് കൊടുത്ത ഒരു കരച്ചിലായിരുന്നു. അവള് പറഞ്ഞു. "വര്‍ഷങ്ങളായി സ്വയംഭോഗത്തിന്റെ ബന്ധനത്തിലാണ് ഞാന്‍. ഞങ്ങള്‍ക്കു കുട്ടികളില്ല. എത്ര പ്രാര്‍ത്ഥിച്ചിട്ടും കുമ്പസാരിച്ചിട്ടും സ്വയംഭോഗത്തിന്റെ ബന്ധനം എന്നെ വിട്ടുപോകുന്നില്ല.” അവള് തന്റെ കദനകഥ പറഞ്ഞു. ഭര്‍ത്താവിന് വിവാഹത്തിന് വളരെ പണ്ടുമുതലേ വേശ്യാസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. പക്ഷേ വിവാഹിതനാകാന്‍ ആഗ്രഹിച്ചതും വിവാഹിതനായതുമെല്ലാം സമൂഹത്തിലെ ഒരു മാന്യതക്കുവേണ്ടിമാത്രം. മാതാപിതാക്കള്‍ വളരെയേറെ ആലോചിച്ചിട്ടും അന്വേഷിച്ചിട്ടുമാണ് തന്റെ പ്രിയമകളുടെ വിവാഹം നടത്തിയത്. അങ്ങനെയൊരു വേശ്യാദോഷം ആരും അയാളെക്കുറിച്ച് ഒരിടത്തുനിന്നും പറഞ്ഞുകേട്ടതുമില്ല. പക്ഷേ ദുര്‍വിധി അവളുടെ ജീവിതത്തെ ക്രൂരമായി കാര്‍ന്നുതിന്നുകയായിരുന്നു. ഭര്‍ത്താവിന് അവളെ തീര്‍ത്തും വേണ്ടായിരുന്നു. അങ്ങനെ അവള് ആ ദുശ്ശീലത്തിന് അടിമയായി. ഒരു വശത്ത് ഒരു യുവഭാര്യയുടെ ശരീരത്തിന്റെയും മനസിന്റെയും ന്യായമായ ആവശ്യങ്ങള്‍. മറുവശത്ത് മനഃസാക്ഷിയുടെ പിടച്ചിലുകള്‍! മാതാപിതാക്കളുടെ ഏകമകളാണവള്‍. ഒരുപക്ഷേ ഇതറിഞ്ഞാല്‍ അവര്‍ ചങ്കുപൊട്ടി ചാകുമെന്നും ആത്മഹത്യ ചെയ്തുപോയേക്കുമെന്നുമുള്ള ഭയം വീട്ടില്‍ ഈ വിവരം അറിയിക്കുന്നതില്‍നിന്നും അവളെ തടഞ്ഞു. അങ്ങനെ പുകയുന്ന ഒരു അഗ്നികുണ്ഠംപോലെയാണ്. ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ചാണ് അവള് എന്റെയടുത്ത് എത്തിച്ചേര്‍ന്നത്. ഈ സംഭവം കേട്ടതിന്റെ ഷോക്കില്‍ ഞാനാകെ നിസഹായയായി തരിച്ചിരുന്നുപോയി. എന്തുപറഞ്ഞ് ഞാനിവളെ ആശ്വസിപ്പിക്കും എന്നറിയാത്ത അവസ്ഥ. ഇങ്ങനെയുമുണ്ടോ ദൈവമേ, ഭൂമിയില്‍ മനുഷ്യര്‍! ഇത്തവണ നിറഞ്ഞൊഴുകിയത് എന്റെ കണ്ണുകളാണ്. ഞാനവളുടെ തലയില്‍ കൈവച്ച് അബോധാവസ്ഥയില്‍ എന്തൊക്കെയോ പ്രാര്‍ത്ഥിച്ചു. അങ്ങനെയേ എനിക്ക് കഴിയുമായിരുന്നുള്ളൂ. പെട്ടെന്ന് ഞാനവളോടു പറഞ്ഞു, "മോളെ, സ്വയംഭോഗം തീര്‍ച്ചയായും പാപമാണ്. കത്തോലിക്കാസഭയും അങ്ങനെതന്നെയാണ് പഠിപ്പിക്കുന്നത്. പക്ഷേ എന്റെ പൊന്നുസഹോദരീ, സഹോദരിയുടെ കാര്യത്തില്‍ ഇത് പെട്ടുപോയതിന്റെ പിടച്ചിലുകളാണ്. കാരുണ്യവാനായ ദൈവം നമ്മുടെ തെറ്റുകള്‍ ക്ഷമിക്കുന്നവനാണ്. നമ്മെ തള്ളിക്കളയുന്നവനല്ല, അവിടുത്തേക്ക് നിന്നെ മനസിലാകും. കാരുണ്യത്തിന്റെ ദൈവമായ അവിടുന്ന് കാര്‍ക്കശ്യത്തിന്റെ മഹാഭീകരനല്ല. കുറ്റബോധം ഉപേക്ഷിച്ച് കുമ്പസാരത്തില്‍ ഏറ്റു പറഞ്ഞ് കരുണയ്ക്കായി പ്രാര്‍ത്ഥിച്ചാല്‍ മതി.” ഒരു നിമിഷം അവളുടെ മുഖം പ്രസന്നമായി. കുറ്റബോധത്തിന്റെയും നിരാശയുടെയും പിടച്ചിലുകള്‍ അവളുടെ മനസില്‍നിന്നും അകന്നുപോയിരുന്നു. ശരിയായി ആശ്വസിപ്പിക്കപ്പെട്ടുതന്നെയാണ് നന്ദിപറഞ്ഞ് പുഞ്ചിരിക്കുന്ന മുഖവുമായി അവള് തിരിച്ചുപോയത്. പിന്നീട് ഒരിക്കലും ഞാനവരെ കാണാന്‍ ദൈവം ഇടവരുത്തിയില്ല. പ്രിയപ്പെട്ടവരേ, ഈ രീതിയില്‍ സ്വന്തം തെറ്റുകൊണ്ടല്ലാതെ പെട്ടുപോയ എത്രപേരുടെ പിടച്ചിലുകളെ യഥാര്‍ത്ഥ സത്യമെന്തെന്ന് തിരിച്ചറിയാതെ നാം നിര്‍ദാക്ഷിണ്യം കുറ്റംവിധിക്കുന്നുണ്ട്. "ബലിയല്ല കരുണയാണ് ഞാന്‍ ആഗ്രഹിക്കുന്നത് എന്നതിന്റെ അര്‍ത്ഥം മനസിലാക്കിയിരുന്നെങ്കില്‍ നിങ്ങള്‍ നിരപരാധരെ കുറ്റം വിധിക്കുമായിരുന്നില്ല” (മത്തായി 12/7) എന്ന കരുണാമയനായ യേശുവിന്റെ വചനം നമുക്കുനേരെ പലവട്ടം വിരല്‍ചൂണ്ടിയിട്ടും നാമതിനെ വകവയ്ക്കാതെ അതിനുനേരെ പുറംതിരിഞ്ഞ് നിന്നുകൊണ്ട് നമ്മുടേതായ ബോധ്യങ്ങളില്‍നിന്നും അണുവിട മാറാതെ നമ്മുടേതായ രീതികളില്‍ സുവിശേഷം പറയുന്നു. 2025 ല്‍ എങ്കിലും ഒരു മാറ്റം?! 2025 പ്രത്യാശയുടെ വര്ഷമായിട്ടാണല്ലോ സഭ പ്രഖ്യാപിച്ചിരിക്കുന്നത്. തകര്‍ന്നവനും തകര്‍ച്ചയുടെ പാതയിലൂടെ ചരിക്കുന്നവനും പ്രത്യാശ നല്കി അവരെ ഉയര്ത്തുന്നവരായിട്ടാണ് ഈ വര്‍ഷത്തിലെങ്കിലും നാം രൂപാന്തരം പ്രാപിക്കേണ്ടത്. കര്‍ത്താവ് വീഴുന്നവരെ താങ്ങുന്നു, നിലം പറ്റിയവരെ എഴുന്നേല്പിക്കുന്നു (സങ്കീര്‍ത്തനം 145/15). പാപം പാപമല്ല എന്ന് പഠിപ്പിക്കാനല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. നിസഹായതയുടെ തീരങ്ങളില്‍ പെട്ടുപോയതിന്റെ പിടച്ചിലുകളില്‍ കഴിയുന്നവരെ അവരുടെ ഉള്ളില്‍ അവശേഷിക്കുന്ന നേരിയ പ്രത്യാശയെകൂടി തകര്‍ക്കുന്നവരും അവരുടെ വഴികളെ മുള്ളുവേലി കെട്ടി അവര്‍ക്കെതിരെ പ്രതിരോധം ഏര്‍പ്പെടുത്തുന്നവരും ആയി ഇനിയെങ്കിലും നാം മാറാതിരിക്കട്ടെ എന്നാണ്. ഇതു വായിക്കുവാന്‍ ഇടവരുന്ന പ്രിയപ്പെട്ട ദൈവശുശ്രൂഷകരേ, നമ്മള് നടത്തുന്ന വചനപ്രഘോഷണങ്ങളും പ്രബോധനങ്ങളും ഗാനാലാപനങ്ങളും സ്പിരിച്വല്‍ കൗണ്‍സിലിങ്ങും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമെല്ലാം സമ്പൂര്‍ണ വിമോചനത്തിലേക്കും സത്യത്തിന്റെപൂര്ണതയിലേക്കും നമ്മുടെ സഹജീവികളെ നയിക്കുന്നതായി രൂപാന്തരപ്പെടട്ടെ ആമ്മേന്‍. നിരാശയ്ക്കടിമപ്പെട്ട ജീവിതങ്ങളെ പ്രത്യാശയുടെ പൊന്‍വെളിച്ചത്തിലേക്ക് നയിക്കാന്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവേ എന്നില്വന്നു നിറയണമേ എന്ന് നമുക്ക് ആത്മാര്‍ത്ഥമായി ഉള്ളുരുകി പ്രാര്‍ത്ഥിക്കാം. ‘പ്രെയ്സ് ദ ലോര്‍ഡ്, ആവേ മരിയ’
By: സ്റ്റെല്ല ബെന്നി
More